Sports

ഏകദിന പരമ്പരയിലെ വിജയം ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അതിലുപരി ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ബര്‍മിംഗ്ഹാമിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നില്ല. ബര്‍മിംഗ്ഹാമിലേ മൈതാനത്ത് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മറ്റൊരു ചരിത്രവും ഇംഗ്ലണ്ടിനൊപ്പമാകും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലീഷ് പട സ്വന്തമാക്കും.

1877 മാര്‍ച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആകെ കളിച്ച 999 ടെസ്റ്റ് മത്സരങ്ങളില്‍ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 345 എണ്ണം സമനിലയില്‍ അവസാനിച്ചു. ആയിരാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സി രംഗത്ത് വന്നു.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും കളത്തിലിറങ്ങുക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. എന്നാല്‍ ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നംകൂടിയാണ്. കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ

വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ അഭിമാന താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണെന്ന് പറഞ്ഞ ടോം ഫെബ്രുവരിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തില്‍ കയറിക്കൂടിയ കള്ളന്മാരുമാണെന്നാണ് താരം ആരോപിച്ചിരിക്കുന്നത്. വോളിബോള്‍ അസോസിയേഷനിലടക്കം നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിങ്ങള്‍ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന് കായിക മന്ത്രിയോടും കായിക കേരളത്തോടും ചോദിക്കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫണ്ടില്‍ കയ്യിട്ടു വാരാത്ത പണക്കൊതിയന്മാരായ നല്ല സംഘാടകര്‍ പണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉള്ളവരെല്ലാം അഴിമതി നടത്തുന്നവരാണെന്നും ടോം ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കായിക കേരളത്തോട്.
കായിക ഭരണകർത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.

നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …

കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.

ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.

ഒരിക്കൽ, ഇന്നും.
വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്.
ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.

വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയൻമാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുൻപ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും വരുന്നതിന് മുൻപുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്.
നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോർട്ടുകൾ.
ആർക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.

അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ.
കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്പോട്സ് കൗൺസിൽ.
എന്തിനാണ് സർ
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….

 

ലാലിഗ പ്രീ സീസൺ കിരീടം ജിറോണ എഫ്.സിയ്ക്ക്. അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 5–0ന് തോല്‍പിച്ചു . മോണ്‍ടെസ്, ഗ്രാനല്‍, പോറോ,ബെനിറ്റസ്,ഗാര്‍സിയ എന്നിവരാണ് ജിറോണക്കായി ഗോള്‍ നേടിയത് . ആദ്യമല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ ജിറോണ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു

തികച്ചും ലോകോത്തരമെന്നു വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ എറിക് മോണ്ടെസാണ് ജിറോണയ്ക്ക് തുടക്കത്തിൽ ലീഡ് സമ്മാനിച്ചത്. മൽസരത്തിന്റെ ആദ്യപകുതിയിൽ ജിറോണ എഫ്സിയുടെ ലോകോത്തര താരനിരയെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. പ്രതിരോധ മികവിനൊപ്പം ഭാഗ്യവും തുണച്ചതോടെയാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നത്.

ജിറോണ എഫ്സിയുടെ രണ്ട് ഗോൾശ്രമങ്ങൾക്കു മുന്നിൽ പോസ്റ്റും ക്രോസ് ബാറും വില്ലനായി. പ്രതിരോധത്തിൽ ഉറച്ചുനിൽക്കുമ്പോഴും ആരാധകരെ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ജിറോണ എഫ്സിയുടെ ബോക്സിനുള്ളിൽ പന്തെത്തിയതുപോലും വളരെ വിരളമായി മാത്രം.ഭൂരിഭാഗവും കളി നിയന്ത്രിച്ച ജിറോണ താരങ്ങള്‍ നിരവധി ഗോളവസരങ്ങൾ തുറന്നു

തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു.  സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.

തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.

2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.

ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.

മാഡ്രിഡ്: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്ക് 150 കോടി പിഴയും രണ്ട് വര്‍ഷം തടവ് ശിക്ഷയും. നികുതി വെട്ടിപ്പു കേസിലാണ് സ്പാനിഷ് കോടതിയുടെ കടുത്ത ശിക്ഷ. സ്പാനിഷ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ തടവു ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ കടുത്ത ടാക്‌സ് നിയന്ത്രണങ്ങള്‍ മൂലമാണ് റൊണാള്‍ഡോ ഇറ്റലിയിലേക്കു ചേക്കേറിയതെന്ന് ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതി വിധി.

പതിനാലു മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ആറു ദശലക്ഷത്തോളമായി ചുരുങ്ങി. സമീപകാലത്ത് ഒരു ഫുട്ബോള്‍ താരം നികുതി വെട്ടിപ്പ് കേസില്‍ അടയ്ക്കേണ്ടി വന്ന ഏറ്റവും വലിയ തുകയാണ് റോണോയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. സമാന കേസില്‍ ബാഴ്സോലണ താരം ലയണല്‍ മെസിക്കും പിഴ ലഭിച്ചിരുന്നു. ഏതാണ്ട് നാല് ദശലക്ഷം യൂറോ പിഴയും 21 മാസത്തെ തടവുമാണ് കോടതി വിധിച്ചത്. മാഞ്ചസ്റ്റര്‍ യുണെറ്റഡ് താരം അലക്സിസ് സാഞ്ചസ്, അര്‍ജന്റീന താരം മഷറാനോ എന്നിവരും നികുതി വെട്ടിപ്പു കേസില്‍ വന്‍തുക പിഴ അടക്കേണ്ടി വന്ന താരങ്ങളാണ്.

കേസിന്റെ ആദ്യഘട്ടം മുതല്‍ ആരോപണങ്ങളെ നിഷേധിച്ച റൊണാള്‍ഡോ പിന്നീട് കുറ്റം സമ്മതിച്ച് ഒത്തു തീര്‍പ്പിനൊരുങ്ങുകയായിരുന്നു. ഒത്തുതീര്‍പ്പിനു മുതിര്‍ന്നില്ലായെങ്കില്‍ ഒരു പക്ഷേ താരത്തിന് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ലോകകപ്പിന്റെ അവസാനത്തോടെയാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറാന്‍ റോണോ തീരുമാനിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കായിരുന്നു കൈമാറ്റം. പിന്നാലെ ഫ്രാന്‍സ് ഫുട്ബോള്‍ ഇതിഹാസവും മുന്‍ റയല്‍ കോച്ചുമായി സിനദിന്‍ സിദാനും യുവന്റസ് പരിശീലക സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെ രണ്ടു ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എ ടീമില്‍ കീപ്പറായി സഞ്ജു സ്ഥാനം നേടി. എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കുമ്പോള്‍ ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും നയിക്കുന്നത് ശ്രേയസ്സ് അയ്യരാണ്. ഈ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് രണ്ടു പരമ്പരകളും നടക്കുന്നത്. അതേ സമയം ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ്സ് ടൂണമെന്റായ ദുലീപ് ട്രോഫിയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടം കണ്ടെത്തി.ഓഗസ്റ്റ് 17 മുതല്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകളാകും ഏറ്റുമുട്ടുക. ഇതില്‍ ഇന്ത്യ ബ്ലൂ ടീമിലാണ് ബേസില്‍ ഇടം നേടിയിരിക്കുന്നത്.

ചതുര്‍രാഷ്ട്ര ഏകദിന പരമ്പരക്കുള്ള ടീമുകള്‍;

ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലഡ്, സഞ്ജു സാംസണ്‍, മായങ്ക് മര്‍ക്കണ്ഡേ, കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍ മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ബി: മനീഷ് പാണ്ഡേ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, റിക്കി ഭൂയി, വിജയ് ശങ്കര്‍, ഇഷന്‍ കിഷന്‍, ശ്രേയസ്സ് ഗോപല്‍, ജയന്ത് യാദവ്, ഡി എ ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, പ്രസീദ് കൃഷ്ണ, കുല്‍വന്ത് ഖെജ്റോളിയ, നവ്ദീപ് സെയ്നി.

ടെസ്റ്റ് പരമ്പരക്കുള്ള ടീം:

ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര്‍ സമര്‍ത്ഥ്, മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്‍, ഹനുമ വിഹാരി, അങ്കിത് ബാവ്നെ, കെ എസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹബാസ് നദീം (ഇരുവരോ ഓരോ മത്സരങ്ങള്‍ കളിക്കും), യുസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവ്ദീപ് സെയ്നി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്‌കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കി. റഷ്യന്‍ പൗരനും ആഫ്രിക്കയില്‍ വേരുകളുള്ള താരവുമായ ഇര്‍വിങ്ങ് ബൊടോകോ യൊബോമയെയാണ് ടോര്‍പിഡോ ക്ലബ് സ്വന്തമാക്കി ആറു ദിവസത്തിനുളളില്‍ തന്നെ ഒഴിവാക്കിയത്.

താരം ക്ലബിനു വേണ്ടി ഒരു മത്സരവും കളിക്കില്ലെന്ന് ക്ലബ് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചു. പത്തൊന്‍പതുകാരനായ താരം ലൊകോമോട്ടീവ് മോസ്‌കോയില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാറില്‍ ടോര്‍പെഡോ ക്ലബിലെത്തിയത്. എന്നാല്‍ താരം ടീമിലെത്തിയതു മുതല്‍ ആരാധകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ സമ്മതമില്ലാതെയും ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാതെയും എന്തു ചെയ്താലും അതു സ്വീകാര്യമാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമെന്നും ഈ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നു കാണാമെന്നുമാണ് ഒരു ആരാധകന്‍ റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്ലബിന്റെ ചിഹ്നങ്ങളില്‍ കറുപ്പുണ്ടെങ്കിലും വെളുത്ത വര്‍ഗക്കാരെ മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. ഇതിനെല്ലാം പുറമേ തെരുവിലിറങ്ങി പരസ്യമായും ആരാധകര്‍ ക്ലബിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഇതാദ്യമായല്ല കറുത്ത വര്‍ഗക്കാരായ കളിക്കാരെ സ്വന്തമാക്കുന്നതില്‍ റഷ്യന്‍ ക്ലബുകളുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. ബെല്‍ജിയത്തിന്റെ ലോകകപ്പ് താരമായ ആക്‌സല്‍ വിറ്റ്‌സല്‍, ബ്രസീലിയന്‍ താരം ഹള്‍ക് എന്നിവരെ സെനിത് പീറ്റേഴ്‌സ്ബര്‍ഗ് സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ ക്ലബിനെതിരെ പ്രതിഷേധമുയര്‍ത്തുകയും കറുത്ത വര്‍ഗക്കാരെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരനെ റഷ്യന്‍ ലീഗില്‍ ഇറക്കിയ ക്ലബാണ് ടോര്‍പെഡോ മോസ്‌കോ. ആ ടീമിനൊപ്പം കരിയറാരംഭിച്ച താരത്തിനാണ് ഇപ്പോള്‍ വര്‍ണവെറിയന്മാരുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന്. ദക്ഷിണാഫ്രിക്കരാനായ കെവിന്‍ ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3, 7-6(73).

സെമിയില്‍ നദാലിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് എത്തിയത്. ദ്യോക്കോവിച്ചിന്റെ 13-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ആന്‍ഡേഴ്സണ്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഈ മത്സരം അതിവൈകാരികത നിറഞ്ഞതായിരുന്നെന്നും മകന്‍ ഗാലറിയിലിരുന്ന് തന്റെ കളി കണ്ടതില്‍ സന്തോഷമുണ്ടെന്നും ദ്യോക്കോവിച്ച് പറഞ്ഞു.

ദിദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകന്‍ ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ഒരു കൂട്ടം താര നക്ഷത്രങ്ങളുണ്ട് എന്നല്ലാതെ ഫ്രാന്‍സ് എന്ത് തന്ത്രമാണ് ലോകകപ്പിന് കരുതി വെച്ചിരിക്കുന്നതെന്ന് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ഇത്തരമൊരു ടീമില്‍ നിന്നും പ്രതീക്ഷിച്ച കളി പുറത്തെടുക്കാതിരുന്നതോടെ പലരും നെറ്റി ചുളിച്ചു.

1998ല്‍ ഫ്രാന്‍സ് കന്നി ലോകകിരീടം നേടുമ്പോള്‍ ആംബാന്‍ഡ് അണിഞ്ഞ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൈകാര്യം ചെയ്തിരുന്ന ദെഷാംപ്‌സ് പരിശീലക വേഷത്തില്‍ ലോകകപ്പിനെത്തുമ്പോള്‍ ആരാധകര്‍ക്കോ വിമര്‍ശകര്‍ക്കോ ഉള്ള യാതൊരു ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍ തുടങ്ങി എല്ലാ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങളായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്റെ സൗന്ദര്യാത്മക ഫുട്‌ബോളിന് എതിര്‍വിപരീതമായിരുന്നു ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍. അതായത്, ആരാധകരെ തൃപ്തിപ്പെടുത്തുന്ന അറ്റാക്കിങ് ഫുട്‌ബോളിന് പകരം ഡിഫന്‍സീവ് സ്ട്രാറ്റജി. ഇതിനൊപ്പം പതിയിരുന്ന് ആക്രമിക്കുക എന്ന തന്ത്രവും പയറ്റിയതോടെ ഫ്രാന്‍സിന്റെ മുന്നില്‍ വരുന്നവരെല്ലാം മുട്ടുമടക്കി മടങ്ങി.

4-2-3-1 ഫോര്‍മേഷനിലാണ് ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ഇറങ്ങിയത്. നിഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്ന രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതാണ് ദെഷാംപ്‌സിന്റെ തന്ത്രങ്ങളില്‍ തിളങ്ങി നിന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെ അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കളിയുടെ ബില്‍ഡ് അപ്പ് പോഗ്ബ തന്റെ കാലുകളിലൂടെ ഭദ്രമാക്കി. ഇതിനൊപ്പം അന്റോണിയോ ഗ്രീസ്മാന് നല്‍കിയ സ്‌ട്രൈക്കറിന് പിന്നിലുള്ള സ്ഥാനവും ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായകമായി.

കെയിലന്‍ എംബാപ്പെയുടെ വേഗതയും ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള ജിറൂഡിന്റെ മിടുക്കും സെറ്റ് പീസുകളിലും റിക്കവറിയിലും അസാമാന്യ പ്രകടനം നടത്താനുള്ള ഗ്രീസ്മാന്റെ കഴിവും ഒത്തുചേര്‍ന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള ഡിഫന്റര്‍മാരുടെ ശ്രമവും ഫ്രാന്‍സിന് മുതല്‍കൂട്ടായി.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണ് റാഫേല്‍ വരാനെയും സാമുവല്‍ ഉംറ്റിറ്റിയും നയിച്ച് ഫ്രഞ്ച് പ്രതിരോധം കാഴ്ചവെച്ചത്. എതിര്‍ടീമുകള്‍ക്ക് സ്‌പെയ്‌സ് നല്‍കാതെ പഴുതടച്ച് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇവര്‍ നിലയുറപ്പിച്ചപ്പോള്‍ പഴുതുകളിലൂടെ വരുന്ന പന്തുകള്‍ അസാമാന്യ മെയ് വഴക്കത്തോടെ കുത്തിയകറ്റാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും തയാറായിരുന്നു.

റഷ്യയില്‍ നടന്ന 21ാം ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തില്‍ സര്‍പ്രൈസ് താരം. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവാ സ്വന്തമാക്കി. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇരു താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോള്‍ മുന്‍തൂക്കം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഗോളിക്ക് ലഭിക്കുകയായിരുന്നു.

ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്ത് കരസ്ഥമാക്കിയത്. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍, ബെല്‍ജിയം താരം എഡ്വിന്‍ ഹസാര്‍ഡ് എന്നിവരായിരുന്നു മോഡ്രിച്ചുമായി ഗോള്‍ഡന്‍ ബോളിന് രംഗത്തുണ്ടായിരുന്നത്.

ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്‌ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു.

RECENT POSTS
Copyright © . All rights reserved