UK

ഓസ്‌ട്രേലിയൻ മലയാളി മെജോ വര്‍ഗീസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ കുന്നപ്പിള്ളി കുടുംബാംഗമാണ് പരേതനായ മെജോ. സിഡ്‌നിയില്‍ നിന്നും മുന്നൂറ്റമ്പത് കിലോ മീറ്റര്‍ അകലെ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വയറിലാണ് മെജോയും കുടുംബവും താമസിക്കുന്നത്.

പ്രഭാത സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ പോര്‍ട്ട് മക്വയര്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാവരെയും നിരാശപ്പെടുത്തി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോര്‍ട്ട് മക്വയറിലുള്ള ഒരു നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സായി ജോലി നോക്കി വരുകയായിരുന്നു പരേതനായ മെജോ. ഭാര്യ സൗമ്യാ പോര്‍ട്ട് മക്വയറിർ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.

അയർലണ്ടിൽ നിന്നും 2013 അവസാനത്തോടെയാണ്  ആണ് മെജോയും കുടുംബവും ഓസ്‌ട്രേലിയക്ക് പോയത്. അയര്‍ലണ്ടിലെ അറിയപ്പെടുന്ന ബാഡ്ടമിന്‍ടന്‍ താരമായിരുന്ന മെജോ കെ ബി സിയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. അയര്‍ലണ്ടിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോ ഹില്‍ ബ്രൂസ് നഴ്‌സിംഗ്‌ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മെജോയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന  റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.

ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ  ആശുപത്രിയിൽ  ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്‌. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.

അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.

വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.

ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.

കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ദ്ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.ഡോ. അഭിഷേക് രാജന്‍, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് എന്നിവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കും.

ബാല സജീവ് കുമാർ

കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688

സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്.   സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe)  ബിബിസി യുമായി പങ്കുവെച്ചത്.

സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.

[ot-video][/ot-video]

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയർമാരിൽ രണ്ടുപേരിലാണ് ഇന്നലെ വാക്സിൻ കുത്തിവച്ചത്.

മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ എൺപതു ശതമാനവും തനിക്ക് പൂർണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗിൽബർട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയൽസ് നടത്തും.

ട്രയൽസിന് വിധേയരാകുന്ന വൊളന്റിയർമാരെ നിരന്തരം നിരീക്ഷണത്തിനു വിധേയരാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കൽ റിസ്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയൽസിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സർവകലാശാല നടത്തുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ കൂടുതൽ വേഗത്തിലാക്കാനും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികൾ ഇന്നലെ പ്രഖ്യാപിച്ചു. ദിവസേന 51,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാരിനുള്ളത്. ഇതു മാസാവസാനത്തോടെ ഒരു ലക്ഷമാക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് അവശ്യസേന മേഖലയിൽ ജോലിചെയ്യുന്നവർക്കും അവരുടെ വീടുകളിലുള്ളവർക്കും ഇന്നുമുതൽ ഓൺലൈൻ റജിസ്ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാൻ സാഹചര്യമൊരുക്കും. ഇത്തരം തൊഴിൽ മേഖലയിൽ മാനേജ്മെന്റിനും തങ്ങളുടെ സ്റ്റാഫിനെ പരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെടാം.

ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകൾക്കു പുറമേ മൊബൈൽ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോൾ ഐസലേഷനുള്ള എൻഎച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയ്ക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തിൽ ജോലിയിൽ തിരികെയെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിലവിൽ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. ഇത് 48 ആക്കും. ആർമിയുമായി സഹകരിച്ച് പോപ് അപ് മൊബൈൽ ടെസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ബിജു തോമസിന്റെ പിതാവായ കെ ടി തോമസ് കൊല്ലപ്പള്ളിൽ (89) ആണ് ഇന്ന് രാവിലെ നാട്ടിൽ മരിച്ചത്. കോട്ടയം പരംപുഴക്കടുത്തുള്ള നട്ടശ്ശേരി ആണ് പരേതന്റെ സ്വദേശം.

സംസ്കാരം നാളെ പൊൻപള്ളി സെന്റ് ജോർജ്ജ്  യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.  രണ്ട് മക്കൾ ആണ് പരേതനുള്ളത്, തങ്കച്ചൻ തോമസ്, ബിജു തോമസ്. ഇതിൽ ബിജു തോമസ് ആണ് കുടുംബസമേതം സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ അംഗമായ ബിജുവിന്റെ പിതാവിന്റെ നിര്യാണത്തിൽ SMA പ്രസിഡന്റ് വിജി കെ പി അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

കൊറോണ വൈറസ് പ്രവാസിമലയാളികൾക്ക് വരുത്തിവെക്കുന്ന വിഷമതകളെക്കുറിച്ചു പറയേണ്ടതില്ല. കൊറോണ ബാധിച്ചും അല്ലാതെയും യുകെയിൽ മരിച്ച മിക്കവരുടെയും സംസ്ക്കാരം യുകെയിൽ തന്നെ നടത്തുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. നാട്ടിലേക്ക് വിമാന സർവീസ് ഇല്ലാത്തതിനാൽ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ ബിജുവിന് സാധിക്കുകയില്ല എന്നത് വേദനാജനകമാണ്.

കുറച്ചുകാലമായി ബിജുവിന്റെ പിതാവ് ചികിത്സയിൽ ആയിരുന്നു. 2020 ജനുവരിയിൽ പിതാവിന് വാർധക്യസഹചമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ആരോഗ്യനില മോശമാവുകയും ചെയ്‌തിരുന്നു. തുടന്ന് ബിജു പിതാവിനെ കാണാൻ നാട്ടിൽ പോയിരുന്നു എന്നത് ഒരു അനുഗ്രഹമായി എന്നാണ് ബിജു ഇതുമായി പറഞ്ഞത്. കെ ടി തോമസിന്റെ മരണത്തിൽ ബന്ധുക്കളുടെ ദുഃഖത്തിൽ മലയാളം യുകെ പങ്ക്‌ചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ലോകം മുഴുവൻ ജീവൻ സംരക്ഷിക്കാനായി നെട്ടോട്ടമോടുമ്പോൾ, ഒറ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെ…ഏതാനും വരികളിലൂടെ… അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും ഗിറ്റാർറിസ്റ്റും. സംഗീത സംവിധായകനുമായ കളമശ്ശേരി സ്വദേശി നവീൻ ജെ അന്ത്രാപെറി ൻെറ ശബ്ദത്തിലൂടെ നിങ്ങൾക്കായ്…..

ജീവൻെറ തുടിപ്പിനായി ലോകം ദാഹിക്കുമ്പോഴും “ഞാൻ “എന്ന വാക്കിൽ ഉറച്ചു നിൽക്കണോ ????
ഒന്നു മാറി ചിന്തിക്കാൻ സമയായില്ലേ???

ഒറ്റപ്പെട്ടവരുടെ വേദന അറിയാൻ ഒറ്റപ്പടണം…. അത് അനുഭവിച്ചറിയുക തന്നെ വേണം…മരണത്തോടു മല്ലിടുമ്പോഴും അവരെ വേദനിപ്പിക്കുന്നത് അവരുടെ അസുഖമല്ല…മറിച്ച് വീട്ടുകാരും…കൂട്ടുകാരും…ബന്ധുക്കളും.. ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ആ അവസ്ഥയാണ്…അവരുടെ മനസ്സാണ് ഈ ഗീതം…

“LONELY I’M CRYING ” നമുക്ക്… അല്ല..ലോകത്തിനു മുഴുവനുമായുള്ള ഒരു സന്ദേശമാണ്… നിങ്ങൾ എത്ര വലിയവനാണെങ്കിലും…എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും…. ഒരു നാൾ ഒറ്റപ്പെടാം….

തിരക്കേറിയ ജീവിത പന്ഥാവിൽ ഒറ്റപ്പെട്ട പലരെയും നാം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവാം…പക്ഷേ ഒരു വേള നാം ഒരു നോട്ടം…. ഒരു പുഞ്ചിരി….ഒരിത്തിരി സഹതാപം … ഒരു തരി സ്നേഹം….അവരുടെ നേരെ നീട്ടിയിരുന്നെങ്കിൽ….അവരും അനുഭവിക്കുമായിരുന്നു..സന്തോഷം…അവരുടെ ജീവിതത്തിലും ഉണ്ടാവുമായിരുന്നു പ്രത്യാശയുടെ ഒരു തിരി വെളിച്ചം….

വെെകിയിട്ടില്ല…..”ഞാൻ”..ൽ നിന്നും “നമ്മൾ” ലേക്കുള്ള ദൂരംവിദൂരമല്ല….പൊരുതാം….മുന്നേറാം….ഒന്നായി… സ്നേഹിച്ച്…സഹകരിച്ച്…പങ്കുവെച്ച്…

ലിങ്കൺഷെയർ:  യുകെയിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവാവ് മരണമടഞ്ഞു. കോഴിക്കോട്  പേരാമ്പ്രക്ക് അടുത്തുള്ള ചെമ്പനോട സ്വദേശി സിദ്ധാര്‍ഥ് പ്രകാശ് ആണ് ഇന്നലെ ലണ്ടനിൽ മരിച്ചത്. ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷം മെഡിക്കൽ വിദ്യാര്‍ത്ഥിയാണ് പരേതനായ സിദ്ധാര്‍ഥ്. ലോക്‌ഡോണ്‍ മൂലം കോളേജുകളും യൂണിവേഴ്‌സിറ്റിയും അവധിയില്‍ ആയതിനാല്‍ ലണ്ടനിലുള്ള പിതാവിന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു സിദ്ധാര്‍ഥ്.

എന്താണ് മരണകാരണം എന്ന് ഇപ്പോഴും വ്യക്തമല്ല. ഖത്തര്‍ റോയല്‍ കുടുംബത്തിന്റെ ചീഫ് ഫിസിഷ്യന്‍ ആയ ഡോ പ്രകാശാണ് സിദ്ധാര്‍ത്ഥിന്റെ പിതാവ്. ഇവർ കോഴിക്കോട് പേരാമ്പ്ര ചെമ്പനോട ആണ് സ്വദേശം. ചെമ്പനോട കുന്നക്കാട്ട് കുഞ്ഞച്ചന്റെ (K T) കൊച്ചുമോനാണ് മരിച്ച സിദ്ധാർഥ്.

ലോക്‌ഡോണ്‍ നിയന്ത്രണം മൂലം വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പിതാവ് ഡോ. പ്രകാശിനടക്കം യുകെയില്‍ എത്താനാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ട്. ഗള്‍ഫില്‍ നിന്നും മറ്റും കാര്‍ഗോ വിമാനങ്ങള്‍ കോവിഡ് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നുണ്ട്.

എന്നാല്‍ യുകെയില്‍ നിന്നും കാര്‍ഗോ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് മൂലമല്ലാത്ത മരണം സംഭവിക്കുന്നവരുടെ മൃതദേഹം പോലും നാട്ടില്‍ എത്തിക്കാന്‍ ഉള്ള സാധ്യതയും ഇപ്പോൾ നിലവിൽ ഇല്ല.

വെസ് റ്റോൺ ജനറൽ ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ബ്രിസ്റ്റോൾ മലയാളി അമർ ഡയസിന്റെ സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 24 വെള്ളിയാഴ്ച 12 മണിക്ക് വെസ്റ്റേൺ സൂപ്പർ മേയർ ക്രമറ്റോറിയത്തിൽ നടക്കും. അമർ ഡയസ്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലെ സെന്റ തോമസ് മിഷൻ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ കമ്മ്യൂണിറ്റി അംഗമായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യമനുസരിച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രം സംസ്കാരം ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. എന്നതിനാൽ ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ക്രമറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് കാർഡിഫ് സീറോ മലബാർ മിഷന്റെ ഡയറക്ടറായ റവ. ഫാ. ജോയി വയലിൽ CST ആയിരിക്കും.

പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക ദിവ്യബലിയും ഒപ്പീസ് പ്രാർത്ഥനയും അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ബ്രിസ്റ്റോൾ ഫിഷ്പോണ്ടസ് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് ബഹുമാനപ്പെട്ട ഫാ.പോൾ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും.

സംസ്കാര ചടങ്ങുകളിൽ നേരിട്ട് വന്ന് പങ്കുചേരുവാൻ സാധിക്കാത്തതിൽ ചെൽറ്റനാം സീറോമലബാർ സമൂഹത്തെ പ്രതിനിധീകരിച്ച് റവ. ഫാ. റ്റോണി പഴയകുളം CST യും, സ്വാൻസിയിലെ സമൂഹത്തിനുവേണ്ടി റവ. ഫാ. സിറിൾ തടത്തിലും, എക്സിറ്റർ സമൂഹത്തിനുവേണ്ടി റവ. ഫാ. സണ്ണി MSFS ഉം, വെയിൽസ്‌ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് റവ. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേലും ബ്ലൂ സ്റ്റാർ ആൻഡ് അദർ ഷോർട്ട് മിഷൻ വേണ്ടി റബർ ഫാദർ കൊച്ചുപറമ്പിൽ പ്രാർത്ഥനയും അനുശോചനമറിയിച്ചു.

അമീറിന്റെ ഭാര്യ മിനിയും നേഴ്സായിട്ട് ആതുരശുശ്രൂഷാ രംഗത്താണ് പ്രവർത്തിക്കുന്നത്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അമർ ബ്രിസ്റ്റോളിലെ എല്ലാ മലയാളികൾക്കും സുപരിചിതമായിരുന്നു. അമറിന്റെ പ്രിയ ഭാര്യ മിനിയുടെയും മക്കളായ അലീഷ്യ, ആമി മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെയും ദുഃഖത്തിൽ മലയാളംയുകെയും പങ്കുചേരുന്നു.

തത്സമയ സംപ്രേഷണം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കാണാൻ സാധിക്കും

RECENT POSTS
Copyright © . All rights reserved