സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

“ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളേ…” എന്ന അഭിസംബോധന മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് ആയിരം ദിവസം തികഞ്ഞു. മരിയഭക്തിയിൽ തുടങ്ങുന്ന ഓരോ പ്രഭാതത്തിലും പുഞ്ചിരിയോടും ഊർജ്ജസ്വലതയോടും അതിലുപരി ഉത്സാഹത്തോടും കൂടി അഭിസംബോധന ചെയ്ത് ഓരോ ക്രൈസ്തവനേയും വിളിച്ചുണർത്തുന്ന ആത്മീയ ശുശ്രൂഷ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ. മനോഹരമായ ഗാനങ്ങൾ. മുടങ്ങാതെയുള്ള ഈ ആത്മീയ ശുശ്രൂഷ ഇന്ന് ആയിരം ദിവസത്തിലെത്തി നിൽക്കുകയാണ്.

ഇത് ഫാ. ജോസ് അന്ത്യാംകുളം MCBS. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സ്രഷ്ടാവ്. ദിവസവും നാം കേൾക്കുന്ന ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളെ എന്ന വിളി ഇനി മുതൽ ഈ വൈദീകന് സ്വന്തം. ഈ ആത്മീയ ശുശ്രൂഷ ആയിരം എപ്പിസോഡിൽ എത്തിയതിൻ്റെ സന്തോഷത്തിലാണ് ഫാ. ജോസ് അന്ത്യാംകുളം.

2019 പരി. കന്യാമറിയത്തിൻ്റെ വിമലഹൃദയ തിരുന്നാളിനോട് കൂടിയാണ് ഇങ്ങനെയൊരു ശുശ്രൂഷ ആരംഭിച്ചത്. വി. ലൂയിസ് മോൺഫോട്ടിൻ്റെ “യഥാർത്ഥ മരിയഭക്തി”യെന്ന പുസ്തകത്തിൽ പരി. അമ്മ വഴിയാണ് ഈശോയിലേയ്ക്ക് എത്തേണ്ടത് എന്നത് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. ഈ ആത്മീയ ശുശ്രൂഷ മുടങ്ങാതെ ചെയ്യുവാൻ ധാരാളം ത്യാഗങ്ങളും സഹനങ്ങളും ആവശ്യമായിട്ടുണ്ടെന്ന് ഫാ. ജോസ് അന്ത്യാംകുളം പറഞ്ഞു. അഞ്ഞൂറാം എപ്പിസോഡിലും എഴുന്നൂറ്റമ്പതാം എപ്പിസോഡിലുമൊക്കെ ഇതവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടലിലൂടെ അത് സാധ്യമാകാതെ ആയിരം എപ്പിസോഡിൽ എത്തി നിൽക്കുന്നു. പരിശുദ്ധ അമ്മയിലൂടെ വേണം യേശുവിനെ അറിയാൻ എന്ന ഒരു പാട് വിശുദ്ധരുടെ സാക്ഷ്യവും ഇതിന് കൂടുതൽ പ്രചോദനകരമായി. അതോടൊപ്പം ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും മുമ്പ് ശുശ്രൂഷ ചെയ്തിരുന്ന ഭദ്രാവതി രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് അരുമച്ചാടത്തിൻ്റെയും പ്രോത്സാഹനങ്ങൾ എടുത്ത് പറയേണ്ടതാണെന്ന് ഫാ. ജോസ് അന്ത്യാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

അഭിവന്ദ്യ പിതാക്കന്മാരെ കൂടാത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളന്മാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. ജോർജ്ജ് ചേലയ്ക്കൽ, മോൺ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ PRO ഫാ. ടോമി എടാട്ട്, സി. ആൻമരിയ SH, ജോളി മാത്യൂ ഗ്രേറ്റ് ബ്രിട്ടൺ രൂപത വുമൺസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, ഫാ. മാർട്ടിൻ നൈനാ പറമ്പിൽ റെക്ടർ ചങ്ങനാശ്ശേരി അതിരൂപത, ഫാ. ജോൺസൺ അന്ത്യാംകുളം, ഫാ. ബിനോയ് ആലപ്പാട്ട്, മാത്യൂ കുമരകം എന്നിവർ ആശംസകളർപ്പിച്ചു. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയ്ക്ക് വളരെ വലിയ പ്രതികരണമാണ് ഇതിനോടകം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മരിയഭക്തിയിലൂടെ ആത്മീയമായി ജനങ്ങളെ ഈശോയിലേയ്ക്കടുപ്പിക്കുവാനുള്ള വഴിയൊരുക്കുകയാണ് ഫാ. ജോസ് അന്ത്യാംകുളം ചെയ്യുന്നത്.

തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം. ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാൻ, ബെക്സ് ഹിൽ ഓൺസി സെൻ്റ് തോമസ്സ് മോർ മിഷൻ ആൻ്റ് ലിറ്റിൽ ഹാംടൺ സെൻ്റ് കാതറിൻ മിഷൻ ഡയറക്ടർ, സൗത്താംപടൺ റീജണൽ കാറ്റകിസം , ഇവാഞ്ചലൈസേഷൻ ഡയറക്ടർ എന്നീ നിലകളിൽ ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.

പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് നിന്നുള്ള ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ…