മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യ എ ടീമില്‍. ദക്ഷിണാഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനെ രണ്ടു ടീമുകളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ എ ടീമില്‍ കീപ്പറായി സഞ്ജു സ്ഥാനം നേടി. എ ടീമിനെ ശ്രേയസ്സ് അയ്യര്‍ നയിക്കുമ്പോള്‍ ബി ടീമിനെ മനീഷ് പാണ്ഡെ നയിക്കും.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും നയിക്കുന്നത് ശ്രേയസ്സ് അയ്യരാണ്. ഈ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് രണ്ടു പരമ്പരകളും നടക്കുന്നത്. അതേ സമയം ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ്സ് ടൂണമെന്റായ ദുലീപ് ട്രോഫിയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടം കണ്ടെത്തി.ഓഗസ്റ്റ് 17 മുതല്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകളാകും ഏറ്റുമുട്ടുക. ഇതില്‍ ഇന്ത്യ ബ്ലൂ ടീമിലാണ് ബേസില്‍ ഇടം നേടിയിരിക്കുന്നത്.
ചതുര്‍രാഷ്ട്ര ഏകദിന പരമ്പരക്കുള്ള ടീമുകള്‍;
ഇന്ത്യ എ: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര് സമര്‍ത്ഥ്, സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലഡ്, സഞ്ജു സാംസണ്, മായങ്ക് മര്‍ക്കണ്ഡേ, കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍ മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്.
ഇന്ത്യ ബി: മനീഷ് പാണ്ഡേ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, റിക്കി ഭൂയി, വിജയ് ശങ്കര്‍, ഇഷന്‍ കിഷന്, ശ്രേയസ്സ് ഗോപല്‍, ജയന്ത് യാദവ്, ഡി എ ജഡേജ, സിദ്ധാര്‍ത്ഥ് കൗള്‍, പ്രസീദ് കൃഷ്ണ, കുല്‍വന്ത് ഖെജ്റോളിയ, നവ്ദീപ് സെയ്നി.
ടെസ്റ്റ് പരമ്പരക്കുള്ള ടീം:
ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിത്വി ഷാ, ആര് സമര്‍ത്ഥ്, മായങ്ക് അഗര്‍വാള്‍, അഭിമന്യൂ ഈശ്വരന്, ഹനുമ വിഹാരി, അങ്കിത് ബാവ്നെ, കെ എസ് ഭരത്, അക്സര്‍ പട്ടേല്‍/ഷഹബാസ് നദീം (ഇരുവരോ ഓരോ മത്സരങ്ങള്‍ കളിക്കും), യുസ്വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, രജനീഷ് ഗുര്‍ബാനി, നവ്ദീപ് സെയ്നി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.
പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്നും ഒഴിവാക്കി. റഷ്യന്‍ പൗരനും ആഫ്രിക്കയില്‍ വേരുകളുള്ള താരവുമായ ഇര്‍വിങ്ങ് ബൊടോകോ യൊബോമയെയാണ് ടോര്‍പിഡോ ക്ലബ് സ്വന്തമാക്കി ആറു ദിവസത്തിനുളളില്‍ തന്നെ ഒഴിവാക്കിയത്.
താരം ക്ലബിനു വേണ്ടി ഒരു മത്സരവും കളിക്കില്ലെന്ന് ക്ലബ് ഔദ്യോഗികമായി തന്നെ ആരാധകരെ അറിയിച്ചു. പത്തൊന്‍പതുകാരനായ താരം ലൊകോമോട്ടീവ് മോസ്കോയില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാറില്‍ ടോര്‍പെഡോ ക്ലബിലെത്തിയത്. എന്നാല്‍ താരം ടീമിലെത്തിയതു മുതല്‍ ആരാധകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ സമ്മതമില്ലാതെയും ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാതെയും എന്തു ചെയ്താലും അതു സ്വീകാര്യമാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമെന്നും ഈ പോരാട്ടത്തില്‍ ആരു ജയിക്കുമെന്നു കാണാമെന്നുമാണ് ഒരു ആരാധകന് റഷ്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്ലബിന്റെ ചിഹ്നങ്ങളില്‍ കറുപ്പുണ്ടെങ്കിലും വെളുത്ത വര്‍ഗക്കാരെ മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്നായിരുന്നു മറ്റൊരു ആരാധകന് കുറിച്ചത്. ഇതിനെല്ലാം പുറമേ തെരുവിലിറങ്ങി പരസ്യമായും ആരാധകര്‍ ക്ലബിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
ഇതാദ്യമായല്ല കറുത്ത വര്‍ഗക്കാരായ കളിക്കാരെ സ്വന്തമാക്കുന്നതില്‍ റഷ്യന്‍ ക്ലബുകളുടെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. ബെല്‍ജിയത്തിന്റെ ലോകകപ്പ് താരമായ ആക്സല്‍ വിറ്റ്സല്‍, ബ്രസീലിയന്‍ താരം ഹള്‍ക് എന്നിവരെ സെനിത് പീറ്റേഴ്സ്ബര്‍ഗ് സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ ക്ലബിനെതിരെ പ്രതിഷേധമുയര്‍ത്തുകയും കറുത്ത വര്‍ഗക്കാരെ ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരനെ റഷ്യന്‍ ലീഗില്‍ ഇറക്കിയ ക്ലബാണ് ടോര്‍പെഡോ മോസ്കോ. ആ ടീമിനൊപ്പം കരിയറാരംഭിച്ച താരത്തിനാണ് ഇപ്പോള്‍ വര്ണവെറിയന്മാരുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.
ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന്. ദക്ഷിണാഫ്രിക്കരാനായ കെവിന് ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 6-3, 7-6(73).
സെമിയില്‍ നദാലിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് എത്തിയത്. ദ്യോക്കോവിച്ചിന്റെ 13-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ആന്ഡേഴ്സണ് മൂന്നാം സെറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഈ മത്സരം അതിവൈകാരികത നിറഞ്ഞതായിരുന്നെന്നും മകന് ഗാലറിയിലിരുന്ന് തന്റെ കളി കണ്ടതില്‍ സന്തോഷമുണ്ടെന്നും ദ്യോക്കോവിച്ച് പറഞ്ഞു.
ദിദിയര്‍ ദെഷാംപ്സ് എന്ന പരിശീലകന് ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ഒരു കൂട്ടം താര നക്ഷത്രങ്ങളുണ്ട് എന്നല്ലാതെ ഫ്രാന്‍സ് എന്ത് തന്ത്രമാണ് ലോകകപ്പിന് കരുതി വെച്ചിരിക്കുന്നതെന്ന് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ഇത്തരമൊരു ടീമില്‍ നിന്നും പ്രതീക്ഷിച്ച കളി പുറത്തെടുക്കാതിരുന്നതോടെ പലരും നെറ്റി ചുളിച്ചു.
1998ല്‍ ഫ്രാന്‍സ് കന്നി ലോകകിരീടം നേടുമ്പോള്‍ ആംബാന്‍ഡ് അണിഞ്ഞ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൈകാര്യം ചെയ്തിരുന്ന ദെഷാംപ്സ് പരിശീലക വേഷത്തില്‍ ലോകകപ്പിനെത്തുമ്പോള്‍ ആരാധകര്‍ക്കോ വിമര്‍ശകര്‍ക്കോ ഉള്ള യാതൊരു ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന് തുടങ്ങി എല്ലാ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങളായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.
ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്റെ സൗന്ദര്യാത്മക ഫുട്ബോളിന് എതിര്‍വിപരീതമായിരുന്നു ദെഷാംപ്സിന്റെ തന്ത്രങ്ങള്‍. അതായത്, ആരാധകരെ തൃപ്തിപ്പെടുത്തുന്ന അറ്റാക്കിങ് ഫുട്ബോളിന് പകരം ഡിഫന്‍സീവ് സ്ട്രാറ്റജി. ഇതിനൊപ്പം പതിയിരുന്ന് ആക്രമിക്കുക എന്ന തന്ത്രവും പയറ്റിയതോടെ ഫ്രാന്‍സിന്റെ മുന്നില്‍ വരുന്നവരെല്ലാം മുട്ടുമടക്കി മടങ്ങി.
4-2-3-1 ഫോര്‍മേഷനിലാണ് ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ഇറങ്ങിയത്. നിഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്ന രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതാണ് ദെഷാംപ്സിന്റെ തന്ത്രങ്ങളില്‍ തിളങ്ങി നിന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെ അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കളിയുടെ ബില്‍ഡ് അപ്പ് പോഗ്ബ തന്റെ കാലുകളിലൂടെ ഭദ്രമാക്കി. ഇതിനൊപ്പം അന്റോണിയോ ഗ്രീസ്മാന് നല്കിയ സ്ട്രൈക്കറിന് പിന്നിലുള്ള സ്ഥാനവും ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായകമായി.
കെയിലന്‍ എംബാപ്പെയുടെ വേഗതയും ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള ജിറൂഡിന്റെ മിടുക്കും സെറ്റ് പീസുകളിലും റിക്കവറിയിലും അസാമാന്യ പ്രകടനം നടത്താനുള്ള ഗ്രീസ്മാന്റെ കഴിവും ഒത്തുചേര്‍ന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള ഡിഫന്റര്‍മാരുടെ ശ്രമവും ഫ്രാന്‍സിന് മുതല്‍കൂട്ടായി.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണ് റാഫേല്‍ വരാനെയും സാമുവല്‍ ഉംറ്റിറ്റിയും നയിച്ച് ഫ്രഞ്ച് പ്രതിരോധം കാഴ്ചവെച്ചത്. എതിര്‍ടീമുകള്‍ക്ക് സ്പെയ്സ് നല്‍കാതെ പഴുതടച്ച് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇവര്‍ നിലയുറപ്പിച്ചപ്പോള്‍ പഴുതുകളിലൂടെ വരുന്ന പന്തുകള്‍ അസാമാന്യ മെയ് വഴക്കത്തോടെ കുത്തിയകറ്റാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും തയാറായിരുന്നു.
റഷ്യയില്‍ നടന്ന 21ാം ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തില്‍ സര്‍പ്രൈസ് താരം. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവാ സ്വന്തമാക്കി. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇരു താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോള്‍ മുന്‍തൂക്കം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഗോളിക്ക് ലഭിക്കുകയായിരുന്നു.
ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്ത് കരസ്ഥമാക്കിയത്. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്, ബെല്‍ജിയം താരം എഡ്വിന് ഹസാര്‍ഡ് എന്നിവരായിരുന്നു മോഡ്രിച്ചുമായി ഗോള്‍ഡന്‍ ബോളിന് രംഗത്തുണ്ടായിരുന്നത്.
ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു.
ഇരുപത് വർഷങ്ങൾക്ക് മുന്‍പ് പാരീസിനടുത്തുള്ള സെന്റ് ഡെനിസിലെ ലോകകപ്പ് ഫുട്ബോൾ വേദി. ആതിഥേയരായ ഫ്രാൻസും കറുത്ത കുതിരകളായ ക്രൊയേഷ്യയും 1998 ലോകകപ്പ് സെമിയിൽ ഏറ്റുമുട്ടുന്നു. ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് വേദിയിൽ എത്തിയത്. ഡാവർ സൂക്കറിന്റെ ചിറകിലേറി സെമിയിലെത്തിയ ക്രൊയേഷ്യ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിൽ. 46-ാം മിനിറ്റിൽ സൂക്കർ ഗോളടിച്ചു.
ക്രൊയേഷ്യ 1-0നു മുന്നിൽ. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ലിലിയ തുറാമിലൂടെ ഫ്രാൻസ് ഒപ്പം. 69-ാം മിനിറ്റിൽ തുറാം വീണ്ടും ഗോൾ നേടിയപ്പോൾ ക്രൊയേഷ്യയുടെ ഫൈനൽ മോഹം പൊലിഞ്ഞു. ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ താരമായി തുറാം. 142 മത്സരം കളിച്ച തുറാമിന്റെ പേരിലുള്ള രണ്ടു ഗോളുകളും അതായിരുന്നു.
20വർഷങ്ങൾക്കിപ്പുറം വീണ്ടും ക്രൊയേഷ്യയും ഫ്രാൻസും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നു. ഇത്തവണ ഫൈനലിലാണെന്നതാണ് സവിശേഷത. 1998ൽ ഫ്രാൻസ് ഇറങ്ങിയത് ഇന്നത്തെ അവരുടെ പരിശീലകനായ ദിദിയെ ദേഷാംപിന്റെ നായകത്വത്തിനു കീഴിൽ. അന്ന് ക്രൊയേഷ്യക്കായി ഗോളടിച്ച സൂക്കർ ഇന്ന് ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നു.
ക്രൊയേഷ്യയെ സെമിയിൽ കീഴടക്കിയ ഫ്രാൻസ് കന്നി ലോകകപ്പ് ഉയർത്തി. ലൂസേഴ്സ് ഫൈനലിൽ ഹോളണ്ടിനെ 2-1നു കീഴടക്കി ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങി. ഹോളണ്ടിനെതിരായ വിജയഗോളും സൂക്കറിന്റെ വകയായിരുന്നു. ദേഷാംപിന്റെ മുന്നിൽ തലകുനിക്കേണ്ടിവന്നതിനു പ്രതികാരം ചെയ്യുകയായിരിക്കും പിൻതലമുറക്കാരായ ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതിനായി അവർക്ക് തന്ത്രങ്ങളൊരുക്കുന്നത് സ്ലാട്കോ ഡാലിച്ചും. പത്ത് മാസംകൊണ്ടാണ് ഡാലിച്ച് ഈ അദ്ഭുത ടീമിനെ വാർത്തെടുത്തത്.
2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 32 ടീമുകള്‍ക്ക് പകരം ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കാനാണ് വഴിയൊരുങ്ങുന്നത്.
ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.
നേരത്തെ 2026ലെ കാനഡ-മെക്സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്ക്കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. ഇതാണ് ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതയാണ് നല്‍കുന്നത്. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം.
ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന്, ഓസ്ട്രേലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാന്, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ടു സ്ഥാനങ്ങളില്‍. ഫിഫയുടെ ഫുട്ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.
ഫ്രാന്‍സും ക്രൊയേഷ്യയും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് ലോകോത്തര ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലക്ഷ്യമിട്ടാകും ഇന്ന് സുബാസിച്ചും ലോറിസും ഗോള്‍ വലകാക്കാന്‍ ഇറങ്ങുക. സമീപകാലത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത മല്‍സരമാണ് സ്വര്‍ണക്കൈപ്പത്തിക്കുള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വിജയികളുടെ ഗോള്‍വല കാത്തവരെത്തേടിയാണ് ഈ പുരസ്കാരമെത്തിയിട്ടുള്ളത്. അത് കൊണ്ടുതന്നെ ഫൈനലില്‍ സുബാസിച്ചും ലോറിസുമിറങ്ങുക കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലൗവില്‍ കൂടി കണ്ണുവച്ചാകും.
രണ്ട് പെനല്‍റ്റി ഷൂട്ടൗട്ടുകളിലായി നാല് കിക്കുകള്‍ തടുത്തിട്ടാണ് സുബാസിച്ച് ക്രോട്ടുകളുടെ വീരനായകനായത്.ടൂര്‍ണമെന്റില്‍ നാല് ഗോള്‍ മാത്രം വഴങ്ങിയ സുബാസിച്ച് 11 സേവുകളും 4 ക്ലിയറന്‍സും നടത്തി. ടൂര്‍ണമെന്റില്‍ ആകെ രണ്ട് ക്ലീന്‍ ഷീറ്റുകളും സുബാസിച്ചിനുണ്ട്.ഫാബിയന്‍ ബാര്‍ത്തസിന് ശേഷം ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാകാനുള്ള സുവര്‍ണാവസരമാണ് ലോറിസിന് ഇത്. അര്‍ജന്റീനയ്ക്കെതിരെ ലോറിസ് മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും യുറഗ്വായ്ക്കും ബെല്‍ജിയത്തിനുമെതിരെ നായകനൊത്ത പ്രകടനം കാഴ്ചവച്ചു. നോക്കൗട്ട് റൗണ്ടിലെ മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ക്ലീന്‍ ഷീറ്റ് നേടിയാണ് ലോറിസ് ഫ്രഞ്ചുകാരുടെ ഹീറോയായത്. മൂന്ന് ക്ലീന്‍ ഷീറ്റുകളാണ് ലോറിസിന്റെ പേരിലുള്ളത്
ആസാമിലെ നെൽകർഷകന്റെ മകൾ ഇന്ത്യയുടെ അഭിമാനപുത്രിയായി. ഫിൻലൻഡിലെ ടാംപെരയിൽ നടന്ന ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസാണ് ഇന്ത്യയുടെ അഭിമാനമായത്. ആസാമിൽ ഓട്ടക്കാർ ജന്മമെടുക്കുന്നത് അത്യപൂർവം.
ആ അപൂർവതയായി ഹിമ. സ്വർണം നേടിയ താരത്തിന് രാജ്യത്തിന്റെ നാനഭാഗത്തുനിന്നും അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ താരത്തെ അഭിനന്ദിച്ചു. ലോക ചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡലാണ് യുവതാരം നേടിയത്. 51.32 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു സ്വർണമണിഞ്ഞത്. സെമിഫൈനലുകളിൽ ഏറ്റവും മികച്ച സമയവും ഹിമയുടേതായിരുന്നു.
ആസാമിലെ നാഗോണ്‍ ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ഹിമ ജനിച്ചത്. അച്ഛൻ നെൽകർഷകനായ റോണ്ജിത് ദാസ്. അമ്മ ജോമാലി. ഇവരുടെ ആറു മക്കളിൽ ഇളയവളാണ് ഹിമ. ഓട്ടത്തിലേക്കു തിരിയും മുന്‍പ് ഹിമ ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. നെൽവയലുകളുടെ സമീപമുള്ള മണ്ണിൽ ആണ്‍കുട്ടികൾക്കൊപ്പം പന്തു തട്ടിക്കളിച്ചു വളർന്ന യുവതാരത്തെ ഒരു പ്രാദേശിക പരിശീലകനാണ് അത്ലറ്റിക്സിലേക്കു മാറ്റിയത്.
അന്തർ ജില്ലാ മീറ്റിൽ ഹിമയുടെ പ്രകടനം കണ്ട് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫയർ ഡയക്ടറേറ്റിലെ പരിശീലകൻ നിപ്പോണ്‍ ശ്രദ്ധിച്ചു. ആ മീറ്റിൽ ഹിമയ്ക്കുണ്ടായിരുന്നത് വിലകുറഞ്ഞ സ്പൈക്സായിരുന്നുവെന്നും എന്നാൽ കാറ്റിന്റെ വേഗത്തിലോടി 100, 200 മീറ്ററുകളിൽ സ്വർണംനേടിയെന്നും നിപ്പോണ്‍ പറഞ്ഞു.
ഹിമയെ 140 കിലോമീറ്റർ അകലെയുള്ള ഗോഹട്ടിയിലേക്ക് അയയ്ക്കാൻ നിപ്പോണ്‍ അവളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഇളയമകളെ അത്രയും ദൂരേക്കു വിടാൻ ആദ്യം മാതാപിതാക്കൾ മടിച്ചെങ്കിലും ഹിമയുടെ കായിക ലോകത്തെ ഭാവിയെക്കരുതി അവർ അദ്ദേഹത്തിന്റെ വാക്കു കേട്ടു.
ഹിമയ്ക്ക് സാരുസജായ് സ്പോർട്സ് കോംപ്ലക്സിൽ വാടകയ്ക്കു താമസിക്കാനുള്ള സൗകര്യം അദ്ദേഹം ചെയ്തുകൊടുത്തു. സ്റ്റേറ്റ് അക്കാഡമിയിലേക്ക് പ്രവേശനം നല്‍കണമെന്ന് അദ്ദേഹം അധികൃതരോട് അഭ്യർഥിച്ചു. അക്കാഡമിയിൽ ബോക്സിംഗിനും ഫുട്ബോളിനും മാത്രമേ സ്പെഷലൈസേഷനുണ്ടായിരുന്നുള്ളൂ. എന്നാൽ, ഹിമയുടെ പ്രകടനം കണ്ട് അധികൃതർ അക്കാഡമിയിലേക്കു പ്രവേശനം നല്കി. വലിയ സ്വപ്നം കാണുകയെന്നു മാത്രമാണ് താൻ എപ്പോഴും ഹിമയോട് പറയാറുള്ളതെന്ന് നിപ്പോണ്‍ പറഞ്ഞു.
മോസ്കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.
ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.
നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.
നാസര്‍ ചാഡ്ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന് നല്കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.
ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്റല്‍ഡ് തട്ടിമാറ്റിയത്.
ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര് ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.