പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേരെത്തിയ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും തലപ്പത്ത്. 80 റൺസിനാണ് ചെന്നൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവർക്കൊഴികെ മറ്റാർക്കും ശോഭിക്കാൻ കഴിയാതെ പോയതോടെ ഡൽഹി 99 റൺസിനു പുറത്തായി. 22 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. ഇതോടെ 13 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച ചെന്നൈ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി 16 പോയിന്റുമായി രണ്ടാമതുണ്ട്. 22 പന്തിൽ പുറത്താകാതെ 44 റണ്‍സെടുത്ത് വിക്കറ്റിനു മുന്നിലും രണ്ടു സ്റ്റംപിങ്ങും ഒരു ക്യാച്ചുമായി വിക്കറ്റിനു പിന്നിലും തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ ക്യാപ്റ്റൻ ധോണിയാണ് കളിയിലെ കേമൻ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് സുരേഷ് റെയ്നയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിൽ തകർത്തടിച്ച മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനങ്ങളുമാണ് തുണയായത്. 37 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 59 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. പനി മാറി ടീമിൽ തിരിച്ചെത്തിയ ധോണി 22 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 44 റൺസെടുത്തു പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 10 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 25 റൺസെടുത്തു. 41 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 39 റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും നിർണായകമായി.

ഡൽഹി നിരയിൽ ജഗദീഷ് സുചിത്ത് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും അക്സർ പട്ടേൽ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര മൂന്ന് ഓവറിൽ 16, റൂഥർഫോർഡ് രണ്ട് ഓവറിൽ 19, ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 എന്നിങ്ങനെ റണ്‍സ് വിട്ടുകൊടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയ്ക്കു മേൽ ചെന്നൈ സ്പിന്നർമാർ അക്ഷരാർഥത്തിൽ കൊടുങ്കാറ്റായി പതിച്ചു. പിടിച്ചുനിൽക്കാനായത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു മാത്രം. 13 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 19 റൺസെടുത്ത ധവാനും 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. പൃഥ്വി ഷാ (നാല്), ഋഷഭ് പന്ത് (അഞ്ച്), കോളിൻ ഇന്‍ഗ്രാം (ഒന്ന്), അക്സർ പട്ടേൽ (9), റൂഥർഫോർഡ് (രണ്ട്), ക്രിസ് മോറിസ് (പൂജ്യം), സുചിത്ത് (ആറ്), അമിത് മിശ്ര (എട്ട്), ട്രെന്റ് ബോൾട്ട് (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ പ്രകടനം.

ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ 3.2 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഹർഭജൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ മൂന്ന് ഓവറിൽ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയ ഡ്വെയിന്‍ ബ്രാവോയ്ക്കു മാത്രം വിക്കറ്റ് കിട്ടിയില്ല.