ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ് എച്ച് വൃത വാഗ്ദാനം സ്വീകരിച്ചു . മെയ് 28 ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ നടന്ന ശുശ്രൂഷയിൽ ആണ് സിസ്റ്റർ ക്രിസ്റ്റി മരിയ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സഭാവസ്ത്ര സ്വീകരണവും ,വൃത വാഗ്ദാനവും നടത്തിയത് . നാട്ടിൽ എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ് സ്വദേശികളുമായ വർഗീസ് എബ്രഹാം സലീന വർഗീസ് ദമ്പതികളുടെ ഇളയ പുത്രിയായ സിസ്റ്റർ ക്രിസ്റ്റി മരിയ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസിയിൽ ബിരുദാന്ത ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ റോയൽ മാർസ് ടെൻ ആശുപത്രിയിൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരികെയാണ് ദൈവവിളി സ്വീകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ചേർന്നത് .

1911 ൽ പുണ്യ ശ്ലോകനായധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ് . 2019 മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ ജോലി ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനിൽ നിന്നുള്ള ആദ്യ സന്യാസിനി ആയി സിസ്റ്റർ ക്രിസ്റ്റി മരിയ മാറുമ്പോൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ യോർക്കിൽ ഒരു സന്യാസിനികൾക്കായുള്ള പരിശീലന കേന്ദ്രവും , രണ്ട് കന്യാസ്ത്രീ മഠങ്ങളും ,സ്ഥാപിക്കുവാനും കഴിഞ്ഞു. നിലവിൽ മൂന്ന് പേർ ഈ പരിശീലന കേന്ദ്രത്തിൽ പരിശീലനവും നടത്തുന്നുണ്ട് .തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിൻസിൽ നിന്നുള്ള അഞ്ച് കന്യാസ്ത്രീകൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശശ്രൂഷ രംഗങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ടിക്കുന്നുമുണ്ട് .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി റെവ ഫാ മൈക്കിൾ കോച്ചേരി അഭിഷിക്തനായി ഏറെ ദിവസങ്ങൾ കഴിയുന്നതിന് മുൻപേ രൂപതയിലേക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന്റെ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ.



അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ടീം ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻററിൽ നടത്തപ്പെടും.
വിൻസെൻഷ്യൻ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വീ സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂൺ 7 നു ഞായറാഴ്ചയാണ് കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുക.
രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന
കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.

“അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും ചെയ്യുന്നു.” (സങ്കീർത്തനം 147:3) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.രാവിലെ 8:30 നു ആരംഭിക്കുന്ന ശുശ്രൂഷകളും തിരുക്കർമ്മങ്ങളും വൈകുന്നേരം 5 മണിയോടെ സമാപിക്കും.
റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രുഷകളുടെ പന്ത്രണ്ടാം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.
For more information:
+44 7474787870
Email: [email protected] Website : www.divineuk.org
Devine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA


ബിനു ജോർജ്
“കാർമ്മലിലെ സുന്ദര സൂനമേ, പൂത്തുലഞ്ഞു നിൽക്കുന്ന മുന്തിരിവള്ളീ, മോക്ഷത്തിന്റെ ദിവ്യതേജസ്സേ, ദൈവസുതനെ ഉദരത്തിൽ വഹിച്ച നിർമ്മല കന്യകയേ, അങ്ങേ പ്രിയ പുത്രന്റെ സുരക്ഷിതത്വത്തിലേക്ക് ഞങ്ങളെ നയിച്ചാലും..”എയ്‌ൽസ്‌ഫോർഡിലെ വിശുദ്ധ മണ്ണിൽ അണഞ്ഞുചേർന്ന ഓരോ മരിയഭക്തന്റെയും ഹൃദയത്തിൽ നിന്നും ഉയർന്ന ഈ പ്രാർത്ഥന ഒൻപതാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തെ ധന്യമാക്കി.

എയ്‌ൽസ്‌ഫോർഡ്: വി. സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക്, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തിയ ഒൻപതാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം ഭക്തിസാന്ദ്രമായി.
2026 മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കുരിശ് വെഞ്ചരിപ്പും വിവിധ മിഷനുകളിൽ നിന്നും എത്തിച്ച നേർച്ചകളുടെ സ്വീകരണവും നടന്നു. തുടർന്ന് 11.30 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ ജപമാലപ്രദക്ഷിണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം, എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ വൈദികർ, രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വൈദികർ, വിമൻസ് ഫോറം അംഗങ്ങൾ, നിരവധിയായ മരിയഭക്തർ തുടങ്ങിയവർ ജപമാലപ്രദക്ഷിണത്തിന്റെ ഭാഗമായി.

ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി മുത്തുകുടകളുടെ അകമ്പടിയോടുകൂടി ആരംഭിച്ച പ്രദക്ഷിണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ രൂപതയിലെ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാർക്കുവേണ്ടി പ്രത്യേകപ്രാർത്ഥനയും പ്രസുദേന്തി വാഴ്ചയും നടന്നു. എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. മൈക്കിൾ കോക്‌സ്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനോജ് കളരിക്കൽ എന്നിവർ തീർത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട് , റവ. ഫാ. ഷിനോജ് കളരിക്കൽ, എയ്‌ൽസ്‌ഫോർഡ് മിഷൻ ട്രസ്റ്റിമാരായ ഷിജു ആന്റണി, സുമിൻ സണ്ണി എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു. തുടർന്ന് 1 .30 ന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

ദൈവഹിതത്തിന് ‘അതെ’ എന്ന് മറുപടി നൽകിയ പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്തവരായ നമുക്കേവർക്കും ദൈവഹിതപ്രകാരം ജീവിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണ്. കുറവുകളെ നിറവുകളാക്കിയ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു. പാപക്കറകളില്ലാതെ, ദൈവിക ചൈതന്യത്തിൽ ജീവിച്ച അമ്മയെപ്പോലെ, വിശുദ്ധിയിലും ദൈവകൃപയിലും ജീവിക്കാൻ അഭിവന്ദ്യ പിതാവ് തന്റെ തിരുനാൾ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം നടന്നു. ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്‌സ് പ്രദക്ഷിണത്തിനു നേതൃത്വം നൽകി. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.

പ്രദക്ഷിണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന് ‘ഫ്ളോസ് കാർമലി’ പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.
റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദക്ഷിണത്തിനു ശേഷം വിതരണം ചെയ്തു. വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റെലിക് ചാപ്പലിലും മറ്റു ചാപ്പലുകളിലും പ്രാർത്ഥനയ്ക്കും സന്ദർശനത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുമ്പസാരിക്കുന്നതിനും, നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ മെൻസ് ഫോറം, വിമൻസ് ഫോറം, എസ്‌എംവൈഎം, ക്യാറ്റക്കിസം എന്നിവയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും, ഭക്തസാധനങ്ങളുടെ സ്റ്റാളും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
എയ്‌ൽസ്‌ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അനുഗ്രഹനിമിഷങ്ങൾക്കാണ് എയ്‌ൽസ്‌ഫോർഡ് സാക്ഷ്യം വഹിച്ചത്. ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ, കൂടാതെ ജില്ലിങ്‌ഹാം, സൗത്ബോറോ മിഷൻ വോളണ്ടിയേഴ്‌സ്, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ഇടവക/മിഷൻ ട്രസ്ടിമാർ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.
എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അനുഗ്രഹപ്രദവും മനോഹരവുമാക്കാൻ യത്നിച്ച ഏവർക്കും പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ നന്ദി അറിയിച്ചു. പത്താമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം അടുത്ത വർഷം മെയ് 29 ശനിയാഴ്ച ആയിരിക്കുമെന്ന് കോർഡിനേറ്റേഴ്‌സ് അറിയിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാകാ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ് 30 ആം ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളർത്തിയെടുക്കാൻ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം. ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതിൽ അനേകം വർഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ കണ്ണൻ, ലണ്ടൻ “കലാ”പുരസ്കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.തുടർന്ന് ദീപാരാധനയും, അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236

ലീഡ്സ്: മലങ്കര മാർത്തോമ സഭയുടെ യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ പുതുതായി രൂപീകരിച്ച ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തനോദ്ഘാടനവും വിശുദ്ധ കുർബാനയും മെയ് 17ന് നടന്നു. ഭദ്രാസന എപ്പിസ്കോപ്പ Rt. Rev. Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇടവക വികാരി റവ. സുബിൻ മാത്യു പാരയിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഡോ. ജയ് ശങ്കറിന്റെ പ്രാർഥനയ്ക്ക് ശേഷം സെക്രട്ടറി ഐസക് ഉമ്മൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഇവാനിയോസ് തിരുമേനി ദീപം കൊളുത്തിയും കേക്ക് മുറിച്ചും ഇടവകയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മുൻ വികാരി റവ. ജോൺ പി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. സമീപ ഇടവകകളുടെ പ്രതിനിധികളായ ഡോ. പ്രീത തോമസും റോജി സന്തോഷും ആശംസകൾ നേർന്നു.

സൺഡേ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച സംഗീതപരിപാടി ചടങ്ങിന് നിറം പകർന്നു. ട്രസ്റ്റി സ്റ്റാലിൻ ഐസക് നന്ദി രേഖപ്പെടുത്തി. ലീഡ്സിലെ ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ പുതിയ അധ്യായമാണ് ജറുസലേം മാർത്തോമ ഇടവകയുടെ തുടക്കമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇടവകയുടെ പ്രവർത്തനങ്ങളും കുർബാന സമയവും [www.jerusalemmarthomachurch.org.uk](https://www.jerusalemmarthomachurch.org.uk?utm_source=chatgpt.com) എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു.
ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ മെയ് 23 ശനിയാഴ്ച നടത്തുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 1.15 ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്ൽസ്ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/pJZLd5RoNP4pQ61X9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഹൻസ് തോമസ്. വൈസ്ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം, നാഷണൽ ട്രഷറർ ബ്രദർ വിൽസൺ ചാക്കോ.കോൺഫറൻസ്ൺ കൺവീനർ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ്.
കൂടുതൽ വിവരങ്ങൾക്ക് റവ ഡോ ജോ കുര്യൻ, പാസ്റ്റർ സി റ്റി എബ്രഹാം, പാസ്റ്റർ ബിജു ചെറിയാൻ, പാസ്റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

ലീഡ്സ്: മലങ്കര മാർത്തോമ സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൻ്റെ കീഴിലെ ലീഡ്സിൽ പുതുതായി സ്ഥാപിതമായ ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തന ഉദ്ഘാടനവും കുർബാനയും 2026 മെയ് മാസം 17 തീയതി ഞായറാഴ്ച രാവിലെ 9.30ന്, ലീഡ്സിലെ “Greenacre” ഹാളിൽ നടക്കുന്നതാണ്. ഭദ്രാസന മെത്രാപോലീത്ത RT. Rev. PD Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെ ആരംഭിക്കുന്ന പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ. സുബിൻ മാത്യു പാറയിൽ, മുൻ വികാരി റവ: ജോൺ പി ചാക്കോ അച്ചൻ എന്നിവർ നേതൃത്വം നൽകും. ഭദ്രാസന ഭാരവാഹികൾ, സമീപ സഹോദര ഇടവകളിലെ പുരോഹിതരും, ഭാരവാഹികളും സംബന്ധിക്കും.
ചരിത്ര പ്രാധാന്യമുള്ള ലീഡ്സ് നഗരത്തിലെ മാർത്തോമ വിശ്വാസികൾക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കം ആണ്, ഈ ഇടവകയുടെ സ്ഥാപനം എന്ന് കണക്കാക്കപെടുന്നു. ഈ യോഗത്തിലേക്ക് വിശ്വാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നത് ആയി ഇടവക സെക്രട്ടറി ഐസക് ഉമ്മൻ അറിയിച്ചു.
Address:
Greenacre Hall
Yeadon, Leeds.
LS19 6AS.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഇടവമാസ പൂജ 2026 മെയ് 16 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975
