കോപ്പ അമേരിക്കയിൽ ആദ്യ ജയം സ്വന്തമാക്കി അർജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന ഈ വർഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ പാസിൽ നിന്ന് ഗുയ്‌ഡോ റോഡ്രിഗസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ച് വരൻ ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് എഡിസൺ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അർജന്റീന തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിലിക്കെതിരായ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ അർജന്റീന 1-1ന് സമനിലയിൽ കുടുങ്ങിയിരുന്നു. അർജന്റീനയുടെ എതിരാളികൾ പരാഗ്വയാണ്. അതെ സമയം അടുത്ത മത്സരത്തിൽ ഉറുഗ്വ ചിലിയെ നേരിടും
ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി.
പറക്കും സിങ്- ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം തന്നെ ഒരുകാലത്ത് അതായിരുന്നു. പേരില്‍ തന്നെ രാജാവായുള്ള മില്‍ഖ ഇന്ത്യന്‍ ട്രാക്കുകള്‍ കീഴടക്കി ഭരിച്ചത് ഏറെക്കാലം. അന്താരാഷ്ട്ര ട്രാക്കുകളില്‍ ഇന്ത്യയുടെ പേര് മുഴങ്ങിക്കേട്ടതും മില്‍ഖയിലൂടെ തന്നെ. അയാള്‍ ഓടുകയല്ല, പറക്കുകയാണ്-മില്‍ഖാ സിങ്ങിനെക്കുറിച്ച് ആദ്യം ഇങ്ങനെ പറഞ്ഞത് പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനാണ്. അങ്ങനെ മില്‍ഖ സിങ് ഇന്ത്യയുടെ പറക്കും സിങ്ങായി. ലാഹോറില്‍ നടന്ന ഇന്തോ-പാക് മീറ്റില്‍ പാകിസ്ഥാന്റെ അബ്ദുല്‍ ഖലീലിനെ പിന്നിലാക്കി 200 മീറ്ററില്‍ മില്‍ഖ മെഡല്‍ നേടിയപ്പോഴാണ് അയൂബ് ഖാന്‍ ഇതുപറഞ്ഞത്. പറക്കും സിങ് എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു മില്‍ഖയുടെ പിന്നീടുള്ള കരിയര്‍.
മില്‍ഖാ സിങ് ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം
1958 വെയ്ല്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 വാര ഓട്ടത്തിലൂടെ മില്‍ഖയാണ് അന്താരാഷ്ട്ര ട്രാക്കില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യ മെഡല്‍ കൊണ്ടുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും മില്‍ഖയുടേത് തന്നെ. 1958ലെ ടോക്യോ ഏഷ്യന്‍ ഗെയിംസിലാണ് മില്‍ഖ വരവറിയിക്കുന്നത്. അന്ന് 400, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 400 മീറ്ററില്‍ മില്‍ഖക്ക് തന്നെയായിരുന്നു സ്വര്‍ണം. 4 400 മീറ്റര്‍ റിലേയിലും മില്‍ഖ സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ നിന്നു.
മില്‍ഖയുടെ സങ്കടവും സന്തോഷവും 1960ലെ റോം ഒളിമ്പിക്‌സായിരിക്കും. ഒരു ഇന്ത്യന്‍ പുരുഷ താരം ട്രാക്കില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമെന്ന സന്തോഷത്തോടൊപ്പം 0.1 സെക്കന്റ് വ്യത്യാസത്തില്‍ മില്‍ഖാ സിങ്ങിന് വെങ്കലമെഡല്‍ നഷ്ടമായ ദുഃഖത്തിനും റോം ഒളിമ്പിക്‌സ് സാക്ഷിയായി. മൂന്ന് ഒളിമ്പിക്‌സുകളിലാണ് മില്‍ഖ സിങ് പങ്കെടുത്തത്. അവസാനം പങ്കെടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ നിന്നു തന്നെ പുറത്തായി.
രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.
ചൊവ്വാഴ്ച നടന്ന പോര്‍ച്ചുഗല്‍-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള ശീതളപാനീയ കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
യുറോ കപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് കൊക്കോ കോള. റൊണാള്‍ഡോയുടെ വൈറലായ വാര്‍ത്താ സമ്മേളനം നടക്കുന്നതിന് മുമ്പ് കമ്പനിയുടെ ഓഹരി വില 73.02 ഡോളറായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇത് 71.85 ഡോളറായി കുറഞ്ഞു. 1.6 ശതമാനത്തിന്റെ ഇടിവ് മൂലം കൊക്കോ കോളക്കുണ്ടായ നഷ്ടം 520 കോടി ഡോളറും.
ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലൻഡ് പതിനംഗം ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിസിഐയും പ്രഖ്യാപനം നടത്തിയത്.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവർ ടീമിൽ തിരിച്ചെത്തി. ഉമേഷ് തിരിച്ചെത്തിയതോടെ ശർദ്ദുൽ താക്കൂറിന് ടീമിൽ ഇടം നഷ്ടമായി. മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും വൃദ്ധിമാൻ സാഹയുമാണ് ഉള്ളത്. മായങ്ക് അഗര്‍വാൾ പുറത്തായതോടെ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പൺമാരായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ജൂൺ പതിനെട്ടിന് സതാംപ്ടണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ന്യൂസിലാൻഡ് ടീമിൽ പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്യംസണും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാൾട്ടിഗും ഇടംപിടിച്ചു. സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വില്യംസണും വാൾട്ടിംഗും കളിച്ചിരുന്നില്ല. ഫൈനൽ ആകുമ്പോഴേക്ക് ഇരുവരും ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു. ജൂൺ പതിനെട്ടിന് സതാംപ്ടണിലെ ഏജീസ് ബൗളിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
കിവീസ് ടീം: കെയ്ൻ വില്ല്യംസൺ(ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ, ട്രെന്‍റ് ബോൾട്ട്, ഡെവോൺ കോൺവേ, കോളിൻ ഡെ ഗ്രാൻഡ്ഹോം, മാറ്റ് ഹെന്‍റി, കെയ്ൽ ജമെയ്സൺ, ടോം ലതാം, ഹെന്‍റി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്‌ലർ, നീൽ വാഗ്നെർ, ബിജെ വാൾട്ടിംഗ്, വിൽ യംഗ്.
ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സതാംപ്ടണില്‍ ഒരുക്കുക ‘ലൈവ്‌ലി’ പിച്ചായിരിക്കുമെന്ന് പിച്ച് ക്യൂറേറ്റർ സൈമണ്‍ ലീ. പേസിനു അനുയോജ്യമായ പിച്ചാകും ഫൈനലിലേത് എന്ന് ലീ പറഞ്ഞു.
‘പേസിന് പ്രാമുഖ്യം നല്‍കുന്ന പിച്ചായിരിക്കും ഒരുങ്ങുത്. അത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കും. ക്രിക്കറ്റ് ആരാധകര്‍ക്ക് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മത്സരത്തിനായുള്ള പിച്ചാവും ഒരുക്കുക.’
‘എനിക്ക് വ്യക്തിപരമായി പേസ്, കാരി, ബൗണ്‍സ് ഉള്ള പിച്ചുകളാണ് താല്പര്യം. എന്നാല്‍ ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ അത് സാധിക്കക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അന്ന് കാലാവസ്ഥ മികച്ചതായിരിക്കും’ ലീ പറഞ്ഞു.
ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ ബ്രസീലിന് തകർപ്പൻ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ബ്രിസീൽ കീഴടക്കിയത്.
സൂപ്പർ താരം നെയ്മറിന്റെ മികവിലായിരുന്നു മഞ്ഞപ്പടയുടെ തകർപ്പൻ ജയം. നെയ്മർ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
23-ാം മിനിറ്റിലായിരുന്നു ബ്രിസീലിന്റെ ആദ്യ ഗോൾ. മാർകിന്യോസാണ് ആദ്യ ഗോൾ നേടിയത്. 64-ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോൾ. ഡാനിലോയെ ബോക്സിനകത്തുവച്ച് ഫൗൾ ചെയ്തതിന്റെ ഫലമായാണ് കിട്ടിയ പെനാൽറ്റിയിൽനിന്നായിരുന്നു നെയ്മർ ഗോൾ നേടിയത്.
89-ാം മിനിറ്റിലാണ് മഞ്ഞപ്പടയുടെ അവസാന ഗോൾ പിറന്നത്. ഗബ്രിയേൽ ബാർബോസയാണ് വെനസ്വേലയുടെ നെഞ്ചിൽ അവസാന ആണി അടിച്ചത്. കോപ്പ അമേരിക്കയിൽ ബ്രസീൽ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ഈ റിക്കാർഡ് നിലനിർത്താൻ ബ്രസീലിനായി.
കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവയ്ക്കാൻ വെനസ്വേലയ്ക്കും സാധിച്ചു.
ഇക്വഡോറിനെ കീഴടക്കി കൊളംബിയൻ കുതിപ്പിന് തുടക്കം. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.
42-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ വിജയ ഗോൾ പിറന്നത്. എഡ്വിൻ കാർഡോണയാണ് വിജയ ഗോൾ ശിൽപി. പിന്നീട് സമനില ഗോളിനായി ഇക്വഡോർ കിണഞ്ഞുശ്രമിച്ചു. പക്ഷേ ഉറച്ചുനിന്ന കൊളംബിയൻ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആക്ഷേപിച്ച് വീണ്ടും മുന്‍താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് മഞ്ജരേക്കര്‍ ആക്ഷേപിക്കുന്നത്. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോര് തുടര്‍ന്നേക്കും.
രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്ന് 2019 ലോകകപ്പിനിടെ മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. അന്നത് ട്വിറ്റര്‍ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും വാക്ക് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ മറുപടി നല്‍കിയപ്പോള്‍ വിവാദം തെല്ലൊന്നടങ്ങി. അന്നത്തെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ആരാധകന് മഞ്ജരേക്കര്‍ നല്‍കിയ മറുപടിയാണ് പുതിയ പോര്‍മുഖം തുറന്നത്.
‘താരങ്ങളെ നിങ്ങളെ പോലെ ആരാധിക്കാന്‍ എനിക്കാവില്ല. ഞാന്‍ ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നയാളാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്ക്ക് പൊട്ടും പൊടിയും എന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായിട്ടില്ല’. ഇതായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം. സൂര്യ നാരായണ്‍ എന്ന ആരാധകന്‍ ട്വിറ്ററിലൂടെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പരസ്യമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമായത്. എന്നാല്‍ സംഭവത്തില്‍ മഞ്ജരേക്കറോ ജഡേജയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ മഞ്ജരേക്കറിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയരുകയാണ്.
നിലവില്‍ ടീം ഇന്ത്യയുടെ അഭിഭാജ്യ താരമാണ് ജഡേജ. ടെസ്റ്റില്‍ 51 മത്സരങ്ങളില്‍ 1954 റണ്‍സും 220 വിക്കറ്റും, 168 ഏകദിനങ്ങളില്‍ 2411 റണ്‍സും 188 വിക്കറ്റും ജഡേജയ്ക്കുണ്ട്. നേരത്തെ അശ്വിനെ ആക്ഷേപിച്ചും മഞ്ജരേക്കര്‍ രംഗത്ത് വന്നിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് എതിരെ അവരുടെ നാട്ടില്‍ ഒറ്റ അഞ്ച് വിക്കറ്റ് പ്രകടം പോലുമില്ലാത്ത അശ്വിന്‍ എക്കാലത്തെയും മികച്ച സ്പിന്നര്‍ അല്ലെന്ന് ആയിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശം.
I didn’t want to share this personal chat in public, even though it’s full to shit. But couldn’t help, coz ppl need to know this side of this man. @imjadeja would be proud of what he did to prove you wrong. @BCCI is this the kind of man you would want in your com panel in future? pic.twitter.com/AUjX301Foz
— soorya narayanan (@soorya_214) June 7, 2021
ലോകകപ്പ് സെമിയിൽ പരാജയപ്പെടുത്തിയതിനുള്ള കണക്ക് ഇംഗ്ലണ്ട് ലോക ഫുട്ബോളിലെ മറ്റൊരു വലിയ സ്റ്റേജായ യൂറോ കപ്പിൽ തീർത്തു എന്ന് പറയാം. ക്രൊയേഷ്യയെ നേരിട്ട ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങിന്റെ ഗോളാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.
ഇന്ന് വെംബ്ലിയിൽ എല്ലാവരും പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ലൈനപ്പുമായാണ് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ ഇറക്കിയത്. തുടക്കത്തിൽ ആക്രമിച്ചു കൊണ്ട് തുടങ്ങാൻ ഇംഗ്ലണ്ടിനായി. ആറാം മിനുട്ടിൽ ഗോൾ നേടുന്നതിന് അരികിൽ അവർ എത്തി. മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിന്റെ ഇൻസൈഡിൽ തട്ടിയാണ് മടങ്ങിയത്.
ഇതിനു പിന്നാലെ ഫിലിപ്സിലൂടെ ഒരിക്കൽ കൂടെ ക്രൊയേഷ്യ ഡിഫൻസിനെ വിറപ്പിക്കാൻ ഇംഗ്ലണ്ടിനായി. ഒരു കോർണറിൽ നിന്ന് കിട്ടിയ അവസരം പവർ ഫുൾ വോളിയിലൂടെ ഫിലിപ്സ് തൊടുത്തു എങ്കിലും ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച് തടഞ്ഞു. തുടക്കത്തിലെ ഈ അറ്റാക്കുകൾക്ക് ശേഷം കളി വിരസമാകുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ പിന്നെ കാര്യമായ അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചില്ല.
രണ്ടാം പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് തുടങ്ങിയത്. എങ്കിലും 57ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. വലതുവിങ്ങിലൂടെ എത്തിയ ലീഡ താരം കാല്വിൻ ഫിലിപ്സിന്റെ മനീഹരമായ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോൾ കളിക്ക് ജീവൻ നൽകി എന്ന് പറയാം. ഇതിനു പിറകെ ഇരു ഗോൾ മുഖത്തും അറ്റാക്കുകൾ വരാൻ തുടങ്ങി.
ലീഡ് രണ്ടാക്കി ഉയർത്താൻ ഹാരി കെയ്ന് വലിയ അവസരം കിട്ടിയിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 65ആം മിനുട്ടിൽ റെബികിലൂടെ ക്രൊയേഷ്യക്കും അവസരം ലഭിച്ചു. റെബിചിനും ഫിനിഷിംഗിൽ നിലവാരം പുലർത്താൻ ആയില്ല. 70ആം മിനുട്ടിൽ ഇംഗ്ലണ്ട് ഫോഡനെ പിൻവലിച്ച് മാർക്കസ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. 17കാരനായ ജൂദ് ബെല്ലിങ്ഹാമും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങി. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം ഇതോടെ മാറി.
ലീഡ് ഇരട്ടിയാക്കാൻ ശ്രമിക്കാതെ കൃത്യമായി ഡിഫൻഡ് ചെയ്ത് ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 3 പോയിന്റുമായി ടൂർണമെന്റ് ആരംഭിക്കാൻ ആയത് സൗത്ഗേറ്റിനും സംഘത്തിനും ആത്മവിശ്വാസം നൽകും. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഇംഗ്ലണ്ട്.
ഇന്നലെ മൈതാനം കളിയുടേത് മാത്രമായിരുന്നില്ല, ഞെട്ടലിന്റെയും കൂടിയായിരുന്നു. യൂറോ കപ്പില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തളര്‍ന്ന് വീണു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലസി ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു താരവുമായി കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് കളം വിട്ടു.
ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും പെശാവാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ഗ്ലാഡിയേറ്റേഴ്സ് താരമായ ഡൂപ്ലസി സഹതാരം മുഹമ്മദ് ഹാസ്നൈനുമായാണ് കൂട്ടിയിടിച്ചത്. 7-ാം ഓവറില്‍ ബൗണ്ടറി ഡൈവ് ചെയ്ത് തടഞ്ഞ ഡൂപ്ലസിയുടെ തല എതിരെ ഓടിയെത്തിയ ഹാസ്നൈനയുടെ കാലില്‍ ഇടിച്ചു. അല്‍പനേരം ബോധരഹിതനായ താരം പിന്നീട് ഉണര്‍ന്നു.
ഡൂപ്ലസിയെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം കളം വിട്ടതോടെ സായിം അയൂബ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി. പത്തൊന്‍പത് കാരനായ അയൂബ് അഞ്ച് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ലീഗിന്റെ ആദ്യ ഘട്ടത്തിലായിരുന്നു ഇവയൊക്കെ.
2021 ലാണ് ഡൂപ്ലസി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം ചേര്‍ന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ച പി.എസ്.എല്‍ ജൂണ്‍ 9-ാം തിയതിയാണ് പുനരാരംഭിച്ചത്.
ഫിന്‍ലന്‍ഡിനെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു കുഴഞ്ഞു വീണ മധ്യനിരതാരം ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ആരോഗ്യസ്ഥിയില്‍ മികച്ച പുരോഗതി. എറിക്‌സണ്‍ ടീമിലെ സഹതാരങ്ങളുമായി സംസാരിച്ചുവെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഡയറക്ടര്‍ പീറ്റര്‍ മോളേര്‍ സ്ഥിരീകരിച്ചു.
‘മൈതാനത്തു കുഴഞ്ഞുവീണ അദ്ദേഹത്തിന് ഫീല്‍ഡില്‍ വെച്ചു തന്നെ ശുശ്രൂഷ നല്‍കിയിരുന്നു. ഭാഗ്യവശാല്‍ സ്റ്റേഡിയം വിടുമ്പോള്‍ തന്നെ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. ഞങ്ങള്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. മറ്റു കളിക്കാര്‍ അദ്ദേഹത്തോട് സംസാരിച്ചുവെന്ന സന്തോഷവാര്‍ത്തയുമുണ്ട്. സുഖം പ്രാപിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു വേണ്ടിയാണ് അവര്‍ മത്സരം കളിക്കുന്നത്’ മോളര്‍ പറഞ്ഞു.
അതേസമയം എറിക്സനു കോവിഡ് വൈറസ് മൂലമോ വാക്സിനേഷന്‍ കാരണമോ അല്ല ഇത് സംഭവിച്ചതെന്ന് ഇറ്റാലിയന്‍ ക്ലബിന്റെ ഡയറക്ടറായ മറോട്ടയും വ്യക്തമാക്കി. താരത്തിന് കോവിഡ് ഇല്ലെന്നും ഇതുവരെയും വാക്സിനേഷന്‍ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഇരുപത്തൊന്‍പതുകാരനായ എറിക്‌സണ്‍. പാര്‍കെന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ആരംഭിച്ച കളിയുടെ ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ശേഷിക്കെയാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഡാനിഷ് താരം തോമസ് ഡെലനി പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുതിച്ചെത്തിയ വൈദ്യസംഘം കൃത്രിമ ശ്വാസോച്ഛ്വാസം ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ നല്‍കിയശേഷം താരത്തെ പുറത്തേയ്ക്ക് കൊണ്ടുപോയി.