ബെംഗളൂരുവും മുംബൈയുമൊക്കെ തോറ്റു പോകും വിധം നീലവിരിപ്പിട്ട ഗാലറിയെ കോരിത്തരിപ്പിച്ച ബാറ്റിങ് വിരുന്നിനു പിന്നാലെയായിരുന്നു, എതിരാളികളെ അരിഞ്ഞു വീഴ്ത്തിയ ബോളിങ് കരുത്ത്.
വേനൽമഴയിൽ ഇംഗ്ലണ്ടിലെ പുൽമേടുകൾ നനഞ്ഞു കുതിരുന്നതിനിടെ വീണു കിട്ടിയ ഇടവേളയിൽ സൂര്യൻ തെളിഞ്ഞു നിന്ന ദിനത്തിൽ ഐതിഹാസിക വിജയം! അടുത്ത പോരാട്ടം 13ന് ട്രെന്റ്ബ്രിജിൽ ന്യൂസീലൻഡിനെതിരെ..
പിച്ചിൽ ഭൂതമുണ്ടെന്ന മട്ടിൽ ഉഴറിക്കളിച്ച ഡേവിഡ് വാർണർക്കും (56) ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനും (36) വേഗത്തുടക്കം നൽകാനായില്ല. മധ്യനിരയിൽ സ്റ്റീവ് സ്മിത്തും (69) ഉസ്മാൻ ഖവാജയും (42), ഗ്ലെൻ മാക്സ്‌വെല്ലും (28) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിലെത്താൻ റൺറേറ്റ് പത്തിലധികം വേണ്ടിയിരുന്നു.
ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരി (35 പന്തിൽ 55 നോട്ടൗട്ട്) ഒന്നും നഷ്ടപ്പെടാനില്ലാത്ത പോലെ ആളിക്കത്തിയപ്പോഴേയ്ക്കും ഓസീസിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ടോസ് നേടിയ നിമിഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മുഖത്ത് വിരിഞ്ഞത് അർഥഗർഭമായൊരു ചിരി. ഒട്ടും മടിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ കണക്കൂകൂട്ടലുകളെല്ലാം ശരിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര. കാറും കോളും നിറഞ്ഞ സമുദ്രത്തിൽ തിടുക്കമേതുമില്ലാതെ വിജയതീരത്തേക്കു പോകുന്ന നാവികരെപ്പോലെയായിരുന്നു രോഹിത് ശർമയും ശിഖർ ധവാനും. രാവിലെ പിച്ചിൽനിന്നു ലഭിച്ച നേരിയ ആനുകൂല്യം മുതലാക്കാൻ കിണഞ്ഞു ശ്രമിച്ച ഫാസ്റ്റ് ബോളർമാരോട് അൽപം ബഹുമാനം. മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും കുത്തിയുയർന്ന പന്തുകൾ നേരിട്ടത് അതിജാഗ്രതയോടെ. ചെറിയൊരു കോണളവിൽപ്പോലും പന്തു സ്വിങ് ചെയ്യുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ സ്കോറിങ്ങിനു വേഗം കൂട്ടി.
കമ്മിൻസ് എറിഞ്ഞ അഞ്ചാം ഓവറിൽ ചങ്ങലക്കെട്ടുകൾ ഭേദിച്ച് ധവാന്റെ വക ആദ്യ ബൗണ്ടറി. നേഥൻ കൂൾട്ടർനൈലും ആദം സാംപയുമെല്ലാം കണക്കിനു ശിക്ഷ വാങ്ങിയതോടെ ഇരു താരങ്ങളും അർധശതകം പിന്നിട്ടു, 19–ാം ഓവറിൽ ഇന്ത്യ 100 റൺസ് തികച്ചപ്പോൾ രോഹിത്–ധവാൻ ജോഡിയുടെ 16–ാം സെഞ്ചുറി കൂട്ടുകെട്ടായി അത്. 23–ാം ഓവറിൽ കൂൾട്ടർനൈലിന്റെ പന്തിൽ രോഹിത് മടങ്ങുമ്പോഴേക്കും വൻ സ്കോറിന്റെ അടിത്തറ ഉയർന്നു കഴിഞ്ഞിരുന്നു.
മൂന്നാം നമ്പറിൽ കോഹ്‍ലി പിച്ചിലേക്കു നടന്നടുത്തപ്പോൾ ഉയർന്ന ആരവം അടുത്ത കുതിപ്പിന്റെ മുന്നോടിയായിരുന്നു. ക്യാപ്റ്റനുമായി ഒത്തു ചേർന്ന ധവാൻ മികവിന്റെ ശിഖരങ്ങളിലേക്കു കുതിച്ചു. ഇവരുടെ കൂട്ടു കെട്ട് 84 പന്തിൽ 93 റൺസ് കൂട്ടിച്ചേർക്കുന്നതിനു മുൻപു തന്നെ ശിഖർ 17ാം സെഞ്ചുറി പൂർത്തിയാക്കി. കട്ട് ഷോട്ടുകളും പുൾഷോട്ടുകളും ഡ്രൈവുകളും തുടരെ അതിർത്തിവര കടന്ന ഇന്നിങ്സിനു ചന്തം ചാർത്തിയത് 14 ഫോറുകൾ.
ധവാൻ മടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത കോഹ്‌ലിയുടെ ചില ഷോട്ടുകൾ എതിരാളികൾ പോലും ആസ്വദിക്കുന്നുണ്ടായിരുന്നു. 50–ാം ഓവറിൽ ഒരു പന്തു ശേഷിക്കുമ്പോഴാണ് കോഹ്‌ലി പുറത്തായത്.
എല്ലാവരെയും വിസ്മയിപ്പിച്ച് നാലാം നമ്പറിൽ ഇറങ്ങിയ ഹാർദിക് പാണ്ഡ്യ ഐപിഎല്ലിലെ താണ്ഡവം തുടർന്നതോടെ 46ാം ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. രാഹുലിനും ധോണിക്കും മുൻപ് ഇറക്കാനുള്ള തീരുമാനം ശരിവച്ച ഹാർദിക്കിന്റെ പവർ ഹിറ്റിങ്ങിൽ (27 പന്തിൽ 48) ഓസീസ് ബോളർമാർ വിയർത്തു. പിന്നീടെത്തിയ ധോണിയും(14 പന്തിൽ 27) രാഹുലും (3 പന്തിൽ 11) ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു.
ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്– ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.
ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ– ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത്– ധവാൻ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയുടെ ഗ്ലൗസിലെ ആര്‍മിയുടെ അടയാളം വന്‍ വിവാദമായ സാഹചര്യത്തില്‍ സമാനമായ മറ്റൊരു വിവാദവും കൊഴുക്കുകയാണ്. ചിര വൈരികളായ പാക്കിസ്ഥാനിലാണ് പുതിയ വിവാദം. ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ 16 ന് ഏറ്റുമുട്ടുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആഗ്രഹം പാക് ടീം അറിയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു.
”താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് പാക് പ്രധാനമന്ത്രി ബോധ്യപ്പെടുത്തി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ടീം അടുത്ത് ചെയ്തത് പോലെയൊന്നുണ്ടാകില്ല” പാക് ക്രിക്കറ്റ് ബോര്‍ഡിലെ അധികൃതരിലൊരാള്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ആര്‍മി തൊപ്പിയണിഞ്ഞായിരുന്നു കളിച്ചത്. ഇതിന് സമാനമായ രീതിയില്‍ മറുപടി നല്‍കാനായിരുന്നു സര്‍ഫ്രാസും സംഘവും ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും വിവാദം ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്.
സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായെത്തിയയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
”ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ പണി. അല്ലാതെ ആരൊക്കെ ഗ്ലൗസില്‍ എന്തൊക്കെ ലോഗോ ഒട്ടിക്കുന്നുവെന്ന് നോക്കലല്ല”ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം എടുത്തുമാറ്റാന്‍ ഐസിസി ബിസിസിഐയോടെ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.
”ഐസിസി നോക്കേണ്ട കാര്യം എല്ലാ മത്സരങ്ങളിലും 300-400 ടോട്ടല്‍ ഉണ്ടാകരുതെന്നാണ്. ഐസിസിയുടെ പണി ബാറ്റ്‌സ്മാന്മാരെ മാത്രം സഹായിക്കുന്ന പിച്ചുകള്‍ക്ക് പകരം ബോളര്‍മാരേയും സഹായിക്കുന്ന പിച്ചുകളുണ്ടാക്കണം. ലോഗോയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്” ഗംഭീര്‍ പറഞ്ഞു.
ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീലില്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസിയുടെ മറുപടി.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.
വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.
പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയും നെയ്മറും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായത്. എന്നാല്‍, ഈ വീഡിയോയില്‍ യുവതി നെയ്മറിനെ മര്‍ദിക്കുന്നത് കാണാം. കട്ടിലില്‍ കിടക്കുന്ന നെയ്മറിനെ യുവതി മര്‍ദിക്കുകയും കരണത്തടിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ടലിൽ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
നെയ്മറിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത് 26 കാരിയായ നജില ട്രിന്‍ഡാഡെ ആണ്. കിടക്കയില്‍ കിടക്കുന്ന നെയ്മറിനെ നജില മര്‍ദിക്കുന്നുണ്ട്. തന്നെ തല്ലരുതെന്ന് നെയ്മര്‍ നജിലയോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘നീ ഇനി എന്നെ തല്ലുമോ’ എന്ന് നെയ്മറിനോട് ചോദിച്ചുകൊണ്ടാണ് യുവതി നെയ്മറിനെ തല്ലുന്നത്. നെയ്മറെ മർദിച്ച ഇവർ എന്തോ വലിച്ചെറിയുന്നതും കാണാം. “നീ ഇന്നലെ എന്നെ ഉപദ്രവിച്ചില്ലേ; എന്നെ ഒറ്റക്കാക്കി കടന്നുകളഞ്ഞില്ലേ” എന്നും നജില നെയ്മറിനോട് ചോദിക്കുന്നുണ്ട്.
യുവതിയുടെ നിർദേശപ്രകാരമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അവരുടെ അഭിഭാഷകൻ തന്നെ പറയുന്നത്. നെയ്മർ തന്നെ ഉപദ്രവിച്ചതിന് എന്തെങ്കിലും തെളിവ് വേണം എന്നതുകൊണ്ടാണ് വീഡിയോ എടുത്തതെന്നും അഭിഭാഷകൻ പറയുന്നു.
പാരീസിലെ ഹോട്ടലില്‍ വച്ച് നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പിഎസ്ജി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് സാവോപോളോ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ‘അതിക്രമം നടത്തി യുവതിയുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപദ്രവിച്ചു’ എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, പരാതിയുടെ പകര്‍പ്പ് പൊലീസ് പുറത്ത് വിടാന്‍ തയ്യാറായില്ല. ഉളളടക്കം രഹസ്യമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
അതേസമയം, യുവതിയുടെ ആരോപണം നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ സാന്റോസ് നിഷേധിച്ചു. ‘അത് സത്യമല്ല. അവന്‍ ഒരിക്കലും കുറ്റം ചെയ്തിട്ടില്ല. ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയുടെ ശ്രമം. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അത് അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇരുവരും ഡേറ്റിങ്ങിനാണ് പോയതെന്നും അന്ന് കഴിഞ്ഞതിന് ശേഷം രണ്ട് പേരും പിരിഞ്ഞതായും സാന്റോസ് പറഞ്ഞു. അതിന് ശേഷം യുവതി നെയമറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകന്റെ മേല്‍ എന്ത് കുറ്റാരോപണം വേണമെങ്കിലും നടത്താം. പക്ഷെ എന്റെ മകന്‍ എങ്ങനെയുളള ആളാണെന്ന് എനിക്ക് അറിയാം. ഇതൊരു കെണിയാണെന്ന് വളരെ കൃത്യമായി മനസിലാകും,’ സാന്റോസ് പറഞ്ഞു.
ആരോപണം നിഷേധിക്കുകയും യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ നെയ്മർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരി നെയ്മറിനെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.
EXCLUSIVO! Assista ao vídeo da suposta briga entre Neymar e modelo que o acusou de agressão e estupro #JornalismoRecord #JornalismoVerdade pic.twitter.com/0K7N4mZe2X
— Record TV (@recordtvoficial) June 6, 2019
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രിയപ്പെട്ട നടി ആരാണെന്ന് അറിയുമോ? പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരന്‍. 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.
25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
ട്വിറ്ററില്‍ അനുപമ പരമേശ്വരന്റെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുണ്ട്. ഇതുപോലെ ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹ സംവിധായികയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം ടോളിവുഡ് സിനിമകളുടെ തിരക്കിലാണ് മലയാളി താരം. എന്നാൽ ആരാധകർ ഇതിനെ ഒരു പ്രണയകഥയായി ചികഞ്ഞെടുത്തിരിക്കുകയാണ്.അപ്പോള്‍ തന്നെ ചോദ്യവും ഉയരുന്നു. നിങ്ങള്‍ തമ്മിലെന്താണ്.?.
ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.
ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നംനീക്കം ചെയ്യാന്‍ ഐസിസി നിര്‍ദേശം, ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍.
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആദ്യമത്സരത്തില്‍ മഹേന്ദ്രസിങ് ധോണി ഇറങ്ങിയത് സൈന്യത്തിനോടുള്ള ആദരമറിയിച്ചാണ്. വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍ കയ്യിലണിഞ്ഞിരുന്ന കീപ്പിങ് ഗ്ലൗസില്‍ സൈനിക ചിഹ്നമുണ്ടായിരുന്നു. ഇന്ത്യന്‍ പാരച്യൂട്ട് റജിമെന്‍റിന്‍റെ ബലിദാന്‍ ബാഡ്ജായിരുന്നു ഇത്. യൂസ് വേന്ദ്ര ചാഹലിന്‍റെ ഓവറില്‍ ഫെക് ലുക് വായോയെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് വ്യക്തമായി.
കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നില്‍ക്കുന്നത് പോലെയാണ് ഈ ചിഹ്നം. എന്നാല്‍ ഗ്ലൗസിലെ ഈ ചിഹ്നം നീക്കാന്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ മാച്ചില്‍ സൈനികത്തൊപ്പിയണിഞ്ഞും ഇന്ത്യ കളിച്ചിരുന്നു. ഐസിസിയുടെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു ഇത് .
ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റില്‍ ലെഫ്നന്‍റ് കേണലാണ് ധോണി. ഓണററി പദവിയാണിത്. ധോണി തന്‍റെ സേനാവിഭാഗത്തോടുള്ള ആദരം പ്രകടിപ്പിച്ചതാണെന്നും ട്വീറ്റുകളുണ്ട്. എന്നാല്‍ ഐസിസിയുടെ അനുവാദമില്ലാതെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിഹ്നങ്ങള്‍ പതിക്കാനാവില്ല. സേവ് ഗാസ ആന്‍റ് ഫ്രീ പാലസ്തീന്‍ എന്നെഴുതിയ റിസ്റ്റ് ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ മുന്‍പ് ഐസിസി വിലക്കിയിരുന്നു.
സതാംപ്ടണിലെ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ രോഹിത് ശർമ നേടിയ സെഞ്ചുറി കരുതായി. 128 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.
144 പന്തില്‍ നിന്നും 122 റൺസാണ് രോഹിത് നേടിയത്. ഏകദിനത്തിൽ രോഹിത്തിന്റെ 23–ാം സെഞ്ചുറിയാണിത്. ശിഖർ ധവാൻ (12 പന്തിൽ എട്ട്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (34 പന്തിൽ 18), ലോകേഷ് രാഹുൽ (42 പന്തിൽ 26) , ധോണി (46 പന്തിൽ 34) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാദ രണ്ടും പെഹ്‌ലൂക്‌വായോയും ക്രിസ് മോറിസും ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്.
ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേർന്ന് 66 റൺസെടുത്തു. 34 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമല്‍സരം ഇന്ന്. സംതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മല്‍സരം നിര്‍ണായകമാണ്. പരുക്ക് ഭേദമാകാത്തിനാല്‍ ഡെയില്‍ സ്റ്റെയിന്‍ ലോകപ്പില്‍ നിന്ന് പിന്‍മാറി.
ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയ്ക്കും പിന്നാലെ മൂന്നാമനായി കോഹ്‍ലി എത്തും. നാലാമനായി കെ.എല്‍.രാഹുലായിരിക്കും ടീമിലെത്തുക. പിന്നീട് ധോണിയും പാണ്ഡ്യയും എത്തും. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഇലവനിലുണ്ടാകും. ബുംറയ്ക്കൊപ്പം ഭൂവനേശ്വര്‍ കുമാറോ മുഹമ്മദ് ഷമിയോ ഇലവനിലെത്തും.
ദക്ഷിണാഫ്രിക്കയ്ക്ക് ആകട്ടെ പരുക്ക് വില്ലനായി തുടരുകയാണ്. തോളിനേറ്റ പരുക്ക് ദേഭമാകാത്തതിനാല്‍ ഡെയില്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങി. ആദ്യമല്‍സരത്തില്‍ പരുക്കേറ്റ ഹാഷിം ആംല ഇന്ത്യക്കെതിരെ കളിച്ചേക്കും. ബോളര്‍മാര്‍ ആരും ഫോം കണ്ടെത്താത്തതനാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. റബാഡയ്ക്കും ഫുലേക്കുവോയ്ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ആദ്യരണ്ട് മല്‍സരങ്ങള്‍ തോറ്റതിനാല്‍ സമ്മര്‍ദം ഡുപ്ലസിക്കും ടീമിനുമായിരിക്കും. തുടക്കത്തില്‍ പേസ് ബോളിങിന് അനൂകലമെങ്കിലും ഉയര്‍ന്ന സ്കോര്‍ നല്‍കുന്ന പിച്ചാണ് റോസ് ബൗളിലേത്.
അഫ്ഗാനിസ്ഥാനെ തകർത്ത് ശ്രീലങ്ക. 34 റൺസിനാണ് ലങ്കൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റണ്‍സിന് പുറത്തായി. മഴനിയമപ്രകാരം അഫ്ഗാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 41 ഓവറിൽ 187 റൺസ്. അവർക്കു പക്ഷേ 32.4 ഓവറിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ശ്രീലങ്ക 33 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു നിൽക്കെയാണ് മഴ കളി മുടക്കിയത്. രണ്ടര മണിക്കൂറിനുശേഷം മൽസരം പുനരാരംഭിച്ച് അധികം വൈകാതെ ശ്രീലങ്ക 201 റൺസിന് ഓൾഔട്ടായി.
ബാറ്റിങ്ങിൽ ഓപ്പണർ കുശാൽ പെരേരയുടെയും ബോളിങ്ങിൽ നുവാൻ പ്രദീപിന്റെ തകർപ്പൻ പ്രകടനങ്ങളാണ് അഫ്ഗാനെതിരെ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 81 പന്തിൽ 78 റൺസെടുത്ത പെരേര ഏറെക്കുറെ ഒറ്റയ്ക്കു തന്നെ ലങ്കയെ തോളിലേറ്റുകയായിരുന്നു. പിന്നീട് ബോളിങ്ങിൽ ഒൻപത് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രദീപ് ലങ്കൻ വിജയം അനായാസമാക്കി. 6.4 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് മലിംഗ ഉറച്ച പിന്തുണ നൽകി. ആദ്യ കളിയിൽ ന്യൂസീലൻഡിനോടു തോറ്റ ശ്രീലങ്കയ്ക്ക് ഏറെ ആശ്വാസമാകും ഈ ജയം. ഓസ്ട്രേലിയയ്ക്കു പിന്നാലെ ശ്രീലങ്കയോടും തോറ്റത് അഫ്ഗാന് തിരിച്ചടിയുമായി.
ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പുള്ള ഇന്ത്യന്‍ ടിമിന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍. ടീം മാനേജ്‌മെന്റ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നെറ്റ് ബൗളേഴ്‌സിനെ അയച്ചതിനെ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചത്. നെറ്റ് ബൗളേഴ്‌സായ ദീപക് ചഹര്‍, ആവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്.
മുന്‍ ചട്ടപ്രകാരം ടീം പരിശീലകന്‍ രവി ശാസ്ത്രിയെയോ നായകന്‍ വിരാട് കോഹ്‌ലിയോ നടത്തേണ്ടിയിരുന്ന പത്രസമ്മേളനത്തിന് ലോകകപ്പില്‍ ടീമിലില്ലാത്ത നെറ്റ് ബൗളേഴ്‌സിനെ അയച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാധ്യമങ്ങളുടെ ബഹിഷ്‌കരണം. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായുള്ള വ്യക്തികള്‍ക്കെ അവകാശമുള്ളു. 2015 ലോകകപ്പില്‍ നായകന്‍ ധോണി എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതായും ബിസിസിഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും
വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം നെറ്റ് ബൗളേഴ്‌സായ ദീപക് ചഹറും, ആവേശ് ഖാനും ടീം വിടുന്നതായും അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും ഇന്ത്യന്‍ ടീം മാനേജര്‍ പറഞ്ഞു.