കാരൂർ സോമൻ

ഭാഷയിൽ നിന്ന് സൗന്ദര്യം കണ്ടെത്തുന്നവരാണ് സാഹിത്യ പ്രതിഭകളെങ്കിൽ പാറ – തടി നിറച്ചാർത്തുകളിൽ നിന്ന് സൗന്ദര്യം സംസ്കരിച്ചെടുക്കുന്നവരാണ് ശില്പികൾ , ചിത്രകാരൻമാർ. ആദിമകാലങ്ങളിൽ സാഹിത്യവും കലയും ആ കാവ്യാത്മകതയിൽ നിന്നുള്ള സൗന്ദര്യ രൂപങ്ങളായിരുന്നു . കവി , ചിത്രകാരൻ , ശില്പി , ദാർശനീകൻ , ആർക്കിടെക്റ്റ് , ശാസ്ത്രജ്ഞർ തുടങ്ങി സർവ്വ കലയുടെയും യജമാനനായ മൈക്കലാഞ്ജലോ ഡി ലോഡോവിക്കോ ബൂനോ ഇറ്റലിയിലെ ഫ്ളോറൻസിനടുത്തു ക്രപീസ് എന്ന ഗ്രാമത്തിൽ ലുടോവിക്കോ ഡിയുടെയും അമ്മ ഫ്രാൻസിക്കായുടെയും മകനായി 1475 മാർച്ച് 6 ന് ജനിച്ചു . മൺമറഞ്ഞ വീരശൂരഭരണാധികാരികൾ , ആത്മീയാചാര്യൻമാർ , കലാസാഹിത്യ പ്രതിഭകൾ ഇവരുടെ ജീവിത കഥകൾ നമുക്കെന്നും വഴികാട്ടികളാണ് . മൈക്കലാഞ്ജലോയെ ഞാൻ കാണുന്നത് ഭാരതത്തിലെ ഋഷീശ്വരൻമാരായ വ്യാസമഹർഷി , വാൽമികി മഹർഷിക്കൊപ്പമാണ്. മനുഷ്യർ ക്ഷണികമായ ജീവിതസുഖങ്ങളിൽ മുഴുകുമ്പോൾ ഈ മഹൽ വ്യക്തികൾ മനുഷ്യകുലത്തിന് സമ്മാനിച്ചത് അനന്തമായ ആത്മ – അനുഭൂതി സംസ്കാരമാണ് . നമ്മുടെ വേദങ്ങളിൽ ജ്ഞാനമെന്നാൽ ബ്രഹ്മം എന്നാണ്. സരസ്വതി നദിയുടെ തീരത്തു പാർത്തിരുന്ന വ്യാസ മഹർഷി ലോക ചരിത്രത്തിനു നൽകിയത് ആത്മ – ദാർശനീക ഭാവമുളള മഹാഭാരതവും , വാൽമീകി മഹർഷി നൽകിയത് ഭാരതത്തിലെ ആദ്യസർഗ്ഗസാഹിത്യ കൃതിയായ രാമായണവുമാണ് . പാശ്ചാത്യരാജ്യങ്ങളിൽ സാഹിത്യത്തിനൊപ്പം ആത്മദർശനികഭാവമുളള മനോഹരങ്ങളായ ശില്പങ്ങളും വിതങ്ങളും വാസ്തുശാസ്ത്രവുമുണ്ടായി . ഈ മഹാപ്രതിഭകളുടെ സൃഷ്ടികിൽ നിറഞ്ഞുനിൽക്കുന്നത് ഉദാത്തമായ മാനവികതയാണ് , സ്നേഹമാണ് , ആത്മാവാണ് , ആത്മാവിന്റെ അർഥവും ആഴവും ആനന്ദവുമറിയാത്തവർ ഈ മനോഹര സ്യഷ്ടികളെ മത ചിഹ്നങ്ങളാക്കി ആദ്ധ്യാത്മികതയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തി മതസംസ്കാരത്തിലേക്ക് വഴി നടത്തുന്നു .

റോമിലെ സിസ്റ്റയിൻ ചാപ്പലിൽ പുണ്യാത്മകളുടെ കാലടിപ്പാടുകൾ പതിഞ്ഞ മണ്ണിൽ ആനന്ദലഹരിയോടെ അതിനുളളിലെ വർണ്ണോജ്വലമായ നഗ്ന ചിത്രങ്ങൾ കണ്ട് എന്റെ മനസ്സ് വസന്തം പൂത്തുലയുന്ന ദിവ്യാനുഭൂതിയിലേക്ക് വഴുതിവീണു . എ . ഡി . 1477 – 1481 ൽ പോപ്പിന്റെ കൊട്ടാരത്തിനടുത്തുള്ള ചാപ്പൽ അതിന്റെ പൂർണ്ണതയിലെത്തിക്കുന്നത് പോപ്പ് സിക്സ്റ്റസ്സ് നാലാമാനാണ് . ഏകദേശം ആറായിരത്തി ഇരുന്നുറ് ചതുരശ്രയടി ചുറ്റളവും , അറുപത് അടി ഉയരവുമുണ്ട്. സഞ്ചാരികൾക്ക് തലമുകളിലേക്കുയർത്തി മാത്രമേ ന അന്യാദർശ സുന്ദര ചിത്രങ്ങൾ കാണാൻ സാധിക്കു . അവിടെ ഒരു ചിത്രകാരൻ ഇതൊക്കെ വരക്കുമ്പോൾ ആ കണ്ണും കാതും കഴുത്തും എത്രമാത്രം ആ മനസ്സിനെ ശരീരത്തെ വേദനിപ്പിച്ചു കാണുമെന്ന് ആരും ഓർത്തു പോകും . സുന്ദരിമാരായ സ്വർഗ്ഗീയ മാലാഖമാരെ നഗ്നരായി വരച്ചിരിക്കുന്നത് കൗതുകത്തോടെയാണ് കണ്ടത് . ഈശ്വരന്റെ സ്യഷ്ടിയിൽ എല്ലാം നഗ്നരാണ് . ആദിമ മനുഷ്യർ നഗ്നരായിരുന്നപ്പോൾ ആധുനിക മനുഷ്യർ അതിൽ നിന്ന് മോചനം നേടി . 1508 – 1512 ലാണ് പോപ്പ് ജൂലിയാസ് രണ്ടാമൻ സിസ്റ്റയിൻ ചാപ്പലിലെ ചിത്രങ്ങൾ പുനരുദ്ധീകരിക്കാൻ മക്കിളാഞ്ചലോയെ ഏൽപിക്കുന്നത് . അതിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ലോകാത്ഭുത സ്യഷിയായി കണ്ടത് യേശുവിന്റെ അന്ത്യവിധി എന്ന ചിത്രമാണ് . സ്വർഗ്ഗത്തിൽ നിന്ന് മണ്ണിലെത്തിയ ദിവ്യ പ്രകാശമായി അതവിടെ പ്രകാശം പരത്തുന്നു . ഇതിൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തെ വിധിക്കുന്ന ന്യായാധിപനാണ് . ദൈവദൂതന്മാർ കാഹളം മുഴക്കുന്നു മാലാഖമാർ ഒരു പുസ്തകത്തിൽ നന്മ തിന്മകളുടെ കണക്കുകൾ നിരത്തി ഒരു കൂട്ടരെ സ്വർഗ്ഗത്തിലേക്കും മറ്റൊരു കൂട്ടരെ നരകത്തിലേക്കുമയക്കുന്നു . ഇതിൽ – ക്രിസ്തുവിന് താഴെ നഗ്നനായ ഒരാളിന്റെ കൈയികളിൽ മിന്നുന്ന കത്തിയും മൈക്കിളിന്റെ ഉരിച്ച തോലുമായിനിൽക്കുന്നതിനെ സൂചിപ്പിക്കുന്നത് നീണ്ട വർഷങ്ങൾ തന്നെ പീഡിപ്പിച്ച് ഭയപ്പെടുത്തി പണി ചെയിപ്പിച്ച പോപ്പ് ജൂലിയസ് രണ്ടാമനെ നഗ്നനായി നിർത്തുന്നതാണ് അതിനെക്കാൾ ദയനീയമായി കണ്ടത് മൈക്കളിനെ മാനസികവും ശാരീരവുമായി തളർത്തിയ വിലക്കെടുത്ത ഒരടിമയെപോലെ കണ്ട ബെറോമിനോ കർദ്ദിനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞ് കർദ്ദിനാളിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുന്നതാണ് . അധികാരത്തിന്റെ അഹന്തയിൽ അത്മാവില്ലാത്ത പുരോഹിതർക്കെതിരെ നരകത്തിൽ തള്ളിയിടുന്നതു പോലെയാണ് അവർക്കെതിരെ പ്രതികാരവാഞ്ചയോടെ സൗന്ദര്യപ്പൊലിമയുളള ചിത്രങ്ങൾ വരച്ചത് . ഓരോ ചിത്രങ്ങളും ആഹ്ലാദോന്മാദം നൽകുന്നവയാണ് . ഇരുട്ടിനെയും വെളിച്ചത്തെയും വേർതിരിക്കുന്ന കരുണക്കായി കൈനീട്ടുന്ന “ സൃഷ്ടി ” , സൂര്യഗ്രഹങ്ങൾ , കടൽ , പ്രപഞ്ചത്തിന്റെ ഉൽഭവം , നോഹയുടെ പേടകം വെളളപ്പൊക്കം , മോശയുടെ നാളുകൾ , യേശുവും ശിഷ്യൻമാരും , അന്ത്യഅത്താഴം , ഉയർത്തെഴുന്നേൽപ്പ് മുതലായ ഹൃദയഹാരിയായ ചിത്രങ്ങൾ ചിത്രകലക്ക് നൽകുന്ന സൗന്ദര്യ ശാസ്ത്രപഠനങ്ങൾ കൂടിയാണ് .

പ്രകൃതിയേയും ദൈവത്തെയും മനുഷ്യനെയും സൗന്ദര്യാത്മകമായി അസാധാരണമാംവിധം ചിത്രീകരിക്കുക മാത്രമല്ല , റോമിൽ വാണിരുന്ന ആത്മീയതയുടെ മൂടുപടമണിഞ്ഞ ശുഭ്രവസ്ത്രധാരികളായ ചില ശ്രഷ്ട്ടപുരോഹിതരുടെ അസ്വസ്ഥമായ ഹൃദയഭാവങ്ങൾ ചിത്രങ്ങളിൽ നിറം പിടിക്കുന്നു . അന്ത്യവിധി എന്ന ചിത്രം വിശ്വോത്തരമാക്കാൻ പ്രധാനകാരണം യേശുവും പുരോഹിതരുമായുള്ള ഏറ്റുമുട്ടലാണ് , എനിക്കപ്പോൾ ഓർമ്മവന്നത് യേശു ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടത്തിനും സമ്പത്തിനും കൂട്ടുനിന്ന പുരോഹിതന്മാരെ ആ ദേവാലയത്തിൽ നിന്നും ആട്ടി പുറത്താക്കിയ സംഭവമാണ് . ആ ദേവാലയത്തിന്റെ അന്ത്യത്തിന് കാരണക്കാരൻ യേശുവാണോയെന്നും ചിന്തിച്ച നിമിഷങ്ങൾ . 1550 ൽ ജീയോർജിയോ വാസരി പുറത്തിറക്കിയ മൈക്കിളിന്റെ ആത്മകഥയിൽ നിന്നാണ് പലതുമറിയുന്നത് . ചെറുപ്പം മുതലേ ദേവാലയത്തിൽ പോകുക , മാതാപിതാക്കളേക്കാൾ വേഗത്തിൽ നടക്കുക , പെട്ടെന്ന് കോപം വരുക തുടങ്ങി പലതുമുണ്ടായിരുന്നു . ചെറുപ്പത്തിൽ തന്നെ ഗ്രീക്കും , ഇംഗ്ലീഷും പഠിച്ചു . അതിന്റെ ഫലമായി വായനയും കൂടി , മകന്റെ ബുദ്ധിപ്രഭാവത്തിൽ മാതാപിതാക്കൾ സന്തുഷ്ടരായിരുന്നു . ചെറുപ്പത്തിലെ കവിതകൾ എഴുതി , അന്നത്തെ സാഹിത്യത്തിന്റെ ഉൽഭവകേന്ദ്രം ഗ്രീസ്സായിരുന്നു . ആത്മദർശനമുളള കവിതകളിൽ നിറഞ്ഞു നിന്നത് ആത്മാവെന്ന് പുരോഹിതർ വിലയിരുത്തി , പതിമൂന്നാമത്തെ വയസ്സിൽ ഫ്ളോറൻസിലെ ചിത്രകല പരിശീലനത്തിനിടയിൽ സഹപാഠിയോട് കോപിച്ചതിന് അവൻ മൈക്കിളിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു . നീണ്ടനാൾ ചികിത്സയിലായിരുന്നു . മാതാപിതാക്കൾ മകനെ മെഡിസിൻ പഠിപ്പിക്കാൻ വിടുന്നതിനിടയിൽ ഒരു ബന്ധു വിന്റെ മാർബിൾ കടയിൽ സ്വയം ജോലി ചെയ്ത് കാശുണ്ടാക്കാൻ തീരുമാനിച്ചു . അവധി ദിവസങ്ങളിലെല്ലാം കടയിൽ പോവുക പതിവായിരുന്നു . അവിടെ പൊട്ടിപ്പൊളിഞ്ഞു കിടന്ന മാർബിൾ കഷണങ്ങളിൽ ശില്പങ്ങൾ ചെത്തി മിനുക്കിയെടുത്തു . കവിതയിൽ പേരെടുത്ത മൈക്കിൾ ശില്പങ്ങൾ തീർത്തു തുടങ്ങി . ആരാധനപോലെ സത്യത്തിലും ആത്മാവിലും നിറഞ്ഞു നിൽക്കുന്ന മനോഹര ചിത്രങ്ങളും ശില്പങ്ങളുമായിരുന്നു അവയെല്ലാം. കവിതയും പഠനവും ശില്പവും ചിത്രങ്ങളും മൈക്കിളിനൊപ്പം സഞ്ചാരിച്ചു . ദേവാലയങ്ങളുടെ ചുവരുകളിൽ ചിത്രങ്ങൾ വരക്കാനും പെയിന്റടിക്കാനും മൈക്കിളും കുട്ടുകാരും മുന്നോട്ടുവന്നു . 1484 ൽ ഫ്ളോറൻസിലെ ചിത്രകാരൻമാരെയും ശിൽപികളെയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ക്ഷണിച്ചു . അതിൽ മൈക്കിളുമുണ്ടായിരുന്നു. അവർക്ക് നേതൃത്വം നല്കിയത് ചിത്രക്കാരനും ശില്പിയുമായിരുന്ന ഡോമിനിക്കോ ഗിരിൾഡായിരുന്നു . അത് മൈക്കിളിന് ഏറെ ഗുണം ചെയ്തു . ഒരു തപസ്സുപോലെ ശില്പങ്ങളും ചിത്രങ്ങളും രൂപമെടുത്തു . 1490 – 92 ലാണ് ആരെയും ആശ്ചര്യപ്പെടുത്തുന്ന “ മഡോണ ” , 1498 – 99 ലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നഗ്നനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയുടെ മടിയിൽ കിടത്തുന്ന പിയറ്റ് ” . 1504 ലെ മനോഹരമായ ഡേവിഡിന്റെ ശില്പം , 1505 ലെ അടി മയായ സ്ത്രീ . ഇതുപോലുളള സുന്ദരവും പ്രശസ്തവുമായ ധാരാളം സ്യഷ്ടികൾ പൂർണ്ണ ചന്ദ്രനെപ്പോലെ മണ്ണിൽ തിളങ്ങി . 1546 ൽ അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർക്കിടെക്റ്റ് ആയി നിയമിച്ചു.

സിസ്റ്റയിൻ ചാപ്പലിൽ നിന്നാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന വെളുത്ത പുക ഉയുരുന്നത് . മനുഷ്യന് മേലുളള അന്ധകാരമകറ്റാൻ പ്രകാശത്തെ പ്രപഞ്ചത്തിലേക്കയക്കുന്ന ദൈവത്തിന്റെ തേജസ്സും കൈയൊപ്പുമാണ് ഓരോ സ്യഷ്ടികളിലും കാണുന്നത്. അതു കാണുന്നവർക്കും ആത്മാഭിഷേക ആശീർവാ ദങ്ങളാണ് ലഭിക്കുക . അദ്ദേഹം ഈശ്വരനും മനുഷ്യനുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല ആത്മീയ ജീവിതത്തിലെ ജഡീകരായ പുരോഹിതരുടെ മാലിന്യങ്ങൾ ഓരോ ചിത്രത്തിലുടെ കഴുകികളയാനും ശ്രമിച്ചു . അന്ത്യനാളുകളിൽ ധാരാളം കഷ്ടതകൾ സഹിച്ച് ജീവിക്കുമ്പോൾ കൊട്ടാരജീവിതം നയിച്ചവരും മധുരം നുകർന്നവരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. 1564 ഫെബ്രുവരി 18 ന് 88 – മത്തെ വയസ്സിൽ അദ്ദേഹം മരിച്ചു . മൈക്കലാഞ്ചലോയുടെ ഭൗതികശരീരം റോമിലടക്കാൻ അനുവദിച്ചില്ല . അദ്ദേഹത്തെ അടക്കം ചെയ്ത് ഫ്ളോറൻസിലാണ് . അവിടുത്തെ ബസലിക്കയിലുളള ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് . ” സർവ്വകലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു . ‘ ‘ എല്ലാം രാജകീയ പ്രൗഡിയുടെ തിരുമുറ്റത്തെtക്കാൾ സ്നേഹത്തിന്റെ , ആത്മാവിന്റെ മേലങ്കിയണിഞ്ഞ പ്രപഞ്ച ശില്പിയായ ആ മഹാമാന്ത്രികനെ നമിച്ച് ഞാൻ മടങ്ങി .