UK

ലണ്ടൻ: പ്രവാസ ജീവിതത്തിൽ മരണങ്ങൾ എന്നും തീരാ വേദനകളാണ് ബന്ധുമിത്രാദികൾക്ക് സമ്മാനിക്കുന്നത്. കൊറോണ എന്ന മഹാമാരിക്ക് മുൻപ് ഒരു മരണം സംഭവിച്ചാൽ ഉറ്റവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. എന്നാൽ കൊറോണ എന്ന മഹാമാരി ആ അവസരവും ഇല്ലാതാക്കിയിരിക്കുകയാണ് എന്നത് വേദനയുടെ ആഴം കൂട്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു.

ലോകമെമ്പാടും ആയി പടർന്നുപന്തലിച്ച് പ്രവാസി മലയാളികൾ സ്വന്തം കുടുംബത്തെ കരകയറ്റാനായി അക്ഷീണം പണിയെടുക്കുന്ന സമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങൾ ഉണ്ടാക്കുന്ന വേദന താങ്ങുക എന്നത് ഉറ്റവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.

ഈ മാസം ആദ്യം ഹാറോവില്‍ ആകസ്മികമായി മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും. കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതിരുന്ന റിജോ രാവിലെ ഉറക്കമെഴുന്നേറ്റ ഉടന്‍ കുഴഞ്ഞു വീഴുകയും പാരാമെഡിക്സ് എത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇതോടെ കോവിഡ് രോഗ സംശയം മൂലം അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റ് അടക്കം സീല്‍ ചെയ്‌തിരുന്നു.

പോലീസ് കര്‍ശന പരിശോധനകള്‍ നടത്തിയതോടെ യുകെയിലെ മാധ്യമങ്ങള്‍ റിജോയുടെ മരണത്തിനു വലിയ പ്രാധാന്യമാണ് നല്‍കിയത്. തുടർന്ന് കൂടെ താമസിച്ചിരുന്നവരുടെ സ്രവം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയിട്ടാണ് വന്നത്. തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് 33 കാരനായിരുന്ന റിജോ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത് എന്നും കൊറോണ ബാധിച്ചിരുന്നില്ല എന്നും വ്യക്തമായത്. ഫെബ്രുവരി ഒടുവില്‍ നാട്ടില്‍ പോയി അമ്മയെയും ബന്ധുക്കളെയും കണ്ടു വന്ന ഉടനെയാണ് റിജോയെ തേടി മരണം എത്തുന്നത്.

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയത് മൂലമാണ് കൊറോണ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയിലേക്കു സംശയം ഉയര്‍ത്തിയത്.  റിജോയുടെ കൂടെ താമസിച്ചിരുന്നവര്‍ അറിയിച്ചത് അനുസരിച്ചാണ് സമീപവാസികളായ മലയാളികള്‍ മരണത്തെ കുറിച്ച് അറിയുന്നതു തന്നെ. എന്താണ് മരണകാരണമെന്ന് എന്നറിയാതെ തുടക്കത്തില്‍ കുടുംബം ഏറെ ആശങ്കപ്പെടുകയും ചെയ്തിരുന്നു.

പോലീസ് വിട്ടുനല്‍കിയ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും നിലത്തിറങ്ങിയത് റിജോവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസമായി. കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും തടസമായി മാറി. മാത്രമല്ല ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷവും നാട്ടില്‍ എത്തിയാല്‍ സംസ്‌കാരത്തിന് നിയന്ത്രണം ഉണ്ടാകും എന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ ലണ്ടനില്‍ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്. കൗണ്‍സില്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നത്‌.

ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ തടസമില്ല എങ്കിലും ഒരുപാട് പേർ ഒരുമിച്ചു കൂടുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥന. മാര്‍ത്തോമ്മാ സഭ മുംബൈ ഡോംബിവിലി ഇടവകക്കാരന്‍ ആയിരുന്നു റിജോയും കുടുംബവും.  മൃതദേഹ സംസ്‌കാരത്തിനും മറ്റും ആവശ്യമായ ചിലവുകള്‍ റിജോ ജോലി ചെയ്തിരുന്ന ഹോട്ടല്‍ സ്ഥാപനവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വരൂപിച്ചത്. ലണ്ടനിൽ മരിച്ച സിജി തോമസിന്റെ ബോഡിയും നാട്ടിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു.

യുകെയിൽ പഠിക്കുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്.

അടിയന്തിരമായി വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

നിങ്ങളിൽ പലരുടെയും സുഖവിവരങ്ങളിൽ ആശങ്കപ്പെട്ട് ഒട്ടനവധി പേരാണ് ഞങ്ങളെ ഓരോരുത്തരെയും ബന്ധപ്പെടുന്നത്. UKയിൽ നിന്നും ഇന്ത്യൻ ഹൈ കമ്മീഷൻ നിങ്ങളെ തിരിച്ചെത്തിക്കാൻ ഫ്ലൈറ്റ് അറേഞ്ച് ചെയ്യുന്നു എന്ന ഒരു വ്യാജ വാർത്തയും ഇന്നലെ പ്രചരിച്ചിട്ടുണ്ട്.

നിങ്ങളോട് കുറച്ചു നിർദ്ദേശങ്ങൾ ആണ് ഞങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഉള്ളത്.

• നിങ്ങളെ കുറിച്ച് ആശങ്ക പെട്ടിരിക്കുന്ന വീട്ടുകാരുമായി ദിവസം ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെടുക.

• നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.

• ഈ ലോക്ഡൗൺ കാലത്ത് ഒരു കാരണവശാലും നാട്ടിലേക്ക് പോകാൻ കഴിയില്ല. നമ്മൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് ഇപ്പോൾ അഭികാമ്യം.

• നിങ്ങൾ എവിടെ താമസിക്കുന്നുവോ അവിടെ നിന്നും നിങ്ങളെ ഒരു സാഹചര്യത്തിലും ഇറക്കിവിടരുതെന്ന് ‘ലാന്റ് ലോർഡുകൾക്ക്’ ഗവൺമെൻറ് സുവ്യക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

• അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുകെയിലെ ഏതെങ്കിലും മലയാളി സംഘടനകളുമായോ ലോക കേരള സഭ അംഗങ്ങളുമായോ ബന്ധപ്പെടുക. വേണ്ട നിയമ സഹായം ഉറപ്പാക്കും.

• സർക്കാർ പല വിധമായ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഇനി വരാനുമുണ്ട്. അതല്ലാം കണ്ടെത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ തരാനും ഒരു ടീമിനെ സജ്ജമാക്കുന്നുണ്ട്.

• നിങ്ങളുടെ വിസ തീരുന്നത് ഈ കാലഘട്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നിയമ സഹായത്തിന് ഏർപ്പാടുണ്ടാക്കാം.

• നിങ്ങൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ മലയാളി സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ള ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. നമ്മുടെ കൂട്ടത്തിൽ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണൽ അടിയന്തരമായി തന്നെ വേണ്ട നിർദ്ദേശങ്ങളുമായി നിങ്ങളെ ബന്ധപ്പെടും.

• ഇനി നിങ്ങൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടെങ്കിൽ കൗൺസിലിങ്ങിനും നിങ്ങളോട് സംസാരിക്കാനും നമ്മളുടെ ആളുകളുണ്ടാകും.

• ആവശ്യത്തിന് ഭക്ഷണപദാർത്ഥങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് അതാത് പ്രദേശത്തെ വാളന്റിയേഴ്സിനെ ബന്ധപ്പെടാം.

• നമ്മൾ എല്ലാവരും ഒരേ സ്ഥിതിവിശേഷത്തിൽ കൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ മാത്രം ആവശ്യപ്പെടുക. അനാവശ്യമായി സാധനങ്ങൾ സംഭരിച്ചു വെക്കണ്ട എന്നർത്ഥം.

യുകെയിലെ സംഘടനകളായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍, യുക്മ, ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MAUK, സമീക്ഷ, ചേതന, WMF UK, PMF UK, മലയാളം മിഷൻ യൂണിറ്റുകൾ. തുടങ്ങി എല്ലാ മലയാളി സംഘടകളും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും. അതാത് പ്രദേശത്തെ മറ്റ് സംഘടനകളുടെ ലിസ്റ്റ് അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

ലോക കേരള സഭ UK അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒരു ഡേറ്റബേസ് കളക്ട് ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും ഇത് ഫിൽ ചെയ്യാം. ഞങ്ങളുടെ വാളന്റിയർമാർ ക്രോസ് ചെക്ക് ചെയ്യുന്നതായിരിക്കും. കേരളത്തിലെ കോവിഡ് – ഐ ടി വോളന്റിയർമാരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. റജിസ്റ്ററേഷന് ശേഷം ആളുകളുടെ ബന്ധപ്പെടേണ്ട വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ കേരളത്തിൽ നിന്ന് ടെലിമെഡിസിൻ കൗൺസിലിങ്ങ് സംവിധാനവും കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Name
Email id
Phone number
Address
University
Address in Kerala
Immediate contact in Kerala
എന്നിവയാണ് ശേഖരിക്കുന്നത്.

ഇതാണ് രജിസ്ററർ ചെയ്യേണ്ട ലിങ്ക് :
Short URL: shorturl.at/hmP05

നാട്ടിൽ മക്കളെയോർത്ത് തീ തിന്നു കഴിയുന്ന രക്ഷിതാക്കളോട് ഒരു വാക്ക്. നിങ്ങൾ സുഖമായുറങ്ങൂ. നിങ്ങൾ ചേർത്തു നിർത്തുന്നതു പോലെ തന്നെ അവരെ ചേർത്തു നിർത്താൻ UK മലയാളികളുണ്ട്…!

ഹൃദയപൂർവ്വം ലോക കേരള സഭാ UK ടീം.

Thekkummuri Haridas
Carmel Miranda
Ashik Mohammed Nazar
Swapna Praveen
Jayan Edappal Manchester
Shafi Rahman
Sadanandan Sreekumar 
Rajesh Krishna

ജോജി തോമസ്

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് മലയാളികൾ യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. പക്ഷേ കുടിയേറ്റത്തിന്റെ സമയത്ത് നമ്മളാരും കൊറോണക്കാലം പോലെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ കൊറോണാ പോലൊരു മഹാമാരി മനുഷ്യകുലത്തെ മുഴുവൻ പിടിച്ചുലുയ്ക്കുന്ന സാഹചര്യത്തിൽ ജോലിസ്ഥലത്തും കുടുംബങ്ങളിലും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്. മലയാളി കുടുംബങ്ങളിലെ ഭൂരിഭാഗത്തിന്റെയും കുട്ടികൾ ചെറിയ പ്രായത്തിലാണെന്നതും, കുട്ടികളുടെ സംരക്ഷണത്തിന് മറ്റു കുടുംബാംഗങ്ങളൊന്നും ഇല്ലെന്നതും നേരിടുന്ന പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേയാണ് ജോലിസ്ഥലത്ത് അന്യനാട്ടുകാരായതിനാൽ നേരിടുന്ന വംശീയമായ വെല്ലുവിളികൾ. കോവിഡ് -19 നെ നേരിടുന്നതിന്റെ ഭാഗമായി പലരുടെയും ജോലി സ്ഥലങ്ങളിൽ മാറ്റമുണ്ടായതിനാൽ തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നത് വംശീയമായ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല മലയാളി സുഹൃത്തുക്കളും വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കോവിഡ് – 19 നെ നേരിടുന്ന വാർഡുകളിൽ, രോഗികളെ അഡ്മിറ്റു ചെയ്തിരിയ്ക്കുന്ന വാർഡുകളിൽ തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പല മലയാളി സുഹൃത്തുക്കളും ഈ അപകടകരമായ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കിട്ടിയിരിയ്ക്കുന്ന വിവരം .

ഇതിനുപുറമേ കോവിഡ് – 19 നെ പ്രതിരോധിക്കുവാൻ ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസികപിരിമുറുക്കം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചെകുത്താനും കടലിനും നടുവിലെന്നതാണ് പല മലയാളികളുടെയും അവസ്ഥ. ഈയൊരു സാഹചര്യത്തിൽ നമ്മൾ പരസ്പരം ആശ്വസിപ്പിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒരുമയും കൂട്ടായ്മയും കാണിക്കേണ്ട സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം.കോവിഡ് പ്രതിരോധത്തിന്റെ അറിവുകൾ പങ്കു വെച്ചും മാനസിക പിന്തുണ നൽകിയും ഈ വെല്ലുവിളി നമുക്ക് മറികടക്കാൻ സാധിക്കട്ടെ….

 

  ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി   വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

‘കോവിഡ് 19 മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയതിനുശേഷം മുൻനിര ആരോഗ്യ പ്രവർത്തകരായ ഡോക്ടർമാർ നഴ്സ്മാർ തുടങ്ങിയവർക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം രോഗം പിടിപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്, എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഇടയിലും ആശുപത്രികളിൽ അതിക്രമിച്ചുകയറി അത്യാവശ്യ വസ്തുക്കൾ മോഷ്ടിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.’ ഡോക്ടർ ജോൺ റൈറ്റ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ അനുഭവങ്ങൾ വിവരിക്കുന്നു.

യുകെയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷവും ആശുപത്രികളിൽ രോഗം പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. 26 ഏക്കറിൽ പരന്നുകിടക്കുന്ന 18 കവാടങ്ങൾ ഉള്ള ആശുപത്രിക്ക് ഒരൊറ്റ കവാടം ആക്കി മാറ്റി. ഉള്ളിൽ കടക്കണമെങ്കിൽ സ്റ്റാഫ് ആണെങ്കിലും രോഗി ആണെങ്കിലും സന്ദർശകർ ആണെങ്കിലും പാസ് നിർബന്ധമാക്കി, എങ്കിൽപോലും മോഷണങ്ങൾ തുടരുന്നുണ്ട്.

ഒരു വ്യക്തി ഡോക്ടർമാർ അണിയുന്ന സ്യൂട്ടും സ്റ്റെതസ്കോപ്പും ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് ഉള്ളിൽ കടന്ന് അത്യാവശ്യ വസ്തുക്കൾ മോഷ്ടിച്ചു കൊണ്ടു പോയത്. സർജിക്കൽ ഗൗണുകൾ, മാസ്ക്കുകൾ, സുരക്ഷാ ഉപകരണങ്ങൾ, സാനിടൈസറുകൾ, മരുന്നുകൾ എന്നിവയാണ് മോഷണം പോയത്. ഡ്രഗ് അഡിക്റ്റയിട്ടുള്ള വ്യക്തികൾക്ക് പുറത്തുനിന്ന് ഇപ്പോൾ മരുന്നുകൾ ലഭിക്കാത്തത് മോഷണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇറ്റലിയിൽ നിന്നും ലഭിച്ച പാഠങ്ങൾ ബ്രാഡ്‌ഫോർഡിൽ ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം നേരിടുന്നത് കൊണ്ട് പലരും സ്വയം നിരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാവശ്യത്തിനുള്ള ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്ന ഈ ഘട്ടത്തിൽ ഇനിയും മുൻനിരയിലുള്ള സീനിയർ ഡോക്ടർമാർക്ക് രോഗം പിടിപെടുകയാണെങ്കിൽ രാജ്യം കനത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും. ഉപകരണങ്ങൾക്ക് ക്ഷാമം നേരിടുന്നതുകൊണ്ട് അവ എങ്ങനെ പുനരുപയോഗിക്കാമെന്ന് ഡോക്ടർമാർ പരീക്ഷണം നടത്തുന്നുണ്ട്. ചിലർ ത്രീഡി പ്രിന്റർ ഉപയോഗിക്കുമ്പോൾ ചിലർ കിട്ടാവുന്നിടത്തുനിന്ന് എല്ലാം സാധനങ്ങൾ ശേഖരിക്കുന്നു. മാസ്കുകൾ ആൽക്കഹോളിൽ ഇട്ട് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ഡോക്ടർ വിറ്റാക്കർ നടത്തിയിരുന്നു, അത് ഏകദേശം വിജയമാണ്. ആവശ്യങ്ങൾ പറയുമ്പോൾ സഹായിക്കാൻ സന്നദ്ധരായ ഒരുകൂട്ടം ജനങ്ങൾ ഉള്ളതാണ് തങ്ങൾക്ക് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകരാജ്യങ്ങളെ  ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുമാറ് കൊറോണ ബാധ മൂലം നിരവധി മരണങ്ങൾ ഉണ്ടാകുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രവാസികളായ മലയാളി നേഴ്‌സുമാർ വല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഒരുപാടു തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയായികൂടി പ്രചരിക്കുമ്പോൾ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന നേഴ്‌സുമാർ. ഇന്ന് വരെ കേൾക്കാത്ത ഒരു രോഗത്തെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ ആണ് ഇന്ന് യുകെയിലെ നേഴ്‌സുമാരുടെ ചർച്ചാവിഷയവും അവരുടെ ഉൽകണ്ഠയും. എന്നാൽ ഈ വിഷയത്തിൽ ലണ്ടണിലെ പ്രസിദ്ധമായ കിങ്സ് കോളേജിലെ മേട്രൺ ആയി ജോലി ചെയ്‌തിട്ടുള്ളതും ഇപ്പോൾ യുകെയിലെ ആദ്യ അമേരിക്കൻ ആശുപത്രിയായ ക്ലീവ്ലൻഡ് ലെ നഴ്‌സ്‌ മാനേജർ (American Designation) ആയി ജോലിയിൽ പ്രവേശിച്ച ഉരുളികുന്നം സ്വദേശിനിയായ മിനിജ ജോസഫ് നിങ്ങളുടെ സംശയത്തിന് ഉത്തരം നൽകുന്നു. അടുത്തവർഷത്തോടെയാണ് അമേരിക്കൻ ഹോസ്‌പിറ്റൽ ലണ്ടനിലെ വിക്ടോറിയ സ്റ്റേഷന് സമീപം ഉത്ഘാടനം ചെയ്യപ്പെടുന്നത്. നഴ്‌സ്‌മാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുന്നതോടൊപ്പം, ബ്രിട്ടനിലെ സാഹചര്യങ്ങളും വിലയിരുത്തുകയാണ് മിനിജാ ജോസഫ്.

പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരാണ് തീരുമാനിക്കുന്നത് ?

ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ അതാത് രാജ്യങ്ങൾ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ ( WHO) അറിയിക്കാൻ കടപ്പെട്ടിരിക്കുന്നു. പിന്നീട് ഇതിന് വേണ്ട പ്രൊട്ടക്റ്റീവ് ഉപകാരണങ്ങളെക്കുറിച്ചു വേണ്ട ഗൈഡ് ലൈൻ WHO പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. ഇത്തരം നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തേയും ഹെൽത്ത് മിനിസ്ട്രി അവർക്ക് വേണ്ടവിധത്തിൽ ഡിസൈൻ ചെയ്യുകയാണ്.

പി പി ഇ അഥവാ പഴ്സനേൽ പ്രൊട്ടക്ഷൻ കിറ്റ് ആരൊക്കെ ധരിക്കണമെന്ന സംശയം ജോലി ചെയ്യുന്ന നഴ്‌സ്‌മാരിൽ ഉണ്ടാകുക സാധാരണമാണ്. ഇതു എല്ലാവരും എപ്പോഴും ധരിക്കേണ്ട ഒന്നല്ല എന്ന് മിനിജാ പറയുന്നു. ഇത് ഡോക്ടർമാർക്കും നഴ്സുമാർക്കും മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഇത് ധരിക്കാവുന്നതാണ്. കൈകാര്യം ചെയ്യുന്ന മേഖലകളിലെ റിസ്ക് അനുസരിച്ചാണ് ഓരോരുത്തരും ഈ കിറ്റ് ധരിക്കേണ്ടത്. പി പി ഇ എന്നത് പലതരം സംരക്ഷണ കവചങ്ങളെ ഉൾക്കൊള്ളിക്കുന്ന ഒരു പൊതുവായ പദമാണ്. ഇതിൽ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നത്, മാസ്ക്കുകൾ, ഏപ്രണുകൾ, ഗ്ലൗസുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ നാലും എപ്പോഴും ഉപയോഗിക്കണമെന്നില്ല. മറിച്ച് ബന്ധപ്പെടുന്ന രോഗിയുടെയും, സാഹചര്യങ്ങളുടെയും റിസ്ക്കുകൾ അനുസരിച്ചാണ് ഓരോന്നും ഉപയോഗിക്കേണ്ടത്.

ഇവയുടെ ഉപയോഗം പ്രത്യേക നിർദ്ദേശാനുസരണം പാലിച്ചു മാത്രമേ നടത്താവൂ എന്ന് മിനിജാ ഓർമിപ്പിക്കുന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളെയും, സംശയിക്കുന്ന രോഗികളെയും കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം കിറ്റും, പ്രത്യേക പ്രോസിജറുകൾ നടത്തുമ്പോൾ വേറെ കിറ്റുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിനു എയ്റോസോൾ ജനറേറ്റിംഗ് പ്രൊസിജറുകൾക്കിടയിൽ ചെറിയ കണികകൾ അന്തരീക്ഷത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ പ്രത്യേക പ്രൊട്ടക്ഷൻ കിറ്റുകൾ ഉപയോഗിക്കേണ്ടതാണ്. ഇതിൽ എഫ് എഫ് പി 3 മാസ്ക്, ലോങ്ങ്‌ സ്ലീവ് വാട്ടർ റിപ്പല്ലന്റ് ഗൗൺ, ഡിസ്പോസബിൾ ഗോഗിൾ അല്ലെങ്കിൽ ഫുൾ ഫേസ് പ്രൊട്ടക്ഷൻ വൈസർ മാസ്ക്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്രൊസിജറുകളിൽ രോഗിയെ ഇൻക്യൂബേറ്റ് ചെയ്യുക, ട്രക്കിയോസ്റ്റമി, ചെസ്റ്റ് തെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു.

പി പി ഇ കിറ്റുകൾ ആവശ്യത്തിനു ലഭ്യമല്ല എന്ന വാർത്തകൾ പല നേഴ്സുകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു? 

ഇത്തരം വാർത്തകൾ ബ്രിട്ടണിലെ എല്ലാ ആശുപത്രിയിലേയും സാഹചര്യങ്ങൾ അല്ല, എന്നാൽ പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഈ രോഗബാധയുടെ ആദ്യഘട്ടത്തിൽ, എങ്ങനെ പ്രതിരോധിക്കണം എന്നറിയാത്ത സാഹചര്യത്തിൽ കിറ്റുകൾ പലപ്പോഴും അനാവശ്യമായി ഉപയോഗിച്ച് തീർന്ന സാഹചര്യമാണ് ഉള്ളത്. ഒരു ആശുപത്രിയിൽ ഇത്തരം കിറ്റുകൾ സൂക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. ഒരു കാലയളവിൽ ( Eg. PPE usage during a month, or a week ) ഉപയോഗിക്കുന്ന എണ്ണം, സ്റ്റോറേജ്, ഉപകരണങ്ങളുടെ കാലാവധി എന്നിവ നോക്കിയാണ് സ്റ്റോക്ക് കണക്കാക്കുന്നത്. ഇത്തരം പെട്ടെന്നുള്ള പകർച്ചവ്യാധികളുടെ പൊട്ടിപുറപ്പെടൽ നേരിടാൻ സാധാരണ ഒരു ഹെൽത്ത് സിസ്റ്റവും പര്യപ്തമല്ല എന്ന് മനസിലാക്കുക മിനിജാ ഓർമിപ്പിക്കുന്നു.

ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകൾ ഇല്ല എന്ന കാരണത്താൽ രോഗിക്ക് ചികിത്സ നിഷേധിക്കാമോ?

ഇത് വളരെ സങ്കീർണമായ ഒരു ചോദ്യമാണ് എന്ന് മിനിജാ പറയുന്നു. സ്വന്തം ജീവന്റെ രക്ഷയ്ക്ക് ആവശ്യമായ സംരക്ഷണം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സ നിഷേധിക്കുന്നതാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കേണ്ടതാണ്.

എന്തൊക്കെയാണ് ചികിത്സ  നിഷേധിക്കുന്നതിന് മുൻപ് നഴ്സുമാർ ചെയ്യണ്ട കാര്യങ്ങൾ?

ആദ്യമായി തന്നെ ലൈൻ മാനേജരെ അറിയിക്കേണ്ടതാണ്. ഇനി വേണ്ട ഉപകരണങ്ങൾ മറ്റു വാർഡുകളിൽ ലഭ്യമാണോ എന്ന കാര്യം പരിശോധിക്കുകയും, ശ്രമിക്കുകയും ചെയ്യേണ്ടതാണ്.  ഇതെല്ലാം ചെയ്‌ത ശേഷവും കിട്ടുന്നില്ല എങ്കിൽ മാനേജരെ വിവരം ധരിപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഇൻസിഡെന്റ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഏത് പി പി ഇ ആണ് ഇല്ലാത്തതെന്നും ഏതാണ് വേണ്ടിയിരുന്നത് എന്നും രേഖപ്പെടുത്തേണ്ടതാണ്. പ്രസ്തുത റിപ്പോർട്ടിൽ ഏത് തരത്തിലുള്ള ചികിത്സക്കാണ് പി പി ഇ ഇല്ലാത്തതെന്നും, പ്രസ്‌തുത പി പി ഇ ഇല്ലെങ്കിൽ ചികിത്സ നഴ്‌സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നും രേഖപ്പെടുത്തേണ്ടതാണ്.

ഹോസ്‌പിറ്റൽ മാനേജ്‌മന്റ് ആദ്യം അന്വേഷണം നടത്തുകയും, അന്വേഷണത്തില്‍ നമ്മുടെ ഭാഗത്ത് വീഴ്ച കണ്ടെത്തുകയും ചെയ്‌താല്‍ നടപടിക്ക് നാം വിധേയമാകും എന്ന് തിരിച്ചറിയുക. നമ്മുടെ ഇന്‍സിഡന്‍സ് റിപ്പോർട്ട്   പിന്നീട് NMC ഇതുമായി തെളിവ് ശേഖരിക്കുമ്പോൾ എടുത്ത തീരുമാനം സാധൂകരിക്കാൻ വിധമാകണം.  അതിന് സാധിച്ചില്ലെങ്കിൽ പിൻ നമ്പർ നഷ്ടപ്പെടുവാൻ വരെ സാധ്യത കൂടുതൽ ആണ് എന്ന് തിരിച്ചറിയുക. ഒരിക്കലും സ്വയം തീരുമാനങ്ങൾ എടുക്കാതെ മേലധികാരികളുമായി സംസാരിച്ചശേഷം തീരുമാനങ്ങൾ എടുക്കുക.

current NHS recommendation for Confirmed and suspected case.

Gloves
Fluid repellent surgical Mask
Apron
Eye protection-
Eye protection- if there is any risk

Aerosol Generating procedures

FFP3 mask
Gloves
Long sleeve fluid repellent gown
Disposable Goggles or full face shield

[ot-video][/ot-video]

കോവിഡ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനില്‍ ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 14,579 ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയുടെ മുള്‍മുനയിലായി.

മരണ നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബര്‍മിന്‍ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ലണ്ടനിലും മാഞ്ചസ്റ്ററിലും ബര്‍മിന്‍ഹാമിലും അടിയന്തരമായ പുതിയ ആശുപത്രികള്‍ പണിയാന്‍ തീരുമാനമായി. കൊവിഡിനെ പ്രതിരോധിക്കാനായി വളരെ നല്ല മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു. എയര്‌പോര്‍ട്ടുകളും ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും പൂര്‍ണ്ണമായും ഇതുവരെ അടച്ചിട്ടില്ല. പല ഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്.

മലയാളികള്‍ കാര്യമറിയാതെ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ കളിയാക്കുകയാണ്. മറ്റൊരു പ്രധനപ്പെട്ട കാര്യം നിരവധി ആളുകള്‍ സ്വയം കൊറൈന്റനില്‍ ഇരിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. ആരോഗ്യ സ്ഥിതി മോശമായവരോട് വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാലിഫോർണിയയിൽ താമസം മാറിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷാ നൽകാൻ കഴിയില്ലെന്ന് ട്രംപ്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കാനഡയിലെ വാൻകൂവറിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്. ‘ഞാൻ രാജ്ഞിയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മികച്ച സുഹൃത്തും ആരാധകനുമാണ്. രാജ്യം വിട്ട ഹാരിയും മേഗനും കാനഡയിൽ സ്ഥിര താമസമാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അവർ ഇപ്പോൾ അമേരിക്കയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ, അവരുടെ സുരക്ഷ ക്കായുള്ള പണം യു.എസ് വഹിക്കില്ല. അതവർ സ്വയം വഹിക്കണം’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

അതേസമയം, ‘സസെക്സിലെ ഡ്യൂക്കിനും ഡച്ചസിനും സുരക്ഷാ ഒരുക്കാനായി ബ്രിട്ടണും യുഎസ് സർക്കാരിനോട് ആവശ്യപ്പെടാൻ പദ്ധതിയില്ല. സ്വകാര്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന് സസെക്സസിന്റെ വക്താവ് പറഞ്ഞു. മാർച്ച് 31 ന് ദമ്പതികൾ സീനിയർ റോയൽ‌സ് സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിക്കുവാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. ഹാരിയും കുടുംബവും ഇപ്പോൾ ഹോളിവുഡിനടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.

ഹാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് മേഗൻ. ‘ട്രംപ് സ്ത്രീവിരുദ്ധനും, ജനങ്ങളെ ഭിന്നിപ്പിക്കുന്നവനും ആണെന്ന് അന്ന് മെഗൻ പറഞ്ഞിരുന്നു. കൂടാതെ, ഹിലരി ക്ലിന്റന് വോട്ട് വാഗ്ദാനം ചെയ്ത മേഗൻ വിജയിച്ചാൽ കാനഡയിലേക്ക് പോകുമെന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ട്രംപ് യുകെ സന്ദർശിക്കുന്നതിനുമുമ്പ് മെഗന്റെ പഴയ അഭിപ്രായപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ ഇത്ര വൃത്തികെട്ട സ്ത്രീയാണെന്നു എനിക്ക് അറിയില്ലായിരുന്നു. ഞാന് എന്ത് പറയാനാണ്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക് ഡൗണിന്റെ ദൈർഘ്യം നിശ്ചയിച്ചിട്ടില്ല എന്നും അത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും കാബിനറ്റ് ഓഫീസ് മന്ത്രിയായ മൈക്കിൾ ഗോവ്. ഞായറാഴ്ച സോഫി റിഡ്‌ജുമായി സംവാദം നടത്തിയ ക്യാബിനറ്റ് ഓഫീസ് മന്ത്രി ലോക്ക് ഡൗൺ സമയപരിധി പറയുവാൻ വിസമ്മതിച്ചു. എന്നാൽ ആളുകൾ മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായി സർക്കാർ നിയന്ത്രണങ്ങളുമായി സഹകരിച്ചാൽ കാലയളവ് ഒരുപരിധിവരെ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നു ഗോവ് പറഞ്ഞു. ഇതേസമയം മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ മാർക്ക് വാൾപോർട്ട് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഫി റിഡ്ജിനോട് പറഞ്ഞത്.ആളുകൾ പരസ്പരം അകലം പാലിക്കുക, അതായത് വീട്ടിൽ സമയം ചിലവഴിക്കുക എന്ന ഉപദേശം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് അതിനായുള്ള ഏക മാർഗം എന്ന് പറയുന്നത് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇമ്പീരിയൽ കോളജ് ലണ്ടനിലെ ഡിസീസ് എക്സ്‌പേർട്ട് പ്രൊഫസറായ നീൽ ഫെർഗുസൺ കൊറോണ വൈറസ് നിയന്ത്രിക്കാൻ ജനങ്ങൾ ജൂൺ വരെയെങ്കിലും തങ്ങളുടെ ഭവനങ്ങളിൽ കഴിയണം എന്ന് പറയുകയുണ്ടായി. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാലും ജനങ്ങൾ ഒരു പരിധിവരെ സാമൂഹിക അകലം പാലിക്കുക അതായിരിക്കും നല്ലത് എന്ന് ഒരു പ്രമുഖ സാമൂഹ്യ ഉപദേഷ്ടാവ് പറഞ്ഞു. ഇതിനർത്ഥം ബ്രിട്ടണിലെ മുഴുവൻ ജനങ്ങളും ഏകദേശം മൂന്ന് മാസത്തോളം വീടുകളിൽ കഴിയേണ്ടിവരും എന്നാണ്.

ലോക ഡൗണിന് ശേഷം സ്കൂളുകളും സർവ്വകലാശാലകളും ശരത് കാലം വരെ അടച്ചിടുന്നതും ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതും സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് പ്രൊഫസർ ഫെർഗുസൺ പറഞ്ഞു. “തീർച്ചയായും എല്ലാവരും ചൈനയേയും കൊറിയേയും നോക്കുന്നു. വൈറസ് ബാധ പടരുന്നത് ചൈനയിൽ, പ്രത്യേകിച്ച് വൂഹാനിൽ വളരെ പെട്ടെന്നായിരുന്നു. എന്നാൽ അവർ തളരാതെ ഒറ്റക്കെട്ടായി അണിനിരന്നു” എന്ന് മുൻ ചീഫ് ശാസ്ത്ര ഉപദേഷ്ടാവായ സർ മാർക്ക് വാൾപോർട്ട് പറഞ്ഞു.

അതേസമയം ലോക് ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ സർക്കാർ ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഉള്ള ബോറിസ് ജോൺസന്റെ രാജ്യത്തോടുള്ള അഭിസംബോധനയിലും നമുക്ക് ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വരികളിലൊക്കെയും മൂന്നുമാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകുമെന്ന വിശ്വാസം നമ്മുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മൂലമുള്ള മരണം യുകെയിൽ ദിനംപ്രതി കൂടി വരുന്നു . 1228 പേർ ഇതുവര മരിച്ചു കഴിഞ്ഞിരിക്കുന്നു . 19522 ഓളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു . ഭയാനകമായ ഈ സാഹചര്യത്തിൽ യുകെ മലയാളികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഡോ : ബീന അബ്ദുൾ വിവരിക്കുന്നു . കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്ത പരസ്പര സഹായ ഹെൽപ്പ് ലൈൻ പദ്ധതിയിൽ തുടക്കം മുതൽ ഡോ : ബീന അബ്ദുൾ പങ്കെടുത്തിരുന്നു .

നിരവധി യുകെ മലയാളികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകാൻ നോർത്താംപ്ടൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗത്തിൽ ക്യാൻസർ സർജനായി ജോലി ചെയ്യുന്ന ഡോ : ബീന അബ്ദുളിന് കഴിഞ്ഞിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ക്ലിനിക്കൽ ടീമിൽ ഡോ : ബീന അബ്ദുളിനൊപ്പം ഭർത്താവായ  ജ്യോതിഷ് ഗോവിന്ദനും പങ്കെടുക്കുന്നുണ്ട് . വളരെയധികം യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ  02070626688  എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് ദിനംപ്രതി സഹായം തേടികൊണ്ടിരിക്കുന്നത് . ഏതൊരു യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള സേവനമാണ്  60 ഓളം പേരടങ്ങുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരുമുള്ള മെഡിക്കൽ ടീം യുകെ മലയാളികൾക്കായി നൽകികൊണ്ടിരിക്കുന്നത് .

ആരോഗ്യ മേഖലകളിലും മറ്റ് പല മേഖലകളിലും പ്രവർത്തിക്കുന്ന ഓരോ യുകെ മലയാളികളും സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയാണ് ഡോ : ബീന അബ്ദുൾ ഈ വീഡിയോയിൽ വിശദീകരിക്കുന്നത് . ഡോ : ബീന അബ്ദുൾ നൽകുന്ന സന്ദേശം കാണുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.

[ot-video][/ot-video]

കോവിഡ് ചികിൽസയുടെയും ആരോഗ്യ രംഗത്ത് കൈവരിക്കുന്ന മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ബ്രിട്ടൺ പോലും കേരളത്തെ പ്രകീർത്തിക്കുന്ന കാലം വരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കേരളത്തിൽ ചികിൽസയിൽ കഴിയുന്ന യുകെ പൗരന്റെ മകൾ സംസ്ഥാനത്തെ ചികിൽസാ രീതിക്കെതിരെ രംഗത്തെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന  ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.

കഴിഞ്ഞദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു യുകെ പൗരന്റെ മകൾ കേരളത്തിലെ ചികിൽസാ രീതിയെ ആക്ഷേപിച്ച് രംഗത്തെത്തിയത്. എന്നാൽ ബ്രിട്ടീഷ് പൗരന്റെ മകൾ അവിടെ ഇരുന്ന് പരാതി പറയുമായിരിക്കാം, പക്ഷേ ചികിൽസ ലഭിച്ച ആ വ്യക്തി അത്തരം പരാമർശങ്ങൾ ഉന്നിയിക്കില്ലെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കുന്നു.

ബ്രിട്ടീഷുകാർക്കെപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങളോടൊരു പുച്ഛമുണ്ടെന്നും അതിന്റെ ഭാഗമായാകാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന്റെ മകൾ പരാതി ഉന്നയിച്ചതിന് പിന്നിൽ. പക്ഷേ ആളുകൾ ഭക്ഷണം കിട്ടാൻ ക്യൂ നിൽക്കുകയും സൂപ്പർമാർക്കറ്റുകൾ അടിച്ചുപൊളിക്കുകയും ചെയ്യുന്നൊരു നാട്ടിൽ നിന്നുകൊണ്ടാണ് ചിലർ നമ്മുടെ നാടിനെ കുറ്റം പറയുന്നത്. വരും ദിവസങ്ങളിൽ പക്ഷേ ബ്രീട്ടീഷ് പ്രധാനമന്ത്രി കേരളത്തെ നോക്കി പഠിക്കണം എന്ന പറയും. അത്ര മിടുക്കരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ എന്നും വിഎസ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved