അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്. ഇതോടെ അഞ്ചാം ക്രിക്കറ്റ് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്നലെ നടത്തേണ്ടിയിരുന്ന പരിശീലനം ഇന്ത്യന്‍ ടീം റദ്ദാക്കുകയും ചെയ്തിരുന്നു.
നേരത്തെ, ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ബോളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു.
ഐസ്‌ലന്‍ഡിനെതിരായ ലോക കപ്പ് യോഗ്യതാ മത്സരശേഷം മടങ്ങിയ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം വ്യോമദുരന്തത്തെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ടീമുമായി സഞ്ചരിച്ച ക്ലാസ്‌ജെറ്റ് ഫ്‌ളൈറ്റ് കെഎല്‍ജെ 2703 എന്ന വിമാനമാണ് നിഗൂഢമായ കാരണത്താല്‍ വഴി തിരിച്ചുവിട്ടത്.
ഐസ്‌ലന്‍ഡിന്റെ തലസ്ഥാനമായ റെയ്ക്യവിക്കില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് 29000 അടിയിലേറെ ഉയരത്തില്‍വെച്ച് അപകടത്തെ അഭിമുഖീകരിച്ചത്. ആകാശമദ്ധ്യേ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ നേരിട്ട വിമാനത്തെ സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.
ഇരുപത് മിനിറ്റു കൊണ്ട് എഡിന്‍ബര്‍ഗില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് വിമാനത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ താരങ്ങള്‍ക്ക് ശ്വാസം വീണത്. വിമാനം ലാന്‍ഡ് ചെയ്യുന്നതു വരെ അടിയന്തരാവസ്ഥ തുടരുകയും ചെയ്തു. ദിശ തിരിച്ചുവിടാനുള്ള കാരണം, വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെ മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സ്ത്രീകളെ പിന്തുണക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമുമായി നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.
ഈ വര്‍ഷം നവംബര്‍ 27 മുതല്‍ ഹൊബാര്‍ട്ടില്‍ നടക്കേണ്ടിയിരുന്ന മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.
‘വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൊബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു’- പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഖവും ശരീരവും മറയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാലാണ് താലിബാന്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തിരിക്കുന്നത്. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ ബുധനാഴ്ച വിശദമാക്കിയത്.
‘കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ല’- താലിബാന്റെ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കി.
ഈ തീരുമാനം അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ ടെസ്റ്റ് പദവിയും ഭീഷണിയിലാക്കിയിരിക്കുകയാണ്. ഐ സി സി അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എല്ലാം ഒരു ദേശീയ വനിതാ ടീം ഉണ്ടായിരിക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് പദവി ഐ സി സി അനുവദിക്കുക. അഫ്ഗാനില്‍ വനിതാ ക്രിക്കറ്റിന് വിലക്കു വന്നതിനാല്‍ അത് പുരുഷ ടീമിനെയും ബാധിച്ചേക്കും.
2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ സി ബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്‌പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാന്‍ ഭീകരര്‍ വിലക്കുമായി എത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആയേഷ മുഖര്‍ജിയും വിവാഹ മോചിതരായി. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ശിഖര്‍ ധവാന് മുമ്പ് ആയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്.ഈ ബന്ധം വേര്‍പെടുത്തിയശേഷം 20212ലാണ് ധവാനെ വിവാഹം കഴിച്ചത്.
ധവാന്‍-ആയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്നൊരു മകനുമുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസില്‍ ആയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്സര്‍ കൂടിയാണ് ആയേഷ.
ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരാവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്.
ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. ബുധനാഴ്ചയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
വന്‍കുടലിലെ ട്യൂമറിനെത്തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്യൂമര്‍ നീക്കം ചെയ്തുവെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.
തന്റെ നില അതീവ ഗുരുതരമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നറിയിച്ച താരം വിഷമകരമായ ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങളാണ് നാലാം ടെസ്റ്റില്‍ നിര്‍ണായകമായത്. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കും.
വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറി (50) തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയ ഡേവിഡ് മാലനും അധികം ആയുസുണ്ടായില്ല. താരം അഞ്ച് റണ്‍സുമായി റണ്ണൗട്ടായി. പകരക്കാരനായി ഇറങ്ങിയ മായങ്ക് അഗര്‍വാളിന്റെ ഇടപെടലാണ് റണ്ണൗട്ടില്‍ കലാശിച്ചത്.
നിലവില്‍ ഒരറ്റത്ത് 61 റണ്‍സുമായി ഹസീബ് ഹമീദ് ബാറ്റേന്തുന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് ആറ് റണ്‍സുമായി ഒപ്പമുണ്ട്.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 466 റണ്‍സില്‍ അവസാനിച്ചിരുന്നു. വാലറ്റത്ത് ഉമേഷ് യാദവ്, ബുമ്‌റ എന്നിവരും മികച്ച സംഭാവന നല്‍കിയതോടെയാണ് ഇന്ത്യ ലീഡ് 350 കടത്തിയത്.
ഉമേഷ് 23 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സെടുത്തു. ബുമ്‌റ 24 റണ്‍സും കണ്ടെത്തി. ഇതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 466ലേക്ക് കുതിച്ചത്. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങിയ ശാര്‍ദുല്‍ ഠാക്കൂര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടിയതും ഇന്ത്യയ്ക്ക് കരുത്തായി. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. 72 പന്തുകള്‍ നേരിട്ട് ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സുമായി ശാര്‍ദുല്‍ പുറത്തായി. പിന്നാലെ റഷഭ് പന്തും അര്‍ധ ശതകം പിന്നിട്ടു.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 191 റണ്‍സില്‍ പുറത്താക്കിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 290 റണ്‍സ് നേടി നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു.
നേരത്തെ രോഹിത് ശര്‍മ നേടിയ (127) സെഞ്ച്വറിയും ചേതേശ്വര്‍ പൂജാര നടത്തിയ ചെറുത്തു (61) നില്‍പ്പുമാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (44) മികച്ച ബാറ്റിങ് പുറത്തെടുത്തു.
അജിന്‍ക്യ രഹാനെ അതേസമയം നിരാശപ്പെടുത്തി. താരം സംപൂജ്യനായി മടങ്ങി. ജഡേജ 17 റണ്‍സുമായി മടങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത്- ശാര്‍ദുല്‍ സഖ്യം ഇന്ത്യക്ക് കരുത്തായി മാറുന്ന കാഴ്ചയായിരുന്നു.
ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലന്‍ഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.
അയർലന്‍ഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനായി 89-ാം മിനിട്ടില്‍ റൊണാള്‍ഡോ സമനില ഗോള്‍ നേടി. മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് താരം പറങ്കികള്‍ക്കായി വലകുലുക്കിയത്. പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ വീണ്ടുമൊരു ഹെഡ്ഡര്‍ കൂടി സമ്മാനിച്ച് റൊണാള്‍ഡോ അവിശ്വസനീയമായ വിജയം പോര്‍ച്ചുഗലിന് സമ്മാനിച്ചു. ഇതോടെ ചരിത്രനേട്ടം താരം സ്വന്തമാക്കി.
2003-ൽ തന്റെ 18-ാം വയസ്സിൽ കസാഖ്‌സ്താനെതിരേയാണ് റൊണാൾഡോ പോര്‍ച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്.ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ റെക്കോഡിന് ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ. 4 ഗോളുകൾ യുവേഫ നാഷണൽ ലീഗിലൂടെയും, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിലൂടെയും താരം സ്വന്തമാക്കി.
ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്. കർണാകയിൽനിന്നുള്ള പേസ് ബോളിങ് ഓൾറൗണ്ടറായ സ്റ്റുവാർട്ട് ബിന്നി, ഇന്ത്യയ്ക്കായി ആറു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും കളിച്ചു.
1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ്. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡിസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. രണ്ടു വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 400ലധികം റൺസും 24 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
‘രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിക്കുന്നു. ഏറ്റവും ഉയർന്ന തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലിയ അഭിമാനമായി കാണുന്നു’ – വിരമിക്കൽ പ്രസ്താവനയിൽ ബിന്നി പറഞ്ഞു.
‘എന്റെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വഹിച്ച വലിയ പങ്ക് എടുത്തു പറയുന്നു. വർഷങ്ങളായി എന്നിവർ അവർ അർപ്പിച്ച വിശ്വാസവും നൽകിയ പിന്തുണയും എന്നെ കരുത്തനാക്കി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാനിവിടെ എത്തുമായിരുന്നില്ല. കർണാടകയെ നയിക്കാനും ട്രോഫികൾ നേടാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു’ – ബിന്നി പറഞ്ഞു.
രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014 ജൂൺ 17ന് ധാക്കയിൽ ബംഗ്ലദേശിനെതിരെ 4.4 ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത പ്രകടനമാണ് ബിന്നിക്ക് റെക്കോർഡ് സമ്മാനിച്ചത്.
ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽനിന്ന് 21.55 ശരാശരിയിൽ 194 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങാമിൽ നേടിയ 78 റൺസ് തന്നെ. അന്ന് 114 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് ബിന്നി 78 റൺസെടുത്തത്. ടെസ്റ്റിൽ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 11 ഇന്നിങ്സുകളിൽനിന്ന് 28.75 ശരാശരിയിൽ 230 റൺസും നേടി. ഇതിൽ ഒരു അർധസെഞ്ചുറിയുമുണ്ട്. ഉയർന്ന സ്കോർ 77 റൺസ്. 20 വിക്കറ്റുകളും വീഴ്ത്തി. ട്വന്റി20യിൽ മൂന്നു കളികളിൽനിന്ന് 35 റൺസ് നേടി. ഉയർന്ന സ്കോർ 24 റൺസ്. ഒരു വിക്കറ്റും നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4796 റൺസും 148 വിക്കറ്റുകളും നേടി. രഞ്ജി ട്രോഫി നേടിയ കർണാടക ടീമിൽ അംഗമായിരുന്നു. ട്വന്റി20യിൽ 1641 റൺസും 73 വിക്കറ്റുകളും നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 1788 റൺസും 99 വിക്കറ്റുകളുമാണ് സമ്പാദ്യം. ഇന്ത്യൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ആകെ 65 ഐപിഎൽ മത്സരങ്ങളിൽനിന്നായി 880 റൺസും 22 വിക്കറ്റുകളും സ്വന്തമാക്കി.
പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ലോക റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ നേട്ടം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എ 64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ഫൈനലില്‍ മൂന്ന് തവണ ലോക റെക്കോര്‍ഡ് ഭേദിച്ച സുമിത് 68.55 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് ലോക റെക്കോര്‍ഡ് ഭേദിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. ശേഷം 5ാം ശ്രമത്തിലാണ് വീണ്ടും താന്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തിരുത്തി സുമിത് 68.55 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണനേട്ടം കൈവരിച്ചത്. സുമിത്തിനൊപ്പം മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്ഥാനവും സ്വന്തമാക്കി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ നേട്ടം.
ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ 66.29 മീറ്റര്‍ എറിഞ്ഞ് ജാവലിന്‍ ത്രോയില്‍ വെള്ളിയും, ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു 65.61 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
അതേസമയം തന്നെ പാരാലിമ്പിക്സില്‍ ലോക റെക്കോര്‍ഡോടെ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ അവനി ലേഖര നേരത്തെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കൂടിയാണ് അവനി സ്വന്തമാക്കിയത്. ഇന്ത്യ ഇതുവരെ 7 മെഡലുകളാണ് നേടിയത്.
ആരോഗ്യ പരിപാലനവും കായിക ശേഷിയ്ക്കും കൂടുതൽ ശ്രദ്ധ പതിയുന്നത്തോടെ കബഡിയ്ക്കുള്ള പ്രധാന്യവും ഏറിവരികയാണ്. കായിക പ്രേമികൾക്കും കബഡി താരങ്ങൾക്കുമുള്ള മികച്ച അവസരമാണ് വേൾഡ് കബഡി ചാമ്പ്യൻഷിപ്പ്. കായിക വിനോദങ്ങളോട് താല്പര്യമുള്ള ആർക്കും കബഡിയിൽ ഒരു കൈ നോക്കാവുന്നതാണ്. ശരീരത്തിന് ഉണർവും മത്സര ക്ഷമതയും വാശിയും നൽകുന്ന കബഡി മത്സരത്തിന് പുതുമുഖങ്ങൾക്കും അവസരമുണ്ട്.
കളി നിയമങ്ങൾ
കബഡി കളി ആസ്വദിക്കുവാൻ തികച്ചും ലളിതമായ കളി നിയമങ്ങൾ അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിരിക്കുന്ന കബഡി നിയമങ്ങളാണ് ഇതോടൊപ്പം.
കളിയുടെ സമയം
20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ് കബഡി കളിയുടെ ആകെ ദൈർഘ്യം. ആദ്യ 20 മിനുട്ടിന് ശേഷം ഇരു ടീമുകളും കോർട്ടിലെ സ്ഥാനം പരസ്പരം മാറുന്നു.
കളിക്കളം
13 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ് കബഡി കളിക്കുള്ള കളിക്കളത്തിന് ഉണ്ടാകുക.
ബോൾക്ക് ലൈൻ: കളത്തിന്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകൾ ഉണ്ടാകും. ഇതിൽ ആദ്യത്തെ വര ബോൾക്ക് ലൈൻ എന്നറിയപ്പെടുന്നു. റൈഡിന് എത്തുന്ന കളിക്കാരൻ എതിർ ടീമിന്റെ കോർട്ടിലെ ഈ ബോൾക്ക് ലൈൻ മുറിച്ചു കടന്നാൽ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ.
ബൊണസ് ലൈൻ: കളത്തിന് കുറുകെയുള്ള രണ്ടാമത്തെ വരയാണ് ബോണസ് ലൈൻ. എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ലോബി: കളത്തിന്റെ ഇരു വശത്തും മഞ്ഞ നിറത്തിലുള്ള ഭാഗമാണ് ലോബി. റൈഡറായി വരുന്ന കളിക്കാരനും, എതിർ ടീമിലെ കളിക്കാരനും തമ്മിൽ സ്പർശിക്കുമ്പോൾ മാത്രമേ ഈ ഭാഗം കോർട്ടിന്റെ ഭാഗമായി കണക്കാക്കുകയുള്ളൂ. കളിക്കാർ സ്പർശിക്കാതെ ഈ ഭാഗത്തേക്ക് പോയാൽ കളിക്കളത്തിന് വെളിയിൽ കടന്നതായി കണക്കാക്കും.
കളിക്കാർ
12 കളിക്കാരാണ് ഓരോ ടീമിലും ഉണ്ടാകുക. എന്നാൽ 7 പേർ മാത്രമാണ് കളിക്കളത്തിൽ ഉണ്ടാകുക. ഇരു ടീമിലേയും 14 കളിക്കാരുമായിട്ടാണ് മത്സരം ആരംഭിക്കുക.
കോർണർ: ടീമിന്റെ കളത്തിൽ ഇരു വശത്തും നിൽക്കുന്ന കളിക്കാരെ കോർണർ എന്നാണ് അറിയപ്പെടുക. ഒരു ടീമിൽ 2 കോർണർ കളിക്കാർ ഉണ്ടാകും. ടീമിന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന ഇവരായിരിക്കും പ്രതിരോധം തീക്കുന്നതിൽ മുന്നിൽ നിൽക്കുക.
ഇൻസ്: കോർണർ കളിക്കർക്കൊപ്പം അവരോട് ചേർന്ന് 2 പേരുണ്ടാകും. ഇവരാണ് ഇൻസ്. എതിർ ടീമിന്റെ കളത്തിലേക്ക് റൈഡിനായി പോകുന്നത് ഇവരായിരിക്കും.
കവർ: മധ്യഭാഗത്തുള്ള കളിക്കാരന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന 2 കളിക്കാർ കവർ എന്നാണ് അറിയപ്പെടുക.
സെന്റർ: കളിക്കാരുടെ മധ്യഭാഗത്ത് നിലയുറപ്പിക്കുന്നയാൾ സെന്റർ എന്നറിയപ്പെടുന്നു. ഇദ്ദേഹം ടീമിലെ ആൾ റൗണ്ടർ അല്ലെങ്കിൽ റൈഡർ ആയിരിക്കും.
റൈഡ്
ഒരു കളിക്കാരൻ എതിർടീമിന്റെ കളത്തിൽ പ്രവേശിക്കുന്നതിനെയാണ് റൈഡ് എന്ന് പറയുന്നത്. എതിർ ടീമിന്റെ കളത്തിലെ ബോൾക്ക് ലൈൻ ഭേദിച്ച് പ്രതിരോധിക്കുന്ന കളിക്കാരെ സ്പർശിച്ച ശേഷമോ, അതല്ലെങ്കിൽ ബോണസ് ലൈൻ ഭേദിച്ച ശേഷമോ തിരികെ തന്റെ കളത്തിൽ എത്തുക എന്നതായിരിക്കും ഓരോ റൈഡറിന്റെയും ലക്ഷ്യം. 30 സെക്കന്റ് മാത്രമാണ് ഒരു റൈഡിന്റെ ദൈർഘ്യം. മാത്രമല്ല റൈഡർ ഒരു ശ്വാസം മാത്രമേ എടുക്കാവൂ. ഇത് വ്യക്തമാക്കാൻ ‘കബഡി കബഡി’ എന്ന് ഉച്ഛരിച്ചു കൊണ്ടിരിക്കണം.
പോയിന്റുകൾ സ്വന്തമാക്കുന്ന വിധം
ബോണസ് പോയിന്റ്: എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ടച്ച് പോയിന്റ്: ഒരു റൈഡർ എതിർ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോൾ ലഭിക്കുന്നതാണ് ടച്ച് പോയിന്റ്. ഒരു കളിക്കാരന് ഒരു പോയിന്റ് എന്ന രീതിയിലാണ് സ്കോർ ലഭിക്കുക. മാത്രമല്ല, റൈഡർ തൊട്ട എതിർടീമിലെ കളിക്കാരൻ കളത്തിൽ നിന്ന് പുറത്തു പോകുകയും ചെയ്യും.
റിവൈവൽ: ഒരു റൈഡർ, എതിർ ടീമിലെ എത്ര അംഗങ്ങളെ പുറത്താക്കുന്നുവോ, അത്ര തന്നെ തന്റെ ടീമിൽ നിന്ന് പുറത്തായ കളിക്കാരെ കളത്തിൽ തിരികെയെത്തിക്കാം. ഇതിനെയാണ് റിവൈവൽ എന്ന് പറയുന്നത്.
ട്രാക്കിൾ പോയിന്റ്: ഒരു റൈഡർ എതിർ ടീമിന്റെ കളത്തിൽ പ്രവേശിച്ച് കളിക്കാരെ സ്പർശിക്കുന്നതിൽ നിന്ന്, അല്ലെങ്കിൽ ബോണസ് ലൈൻ കടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് റൈഡറെ പ്രതിരോധിക്കുക എന്നതാണ് എതിർടീമിന്റെ ലക്ഷ്യം. അതിനു വേണ്ടി റൈഡറെ അവർ ട്രാക്കിൾ ചെയ്യുന്നു. കൈയിൽ അല്ലെങ്കിൽ കാലിൽ, പിടിച്ചാണ് ട്രാക്കിൾ ചെയ്യുക. വസ്ത്രത്തിൽ പിടിച്ചു വലിക്കാൻ അനുമതിയില്ല. ഇങ്ങനെ നിലത്തു വീഴ്ത്തി റൈഡർ തന്റെ കോർട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. അപ്പോൾ ആ ടീമിന് ഒരു പോയിന്റ് ലഭിക്കുന്നു. ഇതാണ് ട്രാക്കിൾ പോയിന്റ്.
ആൾ ഔട്ട്: റൈഡർ തൊടുന്നതനുസരിച്ച് എതിർ ടീമിലെ അംഗങ്ങൾ പുറത്താകും. ഇങ്ങനെ എല്ലാ അംഗങ്ങളും പുറത്താകുന്നതാണ് ആൾ ഔട്ട്. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന് 2 പോയിന്റ് ലഭിക്കുന്നു.
സ്പെഷ്യൽ ഇവന്റ്സ്
എംറ്റി റൈഡ്: ഒരു റൈഡർ എതിർ ടീമിന്റെ ബോൾക്ക് ലൈൻ കടന്ന ശേഷം കളിക്കാരെ സ്പർശിക്കാതെയോ, ബോണസ് ലൈൻ കടക്കതെയോ തിരികെ എത്തിയാൽ ഇരു ടീമിനും പോയിന്റ് ലഭിക്കില്ല. ഇതിനെ എംറ്റി റൈഡ് എന്ന് പറയുന്നു.
ഡു ഓർ ഡൈ റൈഡ്: ഒരു ടീം അയക്കുന്ന റൈഡർ തുടർച്ചയായി രണ്ടു പ്രാവശ്യം പോയിന്റുകൾ ഒന്നും നേടാതെ തിരികെ എത്തിയാൽ, മൂന്നാമത്തെ റൈഡ് ഡു ഓർ ഡൈ റൈഡ് ആയി കണക്കാക്കും. ഇതിലും പോയിന്റ് ലഭിച്ചില്ലെങ്കിൽ റൈഡർ പുറത്താകുകയും എതിർ ടീമിന് ഒരു പൊയിന്റ് ലഭിക്കുകയും ചെയ്യുന്നു.
സൂപ്പർ റൈഡ്: ഒരു റൈഡിൽ നിന്ന് തന്നെ റൈഡർ ടച്ച് പോയിന്റും ബോണസ് പോയിന്റുമായി 3 പോയിന്റ് നേടിയാൽ അതിനെ സൂപ്പർ റൈഡ് ആയി കണക്കാക്കുന്നു.
സൂപ്പർ ട്രാക്കിൾ: 3 അല്ലെങ്കിൽ അതിൽ താഴെ കളിക്കാർ ഉള്ള ടീം റൈഡിനു വരുന്ന കളിക്കാരനെ ട്രാക്കിൾ ചെയ്തു വീഴ്ത്തിയാൽ അത് സൂപ്പർ ട്രാക്കിൾ ആയി കാണുന്നു.