UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ മുതിർന്ന പൗരന്മാർക്കെല്ലാം വാക്സിൻ നൽകി കഴിഞ്ഞാൽ ബ്രിട്ടൻ വാക്സിൻ പാസ്പോർട്ട് നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസൺ സൂചന നൽകി. വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മാസം തന്നെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഉയർന്നുവരുന്ന പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ഏപ്രിൽ 12 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾ തുറക്കുമ്പോൾ വാക്സിൻ എടുത്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അടുത്ത ആറുമാസം കൂടി ഗവൺമെന്റിന് അധികാരം നൽകാൻ പാർലമെൻറ് തീരുമാനിച്ചു. 408 പേർ അനുകൂലിച്ചപ്പോൾ 76 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് പുതിയതായി 6397 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ യുകെയിൽ 63 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് . ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് മരണ നിരക്കിലും കുറവുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 29 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു.

ബെല്‍ഫാസ്റ്റിൽ ഞായറാഴ്ച ( 21-3-2021) നിര്യാതനായ കിടങ്ങൂര്‍ ചെറുമണത്ത് ജീവന്‍ തോമസിന്റെ (49) മൃതസംസ്‌ക്കാരം 29-3-21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്(ഇന്ത്യൻ സമയം) യു.കെ യില്‍ നടക്കും.

മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം യൂട്യൂബ് ചാനലിലും, സ്റ്റാര്‍വിഷന്‍ പ്ലസ് ചാനലിലും ഉണ്ടായിരിക്കുന്നതാണ്.

( ഡെന്‍ ബോക്‌സ് നമ്പര്‍-620, കേരളവിഷന്‍ ബോക്‌സ് നമ്പര്‍-48).

29-3-21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സെന്റ്‌മേരീസ് ഫൊറോന പള്ളിയില്‍ പരേതനുവേണ്ടി ദിവ്യബലിയും, പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അമേരിക്ക : വിസയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തെ 70 മില്യൺ സ്റ്റോറുകളിൽ ക്രിപ്‌റ്റോകറൻസിയിൽ ഷോപ്പിംഗ് നടത്തുവാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, എല്ലാ ക്രിപ്റ്റോ കറൻസികളും വാങ്ങുവാനും വിൽക്കുവാനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വിസയുടെ സി ഇ ഒ ആൽഫ്രഡ് കെല്ലി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസി മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ  അത് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ബിറ്റ് കോയിന്റെ വിലയിൽ അടുത്തിടെയുണ്ടായ വർധന കണക്കിലെടുത്ത് വിസ കൂടുതൽ മുഖ്യധാരയിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ” ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. വിസ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ബിറ്റ് കോയിൻ വാങ്ങുന്നത് പ്രാപ്തമാക്കുക എന്നതാണ് ഒന്ന്. ചില ബിറ്റ് കോയിൻ വാലറ്റുകളുമായി ചേർന്ന് പ്രവർത്തിച്ച് ബിറ്റ് കോയിൻ ഒരു ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ വിസ സ്വീകരിക്കുന്ന ലോകത്തെ 70 മില്യൺ സ്ഥലങ്ങളിൽ ഉടനടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.” കെല്ലി വ്യക്തമാക്കി.

ഒരു പുതിയ പേയ്‌മെന്റ് വാഹനമാകാനുള്ള ശക്തമായ സാധ്യത ഞങ്ങൾ കാണുന്നു. വാസ്തവത്തിൽ, ലോകമെമ്പാടും വളർന്നുവരുന്ന ക്രിപ്റ്റോ വിപണിയെ വേഗത്തിലാക്കാൻ ഞങ്ങൾക്ക് കഴിയും . ഈ വിപണിയിൽ  വിസ ധാരാളം സ്ഥാപനങ്ങളുമായി ഒന്നിച്ച്  പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് അവരുടെ വിസ കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിനോ അല്ലെങ്കിൽ ആഗോളതലത്തിൽ വിസ സ്വീകരിക്കുന്ന 70 ദശലക്ഷം വ്യാപാരികളിൽ  ഏതെങ്കിലും ഫിയറ്റ് കറൻസികൾ സ്വീകരിക്കുന്ന വാലറ്റുകളും എക്സ്ചേഞ്ചുകളുമായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും വിസ അവരുടെ ഓഹരി ഉടമകളെ അറിയിച്ചു.

വിസ ഒരിക്കലും ക്രിപ്റ്റോ കറൻസിയിൽ പണമിടപാടുകൾ അനുവദിക്കില്ലെന്നും , കാരണം ഇത് ഒരു പേയ്‌മെന്റ് സംവിധാനമല്ലെന്നും , ഞങ്ങൾ ഫിയറ്റ് കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ മാത്രമേ നടത്തുകയുള്ളെന്നും  വിസയുടെ സി ഇ ഒ യായ ആൽഫ്രഡ് കെല്ലി 2018 ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 2021 ൽ  ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ വർദ്ധിച്ചപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസികൾ മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ ക്രിപ്റ്റോ കറൻസികളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ലോകസാമ്പത്തിക വിപണി ക്രിപ്റ്റോ കറൻസികളെ പൂർണ്ണമായും അംഗീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .

യു കെയിലെ മുൻ ഹൈക്കമ്മീഷണർ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ ,രാധാകൃഷ്ണ തുടങ്ങിയ റസ്റ്റോറൻറ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിംഗ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ചയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട് .മൂത്ത മകൻ വിവാഹിതനാണ്.

ഓ ഐ സി സി യുകെ യുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മലയാളികളുടെ ഏത് ആവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്ന ആദ്ദേഹം ഉദ്യോഗസ്ഥ വൃത്തിയിൽ നിന്ന് വിരമിച്ചതിന് ശേഷവും സഹായത്തിന് മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കുമായി ഹരിദാസ് എപ്പോഴും ഒരു കൈ അകലത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിന് മലയാളികൾക്കാണ് ഹരിദാസിന്റെ നേതൃത്വത്തിൽ സഹായഹസ്തമേകിയത്.

യുകെയിലെ പ്രമുഖ സംഘാടകനായിരുന്ന ഹരിദാസ് എം എം യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു.

ഹരിദാസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകന്‍

യുകെ : ബെല്‍ഫാസ്റ്റ് മലയാളിയായ ജീവന്‍ തോമസ് ചെറുമാനത്ത് കാന്‍സര്‍ ബാധിച്ചു മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ജീവന് 48  വയസ് മാത്രമായിരുന്നു പ്രായം. മലയാളികള്‍ക്കിടയില്‍ വളരെ സജീവമായിരുന്ന ജീവന്‍ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണം കീഴടക്കിയത്. ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ജീവന്‍ ഇന്ന് വെളുപ്പിനെ 3.30നാണ് മരിച്ചത്.

നഴ്‌സിംഗ് ഹോമില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജീവന് ജനുവരിയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഡിസംബറിലാണ് ജീവന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതുകൊണ്ട് പരിശോധന നടത്തിയത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ രോഗ സ്ഥിരീകരണത്തിന് കാലതാമസം ഉണ്ടായി. കരളിലാണ് കാന്‍സര്‍ ബാധിച്ചത്.

നാട്ടില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവക ചെറുമണത്ത് ലീലാമ്മയുടെയും പരേതനായ തോമസിന്റെയും മകനാണ്. ഭാര്യ ജോസിയും നഴ്‌സാണ്. കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച് ഇടവക കുഴ്യന്‍പറമ്പില്‍ കുടുംബാംഗമാണ് ജോസി. മൂന്നു മക്കളുണ്ട്. മൂത്തമകന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി തോമസ് കുട്ടി, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ അഞ്ചല ജീവന്‍, ആന്‍ മരിയ.

ജീവന്റെ ഒരു സഹോദരി ജൂലി അയര്‍ലണ്ടില്‍ നിന്നും ബെല്‍ഫാസ്റ്റില്‍ വന്നെത്തിയിട്ടുണ്ട്. ജസ്റ്റിന്‍, ജൂസി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ജീവന്റെ ഭാര്യ സഹോദരി ജോഷിയും ഭര്‍ത്താവ് സാജനും ഇവര്‍ താമസിയ്ക്കുന്ന മൊയിറയില്‍ തന്നെയാണ് താമസം.

യുകെയിലേക്ക് വരുന്നതിനു മുമ്പ് ജീവന്‍ ഡല്‍ഹി തീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ സ്റ്റാഫ് നഴ്‌സായാണ് സേവനമനുഷ്ടിച്ചിരുന്നത്. നാട്ടില്‍ വീടു പണി അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. താമസത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് ജീവന് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. സംസ്‌കാരം ബെല്‍ഫാസ്റ്റില്‍ വെച്ച് തന്നെയായിരിക്കും നടത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

അകാലത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരന് എൻ‌ഡി‌ആർ‌കെ നഴ്സിംഗ് കോളേജിലെ സുഹൃത്തുക്കൾ ആദരാഞ്ജലികൾ  അർപ്പിച്ചു.

ജീവന്റെ നിര്യാണത്തില്‍ മലയാളം യുകെ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജോജി തോമസ്

കഴിഞ്ഞദിവസം ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്ന് ഇന്ത്യ ബ്രിട്ടനിലേയ്ക്കുള്ള കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളും ,അത് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് വരുത്തുന്ന പ്രത്യാഘാതങ്ങളുമായിരുന്നു . ഇന്ത്യയിൽ ഉയർന്ന് കൊണ്ടിരിക്കുന്ന കോവിഡ് വ്യാപന നിരക്കും, സ്വന്തം പൗരൻമാർക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകതയുമാണ് ഇന്ത്യ ഗവണ്മെൻറ് കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ. എന്നാൽ ഈ ന്യായീകരണങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നും കർഷക സമരത്തോട് ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർവ്വമായ നിലപാടുകളാണ് കോവിഡ് വാക്സിൻ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മോദി ഗവൺമെന്റിനെ പ്രേരിപ്പിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. ഇന്ത്യ കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര ധാരണകളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലാവും. ഇത്തരത്തിലുള്ള കരാറുകളും ധാരണകളും രൂപപ്പെടുന്നതിനും മുൻപുതന്നെ ഏതൊരു രാജ്യവും സ്വന്തം രാജ്യത്തെ പൗരൻമാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അതിനായുള്ള വിഭവങ്ങളും ഉത്പാദന ശേഷിയും മാറ്റി വയ്ക്കുകയും ചെയ്യും. കാരണം നമ്മളൊരു അതിഥിയെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ കൂടുതൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കും . അല്ലാതെ വീട്ടിലുള്ളവരെ പട്ടിണിക്കിട്ട് അവർക്ക് കഴിക്കാനുള്ളത് ക്ഷണിക്കപ്പെട്ട് വരുന്ന അതിഥികൾക്ക് നൽകാറില്ല.

നരേന്ദ്രമോദി ഗവൺമെൻറ് മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങളോട് ഇത്തരത്തിൽ കടുത്ത പ്രതികരണം നടത്തുന്നത് ആദ്യ സംഭവമല്ല. പൗരത്വഭേദഗതി നിയമത്തിലും ,കാശ്മീർ വിഷയത്തിലും അഭിപ്രായപ്രകടനങ്ങൾ നടത്തിയ മലേഷ്യയെ അവിടെ നിന്നുള്ള പാമോയിൽ ഇറക്കുമതി നിയന്ത്രിച്ചാണ് തിരിച്ചടി നൽകിയത്. ഇന്ത്യയിലെ വൈകാരിക പ്രശ്നമായ കാശ്മീർ വിഷയത്തിൽ നൽകിയ തിരിച്ചടി ന്യായീകരിക്കാമെങ്കിലും, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നേപ്പാളിൻ മേൽ നടത്തിയ കുതിരകയറ്റം ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കിയത്. നേപ്പാൾ കൂടുതലായി ചൈനീസ് ആശ്രയത്തിലായി എന്നതാണ് ആത്യന്തിക ഫലം.

ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാരാണ്. വാക്സിൻ രാഷ്ട്രീയം ചൂടുപിടിക്കുകയും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളുകയും ചെയ്താൽ അതൊരു വൈകാരിക പ്രശ്നമായി വളരാൻ സാധ്യതയുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് തൊഴിലിടങ്ങളിൽ ഉൾപ്പെടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയാവില്ല. പുതിയ തൊഴിലിന് അപേക്ഷിക്കുമ്പോൾ തുടങ്ങി , നേഴ്സിംഗ് മേഖലയിൽ ഇന്ത്യയിൽനിന്ന് നടക്കുന്ന വ്യാപകമായ റിക്രൂട്ട്മെന്റിൽ പോലും വിവേചനം അനുഭവിക്കേണ്ടി വന്നേക്കാം. ശക്തമായ നിയമങ്ങളുടെ പിൻബലം ഉണ്ടെങ്കിലും, ബ്രിട്ടീഷ് സമൂഹത്തിൽ ഇന്നും വർഗ്ഗപരമായ വിവേചനമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഇന്ത്യക്കാരുടെ ബൗദ്‌ധിക നിലവാരത്തിനും, കഠിനാധ്വാനത്തിനും തൊഴിലിടങ്ങളിലുൾപ്പെടെ ഒരു ആദരവ് ലഭിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തിരിച്ചടിയാകുന്നതാണ് മോദിയുടെ പുതിയ രാഷ്ട്രീയം .

ഇന്ത്യക്കാർ പ്രവാസികളായി ഏതൊക്കെ രാജ്യത്ത് പോയിരുന്നോ, ആ രാജ്യങ്ങളെയൊക്കെ പോറ്റമ്മയുടെ സ്ഥാനത്തേ കണ്ടിരുന്നുള്ളൂ. അവരുടെ ഇഷ്ടക്കൂടുതൽ കൂടുതലും മാതൃ രാജ്യത്തോടു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കൂടുതൽ നടത്തിയതും മാതൃരാജ്യത്താണ്. പ്രവാസികളുടെ വിയർപ്പിലൂടെ ഒഴുകിയെത്തിയ വിദേശനാണ്യം ഇന്ത്യയുടെ വികസനത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇത്തരത്തിൽ ഏറ്റവുമധികം വിദേശനാണ്യം നേടിയിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. 2017 – 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ സംഭാവന 4 ലക്ഷം കോടി രൂപയിലേറെയാണ്. എന്നാൽ പ്രവാസികൾ ഇന്ത്യയിൽ എന്നും രണ്ടാംകിട പൗരന്മാരാണ്. ഇരട്ടപൗരത്വമോ, വോട്ടവകാശമോ ഒന്നും പരിഗണനയിൽ പോലുമില്ല.

കോവിഡിനെതിരെയുള്ള മരുന്നായി ഒരുകാലത്ത് കരുതിയിരുന്ന ഹൈഡ്രോക്സി ക്ലോറിക്കൂവിന്റെ അമേരിക്കയിലേയ്ക്കുള്ള കയറ്റുമതി ഒരുകാലത്ത് ഇന്ത്യ നിരോധിച്ചെങ്കിലും ട്രംമ്പൊന്ന് കണ്ണുരുട്ടിയപ്പോൾ അതൊന്നും നടപ്പാക്കിയില്ല. അന്ന് അമേരിക്കയുമായി പ്രത്യേകിച്ച് മരുന്ന് നൽകാമെന്ന് ധാരണ പോലും ഇല്ലാതിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിട്ട കോവിഡ് വാക്സിൻ രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര രംഗത്ത് മോശമാകാനേ ഉപകരിക്കൂ.

 

ലേഖകൻ മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷകനുമാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 ൻെറ തീവ്രത രാജ്യത്ത് കുറഞ്ഞതിനാൽ ഈ വർഷം വേനൽക്കാല അവധിക്ക് നാട്ടിൽ പോകാനായോ വിദേശത്ത് അവധി ആഘോഷിക്കാനായോ  ബുക്ക് ചെയ്ത യുകെ മലയാളികൾ ഒട്ടനവധിയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച രൂപരേഖയിൽ മെയ് 17 മുതൽ വിദേശത്ത് വേനൽക്കാലം ചിലവഴിക്കാനുള്ള അനുവാദം നൽകുമെന്ന് അറിയിച്ചത് ഒട്ടേറെ യുകെ മലയാളികൾ വേനൽക്കാല അവധിയ്ക്കായി ബുക്ക് ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ വർഷവും അവധിക്കാലം ചെലവഴിക്കാൻ സാധ്യമായേക്കില്ല എന്ന് ഗവൺമെൻറ് അഡ്വൈസർ ഡോ. മൈക്ക് ടിൽഡെസ്ലി മുന്നറിയിപ്പ് നൽകി.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരിലൂടെ ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഈ വർഷവും വേനൽക്കാല അവധി ദിനങ്ങൾ അനുവദിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായപ്രകടനം ഡോ. മൈക്ക് ടിൽഡെസ്ലി നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ആളുകൾ വിദേശ യാത്ര നടത്തുകയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും പിടിച്ചു നിർത്തിയ രോഗവ്യാപനം ബ്രിട്ടനിൽ കുതിച്ചു കയറുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുണ്ട്.

ഇതിനിടെ ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടം ഇന്നലെ രാജ്യം കൈവരിച്ചു. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്റ്റോക് -ഓൺ – ട്രെന്റിലെ ആഗ്നേസ് & ആർതർ ഡിമെൻഷ്യ കെയർ ഹോമിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 38 അന്തേവാസികൾ ഉള്ള ഹോമിൽ, 31 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവർ ഉൾപ്പെടെ എല്ലാവരും തന്നെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരായിരുന്നു. വാക്സിൻ റെസിസ്റ്റന്റ് ആയ പുതിയ ജനിതക മാറ്റം വന്ന വൈറസാണോ രോഗബാധയ്ക്ക് കാരണം എന്ന് ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അന്തേവാസികളെ കൂടാതെ ഹോമിലെ പത്തോളം കെയർടേക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധ തുടങ്ങി ഇത്രയും നാളിനിടയിൽ ഹോമിലെ ആർക്കും തന്നെ രോഗം ബാധിച്ചിരുന്നില്ല. ഏജൻസി ജോലിക്കാരാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചത് എന്നാണ് സ്ഥാപന നടത്തിപ്പുകാരായ സേഫ് ഹാർബറിന്റെ അധികൃതർ വ്യക്തമാക്കുന്നത്. ഹോമിൽ രോഗ ബാധ സ്ഥിരീകരിച്ചത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്റ്റോക് -ഓൺ -ട്രെന്റ് സിറ്റി കൗൺസിലും,എൻ എച്ച് എസ്‌ ജീവനക്കാരും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമെല്ലാം സേഫ് ഹാർബർ അധികൃതരോട് ചേർന്ന് രോഗം നിയന്ത്രിക്കാനായി പരിശ്രമിക്കുകയാണ്. വാക്‌സിൻ റെസിസ്റ്റന്റ് വൈറസിനുള്ള സാധ്യതയും തള്ളികളയുന്നില്ല.


എന്നാൽ അത്തരത്തിലൊരു സാധ്യത പൂർണമായും തള്ളിക്കളഞ്ഞ രീതിയിലാണ് ഡയറക്ടർ ഓഫ് സോഷ്യൽ കെയർ &ഹെൽത്ത്‌, പോൾ എഡ്മണ്ട്സൺ ജോൺസ് പ്രതികരിച്ചത്. അത്തരത്തിൽ വാക്സിൻ റെസിസ്റ്റന്റായ ഒരു വൈറസിന്റെ സാന്നിധ്യം ടെസ്റ്റുകളിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. ഏജൻസി ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് ബാധ പടർന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് ഏജൻസി ആണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല.

മലയാളം യു കെയുടെ ആരംഭകാലം മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തി ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഒട്ടേറ പുതുമകളുമായി ആടുത്ത ഞായറാഴ്ച മുതൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 എന്ന പേരിൽ ആരംഭിക്കുന്നു. വീക്കെൻഡ് കുക്കിങ്ങിന്റെ അമരക്കാരനായ ബേസിൽ ജോസഫിനൊപ്പം ബാസിൽഡണിൽ നിന്നും ഷെഫ് ജോമോൻ കുര്യാക്കോസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സണും, കെന്റിലെ ഡാറ്റ്ഫോർഡിൽ നിന്ന് സുജിത് തോമസും കൂടി കൈ കോർക്കുമ്പോൾ വീക്കെൻഡ് കുക്കിംഗ് സീസൺ 2 മലയാളം യൂകെയുടെ വായനക്കാരുടെ തീൻ മേശകളെ മോടി കൂട്ടും എന്ന് നിസംശയം പറയാം .

ഷെഫ് ജോമോൻ കുര്യാക്കോസ്

ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. ഭക്ഷണം വളരെ ശ്രദ്ധയോടെ പാകം ചെയ്യാൻ മാത്രമേ നമ്മൾ ഏവരും ശ്രമിക്കാറുള്ളു, എന്നാൽ പാകം ചെയ്യുന്നതിനൊപ്പം അത് പ്ലേറ്റിൽ ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുക്കുന്ന പരിശ്രമങ്ങളുടെ നേർകാഴ്ച്ച വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

സുജിത് തോമസ്

സുജിത് തോമസ്

പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ്, വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു. പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു. വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും, പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്.

ലണ്ടനിൽ കുട്ടികളുടെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ, പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത പ്രവിത്താനം സ്വദേശിയാണ്. ഭാര്യ ഡയാന, മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

മിനു നെയ്സൺ പള്ളിവാതുക്കൽ

മിനു നെയ്സൺ പള്ളിവാതുക്കൽ

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ. cooking is an art…..പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല…. മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും, രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം. കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മനോഹരങ്ങളായ കേക്കുകളും പെസ്ട്രികളും തയ്യാറാക്കുന്ന മിനു വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരുടെ രുചി മുകുളങ്ങൾക്ക് അവിസ്മരണീയ അനുഭൂതികൾ നൽകും എന്നതിൽ തർക്കമില്ല .മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ് മിനുവിന്റെ ഭർത്താവ്. നെയ്സൺ ജോർജ്ജിനൊപ്പം മക്കളായ ആഞ്ചലീന ,ടിം എന്നിവരും അമ്മയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ട് .

ബേസിൽ ജോസഫ്

ബേസിൽ ജോസഫ്

മലയാളം യൂകെയുടെ വായനക്കാർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തി. ഭക്ഷണം കഴിക്കുന്നതിൽ ആണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ബേസിൽ ജോസഫിന് അങ്ങനെയല്ല മറിച്ചു അത് ഉണ്ടാക്കി മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും അവരുടെ മുഖത്തെ പുഞ്ചിരിയിലും ആണ് താത്പര്യം. വീക്കെൻഡ് കുക്കിംഗിലൂടെ 200 ൽ അധികം റെസിപ്പികൾ ആണ് ബേസിൽ പരിചയപ്പെടുത്തിയത്. ഈ റെസിപ്പികൾ ലോകത്തിലെ തന്നെ പ്രമുഖ പബ്ലിക്കേഷൻസ് ആയ ഡി സി ബുക്ക്സ് ബാച്ചിലേഴ്സ് പാചകം എന്ന പേരിൽ 2018 ൽ പ്രസിദ്ധീകരിച്ചു. മലയാളം യു കെ എക്സൽ അവാർഡ്, യുക്മ സിൽവർ സ്റ്റാർ അവാർഡ്, അഥീനിയം റൈറ്റേഴ്സ് സൊസൈറ്റി അവാർഡ്, 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം സ്വന്തം. യു കെയിൽ വെയിൽസിലെ ന്യൂപോർട്ടിൽ ഭാര്യ റോഷൻ ,മക്കളായ നേഹ, നോയൽ എന്നിവർക്കൊപ്പം താമസം .

മലയാളം യൂകെയുടെ പ്രാരംഭകാലം മുതൽ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തിയുടെ അമരക്കാരനായ ബേസിൽ ജോസഫ് തന്നെയാണ് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റേയും ചുക്കാൻ പിടിക്കുന്നത്. മലയാളം യു കെയുടെ പ്രിയപ്പെട്ട വായനക്കാർക്ക് വീക്കെൻഡ് കുക്കിംഗ് സീസൺ 2 ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓരോ പ്രവാസി മലയാളിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എങ്ങനെയാണ് ഒ സി ഐ കാർഡ് പുതുക്കേണ്ടതെന്നും അതിനുള്ള നടപടികൾ എന്തൊക്കെ ആണെന്നുമുള്ള സംശയങ്ങൾ ഇപ്പോഴും പലരിലും ഉണ്ട്. അതിനാൽ വിശദമായി തന്നെ പരിശോധിക്കാം. https://ociservices.gov.in/ പ്രവേശിച്ച ശേഷം ഒ സി ഐ സേവനങ്ങൾ തിരഞ്ഞെടുക്കുക. നിലവിൽ ഒ സി ഐ കാർഡ് ഉള്ളവർക്ക് മാത്രമാണ് ഈയൊരു സേവനം ലഭ്യമാകുക. പുതിയ പാസ്പോർട്ട് ഒ സി ഐയുമായി ലിങ്ക് ചെയ്യുക, പേരിൽ മാറ്റം വന്നാൽ അത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ ഫോട്ടോ (200*200 സൈസിൽ), ഒപ്പ് എന്നിവയും പാസ്പോർട്ടിന്റെ കോപ്പി, വിവാഹ സർട്ടിഫിക്കറ്റ് കോപ്പി എന്നിവയും പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ വിശദമായി വായിച്ച ശേഷം മാത്രം തുടരാൻ ശ്രദ്ധിക്കുക. ഒസിഐ പുതുക്കൽ ആണെങ്കിൽ ആ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വെരിഫിക്കേഷനു വേണ്ടി പാസ്പോർട്ട് നമ്പർ, ജനനതീയതി, മാതാവിന്റെ പേര് എന്നിവ നൽകുക. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമെന്ന് തിരഞ്ഞെടുത്ത ശേഷം വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇതോടെ പാർട്ട്‌ എ പൂർണമാകും. ഇതിന് മുമ്പ് തന്നെ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് തയ്യാറാക്കി വയ്ക്കേണ്ടതാണ്. കൃത്യമായ രീതിയിൽ ആവണം അപ്‌ലോഡ് ചെയ്യേണ്ടത്. ഇതോടെ ഒരു താത്കാലിക ഒ സി ഐ നമ്പർ ലഭിക്കും. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം പാർട്ട്‌ ബിയിലേക്ക് കടക്കാവുന്നതാണ്.

പാർട്ട്‌ ബിയിൽ പ്രധാനമായും പൗരാവകാശ വിവരങ്ങൾ ആണ് ചോദിക്കുന്നത്. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാം നൽകിയ ശേഷം കൃത്യമാണെന്ന് ഉറപ്പാക്കുക. വിവരങ്ങൾ കൃത്യമാണെങ്കിൽ സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കാവുന്നതാണ്. ഇപ്പോഴത്തെ പാസ്പോർട്ട്‌, എംപ്ലോയ്മെന്റ് ലെറ്റർ, വിവാഹ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിസ അടക്കമുള്ള രേഖകൾ തുടർന്ന് ആവശ്യപ്പെടും. രേഖകൾ എല്ലാം തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനു ശേഷം ആവും ഫോം ലഭിക്കുക. ഫോം കൃത്യമാന്നെന്ന് ഉറപ്പാക്കിയ ശേഷം പ്രിന്റ് എടുത്ത് ഒപ്പ് സമർപ്പിക്കാവുന്നതാണ് .

പിന്നീട് https://www.hcilondon.gov.in/appointment_home/ വഴി ഒ സി ഐ അപ്പോയിമെന്റ് ബുക്ക്‌ ചെയ്യാവുന്നതാണ്. അതുവഴി ലഭിക്കുന്ന തീയതിയിൽ നേരിട്ട് ചെല്ലുമ്പോൾ കയ്യിൽ കരുതേണ്ട മൂന്ന് പ്രധാനപെട്ട രേഖകൾ കൂടിയുണ്ട്. ഒ സി ഐ ഡിക്ലറേഷൻ, ഒ സി ഐ പേരെന്റൽ കൺസെന്റ് ലെറ്റർ, ഒ സി ഐ സെൽഫ് അണ്ടർടേക്കിങ് എന്നിവ കരുതുന്നതിനൊപ്പം മറ്റു പ്രധാനപ്പെട്ട രേഖകൾ കൂടി കൈവശം ഉള്ളത് നല്ലതാണ്. ഈ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും ഫോട്ടോ, ഒപ്പ് എന്നിവ എപ്രകാരം സ്കാൻ ചെയ്യാമെന്നും തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ അടങ്ങിയ വീഡിയോ ചുവടെ ചേർക്കുന്നു. പ്രവാസി മലയാളി ആയ ജിനോ ജോർജ്, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.

Copyright © . All rights reserved