UK

സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

പൂർണമായും വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ യു​.കെയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന്​ ട്രാൻസ്​പോർട്ട്​ ഡിപ്പാർട്ട്​മെന്‍റും അറിയിച്ചു.

“യുകെയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സന്തോഷവാര്‍ത്ത. നവംബര്‍ 22 മുതല്‍ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കോവാക്‌സിന്‍ ഉള്‍പ്പെടെയുള്ള കോവിഡ്-19 വാക്‌സിന്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ ആവശ്യമായി വരില്ല. ഇതോടെ കോവിഷീല്‍ഡിനൊപ്പം, ഈ വാക്‌സിനും എത്തിച്ചേരും,“ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

കോവാക്‌സിന് പുറമെ ചൈനയുടെ സിനോവാക്, സിനോഫാം എന്നിവയ്ക്കും ഡബ്യുഎച്ച്ഒ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ യുകെ ഗവണ്‍മെന്റ് അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യുകെ ഗവണ്‍മെന്റ് സുതാര്യമാക്കി. ഇവരെ അതിര്‍ത്തികളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായി പരിഗണിക്കും.

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ സെല്‍ഫ് ഐസൊലേഷനും, 8-ാം ദിന ടെസ്റ്റിംഗും, യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള ടെസ്റ്റും വേണ്ടിവരില്ല. എത്തിച്ചേരുന്ന ശേഷം ഒരു ടെസ്റ്റും, പോസിറ്റീവായാല്‍ സ്ഥിരീകരിക്കാന്‍ സൗജന്യ പിസിആര്‍ ടെസ്റ്റുമാണ് വേണ്ടിവരിക. യുഎസില്‍ കോവാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധശേഷി നേടിയവര്‍ക്ക് രാജ്യത്ത് പ്രവേശനത്തിന് നവംബര്‍ 8 മുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വാക്സിനുകളുടെ അംഗീകരവും കോവിഡ് യാത്രാ നിയന്ത്രണങ്ങളും ആരോഗ്യ മേഖലയും ചര്‍ച്ചയിൽ ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി സൂചന നൽകുകയും ചെയ്തു.

ഡോജി ഫിലിപ്പ് (50) അമിത രക്ത സമ്മർദ്ദത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു. കുടുംബ സമേതം പാപ്വര്‍ത്തിൽ താമസിക്കുന്ന ഡോജി ഫിലിപ്പ് പാലാ വലവൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ് .

ഭാര്യ ലിജി ഡോജി കേംബ്രിഡ്ജ് എന്‍എച്എസ് ട്രസ്റ്റ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.    ഭാര്യ ജോലിയിലായിരുന്ന സമയത്തു അസ്വസ്ഥത തോന്നി ഡോജി കുഴഞ്ഞു വീണതിനെത്തുടർന്ന് ഏക മകന്‍ ജീവന്‍ അടിയന്തിര വൈദ്യ സഹായത്തിനായി ആംബുലന്‍സ് വിളിക്കുക ആയിരുന്നു. പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ജീവന്‍.

മൃതസംസ്കാരം യുകെയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡോജി ഫിലിപ്പിൻെറ അഗാധ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ . യു കെയിലെ മലയാളികൾക്കിടയിൽ ബെഡ്ഫോർഡ് ഷെയറിൽ താമസിക്കുന്ന ഡെന്നയെയും പിതാവ് ജോമോനെയും എല്ലാത്തിനും കട്ടക്ക് സപ്പോർട്ടുമായി നിൽക്കുന്ന മാതാവ് ജിൻസിയെയും സഹോദരൻ ഡിയോണെയും ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല , കാരണം യു കെ യിൽ നടക്കുന്ന ഒട്ടുമിക്ക സംഗീതാനുബന്ധിയായ പരിപാടികളുടെയും സ്ഥിരം സാന്നിധ്യവും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരുമാണിവർ . യു കെ മലയാളികൾക്കിടയിലെ രണ്ടാം തലമുറയ്ക്ക് ഏറെ അഭിമാനമുയുർത്തുന്ന ഒരു കാര്യമാണ് ഇക്കുറി ഡെന്ന ജോമോനെക്കുറിച്ച് പറയാനുള്ളത്.

അറിയപ്പെടുന്ന ഗായികയും പ്രശസ്ത സംഗീത സംവിധായകയരായ പീറ്റർ ചേരാനെല്ലൂർ, ഫാ.ഷാജി തുമ്പേചിറയിൽ എന്നിവരുടെയടക്കം 12 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും 2019ലെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് അവാര്‍ഡ് വിന്നറുമായ ഡെന്ന ആന്‍ ജോമോൻ തന്നെ രചന നിർവഹിച്ച മനോഹരമായ മ്യൂസിക് വീഡിയോ ആല്‍ബം റിലീസ് ചെയ്യുന്നു “വണ്‍സ് മീ” എന്നു പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ആല്‍ബത്തിന് വരികളെഴുതിയതും , ആലപിച്ചതും , അഭിനയിച്ചതും ബെഡ്ഫോർഡ് നിവാസിയായ ഡെന്നാ ആന്‍ ജോമോനാണ്. ഈ ആൽബത്തിലെ ഗാനത്തിന് മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത കീബോർഡിസ്റ്റും,നിരവധി ആൽബങ്ങൾക്കു സംഗീതം നൽകിയ ശ്രീ സന്തോഷ് നമ്പ്യാരാണ്.

വോക്‌സ് അഞ്ചല സ്റ്റുഡിയോസ് ലണ്ടന്‍ ആണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഫിലിം മേക്കിങ് & ടീച്ചറായ എന്നിവ നിർവഹിച്ചിരിക്കുന്നത് നിരവധി തെന്നിന്ത്യൻ സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള അവാർഡ് വിന്നർ ഛായാഗ്രാഹകൻ ശ്രീ മധു അമ്പാട്ടിനൊപ്പം നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകൾക്ക് അസ്സോസിയേറ്റ് കാമറമാൻ ആയി ജോലി ചെയ്യുന്ന ശ്രീ ബോബി രാമനാഥനാണ്. ഈ ആൽബത്തിലെ ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത് സോണി സ്റ്റുഡിയോയ്ക്കുവേണ്ടി വർക്ക് ചെയ്യുന്ന പ്രശസ്ത വയലിനിസ്റ്റും സൗണ്ട് എൻജിനീയറുമായ ശ്രീ ഡേവിഡ് സ്മിത്ത് ആണ്. സ്റ്റീൽസ് ചെയ്തിരിക്കുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി ഒഫീഷ്യൽ ഫോട്ടോഗ്രാഫർ സ്റ്റാൻലി തോമസാണ്. ഈ മനോഹരമായ പ്രണയ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഈസ്റ്റ് സസ്സെക്സിലെ സെവൻ സിസ്റ്റേഴ്സ്ക്ലിഫ്‌സ് ബീച്ചിലും, വളരെ മനോഹരമായി സൂര്യാസ്തമയം ദൃശ്യമാകുന്ന വെസ്റ്റ് വിറ്റെറിങ് ബീച്ചിലുമാണ്. ഷോർട്ട് ഫിലിം രീതിയിലാണ് ഈ ഗാന രംഗം ചിത്രീകരിച്ചിരിക്കുന്നത്.

ബെഡ്ഫോർഡ് കിംബെർലി കോളേജ് എ ലെവൽ വിദ്യാർത്ഥിനിയായ ഡെന്ന ആൻ ജോമോൻ ആറു വയസുമുതൽ കർണാട്ടിക് സംഗീതവും, വെസ്റ്റേൺ സംഗീതവും, ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചു വരികയാണ്. ഐഡിയ സ്റ്റാർ സിംഗർ വിന്നർ മാളവിക അനിൽ കുമാറാണ് ഗുരു. ബെഡ്ഫോർഡ് ഫ്രീ സ്കൂളിൽ മ്യൂസിക് ലീഡ് ആയിരുന്ന ഡെന്നയ്ക്ക് സ്കൂൾ മ്യൂസിക് ടീച്ചർ ബെലിൻഡയാണ് ഈ പുതിയ ഗാനമെഴുതുവാൻ പ്രേരണ നൽകിയത്. ഈ ആൽബത്തിന് ശേഷം ടീൻസ്റ്റാർ യുകെയുടെ ഏറ്റവും പുതിയ ആൽബത്തിലാണ് ഡെന്നയ്ക്ക് ഇനി ആലപിക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്.

പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈമാസം 13ന് ശനിയാഴ്ച ഗാനം റിലീസ് ചെയ്യുന്നത്. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസിംഗ് .

കൂടാതെ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ ലൈവ് ലോഞ്ചിംഗ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. തുടർന്ന് യുകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി (ഈലിംഗ് സൗത്താള്‍), മാര്‍ട്ടിന്‍ ഡേ എംപി (സ്‌കോട്‌ലാന്റ് നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ), , ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍,ബോബി രാമനാഥന്‍,ജോമോൻ മാമ്മൂട്ടിൽ എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക്ക് ലൈവിലൂടെ അവതാരകയായെത്തുന്നത്.

ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ ദീപാവലി ആഘോഷങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ പൂർവാധികം ആവേശത്തോടെയാണ് ആളുകൾ ദീപാവലിയെ വരവേൽക്കുന്നത്. കുടുംബങ്ങളിൽ ഒത്തുചേർന്നും കമ്മ്യൂണിറ്റി ഹാളുകളിൽ സംഘടിച്ചും രാവേറെ നീളുന്ന ആഘോഷങ്ങൾക്കാണ് വിവിധ കൂട്ടായ്മകളും സംഘടനകളും ഒരുങ്ങുന്നത്.

ദീപാവലി ആഘോഷിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു. ലെസ്റ്റർ ഗോൾഡൻ മൈൽസിലെ ദീപാലങ്കാരങ്ങളും സമോസയുടെയും ഇന്ത്യൻ മധുരങ്ങളുടെയും രുചിവർണനയും ദീപാവലിക്കു പിന്നിലെ ഐതിഹ്യകഥയും എല്ലാം എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

ദീപാവലി ആഘോഷങ്ങൾ പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും തുടക്കമാകട്ടെ എന്നാശംസിച്ച പ്രധാനമന്ത്രി ഇന്ത്യൻ സമൂഹം രാജ്യത്തിനായി നൽകുന്ന സേവനങ്ങളെ പ്രകീർത്തിച്ചു. ഇന്ത്യൻ ബിസിനസുകാരും ശാസ്ത്രജ്ഞരും എൻഎച്ച്എസ്, പൊലീസ്, സായുധസേനകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമെല്ലാം രാജ്യത്തെ കൂടുതൽ ശക്തവും സുരക്ഷിതവും ഐശ്വര്യ സമൃദ്ധവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

അറുപതു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടനിലെ രണ്ടുലക്ഷത്തിലേറെ വരുന്ന മലയാളി സമൂഹവും ദീപാവലി ആഘോഷത്തിന്റെ ലഹരിയിലാണ്.

അതിനിടെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കിയും സർക്കാർ കൈയ്യടി നേടി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്. ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.

ഹീനാ ഗ്ലോവർ ഡിസൈൻ ചെയ്ത അഞ്ചുപൗണ്ടിന്റെ ഗാന്ധി നാണയത്തിൽ ഇന്ത്യൻ ദേശീയ പുഷ്പമായ താമരയുടെ ചിത്രത്തോടൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗോൾഡ്, സിൽവർ മോഡലുകളിലുള്ള കളക്ടേഴ്സ് എഡിഷനാണ് ഈ ഗാന്ധി നാണയം.

ലോകത്തെയാകെ സ്വാധീനിച്ച മഹാനായ നേതാവിനുള്ള ശ്രദ്ധാഞ്ജലിയാകും ഈ നാണയമെന്ന് ഋഷി സുനാക് പറഞ്ഞു. ഹിന്ദുമതവിശ്വാസിയായ തനിക്ക് ദീപാവലി നാളിൽ ഈ നാണയം പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബ്ലൂംബെര്‍ഗ്: യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.ഇതേ നിലയിൽ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മുകേഷ് അംബാനിയും കുടുംബവും ഭാ​ഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ അടുത്തിടെ വാങ്ങിയ ബം​ഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കു‌ടുംബവും മാറുന്നത്. ഭാവിയിൽ തങ്ങളു‌ടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കി‌ടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രിൽ മാസം 592 കോ‌ടി രൂപ മുടക്കി ബക്കിം​ഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബം​ഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.

കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംന​ഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീ‌ട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.

ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീ‌ട്ടിൽ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാൽ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ​ഗോൾഫ് കോഴ്സുമുണ്ട്. രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവി‌ടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. താമസം ഇങ്ങോ‌ട്ട് മാറുന്നതിന്റെ ഭാ​ഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂ‌‌ടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

37 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ കാറ്റി ഡോനെഗൻ ജോലിയിൽ നിന്നും വിരമിച്ചത് 35-ാം വയസിൽ ആണ്. അതും ഒരു മില്യൺ പൗണ്ട് (10 കോടി രൂപയിലധികം) സമ്പാദ്യവുമായി. ഇത്ര ചെറു പ്രായത്തിൽ തന്നെ കോടിപതിയായത് എങ്ങനെയെന്ന് കാറ്റി ഡോനെഗൻ വിവരിക്കുന്നുണ്ട്. താൻ ഇപ്പോഴും സൂക്ഷിച്ചു മാത്രമാണ് പണം ചിലവിടാറുള്ളത് എന്ന് കാറ്റി പറയുന്നു. കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം ചെറുപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 18-ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ചു. തുടർന്ന് കോസ്റ്റാറിക്കയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. കാറ്റിക്ക് ആ യാത്രയിൽ പങ്കാളിയായ അലനെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായാണ് യുകെയിലേക്ക് മടങ്ങിയത്.

തിരിച്ചെത്തിയ കാറ്റി പണം ലാഭിക്കാൻ മാതാപിതാക്കൾക്കൊപ്പം താമസിച്ചു (യൂറോപ്യൻ രാജ്യങ്ങളിൽ മക്കൾ കൗമാരപ്രായം ആവുമ്പോഴേക്കും മാറി താമസിക്കും). കാറ്റി 2008 ൽ ബിരുദം നേടി. പിന്നീട് ഹാംഷെയറിലെ അലന്റെ അമ്മയുടെ അടുത്തേക്ക് താമസം മാറ്റി. ഈ സമയമൊക്കെയും സമ്പാദിച്ച പണം വളരെ കുറച്ച് മാത്രം ചിലവഴിക്കാൻ അവർ ശ്രദ്ധിച്ചു. അലൻ ഒരു വേരിയബിൾ വരുമാനത്തിൽ സ്വയം തൊഴിൽ ചെയ്ത് തുടങ്ങി. കാറ്റി ഒരു ആക്ച്വറിയായി ജോലി നോക്കി. 28,500 പൗണ്ട് ആണ് ഇരുവരും സമ്പാദിച്ചത് (29 ലക്ഷം രൂപ). ഇരുവരും 2013 ജൂലൈയിൽ വിവാഹിതരായി. അതിനിടെ പ്രമോഷൻ ലഭിച്ചു. ഇരുവരുടെയും വരുമാനം 2014ൽ 58,000 പൗണ്ട് ( 58 ലക്ഷം രൂപ) ആയി വർദ്ധിച്ചു.പണം സമ്പാദിക്കാൻ ഓഹരി വിപണിയെപ്പറ്റി പഠിക്കുകയും ചെയ്‌തു. ഈ ദമ്പതികൾക്ക് പ്രചോദനം നൽകിയത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി (FIRE) എന്ന ഒരു പ്രസ്ഥാനമാണ്. ഓഹരികളിൽ നിക്ഷേപിച്ചതോടെ വരുമാനം വീണ്ടും വർധിക്കാൻ ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 65,000 പൗണ്ട് ആണ് സമ്പാദ്യം, അതായത് 65 ലക്ഷം രൂപ. ഓഹരികളിലൂടെ പ്രതിമാസം വരുമാനം ലഭിക്കുന്നതുകൊണ്ട് ജോലിയിൽ നിന്നും വിരമിച്ച കാറ്റി ഇപ്പോൾ ഒരു സഞ്ചാരിയാണ്.

സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്​ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.

വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.

കാലാവസ്​ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ്​ ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്​. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്​ട്ര നേതാക്കളാണ്​ പ​ങ്കെടുക്കുന്നത്​. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്​ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന്​ ഈ വർഷത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു.

Copyright © . All rights reserved