ഇത് പോരാട്ടങ്ങളുടെ പോരാട്ടം. എല്ലാകണ്ണുകളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലേയ്ക്ക്. മൈതാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചിരവൈിരകള്‍ അണിനിരക്കുമ്പോള്‍ സാക്ഷിയാകാന്‍ മഴയുമെത്തുമോ എന്നതാണ് ആശങ്ക. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ പോരാട്ടത്തിന് സാധ്യതകുറവ്. ഒന്നാം ഇന്നിങ്സ് അവസാനിക്കുമ്പോഴേയ്ക്കും മഴ കളിതുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഓരോ മല്‍സരങ്ങള്‍ വീതം മഴകൊണ്ടുപോയി.

ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ മല്‍സരം സാധ്യമാകില്ല.

തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിലയെയും മറികടന്നത്. കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി ബോളിങ്ങിന് വേഗതകൂട്ടിയേക്കും.

മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.