UK

ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ വരുതിയിൽ ആക്കുവാൻ കിണഞ്ഞു ശ്രമിക്കുന്ന യുകെ ഗവൺമെൻറ്… ശമ്പളം ഉൾപ്പെടെ ചെയ്യാവുന്നതിനും അപ്പുറം സഹായങ്ങൾ ജനങ്ങൾക്ക് നൽകുന്നു… ഏറ്റകുറച്ചിലുകൾ ഉണ്ട് എങ്കിലും കൊറോണയെന്ന പൊതു ശത്രുവിനെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതൊന്നും വകവയ്ക്കാതെ ഒരു കൂട്ടം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ദുഃഖകരമായ കാഴ്ച്ച… ലോക് ഡൗൺ നീണ്ടു എന്നതു യാഥാർത്യമായി നിലനിൽക്കുമ്പോഴും ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയിൽ ഉള്ള ഒരു ചെറിയ വിഭാഗം ആളുകളുടെ നിലപാടിനെ പിടിച്ചു കെട്ടാൻ തീരുമാനിച്ചുറപ്പിച്ചാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊറോണ ബ്രീഫിംഗിനായി ഇന്ന് എത്തിയത്.. ഉറച്ച തീരുമാനങ്ങൾ ഇനി പറയുന്നവയാണ്

ഭൂരിപക്ഷം അനുസരിക്കുമ്പോൾ ന്യൂനപക്ഷം ചെയ്യുന്ന പ്രവർത്തി നാടിനെ വലിയൊരു വിപത്തിലേക്ക് ആണ് നയിക്കുന്നതെന്നും,  നിയമം അനുസരിക്കാൻ വിസമ്മതിക്കുന്നവരെ അനുസരിപ്പിക്കാൻ പോലീസ് ഉണ്ടാകും എന്ന മുന്നറിയിപ്പും നൽകിയാണ് പ്രീതി പട്ടേൽ ഇന്നത്തെ വാർത്താസമ്മേനം തുടങ്ങിയത്.

പുതിയ നിയമങ്ങൾ നിലവിൽ വരുന്നത് അടുത്ത ആഴ്ച മുതൽ.. ഇതുവരെ ആരെങ്കിലും ഹൗസ് പാർട്ടി നടത്തിയാൽ നൽകിയിരുന്ന പിഴ 200 പൗണ്ടായിരുന്നു. അടുത്ത ആഴ്ച മുതൽ പിടിക്കപ്പെട്ടാൽ നല്കേണ്ടത് 800 പൗണ്ടാണ് എന്ന് ഓർക്കുന്നത് കീശ കാലിയാകാതെ ഇരിക്കുന്നതിന് ഉതകും. നേരെത്തെ 30 പേരുള്ള  ഒരു കൂട്ടത്തെ   മാത്രമാണ് ഹൗസ് പാർട്ടി എന്ന് കണക്കാക്കിയിരുന്ന നിയമം  ഇപ്പോൾ അത് 15 പേരായി കുറിച്ചിരിക്കുന്നു.

ഇങ്ങനെ ഒരിക്കൽ പിടിക്കപ്പെട്ട ആൾ വീണ്ടും മറ്റൊരു പാർട്ടിയിൽ പങ്കെടുത്തു പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകുന്നു എന്നും ഓർമ്മവെയ്ക്കുക. ആവർത്തിച്ചു പിടിക്കപ്പെടുമ്പോൾ പിഴ 6400 പൗണ്ട് വരെ എത്താം.

ഹൗസ് പാർട്ടി സംഘടപ്പിക്കുന്നവർക്ക്  ലഭിക്കുന്ന പിഴ 10000 പൗണ്ടാണ്.

കഴിഞ്ഞ ആഗസ്ററ് മുതൽ ജനുവരി വരെയുള്ള കാലഘട്ടത്തിൽ പോലീസ് കൊടുത്ത് 250 ഫൈനുകൾ. ഇത് ഹൗസ് പാർട്ടികളുടെ മാത്രം കണക്കാണ്.

കൃത്യമായ ഡാറ്റായുടെ പിൻബലത്തിൽ ആണ് ഇന്ന് ഹോം സെക്രട്ടറി സംസാരിച്ചത് എന്ന് ബിബിസി യും റിപ്പോർട്ട് ചെയ്യുന്നു.

നിയമം പാലിക്കാത്തവർ ‘എന്നെ എങ്ങനെ പിടിക്കാൻ ആണ്’ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗൂഗിൾ, ആപ്പിൾ എന്നിവക്കൊപ്പം ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് കൊടുത്ത ഡാറ്റയും പരിശോധന നടത്തിയാണ് പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

എത്തിനിക് മൈനോറിറ്റി വിഭാഗങ്ങളെ കോവിഡ് വാക്‌സിൻ എടുക്കുന്നത്  പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന പുതിയ പദ്ധതികളും സർക്കാർ പുറത്തുവിട്ടു.

ഇന്ന് യുകെയിൽ  കോവിഡ് ബാധിച്ചു മരിച്ചത് 1290 പേരാണ്. യുകെയിൽ ഒരു മിനുട്ടിൽ നൽകുന്നത് 200 വാക്‌സിനുകൾ ആണ് എന്നും അറിയിച്ചു. പള്ളികളും മോസ്‌കുകളും വാക്‌സിൻ സെന്ററുകൾ ആയി മാറിയെന്നതും ഇന്നത്തെ സന്തോഷവാർത്തകൾ ആണ്.

 

ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ കെന്റിഷ് ടൗൺ ഒരു ഉപഭോക്താവിനാണ് വിചിത്ര അനുഭവം ഉണ്ടായത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു.

ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

കൗണ്ടി വെക്സ്‌ഫോര്‍ഡിലെ ബെന്‍ക്ളോഡിയില്‍ നിര്യാതനായ മലപ്പുറം തൂവൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യറിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (ജനുവരി 20 ) രാവിലെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ റിയോള്‍ട്ടയിലെ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനടുത്തുള്ള പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ നടത്തപ്പെട്ടു .

ചൊവ്വാഴ്ച വെക്സ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ നിന്നും ഭൗതീകദേഹം ബെന്‍ക്ളോഡിയിലെ ലെനോണ്‍സ് ഫ്യുണറല്‍ ഹോമില്‍ എത്തിച്ചു.

ഇന്ന് രാവിലെ എട്ടു മണിയോടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ടുപോയി .പാരീഷ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ എത്തിച്ചതോടെ ശുശ്രൂഷാകര്‍മ്മങ്ങള്‍ ആരംഭിച്ചു .

സര്‍ക്കാര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ശുശ്രൂഷകളില്‍ പരമാവധി പത്തു പേര്‍ക്കേ പങ്കെടുക്കാനായുള്ളു.തുടര്‍ന്ന് ഡബ്ലിന്‍ ന്യൂ ലാന്‍ഡ്‌സ് ക്രോസ്സ് ക്രിമേഷന്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിച്ചു.

അയര്‍ലണ്ടിലെ എല്ലാ മാധ്യമങ്ങളും തന്നെ പ്രധാനപേജുകളിലാണ് ‘ ഫ്രണ്ട് ലൈന്‍ ഹീറോയുടെ’വിയോഗം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് പേര്‍ അനുസ്മരിച്ചു.

ഐറിഷ് നഴ്സുമാരുടെ ദേശിയ സംഘടനയായ ഐ എന്‍ എം ഓ യും , സോള്‍സണ്‍ ജോലി ചെയ്ത ആശുപത്രികളുമൊക്കെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അനുശോചനകുറിപ്പുകള്‍ ഇറക്കി.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ,ഡോ, ക്ലമന്റ് പാടത്തില്‍ പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.രാജേഷ് മേച്ചിറാകത്ത് ,ഫാ.റോയി വട്ടയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അയര്‍ലണ്ടിലെ വിവിധ കുര്‍ബ്ബാന സെന്ററുകളിലെ വികാരിമാരും, അല്‍മായ നേതൃത്വവും ,മറ്റു സഭാ വിഭാഗങ്ങളും ,പൊതു സമൂഹവും സോള്‍സന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യൂറോപ്പിലെ സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ബിന്‍സിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.

തുവ്വൂര്‍ സ്വദേശി പരേതനായ സേവ്യര്‍ പയ്യപ്പിള്ളിലിന്റെ മകനായ സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 ) വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഞായറാഴ്ച വൈകിട്ടാണ് നിര്യാതനായത്.

മാതാവ്  മറിയം  ഭാര്യ ബിന്‍സി ഇവർക്ക് ഒരു മകനാണ്  ഉള്ളത്. സിമയോന്‍ സോള്‍സണ്‍ (3 വയസ്) ഏക സഹോദരന്‍  റെമില്‍ സേവ്യര്‍.

പിതാവിന്റെ മരണവര്‍ത്തയറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ യാത്ര മുടക്കി. ഫെബ്രുവരിയില്‍ നാട്ടില്‍ എത്താൻ ഇരിക്കെയാണ് സോള്‍സനെ മരണം കവർന്നത്.

കരുവാരക്കുണ്ട് തൂവൂരിലുള്ള സോള്‍സന്റെ തറവാട്ട് വീട്ടിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ദുഖാര്‍ത്ഥരായ നിരവധി പേര്‍ സോള്‍സന്റ അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. മാത്യൂ പെരുവേലില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

 

 

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.

1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.

ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.

85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.

അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന്​ ബർമ, തായ്​ലാൻഡ്​, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന്​​ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.

ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.

ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.

അപു ജോൺ ജോസഫ്

ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാർഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കർഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ ശ്രീ അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ അപു ജോസഫ്.

കർഷക സമരങ്ങൾക്ക് പ്രവാസി കേരളാ കോൺഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തിൽ ശ്രീ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് ശ്രീ അപു ജോൺ ജോസഫിനെപ്പോലെയുള്ള നേതാക്കളെ വരുന്ന നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കുവാൻ തയ്യാറാകണമെന്ന് ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ശ്രീ ബിജു മാത്യു ഇളംതുരുത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ പ്രവാസി കേരളാകോൺഗ്രസ് ഇംഗ്ലണ്ട് നേതാക്കളായ ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, സിജോ വള്ളിയാനിപ്പുറം, ജോസ് പരപ്പനാട്ട് , സിബി കാവുകാട്ട്, ബീറ്റാജ് കൂനമ്പാറയിൽ ,ജെയിംസ് അറക്കത്തോട്ടത്തിൽ, ജോയസ് ജോൺ,ജിസ് കാനാട്ട്, ബേബി ജോൺ , ജെറി ഉഴുന്നാലിൽ, മെജോ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കേരളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും യുകെയിലെത്തിയ മലയാളികൾ ഈ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഈ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ യുകെ മലയാളികൾ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാൽ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ അത് താഴ്ന്നു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളിൽ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാൻ മാർച്ചിലെ സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയർച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയറും, നിലവിൽ സൗത്ത് ഗ്ലോസെസ്റ്റർഷെയർ കൗൺസിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയർമാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോർഡ്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഗവെർണൻസ് കോർട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളിൽ ബുദ്ധിമുട്ടിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയർപോർട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിരുന്നു. കൂടാതെ ലണ്ടൻ കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെൻസസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്‌ഞത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2021 ലെ യുകെ സെൻസസിൽ പങ്കെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ടോം ആദിത്യയുമായുള്ള ഇന്റർവ്യൂവിന്റെ ലിങ്ക് :

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ശ്രീ. വിനു ഹോർമിസിൻെറ മാതാവും പരേതനായ കെ എം ഹോർമീസിന്റെ ഭാര്യയുമായ ശ്രീമതി ലില്ലി ഹോർമിസ് (81 ) നിര്യാതയായി. പരേത എറണാകുളം തേവര സ്വദേശിയും പോളപ്പറമ്പിൽ കുടുംബാംഗവുമാണ്. ഇന്ത്യൻ സമയം വൈകീട്ട് 7.00 മണിയോടെയാണ് മരണമടഞ്ഞത്.

വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ കാരണം എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. അസുഖം കൂടുതൽ ആണ് എന്ന അറിയിപ്പിനെ തുടർന്ന് വിനു നാട്ടിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ഇന്ന് മരണ വാർത്തയെത്തിയത്.

സംസ്‌കാരം അടുത്ത ചൊവ്വാഴ്ച (26/12/2021) വൈകീട്ട് നാല് മണിക്ക് സ്വഭാവനത്തിൽ ആരംഭിക്കുകയും തുടർന്ന് കോന്തുരുത്തി സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.

മക്കൾ : മിനി പോൾ, ഷിബു ഹോർമീസ്, വിനു ഹോർമീസ്.

മരുമക്കൾ : പോൾ സേവ്യർ, പരേതയായ പ്രീതി ഷിബു, ഷിമ്മയ് വിനു.

വിനു ഹോർമിസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മണി ട്രാൻസ്ഫറിനും സ്വർണവായ്പയ്ക്കും പിന്നെ കറൻസി എക്സ്ചേഞ്ചിനും സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാൻസിന്റെ യുകെയിലെ ഏഴാമത്തെ ശാഖ ബർമിങ്ഹാമിൽ തുറന്നു. യുകെയിൽ നിന്നും നാട്ടിലേക്ക് പണം അയക്കാൻ മലയാളികൾ ആശ്രയിക്കുന്ന ഇവിടെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് സേവനങ്ങൾ ലഭ്യമാകുക. ശാഖകളിൽ എത്താതെ തന്നെ ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാം. ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മുത്തൂറ്റിലേക്ക് പണം മാറ്റിയാൽ പിറ്റേന്ന് നാട്ടിൽ എത്തുന്ന രീതിയാണ് ഇത്. കൂടാതെ ഇന്ത്യയിൽ നിന്ന് യുകെയിലേയ്ക്കും പണം അയക്കാനാകും. ബിസിനസ്, യാത്രാ ആവശ്യങ്ങൾ, വിസാ ആവശ്യങ്ങൾ, വീട് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായാണ് യുകെ മലയാളികൾ ഹ്രസ്വകാല സ്വർണ വായ്പ എടുക്കാറുള്ളത്.
അഡ്രസ്: 113 SOHO Road , B21 9ST

വെബ്സൈറ്റ് – https://www.muthootglobal.co.in/uk

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക
Ph : 0121 222 6877

വെക്‌സ്‌ഫോര്‍ഡ് : കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു.

മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34 )യാണ് വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് വൈകിട്ട് നിര്യാതനായത്.

കൊറോണ വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകീട്ട് സോള്‍സണ്‍ പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിക്കുകയും ആരോഗ്യ നില വഷളാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.

ആറ് വർഷം മുൻപാണ് ഇവർ അയർലണ്ടിൽ എത്തുന്നത്. ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെക്ക് താമസം മാറിയത്.

ഭാര്യ ബിന്‍സി സോള്‍സണ്‍, മേനാച്ചേരി കുടുംബാംഗമാണ്. ദമ്പതികൾക്ക് ഒരാൺകുട്ടിയാണ് ഉള്ളത്.

ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.

ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.

സോൾസണിന്റെ അകാല മരണത്തിൽ ദുഃഖത്തിൽ ആയ ബന്ധുക്കളെ മലയാളം യുകെയുടെ അനുശോചനം  അറിയിക്കുന്നു.

 

ലണ്ടൻ: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷമായി കടന്നുപോകുന്നത് കടുത്ത വിഷമങ്ങളിൽകൂടിയാണ്. പ്രവാസികളായി യുകെയിൽ എത്തിയത് കൂടുതലും നേഴ്സുമാരായിട്ടാണ്.. കൊറോണയുടെ വരവോടെ രാപകലില്ലാതെ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്… മുന്നിൽ മരിച്ചുവീശുന്ന രോഗികൾ ഒരു വശത്തും അകാലത്തിൽ വിടപറഞ്ഞ ഒരുപിടി സഹപ്രവർത്തകരോ കൂട്ടുകാരോ… വാക്സീൻ നൽകി പ്രത്യാശയുടെ കിരണങ്ങൾ തെളിയുമ്പോഴും കൊറോണയെന്ന വൈറസ് എത്രമാത്രം വേദനയാണ് തരുന്നത് എന്ന് ലണ്ടനിൽ താമസിക്കുന്ന ജോസ്‌ന സെബാസ്റ്റ്യൻ എന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ് വെളിവാക്കുന്നു..

കുറിപ്പ് വായിക്കാം..

കോവിടിന്റെ ചിലദിവസങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ എത്രയോ ഭയാനകരമാണെന്നു മനസിലാക്കുന്നത് പലതും നേരിട്ടുകാണിമ്പോള്‍ മാത്രമാണ് .
മരണങ്ങള്‍ കണ്ടു കണ്ടു മനവും തലയുമിന്നു മരവിച്ചിരിക്കുന്നു..
പണ്ടൊരു മരണമെന്ന് കേട്ടാല്‍ നെഞ്ചത്തടിച്ചു കരയുന്ന തലമുറയിന്നു നമുക്കന്യമായിരിക്കുന്നു.

രോഗശയ്യയിലാകുന്ന കൗമാരക്കാര്‍..
മരണത്തോട് മല്ലുപിടിക്കുന്ന പലവീടിന്റെയും നേടും തൂണായി പൊരുതുന്ന 40 നും അമ്പതിനും താഴെ പ്രായമുള്ളവര്‍ ..

അവരുടെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ എണ്ണി തീര്‍ത്തു മരണമുറപ്പിക്കാന്‍ മാത്രം വിധിക്കപെട്ട ആരോഗ്യപ്രവര്‍ത്തകര്‍…
തന്റെ എല്ലാമെല്ലാം ആയിരുന്നവരെ മരണംമാടിവിളിക്കുന്നതു വീഡിയോ കോളിലൂടെ കണ്ടു സ്വതം നെഞ്ചുപൊട്ടി സ്വയം ഇല്ലാതാകാന്‍ വിധിക്കപെട്ട വീട്ടുകാര്‍.. മക്കള്‍ .. ബന്ധുക്കള്‍ .. കൂട്ടുകാര്‍..

അന്യനാടുകളില്‍ മക്കള്‍ മക്കളുടെ കൂടുംതേടി പോകുമ്പോള്‍ ഏകാന്തതയിലേക്കു തള്ളിവീഴ്ത്തപ്പെടുന്ന വൃദ്ധരായ മാതാപിതാക്കള്‍ …
മക്കളുടെ അഭാവത്തിലും പരസ്പരം താങ്ങും തണലുമായി പിണങ്ങിയും പരിതപിച്ചും സ്‌നേഹിച്ചും താങ്കള്‍ക്ക് താങ്കള്‍ മാത്രമേ ഉള്ളു എന്ന് മനസിലുറച്ചും ദിനങ്ങള്‍ തള്ളി നീക്കുന്നിടത്തു പെട്ടെന്ന് നിനച്ചിരിക്കാത്ത ഒരുദിനം ഒരുവില്ലനായ് കടന്നുവരുന്ന കോവിഡ്…

തന്റെ പ്രിയതമനു പോസിറ്റീവ് ആയി ഹോസ്പിറ്റലിലേക്ക് മാറ്റുന്ന നെഞ്ചില്‍ പുകച്ചില്‍ ആറും മുമ്പേ അവളും പോസിറ്റീവായ് വേറൊരു വാര്‍ഡിലേക്ക് പരസ്പരം കാണാന്‍ പോലും പറ്റാത്ത ഐസൊലേഷനിലേക്കു മാറ്റപ്പെടുന്നതും രണ്ടുപേരും ഒരേസമയം മരണം കാത്തുകിടക്കുന്നതും നേരിട്ട് കാണുക ദുഷ്‌കരം …
അതിനുപുറമെ തന്റെ അന്ത്യകിടക്കയില്‍ തന്നെ തന്റെ പ്രിയതമന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവരുക… താന്‍ ഊട്ടി ഉറക്കിയ മക്കളെയോ തന്റെ സ്വന്തം പാതിയെയോ ഒരുനോക്കു പോലും കാണാന്‍ പറ്റാതെ രണ്ടുപേരും ഒരുപോലെ മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മാറ്റപെടുക….

മോര്‍ചെറിയില്‍ പോലും സ്ഥലപരിമിതി കാരണം വെളിയില്‍ മഞ്ഞും തണുപ്പും മഴയും കൊണ്ട് അരൊരുമില്ലാത്ത മാംസപിണ്ഡങ്ങളായ് മൂടികിടക്കുക ഒക്കെ മനസിനെ താളം തെറ്റിക്കുന്ന സ്ഥിര കാഴ്ചകളായ് മാറികൊണ്ടിരിക്കുകയാണിന്നെന്നും..

ഇത്രയും നാള്‍ സ്വന്തമാകുമെന്നു പറഞ്ഞു പലരും ഉറപ്പുനല്‍കിയ ആറടി മണ്ണുപോലും നമുക്കിന്നു സ്വന്തമല്ല . എല്ലാം ഒരു ഇലക്ട്രിക് സ്വിച്ചിന്റെ കേളിയിലൂടെ നമ്മളീ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായ് ഒരു പിടി മണ്ണുപോലുമവശേഷിക്കാതെ മായയായ് പോകുന്ന മനുഷ്യ ജന്മങ്ങള്‍ ….
നമ്മള്‍ ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളു എന്ന് പറയാതെ പറഞ്ഞു പോകുന്ന ഒരുപറ്റം മനുഷ്യര്‍ ….

ജോസ്‌ന സാബു സെബാസ്റ്റ്യന്‍

Copyright © . All rights reserved