സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്‍കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു. പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം. ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി.
ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ. മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.
ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ മുൻ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കി. ജോൺ ഗെഡെർട്ട് ആണ് മരിച്ചത്. മിഷഗൺ അറ്റോർണി ജനറൽ ഡന നെസൽ ജോൺ ഗെഡെർട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെർട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടർ ലാറി നാസർ ഗെഡെർട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. 250 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നാസറിന് 2018 ൽ 300 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെർട്ടിന് മിഷിഗണിൽ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസർ പ്രവർത്തിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ,
രണ്ടാം ഇന്നിങ്സിൽ 7.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓരോഹിത് ശർമ 25 പന്തിൽ നിന്ന് 25 റൺസും ശുഭ്മാൻ ഗിൽ 21 പന്തിൽ നിന്ന് 15 റൺസും നേടിയാണ് വിജയലക്ഷ്യം കണ്ടത്. ഈ ജയത്തോടെ പരമ്പരയിൽ 2-1ന്റെ ലീഡ് ഇന്ത്യ നേടി.
അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 145 റൺസും ഇംഗ്ലണ്ട് 112 റൺസുമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 30.4 ഓവറിൽ 81 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സിൽ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7.4 ഓവറിൽ തന്നെ വിജയം സ്വന്തമാക്കി.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ ബൗളിങ് പ്രതിരോധം ഉയർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ അഞ്ചും അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ സാക് ക്രോളിയെ അക്ഷർ പുറത്താക്കി. മൂന്നാം പന്തിൽ ബെയർസ്റ്റോയും പുറത്തായി. രണ്ടുപേരും റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്.
അധികം വൈകാതെ തന്ന ഡോം സിബ്‌ലിയെയും പുറത്താക്കി അക്ഷർ മൂന്നാം വിക്കറ്റും നേടി. 25 റൺസെടുത്ത ബെൻ സ്റ്റോക്സിനെ അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 19 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ എൽബിഡബ്ല്യുവിൽ കുടുങ്ങി അക്ഷർ വീണ്ടും ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും അക്ഷർ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ ലീഡാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 145 റൺസ് എടുക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. ജോ റൂട്ടാണ് ഇന്ത്യൻ നിരയെ തകർത്തത്. റൂട്ട് അഞ്ചു വിക്കറ്റ് വീഴ്ത്തി. 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകന്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ്മ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് 66 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 27 റൺസെടുത്തു. രണ്ടാം ദിനത്തിൽ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏഴുറണ്‍സെടുത്ത രഹാനെയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ തന്നെ രോഹിതിന്റെ വിക്കറ്റും വീഴ്ത്തി ലീച്ച് ഇന്ത്യയെ ഞെട്ടിച്ചു.
അടുത്തതായി ഇറങ്ങിയ റിഷഭ് പന്ത് വന്നതുപോലെ മടങ്ങി. ഒരു റൺസെടുത്ത പന്തിനെ ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ ത്നെ വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും റൺസൊന്നും എടുക്കാതെ മടങ്ങി. പിന്നീട് എത്തിയ അശ്വിൻ ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. 17 റൺസെടുത്ത അശ്വിനെ റൂട്ട് പുറത്താക്കിയതോടെ ഇന്ത്യൻ നിര തകർന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസാണ് എടുത്തത്.
മൊട്ടേരയിലെ ക്രിക്കറ്റ് പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിരോധം തീർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നും കോഹ്‌ലി പറഞ്ഞു.
“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.
അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം. “മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഐസിസിയാണ് വിലയിരുത്തേണ്ടത്, താരങ്ങളല്ല,” തോൽവിക്ക് ശേഷം റൂട്ട് പ്രതികരിച്ചു. വളരെ വെല്ലുവിളികൾ നിറഞ്ഞ കളിയായിരുന്നു മൊട്ടേരയിലേതെന്നും റൂട്ട് പറഞ്ഞു.
മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷമൺ, യുവരാജ് സിങ്, ഇംഗ്ലണ്ട് മുൻ നായകൻ മെെക്കിൾ വോൺ, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ മൊട്ടേരയിലെ പിച്ചിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.
മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു
ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.
2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ശ്രെയസ് അയ്യർ പങ്ക് വെച്ചിരിക്കുന്നത്. ജിമ്മിന്റെ പശ്ചാത്തലത്തിൽ ‘തിങ്കിങ് ഓൺ അവർ ഫീറ്റ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഹർദിക് പാണ്ട്യ, ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് കോച്ച് ആർ ശ്രീധർ, അശ്വിന്റെ ഭാര്യ പ്രീതി നാരായണൻ തുടങ്ങി നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
View this post on Instagram
ഐ.പി.എല്‍ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടിക പുറത്തുവിട്ടു. മലയാളി താരം എസ്. ശ്രീശാന്തിന് പട്ടികയില്‍ ഇടംപിടിക്കാനായില്ല. ബിസിസിഐ പുറത്തുവിട്ട പട്ടികയില്‍ 292 താരങ്ങളാണ് ലേലത്തിനുണ്ടാകുക. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ചാണ് ലേലം നടക്കുന്നത്. 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ലേലത്തില്‍ പങ്കെടുക്കാന്‍ 1,114 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ ഇടം നേടി. നാല് മലയാളി താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. സച്ചിൻ ബേബി, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുക. എല്ലാവരുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.
വിജയ് ഹസാരെ ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോട് ആണ് ഉപനായകന്‍. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.
സഞ്ജു വി സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ അസറുട്ടീന്‍, ജലജ് സക്‌സേന, മുഹമ്മദ് നിസാര്‍ തുടങ്ങിവരും ടീമിലുണ്ട്. ബേസില്‍ തമ്പിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശഈലകന്‍. ടിനുവിനെ സഹായിക്കാന്‍ ആറംഘ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക.
കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി
അസ്തമിക്കാത്ത പ്ലേ ഓഫ് സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ ഇന്നു നേരിടുന്ന ബ്ലാസ്റ്റേഴ്സിനു വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. ഇതിൽക്കൂടി പിഴച്ചാൽ ഇനിയൊരു അവസരവുമില്ല. സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടു മാത്രം ജയിച്ച ചരിത്രമുള്ള ഒഡീഷ ആ വഴി മുടക്കുമോയെന്നു കണ്ടറിയാം. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നു കിക്കോഫ്.
തുടർച്ചയായ 6 കളികളിൽ ജയമറിഞ്ഞിട്ടില്ല ഒഡീഷ.
ബ്ലാസ്റ്റേഴ്സ് നാലിലും. ഈ സീസണിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ് (27). ഒഡീഷ രണ്ടാമതും (25). ലീഗിൽ 10–ാം സ്ഥാനത്താണെങ്കിലും ശേഷിക്കുന്ന 4 മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു സാങ്കേതികമായി പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് അർഹതയുണ്ട്. പട്ടികയിൽ മുൻനിരയിലുള്ള മറ്റു ടീമുകളുടെ പ്രകടനം കൂടി ഇതിനു ബാധകമാണെങ്കിലും അതിനെക്കുറിച്ചു ചിന്തിക്കാതെ 4 കളിയും ജയിക്കുകയാണു ലക്ഷ്യമെന്നു കോച്ച് കിബു വിക്കൂന പറയുന്നു.
പ്രതിരോധ ദൗർബല്യങ്ങൾ പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിയാത്തതാണു പ്രശ്നം. എടികെ ബഗാൻ, മുംബൈ സിറ്റി ടീമുകൾക്കെതിരെ കഴിഞ്ഞ 2 കളികളിലും ലീഡെടുത്ത ശേഷമാണു ടീം തോറ്റത്. ഇത്തരത്തിൽ ഈ സീസണിൽ ഇതുവരെ ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടു നഷ്ടപ്പെടുത്തിയത് 16 പോയിന്റാണ്. എങ്കിലും കഴിഞ്ഞ കളികളിലെ മുൻനിരയുടെ മികച്ച പ്രകടനം ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനു തുണയാകുമെന്നാണു പ്രതീക്ഷ.
മുംബൈ∙ കാത്തിരിപ്പിനു വിരാമമിട്ട് വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. നീണ്ട ദിവസത്തെ ചർച്ചകൾക്കൊടുവിൽ രഞ്ജി ട്രോഫി ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി മാത്രമേ ഇന്ത്യയിലെ പ്രാദേശിക മത്സര വിഭാഗത്തിൽ ഉണ്ടാകൂ എന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മുംബൈ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
തനതായ ബാറ്റിങ് ശൈലികൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ച ശ്രേയസ് അയ്യരാകും വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ നയിക്കുക. മോശം ഫോം കാരണം അടുത്തിടെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും പൃഥ്വി ഷായാണ് ഉപനായകൻ. വിജയ് ഹസാരെയുമായി ബന്ധപ്പെട്ട മുംബൈ ടീമിന്റെ ചർച്ചകളിൽ നിറഞ്ഞുനിന്ന പേരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിന്റേത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അർജുൻ 22 അംഗ ടീമിൽ ഇടം പിടിച്ചില്ല.
പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അർജുന് വിനയായത്.ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്താനും അർജുന് സാധിച്ചില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.
വിജയ് ഹസാരെയ്ക്കു മുന്നോടിയായുള്ള സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ചു മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. സെലക്ഷന് മുന്നോടിയായി 100 പേരുടെ ഒരു ക്യാംപ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നാണ് 22 അംഗ ടീമിനെ തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറാണ് മുഖ്യ പരിശീലകൻ.
ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക. സുര്യകുമാർ യാദവ്, യശ്വസി ജയ്സ്‌വാൾ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
104 ബോളില്‍ നിന്ന് 9 ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി 72 റണ്‍സ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 83 ബോളില്‍ 7 ഫോറിന്റെയും 1 സിക്സിന്റെയും അകമ്പടിയില്‍ ഗില്‍ 50 റണ്‍സെടുത്തു. കോഹ് ലിയും ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
രോഹിത് 12, പൂജാര 15, രഹാനെ പൂജ്യം, പന്ത് 11, സുന്ദര്‍ പൂജ്യം, അശ്വിന്‍ 9, നദീം പൂജ്യം, ബുംറ 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റു വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നു വിക്കറ്റും ബെസ്സ്, സ്‌റ്റോക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും നേടി.
ഈ മാസം 13നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈ തന്നെയാണ് ഈ മത്സരത്തിനും വേദിയാകുക. സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിക്കുമെന്നാണ് വിവരം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പരാജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ പരാജയം വഴങ്ങിയതോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വിജയത്തോടെ ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമതായി. 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ന്യൂസിലാന്‍ഡ് (70), ഓസ്ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നേരത്തേ 71.7 പോയിന്റുണ്ടായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ 68.3 ശതമാനം പോയിന്റേയുള്ളൂ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കുകയോ, 2 മത്സരങ്ങള്‍ ജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയും ചെയ്താലോ മാത്രമേ ഇന്ത്യയ്ക്ക് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാകൂ. മറിച്ച് ഇംഗ്ലണ്ടിനാകട്ടെ രണ്ട് മത്സരങ്ങള്‍ കൂടി ജയിക്കാനായാല്‍ ഫൈനലില്‍ പ്രവേശിക്കാം.
ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി.