Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ഏപ്രിൽ 5 ന് നടത്തപ്പെടും. ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, ബൈബിൾ കൺവെൻഷൻ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി വിമൻസ് ഫോറം ചെയർമാനും, മിഷൻ പ്രീസ്റ്റുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ.ഷിനോജ് കളരിക്കൽ തുടങ്ങിയ വൈദികർ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.


2025 ഏപ്രിൽ 5 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.

വിശദ്ധ വാരത്തിലേക്കുള്ള യാത്രയിൽ, ആത്മീയ നവീകരണത്തിനും, വലിയ നോമ്പിന്റെ ചൈതന്യം വീണ്ടെടുക്കുന്നതിനും, അതോടൊപ്പം സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലും, ശുശ്രുഷകളിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258

April 5th Saturday 9:30 – 16:00 PM.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: യു കെ യിൽ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങൾക്കും അനുഗ്രഹവേദിയായ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മാർച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള ‘വരദാന അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിൻസൻഷ്യൽ സഭാ സമൂഹം, കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച്, വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

താമസിച്ചുള്ള വരദാന അഭിഷേക ധ്യാനത്തിൽ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടർമാരും, പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോൾ പള്ളിച്ചാൻകുടിയിൽ, അഭിഷിക്ത തിരുവചന പ്രഘോഷകനും, കൗൺസിലറുമായ ബ്രദർ ജെയിംസ് ചമ്പക്കുളം എന്നിവർ സംയുക്തമായിട്ടാവും നയിക്കുക.

“എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ, നിങ്ങൾ ശക്തി പ്രാപിക്കും” (അപ്പ.പ്രവർത്തനങ്ങൾ 1:8).

ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും, കൃപകളും, ദാനങ്ങളും ആർജ്ജിക്കുവാനും, ആത്മീയ നവീകരണ ചൈതന്യത്തിൽ, വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുവാനും ഈ ധ്യാനം അനുഗ്രഹദായകമാവും.

വരദാന അഭിഷേക റെസിഡൻഷ്യൽ ധ്യാനത്തിനു പങ്കു ചേരുന്നവർക്കായി മാർച്ച് 20 ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ താമസവും ഭക്ഷണവും സജ്ജീകരിക്കുന്നതും, വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കുന്നതുമാണ്. വ്യാഴാഴ്ച എത്തുന്നവർക്കു വൈകുന്നേരത്തെ സന്ധ്യാ ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കുന്നതുമാണ്.

വരദാന അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുകയും, ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു.

Contact : +447474787870,
Email:
[email protected], Website:
www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA

ബിനോയ് എം. ജെ.

എല്ലാവരും തന്നെ ഓട്ടത്തിലാണ്. ഈ കാലങ്ങളിൽ ഓട്ടത്തിന്റെ വേഗത കൂടുന്നുവോ എന്നും സംശയം തോന്നുന്നു. വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലങ്ങളിൽ കാൽനടയായി ഓടുവാൻ പറ്റില്ലല്ലോ. ആധുനികകാലങ്ങളിൽ വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഓട്ടം ഒരു സാർവ്വലൗകിക പ്രതിഭാസമായി മാറിയിരിക്കുന്നു. എല്ലാവരും തന്നെ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റും വാങ്ങിക്കുന്നത് കൂടുതൽ വേഗത്തിൽ ഓടുവാൻ വേണ്ടിയാണ്. മനുഷ്യന് ഇരിപ്പുറക്കുന്നില്ല. സ്ട്രസ് അവന്റെ ശരീരത്തിലും മനസ്സിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ സ്ട്രെസ് എവിടെ നിന്നും വരുന്നു? ഉള്ളിൽ നിന്നോ പുറത്ത് നിന്നോ? വാസ്തവത്തിൽ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘർഷത്തിൽ നിന്നുമാണ് സ്ട്രസ് രൂപം കൊള്ളുന്നത്. ഉള്ളിൽ വസിക്കുന്ന ആത്മാവ് ഒന്നു പറയുന്നു സമൂഹം മറ്റൊന്ന് പറയുന്നു. അതങ്ങനെയാകുവാനെ തരമുള്ളൂ. കാരണം ആധുനിക മനുഷ്യൻ സദാ ആത്മാവിനെ തള്ളിപ്പറയുന്നു. അങ്ങിനെയൊന്നില്ല എന്നാണല്ലോ ശാസ്ത്രകാരന്മാരുടെ വാദം. അതുകൊണ്ടുതന്നെ ആ സത്ത സ്വാഭാവികമായും അടിച്ചമർത്തപ്പെട്ടു പോകും. അടിച്ചമർത്തപ്പെടുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആത്മാവിന് ആവിഷ്കാരം നഷ്ടപ്പെട്ടു പോകുന്നു. ഇത് മൂലം ജീവിതം അർത്ഥ ശൂന്യമായി മാറുന്നു. അവൻ സമൂഹത്തിന്റെ പുറകെ ഓടുവാൻ ശ്രമിച്ചാലും അത് അർത്ഥശൂന്യമാകുവാനെ വഴിയുള്ളൂ. അതങ്ങനെ ഒരു ദൈനംദിന പ്രതിഭാസമായി മാറുന്നു.

ആധുനിക മനുഷ്യൻ സമൂഹത്തിന്റെ പിറകെ വളരെയധികം ഓടുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ സമൂഹത്തിൽ മനുഷ്യജീവിതം വ്യർത്ഥമാണ്. അതുകണ്ടല്ലേ അവന് ഒരിടത്തും സംതൃപ്തി കണ്ടെത്തുവാൻ ആകാത്തത്. അവന്റെ താമസസ്ഥലവും ജോലിസ്ഥലവും സദാ മാറിക്കൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ഈ മാറ്റത്തിന്റെ മന:ശ്ശാസ്ത്രം എന്താണ്? അസംതൃപ്തി! ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച. എവിടെയോ പിഴവ്പറ്റിയിരിക്കുന്നു. എന്നാൽ എവിടെയാണ് പിഴവ് വന്നത്? ആർക്കും അറിഞ്ഞുകൂടാ. ജീവിതം വ്യർത്ഥമാണെന്ന് ഒടുവിൽ അവൻ സമ്മതിക്കും. എന്നാൽ നാം കരുതുന്ന മാതിരി ജീവിതം വ്യർത്ഥവും അല്ല. ജീവിതം വ്യർത്ഥമാണെങ്കിൽ എന്തിനുവേണ്ടിയാണ് ഇതെല്ലാം? ബാഹ്യ ജീവിതമാണ് വ്യർത്ഥമായി നമുക്ക് അനുഭവപ്പെടുന്നത്. ആന്തരിക ജീവിതത്തിലേക്ക് തിരിയൂ ജീവിതം അപ്പാടെ മാറിക്കൊള്ളും. ഒരിക്കൽ ആത്മസത്തയെ കണ്ടെത്തിയാൽ പിന്നെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല. അപ്പോൾ നിങ്ങൾക്ക് എവിടെയും പോകാം; എന്തും ചെയ്യാം. എല്ലാ ക്ലേശങ്ങളും അവിടെ തിരോഭവിക്കുന്നു. മനോസമ്മർദ്ദം എന്നൊന്ന് ഉണ്ടാവുകയില്ല.

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുവിൻ. ഒറ്റയ്ക്കായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുവാൻ. അപ്പോൾ അറിയാതെ, അറിയാതെ നിങ്ങൾ നിങ്ങളുടെ ആത്മസത്തയിലേക്ക് നടന്ന ടുക്കുകയാണ്. അനന്തമായ ഏകാന്തത! സകലദിനെയും മറക്കുവിൻ. ബന്ധുമിത്രാദികളെ മറക്കുവിൻ. അതിനപ്പുറത്തുള്ള വലിയ സമൂഹത്തെയും മറക്കുവിൻ. അപ്പോൾ ഈ സാമൂഹികജീവിതം തുച്ഛമായി നിങ്ങൾക്കനുഭവപ്പെടും. എല്ലാറ്റിനേയും വലിച്ചെറിയുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നിങ്ങൾ കണ്ടു തുടങ്ങും. ഉള്ളിൽ ഉണരുന്ന ഈശ്വരന്റെ അനന്തപ്രഭയിൽ കപട ലോകത്തിന് പിടിച്ചുനിൽക്കുവാൻ ആവില്ല. അപ്പോൾ ലോകം മുഴുവൻ നിങ്ങളുടെ മുമ്പിൽ കൈകൂപ്പും. അപ്പോൾ മാത്രമാണ് നിങ്ങളുടെ ജീവിതം അർത്ഥവ്യത്താകുന്നത്. അപ്പോഴാണ് നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അപ്പോൾ നിങ്ങളെ ബാധിക്കുവാനോ പ്രലോഭിപ്പിക്കുവാനോ ഉള്ള സാമർത്ഥ്യം ബാഹ്യലോകത്തിനില്ലെന്ന് നിങ്ങൾ അറിയുന്നു. നിങ്ങൾ എല്ലാ ബന്ധനങ്ങളെയും അറുത്തുമാറ്റി കളഞ്ഞിരിക്കുന്നു!

ഇവിടെ സ്വാഭാവികമായും ഒരു പ്രശ്നം ഉയരുന്നു. കർമ്മത്തിന് അല്ലെങ്കിൽ സാമൂഹ്യ ജീവിതത്തിന് ഒരു വിലയും ഇല്ലേ? സമൂഹം ഒരു ചീത്ത യജമാനന്നാണെന്ന് മാത്രമേ ഇവിടെ വിവക്ഷയുള്ളൂ. മറിച്ച് നിങ്ങൾ സമൂഹത്തിന്റെ യജമാനൻ ആകണം. നിങ്ങൾ സമൂഹത്തിന്റെ അടിമയല്ല. മറിച്ച് സമൂഹം നിങ്ങളുടെ അടിമയാണ്. സമൂഹം നിങ്ങളുടെ ഭാഗമാണ്. നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല. സമൂഹം വളരെ വലുതാണെന്നും നിങ്ങൾ വളരെ ചെറുതാണെന്നും പ്രാഥമിക വിശകലനത്തിൽ തോന്നിയേക്കാം. ഇതൊരു മിത്ഥ്യാഭ്രമം മാത്രം. ഈ മിഥ്യാ ഭ്രമം മനുഷ്യ ജീവിതത്തെ കദനത്തിലാഴ്ത്തുന്നു. താൻ ചെറുതാണെന്നുള്ള അപകർഷത ഇതിനോടൊപ്പം വന്നുചേരുന്നു. ഈ തെറ്റായ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ സാമൂഹിക ജീവിതം ഓടുന്നത്. ഇത് സത്യവിരുദ്ധമാണെന്ന് അറിഞ്ഞുകൊള്ളുവിൻ. വാസ്തവത്തിൽ സമൂഹം എന്ന ഒരു സത്ത അവിടെയുണ്ടോ? അത് കുറെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രം. സത്യത്തിൽ ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം മായയാണ്. വ്യക്തിയാകട്ടെ ഈശ്വരൻ തന്നെ. ഈശ്വരന്റെ അവതാരമായ വ്യക്തികൾ മായയുടെ അടിമകളാവുകയും അതിന്റെ താളത്തിന് തുള്ളുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ദുരന്തം തന്നെ സംഭവിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സത്തയാണ് നിങ്ങൾ എന്ന് അറിഞ്ഞു കൊള്ളുക. നിങ്ങൾ തീർച്ചയായും പ്രപഞ്ചത്തെക്കാൾ ഉപരിയും ശ്രേഷ്ഠനുമാണ്. ഈ സത്യം നിങ്ങൾക്ക് ബോധ്യമാവണമെങ്കിൽ നിങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളെ തന്നെ അറിയേണ്ടിയിരിക്കുന്നു. അത്തരം ഒരു അറിവിലേക്ക് നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ സമൂഹത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം അതിന്റെ പിറകെ വന്നുകൊള്ളും. കാരണം നിങ്ങൾ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും കാരണമാണ്. കാരണമാണ് വിജ്ഞാനം. അത് കിട്ടിക്കഴിഞ്ഞാൽ സമസ്തവും അറിഞ്ഞു കഴിഞ്ഞു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ഫാ. ഹാപ്പി ജേക്കബ്ബ്

ഔദാര്യം – ആവശ്യം ഉള്ളിടത്ത് സ്വീകാര്യവും സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അസ്വീകാരവും പിന്നെ അതിലേറെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതുമാണ്. ദയയുടെ ഭാഗമായി ചിന്തിക്കുമ്പോൾ അർത്ഥം കൂടുതൽ മനസ്സിലാകും എന്നാൽ കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും അതിന് പുറകെ പോകുകയും ദയയിൽ നിന്ന് മാറ്റി അല്പം അഹംഭാവം ചേരുമ്പോൾ ചെയ്തതിന് അർത്ഥമില്ലാതെ പോകുകയും ചെയ്യും. ഇത് ഇന്നത്തെ പ്രസക്തമായ ചിന്താ ഭാഗമാണ്. എന്നാൽ നാലു വ്യക്തികളുടെ കരുണയിലും സ്നേഹത്തിലും വിശ്വാസത്തിലും തികഞ്ഞ ഔദാര്യം ഒരു മനുഷ്യനെ എങ്ങനെ രൂപാന്തരപ്പെടുത്തി എന്നാണ് ഈ വലിയ നോമ്പിന്റെ മൂന്നാം ആഴ്ച നാം ചിന്തിക്കുന്നത്. വി. മർക്കോസ് 2 : 1 – 12 വിശ്വാസം നാം എല്ലാവരും പുലർത്തുന്ന സ്വഭാവമാണ്. ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യരിൽ വിശ്വസിക്കുക, തന്നെ തന്നെ വിശ്വസിക്കുക എന്തിലേറെ നാം യാത്ര ചെയ്യുന്ന വാഹനം അത് നിയന്ത്രിക്കുന്ന ഡ്രൈവർ ഇങ്ങനെ അനുദിന ജീവിതത്തിൽ വിശ്വസിക്കേണ്ട സാധ്യതകൾ അനവധിയാണ്. ഈ വേദഭാഗത്ത് വിശ്വാസം മാത്രമല്ല അതിനോട് ചേർന്നുള്ള പ്രവർത്തനം കൂടിയായപ്പോൾ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ഏവർക്കും വിശ്വാസ പൂർത്തീകരണത്തിന് പ്രചോദനം ആവുകയും ചെയ്തു.

കർത്താവ് ആ നഗരത്തിൽ എത്തിയപ്പോൾ ധാരാളം ജനങ്ങൾ അവന്റെ പിന്നാലെ വന്ന് അവൻറെ വചനം കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നാല് പേർ ഒരുവനെ ചുമന്ന് വരുന്നത് ലക്ഷ്യം സൗഖ്യം നേടണം. പ്രതിബന്ധങ്ങളോ അനവധി. ജനക്കൂട്ടം, വീട്, മേൽക്കൂര ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. എന്നാൽ അവർ ദൃഢനിശ്ചയത്തോടെ മേൽക്കൂര പൊളിച്ച് കട്ടിലോടു കൂടി അവനെ കത്തൃസന്നിധിയിൽ എത്തിക്കുന്നു. സൗഖ്യത്തിനും അത്ഭുതത്തിനും നമ്മെ സഹായിക്കുന്ന ചില ചിന്തകൾ . ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.

1 . അപേക്ഷയും പ്രാർത്ഥനയും വിശ്വാസത്തോടുകൂടി ആയിരിക്കണം

നാം വസിക്കുന്ന ഇടങ്ങളിലും കാണും ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ. നിത്യവൃത്തിക്ക് സാധ്യതയില്ല, ജോലിയോ ഉത്തരവാദിത്വമോ നിവർത്തിക്കുവാൻ കഴിയാത്തവർ, വേദനയിലും രോഗത്തിലും കഴിയുന്നവർ. അവരെ ആശ്വസിപ്പിക്കുവാനും, ആഹാരം നൽകുവാനും ചിലപ്പോൾ നമുക്ക് കുറച്ചുനാൾ കഴിഞ്ഞു എന്ന് വന്നേക്കാം. എന്നാൽ ഈ നാല് പേർ ചിന്തിക്കുന്നത് എന്ത് കഷ്ടം സഹിച്ചാലും നിത്യമായ സൗഖ്യം അവന് നേടിക്കൊടുക്കണം. ഞാൻ പ്രാർത്ഥിക്കാം ഞാൻ ചെയ്യാം എന്നീ വാഗ്ദാനങ്ങൾ അല്ല അപ്രകാരം അവർ പ്രവർത്തിച്ചു. അവരുടെ വിശ്വാസം കണ്ട്, അവരുടെ പ്രവർത്തനം കണ്ട് അവരുടെ നിശ്ചയം കണ്ട് കർത്താവ് അവന് സൗഖ്യം നൽകി.

2 . ശാരീരിക സൗഖ്യവും ആന്തരിക സൗഖ്യവും പ്രാർത്ഥനയുടെ ഫലം

ആ സംസാരം ഒന്ന് ശ്രദ്ധിക്കുക. തളർന്ന് കിടക്കുന്നവനെ കണ്ടിട്ട് കർത്താവ് പറയുകയാണ് മകനേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന്. കൊണ്ട് വന്നവർ അവൻറെ ശരീര ബുദ്ധിമുട്ടാണ് കണ്ടതെങ്കിൽ സൗഖ്യ ദാതാവ് അവൻറെ ആത്മാവിൻറെ കളങ്കങ്ങളും മാറ്റി കൊടുക്കുന്നു. നോമ്പിന്റെ ദിവസങ്ങൾ ഭക്ഷണം ത്യജിക്കുക മാത്രമല്ല പാപങ്ങൾ മോചിക്കപ്പെടുക എന്ന് കൂടി വ്യാപ്തിയോടെ നാം ഉൾക്കൊള്ളുക. ഈ അനുഭവം ആണ് നാം പ്രാർത്ഥിക്കുമ്പോൾ അനേകർ പ്രാർത്ഥിക്കുമ്പോൾ നാം പോലും അറിയാതെ രോഗങ്ങൾ നമ്മിൽ നിന്ന് അകന്ന് പോകുന്നത്. പാപമോചനം ദൈവത്തിൻറെ ഔദാര്യമാണ്. അതുകൊണ്ടാണ് അവന്റെ കൃപയാണ് ജീവിത നിലനിൽപിന് കാരണമെന്ന് ശ്ലീഹന്മാർ പഠിപ്പിച്ചത്. മറ്റുള്ളവരുടെ കടങ്ങൾ പൊറുത്തത് പോലെ എന്റെ കടങ്ങളേയും പൊറുക്കണമെന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. എഴുന്നേൽക്കുക നടക്കുക എന്നുള്ളത് ശരീര സൗഖ്യവും, പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നത് പാപമോചനം ആയി നാം മനസ്സിലാക്കുക.

3 . പാപമോചനം ദൈവത്തിലൂടെ മാത്രം.

കർത്താവ് അരുളിചെയ്തു. നീ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക. ഈ മനുഷ്യൻ എന്തിനെ ആശ്രയിച്ചാണോ അവിടേക്ക് വന്നത് അതിനെ നിസ്സാരമായി അവൻ എടുത്തു കൊണ്ട് പോകുന്നു. ദൈവത്തിങ്കലേക്ക് വരുവാൻ പല മാർഗങ്ങൾ നാം അവലംബിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മാർഗങ്ങൾക്ക് ദൈവ പ്രാധാന്യം നാം കൊടുക്കും. യഥാർത്ഥ ലക്ഷ്യം മറക്കുകയും ചെയ്യും. ഈ ഒറ്റ സംഭവത്തിൽ പാപം മോചിക്കുവാൻ തനിക്ക് അധികാരം ഉണ്ടെന്ന് ജനത്തിന് കാട്ടി കൊടുക്കുകയും ചെയ്തു.

അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ നിങ്ങൾ എന്റെ അടുത്ത് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (വി. മത്തായി 11: 18 – 20) എന്ന ആഹ്വാനം ചെവി കൊള്ളുക. നമ്മുടെ ശാരീരിക ആന്തരിക ബലഹീനത മാത്രമല്ല നമ്മുടെ വിശ്വാസ പ്രവർത്തനം മൂലം അനേകർക്ക് സൗഖ്യം നേടുവാനും സാധാരണ ജീവിതത്തിലേയ്ക്ക് വരുവാനും അങ്ങനെ ദൈവപ്രീതി ഉള്ളവരായി തീരുവാനും നമുക്ക് കഴിയട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ കെന്റ് അയപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല വളരെ വിപുലമായ രീതിയിൽ ആചരിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ പൊങ്കാല ഇട്ടു. ചടങ്ങുകൾക്ക് പൂജാരി വിഷ്ണു രവി കാർമികത്വം വഹിച്ചു.

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച് 23 – ന് 3.30 മണിക്ക് ഭൗതീകദേഹം അടക്കം ചെയ്ത പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലി യിലും അനുസ്മരണ പ്രാർത്ഥനകളിലും പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ഷെണിച്ചുകൊള്ളുന്നു.

പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്ത പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്.

Fr. Johson Kattiparampil CMI – 0740144110
Fr. George CMI – 07748561391

പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു. ഈ വരുന്ന മാർച്ച് 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തോണ്ടാൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം ദേവി ഉപാസന, മഹിഷാസുര മർഥിനി സ്‌തോത്രാലാപനം , നാമജപം , ദീപാരാധന ,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നു സംഘാടകർ അറിയിച്ചു .

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വി.സി ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്.


ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആവും ബെഡ്ഫോർഡിൽ ക്രമീകരിക്കുക.

മാർച്ച് പതിനഞ്ചിനു ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 16:00 വരെയും, പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിൽ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

March 15th Saturday: 10:00 AM – 16:00 PM – Our Lady of Catholic Church,Opp. Sainsbury’s Kempton. MK42 8QB

March 16th Sunday: 15:00 PM – 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP

ഫാ. ഹാപ്പി ജേക്കബ്ബ്

ദൈവസാന്നിധ്യം അനന്തമായ സാധ്യതകൾ നൽകുന്ന വിരുന്നാണ് ; നോമ്പോ അതിലേക്കുള്ള മാർഗ്ഗവും. ഈ വസ്തുത വളരെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള വരുമാണ് നാം ഓരോരുത്തരും. അവിശ്വസിക്കുന്ന തരത്തിലുള്ള വാർത്തകളാണല്ലോ ഓരോ പ്രഭാതവും നൽകിക്കൊണ്ടിരിക്കുന്നത് . എന്തായിരിക്കാം കാരണം. മാനസിക വിഭ്രാന്തിയായോ, ലഹരി ഉപയോഗമായോ എന്ന് ഒക്കെ വർണ്ണിച്ച് നമ്മെ തന്നെ ഉന്നത ബോധ അവസ്ഥയിൽ എത്തിച്ച് നിർവൃതിയായി അടുത്ത സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് നാം. എന്നാൽ നാമും നമ്മുടെ സംസ്കാരവും നമ്മുടെ നാടും ഇങ്ങനെ ആയിരുന്നില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ. പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക, ഉത്തരം ബോധ്യമായാൽ പാലിക്കുക.

ഒരു പട്ടണത്തിലൂടെ കടന്നുപോകുന്ന കത്തൃസന്നിധിയിൽ ശരീരം ആസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ “കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് പറഞ്ഞു. കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം വന്നു. ലൂക്കോസ് 5 :12 – 13.

1 . സ്വയത്തെ മനസ്സിലാക്കാത്ത ജനത.

നമ്മുടെ ദൃഷ്ടി പലപ്പോഴും കാഴ്ച മാത്രമല്ല കാണരുതാത്തവയും നൽകുന്നതാണ്. എന്നാൽ വേണ്ടുന്നതും വേണ്ടാത്തതും വേർതിരിപ്പാനും കാണേണ്ടത് കാണുവാനും ദൈവം നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ട്. എന്നാൽ പാപബോധം പോലും വരാതെ അധമ ചിന്തകളും പ്രവർത്തികളും നമ്മെ ഭരിച്ചിട്ടും തിരിച്ചറിയുവാൻ പോലും കഴിയാതെ വരുന്നതല്ലേ ഇന്നിന്റെ ശാപം. അന്ധകാരം മൂടപ്പെട്ടു എന്നിട്ടും പ്രകാശത്തെ അന്വേഷിക്കുന്നില്ല. മണ്ണ് കൊണ്ടാണ് ശരീരം മെനഞ്ഞതെങ്കിലും ആത്മാവ് ദൈവത്തിൻറെ വകയാണ് എന്ന് തിരിച്ചറിയാത്ത തലമുറ. ഇവൻ ശരീരം മുഴുവൻ കുഷ്ഠം നിറഞ്ഞിട്ടും, സമൂഹം ആട്ടിയോടിച്ചിട്ടും, സാമൂഹിക ജീവിതം നിഷേധിച്ചിട്ടും, കുടുംബം ഒഴിവാക്കിയിട്ടും അവൻ നിലനിന്നു. ജീവിതം അവസാനിപ്പിക്കുവാൻ അവന് തോന്നിയില്ല. കാരണം അവൻറെ അന്തരംഗം പ്രകാശമുള്ളതായിരുന്നു. പ്രതീക്ഷയുടെ തിരുനാളം അവനുണ്ടായിരുന്നു. ഇരുട്ടി വെളുക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്ന് അവന് ബോധമായിരുന്നു. അവന് ആത്മാവിനെ നൽകിയവൻ അവന് കൃപ നൽകും എന്ന് അവന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് എന്തേ നമുക്ക് ഇല്ലാതെ പോകുന്നു.

2 . ദൈവശക്തിയെ തിരിച്ചറിയാത്ത ജനത.

പാപത്തെയും, രോഗത്തെയും, ശാപത്തെയും വിട്ട് സമാധാനം ആഗ്രഹിക്കുന്ന സമയം ആണല്ലോ നോമ്പിൻറെ കാലം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നമ്മുടെ കർത്താവ് അവരോട് പറയുകയാണ് എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക. വാക്ക് മാത്രമല്ല കൈ നീട്ടി അവനെ തൊട്ടു. അവൻ സൗഖ്യമായി. പാപവും ഭാരവും വിട്ടൊഴിയുവാൻ എൻറെ അടുക്കലേക്ക് വരുവാൻ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. ഈ വിളി എന്തേ നമ്മുടെ തലമുറ കേൾക്കുന്നില്ല? എല്ലാം തികഞ്ഞു എന്ന് നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ ജീവിത രീതികളും ആശ്രയത്വവും നമ്മെ എവിടെ കൊണ്ടെത്തിച്ചു . ഒരുവന്റെ മുഖം ഓർത്തിരിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? എന്തിനേറെ ഒരു ഫോൺ നമ്പർ ഓർത്തെടുക്കുവാനുള്ള ശേഷി നമുക്കുണ്ടോ. നാം ‘എന്ന് നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്താതെ ആധുനികതയുടെ അനുഭവങ്ങളെ ആശ്രയിച്ചു അന്ന് നഷ്ടമായി തുടങ്ങി നമ്മുടെ കഴിവുകളെ നമ്മൾ ആശ്രയിക്കുന്ന പലതും ഇന്ന് നമ്മെ അടിമകളാക്കി കളഞ്ഞു. ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എൻറെ പ്രശ്നങ്ങൾ എന്റേത് മാത്രമല്ല. ഞാൻ തിരിഞ്ഞ് എൻറെ ദൈവ മുമ്പാകെ വരുമ്പോൾ അവൻ എന്റെ ഭാരങ്ങളെ നീക്കും, രോഗങ്ങളെ അകറ്റും, അവന്റെ കൈയിൽ എന്നെ വഹിക്കും.

3 . കാര്യസാധനം മാത്രം ലക്ഷ്യമാക്കുന്ന ജനത.

ജീവിതം ഒരു യാത്രയാണ്. ഒത്തിരി ആളുകളും, ജയങ്ങളും തോൽവിയും രാജ്യങ്ങളും, ദേശങ്ങളും ഒക്കെ നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മെ രൂപപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ ഇവയിൽ ഏതിലെങ്കിലും ആത്മാർത്ഥത നമുക്കുണ്ടോ. ഒന്ന് തിരിഞ്ഞ് നോക്കുവാനോ, കൂട്ടത്തിൽ അവശരായവരെ കൈപിടിച്ച് കൂടെ നടത്തുവാനോ നമുക്ക് സാധ്യമാകുന്നുവോ? സൗഖ്യം പ്രാപിച്ചവൻ തനിക്ക് സൗഖ്യം നൽകിയവനെ സ്തുതിക്കുന്ന ഭാഗം നാം ശ്രദ്ധിക്കുക . ഇതൊരു പ്രാർത്ഥനയാണ് സമർപ്പണം ആണ്. ആവശ്യം വരുമ്പോൾ മാത്രമല്ല എന്നും സ്തോത്രം അർപ്പിക്കാനും സമർപ്പിതമായ ജീവിതം നയിക്കുവാനും നമുക്ക് സാധ്യമാവണം. ആത്മാർത്ഥത നിറഞ്ഞ സമീപനം ജീവിതത്തോട് കാണിക്കുവാൻ ശീലിക്കണം. ചെറിയ സന്തോഷവും ചെറിയ സങ്കടവും ജീവിതഭാഗമെന്ന് നാം തിരിച്ചറിയണം. എന്ത് വന്നാലും എന്നും കൂടെയുള്ളവനെ തിരിച്ചറിയാതെ എങ്ങനെ മുന്നോട്ട് പോകും. നൈമിഷിക സന്തോഷം തരുന്നത് വിട്ടുപോകും എന്ന് തിരിച്ചറിയുക.

ഓരോ നാളും സന്തോഷം മാത്രമല്ല എന്നും ഏത് പ്രയാസങ്ങൾക്കൊടുവിലും പ്രത്യാശയുടെ നാളുകൾ നമുക്കുണ്ട് എന്നും ആ പ്രത്യാശ കെട്ടുപോകാത്ത അനുഭവം നൽകുന്ന ദൈവസാന്നിധ്യം ആണെന്നും മനസ്സിലാക്കുക.

” എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക”

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: പതിനെട്ടാമത്‌ ലണ്ടൻ ആറ്റുകാൽ പൊങ്കാല, മാർച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് അർപ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .

മാർച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാൽ, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്‌ഠ വ്യക്തികളും പൊങ്കാലയിൽ പങ്കു ചേരുന്നതാണ്.

ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റവർക്ക് നേതൃത്വം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433

 

RECENT POSTS
Copyright © . All rights reserved