UK

കാനഡയിൽ സൗത്ത് സെറിയിൽ മൂന്നു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.

മൂന്നു ദിവസം മുൻപ് കാനഡയിൽ മ്യൂസിക് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭർത്താവ് അനിൽ ചാക്കോയും കാനഡയിൽ ഡോക്റ്ററാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിൻ്റെ മകളാണ് .

അപകടസമയത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇതിലൊരു വാഹനം റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വച്ച് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.

പാലാ ബ്ലൂ മൂൺ ഹോട്ടൽ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനിൽ ചാക്കോ. അനിൽ – ശില്പ ദമ്പതികൾക്ക് രണ്ടു മക്കള്‍ നോഹ, നീവ്. യുകെയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

‘ഹോം ഫോർ യുക്രൈൻ’ പുനരധിവാസ പദ്ധതിപ്രകാരം ബ്രിട്ടൻ ഇതുവരെ വിസനൽകിയത് 2700 യുക്രൈൻ പൗരന്മാർക്ക്. ബ്രിട്ടനിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ സഹാനുഭൂതരായ മറ്റുള്ളവരോ അഭയസ്ഥാനം നൽകാമെന്നേറ്റ 2700 പേർക്കാണ് ഈ പദ്ധതിപ്രകാരം വിസഅനുവദിച്ചത്. ഇതുവരെ ലഭിച്ച 28,300 അപേക്ഷകളിൽ നിന്നാണ് 15 ദിവസത്തിനകം പത്തുശതമാനം പേർക്ക് മറ്റ് അന്വേഷണങ്ങൾ പൂർത്തിയാക്കി വിസഅനുവദിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് ഈ പദ്ധതിപ്രകാരം വിസഅനുവദിക്കും.

ഇതുവരെ നാൽപത് ലക്ഷത്തിലധികം യുക്രൈൻ പൗരന്മാർ യുദ്ധക്കെടുതിയിൽനിന്നും രക്ഷപ്പെടാൻ നാടുവിട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഇതിൽ പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടനിലുണ്ട്. ഇത്തരക്കാർക്ക് അഭയം ഒരുക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ ഒരു ബന്ധവുമില്ലാത്തവർക്കും മാനുഷിക പരിഗണനയുടെ പേരിൽ അഭയം ഒരുക്കുന്ന കാരുണ്യ പദ്ധതിയായി ഹോം ഫോർ യുക്രൈൻ മാറുന്നുണ്ട്.

അഭയാർഥി വീസയ്ക്കുള്ള അപേക്ഷാഫോമുകൾ ദൈർഘ്യമേറിയതാണെന്ന് തുറന്നു സമ്മതിക്കുന്ന മന്ത്രി ലോർഡ് ഹാരിങ്ടൺ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കൂടുതൽ വീസകൾ നൽകാൻ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകുന്നുണ്ട്. എന്നാൽ തുടക്കം മുതലേ ഒട്ടേറ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന പദ്ധതിയായതിനാൽ കരുതലോടെയാണ് ഹോം ഓഫിസിന്റെ നടപടികൾ. അഭയാർഥികളുടെ മറവിൽ ഭീകരരോ മറ്റ് ഉദ്ദേശങ്ങളുള്ളവരോ കടന്നുവരാതിരിക്കാനുള്ള മുൻകരുതലാണ് ദീർഘമായ നടപടികളിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചിതറിച്ച യുക്രൈനിൽനിന്നും അഭയാർഥികളായി എത്തുന്നവർക്ക് വാസസ്ഥലം ഒരുക്കാൻ വ്യക്തികൾക്കും സാമൂഹിക സംഘടനകൾക്കും ചാരിറ്റികൾക്കും മതസ്ഥാപനങ്ങൾക്കും അവസരം നൽകുന്ന പദ്ധതിയാണ് ഹോം ഫോർ യുക്രൈൻ. .

ഓരോ അഭയാർഥിക്കും വാസസ്ഥലം ഒരുക്കുന്ന കുടുംബത്തിന് മാസം 350 പൗണ്ട് വീതം സർക്കാർ നൽകും. ടാക്സ്ഫ്രീ ആയാകും ഈ തുക നൽകുക. അഭയാർഥികൾക്ക് ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമുള്ള പണം സർക്കാർ അവർക്ക് നേരിട്ടും നൽകും. താമസസ്ഥലത്തിനൊപ്പം അതുകൂടി നൽകാൻ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്. ഹൗസിംങ് ആൻഡ് കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിൾ ഗോവാണ് രണ്ടാഴ്ച മുമ്പ് യുക്രൈൻ അഭയാർഥികൾക്കായുള്ള ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

വാടകയില്ലാതെ അഭയാർഥികളെ സ്വന്തം വീട്ടിലെ മുറിയിലോ മറ്റേതെങ്കിലും പ്രോപ്പർട്ടിയിലോ താമസിപ്പിക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ സമ്മതം അറിയിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരിട്ട് അറിയാവുന്ന യുക്രൈനിയൻ പൗരന്മാരെ സ്പോൺസർ ചെയ്യാനായിരുന്നു ആദ്യ അവസരം. ഭാവിയിൽ ബ്രിട്ടനുമായി യാതൊരു ബന്ധവുമില്ലാത്തവരെയും സ്പോൺസർ ചെയ്യാൻ പദ്ധതിയിൽ അവസരം നൽകും.

 

ഓരോ വർഷവും വിവിധ പ്രത്യേക കാരണങ്ങളാൽ ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഉഴവൂർ സംഗമം യുകെയിലെ വലിയ ഗ്രാമമായ കെറ്ററിംങ്ങിൽ വച്ച് ഒക്ടോബർ 21, 22 തീയതികളിൽ നടത്തുമ്പോൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉഴവൂർകാർ എത്തിച്ചേരും. ഉഴവൂർക്കാരെ വരവേൽക്കാൻ കെറ്ററിംങ്ങ് ടീമംഗങ്ങൾ വളരെ ഉൽസാഹത്തോടെ തയ്യാറെടുക്കുന്നു എന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ഗ്രാമീണ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന കെറ്ററിങ്ങിന്റെ മടിത്തട്ടിൽ വിവിധ സാമൂഹ്യ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും.

ജന്മം കൊണ്ടും കർമ്മം കൊണ്ടും ഉഴവൂരിനെ നെഞ്ചിലേറ്റി ഇരിക്കുന്ന ഉഴവൂർക്കാർ യുകെയിലെ കെറ്ററിംങ്ങിൽ ഒത്തുചേരുമ്പോൾ അതൊരു ഉത്സവം ആയിരിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ സാധിക്കാത്തതിനാൽ യുകെയിലെ എല്ലാ ഉഴവൂർക്കാരും ഒത്തുചേരാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒക്ടോബർ 21, 22 തിയതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിൽ നൂറിലധികം ഫാമിലികൾ ബുക്ക് ചെയ്തു കഴിഞ്ഞു എന്ന് പ്രോഗ്രാം കോഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ജോസ് വടക്കേക്കര ചെയർമാനായും, സ്റ്റീഫൻ തറക്കനാൽ, ബിനു മുഡീകുന്നേൽ, ഷിൻസൺ വഞ്ചിന്തനം, ജോമി കിഴക്കേപ്പുറം എന്നിവർ കോഓർഡിനേറ്റേഴ്സ് ആയുള്ള കമ്മിറ്റി എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.

 

 

ഈസ്റ്റ്ഹാമില്‍ റസ്റ്റോറന്റില്‍ വച്ചു വെള്ളിയാഴ്ച കുത്തേറ്റു ഗുരുതരാവസ്ഥയിലായ മലയാളി യുവതി അപകടനില തരണം ചെയ്തു. നിരവധി തവണ കുത്തേറ്റ 30 കാരിയെ എയര്‍ ആംബുലന്‍സില്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ആക്രമണം നടത്തിയ ഇന്ത്യക്കാരനായ സഹപാഠി പിന്നീട് അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.20നാണ് ബാര്‍ക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്റോറന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ശ്രീറാം അംബര്‍ലായെയാണ് അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാള്‍ റിമാന്‍ഡിലാണ്. ശ്രീറാമിനെ ഇന്നലെ തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹൈദരാബാദിന് അടുത്ത സിര്‍സില്ല സ്വദേശികളാണ് ഇരുവരും. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠികളും പറയുന്നു. പിതാവ് മലയാളിയായ യുവതിയുടെ കുടുംബവും ഹൈദരാബാദിലാണ്. സിര്‍സിലായില്‍ ഉള്ള വാര്‍ഡമാന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിടെക് പഠന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

അക്രമം തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാര്‍ക്കു നേരെയും ഇയാള്‍ കത്തിവീശി. ഇവര്‍ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റന്‍ പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു. യുകെയില്‍ ഉന്നത പഠനത്തിനായി യുവതി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലും യുവാവ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലുമാണ് എത്തിയത്. കോഴ്‌സ് പൂര്‍ത്തിയായ ശേഷം രണ്ടു വര്‍ഷത്തെ സ്റ്റേ ബാക് സൗകര്യം പ്രയോജനപ്പെടുത്തി താത്കാലിക ജോലി ചെയ്യുകയായിരുന്നു.

യുവതി അകലുന്നതായി തോന്നി ശ്രീറാം ജോലി ഉപേക്ഷിച്ച് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.സുഹൃത്തുക്കളില്‍ നിന്ന് ആണ് വിവരം ലഭിച്ചു കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് വര്‍ധമാന്‍ എഞ്ചിനീയറിങ് കോളേജിലെ ബിടെക് പഠനം പൂര്‍ത്തിയാക്കിയാണ് യുവതി ലണ്ടനില്‍ മാസ്റ്റേഴ്‌സ് പഠനത്തിനെത്തിയത്.

അതിനിടെ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണമായി ധാരണയില്ലാതെ സഹോദരനെ ലണ്ടനില്‍ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ശ്രീറാമിന്റെ സഹോദരന്‍ അഭിഷേക് അംബര്‍ലാ അഭ്യര്‍ത്ഥിച്ചു.

ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് ‌റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.

പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലം. മാത്യു ചേട്ടൻ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് മാത്യു മാളിയേക്കല്‍ മരണത്തിന് കീഴടങ്ങി. ജോലി സംബന്ധമായ ആവശ്യത്തിനായി ആശുപത്രിയിൽ പോയി മടങ്ങി വരവേ ബസില്‍ നിന്നും തെന്നി വീണു പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളായി. ജീവന്‍ രക്ഷ ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ പിടിച്ചുനിർത്തിയത്. എന്നാൽ മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കാതായതോടെ കുടുംബത്തിന്റെ സമ്മതത്തോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലണ്ടനിലെ റോംഫോഡില്‍ താമസിക്കുന്ന മാത്യു ചേട്ടൻ യുകെ മലയാളികൾക്ക് പരിചിതനാണ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഭാര്യ റിനിയെയും മക്കളായ ഇഷയെയും ജെറോമിനെയും തനിച്ചാക്കി മാത്യു യാത്രയായത് സുഹൃത്തുക്കള്‍ക്കും തീരാവേദനയായി. കോട്ടയം സ്വദേശിയായ മാത്യു, ലണ്ടന്‍ ക്‌നാനായ മിഷന്‍ അംഗമാണ്. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ അപ്രേം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്.

സ്റ്റഡി ഡേയുടെ ഭാഗമായി ജോലി സ്ഥലത്തെ ക്ലാസിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇടുപ്പെലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂഹാം ഹോസ്പിറ്റലിലെ ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റിന്റെ പരിശോധനകള്‍ക്കു വിധേയനായി. എന്നാൽ അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചു. ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് നേഴ്‌സ് ആയി വിപ് ക്രോസ് ഹോസ്പിറ്റലിലും ന്യൂഹാം ഹോസ്പിറ്റലിലും ജോലി ചെയ്തു വരികയായിരുന്നു മാത്യു. ന്യൂഹാം ഹോസ്പിറ്റലിലെ നേഴ്സാണ് ഭാര്യ റിനി.

കഴിഞ്ഞ നാലു വര്‍ഷമായി യൂകെയില്‍ ജനപ്രശംസ ഏറ്റുവാങ്ങിയ 7 ബീറ്റ്‌സ് സംഗീതോല്‍സവം ആന്റ് ചാരിറ്റി ഇവന്റ് കോവിഡ് നല്‍കിയ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീസണ്‍ – 5 അതിവിപുലമായി ബെഡ്‌ഫോര്‍ഡിലെ അഡിസണ്‍ സെന്റ്ററില്‍ ജൂലൈ ഒന്‍പതിന് ശനിയാഴ്ച മൂന്നു മണി മുതല്‍ അരങ്ങേറുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി യുകെയില്‍ നിരവധി കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിര്‍ദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ യൂകെയിലെ യുവതലമുറയിലെ നിരവധി പ്രതിഭകള്‍ ഒ.എന്‍.വി സംഗീതവുമായിയെത്തുന്നു. കൂടാതെ വിവിധ വേദികളില്‍ കഴിവു തെളിയിച്ച കലാകാരികളും കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്തങ്ങളും സംഗീതോത്സവം സീസണ്‍ 5ന് മാറ്റേകും.

യുകെയിലെ പാര്‍ലമെന്റ് മെമ്പേര്‍സ് മുഖ്യാതിഥികളായെത്തുന്ന സീസണ്‍ 5-ല്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കും. അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത കവി ഒഎന്‍വി കുറിപ്പിന്റെ അനുസ്മരണവും നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം

The Addison Centre, Kempston – Bedford, MK42 8PN

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Sunnymon Mathai: 07727 993229

Jomon Mammoottil: 07930431445

Cllr Dr Sivakumar: 07474 269097

Manoj Thomas: 07846 475589

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമും മുന്‍ ഭാര്യ ഹയ രാജകുമാരിയും തമ്മില്‍ ബ്രിട്ടീഷ് കോടതിയില്‍ നടന്നിരുന്ന കേസില്‍ പ്രിന്‍സസ് ഹയക്ക് വിജയം. മക്കളുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹയ വിജയിച്ചത്.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയക്ക് രണ്ട് മക്കളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിക്കുകയായിരുന്നു.

അല്‍-മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു പ്രിന്‍സസ് ഹയ.

എന്നാല്‍ ഹയയോടുള്ള അല്‍- മക്തൂമിന്റെ കീഴടക്കല്‍- കണ്‍ട്രോളിങ് മനോഭാവം സൂചിപ്പിക്കുന്നത്, മക്കളുടെ കസ്റ്റഡി അവകാശം അയാള്‍ക്ക് ലഭിക്കാന്‍ പാടില്ല, എന്നാണെന്നാണ് ജഡ്ജി സര്‍ ആന്‍ഡ്രൂ മക്ഫാള്‍ലേയ്ന്‍ നിരീക്ഷിച്ചത്.

പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

മക്കളുമായുള്ള ബന്ധം ഫോണ്‍ വിളികളിലും മെസേജുകളിലും ഒതുങ്ങുമെന്നും ജഡ്ജി നിരീക്ഷിച്ചു.

വിവാഹമോചിതരായ പ്രിന്‍സസ് ഹയയും അല്‍ മക്തൂമും തമ്മില്‍ മൂന്ന് വര്‍ഷത്തിലധികമായി ലണ്ടന്‍ ഹൈക്കോടതിയില്‍ തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

തന്റെ രണ്ട് കുട്ടികളേയും കൊണ്ട് (ജലീല (14), സായെദ് (10)) 72കാരനായ അല്‍- മക്തൂമിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.

തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവര്‍ മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.

നേരത്തെ ഹയക്കും മക്കള്‍ക്കും ദുബായ് ഭരണാധികാരി ജീവനാംശം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സെറ്റില്‍മെന്റ് തുക പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

കുറഞ്ഞത് 554 മില്യണ്‍ പൗണ്ട് (734 മില്യണ്‍ ഡോളര്‍) ഹയക്ക് നല്‍കണമെന്നായിരുന്നു ലണ്ടനിലെ കുടുംബ കോടതി ഉത്തരവിട്ടത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയായിരുന്നു അത്.

പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന് മൂന്ന് മാസത്തിനുള്ളില്‍ 251.5 മില്യണ്‍ പൗണ്ട് നല്‍കാനും ജഡ്ജി ഉത്തരവിട്ടിരുന്നു.

ഹയയുടെയും മക്കളുടെയും സുരക്ഷക്കും, വേര്‍പിരിയലിന്റെ സമയത്ത് അവര്‍ക്ക് നഷ്ടമായ വസ്ത്രം, ആഭരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുകയുമായാണ് ഈ തുക വിധിച്ചത്.

ഇരുവരുടെയും രണ്ട് മക്കള്‍ക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനായും വര്‍ഷം തോറും 11 മില്യണ്‍ പൗണ്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായും ബ്രിട്ടീഷ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അഞ്ചു വയസുകാരന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ജീവിതം ക്രച്ചസിലായതായി പരാതിപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. ലണ്ടനിലാണ് സംഭവം. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന പ്രാദേശിക അതോറിറ്റിയായ ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണിനെതിരെയാണ് 44 വയസുകാരിയായ അലക്സാന്ദ്ര ഔകെറ്റ് പരാതി നല്‍കിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്.

2017 മാര്‍ച്ചിലാണ് സംഭവം. സംഭവദിവസം കുട്ടി ആദ്യം ഒപ്പമുള്ള ഒരു കുട്ടിയെ ആക്രമിച്ചു. ഇതുകണ്ട അദ്ധ്യാപിക ഉടനെ മുറിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇതിനിടെ അഞ്ചു വയസുകാരന്‍ വീണ്ടും പ്രകോപിതനാകുകയും താനുള്‍പ്പെടെയുള്ള അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു. തനിക്ക് നേരെ ചാടിവീണ കുട്ടി നെഞ്ചില്‍ ചവിട്ടുകയും നുള്ളുകയും ചെയ്തു. ഇടുപ്പിലും അരക്കെട്ടിലും കാലുകളിലും ശക്തമായ ചവിട്ടേറ്റതോടെ പരിക്കേറ്റുവെന്ന് അധ്യാപിക പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റതോടെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നുവെന്ന് അധ്യാപിക വ്യക്തമാക്കുന്നുണ്ട്. മര്‍ദനത്തിന്റെ ഫലമായി നടക്കാന്‍ ഊന്നുവടി ആവശ്യമായി വന്നു. വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സ്‌കൂളിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായില്ല. പരിക്കും ചികിത്സകളുമായി കഴിയേണ്ടി വന്നതോടെ മാനസികമായി തളര്‍ന്നു. വിഷാദരോഗം ബാധിച്ചതായും അലക്സാന്ദ്ര ഔകെറ്റ് പറഞ്ഞു.

ശാരീരികവും മാനസികവുമായി തിരിച്ചടിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയോ സഹായമോ ഉണ്ടാകാതെ വന്നതോടെ സ്‌കൂളിനെതിരെ നിയമനടപടിക്ക് ഒരുങ്ങേണ്ടിവരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ആണ്‍കുട്ടി, അവന്റെ പ്രായത്തേക്കാള്‍ വലുതായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലും ഏറ്റ മര്‍ദനം മൂലം നീര്‍വീക്കമുണ്ടായി. താന്‍ മുന്‍പ് ആരോഗ്യവതിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വിഷാദരോഗവും തനിക്കുണ്ടെന്നും അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി.

കുട്ടിക്ക് പഠന വൈകല്യവും ആക്രമണ സ്വഭാവവും ഉണ്ടായിരുന്നതായി അലക്സാന്ദ്ര കോടതിയെ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല.

അതേസമയം, കുട്ടികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നു അലക്സാന്ദ്രക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതരും വാദിച്ചു. എന്നാല്‍ ഈ വാദം സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോടതി അംഗീകരിച്ചില്ല.

അധ്യാപികയ്ക്ക് നഷ്ടപരിഹരമായി 14 ലക്ഷം രൂപയും അഭിഭാഷകരുടെ ഫീസും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടൻ വിനായകൻ കൺസെന്റോടു കൂടെ ചെയ്തതിലെന്താണ് തെറ്റ് ? വിനായകൻ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈൽഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല . അത് ഒന്നില്ലെങ്കിൽ അയാൾ ജീവിച്ചു വളർന്ന സാഹചര്യം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ്.
എന്നിരുന്നാലും ഓപ്പൺ കമ്മ്യൂണിക്കേഷൻ അത് ഇന്ന് സമൂഹത്തിൽ വളരെ ആവശ്യമാണ് . ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്‌പെക്റ്റിന്റെ ഭാഗമാണ് …

ഇവിടൊക്കെ അത് നിത്യ കാഴ്ചയാണ് . ഒരാളോട് ഇഷ്ടം തോന്നിയാൽ Are you interested എന്ന് ചോദിക്കും ഇല്ലെങ്കിൽ ഇല്ല , എസ് എങ്കിൽ എസ് . അതിനർത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കും എന്നല്ല . അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ് , ആ ചോദ്യം ? ( ഞാൻ അയാളെ അയാൾ പറഞ്ഞ രീതിയെ പൂർണമായി ന്യായീകരിച്ചെന്ന് ഇതിനർത്ഥമില്ല .)

അഞ്ചു മിനിറ്റത്തെ പെണ്ണുകാണലിൽ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മൾ ആഘോഷമാക്കുമ്പോൾ ഇവിടെ പാശ്ചാത്യർ അഞ്ചുമിനിറ്റിൽ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫർ ചെയ്യാതിരിക്കുകയും നോ പറഞ്ഞാൽ അവരെ റെസ്‌പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ .

നമ്മൾ ഇന്ത്യക്കാർ എന്നും അടിച്ചമർക്കപ്പെട്ട (അടിമകൾ) വർഗമാണ്. പലരും പലതും നമ്മളിൽ നമ്മുടെ അനുവാദമില്ലാതെ അടിച്ചേൽപ്പിച്ചു . വിശ്വാസം മുതൽ കാർഷിക ബിൽ വരെ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചു, അനുവാദം ചോദിച്ചാൽ നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാകുമെന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാൽ ദമ്പതിമാർ തമ്മിൽ, മാതാപിതാക്കൾ മക്കളോട് , മക്കൾ മാതാപിതാക്കളോട്, നമ്മൾ ഓരോരുത്തരും പരസ്പരം, സഹോദരങ്ങളോട്, അയൽക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ് . അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ് . അതിനാൽ വളരെ ചെറുപ്പം മുതലേ നമ്മൾ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് . അനുവാദം’ ചോദിക്കാൻ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരു നിർഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.

പാശ്ചാത്യർ ജീൻസിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്പിച്ചു ജീൻസിട്ടു, കഞ്ഞി മാറ്റി ബർഗർ ആക്കി, ഖദർ മാറ്റി കോട്ടിട്ടു, സാരി മാറ്റി ഷോർട്ട് ഇട്ടു…..പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ മാത്രം accept ചെയ്യാൻ നമ്മൾ മടിക്കണം. അങ്ങനെ മടിക്കുമ്പോൾ ഓർത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും…..

 

Copyright © . All rights reserved