നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ജോലിയെയും പഠനത്തെയും മറ്റും ബാധിക്കാതെ ശനി ഞായർ ദിവസങ്ങളിൽ പോയി വരാൻ കഴിയും.
Kudajadri [Shivamogga, Karnataka, India ]
ഷൊർണൂരിൽ നിന്നും 10:50 pm നു എറണാകുളം – ഓഖ എക്സ്പ്രെസ്സിനു കയറി ( ₹300/- sleeper). കാലത്ത് 7 മണിക്ക് അത് ‘ബൈന്ദൂർ – മൂകാബിക റോഡ്’ സ്റ്റേഷനിൽ എത്തും. അവിടെ നിന്നും ഒരു 10 മിനുട്ട് നടന്നാൽ ബസ് സ്റ്റാന്റിൽ എത്തും. സ്റ്റാന്റിൽ നിന്നും കൊല്ലൂർ മൂകാംബിക സ്റ്റാൻഡിലേക്ക് ബസ് കിട്ടും ( ₹35/-). പ്രസിദ്ധമായ മൂകാംബിക അമ്പലം സ്ഥിതി ചെയ്യുന്നത് അവിടെ ആണ്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. നല്ല വെജിറ്റേറിയൻ ഫുഡ് കിട്ടും. പിന്നെ അമ്പലത്തിൽ തൊഴേണ്ടവർക്ക് അതും ആകാം.
Mookambika Temple
മൂകാംബികയിൽ നിന്നും കുടജാദ്രി എത്താൻ 5 വഴികൾ : 1. മൂകാംബികയിൽ നിന്നും കുടജാദ്രിമലയുടെ മുകളിലേക്ക് ജീപ്പ് കിട്ടും(rs ₹350/-), 2. മൂകാംബികയിൽ നിന്നും നിട്ടൂർ എന്ന ഗ്രാമത്തിൽ എത്തിയാൽ അവിടെ നിന്നും ജീപ്പ് കിട്ടും (rs ₹300/-), 3. നിട്ടൂരിൽ നിന്നും ജീപ്പ് പോകുന്ന വഴിയും ട്രെക്ക് ചെയ്യാം, 4. നിട്ടൂർ എന്ന ഗ്രാമത്തിൽ നിന്നും 15 km ട്രെക്ക് ചെയ്ത് വനപാതയിലൂടെയും മുകളിൽ എത്താം. 5 ഞങ്ങൾ പോയ വഴി:-അമ്പലത്തിന് പരിസരത്തു നിന്നു തന്നെ ഷിമോഗ റൂട്ടിലേക്കുള്ള ബസ് കയറുക. കാരക്കട്ടി എന്ന ട്രെക്കിങ്ങ് പാത്തിന് സമീപത്തു നിർത്തിതരാൻ ഡ്രൈവറെ ഓർമപ്പെടുത്തുക.(rs ₹23/-).
കാരക്കട്ടി ഇറങ്ങി വലതു ഭാഗത്തു കാണുന്ന ഫോറസ്റ്റ് ഗേറ്റിനു സമീപത്തു കൂടെ ആണ് ട്രെക്കിങ്. മൊത്തം 11 കിലോമീറ്റര് ട്രെക്ക് ചെയ്യാനുണ്ട്. 5 km വലിയ ആയാസമില്ലാത്ത വഴി ആണ്. 5 km കഴിഞ്ഞാൽ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. പ്ലാസ്റ്റിക് ,മദ്യം ,സിഗരറ്റ് എന്നിവ ഉണ്ടെങ്കിൽ വാങ്ങി വെക്കും. പിന്നെ ടെന്റ് ഉണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. മുകളിൽ ഇടിമിന്നലെറ്റ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ടെന്റ് കെട്ടാൻ സമ്മതിക്കില്ല.
ഫോറെസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായി തന്നെ ഒരു മലയാളി ഹോട്ടൽ ഉണ്ട്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. പിന്നീടുള്ള 6 km അത്യാവശ്യം മോഡറേറ്റ് ലെവൽ ട്രെക്കിങ്ങ് ആണ്. ചെങ്കുത്തായ മലകൾ കയറി വേണം മുന്നേറാൻ. മുഴുവൻ കാടാണ്. ഇടക്ക് ചെറു പുൽമേടുകളും. മഴക്കാടിനുള്ളിലൂടെ ഉള്ള യാത്ര വലിയ ക്ഷീണം അറിയിക്കാത്തതാണ്.ഏകദേശം 4 മണിക്കൂർ നേരത്തെ നടത്തം മുകളിൽ ജീപ്പുകൾ നിർത്തിയിട്ടുള്ള സ്ഥലത്ത് എത്തിക്കും.
മുകളിൽ 2 താമസ സൗകര്യങ്ങൾ ആണ് ഉള്ളത്. ഒന്ന് അവിടെ പൂജ ചെയ്യുന്ന അഡിഗയുടെ വീട്. പിന്നെ കർണാടക സർക്കാരിന്റെ ഗസ്റ്റ് ഹൗസ്. (രണ്ടിടത്തും റേറ്റ് ₹200/-). അന്നേ ദിവസം തന്നെ 1 km കൂടി ട്രെക്ക് ചെയ്ത് മുകളിലുള്ള ശ്രീ ശങ്കരാചാര്യ സർവ്വജ്ഞപീഠത്തിൽ പോകാൻ നോക്കുക. ശ്രീ ശങ്കരാചാര്യൻ ധ്യാനത്തിനിരുന്ന പീഠമാണ് പ്രസ്തുത കേന്ദ്രം. പോകുന്ന വഴിയിലാണ് ഹനുമാൻ ഗുഹ. സർവ്വജ്ഞപീഠത്തിന് സമീപത്തു നിന്നും താഴോട്ട് വീണ്ടും ട്രെക്ക് ചെയ്താൽ ചിത്ര മൂലയിൽ എത്താൻ കഴിയും. അവിടെ 3 ഇടത്തും പോയ ശേഷം സർവ്വജ്ഞപീഠതിന് സമീപത്തുള്ള മലമുകളിൽ ഇരുന്ന് സൂര്യാസ്തമയം കാണാം. കടൽ അടുത്തായതിനാൽ സൂര്യൻ കടലിലസ്തമിക്കുന്ന കാഴ്ച മലമുകളിൽ നിന്നും കാണാൻ വളരെ ഭംഗിയുള്ളതാണ്. പിന്നെ തിരിച്ചു താമസ്ഥലത്തെത്തി കുളിച്ചു ഭക്ഷണം കഴിച്ചു നന്നായി ഉറങ്ങുക.
കാലത്ത് 6:15 ന് ആണ് സൂര്യോദയം. ഒരു 5:45 am നു എണീറ്റ് ട്രെക്ക് ചെയ്ത് സർവ്വജ്ഞപീഠത്തിന് അടുത്തേക്ക് പോകുന്ന വഴിയുടെ എതിർദിശയിൽ പോകുന്ന മലമുകളിൽ കയറുക. അവിടെ നിന്നും ഉള്ള ഉദയകാഴ്ച്ച നിങ്ങൾ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായിരിക്കും. കാറ്റിന്റെ തീവ്രത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ കാറ്റ് അപകടം വരുത്തി വെക്കാൻ സാധ്യത ഉണ്ട്.
ഉദയകാഴ്ചക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു മടക്കയാത്ര ആരംഭിക്കുക. തിരിചിറങ്ങൽ വേണമെങ്കിൽ ജീപ്പിൽ ആകാം. ഒരാൾക് 250 രൂപ ആണ് ചാർജ്. കൊല്ലുരിലേക് ബസ്സ് കിട്ടുന്ന സ്ഥലത്ത് അവർ കൊണ്ടെത്തിക്കും. തിരിച്ചിറക്കം വേണമെങ്കിൽ നിട്ടൂർ എത്തുന്ന വനപാതയിലൂടെ ആകാം. ജീപ്പ് വരുന്ന വഴി 2 km താഴെ ഇറങ്ങിയാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. അതിനു സമീപത്തുകൂടെ താഴോട്ട് ഒരു നടവഴി കാണാം. കയറി വന്നതിനേക്കാൾ ദൂരം കൂടുതലാണ്. ഇറക്കങ്ങളും കയറ്റങ്ങളും പ്രയാസമേറിയതാണ്.
5 km നടന്നാൽ ഹിഡ്ലൂമാനെ എന്നൊരു വെള്ളച്ചാട്ടം ഉണ്ട്. കർണാടകക്കാർക്കിടയിൽ ഈ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. അതുവഴി ഏറെനേരത്തെ നടത്തം താഴെ നിട്ടൂർ എന്ന ഗ്രാമത്തിൽ നമ്മെ കൊണ്ടെത്തിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും നിട്ടൂർ കൊണ്ടെത്തിക്കുന്ന ജീപ്പ് സർവീസും ഉണ്ട്. ( ഈ വഴി ഇറങ്ങാൻ നോക്കുക). നിട്ടൂരിൽ നിന്നും കൊല്ലൂർ മൂകാംബിക ബസ് കിട്ടും…
ശ്രദ്ധിക്കേണ്ടവ :-
1 ട്രെക്കിങ്ങ് റൂട്ടിൽ അട്ടകൾ വളരെ കൂടുതലാണ് അട്ടകളെ തുരത്താൻ ഉപ്പ്, ഡെറ്റോൾ എന്നിവ കരുതുക,
2 ട്രെക്കിങ്ങ് മോഡറേറ്റ് ആയതിനാൽ ഷൂ ഉപയോഗിക്കുക,
3 ട്രെക്കിങ്ങിൽ ആവശ്യത്തിന് വെള്ളം കരുതുക.ഇടക്ക് കഴിക്കാൻ ബിസ്കറ്റ്, നട്‌സ്, ഉണക്കമുന്തിരി, ചോക്ലേറ്റ്,നെല്ലിക്ക എന്നിവ ഒക്കെ കരുതിയാൽ നന്നാവും,
4 ഡ്രെസ്സും മറ്റു അവശ്യ വസ്തുക്കളും മാത്രം കരുതുക. ട്രെക്കിങ്ങിൽ ഭാരം കുറക്കുക,
5 അവശ്യ മെഡിക്കൽ കിറ്റുകൾ കരുതുക. പേശി വലിവ് ഉള്ളവർ ഉണ്ടെങ്കിൽ മൂവ്, വോളിനി തുടങ്ങിയ ബാമുകളും മറ്റുസജ്ജീകരണങ്ങളും കരുതുക,
6 മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ മഴയിൽ നിന്നും ലഗേജുകൾ സംരക്ഷിക്കാൻ ആവശ്യമായ കവർ കരുതുക.
7 കൊടജാദ്രിയിൽ ഭക്ഷണം കിട്ടുക ഗവ.റെസ്റ്റ്ഹൗസിൽ മാത്രമാണ്. അവിടെ എത്തിയ ഉടനെ രാത്രി ഭക്ഷണം ആവശ്യമെങ്കിൽ പറയുക.
8 കാലത്ത് കാറ്റ് കൂടുതൽ ആയതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക,
9 മുകളിൽ അമ്പലങ്ങളും മറ്റും ഉള്ളതിനാൽ നോൺ വെജ് ഭക്ഷണങ്ങൾ കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
10 പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞു
കാടിനെ നശിപ്പിക്കാതിരിക്കുക.
വിലനിലവാരത്തിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം
ഷൊർണൂർ-ബൈന്ദൂർ മൂകാംബിക=₹300/-, ബൈന്ദൂർ- കൊല്ലൂർ( ബസ്) =₹35/-, പ്രഭാതഭക്ഷണം=₹50/-, കൊല്ലൂർ-കാരകട്ടെ (ബസ്)=₹23/-, സ്റ്റേ = ₹200/-, ഡിന്നർ=₹75/-, ബ്രേക്ക് ഫാസ്റ്റ് (അവിൽ പഴം)=15, കുടജാദ്രി – നിട്ടൂർ (ജീപ്പ്)=₹250/-, കുന്ദാപുര-ഷൊർണൂർ (ട്രെയിൻ)=₹300/-. ആകെ ചിലവ് 1250.
കാരൂർ സോമൻ
സാഹിത്യത്തില്‍ ക്ലാസ്സിക്കുകള്‍ ധാരാളമാണ്. വിശ്വ സാഹിത്യകാരന്‍മാരും ഒട്ടേറേപേര്‍. ഏതെങ്കിലുമൊക്കെ ക്ലാസ്സിക്കുകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും. വില്യം ഷെക്‌സ്പിയറിന്റെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അണിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളേജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷെക്‌സ്പിയര്‍ നാടകങ്ങള്‍ വല്ലപ്പോഴും അവതരിപ്പിക്കാറുണ്ട്. ചിലതൊക്കെ പഞ്ചാബിലും ലണ്ടനിലും ഞാനും കണ്ടിട്ടുണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട്.
ഇതിനാല്‍ ഇതിഹാസ സാഹിത്യകാരന്മാരായ ബെര്‍ണാഡ് ഷാ, ചാള്‍സ് സിക്കന്‍, ഡി. എച്ച്. ലോറന്‍സ്, വിക്ടര്‍ ഹൃൂഗോ, ഷേക്‌സ്പിയര്‍, ടൊള്‍സ്റ്റോയി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രതേൃക ഒരു ആവേശം മനസ്സില്‍ നിറയുക സ്വാഭാവികം. അതിനൊരാള്‍ പണം കൊടുത്ത് പുസ്തകമിറക്കി സ്വയം സാഹിത്യകാരന്‍ ആകണമെന്നില്ല. സാഹിത്യത്തില്‍ താത്പ്പര്യമുളളവരും ആകണമെന്നില്ല. പക്ഷേ ഷേക്‌സ്ഫിയര്‍ നിങ്ങളുടെ മനസ്സില്‍ എവിടേയോ കുടിയേറിയിട്ടുണ്ട്. പണ്ട് കേട്ട അറിവ് വെച്ചെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒരു ആരാധന മൊട്ടിട്ടുണ്ടായിരിക്കും. ആ ആരാധന വേഷങ്ങള്‍ കെട്ടിയാടുന്ന നടീ നടന്‍മാരോടുളള ആരാധനയെക്കാള്‍ സാഹിത്യകാരന്മാര്‍ മനുഷ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും ആ സൃഷ്ടീകര്‍ത്താക്കളോടുള്ള ആദരവും ആരാധനയുമാണ്.
വില്ല്യം ഷേക്‌സ്പിയറുടെ വീട് സന്ദര്‍ശിക്കുക ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ലണ്ടനില്‍ കാലുകുത്തിയ നാള്‍ മുതല്‍ മനസ്സില്‍ വെമ്പല്‍ കൊണ്ടിരുന്നതാണീ ആഗ്രഹം. അതിന് തെല്ലും കാലതാമസം വരുത്തിയില്ല. ഒരു ദിനം ഈസ്റ്റ് ഹാമില്‍ നിന്ന് 238-ാം നമ്പര്‍ ബസ്സില്‍ ഞാന്‍ സ്റ്റാറ്റ്‌ഫോര്‍ഡ്‌ലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തെ അടക്കിയ ദേവാലയം കാണാനും യാത്ര തിരിച്ചു. രാവിലെ ബസ്സില്‍ കുട്ടികളുടെ തിരക്കാണ്. ബസ്സില്‍ കയറിയാലും അവരുടെ കുസൃതിത്തരങ്ങള്‍ മാറില്ല. എന്റെ സീറ്റീനടുത്ത് ഒരു മുതിര്‍ന്ന സുന്ദരിയായ പാകിസ്താനി പെണ്‍കുട്ടി ഉര്‍ദൂ ഭാഷയില്‍ ശബ്ദം കുറച്ച് അനുരാഗ പുഞ്ചിരികളുയര്‍ത്തി ശബ്ദം കുറച്ച് സംസാരിച്ചത് അടുത്തിരുന്ന ഞാന്‍ ശ്രദ്ധിക്കുന്നില്ലന്നും എനിക്ക് ഉര്‍ദു ഭാഷ അറിയില്ലെന്നും അവള്‍ തെറ്റിദ്ധരിച്ചു. പ്രണയം അവളുടെ കണ്ണുകളില്‍ തിളച്ചുമറിയുന്നുണ്ട്. അനുരാഗം മൊട്ടിട്ട് വിടരുന്ന ഈ പ്രായത്തില്‍ സ്‌നേഹത്തിന്റെ നിര്‍മ്മലത അവള്‍ക്കറിയില്ലെന്നും പ്രണയലഹരിയില്‍ ഭ്രാന്തിയെന്നും ഞാന്‍ മനസ്സിലാക്കി. ബസ്സ് സ്റ്റാറ്റ്‌ഫോര്‍ഡിലെ ജോബ് സെന്ററിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിലെത്തി. യാത്രക്കാര്‍ ഇറങ്ങി ആ കൂട്ടത്തില്‍ എന്റെ അടുത്ത് സീറ്റിലിരുന്ന സുന്ദരിക്കുട്ടിയുമിറങ്ങി. അവളെ കാത്തു ഒരു യുവകോമളന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിച്ചിട്ട് നടന്നുപോയി. സ്റ്റാറ്റ്‌ഫോര്‍ഡിലെ ട്രിനിറ്റി ദേവാലയം തേടിയാണ് എന്റെ യാത്ര. അതിനുശേഷം ജന്മഗൃഹത്തില്‍ പോകണം. വഴിയില്‍ കണ്ട ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ട്രിനിറ്റി ദേവാലയം എവിടെയെന്ന് ചോദിച്ചു. അയാള്‍ ദൂരേക്ക് കൈചൂണ്ടി ദേവാലയം കാണിച്ചു തന്നു. നഗര മദ്ധ്യത്തില്‍ നില്‍ക്കുന്ന ദേവാലയമായതിനാല്‍ എനിക്കതില്‍ സംശയങ്ങള്‍ ഒട്ടുമില്ല. നടന്നു നടന്നു ദേവാലയത്തിനരികില്‍ എത്തി. മരങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു പുരാതന ദേവാലയം. ദേവാലയത്തിന്റെ രണ്ടു ഭാഗങ്ങളും റോഡുകളാണ്. എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരന്‍ എങ്ങനെയാണ് പളളിക്കുളളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? സ്വയം പൊരുതി ജയിക്കാന്‍ രാജ്ഞീരാജാക്കന്‍മാര്‍ അനുവദിച്ചുകാണില്ലായിരിക്കും. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് രാജകുടുംബവുമായി ബന്ധപ്പെട്ട ഏതോ നാടകം രാജ്ഞി ഇടപെട്ട് തിരുത്തി എഴുതിച്ചു ഗ്ലോബ് തീയേറ്ററില്‍ അഭിനയിച്ചതായി വായിച്ചിട്ടുണ്ട്. അന്നത്തെ മതപുരോഹിതര്‍ ആത്മാവില്‍ വിശുദ്ധ ജീവിതെ നയിച്ചവരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പളളിക്ക് ചുറ്റും കമ്പിവേലികളാണ്. ദേവാലയത്തിലെത്തി. പേര് വായിച്ചു. സെന്റ് ജോണ്‍സ്. പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നതും ഇംഗ്ലീഷ് കവിയായിരുന്നു. ജറാര്‍ഡ് ഹോപ്കിന്‍സാണ്. 1844 ല്‍ അദ്ദേഹത്തെ ഈ ദേവാലയത്തില്‍ വെച്ചാണ് മാമ്മോദീസ മുക്കിയതെന്ന് ഞാന്‍ എങ്ങോ വായിച്ചിട്ടുണ്ട്. പള്ളിക്കു മുന്നില്‍ 1899 ല്‍ അടക്കം ചെയ്ത കരോളിന്‍ ആന്‍ അവരുടെ ഭര്‍ത്താവ് ജോസഫ് സ്‌ക്കോട്ടിന്റയും അതിനടുത്തായി 1888 ല്‍ അടക്കം ചെയ്ത റിച്ചാര്‍ഡ് പിക്കിന്റെയും ഭാര്യ ഡോര്‍ത്തിയുടേയും കല്ലറകള്‍ കണ്ടു.
പളളിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ ഒരു ക്ലോക്കും അതിനുമുകളില്‍ മണിയുമുണ്ട്. കല്ലറക്കടുത്ത് ചുറ്റുവട്ടത്തിലിരിക്കാവുന്ന ഒരു മണ്ഡപംപോലുണ്ട്. അതിന്റ ചവിട്ടുപടിയില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രാവിലത്തെ കുളിരിളം കാറ്റിലിരുന്ന് പുസ്തക വായനയിലാണ്്. മരങ്ങളുടേയും മദ്ധ്യത്തില്‍ രാവിലത്തെ കുളിരുളള കാറ്റില്‍ അവര്‍ അക്ഷരങ്ങളുടെ മാധ്യര്യം നുകര്‍ന്നുകൊണ്ടിരിക്കുന്നു. പളളി തുറക്കാനായി ഞാന്‍ കാത്തിരുന്നു. ഒന്‍പത് മണികഴിഞ്ഞിട്ടും പളളി തുറക്കുന്നില്ല. സന്ദര്‍ശകരും ഇല്ല. എന്നില്‍ സംശയങ്ങള്‍ ഏറിവന്നു. വില്യമിനെ അടക്കിയ പളളിയുടെ പേര് ഹോളീ ട്രിനിറ്റി എന്നാണ്. ഇത് സെന്റ് ജോണ്‍സ്. ഗേറ്റിനടുത്തേക്ക് നടന്നു. ആരോടാണ് ചോദിക്കുക ആ നടപ്പാതയിലൂടെ ഒരു മദാമ്മ ഇളകിയാടിവരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു. വില്യം ഷേക്‌സ്പിയറെ അടക്കിയ ദേവാലയം ഇതാണോ? അവര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു. അത് ഇവിടെയല്ല. വികോടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് നാലരമണിക്കൂര്‍ യാത്ര ചെയ്താലേ സ്റ്റാറ്റ്‌ഫോര്‍ഡ്് അപ്പോണ്‍ അയോണിലെത്തൂ. ഇത് വെറും സ്റ്റാറ്റ്‌ഫോര്‍ഡ്് ആണ്. നല്ലൊരു ദിനം ആശംസിച്ചിട്ട് ആ സ്ത്രീ നടന്നുപോയി. നിമിഷങ്ങള്‍ മഞ്ഞുരുകുന്നതുപോലെ എന്റെ മനസ്സുരുകി. തിളങ്ങി നിന്ന കണ്ണുകള്‍ മങ്ങി. തെല്ലൊരു അപമാനഭാരത്തോടെ ആ ദേവാലയത്തേയും ഏകാഗ്രതയിലായിരിക്കുന്ന വായനക്കാരേയും നോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ദേവാലയത്തിന്റെ അടിഭാഗത്തുളള മുറിക്കുളളില്‍ ജര്‍മ്മന്‍ ബോംബിഗ് ഭയന്ന് അതിനുള്ളില്‍ അഭയം പ്രാപിച്ചവരെ ഒരു നിമിഷം ഓര്‍ത്തു. 2012 ല്‍ ഇതിനടുത്താണ് ഒളിമ്പിക്‌സ് നടന്നത്. എന്റെ മനസ്സിലേക്ക് ഞാന്‍ ദേവാലയം ചോദിച്ച ആഫ്രിക്കന്‍ കടന്നു വന്നു. അയാളുടെ തിരക്ക് പിടിച്ച യാത്രയില്‍ ഒരു ദേവാലയം കാണിച്ചുതന്നു. ബ്രിട്ടീഷുകാരി അങ്ങനെയല്ല പറഞ്ഞത്. ഏത് പളളിയെന്നും അതിന് പരിഹാരവും നിര്‍ദ്ദേശിച്ചാട്ടാണ് പോയത്. ഇംഗ്ലണ്ടിലെ വാര്‍വിച്ച് ഷെയറില്‍ കാണേണ്ടതും ന്യൂഹാ ബോറോയിലെ സ്റ്റാറ്റ്‌ഫോര്‍ഡ്് കാണാന്‍ പറ്റുമോ? ഞാനും ആ കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍ എങ്ങോ ഒളിഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്. രണ്ട് പേരും ഒരേ നുകത്തിലെ കാളകള്‍. ഇതിലൂടെ ഞാനൊരു പാഠം പഠിച്ചു. പോകേണ്ട സ്ഥലത്തിനേപ്പറ്റി ശരിയായ ധാരണയുണ്ടായിരിക്കണം. വെറുതേ ചാടി പുറപ്പെടരുത്. കേരളത്തില്‍ തെക്കും വടക്കുമുളള ജില്ലകളില്‍ പോലും ഒരേ സ്ഥലപേരില്ലേ? അതുപോലെ ഇവിടയും സംഭവിച്ചു. എന്റെ ചിരഭിലാക്ഷം പൊളിഞ്ഞ ഭാരവുമായി സ്റ്റാറ്റ്‌ഫോര്‍ഡ് പാര്‍ക്കിലേക്ക് നടന്നു. വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളും വെളളം ചീറിപ്പായുന്ന ഫൗണ്ടനുകളും പാര്‍ക്കിന്റെ പലഭാഗങ്ങളായി ടെന്നീസ്, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നവരെ വിവിധ കോര്‍ട്ടുകളിലായി കണ്ടു. അവധി ദിവസമായതിനാല്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കായിക പരിശീലനത്തിലാണവര്‍. അവരുടെ ആരവവും പ്രോത്സാഹനവും കാളിക്കാര്‍ക്ക് ഉന്മേഷം പകരുന്നു.
അവിടെ നിന്നുമിറങ്ങി ഈസ്റ്റ് ഹാമിലേക്ക് നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. ഈസ്റ്റ് ഹാമിന്റെയും സ്റ്റാറ്റ്‌ഫോര്‍ഡിന്റെയും ഇടയ്ക്കുളള വെസ്‌ററ് ഹാം പാര്‍ക്കിലും, പ്‌ളാഷെറ്‌റ് പാര്‍ക്കിലും കയറി. എല്ലാ പാര്‍ക്കിലും കണ്ട കാഴ്ചകള്‍ കുട്ടികള്‍ കളിക്കുന്നതും മുതിര്‍ന്നവര്‍ നടക്കുന്നതുമാണ്. ചിലര്‍ക്കൊപ്പം നായും നടക്കുന്നു. ആ കൂട്ടത്തില്‍ ഇന്‍ഡ്യന്‍- പാകിസ്താനി-ബംഗ്ലാദേശ്-ശ്രീലങ്കന്‍ സിത്രീകളുമുണ്ട്. ഇവിടെയെല്ലാം കൊച്ചു കുട്ടികള്‍ക്ക് കളിക്കാനുളള ഉപകരണങ്ങളും സജ്ജീകരണങ്ങളുമുണ്ട്. ആയതിനാല്‍ ചെറുപ്പം മുതലേ അവര്‍ കായികരംഗത്ത് വേണ്ടുന്ന പരിശീലനം നേടുന്നു. എല്ലാ പാര്‍ക്കിലും നിരനിരയായി നില്‍ക്കുന്ന മരങ്ങളുണ്ട്. ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റില്‍ കണ്ടത് ഇന്‍ഡ്യന്‍ സ്ത്രീകളും വിദേശികളും ഹരേ റാം സംഘടനയുടെ നേതൃത്വത്തില്‍ ഹരിനാമ കീര്‍ത്തനം മദ്ദളവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് പാടുന്നതാണ്. ഉറങ്ങി കിടക്കുന്ന ടൗണിനെ ഇവരുടെ ഭക്തിഗാനങ്ങള്‍ തട്ടിയുണര്‍ത്തുന്നു. ഞാനും അല്പനേരം അവിടെ നിന്ന് ആ ഭക്തിഗാനങ്ങള്‍ കേട്ടു. ഈശ്വരചൈതന്യമടങ്ങുന്ന ഗാനങ്ങള്‍. മാനവരാശിക്ക് ഭക്തിഗാനങ്ങളെന്നും വെളിച്ചമാണ് നല്‍കിയിട്ടുളളത്. ഈ ഭക്തി ലഹരി ഇവിടെയാരും മതലഹരിയായി കാണുന്നില്ല. ഇംഗ്ലീഷിലുളള ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് കാവി വസ്ത്രം ധരിച്ച ഒരു മദാമ്മയാണ്. കഴുത്തില്‍ രുദ്രാക്ഷ മാലയുണ്ട്. മദാമ്മ ‘ഓം നമശിവായ’ ഉരുവിടുന്നു. ഇരുളിലാണ്ട് കിടക്കുന്ന ജനത്തിന് പരമേശ്വരനേ കാട്ടികൊടുക്കുന്ന മദാമ്മ ഏതൊരു ഭാരതീയനും അഭിമാനമാണ്. വെളിച്ചം മാറി പ്രകൃതി ഇരുണ്ട് വന്നു. മഴ ചാറി തുടങ്ങി. അവിടെ മനസ്സിനെ ഏകാഗ്രമാക്കി നിന്നവരെല്ലാം വേഗത്തില്‍ നടന്നകന്നു. ഞാനും വീട്ടിലേക്കു നടന്നു.
അന്നത്തെ രാത്രി എന്റെ മനസ്സു വിളറി വെളുത്തു നില്‍ക്കുന്ന ആകാശം പോലെയായിരുന്നു. സ്റ്റാറ്റ്‌ഫോര്‍ഡ് എന്നെ അലട്ടികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഷേക്‌സ്പിയര്‍ ജന്മഗൃഹം കാണാന്‍ എന്റെ ഭവനത്തില്‍ എത്തിയത്. ഞങ്ങള്‍ വിക്‌ടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്നും ഇംഗ്ലണ്ടിലെ വാര്‍വിക് ഷെയറിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് ബ്രിട്ടന്റെ ഏതു ഭാഗത്തേക്കും ബസ്സില്‍ യാത്ര ചെയ്യാം. നിരന്ന് നിരന്ന് കിടക്കുന്ന വര്‍ണ്ണാഭമായ വാഹനങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഇത് കണ്ടപ്പോള്‍ ന്യൂഡല്‍ഹിയിലെ പ്രമുഖ ബസ്സ് ടെര്‍മിനല്‍ ഓര്‍ത്തു. അവിടെ നിന്ന് ചണ്‍ഡീഗഡ്, അമൃത്സര്‍, ജലന്തര്‍. ലുധിയാന ആഗ്ര, മധുര തുടങ്ങീ പല സ്ഥലങ്ങളിലേക്ക് ഞാന്‍ പോയിട്ടുണ്ട്. ഞങ്ങളുടെ യാത്ര ഏകദേശം നാലര മണിക്കൂര്‍. ബസ്സില്‍ ആര്‍ക്കും നില്‍ക്കാന്‍ അനുവാദമില്ല, പ്രൗഡിയാര്‍ന്ന ഇരിപ്പിടങ്ങള്‍. യാത്രികന്റെ പെട്ടിയും മറ്റും വെക്കാനുളള ഇടം ബസ്സിനടിയിലും ബസ്സിനുളളില്‍ ഇരിക്കുന്നതിന്റെ മുകളിലുമാണ്. ബസ്സിലിരുന്ന് റോഡിന്റെ ഇരുഭാഗത്തുളള കാടുകളുടെ പൂത്തുലഞ്ഞു കിടക്കുന്ന വയലോലകളുടെ സൗന്ദര്യം ഞാന്‍ ആസ്വദിച്ചു. ബസ്സില്‍ നിന്നും ഹോണ്‍ ശബ്ദം കേട്ടില്ല. ശബ്ദമലിനീകരണം പോലെ വായുവിനെ മലിനമാക്കാമന്‍ ആരും ഒരു വിധത്തിലും ശ്രമിക്കുന്നില്ല. ബസ്സിലെ ടി.വി യില്‍ നിന്നു വരുന്നത് ഹൃദയഹാരിയായ ഇംഗ്ലീഷ് ഗാനങ്ങളാണ്. സിനിമയല്ല. ഇതിലൂടെ സംഗീതത്തോടുളള ഇവരോടുളള സൗന്ദര്യ ബോധം വെളിപ്പെടുന്നു. യാത്രക്കാരെല്ലാം ഗാനത്തില്‍ ലയിച്ചിരിക്കുന്നു. ഞങ്ങള്‍ കൃഷിപാടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍, കുതിരകള്‍. താഴ്‌വാരങ്ങള്‍, കുന്നുകള്‍, ഗ്രാമങ്ങളിലെ വീടുകള്‍ കണ്ടിരുന്നു. ചില ഭാഗങ്ങള്‍ മൂടല്‍ മഞ്ഞുപോലെ കിടക്കുന്നു. ഞങ്ങള്‍ സ്റ്റാറ്റ്‌ഫോര്‍ഡിലെത്തി. ബസ്സ് സ്റ്റേഷന്‍ ചെറുതാണ്. ചുറ്റുപാടുകള്‍ മനസ്സിന് കുളിര്‍മ പകരുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ഗ്രാമങ്ങളുമാണ്. കുറച്ചുപേര്‍ വില്യമിന്റെ ഭവനത്തിലേക്കുളളവരാണ്. മരങ്ങളുടെ ഇടയിലൂടെ റോഡുകള്‍ മുറിച്ച് ഞങ്ങളും നടന്നു. റോഡില്‍ കുതിരവണ്ടികള്‍ ഓടുന്നുണ്ട്. നടന്നൊരിടത്ത് ടൂറിസത്തിന്റ ഒരു ഓഫീസ് കണ്ടു. നടപ്പാതയില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. രാജ്യങ്ങള്‍ക്ക് അതിര്‍ വരമ്പുണ്ടെങ്കിലും ഭാഷകള്‍ക്ക് അതിരില്ല. പത്ത് പതിനഞ്ച് മിനിറ്റ് നടന്നു ഞങ്ങള്‍ ഭവനത്തിനു മുന്നിലെത്തി.
അവിടെയൊക്കെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങള്‍ ക്യൂവില്‍നിന്നു. ജപ്പാനില്‍ നിന്ന് വന്ന യുവതി-യുവാക്കളാണ് ഞങ്ങളുടെ മുന്നില്‍. അകത്തു കടന്നു. ഭവനത്തിന് ഉള്‍ഭാഗത്തൊരു പൂന്തോപ്പാണ്. സഞ്ചാരികളെ ആദ്യം കാണിക്കുന്നത് വലിയൊരു സ്‌ക്രീനിലെ വീഡിയോയാണ്. അത് വില്യമിന്റെ ചെറുപ്പം മുതല്‍ മരണം വരെയുളള ചരിത്രമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു യുവതി വാതില്‍ക്കല്‍ നിന്ന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 1564 ഏപ്രില്‍ 23 ന് ജനിച്ച് 1616 ഏപ്രില്‍ 23 മരണപ്പെട്ട ദിവസം വരെയുളളതെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അദേഹത്തിന്റെ കിടപ്പറ, എഴുതാനുപയോഗിച്ച പേനകള്‍, മേശ, കസേര, വസ്ത്രങ്ങള്‍, കാപ്പികുടിച്ച കപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുവാന്‍ വിറക് കത്തിച്ച് അതിന്റെ പുക മുകളിലേക്ക് പോകാനുളള പുകകുഴല്‍, അടുക്കള, അടുക്കളയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, തീന്‍മേശ, തൊട്ടില്‍, തണുപ്പിനുപയോഗിക്കുന്ന കൗയ്യുറ, വിവിധ നിറത്തിലുളള തൊപ്പികള്‍, അന്നത്തെ തുണികള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഒരു മുറിയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ കാണാം. മറ്റു ചില കൈയ്യക്ഷര പ്രതികളുമുണ്ട്. ഞങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന കുട്ടികള്‍ ഓരോ ഭാഗങ്ങളിലും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് നീങ്ങുന്നത്. ഫോട്ടോകളും എടുക്കുന്നു. അക്ഷര സ്‌നേഹികള്‍ക്ക് ആനന്ദം പകരുന്ന കാഴചകള്‍, ഇവിടുത്തെ വിശ്വ പ്രസിദ്ധരല്ലാത്ത മിക്ക എഴുത്തുകാരുടേയും വീടുകള്‍ മ്യൂസിയങ്ങളാണ്. ഞാനും ഓണക്കൂറും കാഴ്ചകള്‍കണ്ട് നടക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ച വിഷയം സാഹിത്യമായിരുന്നു. പുറത്തേക്കിറങ്ങി. അവിടുത്തെ പൂന്തോപ്പില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബാസു സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയും കണ്ടു. ഒരു ബംഗാളി മുഖ്യമന്ത്രി തന്റെ ഭാഷയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ബ്രിട്ടണ്‍ ഭരിച്ചവരെല്ലാം ഇംഗ്ലീഷ് ഭാഷ ലോകമെങ്ങുമെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. ജ്യോതി ബാസുവിനെ മനസ്സില്‍ നമിച്ചുകൊണ്ട് നടക്കുമ്പോള്‍ തോന്നിയത് ഇതുപോലെയുളള ഭരണാധിപന്‍മാര്‍ ഇന്‍ഡ്യയില്‍ എന്തുകൊണ്ട് ജനിച്ചില്ല. ആ തെറ്റിന് വരുന്ന തലമുറ പ്രായശ്ചിതം ചെയ്യുമോ? മറ്റൊരു ഭാഗത്തായി ഷെക്‌സ്പിയറിനൊപ്പം നില്‍ക്കുന്ന ചൈനയിലെ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്ന നാടകകൃത്ത് റ്റാങ്. സി.അന്‍സുവിന്റെ പ്രതിമയുമുണ്ട്. ; ചൈനക്കാരും സാഹിത്യത്തെ അധികം ആദരിക്കുന്നു എന്നതിന്റെ തെളിവാണത്. സാഹിത്യത്തിന് ദേശകാലഭേദങ്ങളില്ല. മതമില്ല, രാഷ്ട്രീയമില്ല, അതിനടുത്ത് ഷേക്‌സ്പിയറ് മ്യൂസിയവും ലൈബ്രറിയും കണ്ടു. ഇവിടെയെല്ലാം ഷേക്‌സ്പിയര്‍ കൃതികള്‍ ലഭ്യമാണ്. വാങ്ങുന്ന പേന, ബുക്ക്, പാത്രങ്ങള്‍, കീ ചെയിന്‍ തുടങ്ങി കുട്ടികളുടെ കളിപാത്രങ്ങള്‍ വരെ ഷേക്‌സ്പിയറിന്റെ പേരു ഉളളതാണ്. വരുന്നവരാരും വെറഉം കൈയ്യുമായി മടങ്ങാറില്ല. അത് ആ എഴുത്തുകാരനോടുളള ആദരവാണ്. ഞങ്ങള്‍ ഓരോ പേന വാങ്ങി.
ഇംഗ്ലണ്ടിലെ സ്റ്റാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ ഏവോണില്‍ ജനിച്ച വില്യം ഷെക്‌സ്പിയര്‍ 38 നാടകങ്ങളും 150 ല്‍ അധികം കാവ്യ സൃഷ്ടികളും രചിച്ചിട്ടുണ്ട്. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ തുകല്‍ വ്യാപാരിയായ ജോണ്‍ ഷെക്‌സിപിയര്‍ അമ്മ മേരി ആര്‍ദന്റെ 8 മക്കളില്‍ മൂന്നാമനായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്ത് വലിയ പാണ്ഡിത്യമൊന്നുമില്ല. വില്യം വിവാഹം കഴിക്കുന്നത് 18-ാം മത്തെ വയസ്സില്‍. ഭാര്യ ആനി ഹാത്തവേയ്ക് പ്രായം 26. ഇന്‍ഡ്യക്കാരന്‍ ഇത് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും, സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ശക്തരല്ലന്നുളള തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇതുപോലെ പല വിഷയങ്ങളിലും അറിവുളളവരേക്കാള്‍ തിരിച്ചറിവ് ഉളളവരാണ് ഇംഗ്ലീഷുകാര്‍, ആ തിരിച്ചറിവ് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല സമസ്ത മേഖലകളിലും പ്രകടമാണ്. ഷെക്‌സ്പിയറിന്റെ ബാലൃം, കൗമാരത്തെപറ്റി പല കഥകളുമുണ്ട്. സ്റ്റാറ്റ്‌ഫോര്‍ഡിലെ ദേവാലയ രേഖ അനുസരിച്ച് 26 ഏപ്രില്‍ 1564 ല്‍ ഇദ്ദേഹത്തെ മാമ്മോദീസ മുക്കിയിട്ടുണ്ട്. ആ ദിനം ഇംഗ്ലണ്ടിന്റെ വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ ഓര്‍മ്മദിനം കൂടിയാണ്. അദ്ദേഹം പഠിച്ച എഡ്‌വേഡ്് സ്‌ക്കൂളിന്റെ രേഖയും ലഭ്യമാണ്. 1585 മുതല്‍ 1592 വരെയുളള വില്യമിന്റെ നാള്‍വഴികളാണ് പലരും സംശയത്തോടെ കാണുന്നത്. എനിക്കുണ്ടായ സംശയം ഇദ്ദേഹം ലണ്ടനില്‍ ഗ്ലോബ് തീയേറ്ററില്‍ ഉണ്ടായിരുന്ന കാലം കുടുംബത്തിലേക്ക് പലപ്പോഴും നടന്നുവന്നതായിട്ടാണ്. ബസ്സില്‍ നാലഞ്ചുമണിക്കൂര്‍ എടുക്കുമ്പോള്‍ ഒരു പകല്‍ മുഴുവന്‍ ഒരാള്‍ നടക്കുമോ? അതോ കുതിരപ്പുറത്തോ കുതിരവണ്ടിയിലോ അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്‍ നിക്കോളാസ് റോവ്വ് എഴുതിയത് മാന്‍വേട്ട നടത്തിയതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് ഒളിവില്‍ പോയി അവുടുത്തെ ചേംബര്‍ ലയിന്‍സിന്റെ നാടകകമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ്. മാത്രവുമല്ല അദ്ദേഹത്തിന് പേരും പ്രശസ്തിയുമുണ്ടായപ്പോള്‍ ലോകമെങ്ങും ആരാധിക്കുന്ന കൃതികള്‍ സ്വന്തമായി എഴുതിയതല്ല അങ്ങനെ പല കിംവദന്തികള്‍ അസുയയുള്ളവര്‍ പ്രചരിപ്പിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റ ഭാഗ്യം. ഒന്നുമേറ്റില്ല. ഷെക്‌സ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോവിയുടെ ജനനവും വില്യമിന്റെ വര്‍ഷമാണ്. 1564 ഫെബ്രുവരി 6 ന് കേംബ്രിജ് വിദ്യാര്‍ത്ഥിയായിരുന്ന ആ നവോത്ഥാന വിപ്ലവകാരി മത-രാഷ്ട്രീയ കാരണങ്ങളാല്‍ 29-ാം മത്തെ വയസ്സില്‍ കത്തികുത്തേറ്റു കൊല്ലപ്പെട്ടു. ഷെക്‌സ്പിയറെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമായിരുന്നു അത്. ഷെക്‌സ്പിയറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് മറ്റൊരു പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ബഞ്ചമിന്‍ ജോണ്‍സണ്‍. ഷെക്‌സ്പിയറിന്റെ കാലത്തു് ജീവിച്ചിരിന്ന എല്ലാം എഴുത്തുകാരും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടത്. പേരിനും പ്രശസ്തിക്കുമായി നടക്കുന്നവരായിരിന്നു അദ്ദേഹത്തെ ശത്രുതയോടെ കണ്ടത്. ഇന്നും ഇതുപോലുള്ള അഭിനവ എഴുത്തുകാരും കൂട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്.. ‘ദി പിറ്റ്കിന്‍ ഹിസ്റ്ററി ഓഫ് ബ്രിട്ടന്‍ ‘ എന്ന പുസ്തകം വായിച്ചാല്‍ കുറച്ചൊക്കെ മനസ്സിലാക്കാം.
ഷേക്‌സ്പിയറിന് മൂന്നു മക്കളാണ്. സൂസന്ന, ഹാമനെറ്റ്, ജൂഡിത്ത് . പിതാവിന്റെ തുകല്‍ വ്യാപാരം തകര്‍ച്ചയിലായപ്പൊഴൊക്കെ വില്യമാണ് വലിയൊരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. ലണ്ടനിലെ നാടകജീവിതത്തില്‍ ലഭിച്ച സമ്പാദ്യമെല്ലാം ഇവിടെ ധാരാളം വസ്തുക്കള്‍ വാങ്ങി കൂട്ടി സമ്പന്ന പ്രഭുവായി മാറി. ലോകമെങ്ങും ധാരാളം സാഹിത്യകാരന്‍മാരും കവികളും എഴുത്തുകാരുമുണ്ട്. ഇതില്‍ ഇംഗ്ലീഷ് ഭാഷയാണ് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. ഷെക്‌സ്പിയറിന്റെ പുസ്തകങ്ങള്‍ നാല് ബില്യന്‍, അഗത ക്രിസ്റ്റിയുടെ നാല് ബില്യന്‍, ബാര്‍ബര കാര്‍റ്റ്‌ലാന്റിന്റെ ഒരു ബില്യന്‍, അമേരിക്കന്‍ എഴുത്തുകാരി ഡാനിയേലീ സ്റ്റീലിന്റെത് എണ്ണൂറ് മില്യനുമാണ്. നമ്മള്‍ ആയിരങ്ങളുടെ കണക്ക് ആഘോഷിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിക്കപ്പെടുന്നത് ബില്യനും മില്യനുമാണ്.
വഴിയോരങ്ങളില്‍ പുസ്തക കടകള്‍ മാത്രമല്ല പൂക്കള്‍ വില്‍ക്കുന്ന കടകളടക്കം പലതുമുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ പൂമ്പാറ്റകളേപ്പോലെ ഉല്ലസിക്കുന്നു. ഞങ്ങള്‍ ഷെക്‌സ്പിയറെ അടക്കം ചെയ്ത ഹോളി ട്രിനിറ്റി ദേവാലയത്തിലേക്ക് നടന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി ടൂര്‍ ബസ്സുകള്‍ കടന്നു പോകുന്നു. അതില്‍ ചിലത് ഇവിടെ ആളുകളെ ഇറക്കിവിടുന്നു. അവോന്‍ നദിക്കടുത്തുകൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്. നദിയുടെ തീരത്തുളള പച്ചപുല്ലില്‍ ധാരാളം പേര്‍ ഇരിക്കുന്നു. അഞ്ചു മിനിറ്റ് നടന്ന് ദേവാലയത്തിലെത്തി. ഒരു പുരാതന ദേവാലയം. 1210 ല്‍ തീര്‍ത്ത ദേവാലയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്. വൃക്ഷങ്ങള്‍ മുളച്ചു തഴച്ചു നില്‍ക്കുന്നു. ചില ഭാഗത്ത് നിറചാര്‍ത്തുളള പൂക്കള്‍. ദേവാലയത്തിനു അകവും പുറവും സംഗീത സാന്ദ്രമാണ്. ചൈനക്കാരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു വന്നു. ഞങ്ങള്‍ അകത്തേക്കു കയറി. പഴക്കമാര്‍ന്ന കുറേ ഇരിപ്പിടങ്ങള്‍. ഇതില്‍ ഇതില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരെല്ലാം മണ്ണോട് മണ്ണായി തീര്‍ന്നു കാണും. മെഴുകുതിരികളെരിയുന്നു. ഒരു ഭാഗത്ത് സംഗീതജ്ഞരും വാദ്യോപകരണങ്ങളുമുണ്ട്. സുന്ദരികളായ ഏതാനും പെണ്‍കുട്ടികളാണ് വരുന്നവരെ സ്വീകരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത്. ഒരിടത്ത് പണം നിക്ഷേപിക്കുവാനുളള പെട്ടിയുമുണ്ട് . ഷെക്‌സ്പിയര്‍ ദേവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യവിശ്രമെ കൊളളുന്നു. അതിനുമുകളില്‍ വിവിധ നിറത്തിലുളള പൂക്കള്‍ .അതിനടുത്തായി മെഴുകുതിരികള്‍ എരിയുന്നു. ഇദ്ദേഹത്തിന്റെ അടുത്തായിട്ടാണ് ഭാര്യ ആനി ഹാത്തവേയും അടക്കം ചെയ്തിരിക്കുന്നത്. സാധാരണ ആരാധനക്ക് യോഗ്യരായവരെയാണ് ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. ക്രിസ്തീയ വിശ്വാസികളുടെ രാജാധിരാജനായ യേശു ക്രിസ്തുവിന്റെ ദേവാലയത്തില്‍ ആക്ഷരങ്ങളുടെ രാജാവും ഇടം പിടിച്ചിരിക്കുന്നു. അവിടേക്ക് ആരാധകര്‍ അനസ്യുതം വരുന്നുണ്ട്. ഈ അക്ഷരങ്ങളുടെ രാജാവ് സൃഷ്ടിച്ച കാഥാപാത്രമായ മാക് ബത്തിനേപ്പോലെ അക്ഷരരാജാവും ഒരു ബിംബമായി ശവകല്ലറയിലുറങ്ങുന്നു. ഈ ശ്മശാനത്തിലേക്ക് എല്ലാ വര്‍ഷവുമെത്തുന്നത് മൂന്ന് ലക്ഷത്തിലധികം സഞ്ചാരികളാണ്. പുറത്തിറങ്ങിയപ്പോഴും ഹൃദ്യമായ ഇംഗ്ലീഷ് ഭക്തി ഗാനം കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു. ഞങ്ങള്‍ നടന്നെത്തിയത് പുഞ്ചിരിച്ചുകൊണ്ട് ഒഴുകുന്ന ആവോന്‍ നദിക്കരികിലാണ്. നദിയില്‍ മന്ദം മന്ദം നീന്തുന്ന വെളുത്ത അരയന്നങ്ങളേ നോക്കി കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നു. അവര്‍ ഉറക്കെ എന്തോ പറയുന്നു. നദിയിലൂടെ ചെറിയ ബോട്ടുകളും പോകുന്നു. ഞങ്ങളും അല്പനേരം പച്ചപ്പുല്ലിലിരുന്ന് വിശ്രമിച്ചു. കൈകളില്‍ കരുതിയിരുന്ന ശീതള പാനീയം കുടിച്ചു. അടുത്തിരിക്കുന്ന കുട്ടികള്‍ പ്രാവുകളുമായി ചങ്ങാത്തത്തിലാണ്. അവര്‍ കൊറിച്ചുകൊണ്ടിരുന്നത് പ്രാവുകള്‍ക്കും കൊടുക്കുന്നുണ്ട്. മിണ്ടാപ്രാണികളോടുളള ഇവിടുത്തുകാരുടെ സ്‌നേഹവും സൗഹൃദവും കുട്ടികള്‍ ചെറുപ്പത്തല്‍ ശീലിക്കുന്നത് പ്രാവുകളില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഓണക്കൂറിനോട് പറഞ്ഞു. ഏതാനം കുട്ടികള്‍ പ്രാവുകളെ കയ്യിലെടുത്തു താലോലിക്കുന്നു. ഞങ്ങളുടെ സംസാരത്തില്‍ നിഴലിച്ചു നിന്നതും ഇവര്‍ മിണ്ടാപ്രാണികളോടെ കാട്ടുന്ന കാരുണ്യത്തെപ്പറ്റിയായിരിന്നു. അതിനാല്‍ കരുത്തില്ലാത്ത ജീവികളോടും അവര്‍ കരുണ കാട്ടുന്നു. ഞങ്ങള്‍ എഴുന്നേറ്റ് നടന്നു. പാലത്തില്‍ കയറി താഴേക്ക് നോക്കി. മനോഹര കാഴ്ചകള്‍. അരയന്നങ്ങളാണ് അതില്‍ പ്രധാനം. പലരും ഫോട്ടോകള്‍ എടുക്കുന്നു. ഒരു റെസ്റ്റോറന്റെില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ലണ്ടനിലേക്ക് മടങ്ങി.
പി. ഡി. ബൗസാലി
പതിനാറാം തീയതി രാവിലെ പത്തുമണിയോടുകൂടി നൈസായിലെ ഇനിയാതതൻ സത്രത്തിൽ നിന്നും ഞങ്ങൾ കേപ്പ് ടൗണിലേക്കു യാത്ര തിരിച്ചു. അഞ്ചര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ അഗൽഹാസ് (Agalhas )എന്ന സ്ഥലത്തു വന്നു. അവിടെ ഇന്ത്യൻ മഹാസമുദ്രത്തിൻെറ തീരത്തായി ഒരു ലൈറ്റ് ഹൗസുണ്ട്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി നിന്നാൽ ഇന്ത്യൻ മഹാ സമുദ്രവും, ആ സ്ഥലത്തിനു ചുറ്റുമുള്ള പട്ടണങ്ങളും മറ്റും കാണാം. ഈ സ്ഥലത്തിൻെറ ഒരു പ്രത്യേകത ഈ ലൈറ്റ് ഹൗസിനടുത്താണ് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും ഒത്തു ചേരുന്ന സംഗമ സ്ഥാനം. സൗത്താഫ്രിക്കയുടെ ഏറ്റവും തെക്കേ അറ്റമാണ് ഈ സംഗമസ്ഥാനം. അവിടെ പ്രത്യേകമായി അടയാളപ്പെടുത്തിയ ഒരു സ്ഥാനമുണ്ട്. നമ്മൾ നിന്നാൽ ഒരു കാല് ഇന്ത്യൻ മഹാസമുദ്രവും മറ്റേ കാല് അറ്റ്ലാന്ററിക് സാമുദ്രത്തിന്റെ ഭാഗത്തുമാണ്. ധാരാളം സന്ദർശകർ അവിടെ നിന്നു ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. തറയിൽ പ്രത്യേകമായ Indian ocean/ Atlantic ocean എന്ന് വലിയ അക്ഷരത്തിൽ പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ടു സമുദ്രങ്ങളിലെയും ഓളങ്ങൾ തമ്മിൽ തഴുകുന്ന സ്ഥലത്ത് ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു.
അവിടെ നിന്നും ഞങ്ങൾ Hermanus (ഹെർമാനസ് ) എന്ന പട്ടണത്തിലേക്കു പോയി. രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് ഹെർമാനാസിത്തിലെത്തിയത്, നല്ല വീതിയുള്ള ടാറിട്ട റോഡാണ്. ഒരു പ്രത്യേകതയെടുത്തു പറയുവാനുള്ളത് മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് റോഡിന്റെ ഇരുവശവും മരുഭൂമിപോലെ, ഒരു വശം പാറക്കൂട്ടങ്ങളും മലകളും നിറഞ്ഞ വരണ്ട ഭൂമി. മറുവശവും ഏതാണ്ട് അതുപോലെ തന്നെ. മണിക്കൂറുകളോളം യാത്ര ചെയ്തു കഴിയുമ്പോഴാണ് മനുഷ്യവാസമുള്ള സ്ഥലങ്ങൾ കാണുന്നത്. ഞങ്ങൾ ഹെർമാനസിൽ താമസിച്ചു. ഈ സ്ഥലത്തിന്റെ പ്രത്യേകത, ഇതിനടുത്തുള്ള കടൽ ഭാഗത്ത് ധാരാളം തിമിംഗലങ്ങൾ ഉണ്ട് (Whale Watch Area). പിറ്റേദിവസം തിമിംഗലങ്ങളെ കാണാൻ പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അന്നുരാവിലെ കടൽ പ്രഷുബ്ദമാവുകയും, തിമിംഗലങ്ങളെ കാണാറുള്ള സ്ഥലത്തേക്കുള്ള ബോട്ട് യാത്ര നിരോധിക്കുകയും ചെയ്തതിനാൽ ഞങ്ങൾ തിമിംഗലങ്ങളെ കാണാതെ യാത്ര തുടർന്നു മണിക്കൂറുകളോളം യാത്ര ചെയ്തു വൈകിട്ട് 9. 30മണിയോടുകൂടി കേപ് ടൗണിനു കുറച്ചു ദൂരത്തുള്ള കോ മിററി (Khommitte ) എന്ന സ്ഥലത്തുള്ള സെന്റ് ജോസഫ് സെമിനാരിയോട് ചേർന്നുള്ള ഗസ്റ്റ് റൂമുകളിൽ താമസിച്ചു.
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.
മനുഷ്യന്‍ ഹൃദയതത്തിൽ എത്രമാത്രം സ്നഹം ഉള്ളവർ ആണെന്നു ഇവിടെ ചെന്നാൽ മനസ്സിലാകും….
പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട് ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. മണാലിയിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.
ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.
മണാലിയില്‍ എത്തിച്ചേരാന്‍ :
മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്.
കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
പോകാന്‍ നല്ല സമയം :
മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.
സാഹസികരേ ഇതിലേ ഇതിലേ :
സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി. സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.
കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ? കുളു മണാലി: ഇവിടുത്തെ കാററാണ് കാററ്….ഭൂമിയിലെ സ്വർഗ്ഗം കാണാൻ പോകുന്നോ ?
ഉത്സവപ്രേമികള്‍ക്ക് ചില കാര്യങ്ങള്‍ :
ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.
താമസ സൗകര്യം :
ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായതിനാല്‍ മെച്ചപ്പെട്ട ഹോട്ടലുകള്‍ മണാലിയില്‍ ഉണ്ട്. വുഡ്‌വാലി കോട്ടേജ്, റോക്ക് മണാലി റിസോര്‍ട്ട് തുടങ്ങിയ ഹോട്ടലുകള്‍ കുറഞ്ഞ നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മണാലിയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.
മണാലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :
മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.
യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം
മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.
മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.
ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ പട്ടണം പുരാതനകാലത്ത് ലഡാക്കിലേക്കുള്ള കച്ചവട സഞ്ചാരത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മനാലിയും സമീപ പ്രദേശങ്ങളും ഇന്ത്യയുടെ സംസ്കാരത്തിനും പൈതൃകത്തിനും ഒരു പാടു സംഭാവനകൾ നൽകുന്നു.
പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്. പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് രാക്ഷസ എന്നറിയപ്പെട്ടിരുന്ന വേട്ടക്കാരായിരുന്നു. പിന്നീട് ഇവിടെ കാംഗ്‌ഡയിൽ നിന്നും വന്നെത്തിയ ആട്ടിടയന്മാർ ഇവിടെ താമസിച്ച് കൃഷി തുടങ്ങി. പിന്നീട് ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിൾ കൃഷി വൻതോതിൽ തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീർ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.
മനാലി ഡെൽഹിയുമായി ദേശീയ പാത-21 വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതു പിന്നീട് ലേയിൽ എത്തിച്ചേരുന്നു. ഇതു ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരപാതയാണ്. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് പ്രൈവറ്റ് ബസ്സുകളും ഒപ്പം ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല യാത്രകളാണ് കൂടുതലായും ഉള്ളത്.
മനാലി റെയിൽപാതയുമായി ബന്ധിപ്പിച്ചിട്ടില്ല. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ ചണ്ഡിഗഡ്-315 കി.മീ, പത്താൻകോട്ട്-315 കി.മീ, കാൽക്ക-310 കി.മീ. എന്നിവയാണ്. അതുകൊണ്ട് റോഡ് മാർഗ്ഗമേ ഇവിടേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. ഹിമാചൽ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ ഡുംഗ്‌രി അഥവാ ഹിഡിമ്പി അമ്പലം. ഇതു 1533 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്.
മനാലിയിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ കഴിയുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം. രോഹ്‌താൻ പാസ് : സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. രഹാല വെള്ളച്ചാട്ടം : മനാലിയിൽ നിന്ന് 16 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്‌താൻ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ്. ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. റാണീ നാല : മനാലിയിൽ നിന്ന് 46 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വർഷം മുഴുവനും മഞ്ഞു മൂടി കിടക്കുന്ന പ്രദേശം.
വശിഷ്ട് : മനാലിയിൽ നിന്ന് 3 കി.മീ ദൂരത്തിൽ ചൂടു വെള്ളം വരുന്ന ഒരു അമ്പലം. സോളാംഗ് വാലി : മഞ്ഞു പ്രദേശം എന്നറിയപ്പെടുന്ന ഈ പ്രദേശം മനാലിയിൽ നിന്ന് 13 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വളരെ മനോഹരമായ മഞ്ഞു മലകളുടെ ദൃശ്യങ്ങൾ ഇവിടെ നിന്നാൽ കാണാവുന്നതാണ്. മണികരൺ : മനാലിയിൽ നിന്ന് 85 കി.മീ ദൂരത്തിലും കുളുവിൽ നിന്ന് 42 കി.മീ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു-സിഖ് മതസ്ഥരുടെ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ ക്ഷേത്രങ്ങളും ഗുരുദ്വാരകളുമുണ്ട്. ചൂട് നീരുറവകളാണ് ഈ സ്ഥലത്തിൻറെ പ്രധാന പ്രത്യേകത. മണ്ണിലെ ഗന്ധകത്തിൻറെ സാന്നിദ്ധ്യമാണ്. ഇവിടെയുള്ള ചട് നീരുറവകൾക്ക് 86 മുതൽ 95 വരെ ഡിഗ്രീ ചൂടുണ്ട്.
സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.
മനാലിയോടൊപ്പം കൂട്ടിച്ചേർത്തു കണ്ടിട്ടുള്ള ഒരു പേരാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. ചണ്ഡീഗഢ് – മനാലി ദേശീയപാതയിൽ മനാലിയിൽ നിന്നും 41 കിലോമീറ്റർ പടിഞ്ഞാറായാണ് കുളു പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,700 മീറ്റർ ഉയരമുണ്ട് ഈ പ്രദേശത്തിന്. 4 °C നും 20 °Cഉം മധ്യെയാണ് ഇവിടത്തെ ശരാശരി താപനില. ഇവിടെനിന്നും ഡൽഹിയിലേക്ക് 512ഉം ഷിംലയിലേക്ക് 235 കിലോമീറ്ററുമാണ് ദൂരം. മനാലി സന്ദർശിക്കുന്നവർ കുളുവും കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്താറുണ്ട്.
കേരളത്തിൽ നിന്നും സ്വന്തമായി പ്ലാൻ ചെയ്തോ അതോ ട്രാവൽ ഏജൻസികളുടെ പാക്കേജ് എടുത്തോ നമുക്ക് മനാലിയിലേക്ക് പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ചിലർക്ക് ദുസ്സഹമാക്കും.
യാത്രികർ കയ്യിൽ കരുതേണ്ട സാധനങ്ങൾ : കൊടുംതണുപ്പിനെ അതിജീവിക്കുവാൻ തക്കവിധമുള്ള ജാക്കറ്റുകൾ, ഷൂസ്, സോക്സ്, കയ്യുറ എന്നിവ കൂടെ കരുതേണ്ടതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ യാത്രയ്ക്ക് മുൻപ് ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടിയിരിക്കണം.
മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.
തുറന്നു പറയാമല്ലോ, ബാച്ചിലേഴ്‌സ് അടക്കമുള്ള, നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു പ്രായമായ ചിലരൊക്കെ ഇത്തരം ടൂറിനിടയിൽ സ്വൽപ്പം രസത്തിനായി മദ്യം സേവിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. ഇതിലിപ്പോൾ പ്രത്യേകിച്ച് രഹസ്യമോ മറയോ ഒന്നുമില്ല താനും. പക്ഷെ ഊട്ടിയിൽ ചെന്നിട്ട് മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ ഇനി മുട്ടൻ പണിയായിരിക്കും നിങ്ങളെ തേടി വരുന്നത്.
കാരണം മറ്റൊന്നുമല്ല, ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മദ്യപാനത്തിനു ശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ അവരുടെ പക്കൽ നിന്നും 10,000 രൂപ പിഴയീടാക്കും. ഇതിനായുള്ള ഉത്തരവ് നീലഗിരി ജില്ലാ കലക്ടറായ ഇന്നസെന്റ് ദിവ്യ നൽകിയിട്ടുണ്ട്.
നീലഗിരി ജില്ലയിൽ സർക്കാർ വക 55 മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേതു പോലെ നീലഗിരിയിൽ ഇത്തരം മദ്യഷാപ്പുകളോടനുബന്ധിച്ച് ബാറുകൾ (മദ്യം കുടിക്കുവാനുള്ള ചെറിയ സെറ്റപ്പ്) ഇല്ല. ഇക്കാരണത്താൽ മദ്യഷാപ്പുകളിൽ നിന്നും ആളുകൾ മദ്യം വാങ്ങുകയും, എവിടെയെങ്കിലും മാറിയിരുന്നു കുടിച്ചശേഷം കുപ്പി പൊതുസ്ഥലങ്ങളിലും, കാടുകളിലുമൊക്കെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ദിവസേന പതിനായിരക്കണക്കിനു കുപ്പികൾ ഇപ്രകാരം നീക്കം ചെയ്യേണ്ടി വരുന്നുണ്ട്. ഇങ്ങനെ കുപ്പികൾ പൊതുസ്ഥലങ്ങളിൽ എറിയുന്നത് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാലാണ് അവ നിക്ഷേപിക്കുന്നവരിൽ നിന്നും ഉയർന്ന തുക പിഴയീടാക്കുവാൻ കളക്ടർ ഉത്തരവിട്ടത്.
അതുകൊണ്ട് ഊട്ടിയിലേക്കും, കോത്തഗിരിയിലേക്കും ഒക്കെ ടൂർ പോകുന്നവർ ശ്രദ്ധിക്കുക. അവിടത്തെ ടീം നമ്മൾ വിചാരിക്കുന്ന പോലെയല്ല, നല്ല സ്‌ട്രോങ് ആണ്. കുപ്പികൾ വലിച്ചെറിയുന്നതു ആരെങ്കിലും കണ്ടാൽ നല്ല പണി കിട്ടും എന്നുറപ്പാണ്. ഇനി ആരും കാണാതെ കാടുകളിലേക്കോ മറ്റോ കളയാമെന്നു വെച്ചാലും പിടിക്കപ്പെട്ടാൽ പിഴ കൊടുക്കേണ്ടി വരും.
മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേക വേസ്റ്റ് ബിന്നുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ കൃത്യമായി അവയിൽ നിക്ഷേപിക്കുക. ഒരിക്കലും പിഴയെ മാത്രം പേടിച്ച് നിങ്ങൾ ഒതുങ്ങണം എന്നല്ല, നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത് എന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടത്. കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. അവ കണ്ണുകൾ കൊണ്ട് ആസ്വദിക്കുക. നമ്മൾ ആസ്വദിച്ച ശേഷം അടുത്തയാൾക്കും കൂടി അത് ആസ്വദിക്കുവാനുള്ളതാണെന്ന ബോധം വേണം. പ്രകൃതി സുന്ദരിയായിത്തന്നെ നിലകൊള്ളട്ടെ. നമുക്ക് എക്കാലവും ആസ്വദിക്കാം.
പി. ഡി. ബൗസാലി
ആഗസ്റ്റ് പതിനഞ്ചാം തീയതി ഞങ്ങൾക്കു വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏതാണ്ട് 30 കി. മീ. ദൂരത്തുള്ള നൈസാ എലിഫന്റ് പാർക്കിലേയ്ക്കാണ് ആദ്യം പോയത്. ആനകളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഈ ആന സങ്കേതം ടുറിസ്റ്റുകളുടെ ഒരു ആകർഷണ കേന്ദ്രമാണ്. സന്ദർശകർ എത്തുമ്പോൾ ആനകൾ ഒരു പ്രത്യേക സ്ഥലത്തു വന്ന് വാരിവരിയായി നിൽക്കും. അവർക്കു കൊടുക്കാനുള്ള പഴവും മറ്റും കുട്ടകളിൽ വാങ്ങാൻ അവിടെ ലഭിക്കും . കൈവെള്ളയിൽ പഴമോ ആപ്പിൾ കഷണങ്ങളൊ വച്ചു നീട്ടിയാൽ തുമ്പിക്കൈയുടെ അറ്റം കൊണ്ട് കൃത്യമായി ആന എടുക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയവും രോമാഞ്ചവും കലർന്ന അനുഭവം ഒന്നു വേറേ തന്നെ. അവിടെ ആനകളുടെ കൂടെ നടക്കാം, ആനയെ തൊടാം ഫോട്ടോയെടുക്കാം.
അവിടെനിന്നും കുറച്ചു ദൂരത്തുള്ള മങ്കീസ് പാർക്കിലേയ്ക്കാണ് പിന്നീടു പോയത്. 400 – ൽ പരം വ്യത്യസ്ഥ ഇനങ്ങളിൽ പെട്ട കുരങ്ങുകളുടെ ലോകം. അമേരിക്കയിൽ നിന്നും ബ്രസീലിൽ മറ്റും കൊണ്ടു വന്നിട്ടുള്ള പല വലിപ്പവും ശരീരഘടനകളുമുള്ള കുരങ്ങൻമാർ. അവർക്കു ഭക്ഷണം കൊടുക്കുന്നതിനുള്ള പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങൾ ; ഏതു മരത്തിൽ നോക്കിയാലും ചാടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടങ്ങൾ. ഇവ ഈ വന ഭാഗത്തുനിന്നും വെളിയിൽ പോകാതിരിക്കാൻ ഉയരത്തിൽ കമ്പി വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
മങ്കീ ലാൻഡിൽ നിന്നും ഞങ്ങൾ പക്ഷി കേന്ദ്രത്തിലേക്കാണു പോയത്. പന്ത്രണ്ടേക്കറോളം വരുന്ന വനഭാഗം പ്രത്യേകമായ ഇരുമ്പുവേലികൊണ്ട് ചുറ്റിലും, മുകൾ ഭാഗത്തും കവർ ചെയ്തിരിക്കുന്നു. ആഫ്രിക്കയുടെ ദേശീയ പക്ഷിയായ ബ്ലൂ ക്രെയിനും, ഫ്ലെമിംഗോ പക്ഷികളും, പലനിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികളുടെ ഒരു പറുദീസ. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനം ജുകാനി വൈൽഡ് ക്യാറ്റ് റിസേർവ് ആയിരുന്നു . ഇവിടെയല്ലാം പ്രത്യേകം ടിക്കറ്റെടുത്താണ് പ്രവേശനം. ഞങ്ങളുടെ കുടെ ഒരു ഗൈഡ് വന്നു. ഓരോയിനം മൃഗങ്ങളെയും പ്രത്യേകമായി തീർത്ത ഇരുമ്പു വേലികളാൽ ചുറ്റപ്പെട്ടവനഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു. ഞങ്ങൾ ചെന്നപ്പോൾ സിംഹങ്ങൾക്ക് ആഹാരം നൽകുന്ന സമയം ആയിരുന്നു. വലിയ ഒരു ഇറച്ചിക്കഷണവുമായി ഞങ്ങൾ നിൽക്കുന്ന വേലിക്കടുത്തേയ്ക്ക് ഓടിക്കുതിച്ചു വന്ന സിംഹത്തിനെ കണ്ട് ഞങ്ങളെല്ലാവരും ഒന്നു പതറി ; അവന്റെ ഗാംഭീര്യത്തോടെയുള്ള നോട്ടവും മുരളലും കേട്ടു ഞങ്ങൾ പതുങ്ങിപ്പോയി. അവൻ വേലി ചാടിയാലോ? അങ്ങിനെ സംഭവിക്കില്ലന്നു ഗൈഡു ഞങ്ങളെ സമാധാനിപ്പിച്ചു. കടുവയും, പുലിയും, ജഗ്വാറും, പുള്ളിപ്പുലികളും, പൂമായും എല്ലാം ധാരാളമായുള്ള റിസേർവ് ഏരിയ. ആ വന്യമായ അന്തരീക്ഷത്തിൽ നിന്ന് ഞങ്ങൾ വെളിയിലിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന നൈസാ റിസോർട്ടിലേക്കു മടങ്ങിപ്പോയി, രാത്രി ഭക്ഷണം കഴിച്ചു വിശ്രമിച്ചു.
തുടരും….
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
പി. ഡി ബൗസാലി
ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.
ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ് 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.
അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്‌വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്‍സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച് പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …
തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)
പി. ഡി. ബൗസാലി
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി
മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.
വസ്ത്രധാരണം – തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്‌ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.
സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.
അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.
പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.
ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.
മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.
ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.
ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’
ടോം ജോസ് തടിയംപാട്
യൂറോപ്പിലെ വോൾഗ നദി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബ് നദി ബുഡാപെസ്റ്റിലെ ഹങ്കറിയുടെ പാർലമെന്റിനു മുൻപിലൂടെ ഒഴുകി പോകുമ്പോൾ ചെവിയോർത്താൽ ഒരു കരച്ചിലിന്റെയും പല്ലുകടിയുടെയും, ശബ്ദം കേൾക്കാം .
ആയിരക്കണക്കിന് യഹൂദ ശവശരീരങ്ങള്‍ ഈ നദി വഹിക്കേണ്ടിവന്നിട്ടുണ്ട് ആ വേദന അവൾ മാലോകരോട് പറഞ്ഞുകൊണ്ടാണ് ജർമനിയിൽ നിന്നും ഉത്ഭവിച്ചു പത്തു രാജൃങ്ങളിൽ കൂടി ഒഴുകി ,കറുത്ത കടലിൽ ചെന്ന് ചേരുന്നത്.
രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റലറുടെ പട്ടാളം ഹങ്കറി പിടിച്ചെടുത്തശേഷം നാസി ആശയങ്ങളെ അംഗീകരിക്കുന്ന കുരിശു ചിന്നമുള്ള arrow cross പാർട്ടിയുടെ നേതാവായ Ferenc Szálasi 1944 ൽ അവിടെ അധികാരമേറ്റു.
അവർ അവിടെ താമസിച്ചിരുന്ന 15000 യഹൂദരെ അറസ്റ്റു ചെയ്തു കോൺസ്ട്രഷൻ ക്യാമ്പിൽ താമസിപ്പിച്ചു. (ഇന്നത്തെ ബൂഡപെസ്ട് യഹൂദ പള്ളിയുടെ അടുത്തായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്) അവിടെ ഭക്ഷണവും ശുചിത്വവും ഇല്ലാതെ ശവങ്ങൾ തെരുവിൽ കുന്നുകൂടി, കൂടതെ ഇവിടെ നിന്നും പിടികൂടുന്ന യഹൂദരെ പോളണ്ടിലെ ഔസ്വിച് ഗിസ ചേമ്പറിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു .
അതൊന്നും കൂടാതെ കുട്ടികളെയും സ്ത്രീകളെയും ഉൽപ്പെടെ ആയിരകണക്കിനു യഹൂദരെ ഡാന്യൂബ് നദിതീരത്തുകൊണ്ടുപോയി ഷൂ കൾ ഊരിമാറ്റിയതിനു ശേഷം തലക്കു പുറകിൽ വെടിവച്ചു നദിയിൽ ഒഴുക്കികളഞ്ഞു.
ഷൂ ഊരിമാറ്റിയതിനു കാരണം അന്ന് ഷൂ വിലയുള്ള ഒന്നായിരുന്നു അത് അവര്‍ വിറ്റുപണമാക്കി . ആ കൊടും ക്രൂരതയുടെ സ്മരണയ്ക്ക് വേണ്ടിയാണു ഈ ഫോട്ടോയിൽ കാണുന്ന അറുപതു ജോഡി ഷൂകൾ ഈ നദിക്കരയിൽ സ്ഥാപിച്ചിരിക്കുന്നത് ഇതു സ്ഥാപിക്കാൻ മുൻകൈയെടുത്ത് സിനിമ സംവിധായകനായ Can Togay യാണ് .
ലോകത്തിന്റെ വിവിധ പ്രദേശത്തേക്ക് കുടിയേറിയ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ കൊലചെയ്യപ്പെട്ട മനുഷ്യരുടെ ബന്ധുക്കൾ സുഹൃതുക്കളുമെല്ലാം ഇവിടെയെത്തി ഈ ഷൂ ക്കളുടെ മുൻപിൽ തിരി തെളിക്കുന്നു പൂക്കള്‍ അർപ്പിക്കുന്നു.അവിടെ നിന്നുകരയുന്നു .
ഇത്തരം ഷൂ സ്ഥാപിക്കാൻ കാരണം ലോകത്തു ആരും സുരക്ഷിതരല്ലയെന്നുള്ള സന്ദേശം ലോകത്തിനു നൽകുന്നതിന് വേണ്ടിയാണു . .
ഞങ്ങൾ ഡാന്യൂബ് നദിയിലൂടെ ക്രൂയുസിൽ യാത്ര ചെയ്യുന്നതിനു വേണ്ടി കപ്പലിൽ പ്രവേശിച്ചപ്പോൾ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് ചെന്നപ്പോൾ അവിടെ ഇരിക്കുന്നത് പലസ്‌തീനിൽ വന്ന സന്ദർശകരായിരുന്നു ,ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ അവർ നിങ്ങള്‍ ഇന്ത്യക്കാരല്ലേ ഇരുന്നൊള്ളു നിങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞു .
കപ്പല്‍ നദിയിലൂടെ ഷൂ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതില്‍ ഒരാൾ പറഞ്ഞു കണ്ടോ അവിടെ ആ ഷൂ കളുടെ അടുത്ത് നിന്ന് ആളുകൾ കരയുന്നതു കണ്ടോ, അതെല്ലാം കള്ള കരച്ചിലുകളാണ് .
ഹിറ്റ്‌ലർ കൊന്ന യഹൂദരെക്കാൾ ഇസ്രേയൽ ഞങ്ങൾ പലസ്തിനികളെ കൊന്നൊടുക്കിയിട്ടുണ്ട് .നിങ്ങൾക്ക് അറിയുമോ ഞാൻ ജെറുസലേമിലാണ് താമസിക്കുന്നത് ഒരു മുസ്ലിമായ എന്റെ വീട് വിൽക്കാമെന്നു പറഞ്ഞാൽ പറയുന്ന പണം തന്നു യഹൂദർ അത് വാങ്ങും, അതുകൂടാതെ അമേരിക്കൻ പാസ്‌പോർട്ടും തരും. അവരുടെ ഉദേശം ജെറുസലേമിൽ അവരുടെ ജനസംഖൃ ഉയർത്തുകയാണ് ,അതിനു ശേഷം ജെറുസലേം ദേവാലയവും ജെറുസലേമും അവരുടെ നിയത്രണത്തിൽ കൊണ്ടുവരിക എന്നതാണ് .എന്നാൽ ഞാൻ ജനിച്ചു വളർന്ന എന്റെ വീട് ഞാൻ വിൽക്കില്ല .
ജൂത വർഗീയ വാദികൾ ഇസ്ലാമിക വർഗീയ വാദികൾ ചെയ്തതുപോലെ മതം മാറാത്തവരെ കൊന്നു അവരുടെ സ്വത്തും ,സ്ത്രീകളെയും കൊണ്ടുപോയില്ലല്ലോ, വിലക്കു വങ്ങനല്ലേ ശ്രമിച്ചോള്ളു എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
.
ഒരു കാര്യം എല്ലാവരും അറിയുക ഒരു വർഗീയവാദം മറ്റൊരു വർഗീയ വാദത്തെയാണ് ജനിപ്പിക്കുന്നത് അല്ലാതെ സമാധാനത്തെയല്ല.
ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ ഡാന്യൂബ് നദിതീരത്തുള്ള ഈ ഷൂ ക്കൾ .ബുടപെസ്റ്റ് യഹൂദപള്ളി, മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ കോണ്‍സെന്ട്രറേന്‍ ക്യാമ്പ് ഇരുന്ന സ്ഥലം ..
ഷെറിൻ പി യോഹന്നാൻ
കാനനപാതയിലൂടെ നീങ്ങുന്നവന് തണലേകാൻ കാട്ടുമരങ്ങളുടെ മത്സരം. വനത്തിൽ വിരുന്നെത്തുന്നവന് ഇമ്പമേകാൻ ചീവീടുകളുടെ മധുരസംഗീതം. കാട്ടുമരങ്ങൾ വിസ്മയം തീർക്കുന്ന വഴിയിലൂടെ 82 കിലോമീറ്ററുകൾ നീളുന്ന യാത്ര. കാടിന്റെ മടിത്തട്ടിൽ മദിച്ചുനടക്കാൻ മൂന്നു മണിക്കൂറുകൾ…. ഗവി യാത്ര….
പത്തനംതിട്ടയിൽ നിന്നും കുമളി വരെ ഗവിയിലൂടെയുള്ള 149 രൂപയുടെ ആനവണ്ടി യാത്ര നമ്മുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകളാണ്. പ്രകൃതി അതിന്റെയെല്ലാ സൗന്ദര്യത്തോടുംകൂടി ഇങ്ങനെ അണിഞ്ഞൊരുങ്ങി നില്കുകയാണ്. ഡ്രൈവർ ബിജുചേട്ടന്റെ തൊട്ടടുത്ത് ഗിയർ ബോക്സിന്റെ മുകളിൽ സ്ഥാനമുറപ്പിച്ച എന്നെ ആകർഷിച്ചതും അത് തന്നെ. മനുഷ്യന്റെ ചൂഷണത്തിന് ഇരയാകാത്ത പ്രകൃതിയുടെ സൗന്ദര്യം മതിയാവോളം നുകരാം. ഘോരവനങ്ങൾ, പുൽമേടുകൾ, താഴ്‌വരകൾ, ഏലത്തോട്ടങ്ങൾ, വെള്ളത്തെ പിടിച്ചുനിർത്തിയിരിക്കുന്ന ഡാമുകൾ (മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, മീനാർ കുള്ളാർ ഡാം, ഗവി ഡാം ) എന്നിവയെല്ലാം ചേർന്ന് യാത്രികന് സ്വർഗീയാനുഭൂതി സമ്മാനിക്കാൻ ഗവിയ്ക്ക് കഴിയുന്നുണ്ട്.
ഓഫ് റോഡിന്റെ തറവാടാണ് ഗവി. ഒപ്പം പുറം ലോകത്തെ എല്ലാ ‘മൊബൈൽ’ ബന്ധങ്ങളും തട്ടിയകറ്റി പ്രകൃതി സൗന്ദര്യം മനസ്സുനിറയെ ആസ്വദിക്കാൻ ഗവി നമ്മോട് ആവശ്യപ്പെടുന്നുണ്ട് . ഭൂമിയിലെ സ്വർഗമാണ് ഗവി. ശുദ്ധവായുവും തണുപ്പും ചേർന്ന് സമ്മാനിക്കുന്ന കുളിർമ, മനതാരിൽ വർഷം കണക്കെ പെയ്തിറങ്ങും. ഒറ്റയ്ക്കായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ബന്ധങ്ങളും ബന്ധനങ്ങളും ദുഖങ്ങളുമില്ലാതെ പ്രകൃതിയുടെ മടിത്തട്ടിൽ ഒഴുകി നടന്നു. ജീവിതത്തിൽ ഒരുതവണയെങ്കിലും അതിഥിയായി കടന്നുചെല്ലേണ്ട കാനനം – ഗവി.
📌 ഗവിയിലേക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
▪ആങ്ങമൂഴിയിൽ നിന്നാണ് വനം ആരംഭിക്കുന്നത്. കാറിനാണ് പോകുന്നതെങ്കിൽ നേരത്തെ തന്നെ ചെക്പോസ്റ്റിൽ നിന്ന് പാസ്സെടുക്കണം. ഇതിന് കുറച്ചധികം പണം ചിലവാകും. ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ 6 ചെക്പോസ്റ്റുകളും ഉണ്ട്.
▪ഗവിയിൽ തങ്ങാൻ ആഗ്രഹിക്കുന്നവർ KFDC യുടെ പാക്കേജ് എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗവിയിൽ തങ്ങാൻ കഴിയില്ല.
▪ഗവിയിൽ യാത്ര ചെയ്യുന്നവർ ദയവായി പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒന്നും തന്നെ അവിടെ നിക്ഷേപിക്കാതിരിക്കുക. അവിടമെങ്കിലും നശിക്കാതിരിക്കട്ടെ.
▪കെ എസ് ആർ ടി സിയിലാണ് യാത്ര എങ്കിൽ പത്തനംതിട്ട മുതൽ കുമളി വരെ 149 രൂപയാണ് ടിക്കറ്റ് നിരക്ക്. ആങ്ങമൂഴിയിൽ ബസ് നിർത്തിത്തരും. ഭക്ഷണം കഴിക്കുകയോ വാങ്ങുകയോ ചെയ്യാം. പിന്നീടങ്ങോട്ട് മൂന്നു മണിക്കൂർ ദൂരം കടകൾ ഒന്നുംതന്നെയില്ല. ആകെയുള്ളത് കെഎസ്ഇബിയുടെ കാന്റീൻ ആണ്. അവിടെയും ബസ് നിർത്തി തരും.
▪കെ എസ് ആർ ടി സിയുടെ സമയവിവരം ഇങ്ങനെ :-
◼പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളി
🔵ബസ് 1
രാവിലെ 6:30 – പത്തനംതിട്ട
11:00 am – ഗവി
12:30 pm – കുമളി
🔵ബസ് 2
12:30 pm – പത്തനംതിട്ട
5:00 pm – ഗവി
6:30 pm – കുമളി
◼കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട
🔴ബസ് 1
5:30 am – കുമളി
6:45 am – ഗവി
11:30 am -പത്തനംതിട്ട
🔴ബസ് 2
1:10 pm – കുമളി
2:20 pm – ഗവി
7:00 pm – പത്തനംതിട്ട
👉🏽For more information 📞
Pathanamthitta KSRTC – 0468 222236
Kumily KSRTC – 0486 9224242
KFDC Ecotourism – https://gavi.kfdcecotourism.com/
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം. ഇപ്പോൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.