Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: ഈസ്റ്റ് മിഡ്ലാന്റിലെ പ്രധാന തിരുനാളുകളിലൊന്നായ ‘നോട്ടിംഗ്ഹാം തിരുനാള്‍’ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ജൂലൈ 1 ശനിയാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നു. ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ റവ. ഫാ. ഡേവിഡ് പാല്‍മര്‍ പതാക ഉയര്‍ത്തുന്നതോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം റവ. ഫാ. ഷൈജു നടുവത്താനിയില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ. ഫാ. ടോമി എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. ടോമി എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. അബ്രഹാം പറമ്പേട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ വണക്കത്തിനായുള്ള ലദീഞ്ഞു പ്രാര്‍ത്ഥന നടക്കും. അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. സമാപനാശീര്‍വാദത്തിനുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നോടു കൂടി തിരുനാള്‍ സമാപിക്കും.

തിരുനാളിനൊരുക്കമായി വാര്‍ഡ് അടിസ്ഥാനത്തില്‍ വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലിയുള്ള ആത്മീയ ഒരുക്കം കഴിഞ്ഞ 23-ാം തീയതി മുതല്‍ ആരംഭിച്ചു. തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ മധ്യസ്ഥ്യം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട് കമ്മിറ്റിയംഗങ്ങളും എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

തിരുനാള്‍ നടക്കുന്ന സെന്റ് പോള്‍സ് ദേവാലയത്തിന്റെ അഡ്രസ്സ് : St. Paul’s Catholic Church Lenton Boulevard, Nottingham NG7 2BY

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ അഞ്ച് മക്കള്‍ ഉള്ള ദമ്പതികളെ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയില്‍ നിന്നും ദൈവം ദാനമായി നല്‍കിയ മക്കളെ സ്നേഹപൂര്‍വ്വം സ്വീകരിച്ച ദമ്പതികളെ കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രത്യേകമായി അനുമോദിക്കുകയും ആദരിക്കുകയും ചെയ്യും. യു.കെ.കെ.സി.എയുടെ യൂണിറ്റുകളില്‍ അഞ്ച് മക്കള്‍ ഉള്ള, ഇതിനുമുന്‍പ് ആദരിക്കാത്ത കുടുംബങ്ങളുടെ വിവരം യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്.

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ഇത്തവണ റാലിയില്‍ കടുത്ത മത്സരമായിരിക്കും നടക്കുക. ഓരോ യൂണിറ്റുകളും അതീവ രഹസ്യമായി റാലിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ”സഭാ സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി ക്നാനായ ജനത” എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി ഓരോ യൂണിറ്റും ശക്തിപ്രകടനത്തിനായി ഒരുങ്ങുകയാണ്.

ക്നാനായ അസ്തിത്വവും രാജകീയ പ്രൗഢിയും ജ്വലിക്കുന്ന കണ്‍വെന്‍ഷന്‍ വേദിയില്‍ അതിമനോഹരവും നയനാനന്ദകരവുമായ കലാപരിപാടികള്‍ അരങ്ങേറും. കലൈഡോസ്‌കോപ്പും നിരവധി വര്‍ണ ലൈറ്റുകളും രാജകീയമായ വേദിയെ വര്‍ണാഭമാക്കും.

കണ്‍വെന്‍ഷന്റെ വിജയത്തിനായി യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നിമാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

പൂള്‍ ഡോര്‍സെറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള മാര്‍ത്തോമാ ശ്ലീഹായുടെ ദുക്‌റാനാ പെരുന്നാള്‍ ഈ വര്‍ഷവും സമുചിതമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8:15ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വികാരി, ബഹു: അനൂപ് മലയില്‍ എബ്രഹാം അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. ശേഷം, മുത്തുക്കുട, കൊടി, പൊന്‍,വെള്ളി കുരിശിന്റെ അകമ്പടികളോടെ നടത്തുന്ന ഭക്തിനിര്‍ഭരമായ റാസയും തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആശീര്‍വാദവും ശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.

മുന്‍പതിവ് പോലെ ലേലം വിളിയും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. പരിശുദ്ധന്റെ നാമത്തില്‍ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുന്നതിനായി ഏവരെയും പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകക്ക് വേണ്ടി വികാരി ഫാ. അനൂപ് മലയില്‍ എബ്രഹാം, ട്രസ്റ്റി അനോജ് ചെറിയാന്‍, സെക്രട്ടറി മാര്‍ട്ടിന്‍ തെനംങ്കാലയില്‍ എന്നിവര്‍ അറിയിച്ചു.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

എഡിന്‍ബര്‍ഗ്: ഈ മാസം 21 മുതല്‍ കാണാതാകുകയും പിന്നീട് 23-ാം തീയതി വെള്ളിയാഴ്ച ഡണ്‍ബാര്‍ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി. എം. എ. യുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ലിയോ കുഷ്ലിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സഹായങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്‍ വാഗ്ദാനം ചെയ്യുകയും ഗവണ്‍മെന്റ് അധികാരികളുമായി എത്രയും പെട്ടന്ന് ബന്ധപ്പെട്ടുകൊള്ളാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അതിരൂപതയുടെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എഡിന്‍ബര്‍ഗ് അതിരൂപത സീറോ മലബാര്‍ രൂപതാ ചാപ്ലന്‍ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മരണവിവരം അറിഞ്ഞ് എഡിന്‍ബര്‍ഗിലെത്തിച്ചേര്‍ന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം നാളെ വ്യാഴാഴ്ച വൈകുന്നേരം 5 :30 ന് എഡിന്‍ബര്‍ഗ് സെന്റ് കാതറിന്‍ പള്ളിയില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്ട്ലണ്ടിലുള്ള എല്ലാ മലയാളി വൈദികരും വിശ്വാസികളും പങ്കെടുക്കുന്നതാണ്.
റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. കോണ്‍സുലാര്‍ ചാന്‍സലറിയിലെ തലവന്‍ ശ്രീ. ഭട്ട മിസ്രയെ കാണുകയും അദ്ദേഹം പ്രോക്കുറേറ്റര്‍ ഫിസ്‌കലുമായി ബന്ധപ്പെടുകയും ഇന്ന് തന്നെ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. .

സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. റ്റെബിന്‍ പുത്തന്‍പുരയ്ക്കല്‍ സി. എം. ഐ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, ഫാ. സിറിയക്ക് പാലക്കുടിയില്‍ കപ്പൂച്യന്‍, ഫാ. പ്രിന്‍സ് മാത്യു കുടക്കച്ചിറകുന്നേല്‍ കപ്പൂച്യന്‍, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ എഡിന്‍ബര്‍ഗില്‍ താമസിച്ച് മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നു.

ചെല്‍ട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ നടത്തപ്പെടുന്ന 16-ാമത് യുകെകെസിഎ കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗത നൃത്തം. സജസിനെ ഒന്നടങ്കം ആവോശക്കൊടുമുടിയില്‍ എത്തിക്കുന്ന ദ്രുതതാള സ്വരസമന്വയത്തോടെ യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതമിട്ട യുകെകെസിഎയുടെ സ്വാഗതഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും. 100ലധികം യുവതീ യുവാക്കള്‍ രാജകീയ പ്രൗഢിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യുകെകെസി കണ്‍വെന്‍ഷനില്‍ പുതുചരിത്രം സൃഷ്ടിക്കും.

ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍ രചിച്ച യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതസംവിധാനം ചെ്ത് പുറവം വില്‍സണും അഫ്‌സലും ആലപിച്ച ഗാനം കോറിയോഗ്രാഫി ചെയ്യുന്നത് പ്രശസ്ത കലാകാരന്‍ കലാഭവന്‍ നൈസ് ആണ്. വെള്ളി (ജൂണ്‍ 30), ശനി (ജൂലൈ 1), ഞായര്‍ (ജൂലൈ 2) തിയതികളില്‍ സ്വാഗതഗാന നൃത്തപരിശീലനങ്ങള്‍ നടത്തപ്പെടുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.0 മുതല്‍ 9 വരെയും ശനിയാഴ്ച 10 മുതല്‍ 9 വരെയും ഞായറാഴ്ച 10 മുതല്‍ 6 മണി വരെയുമാണ് പരിശീലനം നടക്കുന്നത്. വിദൂരത്ത് നിന്ന് വരുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതാണ്. സ്വാഗതഗാന നൃത്തത്തിന് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ 07983417360

കണ്‍വെന്‍ഷന്‍ ഏറ്റവും മനോഹരമാക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് യുകെകെസിഎ ഭാരവാഹികള്‍. ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ലോകനേതാക്കളും ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങളും സന്ദര്‍ശിക്കാറുള്ള ജോക്കി ക്ലബില്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു. ഭാരത അപ്പസ്‌തോലനും സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക. സഭ കടമുള്ള ദിനമായി ആചരിക്കുന്ന, വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, സൗത്ത്വാര്‍ക്ക് അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ. ഹാന്‍സ് നേതൃത്വം നല്‍കും.

ജൂലൈ 3 തിങ്കളാഴ്ച വൈകുന്നേരം 7:15ന് ആഘോഷമായ പരിശുദ്ധ കുര്‍ബ്ബാനയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തോമാശ്ലീഹാ അനുസ്മരണ പ്രഭാഷണവും, ലദീഞ്ഞും തുടര്‍ന്നു നടത്തപ്പെടും. തിരുന്നാളില്‍ പങ്കെടുത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ മദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ചാപ്ലെയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, ബെഡ്വെല്‍ ക്രസന്റ്. എസ്ജി 1 1 എന്‍ജെ. സ്റ്റീവനേജ്

സ്റ്റോക്ക് ഓൺ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടൻ’ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഈ വരുന്ന ഞായറാഴ്ച (2/07/2017) സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉദ്‌ഘാടനം ചെയ്യും. പതിനാല് വയസ്സ്  വരെ മാത്രം ജീവിച്ച കത്തോലിക്കാ സഭയിലെ വിശുദ്ധൻ, ഡൊമിനിക് സാവിയോ ആണ് കമ്മീഷന്റെ മധ്യസ്ഥൻ. പാപത്തെക്കാൾ മരണം എന്നതായിരുന്നു വിശുദ്ധന്റെ ജീവിതത്തിലെ ആപ്തവാക്യം.

ഉദ്‌ഘാടന പരിപാടികൾക്ക് രൂപത ഡയറക്ടർ ഫാ. ജെയ്‌സൺ കരിപ്പായി, കൈക്കാരന്മാരായ റോയി ഫ്രാൻസീസ്, സുദീപ് എബ്രഹാം ആനിമേറ്റേഴ്‌സ് ആയ ജോസ് വര്ഗീസ്, സിനി ആന്റണി, പോൾ ആന്റണി എന്നിവർ ചേർന്ന് നേതൃത്വം നൽകും.സ്റ്റോക്ക് ഓൺ ട്രെന്റിലെ മുഴുവൻ വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ രൂപതയിലെ മുഴുവൻ വൈദികരെയും, സംഘടന ആനിമേറ്റേഴ്‌സിന്റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രായത്തിലും, ജ്ഞാനത്തിലും, മാതാപിതാക്കന്മാരുടെ പ്രീതിയിലും വളർന്നു വന്ന നസ്രസ്സിലെ യേശുവിനെപ്പോലെ വളരുവാനും ശോഭിക്കുവാനും കുട്ടികൾക്ക് ‘സാവിയോ ഫ്രണ്ട്‌സ്’ നേതൃത്വം നൽകും.

The Co-operative Academy of Stoke on Trent

Westport road,

Tunstall,  Stoke on Trent, ST6 4LD

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: ക്നാനായ സമുദായത്തിന്റെ പ്രൗഢിയും ആഢ്യത്വവും വിളിച്ചോതുന്ന പടുകൂറ്റന്‍ സമുദായ റാലിയ്ക്കായി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുന്നു. മൂന്ന് കാറ്റഗറിയിലായി റാലി മത്സരം നടക്കുമ്പോള്‍ ഓരോ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടുവാന്‍ വേണ്ടി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുകയാണ്. ഒട്ടുമിക്ക യൂണിറ്റുകളും യൂണിഫോം വേഷവിധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. ”സഭാ-സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി ക്നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി നിരവധി ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും റാലിയ്ക്ക് മിഴിവേകും.

റാലിയുടെ ഏറ്റവും മുന്നിലായി അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈദികരും യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും അണിനിരക്കും. യു.കെ, ഇന്ത്യ, യു.കെ.കെ.സി.എ പതാകകളുടെ പിന്നിലായി എല്ലാ നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ് അണിനിരക്കും. ക്നാനായ വിമന്‍സ് ഫോറം ഭാരവാഹികള്‍, യു.കെ.കെ.സി.എ.വൈ.എല്‍ ഭാരവാഹികള്‍ എന്നിവര്‍ പതാകയേന്തി അണിനിരക്കും. തുടര്‍ന്ന് അക്ഷരമാലാ ക്രമത്തില്‍ യൂണിറ്റുകള്‍ അണിനിരക്കും. ദൃശ്യഭംഗിയ്ക്ക് 25, കണ്‍വെന്‍ഷന്‍ തീം 25, വസ്ത്രവിധാനം 20, അംഗങ്ങളുടെ പങ്കാളിത്തം 20 യൂണിറ്റിന്റെ ലേഖനം 10 എന്നിങ്ങനെയാണ് റാലിയ്ക്ക് മാര്‍ക്ക് കൂട്ടുന്നത്.

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിച്ചത് ആത്മാഭിമാനം നല്‍കുകയാണ്. അതിബൃഹത്തായ കണ്‍വെന്‍ഷന്‍ വേദി വര്‍ണ മനോഹരമായി പ്രകാശിക്കും. യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റെവ. ഡോ ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. അള്‍ത്താര ബാലന്‍മാരും തിരുന്നാള്‍ പ്രസുദേന്തികളും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ലദീഞ്ഞിനെ തുടര്‍ന്ന് വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ചു പരസ്യ വണക്കത്തിനായി രൂപക്കൂടുകളില്‍ പ്രതിഷ്ഠിച്ചു. പൊന്‍- വെള്ളിക്കുരിശുകളുടെ വെഞ്ചരിപ്പും, പ്രസുദേന്തി വാഴ്ചയും തുടര്‍ന്ന് അത്യാഘോഷപൂര്‍വ്വമായ ദിവ്യബലിയും നടന്നു.

ആത്മീയമായ ഒരുക്കത്തോടെ ജൂലൈ ഒന്നിനായി ഒരുങ്ങുവാനും തറ്റുകള്‍ തിരുത്തി ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി വരുവാനുള്ള അവസരമായി തിരുന്നാള്‍ മാറട്ടെയെന്നും ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ റെവ. ഡോ ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ദിവ്യബലിയെ തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും സ്‌കോട്ട്‌ലന്‍ഡില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയേയും തുടര്‍ന്ന് വിശ്വാസ സമൂഹം പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തിയതോടെ പ്രാര്‍ത്ഥനകളെ തുടര്‍ന്ന് കൊടിയേറ്റ് നടന്നു. ഇതേത്തുടര്‍ന്ന് ഉല്‍പ്പന്ന ലേലവും ഉണ്ടായിരുന്നു.

ഇന്ന് വൈകുന്നേരം 5ന് മധ്യസ്ഥ പ്രാര്‍ത്ഥനയും ദിവ്യബലിയും നടക്കും. ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാവും. 27 ന് ഫാ. നിക്കോളാസ് കേണ്‍, 28 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര, 29 ന് ഫാ. ജിനോ അരീക്കാട്ട്, 30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ റവ. ഡോ തോമസ് പാറയടിയില്‍ എന്നിവരും കാര്‍മ്മികരാകും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകും. മാഞ്ചസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക. ജൂലൈ ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മങ്ങളെയും പ്രദക്ഷിണത്തെയും തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളക്ക് വിഥിന്‍ഷോ ഫോറം സെന്ററില്‍ തുടക്കമാകും.

വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണിജയറാം ഉള്‍പ്പെടെയുള്ള ഗായകര്‍ അണിനിരക്കുമ്പോള്‍ ഗാനമേള ഏവര്‍ക്കും മികച്ച വിരുന്നാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് ഗാനമേള നടക്കുക. 2015 ല്‍ കെജി മാര്‍ക്കോസും 2016 ല്‍ ബിജു നാരായണനും മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംഗീത വിരുന്നൊരുക്കിയപ്പോള്‍ ഇക്കുറി മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ മാസ്മരിക വിരുന്നിനായി യുകെ മലയാളികള്‍ കാത്തിരിക്കുകയാണ്.
സീറ്റുകള്‍ പരിമിതമായതിനാല്‍ പ്രോഗ്രാം നടക്കുന്ന വിഥിന്‍ഷോ ഫോറം സെന്ററിലേക്കുള്ള പ്രവേശനം പാസുകള്‍ മൂലം നിയന്ത്രിക്കും.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്നാംതീയതി രാവിലെ 10 ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വൈദിക ശ്രേഷ്ഠരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വൈദികര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരാകും.

ദിവ്യബലിയെ തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും . പൊന്‍ -വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചസ്റ്ററിന്റെ തെരുവീഥികളെ പുളകച്ചാര്‍ത്തണിയിച്ചു നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്. മേളപ്പെരുക്കം തീര്‍ത്തു മാഞ്ചസ്റ്റര്‍ മേളവും, സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും പ്രദക്ഷിണത്തില്‍ അണിനിരക്കും.

പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും, നേര്‍ച്ച വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിവസം വിശ്വാസികള്‍ക്ക് കഴുന്നുനേര്‍ച്ച എടുക്കുന്നതിനും,അടിമ വെക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇതേ തുടര്‍ന്ന് ഫോറം സെന്ററില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലും, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണിജയറാമും ചേര്‍ന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് പത്തിലേറെ ഉപകരണങ്ങളുമായി ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറില്‍ ഏറെ നീണ്ടുനില്‍ക്കുന്ന സഗീതവിരുന്ന് കാണികള്‍ക്ക് വിസ്മയ വിരുന്നായിത്തീരും എന്നതില്‍ സംശയം ഇല്ല.

കഴിഞ്ഞ 12 വര്‍ഷക്കാലമായി ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു. അന്ന് മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറുകയായിരുന്നു.

ഇടവ വികാരി റെവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും റെവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

സഖറിയാ പുത്തന്‍കളം

യുകെയിലെ ക്‌നാനായ സമൂഹം ആവേശപൂര്‍വം കാത്തിരിക്കുന്ന 16 -ാ0 യുകെകെസിഎ കണ്‍വെന്‍ഷന്‍ കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്രയും. അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരി കാര്‍മികത്വം വഹിക്കുന്ന പരിശുദ്ധമായ ദിവ്യബലി വിവിധ വാദ്യോപകരണങ്ങള്‍ ചേര്‍ത്തിണക്കിയ ഗായക സംഘം കുര്‍ബാനയെ കൂടുതല്‍ പരിശുദ്ധമാക്കും. ജൂലൈ 8നു രാവിലെ 9നു പ്രസിഡന്റ് ബിജു മടക്കക്കുഴി, കത്തിച്ച മെഴുകുതിരി നല്‍കി മാര്‍ പണ്ടാരശേരിനെ സ്വീകരിക്കും. തുടര്‍ന്നു കണ്‍വെന്‍ഷന് തുടക്കമായി പതാക ഉയര്‍ത്തും.

മാര്‍ ജോസഫ് പണ്ടാരശേരിയുടെ കാര്‍മികത്വത്തില്‍ നിരവധി വൈദികര്‍ ബലി അര്‍പ്പണത്തില്‍ പങ്കുചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കും. കര്‍ദിനാളിന്റെ പ്രതിനിധിയായി എത്തുന്ന മാര്‍ പോള്‍ മക്കലിന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഇത്തവണ റാലി മത്സരം കടുപ്പമേറും. ല്ലാ യൂണിറ്റുകളും റാലിയില്‍ സമ്മാനം നേടുന്നതിനായി തിരക്കേറിയ ഒരുക്കത്തിലാണ്. മൂന്ന് വിഭാഗാങ്ങളിലായിട്ടാണ് റാലി മത്സരം നടക്കുന്നത്. ഓരോ യൂണിറ്റിന്റെയും ശക്തി പ്രകടനം കൂടിയായിരിക്കും റാലി മത്സരം.

കണ്‍വെന്‍ഷന്‍ വിജയത്തിന് പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു

RECENT POSTS
Copyright © . All rights reserved