മികച്ച വിദ്യാഭ്യസം ലക്ഷ്യമിട്ട് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കൊടി നിരാശയിലും ദുരിതത്തിലും. സ്വന്തം നാടുവിട്ട് അയര്‍ലണ്ടിലെത്തിയ ഇവര്‍ക്ക് ഇനിയും കോളജിന്റെ യൂണിവേഴ്സിറ്റിയുടെയോ പടിവാതില്‍ പോലും കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അന്യ രാജ്യത്തെ അപരിചിതമായ ഒരിടത്ത് ലഭിച്ച ഒരു മുറിയാണ് ഇവരുടെ കാമ്പസ്. ഭക്ഷണം കഴിക്കുക ,വിരസമായ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ചേരുക… ഇതുമാത്രമാണ് ഇവിടെ ഇപ്പോള്‍ നടക്കുന്നതത്രെ….!
മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന്.വിദ്യാര്‍ത്ഥികള്‍ ദുരിത പര്‍വ്വത്തിലേക്കാണ് കോവിഡ് ദുരിത കാലത്ത് വന്നെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ക്ലാസുകളായിട്ടും കനത്ത ഫീസ് ഈടാക്കുന്ന കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും നടപടിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇത് ഇവരുടെ കൂടുതല്‍ ജീവിതം ദുരിതത്തിലാക്കുന്നു. പകര്‍ച്ചവ്യാധി സമയത്ത് അയര്‍ലണ്ടിലേക്ക് വരുന്ന എണ്ണത്തില്‍ കുറഞ്ഞിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സര്‍വ്വകലാശാലകളുടെയും കോളജുകളുടെയും വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു.
ഈ വര്‍ഷം ഇതുവരെയും കാമ്പസില്‍ പോകാന്‍ കഴിയാത്തവരാണ് ഏറെ വിദ്യാര്‍ഥികളും.വന്‍തുകയാണ് ട്യൂഷന്‍ ഫീസെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ കാര്യമായ ട്യൂഷനൊന്നും നടക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല ലാബ്, ലൈബ്രറി,ഇന്റര്‍ ആക്ഷന്‍ തുടങ്ങി കാമ്പസ് ലൈഫിന്റെ യാതോരു ത്രില്ലും കിട്ടുന്നില്ല. വിരസമായ ഓണ്‍ലൈന്‍ പഠനം ക്ലാസിലിരുന്നു പഠിക്കുന്നതിന്റെ ഒരു സുഖവും തരുന്നില്ല.എന്നാല്‍ ഫീസിലാകട്ടെ ഒരു കുറവും വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
ഒരു റൂമില്‍ തന്നെ ഭക്ഷണവും പഠനവുമായികഴിയുന്ന ഇവര്‍ ഉറക്കത്തിലാണ് പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത്.പാര്‍ട് ടൈം ജോലി ലഭിച്ചേക്കുമെന്ന സ്വപ്നവുംപലരും മാറ്റിവെച്ചുകഴിഞ്ഞു.ജോലി കണ്ടെത്താനായി ഉള്ള ഒരു അവസരമല്ലെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞു.
കാമ്പസ് പഠനം ഇല്ലാത്തതിനാല്‍ കോഴ്സും ഇവരെ ബുദ്ധിമുട്ടിക്കുകയാണ്. കോഴ്സിന്റെ ഭാഗമായ പ്രോജക്റ്റുകളും മറ്റും ചെയ്യാന്‍ പലരും പാടുപെടുകയാണ്. കൂടാതെയാണ് അന്യ നാടുകളില്‍ നിന്നും വന്ന് ഒറ്റപ്പെട്ട് കഴിയുന്നതിന്റെ പ്രശ്നങ്ങളും. കാമ്പസ് ഉണ്ടെങ്കില്‍ ഒറ്റപ്പെടലൊന്നും വിദ്യാര്‍ഥികളെ ബാധിക്കില്ല. പഠനവും കാമ്പസ് തമാശകളുമെല്ലാം അവരെ കൂടുതല്‍ ഉല്‍സാഹികളാക്കും. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ വല്ലാത്ത ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് നിരവധി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ഇവന്റുകള്‍ ഒന്നിനും സമാനമല്ല. ഒരു സഹപാഠിയെയും അധ്യാപകനെയും പോലും നേരില്‍ക്കാണാതെയുള്ള പഠനം മഹാ ബോറാണെന്നാണ് എല്ലാവരുടെയും അനുഭവം.
ഫീസെങ്കിലും കുറവുണ്ടെങ്കില്‍ അങ്ങനെ ആശ്വസിക്കാം. ഇപ്പോഴതുമില്ല-ഇന്ത്യയില്‍ നിന്നുള്ള 22 കാരിയായ കുശാല്‍ ബഹിര്‍വാനി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വിദ്യാര്‍ത്ഥി അയര്‍ലണ്ടിലെത്തിയത്. എന്‍യുഐ ഗാല്‍വേയിലെ കെയ്ന്‍സ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്യാനാണ് വന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡിന്റെ നിരക്ക് വളരെ കുറവാണെന്ന് കണ്ടതിനാലാണ് ഇവര്‍ ഗോള്‍വേയെ തിരഞ്ഞെടുത്തത്.എന്നാല്‍ ഒരു ദിവസം പോലും കോളജില്‍ പോകാനായിട്ടില്ല.’ഒരു വര്‍ഷത്തെ കോഴ്സിന് ട്യൂഷന്‍ ഫീസ് മാത്രമായി ഏകദേശ 17,300 യൂറോ നല്‍കി .താമസത്തിനായി 12,000 യൂറോയിലധികവും ചെലവിട്ടു. വിസ ഡോക്യുമെന്റേഷനായി മറ്റൊരു 1,000 യൂറോ കൂടി നല്‍കേണ്ടി വന്നു.അതിനാല്‍ ആകെ ഇതിനകം 30,000 യൂറോ ചെലവിട്ടു.
കാമ്പസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കുശലിന് കഴിഞ്ഞ വേനല്‍ക്കാലത്ത് കോളേജില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.താമസ സൗകര്യങ്ങള്‍ നേരത്തേ ബുക്ക് ചെയ്യണമെന്നും ഇന്‍-ബില്‍റ്റ് കാമ്പസ് പഠനം തുടങ്ങണമെന്നും നിര്‍ദ്ദേശം ലഭിച്ചു. അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍ ക്ലാസൊന്നുമുണ്ടായില്ല.
ഹൈബ്രിഡ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഓണ്‍ലൈനും 50% കാമ്പസ് ക്ലാസുകളും വേണമെന്നാണ് ആവശ്യമെന്ന് കുശാല്‍ പറഞ്ഞു.”എന്നാല്‍ കോളേജ് ഇപ്പോള്‍ ഒന്നിനും തയ്യാറാകുന്നില്ല.ഇമെയിലിലൂടെ ഒട്ടേറെ അനുമോദനങ്ങളെത്തുന്നതല്ലാതെ യാതൊന്നും കോളജ് ചെയ്യുന്നില്ല”.
വന്‍തുക ഫീസിനത്തില്‍ നല്‍കി അയര്‍ലണ്ടിലെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ക്ലാസുകള്‍ നല്‍കാത്തത് വലിയ വഞ്ചനയാണെന്ന് എന്‍യുഐഗോള്‍വേയിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റാണ് പാദ്രിക് ടോമി പറഞ്ഞു.
ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ വലിയ കൂടിയ തുകയാണ് ഇവര്‍ ഫീസായി നല്‍കുന്നത്.
ഓണ്‍ലൈനില്‍ പഠിക്കാനായിരുന്നെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും അതാകുമായിരുന്നില്ലേയെന്ന ചോദ്യവും ഇദ്ദേഹം ഉന്നയിക്കുന്നു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ താമസൗകര്യം ഉറപ്പാക്കിച്ചത് എന്തിനായിരുന്നുവെന്നും ഇദ്ദേഹം ചോദിക്കുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.’തോന്നുന്നത് വാങ്ങുന്ന രീതിയാണ് നിലനില്‍ക്കുന്നത്.
എന്‍യുഐ ഗോള്‍വേയോ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനോ ഈ വിഷയത്തില്‍ പ്രത്യക്ഷമായി പ്രതികരിച്ചില്ല.
‘ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതിലുള്ള വിദ്യാര്‍ത്ഥികളുടെ നിരാശയില്‍ സര്‍വകലാശാലയും പങ്ക് ചേരുന്നു.കമ്മ്യൂണിറ്റിയുടെ സുരക്ഷയാണ് ഞങ്ങളുടെ ഒന്നാം നമ്പര്‍ മുന്‍ഗണന.കോണ്‍ടാക്റ്റുകള്‍ കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര ഓണ്‍ലൈനില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനും നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്.ദേശീയ സാഹചര്യം ഈ വര്‍ഷം കൂടുതല്‍ കാമ്പസ് സമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷവും വിദ്യാര്‍ഥി ജീവിതത്തിന്റെ സാമൂഹിക വശങ്ങള്‍ വെട്ടിക്കുറച്ചതില്‍ ഖേദിക്കുന്നു.പൊതുജനാരോഗ്യ ഉപദേശം പാലിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി” എന്നൊരു കുറിപ്പിലാണ് സര്‍വ്വകലാശാലകള്‍ വിശദീകരണം നല്‍കുന്നത്.
അയര്‍ലണ്ടിലെ മിക്ക കാമ്പസുകളിലും എത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമാനമായ അനുഭവമാണ് പങ്ക് വെയ്ക്കുന്നത് .കോവിഡ് പ്രതിസന്ധിയ്ക്ക്ശേഷം വിദേശപഠന മോഹങ്ങള്‍ക്കായി പറന്നെത്തിയാല്‍ മതിയെന്നാണ് ഇവിടെയെത്തിയ ഒന്നടങ്കം വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.
ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ. ആരെയും പിടിച്ചു കുറ്റവാളിയാക്കാൻ കഴിവുള്ള പോലീസ് സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഉള്ള നമ്മുടെ നാട്ടിൽ പോകുമ്പോൾ തടി കേടാകാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്.
വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.
ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.
ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം എന്ന് നിഷ്‌കർഷിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല എന്നും അറിയിപ്പിൽ പറയുന്നു.
ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.
ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.
അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് കാത്തിരുന്നു കാണേണ്ടിവരും.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഒരു വർഷമായി കൊറോണാ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ മുന്നണി പോരാളികളായ നേഴ്സുമാരുടെ 1 % നിർദ്ദിഷ്ട ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധവുമായി കൂടുതൽ നഴ്സിങ് യൂണിയനുകൾ രംഗത്തെത്തി. സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു. ന്യായമായ ശമ്പള വർധനവിന്റെ ആവശ്യങ്ങളുമായി യൂണിയനുകൾ ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.

ഇതിനിടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ശമ്പള വർധനവിനെ ന്യായീകരിച്ച് രംഗത്ത് വന്നത് പ്രതിഷേധം കനക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കൊറോണാ മഹാമാരി മൂലമുള്ള സാമ്പത്തിക സമ്മർദമാണ് ശമ്പളവർധനവിലെ കുറവിന് ന്യായീകരണമായി ഹെൽത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇന്നലെ നേഴ്സുമാരുടെ ശമ്പളവർധനവിലെ കുറവിനെതിരെ കടുത്ത വിമർശനവുമായി ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശ ജനകമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, യൂണിസൺ എന്നീ നഴ്സിംഗ് സംഘടനകളാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ തയ്യാറെടുക്കുന്നതായി യുകെയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർധനവിലെ കുറവിനെ കടുത്ത അനീതിയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇതിനിടെ 1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ബഹുഭൂരിപക്ഷം മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേവലം ഒരു ശതമാനം മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ശമ്പള വർദ്ധനവ് . എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർധനവുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വൻ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് നേഴ്സിങ് യൂണിയൻ മുന്നറിയിപ്പ് നൽകി.

എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയ ശുപാർശയെ ദയനീയം എന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് വിശേഷിപ്പിച്ചത്. 12.5% ശമ്പളവർധനവിനായുള്ള ആവശ്യമാണ് പൊതുവേ എൻഎച്ച്എസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്. കോവിഡ് മഹാമാരി എൻഎച്ച്എസിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചതാണ് ശമ്പള വർദ്ധനവിൽ നിഴലിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻ എച്ച് എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശജനകമാണെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.
ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട് സമ്മാനങ്ങൾ സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി അടിച്ചാൽ വാങ്ങാൻ ഉദേശിക്കുന്ന വീടും കാറുമെല്ലാം പലപ്പോഴും ഇവർ സ്വപ്നം കാണാറുമുണ്ട്. എന്നാൽ ജാക്ക്പോട്ടിന്റെ ഭാഗ്യനന്പറുകൾ ഒത്തുവന്നിട്ടും പണംകിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ?
ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊന്‍പതുകാരിയായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാരനായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദന്പതികൾ. ജാക്ക്പോട്ടിന്റെ നന്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്. ജാക്ക്പോട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെല്ലാം സ്വപ്നം കണ്ടു.
ഭർത്താവ് ലിയാമിനെയും അമ്മയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പക്ഷെ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ജാക്ക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററിലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന അറിയിപ്പായിരുന്നു. ജാക്ക്പോട്ടിന്റെ നന്പർ എല്ലാം കൃത്യമാണ്, പക്ഷെ ലോട്ടറി പണം അടച്ച് റേച്ചൽ വാങ്ങിയിരുന്നില്ലത്രേ. ആപ്പിന്റെ വാലറ്റിൽ ആവശ്യത്തിന് പണമില്ലാത്തതാണ് വിനയായത്.
ഒരു നിമിഷംകൊണ്ട് കണ്ട സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇനി ഈ നന്പറുകൾ തെരഞ്ഞെടുക്കില്ലെന്നാണ് ദന്പതികളുടെ തീരുമാനം. ഇനി എത്ര രൂപയുടെ ജാക്പോട്ട് സമ്മാനമാണ് ദന്പതികൾക്ക് നഷ്ടപ്പെട്ടതെന്ന് അറിയേണ്ടെ? ഏകദേശം 1860 കോടി രൂപ! ഇനി പറയൂ, ഇവരല്ലേ ലോകത്തിന്‍റെ ഏറ്റവും ഭാഗ്യമില്ലാത്ത ദന്പതികൾ
ക്രിസ്മസ് ദിനത്തില്‍ ഒത്തുചേര്‍ന്ന കുടുംബത്തിലെ എല്ലാവവരും കോവിഡ്-19 പോസിറ്റീവായതിന് പിന്നാലെ അമ്മയും, മകളും ഒരു മാസത്തെ വ്യത്യാസത്തില്‍ മരണമടഞ്ഞു. വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 64-കാരി കശ്മീര്‍ ബെയിന്‍സ്, മകള്‍ 43-കാരി പരംജീത്ത് എന്നിവരാണ് വൈറസ് ബാധിച്ച് രോഗബാധിതരായ ശേഷം മരണത്തിന് കീഴടങ്ങിയതെന്ന് ഹൃദയം തകര്‍ന്ന കുടുംബം വെളിപ്പെടുത്തി.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകള്‍ ലോക്ക്ഡൗണ്‍ സമയത്ത് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു. ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ വെച്ച് സീഷര്‍ സംഭവിച്ച പരംജീത്ത് ജനുവരി ആദ്യമാണ് മരിച്ചത്. ഇതുകഴിഞ്ഞ് നാലാഴ്ചയ്ക്ക് ശേഷമാണ് അമ്മ മരിച്ചത്. ഇവര്‍ക്ക് നല്‍കിയിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ കുടുംബം സമ്മതം മൂളിയതോടെയാണ് മരണത്തെ പുല്‍കിയത്.
അമ്മയെയും, സഹോദരിയെയും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഇന്‍ഡി ബെയിന്‍സ്. കുടുംബാംഗങ്ങളുടെ മരണശേഷം ജസ്റ്റ് ഗിവിംഗ് വഴി റോയല്‍ വോള്‍വര്‍ഹാംപ്ടണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിക്കായി 11,000 പൗണ്ടും ഇന്‍ഡി ശേഖരിച്ചു. സര്‍ക്കാര്‍ അനുശാസിച്ച നിയമങ്ങള്‍ അനുസരിച്ചാണ് ക്രിസ്മസ് ദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ കുടുംബം ഒത്തുചേര്‍ന്നതെന്ന് ഇന്‍ഡി വ്യക്തമാക്കി.
‘ഇതിന് മുന്‍പ് മറ്റാരുമായും ചേരാതെ, ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. എങ്ങിനെയാണ് വൈറസ് അകത്ത് കടന്നതെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ അത് സംഭവിച്ചു. ഇനി ഇതുമായി ബാക്കിയുള്ള ജീവിതം മുഴുവന്‍ മുന്നോട്ട് പോകണം’, ഇന്‍ഡി പറയുന്നു.
ഇളയ സഹോദരി അംബിക്കാണ് ആദ്യമായി ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് പോസിറ്റീവായി കണ്ടെത്തി. പിന്നീട് ഇവരുടെ ഭര്‍ത്താവും, മൂന്ന് മക്കളും രോഗബാധിതരായി. ഇതിന് ശേഷമാണ് അമ്മയ്ക്കും പിതാവ് നാഷിനും, മൂത്ത സഹോദരി പരംജീത്തിനും രോഗം പിടിപെട്ടത്. മറ്റുള്ളവരുടെ ലക്ഷണങ്ങള്‍ കാര്യമാകാതെ പോയപ്പോള്‍ കശ്മീരും, പരംജീത്തും ഗുരുതര രോഗബാധിതരാകുകയും, ഒടുവില്‍ ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.
യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത് പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ
ജോസ്‌നയുടെ കുറിപ്പ് വായിക്കാം..

അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..
ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…
അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .
അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….
ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..
കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….
പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
രണ്ടു വര്‍ഷമായി റിയാദില്‍ തടങ്കലില്‍ കഴിയുന്ന സൗദി അറേബ്യന്‍ രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദിന്റെയും മകള്‍ സൗഹദ് അല്‍ ഷെരീഫിന്റെയും മോചനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി അനുയായികള്‍. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്ബ്, കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ്യ സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കാണ് ബസ്മ രാജകുമാരിയുടെ അനുയായികള്‍ കത്തെഴുതിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ്മ രാജകുമാരിയുടെ ഹൃദയാരോഗ്യ നില മോശമാണ്. അടിയന്തിരമായി മെഡിക്കല്‍ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്. തടങ്കലില്‍നിന്ന് മോചിപ്പിക്കുന്നത് അനുസരിച്ചായിരിക്കും അവരുടെ തുടര്‍ ജീവിതമെന്നും രാജകുമാരിയുടെ കുടുംബ നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമെന്റും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഗ്രാന്‍ഡ് ലിബെര്‍ട്ടിയിലെ ലൂസി റേയും കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ഞങ്ങള്‍ നിങ്ങളോട് യാചിക്കുന്നു. അവര്‍ കോമണ്‍വെല്‍ത്ത് പൗരന്മാരായതിനാല്‍ അവര്‍ക്കായി പോരാടുന്നതില്‍ നിങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു -ഇരുവരും കത്തില്‍ പറയുന്നു. ബസ്മ രാജകുമാരിക്കും മകള്‍ക്കും സൗദി അറേബ്യയിലെയും ഡൊമിനിക്ക ദ്വീപിലെയും പൗരത്വമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്റി എസ്ട്രാമെന്റും ലൂസി റേയും ഇരുവരെയും മോചിപ്പിക്കാനുള്ള സഹായം തേടിയിരിക്കുന്നത്.
സൗദിയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ മകളാണ് ബസ്മ. ഹൃദ്‌രോഗത്തിന് വിദഗ്ധ ചികിത്സക്കായി ജിദ്ദയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2019 മാര്‍ച്ചിലാണ് ബസ്മയെയും മകളെയും കാണാതാകുന്നത്. പിന്നാലെ, ഇരുവരെയും അന്യായമായി തടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തോളം ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ബസ്മ രാജകുമാരി തന്നെ തന്റെ ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. തന്നെയും മകളെയും അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും തന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അവസ്ഥയിലാണ്. മെഡിക്കല്‍ സഹായം ലഭ്യമായിട്ടില്ല. അത് മരണത്തിലേക്കു നയിച്ചേക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബസ്മ ട്വിറ്ററില്‍ പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെടുന്ന ട്വീറ്റില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗദിയില്‍ രാജ കുടുംബാംഗങ്ങളെ അന്യായമായി തടവിലാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സ്വന്തം ലേഖകൻ
യൂറോപ്പ് : സ്വിറ്റ്‌സർലൻഡിലെ 177 വർഷം പഴക്കമുള്ള ബാങ്ക് അതിന്റെ സേവനങ്ങളിൽ ക്രിപ്‌റ്റോകറൻസി വ്യാപാരം അനുവദിക്കുന്നു. പല ആഭ്യന്തര ക്രിപ്റ്റോ വ്യാപാരികളുടെയും പങ്കാളിത്തത്തോടെയാണ് ബോർഡിയർ & സി എസ്‌സിഎംഎ അതിന്റെ സേവന പട്ടികയിൽ ബിറ്റ്‌കോയിനടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും വ്യാപാരം അനുവദിക്കുന്നത് . എല്ലാ ബോർഡിയർ ഉപഭോക്താക്കൾക്കും മറ്റ് ക്രിപ്റ്റോകൾ വാങ്ങാനും കൈവശം വയ്ക്കാനും കഴിയും
1844 ൽ സ്ഥാപിതമായ സ്വിസ് ബാങ്ക്, അവരുടെ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തരമായ ആവശ്യം വർദ്ധിച്ചു വന്നതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി വ്യാപരം ഉൾപ്പെടുത്താൻ തയ്യാറായതെന്ന് പറയുന്നു. ഡിജിറ്റൽ അസറ്റുകൾ പോലുള്ള ഇതര അസറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാരം അനുവദിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ബോർഡിയർ & സി എസ്‌സിഎംഎ മാനേജുമെന്റ് വിശ്വസിക്കുന്നു. ക്രിപ്റ്റോ ഓഫറിന് പിന്നിലെ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി ബോർഡിയർ ആദ്യത്തെ സ്വിസ് ക്രിപ്റ്റോ ബാങ്കുകളിലൊന്നായ സിഗ്നം ബാങ്കുമായി കരാറിൽ ഒപ്പിട്ടു.
ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രൈവറ്റ് കീസ് സൂക്ഷിക്കുന്നതിനുള്ള കസ്റ്റഡി സർവീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ സേവനത്തിലൂടെ, ബിറ്റ്കോയിൻ (ബിടിസി), എതെറിയം (ഇടിഎച്ച്), ബിറ്റ്കോയിൻ ക്യാഷ് (ബിസിഎച്ച്), ടെസോസ് (എക്സ് ടി ഇസെഡ്) പോലുള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വ്യാപാരം നടത്താനും ബോർഡിയറിന്റെ ഉപഭോക്താക്കൾക്ക് കഴിയും .
ക്രിപ്റ്റോ കറൻസികൾ പുതിയ ഡിജിറ്റൽ സ്വർണമാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഈ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബോർഡിയർ ബാങ്ക് തുടരുമെന്നും, മാറുന്ന സാമ്പത്തിക സഹചര്യങ്ങളെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് സംയോജിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .