UK

യുകെയുടെ കോവിഡ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനമില്ല. സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയ പട്ടികയിലും ഇന്ത്യ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ തന്നെയായതോടെ യുകെ മലയാളികളുടെ കാത്തിരിപ്പ് നീളും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അടുത്ത പുതുക്കൽ ഉണ്ടാവുക.

കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളും റെഡ് ലിസ്റ്റിലായി.

അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരാകട്ടെ 1750 പൗണ്ട് മുൻകൂറായി അടച്ച് നിർബന്ധിത ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാൽ 10000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ തടവും ലഭിക്കും.

നാലുപേരുള്ള കുടുംബം യാത്രചെയ്യണമെങ്കിൽ ക്വാറന്റീൻ ചെലവായി മാത്രം നൽകേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയ നിരക്കിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ വരും ഇത്! ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശ പ്രകാരമാണ് രാജ്യങ്ങളെ വിവിധ ലിസ്റ്റുകളിൽ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്.

ബുധനാഴ്ച നടത്തിയ അവലോകത്തിനും പുതുക്കലിനും ശേഷം ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റിൽ ഉള്ളത്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ ഓവർസീസ് ടെറിട്ടറികളും ഉൾപ്പെടെ 30ൽ താഴെ ലക്ഷ്യ സ്ഥാനങ്ങളാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീൻ അനിവാര്യമായ ആംബർ ലിസ്റ്റിലാണ്.

ഇന്ത്യയെയും ആംബർ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ. ക്യൂബ, ഇന്തോനീഷ്യ, മ്യാൻമാർ, സിയാറ ലിയോൺ എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേർത്തത്. ഗ്രീൻ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെർജിൻ ഐലൻസ്, ബലാറിക് ഐലൻസ് എന്നിവയെ ആംബർ ലിസ്റ്റിലുമാക്കി.

ആംബർ ലിസ്റ്റിലായിരുന്ന ബൾഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളെ ഗ്രീൻ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തി. നിലവിലെ സ്ഥിതി മോശമായാൽ ഇവയും ആംബർ ലിസ്റ്റിലാകും. പുതിയ ട്രാഫിക് ലൈറ്റ് ലിസ്റ്റുകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും.

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ യുകെ മലയാളി നേഴ്സ് അജിത ആൻ്റണി (31) യ്ക്ക് ക്രൂ, സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ യാത്രാമൊഴി. അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു.

മുൻപ് അറിയിച്ചിരുന്നതുപോലെ ഇന്ന്  രാവിലെ 11.30 ന് (യുകെ സമയം) ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതീക ദേഹം സംസ്‌കാര ചടങ്ങുകൾക്കായി  സ്റ്റോക്ക് ഓൺ ട്രെന്റ് പള്ളിയിലെത്തിച്ചു. തുടർന്ന് സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ്  എട്ടുപറയിൽ ഒപ്പം റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ ശുശ്രുഷകൾക്ക്  നേതൃത്വം വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. പ്രാർത്ഥനാ മധ്യേ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി. ദുഃഖാർത്ഥരായ അജിതയുടെ കുടുംബത്തെയും സഹോദരങ്ങളെയും ഒപ്പം തന്റെ ജീവന്റെ പാതിയായിരുന്ന ഭാര്യയ്ക്ക് ഒരു അന്ത്യചുംബനം പോലും നൽകാനാവാതെ ലൈവ് വീഡിയോ മാത്രം കാണാൻ വിധിക്കപ്പെട്ട ഭർത്താവ്… കോവിഡ് കാല ജീവിത സാഹചര്യങ്ങൾ… അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത രണ്ട് വയസുകാരൻ… എന്നിവരെയെല്ലാം സമർപ്പിച്ച് പ്രാർത്ഥനയിൽ ഓർത്ത് റവ.ഫാ.രഞ്ജിത്ത്..

തുടർന്ന് യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരിയുടെ നന്ദി പ്രകാശനം… തന്റെ കൂടെപ്പിറപ്പായ പ്രിയ സഹോദരിയുടെ വിയോഗത്തിൽ ദുഃഖം കടിച്ചമർത്തി പള്ളി മേടയിൽ എത്തി പറഞ്ഞു തുടങ്ങിയെങ്കിലും പലതും തൊണ്ടയിൽ കുരുങ്ങി… അജിതയുടെ മരണാന്തര ചടങ്ങിൽ ഒരുപിടി ഇംഗ്ലീഷുകാരും അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇംഗ്ലീഷുകാരിൽ ഒരാൾ കടന്നു വന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം നിന്നുപോയ നന്ദി പ്രകാശനം പൂർത്തീകരിക്കുന്ന സഹപ്രവർത്തകനായ ഇംഗ്ലീഷുകാരൻ… കാണുന്നവരുടെ പോലും കണ്ണ് നിറയുന്ന കാഴ്ചകൾ.. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നടക്കുന്ന അതും ഒന്നര മണിക്കൂർ നീണ്ട ശുശ്രുഷകൾ എല്ലാം സസൂഷ്‌മം കണ്ട ഇംഗ്ലീഷുകാർക്ക് നന്ദി പറഞ്ഞ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ..

12:45 ന് ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടർ ടീം  ക്രൂവിലേക്ക് പുറപ്പെട്ടു. തുടർന്ന് സെമിട്രിയിൽ സമാപന ശുശ്രൂഷകളും പൂർത്തിയാക്കി അജിതയുടെ സംസ്കാരം നടത്തപ്പെട്ടു. ജീവിച്ചിരിക്കെ കൂട്ടുകാരോട് തമാശയായി പറഞ്ഞ അജിതയുടെ വാക്കുകൾ അണുവിട തെറ്റാതെ പൂർത്തിയാവുകയായിരുന്നു… “ഞാൻ മരിക്കുമ്പോൾ എനിക്ക് തണുപ്പിൽ പുതച്ചു കിടക്കാൻ ആണ് ഇഷ്ടം എന്ന്… ” പ്രതീക്ഷകളുടെ ചിറകിൽ യുകെയിൽ പറന്നിറങ്ങിയ അജിത എന്ന മലയാളി നേഴ്സിന്റെ ശരീരം പ്രവാസി മണ്ണിൽ അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ… ഒരു പിടി മലയാളികളുടെ ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപ്പിച്ചു എന്നത് നിസ് തർക്കമാണ്.

2021 ജനുവരിയിലാണ് അജിത ആൻ്റണി ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള ക്രൂവിലെത്തിയത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു.

അജിതയ്ക്ക് കോറോണ വൈറസ് എവിടെ വച്ച് കിട്ടിയെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവില്ല. നാട്ടിൽ നിന്നും യുകെയിൽ എത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അജിതയെ രോഗം ബാധിച്ചിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച് എക്മോ മെഷീന്റെ സഹായത്താൽ തുടർചികിത്സ… അജിത കോവിഡ് മുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ കൊറോണയേൽപ്പിച്ച പ്രഹരം വലുതായിരുന്നു. പിന്നീട് പലപ്പോഴും സൂം വീഡിയോ വഴി നാട്ടിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ കണ്ണീർ പൊഴിക്കുന്ന ഒരു അജിതയുടെ ചിത്രം ചികിൽസിച്ചിരുന്ന നേഴ്‌സുമാരുടെ ഹൃദയം പിളർക്കുന്ന വേദനയായി…

അജിത ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു.  ഏകദേശം അഞ്ച് മാസക്കാലം  ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് നിര്യാതയാവുന്നത്.

എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിൽ ഉള്ള ഒരു സഹോദരനും യുകെയിൽ നേഴ്‌സായ ഒരു സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

വീഡിയോ കാണാം

യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 ലെത്തി. കഴിഞ്ഞ ബുധനാഴ്ച 33 ആയിരുന്ന സ്ഥാനത്താണിത്. പുതിയ കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ഇൻഡോറിലും മാസ്കുകൾ ധരിക്കുന്നത് തുടരണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതാണെന്നും, കൃത്യമായി നടന്നു വരുന്ന വാക്സിനേഷൻ കാമ്പയിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തിങ്കളാഴ്ച്ചയോടെ പൂർണ്ണമായും പിൻവലിക്കും. നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ സേജ് ശാസ്ത്രജ്ഞർ ഉൾപ്പെടയുള്ള വിദഗ്ദർ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നതോടെ കേസുകളുടെ എണ്ണവും ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്.

ലണ്ടൻ ട്രാൻസ്പോർട്ടിന്റെ എല്ലാ മേഖലകളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കി മേയർ സാദിഖ് ഖാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷവും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഹീത്രോ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തര സാന്നിധ്യമുള്ള അന്തരീക്ഷമാണ് വിമാനത്താവളങ്ങളിൽ എന്നതിനാലാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന അഭിലാഷ് മാത്യുവിന്റെ പിതാവ് കൊല്ലം ചാത്തന്നൂർ, കല്ലുവാതുക്കൽ പൊയ്കവിള വീട് ജോൺ മാത്യു ( 74) നിര്യാതനായി. കൊല്ലം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യമായ ജോൺ മാത്യു സാർ പാരിപ്പള്ള ദേവസ്വംബോർഡ് സ്കൂളിലെ മുൻ പ്രഥമ അധ്യാപകനും വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയുമാണ്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച് വന്നിരുന്ന ജോൺ മാത്യു സാർ മുൻ ജനതാദൾ മണ്ഡലം പ്രസിഡന്റും കല്ലുവാതുക്കൽ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. ഭാര്യ : അന്നമ്മ മാത്യു കല്ലുവാതുക്കൽ യു.പിസ്കൂൾ മുൻ അധ്യാപികയും, മുളവന വട്ടവിള കുടുംബാംഗവുമാണ്. മക്കൾ: ഷീബ മാത്യു (അധ്യാപിക, ആലുംമൂട് എൽപി സ്കൂൾ, മയ്യനാട്), ഷെൻസി മാത്യു (കവൺട്രി, യു .കെ) , ആശ മാത്യു (ഡാഗെൻഹാം ഈസ്റ്റ് ,ലണ്ടൻ ,യു.കെ), അഭിലാഷ് മാത്യു( വെയ്ക്ക് ഫീൽഡ് , യു.കെ) മരുമക്കൾ : റ്റി. ഒ ജോൺസൺ (ജോളിയിൽ, കാഷ്വർസ് ),ബിജു മാത്യു( കവൺട്രി,യു .കെ), എൽദോസ് ജേക്കബ്(ലണ്ടൻ), പ്രിയ മാത്യു(വെയ്ക്ക് ഫീൽഡ്).

മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. ജോൺ മാത്യു സാറിൻറെ നിര്യാണത്തിൽ മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്‌റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ്, വൈമ പ്രസിഡൻറ് സിബി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അഭിലാഷ് മാത്യുവിനെയും കുടുംബാംഗങ്ങളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/NJQbLPlLcE0

ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് ഖാൻ പറഞ്ഞു.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി പൊതുഗതാഗത സംവിധാനത്തിൽ മാസ്കുകൾ നിർബന്ധമാണ്.അടുത്ത തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുന്നത്. തിരക്കേറിയ ട്യൂബ് ട്രെയിൻ പോലുള്ള സ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. എന്നാൽ അവയുടെ ഉപയോഗം നിർബന്ധമാക്കിയിരുന്നില്ല.

ടി‌എഫ്‌എൽ ജീവനക്കാരും ബസ് ഡ്രൈവർമാരും മാസ്‌ക്കുകൾ ആവശ്യമാണെന്ന് യാത്രക്കാരെ ഓർമ്മിപ്പിക്കുന്നത് തുടരുമെന്നും മേയർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷവും മാസ്ക് നിർബന്ധമാക്കുന്ന ആദ്യത്തെ യുകെ നഗരമാണ് ലണ്ടൻ. പൊതുഗതാഗതത്തിൽ ഫേസ് മാസ്കുകൾ നിർബന്ധമാക്കുന്നത് തള്ളിക്കളയില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാമും പറഞ്ഞു.

എന്നാൽ മാഞ്ചസ്റ്ററിലെ ട്രാമുകളിൽ മാസ്കുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ആളുകളുടെ ആശയക്കുഴപ്പം കൂട്ടുന്നത് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ ജൂലൈ 19 ന് നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കുമെങ്കിലും മാക്സ് നിർബന്ധമായും ഉപയോഗിക്കുന്നത് കുറച്ചുകാലം കൂടി തുടരുമെന്ന് നിക്കോള സ്റ്റർജൻ പറഞ്ഞു.

അതിനിടെ ജൂലായ് 19 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ 1,200 ൽ അധികം വരുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധരുടെ കൂട്ടായ്മ രംഗത്തെത്തി. നീക്കത്തെ രൂക്ഷമായി വിമർശിച്ച കൂട്ടായ്മ തീരുമാനം അശാസ്ത്രീയവും അപകടകരവമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ലാൻസെറ്റ് എന്ന മെഡിക്കൽ ജേണലിലാണ് വിദഗ്ദരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് വിദഗ്ദർ പറയുന്നു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് 2 ഡോസ് വാക്സിൻ നൽകാനും കുട്ടികളിൽ വാക്സിനേഷന് തുടക്കമിടാനും നാല് പ്രമുഖ സേജ് വിദഗ്ധർ ഉൾപ്പെടുന്ന ഗ്രൂപ്പ് ശുപാർശ ചെയ്യുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകർ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു ​പിടിച്ച്​ ആക്രമിക്കുന്ന വിഡിയോ വൈറലായി.

ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാൻ ശ്രമിച്ചത്​ പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.

പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. വിജയം ഉറപ്പിച്ച അവർ സ്​റ്റേഡിയത്തിന്​ പുറത്ത്​ പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.

ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതും പോരാഞ്ഞ് യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം.

ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.

ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന്‍ പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.

ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു വംശീയ അധിക്ഷേപത്തിന് ഇരയായത്. മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന്‍ രംഗത്തെത്തി. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന്‍ തുറന്നടിച്ചു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു.

ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.

യുകെയിൽ “കോവിഡ് സ്വാതന്ത്ര്യ ദിനം“ ജൂലൈ 19 തന്നെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അവസാന ഘട്ടത്തിന് ജൂലൈ 19 ന് തുടക്കമാകും. സാമൂഹിക അകലം ഉൾപ്പെടെ നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെടുമെങ്കിലും മഹാമാരി അവസാനിച്ചിട്ടില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമപരമായ എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്യപ്പെടുമ്പോൾ, ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കും. ചില പൊതു സ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ ധരിക്കാനുള്ള നിയമപരമായ ആവശ്യകത നീക്കം ചെയ്യും, പക്ഷേ തിരക്കേറിയ ഇൻഡോർ പ്രദേശങ്ങളിൽ അവ ഇപ്പോഴും തുടരേണ്ടതാണെന്ന് ശുപാർശ ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.

2020 മാർച്ചിനുശേഷം ആദ്യമായി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാൻ അനുവദിക്കുകയും എല്ലാ വേദികൾക്കും ഇവന്റുകൾക്കുമുള്ള ശേഷി പരിധി നീക്കം ചെയ്യുകയും ചെയ്യും. എത്രപേർക്ക് കണ്ടുമുട്ടാമെന്നതിന് മേലിൽ ഒരു പരിധിയും ഉണ്ടാകില്ല കൂടാതെ 1 മീറ്റർ പ്ലസ് ഡിസ്റ്റൻസ് റൂൾ നീക്കം ചെയ്യും. നൈറ്റ്ക്ലബ്ബുകളും വലിയ ജനക്കൂട്ടമുള്ള മറ്റ് വേദികളിലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ (വാക്സിൻ പാസ്‌പോർട്ടുകൾ) സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻ‌എച്ച്‌എസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നോ നെഗറ്റീവ് പരിശോധനാ ഫലമുണ്ടായെന്നും അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്നും കാണിക്കാൻ ഇവ ആളുകളെ അനുവദിക്കും. ഭാവിയിൽ ആവശ്യമെങ്കിൽ ചില വേദികളിൽ സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് പത്രസമ്മേളനത്തിനുശേഷം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സർക്കാർ പറഞ്ഞു. വർക്ക് ഫ്രം ഹോം നിർബന്ധമാക്കില്ല.

അതേസമയം നിലവിലെ കോവിഡ് തരംഗത്തിന്റെ ഉച്ചസ്ഥായി ഓഗസ്റ്റ് പകുതിക്ക് മുൻപായി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അതിനുശേഷം ഇത് പ്രതിദിനം 1,000 മുതൽ 2,000 വരെ ആശുപത്രി പ്രവേശനങ്ങളിലേക്ക് എത്തുമെന്നും സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മരണങ്ങൾ പ്രതിദിനം 100 മുതൽ 200 വരെ ആയിരിക്കുമെന്നും വിദഗ്ദർ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

റോഡ് മാപ്പിൽ മാറ്റം വരുത്താതെ സർക്കാർ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയതോടെ വിനോദ സഞ്ചാര, വ്യോമയാന മേഖലകളും ഉണർന്നു. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് അവധി ആഘോഷങ്ങൾക്ക് കൂടുതൽ ലക്ഷ്യ സ്ഥാനങ്ങൾ ലഭ്യമാകും.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ അവധിയാഘോഷിച്ച് മടങ്ങിയെത്തുന്ന ആർക്കും ക്വാറന്റൈനിൽ കഴിയേണ്ടതില്ല. അടുത്ത തിങ്കളാഴ്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മോചിതമാകുന്നതോടെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് ലഭിച്ച ആളുകളെ സ്വയം ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കും. എന്നാൽ ഇവർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് തെളിയിക്കേണ്ടിവരും.

അതേസമയം നിയമങ്ങൾ ലഘൂകരിക്കുന്നതിനാൽ യാത്രകൾക്ക് വലിയ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഇമിഗ്രേഷനിലെ കാത്തുനിൽപ്പ് നാല് മണിക്കൂർ കവിയുന്നുവെങ്കിൽ റൺവേകളിലെ വിമാനങ്ങളിൽ തന്നെ യാത്രക്കാരെ ഇരുത്താനാണ് ഹീത്രുവിൽ അധികൃതർ ഒരുങ്ങുന്നത്. അതിനാൽ യാത്ര കഴിഞ്ഞെത്തുന്നവർക്ക് മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നേക്കാം.

പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ജൂലൈ 19 മുതൽ സ്വയം ഒറ്റപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിനാൽ ഗുരുതരമായ തടസ്സമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പരിഗണിക്കേണ്ടതുണ്ട്. യുകെയിൽ പ്രബലമായ ഡെൽറ്റ വേരിയൻറ് പകരുന്നത് തടയാൻ കർശന നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.

ജോബി മാത്യു

ന്യൂപോർട്: ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ് ന്യൂപോർടും, ന്യൂപോർട് കേരള കമ്യൂണിറ്റിയും സംയുക്തമായി നടത്തി വരുന്ന ലൂക്കോസ് കുമ്പുക്കൽ മെമ്മോറിയൽ ടോഫിയ്ക്കും ജെ. എം.ജി.കൺവിനിയേസ് സ്റ്റോർ ന്യൂപോർട് സ്പോൺസർ ചെയ്യുന്ന £400 നു വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് ന്യൂപോർട്ടിലെ കാർലിയോൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഈ മാസം 18ന് നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുതായി
സംഘാടകർ അറിയിച്ചു.

സംഘാടക മികവും ക്രിക്കറ്റ് ആരാധകരുടെ സഹകരണവും ടീമുകളുടെ എണ്ണവും കൊണ്ടു പ്രശസ്തമായി നടന്നു വരുന്ന മത്സരത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തേണ്ടതിനാൽ ഇത്തവണ കേവലം നാലു ടീമുകളെ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു. മത്സരത്തിൽ വിജയിക്കുന്ന രണ്ടാം സ്ഥാനക്കാർക്ക് ആമ്പൾ മോർട്ഗേജ് സ്പോൺസർ ചെയ്യുന്ന 300 പൗണ്ടും എ.ബി.കൺവിനിയൽസ് സ്റ്റോർ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്.

അതേ സമയം, മൂന്നാം സ്ഥാനക്കാർക്ക് ജെ.ഡി.കൺവീനിയൻസ് സ്റ്റോർ ന്യൂപോർട് ആൻട് കമ്പ്രാൻ സ്പോൺസർ ചെയ്യുന്ന 200 പൗണ്ടും ജെ & എസ് ഫ്ലോർ ടൈൽസ് ന്യൂ പോർട് ട്രോഫിയും ആണ് സമ്മാനം.

ലെസ്റ്റർ ഐക്കണും കാർഡിഫ് ക്യാമോസും സ്വാൻസി സ്പാർടൻസും എഫ്. സി.സി. ന്യൂപോർടും ഏറ്റുമുട്ടുമ്പോൾ ന്യൂ പോർട് മലയാളികൾക്ക് കോവിഡ് കാലത്ത് നല്ലൊരു ക്രിക്കറ്റ് മത്സരം ആസ്വദിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തൊക്കെയായാലും കൊറോണാ കാലത്ത് ആകെയുള്ള ഒരു ആശ്രയം ടിവിയിൽ വരുന്ന സിനിമകളും പ്രോഗ്രാമുകളുമാണ് . കൂടുതലും കുഞ്ഞുങ്ങളും ടീനേജുകാരും അവരുടെ ടെവലപ്മെന്റ് സ്റ്റേജിൽ വികസിപ്പിക്കുന്ന ഐഡിയാസുകൾക്ക് മീഡിയയിൽ വരുന്ന ഓരോ കാര്യങ്ങൾക്കും നല്ലൊരു പങ്ക് ഉണ്ട് . അപ്പോൾ ഒരു വാർത്ത അല്ലെങ്കിൽ ആർട്ട് അതെങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നുകൂടി മനസിലാക്കി പ്രവർത്തിക്കാനുള്ള ചില സാമൂഹിക ബാധ്യതകൾ മീഡിയ പീപ്പിൾ , മതനേതാക്കന്മാർ, ആർട്ടിസ്റ്റ്സ് എന്നിവർക്ക് ഉണ്ടെന്നുള്ളതും മറന്നു കൂടാ

എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് അവൾ ആഗ്രഹിക്കുന്നത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ എന്തിനും അതിന്റേതായ സമയവും തക്കതായ കാര്യവും ഉണ്ടാകണം . അല്ലാതെ എന്റെ ഗർഭപാത്രമാണ് എന്റെ ശരീരമാണ് അതുകൊണ്ട് അതിലുള്ള കുഞ്ഞിനോട് ഞാൻ എന്തും ചെയ്യുമെന്നുള്ള മനോഭാവം ശരിയല്ല. വേണ്ടാത്ത ഒരു ഗർഭം ആണേൽ അത് വരുത്തിവക്കുന്നതിനു മുമ്പേ തടയാൻ ഇന്നൊക്കെ എന്തുമാത്രം പോംവഴികളുണ്ട് . അതൊന്നും നോക്കാതെ വരുത്തിവച്ചിട്ടു പിഴുതു കളയുന്നത് അത് ഒരു നൊമ്പരം തന്നെയാണ് .

കാരണം ഒരു ഗർഭസ്ഥ ശിശുവാണ് ഈ ലോകത്തിലെ ഏറ്റവും ബലഹീനമായ ലൈഫ് . ഒരുവയസുള്ള ഒരു കുട്ടിയെപോലും നമ്മളെന്തേലും ചെയ്താൽ അത് കരയുകയോ ചവിട്ടുകയോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ളൊരു റെസിസ്റ്റൻസ് കാണിച്ചിരിക്കും . പക്ഷെ ഗർഭസ്ഥശിശുവിന്റെ അവസ്ഥ അങ്ങനല്ല അവ തീർത്തും മേഴ്‌സി ഫുൾ ആണ് .

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മുടെ ശരീരം ഒരുതരത്തിൽ ഒരു നിർമ്മാണ കേന്ദ്രമാണ് . അവിടെ രണ്ടു സെല്ലുകൾ ഒരുമിച്ചു ചേർന്ന് ഒരു കോശമായി മാറി അവയ്ക്ക് ശരിക്കുള്ള ജീവൻ വച്ചുതുടങ്ങുന്നത് 42 മുതൽ 48 ദിവസങ്ങൾക്കുള്ളിലായാണ് . ആ ഒരു സമയ പരിധിക്കുള്ളിൽ താൻ കിടക്കുന്ന ഗർഭപാത്രം തനിക്കു സ്യൂട്ടബിൾ ആയ സ്ഥലമല്ല എന്ന് മനസിലാക്കിയാൽ അവ തന്നെ ആ സ്ത്രീയിൽ നിന്നും പിന്തിരിയും .
പിന്നെ വളരെ അപൂർവ്വമായ ചില ലൈഫ് എൻട്രിസ് മാത്രം 48 ദിവസത്തിന് ശേഷം സംഭവിക്കുന്നവ ആണ് ( ഗൗതമ, യശോദാ )അത് വേറൊരു ടോപ്പിക്ക് ആണ്
But A truly connection between the body and life will happen between 84 to 90 days.

അതുകൊണ്ടാണ് പണ്ടുള്ളവർ ഗർഭിണികൾക്ക് പ്രത്യേക പരിചരണം കൊടുത്തു പോന്നിരുന്നത് . പണ്ടുള്ളവർ അവളെ രാത്രികാലങ്ങളിൽ പുറത്തിറക്കാറില്ലായിരുന്നു, അടിവസ്ത്രങ്ങൾ വെളിയിൽ ഇടീക്കാറില്ലായിരുന്നു, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും ചില കാഴ്ചകൾ കാണുന്നതിൽ നിന്നുമൊക്കെ വിലക്കിയിരുന്നു .

പക്ഷെ ഇന്നത്തെ സ്ത്രീയുടെ സ്ഥിതി അതല്ല , അവൾ ജോലിക്കു പോയേ പറ്റൂ, തിക്കിലും തിരക്കിലും ഇടപെട്ടേ പറ്റൂ, കിട്ടുന്നവ കഴിച്ചേ പറ്റൂ, പലവിധ ദുരുപയോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടാൽ തന്നെ ഭാഗ്യം . എന്നാൽ ഇതിൽ നിന്നൊക്കെ രക്ഷപെടാൻ ഗർഭാവസ്ഥയിൽ ഒരു ഒന്നൊന്നര വർഷം വരെയൊക്കെ ജോലിയിൽ നിന്ന് ശമ്പളം മേടിച്ചു വീട്ടിൽ ഇരിക്കാൻ പറ്റുന്ന സാഹചര്യവും ഈ ലോകത്തില്ല .

എന്തിനേറെ പ്രകൃതിപോലും ഒരു സ്ത്രീയെ അതിനായ് അണിഞ്ഞൊരുക്കുന്നുമുണ്ട് . അതായത് ഒരു ആൺകുട്ടിയെ പ്രസവിച്ചാൽ അവൾ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരവും പെൺകുഞ്ഞിനെ പ്രസവിച്ചാലുള്ള പാലിന്റെ ഗുണനിലവാരവും വരെ വ്യത്യസ്തമായിരിക്കും. അതെ സമയം അവൾ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായ ഒരു ഇരട്ടയെ പ്രസവിച്ചാൽ പോലും രണ്ടു ബ്രെസ്റ്റും ഉല്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം വരെ വ്യത്യസ്തമായിരിക്കും.

അതുകൊണ്ടൊക്കെ ഗർഭധാരണം എന്ന പ്രക്രിയ വെറുതെ ഒരു വയർ തള്ളൽ പ്രക്രിയ അല്ല . മറിച്ചു നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് . കാരണം ദശലക്ഷക്കണക്കിനു പരിണാമം സംഭവിച്ചു ഉരിതിരിഞ്ഞു വന്ന പ്രകൃതിയുടെ ഫൈനൽ പ്രോഡക്റ്റ് ആണ് നമ്മൾ . അതുകൊണ്ടാണ് പ്രകൃതി എല്ലാം സൃഷ്ടിച്ചതിനു ശേഷം മനുഷ്യനെ സൃഷ്ടിച്ചത് .

എന്നാൽ ഇന്ന് സാമ്പത്തിക ഭദ്രത മാത്രം തലയ്ക്കു പിടിച്ച നമ്മൾ നമ്മളിൽ നടക്കുന്ന ഈ മനോഹരമായൊരു പ്രതിഭാസത്തിന് അത്ര അധികം ശ്രദ്ധ കൊടുക്കുന്നുവെന്ന് തോന്നുന്നില്ല .

ഇന്ന് പല പെൺകുട്ടികളും വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനുത്തരമായി മാത്രം ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ ആ കുഞ്ഞിന് നഷ്ടങ്ങൾ ഏറെയാണ് . കാരണം ഗർഭപാത്രത്തിൽ ഉള്ള കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്ക് ആ കുട്ടി വളരുന്ന അന്തരീക്ഷം വളരെ പ്രധാനമാണ്. ശാന്തമായ അന്തരീക്ഷം ഗുണനിലവാരമുള്ള ഭക്ഷണം, അമ്മയുടെ മനസ് എന്നിവയെല്ലാം ആ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുന്നു .

ഇന്ത്യപോലൊരു രാജ്യത്ത് ഒരു കുഞ്ഞിന് ജന്മം കൊടുത്താൽ തന്നെ അവൾക്കു ജീവിക്കാനാകുമെന്നതിനു എന്തുറപ്പാണുള്ളത് . കാരണം നമ്മുടെ രാജ്യമാണ് ഏറ്റവും കൂടുതൽ പെൺകുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത് . അത് സ്വന്തം അമ്മമാരായിട്ടും അപ്പൻമാരായിട്ടും സ്വന്തക്കാരായിട്ടും വേറെ പല നരഭോജികളായിട്ടുമൊക്കെ നമ്മടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ചരിത്രം ഇപ്പോഴും തുടർക്കഥയാണ് . കൂടാതിന്നു ഒരു കുഞ്ഞിന് നല്ലതു പറഞ്ഞു കൊടുത്തു വളർത്താൻ വീട്ടിൽ ആളില്ല ,മുത്തശ്ശി കഥകളില്ല, നാമം ചൊല്ലലില്ലാ , നല്ലതു കണ്ടുവളരുവാൻ നന്മയുള്ളവരേം കാണാനില്ല …

അപ്പോൾ ഗർഭിണിയാകുക എന്നത് ചുമ്മാ ഒരു പ്രത്യത്പാദന പ്രക്രിയ മാത്രമല്ല. അടുത്ത തലമുറയിലേക്കുള്ള നല്ലൊരുപറ്റം ജനതകളെ ഉല്പാദിപ്പിക്കാൻ ഒരു സ്ത്രീ ശാരീരികമായും മനസികാപരമായുമെല്ലാം തയ്യാറാകേണ്ടതുണ്ട്. ഗർഭം കഴിഞ്ഞാൽ തന്റെ കുഞ്ഞിന്റെ ഭാവി സുരക്ഷിതത്വം ആക്കാനുള്ള സാഹചര്യം തനിക്കുണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട് . താൻ ജോലിക്കുപോവുമ്പോഴും ആ കുഞ്ഞിനെ സേഫ് ആക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടതുണ്ട് . ഇവിടെയൊക്കെ കൂട്ടുകുടുംബ മഹിമയും വൃദ്ധ മന്ദിരങ്ങളുടെ ദാരിദ്രവും നമ്മൾ മറന്നുപോവുകയും അരുത് .

അതുകൊണ്ടൊക്കെ ഇങ്ങനെ എന്തോ ഒരു നിരന്തര പ്രക്രിയപോലെ പെണ്ണുങ്ങൾ പ്രസവിച്ചാലേ പെണ്ണാകൂ എന്ന കാഴ്ചപ്പാടിനോടെനിക്ക് യോജിക്കാനാവില്ല .

പക്ഷെ ഒരു പ്ലാനിങ്ങുമില്ലാതെ ഒരുദിവസം അവൾ ഗർഭിണി ആണെന്നറിഞ്ഞാൽ, അവൾ പ്രിപ്പേർഡ് അല്ലെങ്കിൽ കുറഞ്ഞതൊരു 48 ദിവസങ്ങൾക്കുള്ളിൽ തന്നെയെങ്കിലും കുഞ്ഞിനെ വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ അവൾക്ക് കഴിയണം . ഇനി അത് ഏറ്റവും കൂടിപ്പോയാൽ ഒരു 14 ആഴ്ച….അതിൽ കൂടരുത് .

കാരണം ആ ഒരു സ്റ്റേജ് കഴിയുമ്പോൾ കുഞ്ഞിന് അമ്മയോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് കൂടും. അങ്ങനെ അമ്മയോട് വൈകാരികമായ ഒരടുപ്പം വന്ന ശേഷം ആ കുരുന്നിനെ പിഴുതെറിയുവാൻ ഒരമ്മയ്ക്കും കഴിയാതിരിക്കട്ടെ …..

യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.

കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം ജൂലൈ 19 ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സഹാവി ദി ഗാർഡിയനോട് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധന ജൂലൈ 19 മുതൽ ഇല്ലാതാകുമെങ്കിലും തുടർന്നും മാസ്ക് ഉപയോഗം തുടരണമെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും സഹാവി കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈ 19 അടുക്കുന്തോറും രാജ്യത്തെ കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളിൽ ക്രമമായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ ആഴ്ചയിൽ കേസുകളും 30 ശതമാനം ഉയർന്നു 32,367 വരെ എത്തി. ജൂലൈ 19 ന് പൂർണമായും ലോക്കഡോൺ ഒഴിവാക്കി ജീവിതം സാധാരണ നിലയിലാക്കരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടും പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാതന്ത്ര പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്.

ചൊവ്വാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ ആശുപത്രി പ്രവേശനങ്ങൾ 57.3 ശതമാനം ഉയർന്നു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 32,367 കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച ഇത് 24,855 ആയിരുന്നു. നാലാം ദിവസമാണ് യുകെയിൽ തുടർച്ചയായി 30,000 ത്തിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നത്.

RECENT POSTS
Copyright © . All rights reserved