ഫാ. ഹാപ്പി ജേക്കബ്
വി. ലൂക്കോസ് 24: 5 നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഗോഗുൽത്തായിൽ നിന്നും ശവക്കല്ലറയിലേക്കും ഇന്ന് ആ അവസ്ഥയിൽ നിന്ന് മഹത്വത്തിലേക്കും അവൻ കടന്നിരിക്കുന്നു. കർത്താവ് എഴുന്നേറ്റിരിക്കുന്നു . നിശ്ചയമായും അവൻ ഉയിർത്തെഴുന്നേറ്റു . ഇതാകട്ടെ നമ്മുടെ ചിന്തയും സംസാരവും . ഇപ്പോൾ മരിച്ചവനായല്ല ; ജീവനുള്ളവനായിട്ടത്രേ അവൻ നമുക്കുള്ളത്. ഇത് അത്ഭുതമാണ്, മഹത്വമാണ്, ഉൾക്കൊള്ളുവാൻ പ്രയാസവുമാണ്. മരണം അന്ത്യമല്ല എന്ന് നമ്മുടെ കർത്താവ് നമുക്ക് കാണിച്ചു തന്നു .
സുഗന്ധം പൂശുവാൻ കല്ലറയ്ക്ക് പോയവർ കല്ല് മാറ്റപ്പെട്ടതും അവൻ അവിടെ ഇല്ല എന്നും വ്യക്തമാക്കുന്നു. ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന് ഇക്കാലത്ത് തന്നെ പഠിപ്പിച്ചു.
ഇന്നും നാം അവനെ കല്ലറയിൽ മരിച്ചവരുടെ ഇടയിൽ ആണ് എന്ന് കരുതുന്നവരാണ്. എന്നാൽ ജീവനുള്ളവനായി ജീവൻ നൽകുന്നവനായി അവൻ കൂടെ ഉണ്ട് . അവൻ പുനരുത്ഥാനം ചെയ്തതുപോലെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് മോചനം നൽകി , ജീവൻ അല്ല നിത്യ ജീവൻ നൽകി നമ്മെ അനുഗ്രഹിച്ചു.
ഈ ദാനം പ്രകാശം, സത്യം , നീതി, ജീവൻ , സമാധാനം, സ്നേഹം ഇവയെല്ലാം പകർന്നു നൽകുന്ന ദിനം ആണ് . ഈ ഗുണങ്ങൾ എല്ലാം ദൈവത്തിൻറെ പര്യായങ്ങൾ ആണ് . ഇവയെല്ലാം ദൈവത്തിന് മാത്രം അവകാശപ്പെട്ടതുമാണ്. ഉയിർപ്പ് മൂലം നമ്മെയും ഇതിനെ അവകാശപ്പെടുത്തി. ഉയിർപ്പിന്റെ സന്ദേശമായിരിക്കണം നമ്മുടെ ജീവിതം . സകല തിന്മകളെയും അതിജീവിച്ച് ക്രൈസ്തവ ദർശനങ്ങൾ പകരുവാൻ ഉയിർപ്പെട്ടവനായ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു.
ഉയിർപ്പ് സത്യവും രൂപാന്തരവുമാണ് എന്ന് നാം ലോകത്തിന് കാട്ടിക്കൊടുക്കണം .എന്ത് കൊണ്ട് ഇന്ന് ഇക്കാലത്തും ഈ ചിന്ത ആവശ്യമായിരിക്കുന്നു. ഒന്നുകിൽ നമ്മിൽ പലരും ഈ സത്യം അറിഞ്ഞ് കാണില്ല . അല്ലെങ്കിൽ നമ്മിൽ പലരും ഇത് വിശ്വസിച്ചിട്ടില്ല. ഇതുവരേയും കർത്താവിൻറെ ഉയിർപ്പ് കാലങ്ങളെ വിഭാഗിച്ചു. ചിതറിപ്പോയവരെ കൂട്ടി വരുത്തി. ജീവിതാന്ധകാരത്തെ നീക്കി. ജാതികളും , ജനതകളും , പ്രകൃതിയും ഇത് ഉൾക്കൊണ്ടു . എങ്കിലും അവനെ പിൻപറ്റുന്നവർ എന്ന് അവകാശപ്പെടുന്ന നാം ഇന്നും അവനെ അന്വേഷിക്കുന്നത് മരിച്ചവനായി കല്ലറയിൽ ഉള്ളവനായിട്ടാണ്.
കല്ലറയിൽ ശൂന്യത അനേക ഹൃദയങ്ങളിലെ നിറമായി തീർന്നു. ഉയിർപ്പിലൂടെ സർവ്വവ്യാപി ആയി . എല്ലാറ്റിനേയും എല്ലാവരെയും അവൻ പുതുക്കി. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത്. ഗലാസുർ 2 : 20. ഈ ഉയിർപ്പ് പെരുന്നാൾ നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. ഉയിർക്കപ്പെട്ട് ക്രിസ്തു നമ്മിലൂടെ ജീവിച്ച് ലോകത്തിന് പുതു ജീവനും, സ്നേഹവും , ചൈതന്യവും നൽകണം. കഴിഞ്ഞ നാളിൽ നമ്മെ ഒരുക്കിയ നോമ്പും ഉപവാസവും ധ്യാനവും ഒക്കെ അതിന് വേണ്ട ശക്തി നമുക്ക് നൽകും .
ഏവർക്കും പുതുജീവൻറെ നിത്യ സമാധാനത്തിന്റെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ .
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
ലോകമെമ്പാടും ജനങ്ങള്‍ പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഉക്രൈനിലെ യുദ്ധത്തെ അപലപിച്ച മാര്‍പ്പാപ്പ യുദ്ധത്തിന്റെ ഇരുട്ടില്‍ കഴിയുന്ന ഉക്രൈന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രതിസന്ധിയുടെ ഈ നാളുകളില്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിയിച്ചു. ഉക്രൈനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യമാധ്യമത്തിലൂടെ ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു.
ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഷിബു മാത്യൂ
ആഗോള ക്രൈസ്തവര്‍ പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഇന്നലെ വരെയുള്ള വാര്‍ത്തകളിലേയ്ക്ക് ഒന്നു തിരിഞ്ഞ് നോക്കുക. സൗഹൃദം നഷ്‌പ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് എല്ലാ ദിവസവും പുറത്തു വരുന്നത്.
ചാനലുകളില്‍ നിന്നും ദിനപത്രങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലാ വാര്‍ത്തയും എല്ലാവരും സമയാസമയങ്ങളില്‍ അറിയുന്നുള്ളതുകൊണ്ട് വാര്‍ത്തയേതെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. ഒരു ചിന്താവിഷയമായി അവതരിപ്പിച്ചു എന്നു മാത്രം.
സൗഹൃദം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് എല്ലാ മനുഷ്യരും ജിവിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് ഭൂമിയില്‍ വീഴുന്ന രക്തക്കറകള്‍. ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ ഈ രക്തകറകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. പ്രായമായവരില്‍ നിന്ന് പുതു തലമുറയിലേയ്ക്ക് വരുമ്പോള്‍ സൗഹൃദത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. സൗഹൃദമുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൗഹൃദക്കുറവ് എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ഉയര്‍ന്നു വന്ന വിശുദ്ധ കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം സൗഹൃദമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്. സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന യേശുക്രിസ്തുവിന്റെ പേരില്‍, തന്റെ അനുയായികളുടെ സൗഹൃദമില്ലായ്മ ഈസ്റ്റര്‍ ദിനത്തില്‍ ഒരു വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മതത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും സൗഹൃദമില്ലായ്മ തളം കെട്ടി നില്‍പ്പുണ്ട്. അതിന്റെ പ്രതിഫലനമാണ് ദിവസവും പകരത്തിന് പകരം എന്ന കണ്ടീഷനോട് കൂടിയുള്ള കൊലപാതകങ്ങളും രക്തച്ചൊരിച്ചിലും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രത്യേകിച്ച് ഓശാന ഞായറില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓശാന ഞായറിന്റെ ആശംസകളറിയ്ക്കാന്‍ മലയാളികളായ ക്രിസ്ത്യാനികള്‍ തെരെഞ്ഞെടുത്ത സൗഹൃദത്തിന്റെ ഒരു നേര്‍ച്ചിത്രം തനിമ ഒട്ടും നഷ്ടപ്പെടാതെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നു. നിഷ്‌കളങ്കമായ രണ്ട് അമ്മച്ചിമാരുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ ചിത്രം. ഈ ചിത്രമെടുത്തത്ത് അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും അതിരംമ്പുഴക്കാരനുമായ നിതിന്‍ പുന്നായ്ക്കപള്ളിയാണ്.
ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധമായ അതിരമ്പുഴ ഫൊറോനാ പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ കഴിഞ്ഞ് കുരുത്തോലയമായി പുറത്തുവരുന്ന അമ്മച്ചിമാരുടെ സൗഹൃതമാണ് ജിതിന്റെ ക്യാമറയുടെ മുമ്പില്‍ വന്ന് പെട്ടത്. സമാനതകളില്ലാത്ത സൗഹൃദത്തിന്റെ ചിത്രം അന്ന് വലിയ വാര്‍ത്തയായിരുന്നു. അതിലൊരമ്മച്ചി ഇഹലോകവാസം വെടിഞ്ഞു എന്നത് ഖേദത്തോടെ അറിയ്ക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ഓശാന ഞായറില്‍ മറ്റൊരു സൗഹൃദത്തിന്റെ ചിത്രം നിതിന്റെ ക്യാമറയ്ക്ക് മുമ്പില്‍ വന്നു പെട്ടു. സിസ്റ്റര്‍ തിയോഫിനാമ്മ ചുക്കനാനിക്കലും, സിസ്റ്റര്‍ ആന്‍സിലമ്മ വടക്കേടവും.
SABS സഭാംഗമായ ഇവര്‍ അതിരമ്പുഴയിലെ സെന്റ് ജോസഫ് അഡോറേഷന്‍ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.
ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിജയമില്ലെങ്കിലും സൗഹൃദം ദൃഡമാണ്.
ഓശാന ഞായറിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് ദേവാലയത്തിന്ന് പുറത്തേയ്ക്കിറങ്ങുകയായിരുന്നു ഇരുവരും. ചിത്രങ്ങളെടുത്തത് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് നിതില്‍ പറയുന്നു. മനസ്സിന്റെ നിഷ്‌കളങ്കതയാണ് ഈ പ്രായത്തിലും അവരുടെ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ദേവാലയ ശുശ്രൂഷകള്‍ പുനരാരംഭിച്ചതിന്റെ സന്തോഷം പരസ്പരം പറഞ്ഞറിയ്ക്കുകയായിരുന്നു നിതിന്റെ ഫ്രെയിമില്‍ ഇവരെത്തുമ്പോള്‍. കുരുത്തോലകളുമേന്തി മഠത്തിലേയ്ക്ക് നടന്ന് നീങ്ങിയ സിസ്റ്റേഴ്‌സിന്റെയടുത്തു പോയി വിശേഷങ്ങള്‍ തിരക്കാനും നിതിന്‍ മറന്നില്ല.
പോപ്പുലര്‍ മാരുതി സുസൂക്കിയില്‍ റീജണല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നിതിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം ചെറുപ്പം മുതലേയുണ്ടായിരുന്നു. നിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും സൗഹൃദത്തിന്റെ കഥ പറയുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിലാണ് സൗഹൃദം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതായി കാണപ്പെടുന്നത്. നീണ്ടു നില്‍ക്കുന്ന സൗഹൃദം രൂപപ്പെടുന്നതും അപ്പോഴാണ്.
ജിതിന്‍ പുന്നായ്ക്കപളളി ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
റോസ ഷിബു
ദു:ഖ ശനിയാഴ്ചയായ ഇന്ന്
രാവിലെ 11:00 മണിക്ക് കീത്തിലിയിലെ സെന്റ് ആന്‍സ് കാത്തലിക് ചര്‍ച്ച് ഈസ്റ്റേണ്‍ യൂറോപ്യന്‍സിനെ കൊണ്ട് നിറഞ്ഞു. ഈസ്റ്റര്‍ ഭക്ഷണ കൊട്ടകളെ അനുഗ്രഹിക്കുന്ന പോളിഷ് പാരമ്പര്യമായ ‘സ്വികോങ്ക’ ഇടവക വികാരി കാനന്‍ മൈക്കിള്‍ മക്രീഡി ആശീര്‍വദിച്ചു.
പ്രതീകാത്മക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കിഴക്കന്‍ യൂറോപ്യന്‍ ആചാരമാണ് സിങ്കോങ്ക (ടwiലconka). അത്
പോളണ്ടിന്റെ
ആദ്യകാല ചരിത്രത്തില്‍ നിന്നുള്ളതാണ്.പുരോഹിതന്മാര്‍ വീടുകളില്‍ ഈസ്റ്റര്‍
ഭക്ഷണം ആശീര്‍വദിക്കും. ഈ
പാരമ്പര്യം പിന്നീട് പള്ളികളില്‍
ആശീര്‍വദിക്കുന്ന ഭക്ഷണത്തിലേക്ക്
നീങ്ങി. പ്രിയപ്പെട്ട പോളിഷ്
പാരമ്പര്യങ്ങള്‍ വിശുദ്ധ
ശനിയാഴ്ചയാണ് സംഭവിക്കുന്നത്. അത് മുഴുവന്‍ കുടുംബത്തിനും
പങ്കെടുക്കാനും തയ്യാറാക്കാനും കഴിയുന്ന ഒന്നാണ്.
ഭക്ഷണം സാധാരണയായി ഒരു
കൊട്ടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പരമ്പരാഗതമായി വെളുത്ത
ലിനന്‍ അല്ലെങ്കില്‍ ലെയ്‌സ് തൂവാല കൊണ്ട് നിരത്തി സാധാരണ ഈസ്റ്റര്‍
നിത്യഹരിത ബോക്‌സ്വുഡ് (ബുക്‌സ്പാന്‍) തളിര്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കൊട്ടയിലെ ഭക്ഷണങ്ങള്‍ക്ക്
പ്രതീകാത്മക അര്‍ത്ഥമുണ്ട്:
മുട്ടകള്‍ ജീവിതത്തെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും പ്രതീകപ്പെടുത്തുന്നു
അപ്പം യേശുവിന്റെ പ്രതീകം
കുഞ്ഞാട് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു
ഉപ്പ് ശുദ്ധീകരണത്തെ പ്രതിനിധീകരിക്കുന്നു
ഹോഴ്‌സ്‌റഡിഷ് ക്രിസ്തുവിന്റെ കയ്‌പേറിയ ത്യാഗത്തിന്റെ പ്രതീകം
ഹാം വലിയ സന്തോഷത്തിന്റെയും
സമൃദ്ധിയുടെയും പ്രതീകം.
ഭക്ഷണം പള്ളിയില്‍ കൊണ്ടുവന്നാണ് ആശീര്‍വദിച്ചനുഗ്രഹിക്കുന്നത്.
ഇതിനെ ‘Poswiecenie Pokarmow’ എന്ന് വിളിക്കുന്നു. മൂന്ന്
ഭാഗങ്ങളുള്ള പ്രാര്‍ത്ഥനകള്‍
കൊട്ടയിലെ വിവിധ ഉള്ളടക്കങ്ങളെ
അനുഗ്രഹിക്കുന്നു. മാംസങ്ങള്‍, മുട്ടകള്‍,ദോശകള്‍, റൊട്ടികള്‍ എന്നിവയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍. പുരോഹിതന്‍ പിന്നീട് ഓരോ കൊട്ടകളിലും വിശുദ്ധ
ജലം തളിക്കുന്നു. ആശീര്‍വാദത്തിനു ശേഷം, കുടുംബനാഥന്‍ ജീവിതത്തിന്റെ പ്രതീകമായ വാഴ്ത്തപ്പെട്ട മുട്ട
കുടുംബാംഗങ്ങളോടും
സുഹൃത്തുക്കളോടുമൊപ്പം പങ്കുവയ്ക്കുന്നു.
കീത്തിലിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറ് കണക്കിന് ഈസ്റ്റേണ്‍ യൂറോപ്പുകാരാണ് ആശീര്‍വാദ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. 2010ലാണ് ആദ്യമായി കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചില്‍ ഭക്ഷണ ആശീര്‍വാദ ചടങ്ങുകള്‍ ആരംഭിച്ചത്.
ഫാ. ഹാപ്പി ജേക്കബ്
ന്യായപ്രമാണ സൂചനകളെ നിറവേറ്റുവാൻ നമ്മുടെ കർത്താവ് ബലി ആകുവാൻ തയ്യാറാവുന്ന ദിവസം .അത് വരെയും തുടർന്ന് വന്നിരുന്ന ന്യായപ്രമാണം വിധിച്ചിട്ടുള്ള കാളകുട്ടി ,ആട്ടിൻകുട്ടി, ചെത്താലി, കുറുപ്രാവ് എന്നിവയെ ബലി കഴിച്ച് പാപമോചനം നേടിയിരുന്ന ജനത്തിന്റെ മുൻപിൽ ദൈവത്തിൻറെ കുഞ്ഞാട് സ്വയം ബലി ആയി തീരുന്നു. ബലി നടത്തുവാൻ, ബലി വസ്തുവായി ബലി സ്വീകാരകനായി വിവിധ തലങ്ങൾ ഉള്ള അവസ്ഥയിൽ നിന്ന് ബലിയും ബലികർത്താവും സ്വീകാരകനും കർത്താവായി മാറുന്നു.
രണ്ട് പ്രധാന സംഭവങ്ങളാണ് ഇന്നേ ദിവസം നാം ഓർക്കുന്നത്. പുതിയ ഒരു കല്പന നമുക്കായി തന്നു . തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന നമുക്കായി ലഭിച്ചു . അത് വാക്കിലുള്ള അനുഭവം അല്ലായിരുന്നു. വി. യോഹന്നാൻ 13-ാം അദ്ധ്യായം 1 മുതൽ 17 വരെ വേദഭാഗം. അവൻ എഴുന്നേറ്റ് ശ്ലീഹന്മാരുടെ പാദങ്ങൾ കഴുകി തുടച്ചു . താഴ്മയുടെയും വിനയത്തിന്റേയും എളിമയുടെയും മഹത്തരമായ അനുഭവം അവർക്കായി നൽകി. ഗുരു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിലൂടെ മറക്കുവാനോ മാറ്റപ്പെടുവാനോ സാധ്യമല്ലാത്ത ആത്മീക അനുഭവം നൽകി. ചെറിയവൻ മുതൽ അവൻ കഴുകി ശ്ലീഹന്മാരിൽ പ്രധാനി ആയിരുന്ന പത്രോസിന്റെ അടുക്കൽ എത്തിയപ്പോൾ അവൻ പറഞ്ഞു നീ എൻറെ പാദങ്ങൾ കഴുകുന്നുവോ? കർത്താവ് പ്രതികരിച്ചത് ഇന്ന് ഞാൻ നിൻറെ പാദങ്ങൾ കഴുകി ഇല്ല എങ്കിൽ നിനക്ക് എന്നോട് കൂട്ടായ്മ ഉണ്ടാവില്ല എന്നാണ്. ഞാൻ നിങ്ങൾക്ക് നൽകിയ ഈ ദൃഷ്ടാന്തം നിങ്ങളും അനുവർത്തിക്കണം എന്നും കല്പിക്കുന്നു.
പാരമ്പര്യമായി നാം പെസഹാ ദിനത്തിൽ ഇത് അനുസ്മരിക്കുന്നു. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാത്തവരായി നാം അവശേഷിക്കുന്നു . ആചരണവും അനുസ്മരണവും അല്ലാതെ ഈ പ്രവർത്തനം നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കണം. സ്വർഗീയ സൈന്യങ്ങൾ ശുശ്രൂഷിക്കുന്നവൻ മനുഷ്യരെ വീണ്ടെടുക്കുവാൻ അവൻ ശുശ്രൂഷകനായി,
രണ്ടാമതായി, അവൻ ഹൃദയം നുറുങ്ങി അപ്പം എടുത്ത് ശിഷ്യന്മാർക്കായി ഭാഗിച്ചു കൊടുത്തു. കാൽവരിയിൽ “കാൽവരിയിൽ തൻറെ ശരീരം ചിന്തപ്പെട്ട അതേ വേദനയും ദുഃഖവും അവനിൽ നാം കാണുന്നു. പ്രധാന പുരോഹിതനായ മൽക്കീസദേക്ക് ദൃഷ്ടാന്തമായി കാണിച്ച അപ്പവും വീഞ്ഞും ഇന്ന് മാളികയിൽ യാഥാർത്ഥ്യം ആയി . മൂക ജന്തുക്കൾക്ക് വിടുതലും ദേവാലയത്തിൽ നിന്ന് മൃഗബലിയും ഇതിനാൽ മാറ്റപ്പെട്ടു. കാൽവരിയിൽ തൻറെ ശരീരം ഭിന്നിക്കുകയും തൻറെ രക്തം ഒഴുകുകയും ചെയ്യുന്നത് വേദനയോടെ ശിഷ്യന്മാർ ഉൾക്കൊണ്ടു . പിതാക്കന്മാർ ഈ ദിവസത്തെ പഠിപ്പിക്കുന്നത് ഇപ്രകാരം ആണ് . ” പഴയ ന്യായപ്രമാണത്തിലുള്ള സകലത്തെയും പൂർണ്ണമായി നിവർത്തിപ്പാനും , അതിനെ ന്യായമായി വീണ്ടെടുക്കുവാനും , ഞങ്ങൾക്ക് പുതുക്കം നൽകുവാനും , അതിനാൽ നിൻറെ സഭയ്ക്ക് പുതിയ ഉടമ്പടി എഴുതുവാനും, ഞങ്ങൾക്ക് പൂർണ്ണ രക്ഷ നൽകുവാനും ആയി നമ്മുടെ കർത്താവ് പെസഹാ നിറവേറ്റി.
ഇനി തിന്മയും കയ്പ്പുമാകുന്ന പഴയ പുളിമാവു കൊണ്ടല്ല നിനക്ക് പ്രീതി നൽകുന്ന വെടിപ്പും വിശുദ്ധിയും നൽകുന്ന പുതുക്കുന്ന പുളിമാവിനാൽ ഈ ദിനത്തെ കൊണ്ടാടുവാൻ കൃപ ലഭിക്കുവാൻ വേണ്ടി നമുക്ക് ഒരുങ്ങാം . ജീവന്റെയും നിത്യജീവന്റെയും വഴിയാഹാരമായി ഈ പെസഹാ നമുക്ക് കൊണ്ടാടാം . ഈ രഹസ്യം – മർമ്മം നമ്മുടെ നേത്രങ്ങൾക്ക് അഗോചരവും നമ്മുടെ ബുദ്ധിക്കും അപ്പുറവും ആണ് . വിശ്വാസത്തോടെ ഇത് ഉൾക്കൊള്ളുവാൻ നമുക്ക് ഒരുങ്ങാം. 1 കോരിന്ത്യർ 11 : 27 – 30 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവൻറെ മരണത്തെ പ്രസ്താവിക്കുന്നു. അത് കൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവൻറെ മരണത്തെ പ്രസ്ഥാവിക്കുന്നു. അത് കൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവൻ എല്ലാം കർത്താവിൻറെ ശരീരം നിമിത്തം സംബന്ധിച്ച് കുറ്റക്കാർ ആകും . തന്നെ തന്നെ ശോധന ചെയ്തിട്ട് വേണം ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ് വാൻ ”
രക്ഷണ്യമായ ഈ അനുഭവത്തിൽ നമുക്കും പങ്കുകാരാവാം. പ്രാർത്ഥനയിൽ സമർപ്പിച്ചുകൊണ്ട്
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
യേശുക്രിസ്തുവിൻ്റെ കഴുതയുടേയും കഴുത കുട്ടിയുടേയും പുറത്തേറിയുള്ള യേറുശലേം പ്രവേശത്തെ അനുസ്മരിക്കുന്ന ഓശാന പെരുന്നാൾ ബെർമിംഹാം സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സമുചിതമായി കൊണ്ടാടി. പള്ളി കൂദാശക്ക് ശേഷമുള്ള ആദ്യത്തെ ഓശാന പെരുന്നാളിന് വികാരി റവറൻ്റ് ഫാദർ മാത്യു ഏബ്രഹാം പാലത്തിങ്കൽ മുഖ്യ കാർമികനായിരുന്നു. കർത്താവിൻ്റെ യേറുശലേമിക്കിലുള്ള യാത്രയെ അനുസ്മരിക്കുന്ന പ്രദിക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കയ്യിൽ കുരുത്തോല ഏന്തി കൊടി കുട കുരിശ് എന്നിവയുമായി നടത്തിയ അനുഗ്രഹ പ്രദമായ പ്രദിക്ഷിണത്തിൽ പൂവുകൾ വഴിയിൽ വിതറി കുട്ടികൾ കർത്താവിൻ്റെ യാത്ര പുനരാവിഷ്കരിച്ചു.
കർത്താവായ ക്രിസ്തുവിനെ പ്രതീകാത്മമായി പ്രദക്ഷിണത്തിലൂടെ വരവേറ്റതിനുപരിയായി ഹൃദയത്തിൽ സ്വീകരിക്കണമെന്നും വിശുദ്ധവാരത്തിൽ കമ്പിടുമ്പോളെല്ലാം നമ്മുടെ കർത്താവിൻ്റെ തിരു മുറിവുകളെ ധ്യാനിക്കണമെന്നും വികാരി അനുസ്മരിപ്പിച്ചു. തുടർന്ന് വചന ശുശ്രൂഷ നടത്തിയ യൂത്ത് മൂവ് മെൻറിൻ്റെ പ്രവർത്തകനും സണ്ടേസ്ക്കൂൾ അദ്ധ്യാപകനുമായ ആഷ്വിൻ ഷാജി മാത്യു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിളിച്ചോതുന്നതാണ് ഓശാന ഞായറാഴ്ചത്തെ ശുശ്രൂഷകൾ എന്ന് സൂചിപ്പിച്ചു. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അതിലൂടെ ദൈവത്തെ സ്നേഹിക്കാൻ കഴിയുമെന്ന് ആഷ് വിൻ ഉദ്ബോധിപ്പിച്ചു. സെക്രട്ടറി, ട്രസ്റ്റി, കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കർത്താവിൻ്റെ തിരുവത്താഴത്തെ ഓർമിപ്പിക്കുന്ന പെസഹാ പെരുന്നാൾ ഏപ്രിൽ 13-ാം തിയതി ബുധനാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കുമെന്നും, നമ്മുടെ കർത്താവിൻ്റെ ക്രൂശുമരണത്തെ അനുസ്മരിപ്പിക്കുന്ന ദു:ഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ പതിനാലാം തിയതി വെള്ളിയാഴ്ച രാവിലെ 8.30 മുതലും, ഉയർപ്പ് പെരുന്നാൾ ശനിയാഴ്ച്ച വൈകുന്നേരം 6.30 മുതലും കൊണ്ടാടുന്നതാണ് എന്നും എല്ലാ വിശ്വാസികളെയും പെസഹാ വ്യാഴം ദുഖവെള്ളി ഉയർപ്പ് ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും വികാരി അറിയിക്കുന്നു.
വിശദ വിവരങ്ങൾക്ക്
വികാരി റവ. മാത്യു ഏബ്രഹാം പാലത്തിങ്കൽ Mob 07787525273
സെക്രട്ടറി ഏബ്രഹാം കുര്യൻ Mob 07882791150
Church address
St. Stephen’s Indian Orthodox Church,
427 Brays Road
Sheldon,
Birmingham,
B26 2RR.
Address in google map.
ഒലിവുമല താഴ് വരയിൽ ഓർശ്ലേമിൻ വീഥികളിൽ ദാവീദിൻ സുതനോശാന .. ഓശാന ഗീതികളുമായി സെന്റ് മേരീസ് സീറോ മലബാർ മിഷൻ ഹാമിൽട്ടൺ,ഗ്ലാസ്ഗോ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
മിഷൻ ഡയറക്ടർ ഫാ.ജോണി വെട്ടിക്കലിന്റെ കാർമ്മികത്വത്തിൽ ഓശാനാ ഞായർ തിരുക്കർമ്മങ്ങൾ സെന്റ് കത്ബർട്ട് ചർച്ച് ഹാമിൽട്ടണിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 02:30 ന് ഭക്ത്യാദരപൂർവ്വം നടത്തപെട്ടു .
പെസഹാ വ്യാഴം : തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.
പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം.
സെന്റ് മേരിസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിൽ വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ പെസഹാ ദിന ശുശ്രൂഷകൾക്ക് ആരംഭം കുറിക്കും. ആദ്യകുർബാന സ്വീകരണം കഴിഞ്ഞ 12 ആൺകുട്ടികളുടെ കാലുകഴുകൽ, ആരാധന, അപ്പം മുറിക്കൽ എന്നീ ശുശ്രൂഷകൾക്ക് ഫാ. ജോണി വെട്ടിക്കൽ വി.സി കാർമ്മികത്വം വഹിക്കും.
ദു:ഖവെള്ളി : അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരണമാണ് ദുഃഖ വെള്ളി. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പീഡാനുഭവ ചരിത്ര പാരായണം, പരിഹാര പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
ഉയിർപ്പു തിരുനാൾ : ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഃഖസാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ളാദവുമായി ഈ ദിനത്തിന്റെ തിരുക്കർമ്മങ്ങൾ ശനിയാഴ്ച വൈകിട്ട് 9 മണിക്ക് സെന്റ് കത്ത് ബർട്ട് പള്ളിയിൽ ആരംഭിക്കും തുടർന്ന് പ്രാർത്ഥനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ സേനഹവിരുന്നും നടത്തും. ഈസ്റ്റർ ഞായറാഴ്‌ച കുർബ്ബാന രാവിലെ 11 മണിയ്ക്ക് .
പീഡാനുഭവ വാര തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് ആത്മീയ സന്തോഷം നേടാൻ എല്ലാ വിശ്വാസികളേയും സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലേയ്ക്ക് ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോണി വെട്ടിക്കൽ വി.സി. അറിയിച്ചു
സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധ വാര ശുശ്രുഷകൾ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.
ഏപ്രിൽ 14 ന് വ്യാഴാഴ്ച്ച സ്റ്റീവനേജ് സെന്റ് ജോസഫ് സിൽ പെസഹാ തിരുക്കർമ്മങ്ങൾ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ്. സെഹിയോൻ ഊട്ടുശാലയിൽ യേശു ശുഷ്യന്മാരുടെ പാദങ്ങൾ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാ ശുശ്രൂഷകളിൽ കാൽ കഴുകൽ ശുശ്രൂഷയും, അനുബന്ധ തിരുക്കർമ്മങ്ങളും നടത്തപ്പെടും.
ഏപ്രിൽ 15 ന് 11:30 ന് ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കർമ്മങ്ങൾ സ്റ്റീവനേജ് സെന്റ് ഹിൽഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കർമ്മങ്ങൾ, നഗരി കാണിക്കൽ പ്രദക്ഷിണം, കയ്പ്പു നീർ പാനം തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും പകർന്നു നൽകിയ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ 16 ന് ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ആരംഭിക്കും.അനീഷ് അച്ചൻ കാർമ്മികത്വം വഹിച്ച് ഉയർപ്പു തിരുന്നാൾ സന്ദേശം നൽകുന്നതുമാണ്.
വിശുദ്ധ വാര ശുശ്രുഷകളിൽ ഭക്തി പൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ മാനവ കുലത്തിന്റെ രക്ഷയ്ക്ക് ത്യാഗബലിയായി ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയിൽ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങൾ ആർജ്ജിക്കുവാൻ പള്ളി കമ്മിറ്റി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
സാംസൺ ജോസഫ് (ട്രസ്റ്റി)- 07462921022
St. Joseph RC Church, Bedwell Crescent, Stevenage, SG1 1NJ
St. Hilda RC Chruch, 9 Breakspear , Shephall, Stevenage, SG2 9SQ.
ഷിബു മാത്യൂ
സ്പിരിച്ച്വല്‍ ഡെസ്‌ക്.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കത്തീട്രല്‍ അസ്സി. വികാരി റവ. ഫാ. ഡാനി മൊളോപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. കോവിഡ് കാലത്തെ നിയ്മങ്ങള്‍ക്ക് ഇളവു വന്നതിന് ശേഷമുള്ള ആദ്യത്തെ വലിയ തിരുക്കര്‍മ്മമാണ് ഇന്ന് നടന്നത്. അഞ്ഞൂറില്‍പ്പരം വിശ്വാസികളാണ് ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
ആരാധനാ വത്സരത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രാര്‍ത്ഥനാദിനങ്ങളിലൊന്നായ ഓശാന ഞായര്‍ മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തെയും അനുസ്മരിക്കുന്നു. ഓശാന എന്ന വാക്ക് മിശിഹാ നല്‍കുന്ന രക്ഷയെ അര്‍ത്ഥമാക്കുന്നു. ഈ വാക്കിന് കുരുത്തോല എന്നും അര്‍ത്ഥമുണ്ട്. ഇന്നേ ദിവസം ആശീര്‍വദിച്ചു നല്‍കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും ഈ സത്യം പ്രഘോഷിക്കുന്നവരുമാണെന്ന് സൂചിപ്പിക്കുന്നു. കുരുത്തോല വിതരണത്തിന് ശേഷം ഓറശ്ലെം ലിറ്റര്‍ജിയില്‍ നിന്നും സ്വീകരിച്ച പ്രദക്ഷിണവും വാതില്‍ മുട്ടി തുറക്കുന്ന ദേവാലയ പ്രവേശന കര്‍മ്മവും നടന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്നു സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റ് പറയുവാനും ഈ ദിവസം തിരുസ്സഭാ മാതാവ് ആഹ്വാനം ചെയ്യുന്നു.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. ഡാനി മൊളോപ്പറമ്പില്‍ ഓശാന ഞായര്‍ സന്ദേശം നല്‍കി. ദൈവീക മഹത്വം കാണാന്‍ സാധിച്ചത് കുഞ്ഞുങ്ങള്‍ക്കാണ്. നിഷ്‌ക്കളങ്കമായ ഹൃദയവും വിശ്വാസവുമാണ് അതിന് കാരണം. ഓരോ വ്യക്തിയും ഈശോയെ വഹിക്കുന്നവരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ബീന DSFS ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷിയായി.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കാലങ്ങളായി നടന്നു വരുന്ന തമുക്ക് നേര്‍ച്ചവിതരണം നടന്നു. ഇടവക പ്രതിനിധികള്‍ ഒന്നായി ഉണ്ടാക്കിയ തമുക്ക് നേര്‍ച്ച ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി.
ഓശാന ഞായറാഘോഷത്തോടുകൂടി ലീഡ്‌സ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആത്മീയമായി ഒരുങ്ങാന്‍ എല്ലാ ഇടവകാംഗങ്ങളോടുമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അഭ്യര്‍ത്ഥിച്ചു.
വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഷൈമോൻ തോട്ടുങ്കൽ
പോർട്സ് മൗത്ത് . ഔർ ലേഡി ഓഫ് നേറ്റിവിറ്റി സീറോ മലബാർ മിഷനിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ഇന്ന് തുടക്കമാകും . ഇന്ന് രാവിലെ എട്ട് പതിനഞ്ചിനും , വൈകുന്നേരം മൂന്ന് മുപ്പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും , തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുപ്പതിന് വിശുദ്ധ കുരിശിന്റെ വഴിയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും , പെസഹാ വ്യാഴാഴ്ച രാവിലെ പത്തര മുതൽ അഞ്ച് മുപ്പത് വരെ ദിവ്യകാരുണ്യ ആരാധന തുടർന്ന് പെസഹാ തിരുക്കർമ്മങ്ങൾ , വിശുദ്ധ കുർബാന ,തുടന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം .
പീഡാനുഭവ വെള്ളി ഉച്ചയ്ക്ക് രണ്ട് മണിക്ക് പീഡാനുഭവ തിരുക്കർമ്മങ്ങൾ . വിശുദ്ധ കുരിശിന്റെ വഴി , വലിയ ശനിയാഴ്ച ഒൻപതരയ്ക്ക് വിശുദ്ധ കുർബാന , ജ്ഞാനസ്നാന വൃത നവീകരണം , പുത്തൻ തീയും , വെള്ളവും വെഞ്ചരിപ്പ് , രാത്രി ഒൻപത് മണിക്ക് ഉയിർപ്പ് തിരുക്കർമ്മങ്ങൾ , ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ എട്ട് പതിനഞ്ചിന് വിശുദ്ധ കുർബാന . തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും . മിഷൻ ഡയറക്ടർ ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് അറിയിച്ചു .