ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതാണ്ട് ഉറപ്പിച്ച താരമായിരുന്നു അമ്പാട്ടി റായിഡു. ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനം റായിഡുവിന് തിരിച്ചടിയായി. ഐപിഎല്ലില്‍ ചെന്നൈക്കായി തിളങ്ങാനും റായഡുവിനായില്ല.
ഇതോടെ ലോക കപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡു പുറത്തായി. പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലെത്തി.
ഏകദിന ടീമില്‍ സമീപകാലത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള റായിഡുവിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തു വരുമ്പോള്‍ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ട്വിറ്ററില്‍. ലോക കപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നാണ് പകുതി തമാശയായും പരിഹാസമായും റായിഡുവിന്റെ ട്വീറ്റ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കു ശേഷം റായിഡു നാലാം നമ്പറില്‍ സ്ഥാനം ഉറപ്പിച്ചുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാലത്തെ മോശം ഫോം റായിഡുവിന് തിരിച്ചടിയായി.
മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ ലോകകപ്പില്‍ പന്തെറിയാന്‍ പേടിയാണെന്ന് പറഞ്ഞതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ജസ്പ്രീത് ബൂമ്രയാണ് നിലവില്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്ന് മലിംഗ പറഞ്ഞു.
ബൂമ്രയുടെ മികവിനെക്കുറിച്ച് നമുക്കെല്ലാം ആറിയാം. മുംബൈ ഇന്ത്യന്‍സിലും ലോക ക്രിക്കറ്റിലും ബൂമ്രയാണ് ഒന്നാം നമ്പര്‍ ബൗളര്‍-മലിംഗ പറഞ്ഞു. ഐപിഎല്ലില്‍ എട്ടു കളികളില്‍ നിന്ന് എട്ടു വിക്കറ്റാണ് ബൂമ്രയുടെ ഇതുവരെയുള്ള നേട്ടം.
മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമാകും ബൂമ്രയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
“@Jaspritbumrah93 is the number one bowler in #MI and world cricket.” – Lasith Malinga #OneFamily #CricketMeriJaan #MumbaiIndians #MIvRCB pic.twitter.com/K1tNZdo3vG
— Mumbai Indians (@mipaltan) April 16, 2019
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് പുറത്തായപ്പോള്‍ മെസി മാജിക്കില്‍ ബാഴ്‌സ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബാഴ്‌സിലോണ തകര്‍ത്തത്. നൗക്യാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ലെയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി കളിയിലെ താരമായി. ഇരു പാദങ്ങളിലായി 4-0 ത്തിന്റെ വിജയമാണ് ബാഴ്‌സ നേടിയത്. ആദ്യപാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സ ജയിച്ചത്.
മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ കുടിഞ്ഞ്യോയുടെ വകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിക്കാനായില്ല. മത്സരത്തിന്റെ 16, 20 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന് ബാഴ്‌സ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ഒരു ഗോള്‍ കൂടി സ്വന്തമാക്കി ആധിപത്യം ഉറപ്പിച്ചു. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് കുടിഞ്ഞ്യോയിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.
മെസിയുടെ ടീം സെമിയില്‍ പ്രവേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് തിരിച്ചടിയായി. റോണോയുടെ യുവന്റസ് ലീഗില്‍ നിന്ന് പുറത്തായി. ഡച്ച് ശക്തികളായ അയാക്‌സിനോട് പരാജയം വഴങ്ങിയാണ് യുവന്റസ് ലീഗില്‍ നിന്ന് പുറത്തായത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് അയാക്‌സ് സെമിയില്‍ കടന്നു.
ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് പരാജയം സമ്മതിക്കുകയായിരുന്നു. രണ്ട് പാദങ്ങളിലുമായി 3-2 ന് വിജയിച്ചാണ് അയാക്‌സ് സെമി പ്രവേശനം നടത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 28-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി യുവന്റസ് കളം നിറഞ്ഞെങ്കിലും 34, 67 മിനിറ്റുകളില്‍ അയാക്‌സ് തിരിച്ചടിച്ചു. 34-ാം മിനിറ്റില്‍ വാന്‍ ഡി ബീക്കും 67 -ാം മിനിറ്റില്‍ മാത്തിയിസ് ഡി ലിറ്റുമാണ് അയാക്‌സിനായി ഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.
ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.
ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 37), കീറണ്‍ പൊള്ളാര്‍ഡ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയതാണ് മുംബൈയുടെ വിജയം വൈകിപ്പിച്ചത്.
നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.
പാര്‍ത്ഥിവ് പട്ടേല്‍ (20 പന്തില്‍ 28), വിരാട് കോലി (8), മാര്‍കസ് സ്‌റ്റോയിനിസ് (0), അക്ഷ്ദീപ് നാഥ് (2), പവന്‍ നേഗി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ലോകകപ്പ് സ്വപ്നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തുന്നു. ഇന്ത്യയുടെ യുവ പ്രതീക്ഷ ഋഷഭ് പന്തിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രം കുറിച്ച് വിരാട് കോലിയും സംഘവും പരമ്പര നേടിയപ്പോള്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് പന്ത് ആരാധകരുടെ പ്രിയ യുവതാരമായി മാറിയത്.
ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തിന് പിന്നീടുള്ള മത്സരത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യുവതാരത്തിന് അര്‍ഹതയുണ്ടെന്ന പക്ഷക്കാരാണ് ക്രിക്കറ്റ് ആരാധകരില്‍ ഏറിയപങ്കും. ധോണിയുടെ പകരക്കാരനായി പോലും പന്തിനെ വാഴ്ത്തുന്നവരും കുറവല്ല. മികച്ച ഭാവിയുള്ള യുവതാരത്തിനെ എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
റിഷഭ് പന്തിനെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ കണ്ടെത്തിയത് വിചിത്രമായ കാരണങ്ങള്‍. പന്ത് ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായതിനാലാണ് ലോകകപ്പ് ടീമില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇടം പിടിച്ചതെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കുന്നു.
മധ്യനിര ബാറ്റ്സ്മാന്‍ അമ്പാട്ടി റായുഡുവിനെ ടീമിലുള്‍പ്പെടുത്താത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ദിനേശ് കാര്‍ത്തിക്കിനെതിരായാണ് പ്രതിഷേധം. പന്തിന്‍റെയും റായുഡുവിന്‍റെയും സാധ്യതകളെ തട്ടിത്തെറിപ്പിച്ചത് കാര്‍ത്തികാണെന്ന് പലരും ട്വിറ്ററിലൂടെ വിമര്‍ശിച്ചിട്ടുണ്ട്.
വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.
കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.
ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. രോഹിത് ശര്‍മയാണ് ഉപനായകന്‍. ദിനേശ് കാര്‍ത്തിക് രണ്ടാംവിക്കറ്റ് കീപ്പര്‍. അമ്പട്ടി റായുഡുവിനെയും റിഷഭ് പന്തിനെയും ഒഴിവാക്കി. ലോകേഷ് രാഹുൽ ടീമിലിടംപിടിച്ചു. കേദാര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിജയ് ശങ്കറും ഓള്‍റൗണ്ടര്‍മാര്‍.
ടീമില്‍ മൂന്ന് പേസ് ബോളര്‍മാര്‍ ഇടം പിടിച്ചു. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും ചഹലും സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. കോഹ്‌ലി നയിക്കുന്ന ആദ്യലോകകപ്പാണിത്.
ടീം ഇന്ത്യ: വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീസ് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.
#TeamIndia for @ICC #CWC19 💪💪#MenInBlue 💙 pic.twitter.com/rsz44vHpge
— BCCI (@BCCI) April 15, 2019
ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.
എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.
ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും. അഫ്‌ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
ക്രിസ് ഗെയ്‌ലിന്റെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മ ഇല്ലാതെ ഇറങ്ങിയ മുംബൈന്‍സിന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം.പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7.
അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.ആദ്യ പന്ത് നോ ബോളാവുകയും പൊള്ളാര്‍ഡ് സിക്സര്‍ നേടുകയും ചെയ്തതോടെ മുംബൈക്ക് ആത്മവിശ്വാസമായി. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പുറത്തായതോടെ വീണ്ടും മുംബൈ സമ്മര്‍ദ്ദത്തിലായി. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍വേണ്ടിയിരുന്നത്. പന്ത് കൊണ്ട് നിരാശപ്പെടുത്തിയ അല്‍സാരി ജോസഫ് ബാറ്റുകൊണ്ട് മുംബൈക്കായി വിജയറണ്‍ ഓടിയെടുത്തു.
രോഹിത്തിന്റെ പകരക്കാരാനായി ടീമിലെത്തിയ യുവതാരം സിദ്ദേശ് ലാഡ് ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. അടുത്ത പന്ത് ബൗണ്ടറിയടിച്ച് മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. നല്ല തുടക്കം കിട്ടിയിട്ടും ഡീകോക്ക്(24), സൂര്യകുമാര്‍ യാദവ്(21), ഇഷാന്‍ കിഷന്‍(7), ഹര്‍ദ്ദിക് പാണ്ഡ്യ(19) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ മുംബൈ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടി. അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 32 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.സാം കറനെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സറടക്കം പൊള്ളാര്‍ഡ് 17 റണ്‍സടിച്ചു. 10 സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഷമിയാണ് ബൗളിംഗില്‍ തിളങ്ങിയത്.
നേരത്തെ തുടക്കത്തിലെ ഗെയ്ല്‍ കൊടുങ്കാറ്റിനുശേഷം അവസാനം ആഞ്ഞടിച്ച കെ എല്‍ രാഹുലിന്റെ സെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ അടിച്ചെടുത്തത്. 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് പഞ്ചാബിന് മികച്ച സ്കോറിലെത്തിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്‌ല്‍-രാഹുല്‍ സഖ്യം 13 ഓവറില്‍ 116 റണ്‍സടിച്ചു. ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡ് ഗെയ്‌ലാട്ടം തുടങ്ങിയതോടെ കുതിച്ചു കയറി. ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്സ്. ഗെയ്ല്‍ പുറത്തായശേഷം മന്ദഗതിയിലായ പഞ്ചാബ് ഇന്നിംഗ്സിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ എല്‍ രാഹുലാണ് ഗതിവേഗം നല്‍കിയത്. പതിനേഴാം ഓവറില്‍ 143 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍.
ബൂമ്ര എറിഞ്ഞ 18-ാം ഓവറില്‍ 16 റണ്‍സടിച്ച പഞ്ചാബ് ഹര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ചു. ബൂമ്രയുടെ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ അവസാന മൂന്നോവറില്‍ പഞ്ചാബ് അടിച്ചുകൂട്ടിയത് 54 റണ്‍സ്. ഇതില്‍ 36 ഉം അടിച്ചത് കെ എല്‍ രാഹുലും.ആറ് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ അപാരാജിത ഇന്നിംഗ്സ്. മുംബൈക്കായി ഹര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്രയും ബെഹന്‍റോഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ആറു വിക്കറ്റുമായി അരങ്ങേറിയ അല്‍സാരി ജോസഫ് രണ്ടോവറില്‍ 22 റണ്‍സ് വഴങ്ങി.