Spiritual

ഷിബി ചേപ്പനത്ത്

ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2025 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ്ഡിച്ചിലുള്ള സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ 2025 സെപ്റ്റംബർ 27ശനി, 28 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (THE NEW BINGLEY HALL, 1 HOCKLEY CURCUS BIRMINGHAM B18 5PP) നടത്തപ്പെടും. ഭദ്രാസനത്തിലെ 47 പരം ഇടവകകളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.

മലങ്കരയുടെ നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി മുഖ്യ അതിഥിയായി എഴുന്നുള്ളി വന്ന് കുടുംബ സംഗമത്തിൻ്റെ ദ്വിദ്വിന പരിപാടികളിൽ സംബന്ധിക്കും.
കൂടാതെ പ്രബുദ്ധരായ മഹനീയ വ്യക്തികൾ നയിക്കുന്ന കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യുകെ ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കിയത്.

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിലുള്ള കിർബി മാക്‌സോൾ ഹാളിൽ വച്ച് ശനിയാഴ്ച നടന്നു . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ ആയിരത്തിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടന്ന ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത് . ആദ്യമത്സരത്തിൽ 14 -17 എയ്‌ജ് ഗ്രൂപ്പിലെ മത്സരാത്ഥികളാണ് മത്സരിച്ചത് . ആദ്യ എയ്ജ് ഗ്രൂപ്പിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 -17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഇവാലിൻ സെബാസ്റ്റ്യൻ സെന്റ് ഫ്രാൻസിസ് അസീസി മിഷൻ വൂസ്റ്റർ ബിർമിങ്ങ്ഹാം റീജിയണും രണ്ടാം സ്ഥാനം മരിയ മിജോസ് സെന്റ് മേരീസ്‌ മിഷൻ വിഗൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം കാതറിൻ റോഷൻ സെന്റ് അഗസ്റ്റിൻ പ്രൊപ്പോസഡ്‌ മിഷൻ ബേസിംഗ്‌സ്‌റ്റോക്ക് സൗതാംപ്ടൻ റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ ആൻസി ജോൺ നേതൃത്വം കൊടുത്തു .

രണ്ടാമതായി നടന്ന 11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം മെൽവിൻ ജെയ്‌മോൻ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷൻ ന്യൂകാസിൽ ലീഡ്സ് റീജിയണും രണ്ടാം സ്ഥാനം ജോഷ് വടക്കേൽ മിജോസ് , സെന്റ് മേരീസ് മിഷൻ വിഗാൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജു സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി റിയ ഷാജുമോൻ നേതൃത്വം നൽകി


ഉച്ചക്ക് ശേഷം നടന്ന 8 -10 ഗ്രൂപ്പ് മത്സരത്തിൽ അലൻ ജോർജും ആബേൽ ജോൺ അനൂപും തുല്യമാർക്കുകൾ നേടി ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോൾ മത്സരങ്ങൾ സമനിലയിലെത്തുകയും വീണ്ടും 12 ചോദ്യങ്ങൾ അടങ്ങുന്ന ഒരു റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു . ഒന്നാം സ്ഥാനം അലൻ ജോർജ് മാർ തോമ ശ്ലീഹ മിഷൻ കാറ്റർബറി, കാന്റർബെറി റീജിയണും രണ്ടാം സ്ഥാനവും എബേൽ ജോൺ അനൂപ് സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ , ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയണും നേടി . റിറ്റി ടോമിച്ചൻ ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി .

18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നാലാം തവണയും സുവാറ ഫൈനൽ മത്സരത്തിൽ യോഗ്യത നേടിയ ടിന്റു ജോസഫ് സെന്റ് അഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും രണ്ടാം സ്ഥാനം ലിൻസി ജോൺ മറിയ ഇമ്മാക്കുലേഷൻ മിഷൻ ലണ്ടൻ റീജിയണും മൂന്നാം സ്ഥാനം മീനു തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെക്ച്യുൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷൻ , ബിർമിങ്ങ്ഹാം റീജിയണും നേടി . മുതിർന്നവർക്കായി നടത്തിയ മത്സരത്തിന്റ ക്വിസ് മാസ്റ്ററായി ബിജോയ് മാത്യു നേതൃത്വം കൊടുത്തു .

വൈകുന്നേരം നടന്ന അവാർഡുദാനസമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സര വിജയികൾക്കും ഫൈനൽ മത്സരാത്ഥികൾക്കും സമ്മാനങ്ങൾ നൽകി . സുവാറ 2025 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. രൂപത ചാൻസലർ റെവ ഡോ മാത്യു പിണക്കട്ട് ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ റെവ ഫാ ജോൺ പുളിന്താനത്ത് എന്നിവരും സന്നിഹിതരായിരുന്നുവെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽ വച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത , ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് സുവാറ 2025 ന്റെ ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ വച്ച് നടത്തപ്പെടും . വിവിധ പ്രായപരിധിയിലുള്ളവർക്കായി ഓൺലൈൻ ആയി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിലധികം മത്സരാർത്ഥികളാണ് ഈ വർഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരങ്ങൾ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള ആറ് മത്സരാർത്ഥികൾ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത് .

മെയ് 3 ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ രാവിലെ ഒമ്പതുമണിക്ക് ഉദ്ഘാടനസമ്മേളനവും തുടർന്ന് 10 മണിമുതൽ വിവിധ പ്രായപരിധിയിലുള്ളവരുടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും . മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകും . വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ ബൈബിൾ കൂടുതലായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുകയെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റിനു വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുക്കുന്നു .

Venue Details
Kirby Muxloe Village Hall
Station Road, Kirby Muxloe,
Leicester, LE9 2EN

അപ്പച്ചൻ കണ്ണഞ്ചിറ

വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന പ്രഘോഷണങ്ങളും, ധ്യാനങ്ങളും, ശുശ്രുഷകളും നയിക്കുന്ന വിൻസൻഷ്യൽ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചാംകുടിയിൽ വീ സി, ഫാ. ഡെന്നി മണ്ഡപത്തിൽ വീ സി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫിൽ നയിക്കുക.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും, ദൈവീക സാന്നിദ്ധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാൻ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകൻ ബ്രദർ ജെയിംസ്‌കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തിൽ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവെക്കുന്നതാണ്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3) ———-

തിരുവചന ശുശ്രുഷകളിലൂടെയും, ധ്യാനാത്മക ചിന്തകളിലൂടെയും, വിശുദ്ധ കൂദാശകളിലൂടെയും, കൗൺസിലിംഗിലൂടെയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിക്കുന്നതിനും, ആന്തരീക രോഗശാന്തിക്കും, ആത്മീയമായ നവീകരണത്തിനും, ആദ്ധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും. വിശുദ്ധ കുർബാന, ആരാധന, രോഗശാന്തി ശുശ്രുഷകൾ, ശക്തമായ തിരുവചന പ്രസംഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാർത്ഥനകൾ, കൗൺസിലിംഗ്, കുമ്പസാരം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

1852-ൽ സ്ഥാപിതമായതും ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാൻസിസ്കൻ ഫ്രിയറി 2022 ൽ വിൻസെൻഷ്യൻ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ഫ്രിയറി, സെന്റ് ഡേവിഡ്സ് പള്ളി. ഫ്രാൻസിസ്കൻ റിട്രീറ്റ് സെന്റർ, പാദ്രെ പിയോ ദേവാലയം, കാൽവരി ഹിൽ, റോസറി വേ എന്നിവ ഇപ്പോൾ പന്തസാഫിലെ വിൻസെൻഷ്യൻ റിട്രീറ്റ് സെന്ററിന്റെ കീഴിൽ പൂർണ്ണമായും, സജീവവുമായും പ്രവർത്തിച്ചു വരുന്നു. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഹോളിവെല്ലിൽ നിന്ന് 3 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിൻസൻഷ്യൻ ധ്യാന കേന്ദ്രം, തീർത്ഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാൽവരി ഹിൽ, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീർത്ഥാടകരാണ് നിത്യേന സന്ദർശിക്കുകയും, പ്രാർത്ഥിച്ചു പോവുന്നതും.

ആത്മീയ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പന്തസാഫിലെ ഫ്രാൻസിസ്കൻ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മെയ് മാസം 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ധ്യാനം 25 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പർശം അനുഭവിക്കാനും, കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തിൽ പങ്കുചേരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്പോലെ £75 മാത്രമാണ് റജിസ്‌ട്രേഷൻ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാൽ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07417494277 / FANTASAPH @DIVINEUK.ORG

ഓൺലൈൻ റജിസ്‌ട്രേഷൻ:
WWW.DIVINEUK.ORG

ഫ്രാൻസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക് മാർപ്പാപ്പയ്ക്ക് മാത്രം നൽകാവുന്ന ഉർബി-എത് – ഒർബി എന്ന ആശിർവാദവും നൽകിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി.

ഓർമ്മ ഇൻെറർനാഷ്ണൽ ഏപ്രിൽ 23നു പ്രസിഡൻറ്റ് സജി സെബാസ്റ്റ്യൻറ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമ്മൂട്ടിൽ, ഓർമ്മ ടാലൻറ്റ് ഫോറം ചെയർമാൻ ജോസ് തോമസ്, പി ആർ ഒ മെർളിൻ അഗസ്റ്റിൻ എന്നിവർ അനുശോചന പ്രസംഗം നടത്തി. ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, മുൻ പ്രസിഡൻറ് ജോർജ് നടവയൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ് ഷൈല രാജൻ, വയനാട് ചാപ്റ്റർ പ്രസിഡൻറ് കെ ജെ ജോസഫ്, കോട്ടയം ചാപ്റ്റർ പ്രസിഡൻറ് ഷൈനി സന്തോഷ്, ഷാർജയിൽ നിന്നും റജി തോമസ് തുടങ്ങി ഒട്ടനവധി അംഗങ്ങൾ അനുശോചന സന്ദേശങ്ങൾ കൈമാറി.

ഈ അവസരത്തിൽ മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന ലോക ജനതയോട് ഒന്നുചേർന്ന് ഓർമ്മ ഇൻെറർനാഷ്ണൽ അതിയായ ദുഃഖവും അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതോടൊപ്പം മാർപാപ്പയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.

മാർ ജോസഫ് സ്രാമ്പിക്കൽ

കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി.

2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത സ്ഥാപിച്ചത്. പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്. പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രാർത്ഥനകൾ സമർപ്പിക്കുകയും ചെയ്യുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം,

യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ

യൂറോപ്പിലെമ്പാടും പരിശുദ്ധാത്മാവിന്റെ ആത്മാഭിഷേകത്തിനായും പരിശുദ്ധാത്മ തീയാല്‍ ജ്വലിച്ചു സുവിശേഷത്തിനു സാക്ഷികളാകുവാനും, കര്‍ത്താവ് കല്പിച്ച സുവിശേഷദൗത്യമായ
പ്രഘോഷണകര്‍മ്മത്തില്‍ ഭാഗവാക്കുകളാകുവാനുമായി ഷെക്കെയ്‌ന യൂറോപ്പിന്റെ നേതൃത്വത്തില്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന താമസിച്ചുള്ള ധ്യാനം 2025 മെയ് 23, 24, 25 തിയതികളില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വെച്ച് നടത്തപ്പെടുന്നു.

അനുദിനം മാറ്റം നേരിടുന്ന ഈ സൈബര്‍ യുഗത്തില്‍, കര്‍ത്താവിനായുള്ള മാധ്യമ ശുശ്രൂഷയും, ക്രിസ്തുവിശ്വാസത്തിലൂന്നിയ വാര്‍ത്താധിഷ്ഠിത പരിപാടികളും, ഏറ്റവും പുതിയ ക്രൈസ്തവ വാര്‍ത്താ വിശേഷങ്ങളും ലോകത്താകമാനം നേരിട്ടെത്തിക്കുന്നതിനായി ഷെക്കെയ്‌ന ന്യൂസ് ചാനല്‍ നടത്തി വരുന്ന അക്ഷീണ പ്രയത്‌നങ്ങള്‍ ഈ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണ്. ഷെക്കെയ്‌ന മീഡിയ ടീമിനൊപ്പം ചേര്‍ന്ന് കര്‍ത്താവിനെ സ്തുതിക്കുവാനും ആത്മീയ വരദാനങ്ങള്‍ പ്രാപിക്കുവാനും, തുടര്‍ന്ന് ദൈവവേലയില്‍ ഏര്‍പ്പെട്ടുകൊണ്ട് യേശുവിനു സാക്ഷികളാകുവാനും ഏവരെയും, ഈ ത്രിദിന ശുശ്രൂഷയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്‌നേഹ ബഹുമാനപ്പെട്ട ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രാര്‍ത്ഥന ശുശ്രൂഷയും, തുടര്‍ന്നുള്ള പ്രത്യേക അനുഗ്രഹാശീര്‍വ്വാദവും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.

റിട്രീറ്റ് ബുക്കിങ്ങിനായും മറ്റു അന്വേഷണങ്ങള്‍ക്കായും താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുക 07908772956, 07872 628016

മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ

വിശ്വാസ സമൂഹത്തെ ‘ഉയർത്തെഴുന്നേൽപ്പിന്റെ ജനത’ എന്നാണ് വിളിക്കുന്നത്, ഒരു പുതിയ യുഗത്തിൻ്റെ പിറവിയുടെ ആഘോഷമാണ് ഈസ്റ്റർ. പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യസമൂഹത്തിന് പുത്തൻ പ്രതീക്ഷ പകരുന്ന അനുഭവമായിരുന്നു ഈസ്റ്റർ. ഉയർത്തെഴുന്നേൽപ്പിൻ്റെ സാക്ഷികൾ ആവാൻ അവർക്ക് എല്ലാവർക്കും സാധിച്ചു. ‘പോയി പറയുക’ ‘അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു’ എന്നീ വർത്തമാനങ്ങൾ ആയിരുന്നു അവർക്ക് ലഭിച്ചത്. താൻ പറഞ്ഞതുപോലെ അവൻ ഉയർത്തെഴുന്നേറ്റു. മരണത്തിൻമേലുള്ള ജീവന്റെ ആഘോഷമാണ് ഈ വാർത്തയിലൂടെ വെളിവാകുന്നത്. പുനരുത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ കാതലാണ്. ഏതു വൈഷമ്യങ്ങളെയും മറികടക്കുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനുമുള്ള പ്രത്യാശയാണത് മുന്നോട്ടുവക്കുന്നത്. മനം ഇടറാതെ യേശുവിൻറെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ച വിശ്വാസികൾ ഉയർത്തെഴുന്നേൽപ്പിൻ്റെ സന്തോഷത്തിൽ പങ്കുചേരുകയും ലോകത്തോടത് പ്രസ്‌താവിക്കുകയും ചെയ്‌തു എതിർപ്പുകളുടെ മധ്യത്തിലും ഈ സന്തോഷവാർത്ത അവരെ നിരുത്സാഹപ്പെടുത്തിയില്ല ജീവനിലേക്കുള്ള തിരിച്ചുവരവാണ് ഉയർപ്പ്.

മരിച്ചവർക്ക് പുനരുത്ഥാനമെന്നു ദൈവവചനം നമ്മെ ഓർമിപ്പിക്കുന്നു യേശുവിന്റെ പുനരുദ്ധാനം അതിനു മുന്നോടിയാണ് യേശുവിൻ്റെ ഉയർപ്പിന് സാക്ഷികളായ ശിഷ്യ സമൂഹം ആണ് തുടർന്നുള്ള സഭയുടെ വളർച്ചയ്ക്ക് കാരണഭൂതരായവർ മുറിവുകളും വേദനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈസ്റ്ററിൻ്റെ പ്രത്യാശ അവയെല്ലാം രൂപാന്തരപ്പെടുത്തുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് നമ്മെ ധൈര്യപ്പെടുത്തുന്ന കർത്താവാണ് നമ്മുടെ യാത്രയിലെ ആശയും പ്രത്യാശയും.

ഉയർത്തെഴുന്നേൽപ്പിൻ്റെ പ്രത്യാശ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രകാശം പകരട്ടെ എന്ന പ്രാർഥനയോടെ

മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ

 

യൗസേപ്പ് സ്രാമ്പിക്കൽ

പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണ് പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണ വിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകര ചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

മിശിഹായിൽ സ്നേഹപൂർവ്വം,

യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ

RECENT POSTS
Copyright © . All rights reserved