കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. തൃശൂര്‍ ജില്ലയിലാണ് ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വാസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണ സങ്കല്‍പത്തില്‍ പൂജിക്കപ്പെടുന്ന ചതുര്‍ബാഹുവും ശംഖചക്രഗദാധാരിയുമായ മഹാവിഷ്ണു ഭഗവാനാണ്.
പാതാളാഞ്ജനം എന്ന അത്യപൂര്‍വവും വിശിഷ്ടവുമായ ശിലയില്‍ തീര്‍ത്തതാണ് ഇവിടുത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവര്‍ക്കും ദേവകിക്കും കാരാഗൃഹത്തില്‍ വച്ച് ദര്‍ശനം നല്‍കിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദര്‍ശനമായി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഹിന്ദു നിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകള്‍ക്കും വ്യത്യാസം കാണാന്‍ കഴിയും. പുറകിലെ വലതുകയ്യില്‍ ശംഖ്, മുമ്പിലെ ഇടതുകയ്യില്‍ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാര്‍ദ്ദനന്‍ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ്.
വിഷുവും ഗുരുവായൂരപ്പ ദര്‍ശനവും
വിഷു ദിനത്തില്‍ ഭഗവാനെ കണികാണാന്‍ ആയിരങ്ങള്‍ എത്തുന്നു. എല്ലാ ദിവസവും മൂന്ന് മണിക്ക് തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം. വിഷു ദിനത്തില്‍ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേല്‍ശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീര്‍ത്ഥത്തില്‍ കുളിച്ച് വച്ച് കണിയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
ശ്രീകോവിലിന്റെ മുഖ മണ്ഡപത്തില്‍ അഞ്ചുവെള്ളിക്കവര വിളക്കുകള്‍ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വര്‍ണസിംഹാസനത്തില്‍ ആനത്തലേക്കെട്ടുവച്ച് അതിന്മേലാണ് സ്വര്‍ണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിലാണ് കണി ഒരുക്കുന്നത്.
സഖറിയ പുത്തന്‍കളം
സട്ടണ്‍ കോള്‍ഡ്ഫീല്‍ഡ്: യു.കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ യൂണിറ്റ് അടിസ്ഥാനത്തിലുളള വാശിയേറിയ കായികമേള നാളെ ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ നടക്കും. രാവിലെ പത്തരയ്ക്ക് വെന്‍ഡ്ലി ലിഷ്വര്‍ സെന്ററില്‍ ക്നാനായ കായികമേളയ്ക്ക് തിരിതെളിയും തുടര്‍ന്ന് വിവിധ പ്രായത്തിന്റെ അടിസ്ഥാത്തില്‍ 6 ഗ്രൂപ്പുകളായി തരംതിരിച്ച് പുരുഷ – വനിത മത്സരങ്ങള്‍ നടക്കും. അത്ലറ്റിക് മത്സരങ്ങള്‍ കൂടാതെ മൂന്നുകാലില്‍ ഓട്ടം, ഫാമിലി റിലേ, പെനാല്‍റ്റി ഷൂട്ടൗട്ട്, വടംവലി എന്നിവയും നടക്കും.
മത്സരയിനങ്ങള്‍
ആറ് വയസ്സുവരെ : മിഠായി പെറുക്ക്, 50 മീറ്റര്‍ ഓട്ടം
6 മുതല്‍ 11 വരെ: 50m, 100 m, 200 m ഓട്ടം
12 മുതല്‍ 17 വരെ: 100m, 200 m, റിലേ, ലോംഗ് ജമ്പ്
18 മുതല്‍ 30 വരെ: 100 m, 200m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
30-40 വരെ : 100m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
40 ന് മുകളില്‍: 100 m, 200 m, റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്
യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരാണ് സ്പോര്‍ട്സ് കോ- ഓര്‍ഡിനേറ്റര്‍മാര്‍. വിശദ വിവരങ്ങള്‍ക്ക് 07983417360, 078830090410 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
കായികമേള വിലാസം
WYNDLEM LEISURE CENTRE
CLIFTON ROAD
SUTTON COLDFIELD
B73 6 EB
ഡോ.ജോണ്‍സണ്‍ ഇടിക്കുള
എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ചട്ടങ്ങള്‍ ഉള്‍കൊണ്ട ചരിത്രത്തില്‍ ആദ്യമായി ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി തിരുനാള്‍ പതാക ഉയര്‍ന്നു. ദൈവാനുഗ്രഹങ്ങള്‍ വ്യക്തിജീവിതം ഉള്‍പ്പെടെ സമസ്ത മേഖലകളിലും ഉണ്ടാക്കട്ടെയെന്ന പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ഏപ്രില്‍ 27ന് രാവിലെ 7.30ന് വികാരി വെരി. റവ. ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ ആശീര്‍വദിച്ച് പട്ടുനൂലില്‍ തീര്‍ത്ത കയറില്‍ വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും രാഷ്ടീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ അനേകരുടെ സാന്നി സാനിദ്ധ്യത്തിലും പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ആയി സ്ഥാനാരോഹണം ചെയ്ത മാര്‍ തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിച്ചു. മെയ് 14ന് ആണ് എട്ടാമിടം.
വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചതും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയര്‍ ഉപേക്ഷിക്കുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.
വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെയും ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ കുറ്റമറ്റ നിലയില്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഗ്രീന്‍ പ്രോട്ടോക്കോളിന് എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും അഗ്നിശമന സേനയുടെയും ആംബുലന്‍സിന്റെയും സേവനം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കണ്‍ട്രോള്‍ റൂം സ്‌കൂള്‍ ഗ്രൗണ്ടിലും ഉണ്ടാകും.
നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. സൗജന്യ കുടിവെള്ള വിതരണത്തിനായി വിവിധ സ്ഥലങ്ങളിലും ജപമാല വീഥിയിലും മണ്‍കലങ്ങളില്‍ വെള്ളം സൂക്ഷിക്കും. മായവും വിഷകരമായ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങള്‍ കടകളിലൂടെ വില്‍ക്കുന്നത് ഉറപ്പു വരുത്തും.വില വര്‍ദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയക്കും. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ ഉപേക്ഷികക്കുവാന്‍ വ്യാപരികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത് ആദ്യ അനുഭവം ആണ്. 30000 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള വാണിഭ പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.
തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള എന്നിവര്‍ അറിയിച്ചു.
ബര്‍മിങ്ങ്ഹാം: യു.കെ.കെ.സി.എയുടെ കായികമേള ആഘോഷമാക്കുവാന്‍ ക്‌നാനായക്കാര്‍ ശനിയാഴ്ച ബര്‍മിങ്ങ്ഹാമിലേക്ക്. യൂണിറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നിവ വാശിയേറിയതാവും. കൂടാതെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിലുളള അത്‌ലറ്റിക് മത്സരങ്ങള്‍ കാണികളില്‍ ആവേശമുളവാക്കും.
വടംവലി മത്സര വിജയികള്‍ക്ക് യഥാക്രമം 351 പൗണ്ട്, 251 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നീ ക്യാഷ് പ്രൈസുകളും ട്രോഫിയും ലഭിക്കും.
ഇത്തവണ യൂണിറ്റ് ചാമ്പ്യന്‍ഷിപ്പിനു പുറമെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും സമ്മാനം ലഭിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉത്ഘാടനവും തുടര്‍ന്ന് വിവിധ മത്സരങ്ങളും ആരംഭിക്കും.
ഇത്തവണത്തെ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയും (07983417360), ജോ.
ട്രഷറര്‍ ഫിനില്‍ കളത്തില്‍ കോട്ടുമാണ് (07883090410). വിശദ വിവരങ്ങള്‍ക്ക് ഇവരെ സമീപിക്കേണ്ടതാണ്.
കെറ്ററിങ്ങ്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ ഫാമിലി ടിക്കറ്റ് വില യു.കെ.കെ.സി.എയ്ക്ക് കൈമാറി ചരിത്രഗാഥ സൃഷ്ടിച്ചിരിക്കുകയാണ്. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷനു വേണ്ടി നടക്കുക. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ‘സി’യില്‍ റാലിയില്‍ ഒന്നാം സ്ഥാനം നേടിയ കെറ്ററിങ്ങ് ഇത്തവണയും റാലിയില്‍ ഒന്നാം സ്ഥാനം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രഥമ മിഡിലാന്‍ഡ്‌സ് റീജിയണ്‍ കണ്‍വന്‍ഷനില്‍ ശ്രദ്ധേയമായ യൂണിറ്റുകളില്‍ ഒന്നായിരുന്നു കെറ്ററിങ്ങ്. നടവിളിയില്‍ മൂന്നാം സ്ഥാനവും മൂന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചും സദസ്സിന്റെ കയ്യടി നേടിയ യൂണിറ്റാണ് കെറ്ററിങ്ങ്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ അത്യന്തം വ്യത്യസ്തമായ കലാപരിപാടിയാണ് കെറ്ററിങ്ങ് യൂണിറ്റ് അവതരിപ്പിക്കുന്നത്. എല്ലാ മാസവും കുട്ടികള്‍ക്കായി വേദപാഠവും കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥനാ സമ്മേളനവും നടത്തുന്ന യൂണിറ്റാണ് കെറ്ററിങ്ങ്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും ഫാമിലി ടിക്കറ്റ് തുക കൈമാറി മറ്റു യൂണിറ്റുകള്‍ക്ക് മാതൃക കാട്ടിയ കെറ്ററിങ്ങ് യൂണിറ്റിനെ സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കി കൊണ്ട് ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന തിരുനാളില്‍ ലക്ഷകണക്കിന് വിശ്വാസി സമൂഹത്തെ സ്വീകരിക്കാന്‍ പുണ്യഭൂമി ഒരുങ്ങി. ഏപ്രില്‍ 27ന് രാവിലെ 7.30ന് വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍ മെത്രാപോലീത്ത കുര്‍ബാന അര്‍പ്പിക്കും. മെയ് 14ന് ആണ് എട്ടാമിടം.
തിരുനാള്‍ കൊടി ഉയര്‍ത്തുന്നത് പോലും പ്രത്യേക പട്ടു നൂല്‍ കൊണ്ട് പിരിച്ച് എടുത്ത കയറില്‍ ആണ്. വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചതും ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കയര്‍ ഉപേക്ഷിക്കുന്നതും ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധികൃതര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് തിരുനാള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.
വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെയും ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു, ജോ. കണ്‍വീനര്‍ ജയന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിവിധ കമ്മിറ്റികള്‍ കുറ്റമറ്റ നിലയില്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഗ്രീന്‍ പ്രോട്ടോക്കോളിന് എടത്വാ പഞ്ചായത്തും വ്യാപാരി സമൂഹവും വിവിധ സന്നദ്ധ സംഘടനകളും എടത്വാ വിഷനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അരക്കോടിയോളം ഭക്തര്‍ക്ക് മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലിനിക്ക് പള്ളിയുടെ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും അഗ്നിശമന സേനയുടെയും ആംബുലന്‍സിന്റെയും സേവനം ഉണ്ടാകും. കെ.എസ്.ആര്‍.ടി.സിയുടെ താത്ക്കാലിക ബസ് ഡിപ്പോ എടത്വാ കോളജ് ഗ്രൗണ്ടിലും പോലീസ് കണ്‍ട്രോള്‍ റൂം സ്‌കൂള്‍ ഗ്രൗണ്ടിലും ഉണ്ടാകും.
നേര്‍ച്ചഭക്ഷണം സ്റ്റീല്‍ പ്‌ളേറ്റുകളില്‍ വിളമ്പും. സൗജന്യ കുടിവെള്ള വിതരണത്തിനായി വിവിധ സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ വെള്ളം സൂക്ഷിക്കും. മായവും വിഷകരമായ രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്തതും ഗുണനിലവാരമുള്ള സാധനങ്ങള്‍ കടകളിലൂടെ വില്‍ക്കുന്നത് ഉറപ്പു വരുത്തും. വില വര്‍ദ്ധനവ് നിയന്ത്രിക്കും. ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്യുന്നതോടൊപ്പം അധികൃതരുടെ പരിശോധനയും ഉണ്ടായിരിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃചക്രമണത്തിനായി അയക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപേക്ഷിക്കുവാന്‍ വ്യാപാരികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത് ആദ്യ അനുഭവം ആണ്. 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിഭപ്പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.
തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള എന്നിവര്‍ അറിയിച്ചു.
ലെസ്റ്റര്‍: മിഡ്ലാന്‍ഡ്സ് റീജിയണിന്റെ പ്രഥമ കണ്‍വന്‍ഷനും ലെസ്റ്റര്‍ യൂണിറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രൗഢഗംഭീരമായി നടന്നു. യു.കെ.കെ.സി.എയുടെ അതിശക്തമായ യൂണിറ്റുകളായ ബര്‍മിങ്ങ്ഹാം, കവന്‍ട്രി, ഡെര്‍ബി, നോട്ടിംങ്ങ്ഹാം, ലെസ്റ്റര്‍, വൂസ്റ്റര്‍, കെറ്ററിങ്ങ്, ഓക്സ്ഫോര്‍ഡ് എന്നീ യൂണിറ്റ് അംഗങ്ങള്‍ പങ്കുചേര്‍ന്ന പ്രഥമ മിഡ്ലാന്‍ഡ്സ് കണ്‍വെന്‍ഷനിലെ നടവിളി മത്സരത്തില്‍ ലെസ്റ്റര്‍ ഒന്നാം സ്ഥാനവും നോട്ടിങ്ങ്ഹാം രണ്ടാം സ്ഥാനവും കെറ്ററിങ്ങ് മൂന്നാം സ്ഥാനവും നേടി.
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് – ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ ഉത്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് 10-ാം വാര്‍ഷികവും ആരംഭിക്കുന്നത്.
ഉത്ഘാടന സമ്മേളനത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സിബു അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിന്‍ കാരയ്ക്കാട്ട് പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്. ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, കവന്‍ട്രി യൂണിറ്റ് സെക്രട്ടറി സോജി, കെറ്ററിങ്ങ് യൂണിറ്റ് പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, നോട്ടിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജില്‍സ്, വൂസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ടോമി എന്നിവര്‍ ആശംസയര്‍പ്പിച്ചു.
ലെസ്റ്റര്‍ യൂണിറ്റ് മുന്‍ ഭാരവാഹികളെ യു.കെ.കെ.സി.എ മുന്‍ സെക്രട്ടറിമാരായ എബി നെടുവാംപുഴയില്‍, മാത്തുക്കുട്ടി ആനക്കത്തിക്കല്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മുക്തകണ്ഠ പ്രശംസനേടി.
ദൈവത്തെ അറിയുവാനും അവിടുത്തെ കൃപയില്‍ വളരുവാനും യുവജനതയെ പ്രാപ്തമാക്കാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുക്കുന്ന റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടക്കും.
ഉപാധികളില്ലാതെ സ്നേഹിക്കുകവഴി ആഗോള കത്തോലിക്കാ സഭയുടെ ലോകസുവിശേഷവത്ക്കരണത്തിനു പുതിയ രൂപവും ഭാവവും നല്‍കിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളില്‍ ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍, പ്രമുഖ ആത്മീയ വിടുതല്‍ ശുശ്രൂഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസ്, യൂറോപ്പിലേയും ഇപ്പോള്‍ അമേരിക്കയിലേയും നിരവധി കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയില്‍ നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷക ഐനിഷ് ഫിലിപ്പും സെഹിയോന്‍ ടീമുമാണ് നാലുദിവസത്തെ താമസിച്ചുള്ള ഫയര്‍ ആന്‍ഡ് ഗ്ലോറി യുവജനധ്യാനം നയിക്കുന്നത്.
ജീവിതനവീകരണവും ദിശാബോധവും പരിശുദ്ധാത്മാഭിഷേകത്താല്‍ പകരുന്ന നിരവധി ശൂശ്രൂഷകളാല്‍ അനുഗ്രഹീതമായ ഈ ധ്യാനത്തിലേക്കു പതിനാറ് വയസ്സുമുതല്‍ പ്രായമുള്ളവര്‍ക്ക് www.sehionuk.orgഎന്ന വെബ്‌സൈറ്റിലൂടെ നേരിട്ടുള്ള രജിസ്ട്രേഷന്‍ തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
നെവില്‍ 07988134080, മരിയ 07926133330
അഡ്രസ്
കെഫെന്‍ലി പാര്‍ക്ക്
ന്യൂ ടൌണ്‍
മിഡ് വെയില്‍സ്
ysv16 4aj
ബര്‍മിംഗ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വന്‍ഷന്റെ സ്വാഗതഗാന വിജയിയായത് ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍. വിവിധ യൂണിറ്റുകളില്‍ നിന്നും ഏഴ് എന്‍ട്രികളാണ് ലഭ്യമായത്. ഫാ. ജോണ്‍ പൊള്ളാനി, ഫാ. സജി മെത്താനത്ത്, പ്രൊഫ. മാത്യൂ പ്രാല്‍, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗാനരചന തിരഞ്ഞെടുത്തത്.
ചെറുകര ഇടവകാംഗമാണ് വിജയിയായ സുനില്‍ ആല്‍മതടത്തില്‍. ജൂലൈ എട്ടിന് നടക്കുന്ന കണ്‍വന്‍ഷനില്‍ വിജയിക്ക് പ്രത്യേക സമ്മാനം നല്‍കും. യുകെകെസിഎയുടെ സ്പോര്‍ട്ട്സ് ഡേ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. യുകെകെസിഎ കണ്‍വന്‍ഷനില്‍ കലാപരിപാടി അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് ഏഴിനു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രസിഡന്റ് ബിജു മടക്കകുഴി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ.സക്കറിയ ചാത്തന്‍കുളം, ജോ.ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്
ലോക ജനതയുടെ സ്വൈര്യജീവിതത്തിന്റെ ചങ്കില്‍ തീകോരിയിട്ടേക്കാവുന്ന ഒരു യുദ്ധകാഹളത്തെക്കുറിച്ചുള്ള ഒരു ഭീതിയിലാണെല്ലാവരും ഇപ്പോള്‍. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി, തുറന്ന ഒരു യുദ്ധത്തിലേയ്ക്കും ചിലപ്പോള്‍ ലോകം മുഴുവന്‍ ഭയപ്പെടുന്ന മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്കും നീളാവുന്ന ദുരന്തത്തിന് മുന്നോടിയായുള്ള പോര്‍വിളികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയും ഏഴാം സ്ഥാനത്തുള്ള ഉത്തരകൊറിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളെങ്കിലും ഈ മഹാദുരന്തത്തിന്റെ പ്രത്യക്ഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി ഇതിനെ ചുരുക്കാന്‍ സാധിക്കാത്തതിനു കാരണം ഈ രണ്ടു രാജ്യങ്ങളും ആണവായുധപ്രയോഗത്തിലൂടെ ലോകശാക്തീകരണത്തിന് ശേഷിയുള്ളവരാണ് എന്നതുകൊണ്ടുകൂടിയാണ്. ഹിരോഷിമ-നാഗസാക്കിയുടെ ഉണങ്ങാത്ത മുറിവുകള്‍ ഈ പുതിയ യുദ്ധകാഹളത്തിന് ഭീകരതയുടെ പുതിയ മുഖം സമ്മാനിക്കുന്നു! ”വിനാശത്തിന്റെ അശുഭലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു കാണുമ്പോള്‍- വായിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളട്ടെ”. (മത്തായി 13:14) തിരുചന പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായോ?
1500 കളില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞന്‍ നോസ്ട്രഡാമസ് നടത്തിയ ചില പ്രവചനങ്ങളെ ചുറ്റിപ്പറ്റി കൂടിയാണ് മൂന്നാംലോക മഹായുദ്ധം ആസന്നമായിരിക്കുന്നു എന്ന വാദം കൊഴുക്കുന്നത്. 2017-18 വര്‍ഷങ്ങളില്‍ രണ്ടു വന്‍ ശക്തികള്‍ തുടങ്ങി വയ്ക്കുന്ന തര്‍ക്കം 27 വര്‍ഷങ്ങള്‍ നീളുന്ന യുദ്ധത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹം ഇതിനുമുമ്പ് നടത്തിയ പല പ്രവചനങ്ങളും സത്യമായിത്തീര്‍ന്നതിനാല്‍ ഈ പ്രവചനത്തെക്കുറിച്ചും ലോകം ഭീതിയോ ചിന്തിക്കുന്നു.
യുദ്ധങ്ങള്‍ ഏതുതന്നെയായാലും ലോകത്തിനു സമ്മാനിച്ചിട്ടുള്ളത് വേദനകളും മുറിവുകളും നഷ്ടങ്ങളും തന്നെയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരം പിടിച്ചടക്കുന്നതിനുമായിട്ടാണ് യുദ്ധങ്ങളെല്ലാം അരങ്ങേറിയിട്ടുള്ളത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതുവഴിയോ യുദ്ധാനന്തര ഫലങ്ങള്‍ ലോകവ്യാപകമായി അനുഭവിക്കേണ്ടി വരുന്നതുവഴിയോ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ മാത്രമായി തുടങ്ങുന്നുന്നവ ലോകമഹായുദ്ധങ്ങളായി പരിണമിക്കുന്നു. പ്രധാനമായും നേട്ടങ്ങളെക്കാള്‍ കൂടുതലായി വലിയ നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് ഇതുവരെയുണ്ടായ രണ്ടു ലോകമഹായുദ്ധങ്ങളും (1914 – 18, 1939-45) നമ്മുടെ മുമ്പിലവതരിപ്പിക്കുന്നത്.
എണ്ണമറ്റ മനുഷ്യജീവനുകള്‍ പൊലിയുന്നതാണ് യുദ്ധം സമ്മാനിക്കുന്ന പ്രധാന നഷ്ടം. തകര്‍ന്നുപോകുന്ന ബാക്കിയെന്തും കെട്ടിപ്പെടുക്കാമെന്നിരിക്കെ മരിച്ചുവീഴുന്ന ജീവനുകളെ എങ്ങനെ പുനരുദ്ധരിക്കാനാവും? പട്ടാളക്കാര്‍, യുദ്ധഭൂമിയില്‍ മറ്റു സഹായങ്ങളെത്തിക്കുന്നവര്‍, ആക്രമിക്കപ്പെടുന്ന നഗരങ്ങളില്‍ മരിച്ചുവീഴുന്നവര്‍, അണുബോംബിന്റെ ദീര്‍ഘകാല ദുരന്തങ്ങളനുഭവിക്കുന്നവര്‍ … നഷ്ടപ്പെടുന്ന ഈ ജീവിതങ്ങളെ, അവരുടെ സ്വപ്‌നങ്ങളെ, ഭാവിയെ തിരികെ കൊണ്ടുവരാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് രക്തച്ചൊരിച്ചിലിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുംമുമ്പ് നല്ലതുപോലെ ഓര്‍ക്കണം!
മനുഷ്യജീവനുകള്‍ക്കു പുറമേ നിയന്ത്രണമില്ലാത്ത സാമ്പത്തിക നഷ്ടം മറ്റൊരു വലിയ വേദനയാകും. തകര്‍ന്നുപോയവ പുനരുദ്ധരിക്കാന്‍ യുദ്ധാന്തരം പല രാജ്യങ്ങള്‍ക്കും ഉടനെ കഴിയില്ല. കൊടിയ ദാരിദ്ര്യത്തിന്റെ വരുംനാളുകള്‍ ജനങ്ങള്‍ക്കു വന്നു ചേരും. ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വരുമ്പോള്‍ രാജ്യത്തിനകത്തുതന്നെ ആക്രമണങ്ങളും കലാപങ്ങളും ഉടലെടുക്കും. ആണവായുധ പ്രയോഗങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും, ഭൂമി കൃഷിയോഗ്യമല്ലാതാവും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങളുടെ കണക്ക് തുടര്‍ക്കഥയാവും.
യുദ്ധത്തിന്റെ വരവോടുകൂടി അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന – സ്‌നേഹബന്ധങ്ങള്‍ കുറയുകയും നയതന്ത്ര വിദേശകാര്യ ഇടപെടലുകള്‍ കാര്യങ്ങള്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യും. രാജ്യങ്ങളുടെ നിശ്ചിത അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കും കടലുകളും വന്‍കരകളും കടന്നും ബന്ധങ്ങള്‍ സ്ഥാപിച്ച് ‘ലോകം ഒന്നായിക്കൊണ്ടിരിക്കുന്ന’ ഈ ആധുനിക ലോകത്തിന്റെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഒട്ടും ചേരാത്തതു തന്നെയാണ് പരസ്പര വിദ്വേഷത്തിന്റെ ഈ യുദ്ധവെറി. അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും സൗഹൃദങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കുള്ള വലിയ ഇരുട്ടടി കൂടിയാണ് ഈ യുദ്ധകാഹളം.
താന്‍ സൃഷ്ടിച്ച ലോകത്തില്‍ സമാധാനവും ദൈവം ആഗ്രഹിക്കുമ്പോള്‍, അതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും തിന്മ വളരാനും ആഗ്രഹിക്കുന്ന പിശാചിന്റെ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന ഇത്തരം യുദ്ധങ്ങളുടെ അധമ ചിന്തകളെ അടിച്ചമര്‍ത്തേണ്ടതുണ്ട്. സമരം ചെയ്യേണ്ടതും യുദ്ധം നടത്തേണ്ടതും ഒരേ ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ തമ്മിലല്ല, മനുഷ്യരോടല്ല, മറിച്ച് മനുഷ്യന്റെ മനസില്‍ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന തിന്മയോടാണ് പിശാചിനോടാണ്. അതിനെയാണ് ചെറുത്തു തോല്‍പിക്കേണ്ടത്. ”സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍ നാം യുദ്ധത്തിന് ചെയ്യുന്നത് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ്” (എഫേസോസ് 6:12).
രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ യുദ്ധത്തിനു തീരുമാനമെടുക്കുമ്പോള്‍ മാത്രമല്ല, എല്ലാ മനുഷ്യരുടെ ഹൃദയത്തിലും തിന്മ ചെയ്യാനുള്ള പ്രേരണ ഈ പൈശാചിക ശക്തി നല്‍കിക്കൊണ്ടിരിക്കും. 20,000 രൂപയ്ക്ക് സ്വന്തം അമ്മയെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തപ്പോഴും ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനായ വിദ്യാര്‍ത്ഥിയോടൊപ്പം പോയ ഭാര്യയും സ്വന്തം അമ്മയെ പീഡിപ്പിച്ച മകനും ആത്മീയതയുടെ മറവില്‍ മതചിഹ്നങ്ങള്‍ നാട്ടി പൊതുമുതല്‍ കയ്യേറുന്നവരുടെയുമെല്ലാം മനസിലും ഈ തിന്മ വിവിധ രൂപങ്ങളില്‍ ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിനെ മനസിലാക്കി ചെറുത്തു തോല്‍പിക്കാത്തവര്‍ അതിന്റെ നീരാളിപ്പിടുത്തത്തിലേയ്ക്ക് വീണുപോകുന്നു.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഏറെ മുമ്പോട്ടുപോയിട്ടും ആധുനിക വാര്‍ത്താവിനിമയ ഉപാധികളിലൂടെ എല്ലാ കാര്യങ്ങളും എപ്പോഴും അറിഞ്ഞുകൊണ്ടിരുന്നിട്ടും, ആളുകളുടെ മനസുകള്‍ തമ്മില്‍ വളരെയേറെ അകന്നുപോയി എന്നതാണ് ഇക്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുണ്ണി മാഷ് പാടിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. ”ലോകമെന്തായിരിക്കുന്നു, കമ്പികൊണ്ടും കമ്പിയില്ലാ കമ്പികൊണ്ടും, കരളുകൊണ്ടല്ല”.
മനസ്സ് അകലുകയും തങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുത്തവ തങ്ങളെ, എല്ലാവരെയുംകാള്‍ വലിയവരാക്കും എന്ന ചിന്തയും അയല്‍ക്കാരനെ ദ്വേഷിക്കാനും അവനോടു പടവെട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നു. സ്വയം മറന്ന്, ദൈവത്തെ മറന്ന് അഹങ്കരിച്ച ജനത്തിന് കിട്ടയ സ്വയം സൃഷ്ടിച്ചെടുത്ത നാശമായിരുന്നുവെന്ന് വി. ബൈബിളില്‍ വിവരിക്കുന്ന ബാബേല്‍ ഗോപുരത്തിന്റെ കഥ (ഉല്‍പ്പത്തി 11) ഓര്‍മ്മപ്പെടുത്തുന്നു.
ഓശാന ദിവസം കഴുതപ്പുറത്തുകയറി സമാധാന രാജാവായി ജറുസലേം പട്ടണത്തിലേയ്ക്കു പ്രവേശിച്ച യേശുനാഥനോട് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത് യുദ്ധമൊഴിവായി സമാധാനം പപുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയാണ്. നോസ്ട്രഡാമസ് നടത്തിയ യുദ്ധപ്രവചനത്തെ. നടക്കാന്‍ പോകുന്ന ഒരു മഹാവിപത്തിന്റെ മുന്‍ പ്രവചനമെന്നു വാഴ്ത്താതെ, യുദ്ധം സമ്മാനിക്കുന്ന നികത്താനാവാത്ത മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്ന മുന്നറിയിപ്പായിക്കണ്ട് യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമാണ് നടക്കേണ്ടത്. ഇനിയൊരു അണുവികിരണത്തിന്റെ ദുരന്തഫലങ്ങളും യുദ്ധത്തിന്റെ കൊടും യാതനകളും നമ്മുടെ ഭൂമിയിലുണ്ടാകാതിരിക്കട്ടെ. Sun Tzuവിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”The Supreme art of war is to subdue the enemy without fighting”
സീറോ മലബാര്‍ വി. കുര്‍ബാന ക്രമത്തിന്റെ പ്രസക്തമായ ഒരു പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു. ”സ്വര്‍ഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹായെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നിന്റെ ശാന്തിയും സമാധാനവും പുലര്‍ത്തേണമേ. യുദ്ധങ്ങള്‍ ഒഴിവാക്കണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്‍ക്കുന്ന ജനതകളെ ചിതറിക്കേണമേ”
നന്മനിറഞ്ഞ ഒരാഴ്ചയുടെ ആശംസയോടെ, സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.