ബിനോയ് എം. ജെ.
ഒരർത്ഥത്തിൽ ചിന്തിച്ചാൽ ഭൂമിയിലെ ജീവിതം സ്വർഗ്ഗത്തിലേതിനേക്കാൾ ആനന്ദപ്രദമാകേണ്ടതാണ്. കാരണം സ്വർഗ്ഗത്തിലേതിനേക്കാൾ വൈജാത്യങ്ങൾ ഈ ഭൂമിയിലുണ്ട്. ഭൂമിയിലെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇവിടെ എന്താണില്ലാത്തത്? ഭൂമിയിൽ ഇല്ലാത്തതായി യാതൊന്നുമില്ല. നമുക്കറിയാവുന്നതുപോലെ സമ്പത്ത് മാത്രമല്ല ഭൂമിയിലുള്ളത്; ഇവിടെ ദാരിദ്ര്യവുമുണ്ട്. അതുപോലെ പ്രകാശവും അന്ധകാരവും ഇവിടെയുണ്ട്. ജനനവും മരണവുമുണ്ട്. മൂല്യവും മൂല്യച്യുതികളുമുണ്ട്. അറിവും അജ്ഞാനവും ഉണ്ട്. സാമൂഹിക ജീവിതവും ഏകാന്തതയും ,ആരോഗ്യവും രോഗവും, ആശയും നിരാശയും, പുരോഗതിയും അധോഗതിയും, വിജയവും പരാജയവും, ശരിയും തെറ്റും, പ്രശസ്തിയും ദുഷ്കീർത്തിയും , കരച്ചിലും പുഞ്ചിരിയും ഇങ്ങനെ അനന്തമായി നീളുന്നു ഭൂമിയിലെ വൈജാത്യങ്ങൾ. ആ അർത്ഥത്തിൽ ഭൂമിയിലെ ജീവിതം പരിപൂർണ്ണമാണ്.
എന്നാൽ ഈ പരിപൂർണ്ണതയുമായി നാമെത്രമാത്രം പൊരുത്തപ്പെടുന്നു? അതാണിവിടുത്തെ ചോദ്യം. നാമതിലമ്പേ പരാജയപ്പെട്ടുപോകുന്നു. അതാണ് നമ്മുടെ പ്രശ്നം. നാം ജീവിതം ആസ്വദിക്കുവാൻ വേണ്ടി വന്നു; എന്നാൽ നാം ജീവിതം ആസ്വദിക്കുന്നില്ല. നാം വാക്ക് മാറുവാൻ പാടില്ല. സമ്പത്തിനെ ആസ്വദിക്കുന്നവൻ ദാരിദ്ര്യത്തെയും ആസ്വദിച്ചേ തീരൂ. അത് പ്രകൃതിയുടെ നിയമമാണ്.
നമുക്ക് പൊരുത്തപ്പെടുവാൻ ആകുന്ന കാര്യങ്ങളെ മാത്രം കൂട്ടിയിണക്കി നാമൊരു ലോകം സൃഷ്ടിക്കുന്നു. അതാണ് സ്വർഗ്ഗം. അങ്ങനെ ഒന്നുണ്ടോയെന്ന് ദൈവത്തിന് മാത്രമേയറിയൂ. ഉണ്ടെങ്കിൽ തന്നെ അത് പരിപൂർണ്ണമാവില്ലെന്ന് ഞാൻ ശക്തമായി വാദിക്കുന്നു. കാരണം വൈജാത്യങ്ങൾ ഉള്ളിടത്തേ പൂർണ്ണതയും ഉള്ളൂ. ജനനവും മരണവുമുണ്ടെങ്കിലേ ജീവിതത്തിന് പൂർണ്ണതയുള്ളൂ. ഭൂമിയിൽ കൊതി തീരുവോളം ഒരാൾക്ക് ജനിക്കുകയും മരിക്കുകയും ചെയ്യാം. അതിന്റെ മധുരിമ ഒന്നു വേറേതന്നെയാണ്. സ്വർഗ്ഗത്തിൽ അതിന് സാധ്യതയില്ല. അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങളും. രണ്ട് വശങ്ങൾ ഇല്ലാത്ത ഒരു നാണയം നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
ആനന്ദത്തെയും സന്തോഷത്തെയും മറ്റും നാം നിർവ്വചിക്കുവാൻ ശ്രമിക്കുന്നു. ഉദാഹരണമായി സമ്പത്ത് ആനന്ദം തരുന്നു എന്ന് നാം നിർവ്വചിച്ചാൽ ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയാതെ പോകുന്നു. ഇത്തരം നിർവചനങ്ങൾ അനന്താനന്ദത്തെ നമ്മിൽ നിന്നകറ്റുന്നു. ഏത് സാഹചര്യത്തിലും ആനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയേണ്ടതാണ് . ദാരിദ്ര്യത്തിൽ ആനന്ദം കണ്ടെത്തുന്നതിൽ വിജയിച്ചവരാണ് ഫ്രാൻസിസ് അസ്സീസ്സിയും മഹാത്മാഗാന്ധിയും മറ്റും. വിശാലമനസ്കതയാണ് ഇവിടെ ആവശ്യം. നമുക്കൊരു ജീവിതം കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് നമ്മുടെ കടമ. അത് സാധ്യവുമാണ്. ടോട്ടാലിറ്റിയും പെർഫെക്ഷനും മറ്റും ഇവിടെത്തന്നെയുണ്ട്. കണ്ണ് തുറന്നു നോക്കുവിൻ! ജീവിത യാഥാർഥ്യങ്ങളിലല്ല പ്രശ്നം കിടക്കുന്നത്; നമ്മുടെ മനസ്സിൽ ആണ് പ്രശ്നം കിടക്കുന്നത്.
പൂർണ്ണതയാണ് മനുഷ്യന് വേണ്ടത്. അതാണ് അവൻ അന്വേഷിക്കുന്നതും. ആ പൂർണ്ണത ഇവിടെ, ഈ ഭൂമിയിൽ തന്നെയുണ്ട്. വേറെ ഒരിടത്തും അത് ലഭ്യമല്ല. മോക്ഷം പൂർണ്ണതയാകുന്നു. ദേവന്മാർക്കു പോലും പൂർണ്ണതയും മോക്ഷവും വേണമെങ്കിൽ ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കേണ്ടിയിരിക്കുന്നു. പൂർണ്ണതയുടെ സ്ഥാനത്ത് അപൂർണ്ണതയെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്താൽ അത് പ്രശ്നത്തിലേക്കേ നയിക്കൂ. മനുഷ്യൻ ഒരു കാലത്തും അപൂർണ്ണതയെ തേടുവാൻ പാടില്ല. എന്നാൽ നാം അപൂർണ്ണതയെ തന്നെ തേടുന്നു! ജീവിതത്തിൽ ഒരു ലക്ഷ്യമോ ആഗ്രഹമോ ഉണ്ടായാൽ നമ്മുടെ ജീവിതം അപൂർണ്ണമാകുന്നു. അത് പരിമിതമാകുന്നു. പൂർണ്ണതയെ സ്നേഹിക്കുന്നവന് ലക്ഷ്യമുണ്ടാകൂവാൻ പാടില്ല. കാരണം ലക്ഷ്യം പരിമിതിയെ സൂചിപ്പിക്കുന്നു. അതിനാൽ ഭൂമിയിൽ ജീവിക്കുമ്പോൾ പൂർണ്ണതയെ അന്വേഷിക്കുവിൻ. നിങ്ങൾ അതിൽ തീർച്ചയായും വിജയിക്കും. അതിന് വേണ്ടിയാണല്ലോ നാം ഭൂമിയിൽ ജനിച്ചു വീണിരിക്കുന്നത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
മാതാവിനോട് സവിശേഷമായ ഭക്തിയും സ്നേഹവും ആദരവും പുലർത്തുന്നവരാണല്ലോ നാമെല്ലാവരും. ഭൗതിക ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം പോലെയാണ് ആത്മീയ ജീവിതത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്ഥാനം. അമ്മയോടു ചേർന്ന് നിൽക്കുമ്പോൾ പുണ്യത്തിന്റെ പാതയിലൂടെയുള്ള നമ്മുടെ പ്രയാണം ആയാസരഹിതമായി തീരുന്നു. അമ്മയോടുള്ള എല്ലാ പ്രാർത്ഥനകളും ഏറെ ഫലദായകമാണ്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, വി. മദർ തെരേസയുമെല്ലാം പ്രാർത്ഥിച്ചിരുന്ന വളരെ ശക്തിയുള്ളതും അനുഗ്രഹീതവുമായ ഒരു ചെറിയ പ്രാർത്ഥനയാണ് പരിശുദ്ധ മറിയമെ ദൈവ മാതാവേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നുള്ളത്. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയിൽ അപേക്ഷിച്ചാൽ ഒന്നും ഉപേക്ഷിക്കുകയില്ലാത്തവളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുമ്പോൾ ഈ ചെറിയ സുകൃതജപം അമ്മയുടെ മുഖത്ത് നോക്കി സ്നേഹത്തോടെ ഉച്ചരിക്കുമ്പോൾ പരിശുദ്ധ മറിയം സ്വന്തം അമ്മയായി തീരുന്ന അനുഭവം ഉണ്ടാകാറുണ്ട്. 2011-ൽ സ്വന്തം അമ്മ ഈ ലോകം വിട്ട് സ്വർഗ്ഗീയ സന്നിധിയിലേക്ക് യാത്രയായതിനുശേഷമാണ് ഈ പ്രാർത്ഥന അനുഭവദായകമായിത്തീർന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മറ്റ് രണ്ട് പ്രാർത്ഥനകളാണ് എൻ്റെ അമ്മേ എന്റെആശ്രയമേ എന്നുള്ളതും, പരിശുദ്ധ മറിയമേ ഞാൻ പൂർണ്ണമായും നിന്റേതാണ് എന്നതും. ഇവയെല്ലാം സുകൃതജപങ്ങളാണെങ്കിലും ശക്തിദായകമാണ്.
പരിശുദ്ധ മറിയം സ്നേഹ മാതാവാണ്. സ്നേഹത്തോടെ അമ്മയുടെ ചാരെ അണയുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ മറിയം. ഈയൊരു ബോധ്യവും വിശ്വാസവും നാം ആർജ്ജിച്ചെടുക്കണം. എങ്കിൽ മാത്രമേ ഈ പ്രാർത്ഥനകളുടെ സവിശേഷമായ മൂല്യം തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. സ്നേഹത്തിലുള്ള നവീകരണമാണ് നമ്മുടെ രക്ഷ. ഒരാത്മാവിന്റെ സമ്പൂർണ്ണ രക്ഷയ്ക്ക് ആവശ്യമായിട്ടുള്ളത് സ്നേഹ മാതാവിൽ നിന്നും ലഭിക്കുവാൻ ഈ പ്രാർത്ഥന സഹായകരമാണ്. ഇന്നുമുതൽ തീഷ്ണതയോടെ അതിരറ്റ വാൽസല്യത്തോടെ അമ്മയുടെ മുഖത്തു നോക്കി , അവളുടെ സ്നേഹ സാന്നിധ്യം അനുഭവിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധ മറിയമേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നും പ്രാർത്ഥിച്ചാൽ പരിശുദ്ധ അമ്മ യഥാർത്ഥത്തിൽ അമ്മയായിരുക്കുക തന്നെ ചെയ്യും.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അനുഗ്രഹം പരിശുദ്ധ അമ്മയിലൂടെ ലോകത്തിലെ എല്ലാ മക്കൾക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. “അമ്മയെ മഹത്വപ്പെടുത്തുന്ന വൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു (പ്രഭാഷകൻ 3:4)
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പരി. ദൈവമാതാവിൻ്റെ വണക്കമാസം കാലം കൂടാൻ ഇനി ഒരു ദിവസം മാത്രം. കഴിഞ്ഞ ഒരു മാസമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മരിയഭക്തിയേക്കുറിച്ച് ആധികാരീകമായി സംസാരിക്കുന്ന നിരവധി കന്യാസ്ത്രീകൾ ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന മലയാളം യുകെ ന്യൂസിൻ്റെ വണക്കമാസ പംക്തിയിൽ എഴുതിയിരുന്നു. അതിൽ നിന്നും വിഭിന്നമായി മാതാവിനെ ആദരിക്കുന്ന ഒരു ഓഡിയോ സന്ദേശം മലയാളം യുകെ ന്യൂസിന് ലഭിച്ചു. കൂടുതൽ പഠിച്ചപ്പോൾ അതിൻ്റെ ആധികാരികതയിൽ നിന്നും ഞങ്ങൾക്ക് പുറത്ത് പോകാൻ സാധിക്കില്ല എന്ന് മനസ്സിലായി. അതിൻ്റെ വെളിച്ചത്തിൽ ഞങ്ങൾക്ക് ലഭിച്ച ഓഡിയോ ഒരു വീഡിയോ ആക്കി പബ്ളീഷ് ചെയ്യാൻ ഞങ്ങളിൽ പ്രേരണ ഉണ്ടായി.
ഇന്ന് മെയ് മുപ്പത് പരി. ദൈവമാതാവിൻ്റെ വണക്കമാസ കാലത്ത് ഞങ്ങൾക്ക് ലഭിച്ച സന്ദേശം മലയാളം യുകെ ന്യൂസ് വീഡിയോ രൂപത്തിലാക്കുകയാണ്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുമല്ലോ..!
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
ഈശോയുടെ ജീവിത വഴികളിലൂടെ സഞ്ചരിക്കുവാൻ ഈശോയുടെ അമ്മ ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയെ കുറിച്ച് അങ്ങനെ പറയുവാനാണ് എനിക്കിഷ്ടം. കാരണം ഏറെയുണ്ട് എൻ്റെ ജീവിതത്തിൽ. ഒരു കുഞ്ഞിന് ഈ ഭൂമിയിൽ ജന്മം നൽകുന്നവളാണ് സ്ത്രീ. ആ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീയെ അമ്മ എന്ന് വിളിക്കും. അമ്മയെയും കുഞ്ഞിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു പുക്കിൾകൊടി ബന്ധം. ഈ ഭൂമിയിലെ ഒന്നിനും ഈ ബന്ധത്തെ തിരുത്തി എഴുതുവാനും സാധിക്കുകയില്ല. ഇതുപോലെയാണ് പരിശുദ്ധ അമ്മയുമായുള്ള എൻ്റെ ആത്മീയ ബന്ധം.
പരിശുദ്ധ അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ, പരിശുദ്ധഅമ്മയുടെ ഹൃദയവും എൻ്റെ ഹൃദയവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണു ഈശോ. ഈ ഭൂമിയിലെ ഒന്നിനും ഞാനും ഈശോ വഴി പരിശുദ്ധ അമ്മയുമായുള്ള ബന്ധം തിരുത്തി എഴുതുവാൻ സാധിക്കുകയില്ല. സന്ധ്യാ വേളയിൽ ഇടവകപള്ളിയിലെ മണി നാദം കേൾക്കുമ്പോൾ എൻ്റെ വല്യപ്പച്ചൻ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ഒന്നിച്ചു കൂട്ടി ജപമാല ചൊല്ലുകയും എല്ലാവരോടുമായി പറയുമായിരുന്നു. ഒരു കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഒന്നിച്ചുള്ള ജപമാല പ്രാർത്ഥനയാണ് എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിക്കാതെ അത്താഴം കഴിക്കരുത്, കിടന്നുറങ്ങരുത്. എൻെറ കുഞ്ഞു നാളിൽ വല്യപ്പച്ചൻ പറയുമായിരുന്നു ഈശോയ്ക്ക് ആഹാരം കൊടുത്തിട്ടേ നമ്മൾ ആഹാരം കഴിക്കാവൂ എന്ന്. ജപമാല ചൊല്ലി പ്രാർത്ഥിച്ച് ആഹാരം കൊടുക്കണം. എന്നിട്ട് വേണം നമ്മൾ ആഹാരം കഴിക്കുവാൻ.
കുഞ്ഞുന്നാളിൽ വീട്ടിൽ നിന്നും ലഭിച്ച പ്രാർത്ഥന ജീവിതവും ജപമാലഭക്തി സന്യാസ ജീവിതത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും ജപമാല പ്രാർത്ഥനയോടും പരിശുദ്ധ അമ്മയോടും ഉള്ള ബന്ധം ഓരോ ദിവസവും ജീവിതത്തിന് ശക്തിയും ഊർജ്ജവുമാണ്. വിശുദ്ധ അൾത്താരയിൽ ഈശോയുടെ സജീവസാന്നിധ്യം കുടികൊള്ളുന്ന പരിശുദ്ധ സക്രാരിയിൽ നോക്കി ജപമാല കൈകളിലെടുത്ത് ഓരോ ജപമാല മുത്തുകൾ എണ്ണി 53 മണി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന സമയം ഈശോയുടെ പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണം അനുഭവിച്ച് അറിയുകയാണ്.
സന്യാസജീവിത യാത്രയിൽ ഒത്തിരി പേരെ പരിചയപ്പെടുവാൻ ദൈവം അവസരം തന്നു. അതിൽ ചിലരെങ്കിലും പറയും സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന്. അങ്ങനെ അവരുടെ നിയോഗങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഈ സന്യാസജീവിതം കൊണ്ട് സാധിച്ചു. പിതാവായ ദൈവത്തിന്റെ മകളും ,പുത്രനായ ഈശോയുടെ അമ്മയും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ആയ പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് സുവിശേഷത്തിൽ കാണുവാൻ സാധിക്കും(L K.1:28) “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി , കർത്താവു നിന്നോടുകൂടെ”.പരിശുദ്ധ കന്യകാമറിയത്തിന് ഗബ്രിയേൽ ദൂതൻ്റെ സന്ദേശം.
പരിശുദ്ധ അമ്മയെ ദൈവ കൃപ നിറഞ്ഞവൾ ആക്കി മാറ്റുവാൻ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ യൊവാക്കിമിനേയും അന്നയേയും ദൈവം വാർദ്ധക്യത്തിൽ തിരഞ്ഞെടുത്ത് അവർക്ക് ദൈവം കൊടുത്ത വാത്സല്യ മകളായിരുന്നു പരിശുദ്ധ കന്യകാമറിയം. ഈശോയുടെ ജനത്തിനു വേണ്ടി ദൈവം വിശദീകരിച്ചു ഒരുക്കുകയായിരുന്നു.. ഇതുപോലെയാണ് ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും. ഓരോ മനുഷ്യൻ്റെ ജന്മത്തിനും ഒരു ജീവിത നിയോഗം ഉണ്ട്. ഈ വണക്കമാസത്തിൽ പരിശുദ്ധ അമ്മയോടും അവിടുത്തെ പുത്രനായ ഈശോയോടും നമുക്ക് പ്രാർത്ഥിക്കാം. എൻെറ ഈ മനുഷ്യ ജന്മം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നത്. എൻെറ ജീവിതം കൊണ്ട് ഞാൻ ചെയ്തുതീർക്കേണ്ട കടമകൾ എന്തെല്ലാം എന്ന് എനിക്ക് കാണിച്ചു തരണമെ.
സുകൃതജപം
പരിശുദ്ധ അമ്മേ, മാതാവേ എൻ്റെ ജീവിത നിയോഗം എന്ത് എന്ന് എനിക്ക് വെളിപ്പെടുത്തി തരുവാൻ അവിടുത്തെ പുത്രനായ ഈശോയോട് അപേക്ഷിക്കണമേ!
പരി. ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
സ്പിരിച്വൽ ഡെസ്ക് മലയാളം യുകെ.
വണക്കമാസ നാളിൽ എൻ്റെ കൊച്ചുവീട്ടിൽ ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ചേർന്ന് പൂക്കൾ പറിച്ച് മാതാവിൻ്റെ രൂപം അലങ്കരിക്കുമായിരുന്നു. എല്ലാ ദിവസവും വണക്കമാസം ചൊല്ലി ” നല്ല മാതാവേ മരിയേ.. ” എന്ന ഗാനം പാടുന്നത് മനസ്സിന് ഒത്തിരി ആനന്ദം പകരുമായിരുന്നു . ആ പാട്ട് ഒത്തിരി ഭക്തിയും സന്തോഷവും പകർന്നിരുന്നു. ഇപ്പോഴും ആ ഗാനം എൻ്റെ അധരങ്ങളിൽ നിന്നും വിട്ടുപോയിട്ടില്ല!
മാസാവസാനം എല്ലാ കുടുംബാംഗങ്ങളും ചേർന്ന് വണക്കമാസം കാലം കൂടുമായിരുന്നു. അന്നേദിവസം പാച്ചോറ് ഉണ്ടാക്കുന്നതും ചക്കപ്പഴവും കൂട്ടി വാഴയിലയിൽ ഇട്ട് കഴിക്കുന്നതും നല്ല രസകരമായിരുന്നു. ഇപ്പോഴും എന്റെ ചില സഹോദരങ്ങൾ ഈ ആചാരം തുടർന്ന് ചെയ്യുന്നുണ്ട്. ഈ കൊച്ചു ഓർമ്മകൾ വെറും ഓർമ്മകൾ മാത്രമല്ല. അതെൻ്റെ വിശ്വാസത്തിൻ്റെ ഉറച്ച വേരുകൾ തന്നെയാണ്. ഏതൊരു ക്രിസ്ത്യാനിയുടെയും ആദ്യവിദ്യാലയം സ്വന്തം ഭവനം തന്നെയാണ്. എന്റെ ദൈവവിളിയുടെ അടിസ്ഥാനവും അതുതന്നെ.
പരിശുദ്ധ അമ്മ ഒരു ശക്തി തന്നെയാണ്. മാതാവിൻ്റെ ദിവസം മെയ് 13-ാം തീയതി ഞാൻ സ്വപ്നം കണ്ട എൻ്റെ ദൈവവിളി എനിക്ക് സഫലമാക്കാൻ സാധിച്ചു. പുണ്യഭൂമിയായ സ്പെയിനിൽ അന്നേദിവസം എനിക്ക് എത്തിച്ചേരാൻ സാധിച്ചതിൽ മാതാവിനോട് വലിയ കടപ്പാടാണ്. ഈ അമ്മ ഒരിക്കലും എന്നെ കൈവെടിയുകയോ അപേക്ഷകൾ നിരസിക്കുകയോ ചെയ്തിട്ടില്ല. അമ്മയുടെ ജപമാല കയ്യിലിരുന്ന് ഈശോയോട് ദിവ്യരഹസ്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും നിറയുന്നു. മാതാവിലൂടെ മാത്രമേ നമുക്ക് യേശുവിനെ അടുത്തറിയുവാൻ സാധിക്കുകയുള്ളൂ. നമുക്ക് ഒരു “അമ്മ ” ഉണ്ട്. നമ്മെ എന്നും എപ്പോഴും മാറോടുചേർത്തു നിൽക്കുന്ന അമ്മ . എൻ്റെ അമ്മ മരിച്ചപ്പോൾ മാതാവിനെയാണ് എൻ്റെ അമ്മയായിട്ട് ഞാൻ പൂർണ്ണമായിട്ടും സ്വീകരിച്ചിരിക്കുന്നത്.
മെയ് മാസം പരിശുദ്ധ അമ്മയുടെ മാസമെന്ന് കുട്ടിക്കാലത്ത് എൻ്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നതാണ്. കുടുംബത്തിൽ രൂപം അലങ്കരിക്കുന്ന സ്ഥിരം ജോലി എന്റേതായിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടിരുന്നു. എൻ്റെ അമ്മ എപ്പോഴും സുകൃതജപം ചൊല്ലുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ! അമ്മ മാതാവിന് ഇഷ്ടപ്പെട്ട സുകൃതജപം. പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിൻ്റെ അടുക്കലേയ്ക്ക് നയിച്ച് അവരുടെ ഹൃദയദാഹം ശമിപ്പിക്കാൻ കഴിയൂ.
സുകൃതജപം.
ഓ.. അമ്മേ മാതാവേ, അങ്ങയുടെ മക്കളെ കാത്തുകൊള്ളേണമേ.
എൻ്റെ അമ്മേ, എൻ്റെ ആശ്രയമേ . അങ്ങയുടെ ദാസിയായി മരണം വരെ അമ്മയോടൊപ്പം വസിക്കാനുള്ള അനുഗ്രഹവും നൽകേണമേ..
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
ഷൈമോൻ തോട്ടുങ്കൽ
ന്യൂ ടൌൺ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു . വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തിൽ വൈദികരും , സന്യസ്തരും , ഡീക്കന്മാരും , അല്മായ പ്രതിനിധികളും ഉൾപ്പടെ നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ , ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജറോത്തി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ “വിശുദ്ധമായത് വിശുദ്ധർക്ക് “എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായിസീറോ മലബാർ സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം , ആധ്യാത്മികത . ശിക്ഷണക്രമം ,സംസ്കാരം , എന്നീ വിഷയങ്ങളിൽ , പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ആർച്ച് മാർ ബിഷപ്പ് സിറിൽ വാസിൽ , റെവ. ഡോ . ജേക്കബ് കിഴക്കേവീട് , റെവ . ഡോ . പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതൻ പ്രൊഫ . . ഡോ . സെബാസ്റ്യൻ ബ്രോക്ക് , പ്രൊഫ . ഡോ . പി. സി . അനിയൻ കുഞ്ഞ എന്നിവർ അവസാനിക്കുന്ന സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഓരോ പ്രബന്ധാവതരണങ്ങൾക്ക് ശേഷം പ്രതിനിധികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ചർച്ചകൾ നടത്തുകയും , അഭിപ്രായങ്ങളും , നിർദേശങ്ങളും ,ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു , രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും , നിർദേശങ്ങളും ,സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു .പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര . ഫാ. ജോർജ് ചേലക്കൽ ,. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ് , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , റെവ. ഡോ . ജോൺ പുളിന്താനത്ത് , റെവ. ഡോ . ജോസഫ് കറുകയിൽ . റെവ . ഡോ വർഗീസ് പുത്തൻപുരക്കൽ , ഡോ . മാർട്ടിൻ ആന്റണി ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു . ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു .



ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വൈശാഖ മാസാചരണ ഉത്സവം ആയി മെയ് 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5:30 മുതൽ ആഘോഷിക്കും.
വൈശാഖ പുണ്യമാസം ഗുരുവായൂർ ക്ഷേത്രം അടക്കം മറ്റനേക വൈഷ്ണവ ക്ഷേത്രങ്ങളിലും അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം. പുണ്യകർമ്മങ്ങൾക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തിൽ ക്ഷേത്ര ദർശനത്തിന് തിരക്കേറും.
ഈശ്വരാരാധനയ്ക്ക്, വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക്, ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാർത്തികം എന്നിവ. ഈ മൂന്നുമാസങ്ങളിൽ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാൽ മാധവമാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗർണ്ണമി ദിനത്തിൽ വിശാഖം നക്ഷത്രം വരുന്ന മാസമാണ് വൈശാഖം.
വൈശാഖത്തിലെ സ്നാനം, ദാനം, വിഷ്ണുപൂജ എന്നിവയുടെ മഹിമ വ്യക്തമാക്കുന്ന നിരവധി കഥകൾ പദ്മ / സ്കന്ദ പുരാണങ്ങളിൽ കാണാം. വൈശാഖത്തിൽ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാൻ വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകർമ്മമില്ല. ദാന കർമ്മങ്ങൾക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ വൈകിട്ട് ആഘോഷിക്കും 5:30 മുതൽ ഭജന (LHA), The Queen’s Platinum Jubilee ആഘോഷങ്ങൾ (LHA Juniors), ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.
ഈ വർഷത്തെ വൈശാഖ മാസാചരണ ഉത്സവ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി :
സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601.
Event will be conducted in line with government and public health guidance.
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
സുവിശേഷത്തിൽ പ. അമ്മയുടെ രണ്ട് ചോദ്യങ്ങൾ നമ്മൾ കാണുന്നു. ഒന്നാമതായി “ഇതെങ്ങനെ സംഭവിക്കും “?(LK 1:34) വലിയ പ്രതിസന്ധി നിറഞ്ഞ ഒരു സന്ദർഭത്തെയാണ് താൻ നേരിടാൻ പോകുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. ഒരു തരത്തിലും സ്വബുദ്ധികൊണ്ട് മനസ്സിലാകാത്ത ഒരു കാര്യത്തെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലന്നും വിശ്വസിച്ച് സ്വയം വിട്ടു കൊടുക്കുന്ന അമ്മ.
രണ്ടാമതായി “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?” (Lk2.48)എന്ന് പരിഭ്രമത്തോടെ ചോദിക്കുന്ന അമ്മ. “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണന്ന് നിങ്ങൾ അറിയുന്നില്ലേ ?” (Lk2.49) മകന്റെ ഈ ചോദ്യത്തിനു മുമ്പിൽ ‘ഇവൻ എന്റേതല്ല, സ്വർഗ്ഗീയ പിതാവിന്റേതാണ് ‘ എന്ന ആഴമായ ബോദ്ധ്യത്തിൽ മകന്റെ മേലുള്ള ഉടമസ്ഥാവകാശം എല്ലാം വിട്ടുകൊടുത്ത് ശാന്തമായി ഹൃദയത്തിൽ സoഗ്രഹിക്കുന്ന നല്ല അമ്മ. രക്ത ബന്ധങ്ങൾക്കും ആത്മീയ ബന്ധങ്ങൾക്കും അപ്പുറമുള്ള ഒരു ദൈവികബന്ധത്തിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. പിന്നീട് അമ്മ ഒരു ചോദ്യവും ചോദിക്കുന്നില്ല. പകരം ‘അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ'(Jn 2:5) എന്നു മാത്രം പറഞ്ഞ് ദൈവത്തിന്റെ പ്രവൃത്തികളെ വിശ്വാസപൂർവം നോക്കി കാണുന്നു. ഇങ്ങനെയുള്ള അമ്മയെയാണ് കുരിശിൻ ചുവട്ടിൽ വച്ച് ലോകം മുഴുവന്റെയും അമ്മയാക്കി ഈശോ മാറ്റിയത്.
പ. അമ്മയുടെ ഈ ചോദ്യങ്ങളെയും അമ്മയുടെ സമർപ്പണത്തെയും കുറിച്ച് നമുക്കു ധ്യാനിക്കാം.
പ്രതീക്ഷിക്കാത്ത രീതിയിലുളള രോഗങ്ങൾ, അപകടങ്ങൾ, മുമ്പോട്ടു പോകാൻ സാധിക്കാത്ത രീതിയിലുള്ള കടബാദ്ധ്യതകൾ, പരാജയങ്ങൾ, പ്രിയപ്പെട്ടവരുടെ ആകസ്മികമായ മരണങ്ങൾ എന്നിങ്ങനെ ജീവിതം നീട്ടി തരുന്ന സഹനത്തിന്റെ ഇടവേളകളിൽ നമ്മുടെ മനസ്സിൽ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ കടന്നു വന്നേക്കാം. അപ്പോഴെല്ലാം അമ്മയെപ്പോലെ മനസ്സിലുയരുന്ന ചോദ്യങ്ങളെയെല്ലാം ദൈവതിരുമുമ്പിലേക്കുള്ള സമർപ്പണമാക്കി മാറ്റാൻ കഴിയട്ടെ .
ഈശോ തന്റെ ജീവിത വഴികളിൽ കുരിശിൽ കിടന്നുകൊണ്ട് സങ്കീർത്തനം ഉരുവിട്ട് ചോദിച്ചു.” എന്റെ ദൈവമെ, എന്റെ ദൈവമെ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?”(Mt27:46)
പിതാവിന്റെയടുക്കൽ നിന്ന് ഒരു ഉത്തരവും ലഭിച്ചില്ല. എന്നാൽ വളരെ പ്രത്യാശയോടെ ഈശോ ഈ ചോദ്യങ്ങളെ സമർപ്പണമാക്കി മാറ്റി.
” പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”(Lk 23:46) ഈ ഒരു പ്രത്യാശയോടെയുള്ള സമർപ്പണമാണ് നമ്മൾ നടത്തേണ്ടത്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ കർത്താവിന്റെ ഈ തിരുവചനം നമുക്കു ശക്തി പകരട്ടെ . ” എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങൾ അങ്ങയിൽ അഭയം പ്രാപിക്കുന്നു.”(2 ദിന 20:12) പ്രത്യാശയോടെ പ. അമ്മയുടെ കരത്തിൽ നമുക്കു മുറുകെ പിടിക്കാം.
പ. അമ്മയുടെ മനോഹരമായ ഒരു ഭക്തി ഗാനത്തിൽ ജീവിതത്തിന്റെ ദു:ഖ വേളകളിൽ പ.അമ്മ നമ്മോട് പറയുന്ന ഒരു വചനം നമ്മുടെ കാതുകളിൽ എപ്പോഴും മുഴങ്ങി നില്ക്കട്ടെ. ” കുഞ്ഞേ, നീ വേച്ചു വീഴാതിരിക്കാൻ സ്വർഗ്ഗം നിനക്കു നാട്ടി തരുന്ന കൃപയുടെ വേലിക്കെട്ടാണ് സ്ലീവാ”.
സുകൃതജപം
പ. അമ്മേ, മനസ്സിലുയരുന്ന എന്റെ ചോദ്യങ്ങളെെയല്ലാം സമർപ്പണമാക്കി മാറ്റാൻ എന്നെ പഠിപ്പിക്കണമെ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
ബിനോയ് എം. ജെ.
മനുഷ്യന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു. അതിനാൽതന്നെ അവൻ എപ്പോഴും പൂർണ്ണനാണ്. എന്നാൽ താൻ അപൂർണ്ണനാണെന്ന് എല്ലാവരും തന്നെ കരുതുന്നു. ഇതിൽനിന്നും പൂർണ്ണനാകുവാനുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ആരംഭിക്കുന്നു. ഈ ആഗ്രഹവും പരിശ്രമങ്ങളും എന്നെങ്കിലും സഫലമാകുന്നുണ്ടോ? ശരിക്കും അവൻ അപൂർണ്ണനായിരൂന്നുവെങ്കിൽ ഈ പരിശ്രമങ്ങൾ അർത്ഥവ്യത്തും ഫലവത്തും ആകുമായിരുന്നു. എന്നാൽ ഈ അപൂർണ്ണത സാങ്കൽപികം മാത്രമാണെങ്കിൽ പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും അത്തരമൊരു സങ്കൽപത്തെ ദൃഢപ്പെടുത്തുകയും അതിനാൽതന്നെ ഒരിക്കലും ഫലം ചൂടാതെ വരികയും ചെയ്യുന്നു. കുറെകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ അപൂർണ്ണനായി കാണപ്പെടുന്നതിന്റെ അടിസ്ഥാനപരമായ കാരണം പൂർണ്ണനാകുവാനുള്ള ഈ ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞുവക്കുന്നു.
ഇതിനെ ഞാനൽപംകൂടി വിശദീകരിക്കാം. പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും സംഭവിക്കണമെങ്കിൽ അതിനു മുമ്പേതന്നെ ഞാൻ അപൂർണ്ണനാണെന്ന് സ്വയം സങ്കൽപിക്കേണ്ടിയിരിക്കുന്നു. ഈ സങ്കല്പം കാലക്രമത്തിൽ ദൃഡപ്പടുകയും അപൂർണ്ണത മനുഷ്യന്റെ ലക്ഷണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം പൂർണ്ണതയ്ക്കുവേണ്ടി പരിശ്രമിച്ചിട്ടും അതിൽ വിജയം കാണാതെ പോകുന്നത്. ഇവിടെ വേണ്ടത് പലരും കരുതുന്നത് പോലെ കൂടുതൽ കഠിനമായ പരിശ്രമങ്ങളല്ല മറിച്ച് മനോഭാവത്തിലുള്ള അടിസ്ഥാനപരമായ ഒരു മാറ്റമാണ്.
താൻ അപൂർണ്ണനാണ് എന്നുള്ള മൂഢമായ ചിന്തയിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളും ദു:ഖങ്ങളും ഉരുത്തിരിയുന്നത്. ഇത് തീർച്ചയായും നിഷേധാത്മകമായ ഒരു ചിന്തയാണ്. അപൂർണ്ണനായ ഒരുവന് പൂർണ്ണനാകുവാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാർത്ഥതയും ആഗ്രഹവും ജനിച്ചുവീഴുന്നു. താൻ അപൂർണ്ണനും പാപിയുമാണെന്ന് പഠിപ്പിക്കുന്ന മതസമ്പ്രതായങ്ങളും ചിന്താപദ്ധതികളും മനുഷ്യന് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. അങ്ങിനെ ചിന്തിക്കുവാൻ എളുപ്പമാണ്. എന്നാൽ അതവനെ തീരാദു:ഖത്തിൽ കൊണ്ടുവന്ന് ചാടിക്കുന്നു.
പൂർണ്ണനാകുവാൻ മനുഷ്യന് തീർച്ചയായും കഴിയും. കാരണം അവൻ എന്നും പൂർണ്ണൻ തന്നെയാണ്. അതിനാൽ തന്നെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ പഠിക്കുവിൻ. യാഥാർഥ്യമെന്തെന്നറിയുവിൻ. ആ അറിവ് നിങ്ങളിൽ നിർണ്ണായകമായ ആ മാറ്റം കൊണ്ടുവരുന്നു. നിങ്ങൾക്ക് മറ്റൊരാളാവേണ്ട ആവശ്യമില്ല. യാതൊന്നും ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. പുരോഗതിയുടെ ആവശ്യമില്ല. വ്യക്തിത്വ വികസനത്തിന്റെ ആവശ്യമില്ല. മൂല്യങ്ങൾ ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. ആകപ്പാടെ ഒരുമൂല്യമേ നിങ്ങൾക്കാവശ്യമുള്ളൂ..നിങ്ങളോടുതന്നെയുള്ള അളവറ്റ ബഹുമാനവും ആദരവും. നിങ്ങളെത്തന്നെ പൂർണ്ണമായി സ്വീകരിക്കൂവാനുള്ള സന്നദ്ധത. നിങ്ങൾക്ക് നിങ്ങളാകുവാനുള്ള തന്റേടം. അതിന്റെ പിറകേ എല്ലാ മൂല്യങ്ങളും വന്നു ചേരുന്നു. മൂല്യങ്ങൾ ഓരോന്നായി ആർജ്ജിച്ചെടുക്കുന്നത് അശാസ്ത്രീയമായ കാര്യമാണ്. മഠയന്മാരേ അതിനു മുതിരൂ. മൂല്യങ്ങൾ എല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. ഈശ്വരൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. ആ ഈശ്വരനെ ഒന്നു കാണുവിൻ. അപ്പോൾ നിങ്ങളുടെ തൃഷ്ണകളെല്ലാം തിരോഭവിക്കുന്നു. നിങ്ങളിലെ അപകർഷത കത്തി ചാമ്പലാകുന്നു.
എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളും ഇടവകകളും കേന്ദ്രീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
മെയ് 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തുന്നതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചയ്ക്ക് 1.20 ന് വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേരും. തുടർന്ന് പ്രസുദേന്തി വാഴ്ചയും അതിനു ശേഷം തീർത്ഥാടനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും. അഭിവന്ദ്യ പിതാവിനോടൊപ്പം എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി, രൂപതയിലെ വികാരി ജനറാൾമാർ എന്നിവർ തീർത്ഥാടനത്തിന്റെ തിരി തെളിയിക്കും.
ഉച്ചയ്ക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കുക. രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനയ്ക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യേകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സമാപനശീർവാദം നടക്കും. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്യുന്നതാണ്. തുടർന്ന് തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് അറ്റൻഡർമാരുടെ നിയന്ത്രണത്തിൽ വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
റവ. ഫാ. ടോമി എടാട്ട് (07438434372), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)
Addres of the Venue: The Friars, Aylesford, Kent, ME20 7BX