ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മൽസരത്തിൽ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റൺസിന്റെ പരാജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.4 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തിൽ 45 റൺസുമായി പിടിച്ചുനിന്ന സർഫറാസ് പത്താമനായി റണ്ണൗട്ടായി. അർധസെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നേരത്തെ, ഓപ്പണർമാരായ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയുടെയും ആരോൺ ഫിഞ്ചിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറിൽ 307 റൺസെടുത്തത്. വാർണറാണ് കളിയിലെ കേമൻ.

200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുമായി സർഫറാസ് അഹമ്മദ് – വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റൺസ് മാത്രം. എന്നാൽ, മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 45–ാം ഓവറിന്റെ രണ്ടാം പന്തിൽ റിയാസ് പുറത്തായത് വഴിത്തിരിവായി. സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരി റിയാസിനെ പിടികൂടിയെങ്കിലും അംപയർ ഔട്ട് നിഷേധിച്ചതാണ്. എന്നാൽ, അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത ഓസീസ് വിക്കറ്റും വിജയവും ‘പിടിച്ചെടുക്കുകയായിരുന്നു’. 39 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത റിയാസ് പോയതോടെ പാക്കിസ്ഥാന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ ആമിർ നേരിട്ട രണ്ടാം പന്തിൽ സംപൂജ്യനായതിനു പിന്നാലെ സർഫറസ് റണ്ണൗട്ടായി.

ഫഖർ സമാൻ (പൂജ്യം), ശുഐബ് മാലിക്ക് (പൂജ്യം), ആസിഫ് അലി (അഞ്ച്) എന്നിവർക്കു തിളങ്ങാനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി. ബാബർ അസം (28 പന്തിൽ 30), മുഹമ്മദ് ഹഫീസ് (49 പന്തൽ 46), ഹസൻ അലി (15 പന്തിൽ 32) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹീൻ അഫ്രീദി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ് കമ്മിൻസ് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ രണ്ടും നേഥൻ കോൾട്ടർനൈൽ, ആരോൺ ഫി‍ഞ്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി