Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റുവിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത്.

പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേയ്ക്കു വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കില്‍ ജി. കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്തില്‍ മുദ്രിതരാകുന്നതു വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അഭിവന്ദ്യ പിതാക്കന്മാരൊടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി. വികാരി ജനറല്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിനു അല്‍മായമാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി.

സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാള്‍ ദിവസമാണ് വി. തൈല ആശീര്‍വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

രൂപതാധ്യക്ഷന്‍ എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശീര്‍വദിച്ച ഈ തൈലമായിരിക്കും ഇനിമുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.

ചെല്‍ട്ടന്‍ഹാം: യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്തീയ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് അര്‍പ്പിക്കപ്പെടുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് 101 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ശുഭ്രവസ്തധാരികളായ 101 അംഗ സംഘ ഗായകര്‍ ഗാനശുശ്രൂഷയില്‍ പങ്കെടുക്കുന്നത്. ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ വിശ്വപ്രസിദ്ധമായ ജോക്കി ക്ലബ്ബിലാണ് 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഗായക സംഘത്തില്‍ ചേര്‍ന്ന് ഗാനമാലപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയുമായി ബന്ധപ്പെടേണ്ടതാണ്. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വേദിയിലാണ് ഇത്തവണ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. പുഷ്പാലംകൃതമായ ബലിപീഠത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കാര്‍മ്മികത്വം വഹിക്കും.

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: കൂദാശകളുടെ പരികര്‍മ്മത്തിനിടയില്‍ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലങ്ങളുടെ ഔദ്യോഗിക ആശീര്‍വാദം ഇന്ന് 11.30-ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. രൂപത സ്ഥാപിതമാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ഈ തൈലവെഞ്ചിരിപ്പു ശുശ്രൂഷയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ലെങ്കാസ്റ്റല്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കിള്‍ കാംബെല്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കും.

കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് അതാത് രൂപതകളുടെ മെത്രാന്മാരാണ് ആ രൂപതയിലെ കൂദാശകളുടെ പരികര്‍മ്മത്തിനാവശ്യമായ വിശുദ്ധ തൈലം വെഞ്ചിരിക്കേണ്ടത്. രൂപതയിലെ വൈദികര്‍ സഹകാര്‍മ്മികരാകുന്ന ഈ ശുശ്രൂഷയില്‍ മെത്രാന്‍ പൊതുവായി ആശീര്‍വദിക്കുന്ന തൈലത്തില്‍ നിന്ന് ഒരു ഭാഗം തങ്ങളുടെ ഇടവകയിലേക്ക് പകര്‍ന്നു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. ആദിമ സഭയുടെ കാലം മുതല്‍ തുടരുന്ന ഈ പാരമ്പര്യത്തില്‍ മെത്രാന്‍ ശ്ലീഹന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ ആശീര്‍വദിക്കുന്ന തൈലം ഉപയോഗിക്കുന്നതുവഴി സഭയിലൂടെ തുടരുന്ന സത്യവിശ്വാസത്തിന്റെ തുടര്‍ച്ചയും ഈശോ ശ്ലീഹന്മാര്‍ക്ക് നല്‍കിയ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന മെത്രാന്റെയും വൈദികരുടെയും പൗരോഹിത്യ കൂട്ടായ്മയുമാണ് വെളിവാകുന്നത്.

മാമോദീസായിലും സ്ഥൈര്യലേപനത്തിലും രോഗീപാലനത്തിലുമാണ് പ്രധാനമായും ആശീര്‍വദിച്ച ഈ തൈലങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. മെത്രാന്‍ ആശീര്‍വദിച്ച വി. തൈലം ലഭ്യമല്ലെങ്കില്‍ ഓരോ അവസരത്തിനും വേണ്ട തൈലം ആശീര്‍വദിക്കാന്‍ പ്രത്യേക അവസരങ്ങളില്‍ സഭാ വൈദികര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്. മാമോദീസായിലൂടെ സഭയിലേക്കു കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള തൈലവും (ഇമരേവാമി)െ പരിശുദ്ധാത്മാവിന്റെ പ്രത്യേക സാന്നിധ്യത്തിലുള്ള തൈലവും (ഇവൃശാെ) രോഗികളുടെ സുഖപ്രാപ്തിക്കായി പൂശാനുള്ള തൈലവും (കിളലൃാലൃ്യ) ആണ് ഇന്ന് ആശീര്‍വദിക്കപ്പെടുന്നത്. പുതിയ ദൈവാലയങ്ങള്‍ കൂദാശ ചെയ്ത് ദൈവാരാധനയ്ക്കായി സമര്‍പ്പിക്കുമ്പോഴും മെത്രാന്‍ അള്‍ത്താര അഭിഷേകം ചെയ്യുന്നത് ആശീര്‍വദിച്ച ഈ തൈലമുപയോഗിച്ചാണ്.

ഒലിവ് എണ്ണയാണ് ഈ വിശുദ്ധ ഉപയോഗത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ ഏതെങ്കിലും തിരുനാള്‍ ദിനത്തിലാണ് ഈ തൈലാശീര്‍വാദ ശുശ്രൂഷ നടത്തപ്പെടാറുള്ളത്. ഈശോ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തതിന്റെ നാല്‍പതാം നാള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ തിരുനാള്‍ ആചരിക്കുന്ന ഇന്ന് ഈ തിരുക്കര്‍മ്മം അനുഷ്ഠിക്കപ്പെടുന്നത് ഏറ്റവും ഉചിതമാണ്.

വി. ബൈബിളിലെ പഴയ നിയമത്തില്‍ രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്യുന്നതിന് പ്രത്യേകം തൈലം ഉപയോഗിച്ചിരുന്നു (പുറപ്പാട് 30:23, 39:27). ‘നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ പുരോഹിതനെ വിളിക്കട്ടെയെന്നും തൈലം പൂശിയുള്ള പുരോഹിതന്റെ പ്രാര്‍ത്ഥന രോഗിക്ക് സൗഖ്യം നല്‍കാന്‍ ഇടയാകട്ടെ’ (യാക്കോബ് 5:14) വി. പൗലോസും പറയുന്നു. ഇന്നു നടക്കുന്ന വിശുദ്ധ തൈല ആശീര്‍വാദ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അഭിവന്ദ്യ മെത്രാന്മാരൊടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ബഹു. വൈദികരും നൂറുകണക്കിനു വിശ്വാസികളും പങ്കുചേരും.

ലീഡ്‌സ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ലീഡ്‌സ് ഒരുങ്ങുന്നു. കുഞ്ഞു മിഷനറിമാര്‍ക്ക് സ്വാഗതമേകാന്‍ ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ് ചര്‍ച്ച് തയ്യാറെടുക്കുകയാണ്. സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനായ ലീഡ്‌സ് ചാപ്‌ളന്‍സിയുടെ ചുമതലയുള്ള ഫാ. മാത്യു മുളയോലിയാണ് സംഘടനയുടെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മെയ് 28 ഞായറാഴ്ച ആയിരങ്ങളെ സാക്ഷിയാക്കി പ്രേഷിത ദൗത്യത്തിന്റെ തിരി അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെളിക്കും. അന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന 10 കുട്ടികള്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ യുകെയിലെ ആദ്യ അംഗങ്ങളായി മാറുന്ന അസുലഭ മുഹൂര്‍ത്തത്തിന് ലീഡ്‌സ് വേദിയാകും. യുകെയിലെ സീറോ മലബാര്‍ സഭയുടെ എല്ലാ കുര്‍ബാന സെന്ററുകളിലും ഒക്ടോബര്‍ 31 നകം ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശാഖകള്‍ ആരംഭിക്കും.

സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ഏഴ് അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്‍മായ മിഷനറി പ്രസ്ഥാനമാണ്. കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന പി.സി എബ്രാഹാം പല്ലാട്ടുകുന്നേലും ഫാ. ജോസഫ് മാലിപ്പറമ്പിലുമാണ് ഭരണങ്ങാനത്ത് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 2011-13 കാലഘട്ടത്തില്‍ ഫാ.മാത്യു മുളയോലി ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഡയറക്ടറായി ഭരണങ്ങാനം മാതൃഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലീഡ്‌സ് ചാപ്‌ളിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും അന്നേ ദിവസം നടക്കും. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

സന്ദര്‍ലാന്‍ഡ്: കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ ലാന്‍ഡിലെ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ടിന് നേതൃത്വം നല്‍കുന്നു. അംഗങ്ങളില്‍ നിന്നും താല്‍പര്യമുള്ള മറ്റു ഉദാര മതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് നിരാലംബരായ മനുഷ്യര്‍ വെള്ളത്തിനും ആഹാരത്തിനും വേണ്ടി ക്യാമ്പുകളില്‍ കഴിയുന്നു. നീതിയും നിയമവും ഇല്ലാത്ത നാട്ടില്‍ അവര്‍ക്കു കൈത്താങ്ങാകാന്‍ മലയാളികളടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ സന്നദ്ധ സേവനം നടത്തുന്നു.

ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാന്‍ സൗത്ത് സുഡാന്‍ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യന്‍ സഭയിലെ വൈദികര്‍ നേതൃത്വം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു താങ്ങേകുവാന്‍ നമ്മള്‍ കഴിയുന്ന സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നു. മെയ് മാസം അവസാനത്തോടെ സഹായം കൈമാറാന്‍ ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം. സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ അക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങള്‍ കൈമാറാവുന്നതാണ്.

മെയ് മാസത്തെ മലയാളം കുര്‍ബാന രാവിലെ 10.30 നു സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അക്കൗണ്ട് നെയിം – എം സി സി സണ്ടര്‍ലന്‍ഡ്
അക്കൗണ്ട് നമ്പര്‍ : 80125830
സോര്‍ട് കോഡ് : 404362
ബാങ്ക് : HSBC കൂടുതല്‍ വിവരങ്ങള്‍ക്ക് : 07846911218, 07590516672 .

അപ്പച്ചന്‍ കണ്ണഞ്ചിറ

ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങള്‍ കൊണ്ടാടി. ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ചാണ് യേശുവിന്റെ തിരുശരീരവും തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്റര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിന്‍), ഫാ. ജോഷി (എസ് എസ് പി ), ഫാ.ഷിജു(എസ് എസ് പി) എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ചു.

ഫാ.ജോഷി കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുരുന്നുകളെ അനുമോദിക്കുകയും, ക്രൈസ്തവ ജീവിതത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം വിശദീകരിക്കുകയും, അനിവാര്യതയും,അനുഗ്രഹങ്ങളും എടുത്തുപറയുകയും ചെയ്തു. ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം പള്ളി ഹാളില്‍ ഒത്തു കൂടിയ പാരീഷംഗങ്ങള്‍ തങ്ങളുടെ സമൂഹത്തില്‍ അനുഗ്രഹമായി മാറിയ കുരുന്നുകളെ അനുമോദിക്കുവാനും തങ്ങള്‍ക്കു ലഭിച്ച ആനന്ദത്തിന്റെയും അനുഗ്രഹത്തിന്റെയും ആഘോഷ പൂര്‍ണ്ണതക്കായി സംഗീത വിരുന്നും,വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.

സജി-സാന്റി ദമ്പതികളുടെ മകന്‍ ലെവിസ് ,ജിമ്മി-റെറ്റി ദമ്പതികളുടെ മകന്‍ വില്യം,ജോബി-ലിസ കുടുംബത്തിലെ മകള്‍ ഇസബെല്‍, സജി- സിനി ദമ്പതികളുടെ മകന്‍ ടോം, സിനോന്‍-ജൂലി എന്നിവരുടെ മകന്‍ ജാക്സ്,സുബ്ബരാജ്-സിമി ദമ്പതികളുടെ മകള്‍ നമിത എന്നീ കുരുന്നുകളാണ് ആദ്യമായി ദിവ്യ കാരുണ്യ കൂദാശയിലൂടെ നിത്യരക്ഷയുടെ സമ്മാനമായ ഈശോയെ സ്വീകരിക്കുവാന്‍ അനുഗ്രഹിക്കപ്പെട്ടത്.

പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യാര്‍ഖാന്‍ വട്ടായിലച്ചന്‍ ഈ വര്‍ഷം ഒക്ടോബര്‍ 28-ാം തീയതി നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ, ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കമായുള്ള ഏകദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലിന്റെയും സെഹിയോന്‍ ടീം മെമ്പറായ റെജി കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ ഫിഷ്‌ഫോണ്ടസ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെട്ട് നടത്തപ്പെടും.

ജൂണ്‍ 6-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനത്തില്‍ ജപമാല, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചനപ്രഭാഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ട് ഈ ധ്യാനത്തില്‍ സംബന്ധിച്ച് ഒക്ടോബര്‍ 28-ാം തീയതി നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ റീജിയണ്‍ ഡയറക്ടറായ റവ.ഫാ. പോള്‍ വെട്ടിക്കാട്(സിഎസ്റ്റി), ഈ റീജിയണിലെ വൈദികരായ ഫാ.ജോയി വയലില്‍, ഫാ.സിറില്‍ ഇടമന, ഫാ.സണ്ണി പോള്‍, ഫാ.ജോസ് മാളിയേക്കല്‍, ഫാ. സിറില്‍ തടത്തില്‍, ഫാ. ജോര്‍ജ്ജ് പുത്തൂര്‍, ഫാ. ആമ്പ്രോസ് മാശിയേക്കല്‍, ഫാ. സജി അപ്പോഴിപ്പറമ്പില്‍, ഫാ. പയസ്, ഫാ. ജിമ്മി സെബാസ്റ്റ്യന്‍, ഫാ. ചാക്കോ പനത്തറ എന്നിവര്‍ ചേര്‍ന്ന് എല്ലാവരേയും ക്ഷണിക്കാനുള്ള ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ലഞ്ച് എല്ലാവരും കരുതേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി സീറോ മലബാര്‍ സഭ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്-07703063836, ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റിയന്‍-07862701066, ജോസി മാത്യൂ- 0791633480, ഷിജോ തോമസ്-07578594094, ജോണ്‍സണ്‍ പഴംപള്ളി-07886755874, സെക്രട്ടറി ലിജോ പടയാട്ടില്‍- 07988140291.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുകയും ലോക രക്ഷയുടെ ദിവ്യസന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള വിശ്വാസി സമൂഹത്തിന്റെ ചാപ്ലയിനും ആയ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ നേതൃത്വം നല്‍കി. സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ട ഫാത്തിമ സെന്റിനറി തിരുന്നാള്‍ ആഘോഷത്തെ മാതൃഭക്തര്‍ മരിയന്‍ പ്രഘോഷണ ഉത്സവ വേദിയാക്കി മാറ്റുകയായിരുന്നു.

ഫാത്തിമയില്‍ ആശീര്‍വ്വദിക്കപ്പെട്ട് യുകെയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പരിശുദ്ധ ജപമാല സമര്‍പ്പണത്തിനു ശേഷം ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും നടത്തപ്പെട്ടു. ഫാത്തിമാ മാതാവിന്റെ രൂപം ഏന്തിക്കൊണ്ട് നടത്തപ്പെട്ട പ്രദക്ഷിണത്തിനും സമാപന ആശീര്‍വാദത്തിനും ശേഷം പാല്‍ച്ചോറ് നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു. മികവുറ്റ ഗാനശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ആത്മീയോത്സവ പ്രതീതി പകരുന്നവയായി.

‘നന്മകളുടെ കലവറയും, അഭയകേന്ദ്രവും ആയ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം, വേദനകളിലും രോഗങ്ങളിലും പ്രയാസങ്ങളിലും സംരക്ഷണവും സാന്ത്വനവും നല്‍കുവാനും ദിവ്യ സൂനുവിനോട് അനുഗ്രഹങ്ങള്‍ വാങ്ങിത്തരുവാന്‍ ശക്തവും പ്രാപ്തവുമാണ്. പരിശുദ്ധ അമ്മയോട് കത്തോലിക്കാ സഭ പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന സ്‌നേഹവും ഭക്തിയും വണക്കവും അഭംഗുരം കാത്തു സൂക്ഷിക്കേണ്ടതും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടതും അനിവാര്യവും, മാതൃ ഭക്തരുടെ കടമയുമാണെന്ന്’ സെബാസ്‌ററ്യന്‍ അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.

മരിയന്‍ അനുഗ്രഹ സാന്നിദ്ധ്യം അനുഭവിച്ചും മാതൃ സ്‌നേഹം നുണഞ്ഞുമാണ് ഓരോ മാതൃഭക്തരും നേര്‍ച്ച ഭക്ഷണം സ്വീകരിച്ചു പിരിഞ്ഞത്. അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി ജോര്‍ജ്ജ്, ആനി ജോണി, റോയിസ്, സൂസന്‍, ബോബന്‍, ജീന എന്നിവര്‍ മരിയന്‍ തിരുന്നാളിന് നേതൃത്വം നല്‍കി.

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

വിശ്വാസികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പിന്തുടരാന്‍ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളര്‍ച്ചയിലെ നിര്‍ണ്ണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാര്‍ സഭാ മക്കള്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാര്‍ത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരമ്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താല്‍പര്യത്തിന്റെയും സഭാ നേതൃത്വത്തിന്റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ കുടിയേറിപ്പാര്‍ത്തിടത്തെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങള്‍ക്കും വിശ്വാസ പരിശീലനം നല്‍കുകയും ചെയ്തു.

ഈജിപ്തില്‍ നിന്നും കാനാന്‍ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയര്‍പ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തില്‍ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നല്‍കിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ 20-ഓളം വര്‍ഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങള്‍ക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനും ദൈവകൃപയാല്‍ നിയമിതനായത് ചെറുപ്പക്കാരനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനിയും.

യു.കെ യുടെ ജീവിത സാഹചര്യങ്ങളില്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കള്‍ക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളില്‍ പലര്‍ക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ സീറോ മലബാര്‍ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കര്‍മ്മങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നതു പോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവര്‍ക്കു കൂടുതല്‍ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കര്‍മ്മങ്ങളിലൂടെ അടുത്തറിയാന്‍ ഇടയാക്കണമെന്ന് രൂപതാധ്യക്ഷന്‍ ആഗ്രഹിക്കുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികള്‍ കൂടുതലായി ആരാധനയില്‍ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു വരുന്നു. അഭിവന്ദ്യ പിതാവിന്റെ ആഹ്വാനത്തെയും മാതൃകയെയും പിന്‍തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പണത്തിനായുളള ഒരുക്കങ്ങള്‍ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങള്‍ക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയന്‍ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ 11 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാര്‍ വി. കുര്‍ബാന സംപ്രേഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയില്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്ന മരിയന്‍ ടിവിയുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പ്രവാചക തുല്യമായ വചനത്തിന്റെ പൂര്‍ത്തിയും സഭയുടെ ഇക്കാലത്തിലുളള വളര്‍ച്ചയും തുടര്‍ച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാന്‍ ഇംഗ്ലീഷ് ഭാഷയില്‍ വി. കുര്‍ബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: യു.കെ.യിലുള്ള പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നേതൃത്വം നല്‍കുന്ന ഒക്ടോബറിലെ ‘അഭിഷേകാഗ്‌നി’ ധ്യാനത്തിനൊരുക്കമായുളള റീജിയണല്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയണുകള്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ വച്ചായിരിക്കും ഈ ധ്യാനങ്ങള്‍ നടക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മ്മിംഗ്ഹാം, സൗത്താംപ്റ്റണ്‍ എന്നിവിടങ്ങളിലായി ജൂണ്‍ 6 മുതല്‍ 20 വരെ നടക്കുന്ന കണ്‍വന്‍ഷനുകളില്‍ പ്രസിദ്ധ വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റെജി കൊട്ടാരം എന്നിവര്‍ വചനശുശ്രൂഷ നയിക്കും. ഒക്ടോബര്‍ മാസത്തില്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തില്‍ ഒരുക്ക ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

ഈ ധ്യാനങ്ങളുടെ ആത്മീയ വിജയത്തിനായും വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കുന്നതിനായും ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണുകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാല്‍, രൂപതയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയണുകളില്‍ പോയി സംബന്ധിക്കുവാനും അതുവഴി കൂടുതല്‍ പേര്‍ക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങള്‍ സ്വീകരിക്കാനും ഇടയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷന്‍ രക്ഷാധികാരിയും വികാരി ജനറല്‍ റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ- ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്, പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിതനായിരിക്കുന്ന ബഹു. വൈദികരുടെ നേതൃത്വത്തില്‍ ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വം പങ്കുചേരണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved