UK

യുകെയിലെമ്പാടും മോഷ്ടാക്കളുടെ പ്രധാന ഇരകളിലൊന്നാകുകയാണ് ഹൈബ്രിഡ് കാറുകൾ സ്വന്തമായുള്ളവർ. ഹൈബ്രിഡ് കാറുകളിലെ കാറ്റലിക് കൺവർട്ടർ മോഷ്ടിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വെയ്ക്ക് ഫീൽഡ് സ്വദേശിയായ ജീന വിനുവും കഴിഞ്ഞ ദിവസം സമാനമായ മോഷണത്തിന് വിധേയയായി. നേഴ്സായ ജീന വിനുവിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ബാൻഡ് – 6 ആയി സ്ഥാനക്കയറ്റത്തോടെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ലോങ് ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ പോകാൻ തിരക്കുപിടിച്ചു വന്ന ജീന സെൻറ് ജെയിംസ് ഹോസ്പിറ്റലിൻെറ കാർ പാർക്കിങിൽ നിന്ന് വാഹനം എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് താൻ മോഷണത്തിന് വിധേയമായ കാര്യം അറിയുന്നത്.

ഒരു കാറ്റലിക് കൺവെർട്ടറിന് കാറിൻെറ ബ്രാൻഡ് അനുസരിച്ച് 1000 – 1500 പൗണ്ടിനിടയിൽ വിലവരും. ഹൈബ്രിഡ് കാറുകൾ മലയാളികൾക്കിടയിൽ വ്യാപകമാകുകയാണ്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറുകൾ ഉള്ള മലയാളികൾ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ജീന മലയാളം യുകെയോട് പങ്കുവച്ചു. കാറ്റലിക്ക് കൺവെർട്ടർ മോഷ്ടിക്കപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണത്തിന്റെ അഭാവം മോഷ്ടാക്കൾക്ക് വളക്കൂറാകുന്നതായാണ് ജീനയുടെ അഭിപ്രായം .പല മോഷണങ്ങളും പരസ്യമായി പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് നടക്കുന്നത് .മോഷണം കാണുന്നവർ പോലും വിചാരിക്കുന്നത് വാഹനം നന്നാക്കാൻ ശ്രമിക്കുന്ന മെക്കാനിക്കാണെന്നാണ്. താനും മോഷണത്തിന് ഇരയായതിന് ശേഷമാണ് ഇത് യു.കെയിൽ അടുത്ത കാലത്ത് വളരെ വ്യാപകമായ ക്രൈമാണെന്ന് മനസിലാക്കിയതെന്ന് ജീന വിനു ചൂണ്ടിക്കാട്ടി.

വിലയേറിയ ഹൈബ്രിഡ് കാറുകൾ എല്ലാ മോഷ്ടാക്കളുടെ ലക്ഷ്യമാണെങ്കിലും പ്രധാനമായും മോഷണത്തിന് ഇരയാകുന്നത് ടൊയോട്ടാ പൈറസ്, ഹോൻഡാ ജാസ്, ടൊയോട്ടാ ആരിയസ്, ലെക്സസ് – Rx കാറുകളുടെ ഉടമകളാണ്. കാറ്റലിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്ലാറ്റിനം, പല്ലേഡിയം, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മാർക്കറ്റിലെ വിലക്കൂടുതലാണ് മോഷണത്തിന് കാരണം. കാറ്റലിക് കൺവെർട്ടറിന്റെ പ്രധാന ഉപയോഗം മലിനീകരണം തടയുമെന്നതാണ് . കാറ്റലിക് കൺവെർട്ടർ ഉള്ള കാറുകളിൽ 90% മലിനീകരണം കുറവായിരിക്കും. ഒരു കാറിലെ കാറ്റലിക് കൺവെർട്ടർ മോഷ്ടിക്കാൻ പരിചയസമ്പന്നരായ മോഷ്ടാക്കൾക്ക് 2 മിനിറ്റിൽ താഴെ സമയം മതിയാകും. മോഷ്ടാക്കൾ സാധാരണ 3 – 4 പേരുടെ ഗ്രൂപ്പായിട്ടാണ് മോഷണത്തിന് ശ്രമിക്കുന്നത് .

കാറുകളിൽ സെക്യൂരിറ്റി ക്യാമറയും അലാമും ഉപയോഗിക്കുകയാണ് മോഷ്ടാക്കളെ തടയാനുള്ള പ്രധാന പോംവഴി. മോഷണം തടയാൻ കാറ്റലിക് കൺവെർട്ടർ കാറിന്റെ ബോഡിയോട് വെൽഡ് ചെയ്യുന്ന ഉടമസ്ഥരുമുണ്ട്. കാറ്റലിക് കൺവെർട്ടറിൻെറ കവറിനും അത് ബോഡിയോട് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനും ഏതാണ്ട് 50 പൗണ്ടോളം ചിലവുണ്ട്.

ചങ്ങനാശ്ശേരി:  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ കേരള രാഷ്ട്രീയ രംഗം മൊത്തത്തിൽ ചൂട് പിടിച്ചിരിക്കുകയാണ്. ഒരു സീറ്റ് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ഒരുപിടി മത്സരാർത്ഥികളെ ആണ് ഇപ്പോൾ കേരളത്തിൽ കാണാൻ സാധിക്കുക. കുത്തിത്തിരിപ്പും കുതികാൽ വെട്ടും ഒക്കെ ഭംഗിയായി നടക്കുബോൾ യുകെയിൽ നിന്നും പുറപ്പെട്ട ഒരു മലയാളി നേഴ്സ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ വാർത്തയാണ് മലയാളം യുകെ നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. ലണ്ടനിൽ താമസിച്ചിരുന്ന ടിജോ മാത്യു ആണ് കേരള നിയമസഭയിലേക്ക് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നിയോചകമണ്ഡലത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ പിന്തുണയോടെ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

2010 ആണ് ടിജോ തനിക്ക്  24 വയസുള്ളപ്പോൾ  യുകെയിൽ എത്തുന്നത്. യുകെയിൽ എത്തിയ എല്ലാവരെയുംപോലെയുള്ള ആദ്യകാല ബുദ്ധിമുട്ടുകൾ. എങ്കിലും ഒരുകാര്യത്തിലും തളർന്നില്ല. പരാതികൾ ഇല്ലാതെ പണിയെടുക്കാനുള്ള ഒരു മനസ്സ്.. അതായിരുന്നു ടിജോ മാത്യു എന്ന നഴ്‌സ്‌. ബോൺമൗത്തിൽ തന്റെ അഡാപ്റ്റേഷൻ പൂർത്തിയാക്കി. അതോടെ യുകെയിലെ നേഴ്സ് എന്ന കടമ്പ കടക്കുകയായിരുന്നു. തുടർന്ന് ചെയ്തുകൊണ്ടിരുന്ന നഴ്സിംഗ് ഹോമിന്റെ മാനേജർ തസ്തികയിലേക്ക്. തന്റെ കഠിന ശ്രമങ്ങൾ ഫലം തന്നു കൊണ്ടേയിരുന്നു എന്ന് ടിജോ മലയാളം യുകെയോട് പറഞ്ഞു.

2012 നഴ്സിംഗ് ഹോം വിട്ട് ലണ്ടനിലെ  റോയൽ ബ്രോംപ്ടൺ NHS ആശുപത്രിയിലെ ബാൻഡ് 5 നഴ്‌സായി പുതിയ ജോലി ആരംഭിച്ചു. പുതിയ അറിവുകൾ നേടാനുള്ള തന്റെ ആഗ്രഹം സഫലമാകുകയായിരുന്നു റോയൽ ബ്രോംപ്ടൺ ആശുപത്രിയിൽ. 2013 ൽ വിവാഹം. വധു കോതമംഗലം സ്വദേശനിയായ അനു തോമസ്. നഴ്‌സായിരുന്ന അനുവും അഡാപ്റ്റേഷൻ ചെയ്തു യുകെയിൽ നഴ്‌സായി. മൂന്ന് കുട്ടികൾ രണ്ടാണും ഒരു പെൺകുട്ടിയും.

2015 പരിശ്രമശാലിയായ ടിജോ മാത്യു ബാൻഡ് 6 നഴ്‌സായി. ക്ലിനിക്കൽ വിഭാഗത്തിൽ എത്തുന്ന പുതിയ നഴ്സുമാരെ പരിശീലിപ്പിക്കുന്നത് മലയാളിയായ റ്റിജോയിൽ എത്തിനിന്നു.

ഒരു വർഷം എടുത്തില്ല ബാൻഡ് 7 ലേക്ക് എത്താൻ. 2016 റിൽ ലണ്ടനിൽ തന്നെയുള്ള റോയൽ ഫ്രീ ഹോസ്പിറ്റലിൽ ബാൻഡ് 7 നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. കാർഡിയോളജി സ്പെഷ്യലിസ്റ് നഴ്‌സായിരുന്ന ടിജോ പടവുകൾ ഒന്നൊന്നനായി കയറുകയായിരുന്നു.

2018 ൽ BHRUT ( Barking, Havering and Redbridge University Hospitals NHS Trust) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ആശുപത്രിയിലെ ബാൻഡ് 8 നഴ്‌സായി ചുമതലയേറ്റു. 50,000 പൗണ്ടാണ് (Rs.50,00,000) പ്രാരംഭ വാർഷിക ശമ്പളം. നഴ്‌സായ ഭാര്യക്ക് ലഭിക്കുന്ന 30000..  അങ്ങനെ ലഭിക്കുന്നത് £8,00,000.. അതായത് ഇപ്പോഴത്തെ വിലയനുസരിച്ചു 80 ലക്ഷം രൂപ. ( യുകെയിൽ വരുമാനത്തിന് അനുസൃതമായ നികുതി കൊടുക്കണം. നികുതിക്ക് മുൻപുള്ള ശമ്പളമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്)    പ്രവാസ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ് യുകെയിലെ നാളുകൾ. അങ്ങനെ ഇരിക്കെയാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന ഒരു മുദ്രാവാക്യം നാട്ടിൽ ഉയരുന്നത്. തന്റെ ചെറിയ പ്രായം മുതൽ ആഗ്രഹിച്ചിരുന്ന സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കണം എന്നുള്ളത്. അങ്ങനെയാണ് ആതുര സേവനം മതിയാക്കി 2020 ഏപ്രിൽ നാട്ടിലേക്ക് തിരിച്ചുപോകുവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾ നടക്കവെയാണ് കൊറോണയുടെ രംഗപ്രവേശം. യുകെ ലോക്ക് ഡൗണിലേക്കു പോകുന്നു എന്ന് മനസ്സിലാക്കിയ ടിജോയും കുടുംബവും ബുക്ക്തി ചെയ്‌തിരുന്ന തിയതി മാറ്റി 2020 മാർച്ച് പതിനഞ്ചാം തിയതി നാട്ടിലേക്ക് പുറപ്പെട്ടു.  നാട്ടിൽ എത്തി ഇന്നലെ ഒരു വർഷം പൂർത്തിയാവുമ്പോൾ ടിജോ ഒരു MLA സ്ഥാനാർത്ഥിയാണ്. വി ജെ ലാലി (UDF), ജോബ് മൈക്കിൾ (LDF), രാമൻ നായർ (BJP) എന്നിവരാണ് മറ്റു മത്സരാർത്ഥികൾ.

ഇതിനോടകം തന്നെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്തത് 20000 പരം പേരാണ്. യുകെയിലെ ടിജോയുടെ ജീവിതാനുഭവം  നാട്ടിലുള്ളവർക്കായി  ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാനുള്ള അനുഭവജ്ഞാനം നൽകുന്നു എന്നത് വളരെ വലുതാണ്. രോഗി പരിപാലനത്തിലൂടെ മറ്റുള്ളവരോടുള്ള അനുകമ്പ, സഹാനുഭൂതി… അതിനെല്ലാം ഉപരിയായി ലണ്ടനിലെ മലയാളി സമൂഹത്തിൽ എല്ലാത്തിനും സന്നദ്ധനായിരുന്ന ഒരാളായിരുന്നു ടിജോ. മറ്റുള്ളവരെ സഹായിക്കണം എന്ന ഉറച്ച തീരുമാനത്തിന് ശേഷമാണ് യുകെയിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

നല്ല ജോലിയും പണവും ലഭിച്ച സാഹചര്യത്തിലും വിനയം ഒരിക്കിലും ടിജോയിക്ക് കൈമോശം വന്നിട്ടില്ല എന്നാണ് ലണ്ടനിലെ നഴ്‌സും സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചറുമായ മലയാളി നേഴ്സ് മലയാളം യുകെയോട് പറഞ്ഞത്. പ്രവാസികളായ മലയാളികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ ലഭിക്കുന്നത് നിയമസഭയിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളോടൊപ്പം പണിയെടുത്ത, നിങ്ങളുടെ വിഷമങ്ങൾ എന്താണ് എന്ന് അനുഭവത്തിലൂടെ മനസിലാക്കിയ  ഒരു നഴ്സിനെയാണ്… സഹപ്രവർത്തകനെയാണ്… എല്ലാവരും കക്ഷി രാഷട്രീയത്തിനതീതമായി ചിന്തിച്ചാൽ ലഭിക്കുന്നത്  നാടിനെ സേവിക്കാൻ സുമനസ്സുള്ള ഒരു യുവാവിനെയാണ്. എല്ലാവരുടെയും ജീവിത ചുറ്റുപാടുകളുടെ പുരോഗമനത്തോടൊപ്പം അഴിമതി രഹിതമായ ഒരു പൊതുപ്രവർത്തനനവും … അതാണ് എന്റെ ആശയും അഭിലാഷവും … ടിജോ മലയാളം യുകെയോട് പറഞ്ഞു നിർത്തി.

ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.

സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ : മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും തങ്ങളുടെ അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഓപ്ര വിന്‍ഫ്രെയുടെ അഭിമുഖത്തിൽ പെൺകുഞ്ഞാണ് ഇനി പിറക്കാൻ പോകുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മേഗന്‍ മര്‍ക്കല്‍ ബക്കിംങ്ഹാം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും രാജകുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചക്ക് വഴിവെച്ചിരുന്നു.
കുഞ്ഞു രാജകുമാരിക്കായി ഇവർ കാത്തുവെച്ചിരിക്കുന്നത് കാര്‍ട്ടിയറിന്റെ ഒരു ഫ്രഞ്ച് ടാങ്ക് വാച്ചാണ്. ‘2015ൽ വാങ്ങിയ ഈ വാച്ച് ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണ് ‘ എന്ന് അഭിമുഖത്തിൽ ഇരുവരും പറഞ്ഞിരുന്നു

ലിവർപൂളിലെ കലാ ,കായിക, രംഗത്ത് സജീവമായി നിൽക്കുന്ന പാലാ കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കി (94) നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതയുടെ ഭർത്താവ് പരേതനായ വർക്കി കുര്യനാണ്. മക്കൾ ആനി ജോസഫ് (ചിന്നമ്മ)സ്വിറ്റ്സർലൻഡ്, ലീലാമ്മ തോമസ് കുമാരമംഗലം, ജോസ് എൻ വി നീലൂർ, പരേതനായ മാത്യു ജോർജ് (കുട്ടിയച്ചൻ ), കൊല്ലപ്പള്ളി ജോർജ് എൻ വി സ്വിറ്റ്സർലൻഡ്, ബിനോയി ജോർജ് ലിവർപൂൾ യു കെ. മരുമക്കൾ: ജോസഫ്‌ കക്കോഴയിൽ (ജോയി ) രാമപുരം, തോമസ് അറക്കൽ കുമാരമംഗലം, ലീലാമ്മ പടിഞ്ഞാറയിൽ, തൊമ്മൻകുത്തു ക്ലാരമ്മ, വടക്കേമുറിയിൽ ഇടപ്പാടി മോളി, തുളുമ്പൻമാക്കൽ മൂഴൂർ ഷൈനി മുളവരിക്കൽ മറ്റൂർ കാലടി

ബിനോയ് ജോർജ് ആദ്യകാലം മുതൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ പ്രവർത്തകനും ഇപ്പോൾ കമ്മറ്റി അംഗവുമാണ്. മാതാവിന്റെ മരണവിവരം അറിഞ്ഞ് ബിനോയ് നാട്ടിലേക്കു പുറപ്പെട്ടു എന്നാണ് അറിയുന്നത്.

ബിനോയിയുടെ അമ്മയുടെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാകുടുംബാംഗങ്ങളോടും സുഹൃത്തുക്കൾക്കും ഒപ്പം ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ശവസംസ്കാരം പിന്നീട് അറിയിക്കും.

ബിനോയ് ജോർജിന്റെ മാതാവ് റോസമ്മ വർക്കിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

അമ്മ ഇല്ലാതെ വളർന്നിട്ടുണ്ടോ . അല്ലങ്കിൽ ഉണ്ടായിട്ടും ഇല്ലാതെ പോലെ ജീവിച്ചിട്ടുണ്ടോ . പാടാണ്‌ കേട്ടോ .. ജനിച്ചുവീഴുമ്പോൾ മുതൽ ഏതൊരു കരച്ചിലിനെയും മായിക്കാൻപറ്റിയ ഒരേ ഒരു തൈലമേ ഈ ഭൂലോകത്തുള്ളൂ ..അതമ്മതൻ മൃദുലമാം ചുംബനം മാത്രം. ജീവിതത്തിൽ അമ്മേന്നു പറഞ്ഞോടി വരുന്ന ഒരു സുഖമുണ്ടല്ലോ ..അതേതു ദുനിയാവിൽ കിട്ടും … ‘ആ അമ്മയുടെ കവിളിൽ കൊച്ചരിപ്പല്ലു കൊള്ളിക്കുമ്പോഴുള്ള സുഖം … അമ്മ തരുന്ന ഒരു ഉരുള ചോറിന്റെ സ്വാദ് …..ആ അമ്മയുടെ പാത്രത്തിൽ നിന്നും കഴിക്കുന്ന ഒരു വറ്റിന്റ രുചി …..അച്ഛൻ തല്ലാൻ വരുമ്പോൾ ഒളിക്കാൻ പറ്റുന്ന നൈറ്റിയുടെ തുമ്പ് …..ഒരു ചെറിയ വേദന പോലും ഇരട്ടിയായി അമ്മയെ കാണിക്കുന്ന ആ സുഖം …..തെറ്റ് ചെയ്യുമ്പോൾ വടിയുമായി ഓടി വന്നാലും അടിക്കാതെ ദേഷ്യഭാവം കാണിച്ചുള്ള നിൽപ് …..കഴിച്ച എച്ചിൽ പാത്രം ധൈര്യ പൂർവം ഇട്ടിട്ടു പോകാനൊരു സ്വതന്ത്ര ഇടം …..ഏതു പ്രതിസന്ധിയിലും സാരമില്ലന്നോതി മുടി തടവുമ്പോൾ വീണ്ടുമൊരു കൈകുഞ്ഞായ് മാറിടുന്ന അനുഭവം….ഇതൊക്കെ തരാൻ വേറേത് സ്വർഗത്തിനാകും …

തന്റെ കുഞ്ഞിന് ജീവൻ കൊടുത്തു എന്നതിലൂടെ മാത്രം അവൾക്ക് സമൂഹം ചാർത്തി കൊടുത്തൊരു പട്ടമല്ല അമ്മയെന്ന പദം. അതിലുപരി അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവളിലൂടെ യാഥാർഥ്യമാകുന്നത് നാളെ എന്നുള്ള ഒരു പ്രതീക്ഷയാണ് . നാളത്തെ ഒരു ജനതയുടെ ഉത്തരവാദിത്തം മുഴുവൻ അവളുടെ ചൂടിലൂടെ നിറവേറ്റപ്പെടുമ്പോൾ അമ്മയ്ക്കൊരു ജോലിയുമില്ല വീട്ടിൽ വെറുതെ ഇരിക്കുന്നുവെന്നു കേൾക്കേണ്ടിവരുക എത്ര വേദനാജനകം.

“ she is more responsible for how to make the new generation more better “.

മക്കളോടുള്ള സ്നേഹം അവൾ പലപ്പോഴും വാക്കാൽ പറയാതെ അവളുടെ ജീവിതത്തിന്റെ മാജിക്കിലൂടെ കാണിച്ചുതരുന്നു. നമ്മൾ നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ…
ആഗ്രഹ സാഫല്യങ്ങളുടെയൊക്കെ പുറകെ പായുമ്പോൾ നാമറിയാതെ അവൾ സഹചാര്യങ്ങൾ നമുക്കനുകൂലമാക്കിയൊരു വടവൃക്ഷമായ് തണലേകുന്നു … ഭക്ഷണത്തിലൂടെ.. കരുതലിലൂടെ .. ആലിംഗനത്തിലൂടെ…. വാക്കുകളുടെ ആശ്ലേഷത്തിലൂടെയൊക്കെ നമുക്കവൾ ഇന്ധനം നിറച്ചു തന്നുകൊണ്ടേയിരിക്കുന്നു …

ഇന്ന് പല അമ്മമാരും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട്‌ മക്കളെവിട്ട് ജോലിതേടിയലയുമ്പോൾ നമ്മൾ മനസിലാക്കേണ്ട ഒരുകാര്യം
“ you making survival is more imporant than esthetics of life “
കാരണം ജീവിതത്തിന്റെ സൗന്ദര്യം നിലനിർത്താൻ അമ്മമാർക്കല്ലാതെ വേറാർക്കുമാകില്ല…

 

മെട്രിസ് ഫിലിപ്പ്

മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി, ബേത് ലഹേമിലെ ഒരു കാലിതൊഴുത്തിൽ പിറന്ന് വീണ്, നസ്രത്തിലൂടെ വളർന്ന്, സ്നേഹത്തിനും കാരുണ്യത്തിനും, ഒരു പുതിയ, അധ്യായം രചിച്ച്, ജെറുസലേമിന്റെ നായകനായി മാറിയ യേശുനാഥൻ, രോഗികളെ സുഖപ്പെടുത്തിയും, അഞ്ച് അപ്പം കൊണ്ട് 5000 പേർക്ക്, മലഞ്ചെരുവിൽ, ഭക്ഷണം നൽകിയും, അത്ഭുതങ്ങൾ പ്രവർത്തിച്ചും, മുന്നോട്ട് പോയപ്പോൾ, സ്വന്തം ശിഷ്യൻ തന്നെ, ചുംബനം നൽകി ഒറ്റികൊടുത്തുകൊണ്ട്, ലോകത്തെ ബിസി എന്നും എ.ഡി. എന്നും കാലത്തെ വേർതിരിച്ചുകൊണ്ട്, കാൽവരിയിലെ ഒരു കുരിശിൽ, രണ്ട് കള്ളൻമാരുടെ നടുവിൽ കിടന്നു മരിച്ചപ്പോൾ, ഒരു നീതിമാന്റെ, ജീവിതം ആണ് അവസാനിച്ചത്.

അതിരുകളില്ലാതെയും അളവുകൾ ഇല്ലാതെയും സ്നേഹിക്കണം എന്നും, കുഞ്ഞുമനസ്സിൻ നൊമ്പരം ഒപ്പിയെടുത്തുകൊണ്ട്, അവരെ തടയാതെ, എന്റെ അടുക്കലേക്ക് അയക്കുവിൻ എന്നാണ് യേശു പഠിപ്പിച്ചത്.

വി. ബൈബിളിൽ, ഏറ്റവും അധികമായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് വാക്കുകൾ വിശ്വവാസവും സ്നേഹവുമാണ്. മാതാവിന്, ഉണ്ണി യേശുവിന്റെ ജനനത്തെകുറിച്ച്, ഗബ്രിയേൽ മാലാഖ സ്വപ്നത്തിൽ അറിയിപ്പ് നൽകിയപ്പോൾ, മാതാവിന്റെ മനസ്സിൽ നിന്നും ഉയർന്നത്, ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക്, എന്നിൽ നിറവേറട്ടെ എന്നായിരുന്നു.

ജോസഫ്, മറിയത്തെയും ഉണ്ണിയേശുവിനേയും സ്നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു. ബേത് ലഹേമിൽ നിന്നു കുഞ്ഞു പൈതലിനെയും, കൊണ്ട് ഈജിപ്തിലേയ്ക്കുള്ള പാലായാനവും, തുടർന്നുള്ള തിരിച്ചുവരവും, നസ്രത്തിലെ ജീവിതവും, ജോസഫ് ചെയ്ത വലിയ മഹത്വവും ലോകം കണ്ടു.

ആധുനിക ലോകത്തിൽ വിശ്വസിച്ചുള്ള സ്‌നേഹം ഉണ്ടോ? കപടതനിറഞ്ഞതും, സ്വന്തം നേട്ടത്തിനായും, ഉള്ള സ്നേഹമല്ലേ! മറ്റുള്ളവരെ കബളിപ്പിച്ചും, പിടിച്ചുപറിച്ചും നേടുന്നത്, അനുഭവിക്കാൻ പറ്റുമോ?
ഫാ. ചിറമേൽ പറയുന്നത്, കൊടുക്കടോ, കഴിവുള്ളപോലെ, മറ്റുള്ളവരെ സഹായിക്കടോ എന്നല്ലേ! വലുത് കൈ കൊണ്ട് കൊടുക്കുന്നത്, ഇടത് കൈ പോലും അറിയരുത് എന്നല്ലേ യേശു പഠിപ്പിച്ചത്.

ഈ നോമ്പുകാലത്ത്, നമ്മളെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊണ്ട്, സ്നേഹത്തിന്റെ മാതൃക കാണിച്ചുകൊടുക്കാം. സ്നേഹം നൽകുന്നത് വിശ്വാസത്തോടെ ആവട്ടെ. വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ട്, യേശുനാഥൻ ഓരോ അത്ഭുതങ്ങളും ചെയ്തത്. വെള്ളത്തിന് മീതെകൂടി നടന്നുവരുന്നതും, കാറ്റിനെയും കടലിനെയും ശമിപ്പിക്കുന്നതും, തന്റെ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ട് തന്നെയാണ്. അതിനാൽ പുതിയ മനുഷ്യരായി, സ്‌നേഹിച്ചും സഹായങ്ങൾ ചെയ്തും, ഈ നോമ്പുകാലം ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ…

കുട്ടികളാണ് വീടിൻറെ ഐശ്വര്യമെന്നും അവരുടെ സർഗാത്മകമായ കഴിവുകൾ വളർത്തുന്നതിലും, വ്യക്തിത്വ വികസനത്തിലും മാതാപിതാക്കൾക്ക് പ്രത്യേകിച്ച് അമ്മമാർക്ക് പ്രധാന പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു കുടുംബത്തിൻറെ ജീവിതമാണ് മലയാളം യുകെ   മലയാളികളുടെ മുൻപിൽ എത്തിക്കുന്നത്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസിന്റെയും മിനിയുടെയും കുടുംബമാണ് കുട്ടികളുടെ സർഗവാസനകളെ വളർത്താൻ തങ്ങളുടേതായ വഴി കണ്ടു പിടിച്ച് പ്രവാസ ജീവിതത്തിലെ തിരക്കുകളിൽ എങ്ങനെ മാതൃകാ കുടുംബം കെട്ടിപ്പെടുക്കാം എന്നതിൻറെ നേർ കാഴ്ചയാകുന്നത്. കുട്ടികൾ ദൈവത്തിൻറെ ദാനമാണെന്ന് വിശ്വസിക്കുന്ന ജെയിംസും മിനിയും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് തികച്ചും ബോധവാന്മാരാണ്.

മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോഴാണ് അവരുടെ കൂടെ നമ്മൾ കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്നാണ് മിനിയുടെയും ജെയിംസിന്റെയും പക്ഷം. എങ്കിൽ മാത്രമേ കുട്ടികൾ നമ്മുടെ കൂട്ടുകാരായി വളരുകയും ജീവിതയാത്രയിലെ സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറാവുകയും ചെയ്യുകയുള്ളൂ . പ്രവാസ ജീവിതത്തിലെ സാംസ്കാരികാന്തരങ്ങളിൽ കുട്ടികളെ കൂട്ടുകാരായി മാറ്റേണ്ടതിന്റെ പ്രസക്തി വലുതാണ്. കളിയും ചിരിയും നിറഞ്ഞതാവണം കുടുംബ ജീവിതമെന്ന ചിന്താഗതിക്കാരാണ് മിനിയും ജെയിംസും. കളിയിലൂടെ കുട്ടികൾക്ക് മാനസികോല്ലാസം നൽകാനും അവരുടെ സർഗാത്മകമായ കഴിവുകളെ വളർത്താനുമാണ് മൈ കുട്ടൂസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും അത് നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തത്.

കുട്ടികളുടെയും മാതാപിതാക്കളുടെയും ജീവിതം ചിരിയും കളിയും നിറഞ്ഞതാക്കാനുള്ള ടിപ്സുമായിട്ടാണ് മൈ കുട്ടൂസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തിലും അവർ കുട്ടികളിൽ ഒരാളായി തീർന്നാൽ അത് അവരുടെ മാനസിക, ശാരീരിക വളർച്ചയിലും, ആത്മവിശ്വാസം വർധിപ്പിക്കാനായും എത്രമാത്രം ഉതകുമെന്നതിന്റെ തെളിവാണ് മൈ കുട്ടൂസ്. കുട്ടികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും വൊക്കാബുലറി സ്കിൽ വർദ്ധിപ്പിക്കാനും സഹായകരമാണ് മൈ കുട്ടൂസ് എന്ന ചാനൽ

ഉഴവൂർ സ്വദേശിയായ മൈലപറമ്പിൽ ജെയിംസും മിനിയും സ്റ്റോൺ ട്രെന്റിലെ മലയാളികളുടെ കലാ സാംസ്കാരിക വേദികളിലെ സജീവസാന്നിധ്യമാണ്. കുട്ടികളായ മെഡ് വിൻ, മെൽവിൻ, അൽവിയാ, ഫാബിയ, ജെസ് വിനുമാണ് മൈ കുട്ടൂസിന്റെ അണിയറശില്പികൾ. മെഡ് വിൻ ഒമ്പതാം ക്ലാസിലും, മെൽവിൻ എട്ടാം ക്ലാസിലും, അൽവിയാ ഏഴാം ക്ലാസിലും, ഫാബിയ മൂന്നാം ക്ലാസിലും, ജെസ് വിൻ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പഠനത്തോടൊപ്പം മൈ കുട്ടൂസിലൂടെ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന ഈ കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. മൈ കുട്ടൂസ് കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/channel/UCDFrDW5StCjhe4qE1eayTAA

കൊറോണയെന്ന കുഞ്ഞൻ വൈറസിനു മുൻപിൽ മാനവ ജനതയൊന്നാകെ പകച്ചു നിന്നപ്പോൾ , മഹാമാരിയുടെ ഒന്നാം വരവിലും രണ്ടാം വരവിലും ലോക ജനതയൊട്ടാകെ നിസംഗതയോടെ നിശ്ചലമായ സാഹചര്യത്തിൽ, അഹോരാത്രം കഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള അവശ്യ സേവന ദാതാക്കൾ, പ്രതിരോധ നടപടികളുടെ നേത്രത്വ നിരയിലുണ്ടായിരുന്നവർ, പരിണിത പ്രഞ്ജരായ ശാസ്ത്ര ലോകം, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ഇവരെയൊക്കെ നന്ദിയോടെ ഓർമ്മിക്കാനും , അനുമോദിക്കാനുമായി അവലംബിക്കുന്ന അനതിസാധാരണമായ പല രീതികളും ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നാം കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ സുപരിചിതനായി അറിയപ്പെടുന്ന കലാകാരനും, ചിത്രകാരനുമായ ബോബി ജോസഫ് കാംബസ്ലാംങിന്റെ കരവിരുതിൽ വിരിഞ്ഞത് അത്യപൂർവ്വമായ മറ്റൊരു കലാസൃഷ്ടിയാണ്.

ചക്രവാള സീമയിൽ തെളിയുന്ന മാരിവില്ലിൻ്റെ ഏഴഴകിൽ അൽഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുണ്ട് ? ആ വർണ്ണ വിസ്മയം മനസ്സിൽ കോരിയിടുന്ന വികാരങ്ങൾക്കതിരില്ല. മനുഷ്യനിർമ്മിതമായ ഒരു മഴവില്ലിനെ ഒഴുകുന്ന ജലാശയത്തിൽ സൃഷ്ടിക്കുന്നതിനേപറ്റി നമ്മൾ ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാൽ അതും സാധ്യമാണെന്നു തെളിയിക്കുകയാണ് ഗ്ലാസ്ഗോ മലയാളി ബോബി ജോസഫ്.

ഗ്ലാസ് ഗോ കോളേജ് ഓഫ് ആർട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി തൻ്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നത് . മാനവ സമൂഹത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്ന് സൃഷ്ടിച്ച കോവിഡ് എന്ന മഹാമാരിക്കു ശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ കണ്ടുണരുന്ന മാനവ സമൂഹത്തിൻ്റെ പുതു പുത്തൻ പ്രതീക്ഷകളെ പ്രതീകാത്മമായി ചിത്രീകരിക്കുകയാണ് ബോബി .

ഒന്നിനുമാവാതില്ലാതെ നാളെയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കുന്ന മനുഷ്യൻ, പെയ്തൊഴിയുന്ന ഒരു മഹാമാരിക്കു ശേഷം തെളിയുന്ന മഴവില്ലിനേപ്പോലെ പുത്തൻ പ്രതീക്ഷകളിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നതിനെ തൻ്റെ കലാവിഷ്കാരത്തിലൂടെ ചിത്രീകരിക്കുകയായിരുന്നു ബോബി .

ഗ്ലാസ്‌ഗോയുടെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന, യുകെയിലെ തന്നെ ഏറ്റവും വലിയ പ്രധാന നദികളിലൊന്നായ ക്ലൈഡ് നദിയിലെ ജലാശയത്തിലാണ് ബോബി തന്റെ കലാവിരുതിലൂടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകാത്മകതയായ മാരിവിൽ വൃഷ്ടി വിരിയിച്ചത്. മാർച്ച് 10 ന് രാവിലെ 10 നും 11 നും ഇടയ്ക്ക് പ്രാദേശിക കൗൺസിലിന്റെ പ്രത്യേക അനുവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഗ്ലാസ്ഗോ ആർട്സ് കോളേജ് പ്രതിനിധികൾ , ഏറെ വർഷങ്ങളായി ബോബിയുടെ കരവിരുതിന്റെ മായാജാലങ്ങൾക്ക് വേദിയായ കലാകേരളം സംഘടനയിലെ സുഹൃത്തുക്കൾ, തദ്ദേശിയരും, വിദേശികളും ആയ മറ്റ് അഭ്യുദയാകാംഷികൾ എന്നിങ്ങനെ ജീവിതശ്രേണിയിലെ ഒട്ടേറെ പ്രമുഖർ ഈ അവിസ്മരണീയ മുഹൂർത്തങ്ങളെ നീണ്ട കരഘോഷങ്ങളോടെ വരവേല്ക്കുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.

ബോബി ജോസഫ് ഇടുക്കി കട്ടപ്പനയിൽ കൈപ്പയിൽ കുടുംബാംഗമാണ് കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസ്ഗോയിലെ കാമ്പസ്ലാംഗിൽ താമസിക്കുന്നു. ഭാര്യ ലിഡിയ , മകൾ എലീസ്സ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : പാർലമെന്റിൽ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ക്രിപ്റ്റോകറൻസി ബില്ലിനെപ്പറ്റി ശുഭപ്രതീക്ഷയോടെ  ധനകാര്യ വകുപ്പ് മന്ത്രി ശ്രീമതി : നിർമല സീതാരാമൻ. ക്രിപ്റ്റോ കറൻസി നിരോധനത്തെപ്പറ്റി നാളിതുവരെ  സംസാരിക്കാതെയിരുന്ന മന്ത്രി ഈ രംഗത്തെ നൂതനമായ സാധ്യതകൾ സ്വാഗതം ചെയ്യുന്നതായി വെളിപ്പെടുത്തി. സി‌എൻ‌ബി‌സി – ടിവി 18 ചാനലിന് നൽകിയ മറുപടിയിലാണ് നിർമല സീതാരാമൻ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ക്രിപ്റ്റോ കറൻസി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വിവരം പുറത്ത് വന്നശേഷം ആദ്യമായാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി  സംസാരിക്കുന്നത്.

ക്രിപ്റ്റോകറൻസിയെ പറ്റി വിശാലമായ തലത്തിലുള്ള ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാടെടുക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ റിസർവ് ബാങ്കുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എത് തരത്തിലുള്ള ഔദ്യോഗികമായ കറൻസി ആയിരിക്കണം ക്രിപ്റ്റോ കറൻസി എന്നതിനെപ്പറ്റി റിസർവ് ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും . ഈ മേഖലയിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ദീർഘമായി അന്വേഷിക്കേണ്ടത്  ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു കേൾക്കുന്നത്. ലോകം ഈ സാങ്കേതിക വിദ്യയ്‌ക്കൊപ്പം അതിവേഗം കുതിച്ചു മുന്നേറുകയാണ്, ദ്രുത ഗതിയിലുള്ള  ഈ വളർച്ച നമ്മൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. നമ്മൾക്ക് അത് ആവശ്യമില്ലെന്ന് പറയാനും കഴിയില്ല. അതിനാൽ തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും വളരെ തുറന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടാവുക .

ഡിജിറ്റൽ ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ഉറ്റുനോക്കി അതേ നിലവാരത്തിൽ തന്നെ നമ്മളും ക്രിപ്റ്റോ കറൻസിയുടെ കാര്യത്തിലും നിലപാടെടുക്കുമെന്ന് നിർമല സീതാരാമൻ അറിയിച്ചു. ക്രിപ്റ്റോ കറൻസിയെ ഒഴിവാക്കുന്ന ഒരു നിലപാട് ഒരിക്കലും ഉണ്ടാവില്ലെന്ന സൂചന ഇപ്പോൾ നൽകാൻ കഴിയുമെന്നും , ഡിജിറ്റൽ ലോകത്തും ക്രിപ്‌റ്റോ കറൻസിയിലും നടക്കുന്ന പരീക്ഷണങ്ങൾ നടത്തുവാനുള്ള വഴികൾ  തീർച്ചയായും നമ്മളും നോക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ക്രിപ്റ്റോകറൻസി നിയമനിർമ്മാണത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് മന്ത്രി അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു. ഭരണം മെച്ചപ്പെടുത്തുന്നതിനായി ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു .

പുതുമയെയും പുതിയ സാങ്കേതികവിദ്യയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും , ബ്ലോക്ക്ചെയിൻ വളർന്നുവരുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണെന്നും, വെർച്വൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്‌റ്റോകറൻസിയെന്നും , തുറന്ന മനസ്സോടെ പുതിയ ആശയങ്ങൾ വിലയിരുത്തുകയും പര്യവേക്ഷണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കൊപ്പം , ഈ രണ്ട് മന്ത്രിമാരുടെ പ്രസ്താവന ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ച തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പല ലോകരാജ്യങ്ങളെപ്പോലെ ഇന്ത്യയും ഒരു  ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ലക്ഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Copyright © . All rights reserved