Sports

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മീരാബായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സൈഖോം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണ്ണമാണ് നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു അഭിമാന നേട്ടം കൈവരിച്ത്. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.

172 കിലോ ഉയർത്തിയ മൗറീഷ്യസിന്റെ മേരി ഹനിത്ര റോളിയ റനൈവോസോവ വെള്ളിയും 171 കിലോ ഉയർത്തിയ കാനഡയുടെ ഹന്ന കമിൻസ്‌കി വെങ്കലവും സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഇതേയിനത്തിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 113 കിലോയും ഉയർത്തിയാണ് ചാനു സ്വർണ്ണം ഉറപ്പിച്ചത്. കോമൺവെൽത്ത് റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

സ്നാച്ചിലെ ആദ്യ ശ്രമത്തിൽ ചാനു 84 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ താരം ഇത് 88 കിലോ ആക്കി ഉയർത്തി. ഇതോടെ ചാനു മത്സരത്തിൽ എതിരാളികളേക്കാൾ വ്യക്തമായ ആധിപത്യം നേടി. മൂന്നാം ശ്രമത്തിൽ ചാനു ഉയർത്താൻ ശ്രമിച്ചത് 90 കിലോയാണ്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ സ്നാച്ചിൽ താരത്തിന്റെ മികച്ച പ്രകടനം 88 കിലോയായി. സ്നാച്ചിൽ 12 കിലോയുടെ ലീഡാണ് ചാനു നേടിയത്.

ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യം തന്നെ 109 കിലോയ ഉയർത്തി ചാനു സ്വർണമെഡൽ ഉറപ്പിച്ചു. രണ്ടാം ശ്രമം 113 കിലോയിലേക്കാണ് ചാനു ഉയർത്തിയത്. ഇതും അനായാസമുയർത്തി ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു. മൂന്നാം ശ്രമത്തിൽ 115 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ചാനു സ്വർണം നേടി. മീരാബായ് ചാനുവിനെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.

ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ്‌ ഇന്ത്യൻ പതാകയേന്തുക.

72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.

ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഒരുപാട് പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ സജ്ജരാക്കാനാണ് ഇത്തരത്തിലുള്ള പരമ്പരകള്‍ കളിക്കുന്നത്.

എന്നാല്‍ ഇതിനിടെ ഒരുപാട് പണികളും ഇന്ത്യ മേടിക്കുന്നുണ്ട്. നിരന്തരമായ മത്സരങ്ങള്‍ കളിക്കാരെ വലയ്ക്കുന്നുണ്ട്. നിലവില്‍ ഏകദിന, ടി-20 പരമ്പരകള്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ടീം ഇന്ത്യ. വെള്ളിയാഴ് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ജഡേജ പുറത്തായി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ടീമിന്റെ പ്രധാന ഘടകമായ ജഡേജ വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് കാരണം പരമ്പരയില്‍ നിന്നും തന്നെ പുറത്താകുമോ എന്ന അവസ്ഥയിലാണിപ്പോള്‍.

കാലിനേറ്റ പരിക്കാണ് ജഡേജയെ വലയ്ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഏകദിനത്തില്‍ നിന്നും വിട്ട് നിന്നതിന് ശേഷം ട്വന്റി-20യില്‍ തിരിച്ചുവരും. എന്നാല്‍ ജഡേജക്ക് പകരം ടീമില്‍ മറ്റാരെയും എടുക്കേണ്ട അവസ്ഥയല്ല ഇന്ത്യക്ക്. എന്നാല്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്നത് ചോദ്യചിഹ്നമാണ്.

സൂര്യകുമാര്‍ യാദവ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ പരിചയ സമ്പത്തുള്ള താരങ്ങള്‍. ഐ.പി.എല്ലില്‍ രാജസ്ഥാനെ നയിച്ച സഞ്ജു സാംസണും ടീമില്‍ അംഗമാണ്. ടീമിനെ നയിച്ച് പരിചയമുള്ള സഞ്ജുവിനെ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ആക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എട്ടാം വയസ്സിൽ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ടയാളാണ് താനെന്ന വെളിപ്പെടുത്തലുമായി ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ. കുട്ടിക്കാലത്ത് താൻ ഒരു വീട്ടിൽ അടിമയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിബിസി ഡോക്യുമെന്ററിയായ ‘ദി റിയൽ മോ ഫറ’യിലാണ് ഒളിമ്പിക് ജേതാവിന്റെ തുറന്നുപറച്ചിൽ. പരിപാടി നാളെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. ജന്മനാടായ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ പിതാവ് കൊല്ലപ്പെട്ടു. പിന്നാലെ, എട്ടാം വയസിൽ ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തപ്പെട്ടു. ബ്രിട്ടനിലെ ആദ്യ നാളുകൾ ഗാർഹിക അടിമത്തത്തിൽ. വെസ്റ്റ് ലണ്ടനിലെ ഫെൽഥാമിലുള്ള ജൂനിയർ സ്കൂളിൽ ചേർന്നെങ്കിലും വംശീയ അധിക്ഷേപത്തിന് ഇരയായി. തന്റെ പേര് മോ ഫറ എന്നല്ല, ഹുസൈൻ അബ്ദി കഹിൻ എന്നാണ് – അദ്ദേഹം തുറന്നുപറയുന്നു.

1983ൽ സോമാലിലാൻഡിൽ ജനിച്ച മോ ഫറയ്ക്ക് നാലാം വയസിൽ പിതാവിനെ നഷ്ടമായി. വേദനയുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു പിന്നീട്. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ബന്ധുക്കളോടൊപ്പം കഴിയാൻ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോയി. 1993ലാണ് മോ ഫറ എന്ന വ്യാജ പേരിൽ അനധികൃത കുടിയേറ്റക്കാരനായി യുകെയിലേക്ക് കടത്തപ്പെട്ടത്. 1997ൽ ലാത്വിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മീറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൗരത്വം ഇല്ലായിരുന്നു.

2000ത്തിൽ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ലണ്ടനിൽ നടന്ന 2012 ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ്‌ ബ്രിട്ടനുവേണ്ടി മോ പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ സ്വർണ്ണ മെഡൽ നേടി. 2017 നവംബറിൽ ഭാര്യ ടാനിയയ്‌ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് നൈറ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യാജ പേരിൽ, അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ട്, ബാല്യത്തിൽ തന്നെ അടിമയായി കഴിയേണ്ടി വന്ന മോ പിന്നീട് ബ്രിട്ടന്റെ അഭിമാനമായി. മോയക്ക് വേണ്ടി കാലം കാത്തുവെച്ചത് അതായിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരെയാ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങൾക്കായി 16- അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ ആണ് ടീമിനെ നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 22 മുതൽ ട്രിനിഡാഡിൽ ആണ് മത്സരം.

ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ബുംറ, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ഹർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകിയാണ് ടീം പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരെയാ അഞ്ചാം ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യ ടി20 മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ്‌.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പാരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്. 46 റൺസാണ് സഞ്ജു അന്ന് നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രം സഞ്ജുവിന് അവസരം നൽകിയതിൽ ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. സഞ്ജുവിനെ പിന്തുണച്ച് ഹാഷ്ടാഗ് ക്യാമ്പയിനുകൾ ഉണ്ടായി.

”സഞ്ജുവിനെ ആര്‍ക്കാണ് പേടി,” എന്ന് ചോദിച്ചു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കണമെന്നും അഭിപ്രായം വരെ ആരാധകരിൽ നിന്നുണ്ടായി. അതിനു പിന്നാലെയാണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.

അയർലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. രണ്ടാം ട്വന്റി 20 യില്‍ കേവലം 42 പന്തില്‍ നിന്നാണ് സഞ്ജു 77 റണ്‍സ് നേടിയത്. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടില്‍ ഭാഗമാകാനും താരത്തിനായിരുന്നു. നാളെ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയാ ആദ്യ ടി20 ടീമിലും സഞ്ജുവുണ്ട്. എന്നാൽ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നത് കണ്ടറിയണം.

വെസ്റ്റ് ഇൻഡീസ് പാരമ്പര്ക്കുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു. പെരുമ്പാവൂർ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിവാഹത്തിനെത്തി.

ഫാസ്റ്റ് ബൗളറായ ബേസിൽ 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുന്നത്. 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിലിനെ ഇക്കഴിഞ്ഞ താര ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും ബേസിൽ സ്വന്തമാക്കിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Sachin Babyy (@sachin.baby11)

 

ടാകുരെമ്പോ (യുറഗ്വായ്): കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ ആറു വയസുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂണ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റിൽ പറയുന്നു. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.

ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ലൂണ.

 

View this post on Instagram

 

A post shared by Adrian Luna (@a.luna21)

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ അയർലാൻഡ് പര്യടനവും ജയത്തിൽ അവസാനിക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഇന്നലെ നടന്ന അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയപ്പോൾ ടി :20 ക്രിക്കറ്റിലെ സെഞ്ച്വറിയുമായി പ്രശംസ വാനോളം സ്വന്തമാക്കുകയാണ് ദീപക് ഹൂഡ.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദീപക് ഹൂഡ: സഞ്ജു സാംസൺ എന്നിവർ സൃഷ്ടിച്ചത് ടി :20യിൽ ഇന്ത്യൻ ടീമിന്റെ തന്നെ ഏതൊരു വിക്കറ്റിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ട്.42 ബോളിൽ 9 ഫോറും 4 സിക്സും അടക്കം സഞ്ജു സാംസൺ 77 റൺസ്‌ നേടിയപ്പോൾ 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കം ദീപക് ഹൂഡ 104 റൺസ്‌ നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 176 റൺസാണ് അടിച്ചെടുത്തത്.

അതേസമയം ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ചും സഞ്ജുവിനെ കുറിച്ചും ദീപക് ഹൂഡ വളരെ അധികം വാചാലനായി.”ഞാൻ മികച്ച ഒരു അറ്റാക്കിങ് ശൈലിയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ മികച്ച ഒരു ഐപിൽ ശേഷമാണ് എത്തുന്നത്. അതിനാൽ തന്നെ അതേ രീതിയിൽ കളിക്കാനാണ് ഇവിടെയും ആഗ്രഹിച്ചത്.ബാറ്റിങ് ഓർഡറിൽ സ്ഥാനകയററ്റം ലഭിക്കുമ്പോൾ കൂടുതൽ നേരം ക്രീസിൽ നിൽക്കാനായി കഴിയും ” ദീപക് ഹൂഡ തുറന്ന് പറഞ്ഞ്.

അതേസമയം മുൻപ് അണ്ടർ 19 തലത്തിൽ ഒരുമിച്ച് കളിച്ച ദീപക് ഹൂഡയും സഞ്ജുവും വളരെ ചെറുപ്പത്തിലേ കൂട്ടുകാർ കൂടിയാണ് . ” സഞ്ജുവും ഞാനും വളരെ ചെറുപ്പ നാളിനെ കൂട്ടുകാർ ആണ്. സഞ്ജുവിനും ഒപ്പം കളിക്കാനും ബാറ്റ് വീശാനും കഴിഞ്ഞതിൽ സന്തോഷം ” മത്സര ശേഷം ദീപക് ഹൂഡ വാചാലനായി.

ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഡൂബ്ലിനില്‍ പിറന്നു. നീലക്കുപ്പായത്തില്‍ 42 പന്തില്‍ 77 റണ്‍സ്, ഒന്‍പത് ഫോറും നാലു സിക്സറുകളും.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഐപിഎല്‍ സീസണില്‍ കാണിച്ച പക്വത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ പുറത്തെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. കരുതലോടെയാണ് ഓരോ പന്തിനേയും നേരിട്ടിത്. പന്ത് കണ്ടാല്‍ അടിച്ച് പറത്താന്‍ തോന്നുമെന്ന സ്വന്തം വാചകം മറന്നുള്ള ബാറ്റിങ് പ്രകടനം.

മറുവശത്ത് ദീപക് ഹൂഡ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും സഞ്ജു ആവേശം കാണിച്ചില്ല. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് മികച്ച പിന്തുണ നല്‍കി. പക്ഷെ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. അയര്‍ലന്‍ഡിന്റെ ഫീല്‍ഡിങ് തന്ത്രങ്ങളെ ക്ലാസുകൊണ്ട് മറികടന്നു വലം കയ്യന്‍ ബാറ്റര്‍.

24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് സഞ്ജു സ്വന്തം ശൈലിയില്‍ ബാറ്റ് വീശി തുടങ്ങി. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള താരത്തിന്റെ മികവായിരുന്നു പിന്നീട് കണ്ടത്. ഗാരത് ഡെലനിയുടെ ഓവറില്‍ ഫോറും സിക്സും നേടിയായിരുന്നു തുടക്കം.

31-ാം പന്തില്‍ ബൗണ്ടറിയുടെ അകമ്പടിയോടെ ഇന്ത്യയ്ക്കായി ആദ്യ അര്‍ധ സെഞ്ചുറി സഞ്ജു നേടി. അയര്‍ലന്‍ഡ് ബോളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഡെലനിയുടെ നാലാം ഓവറിലെ അവസാന രണ്ട് പന്തുകളും സ‍ഞ്ജു അതിര്‍ത്തി കടത്തി. മാര്‍ക്ക് അഡൈറിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ഇന്നിങ്സ്.

നേരിട്ട അവസാന 18 പന്തുകളില്‍ 49 റണ്‍സാണ് സഞ്ജു നേടിയത്. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം. മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്നില്ല എന്ന ടീമിന്റെ പോരായ്മയ്ക്ക് ഉത്തരമാണ് സഞ്ജു സാംസണ്‍.

ലോകകപ്പ് ഫുട്ബോളാണെന്നു കരുതി അടിച്ചുപൊളിക്കാന്‍ ഖത്തറിലേക്കു വരുന്നവര്‍ സൂക്ഷിക്കുക. ആഘോഷങ്ങള്‍ക്ക് അതിരുണ്ട്, ഖത്തര്‍ വരച്ച വര കടന്നാല്‍ എട്ടിന്റെ പണി കിട്ടും. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്. നിയമം ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്നാണ് സ്ഥിതി.

ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.

പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved