സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 281 കടന്നിരിക്കുന്നു . 5683 ൽ അധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ബ്രീട്ടീഷ് ഗവണ്മെന്റിന്റെ കണക്കുകൾ സ്ഥിരീകരിക്കുന്നു . ഭീതി പടർത്തി കൊറോണ വൈറസ് യുകെയിൽ പടരുമ്പോൾ മലയാളികൾക്ക് സഹായഹസ്തവുമായി യുകെയിലെ മലയാളികളായ അഭിഭാഷകർ . യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഭാഗമായി നടത്തപ്പെടുന്ന പരസ്പര സഹായ പദ്ധതിയിൽ ചേർന്ന് നിന്നുകൊണ്ട് യുകെയിൽ കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് മലയാളികൾക്ക് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുവാനാണ് യുകെയിലെ മലയാളി അഭിഭാഷകർ മുന്നോട്ട് വന്നിരിക്കുന്നത് .
കൊറോണ ഭീതിയിൽ കഴിയുന്ന യുകെ മലയാളികൾക്ക് മാനസികമായും , ആരോഗ്യകരമായും സഹായം നൽകുന്നതിനായി യുകെയിലെ മലയാളി ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും ഉപദേശങ്ങൾ സ്വീകരിക്കുവാനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ സൗകര്യം ഏർപ്പെടുത്തിരുന്നു . ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ 20 ഓളം ഡോക്ടർമാരുള്ള ക്ലിനിക്കൽ ടീമിന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
ഇതിനോടകം നിരവധി യുകെ മലയാളി കുടുംബങ്ങൾക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുവാനും , ആരോഗ്യകരമായ ഉപദേശങ്ങൾ നൽകുവാനും , മാനസിക പിന്തുണ നൽകുവാനും ഈ മെഡിക്കൽ ടീമിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 140 ഓളം വരുന്ന വോളണ്ടിയർമാർക്കും കഴിഞ്ഞു .
കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചിലർ നിയമ സഹായം ആവശ്യപ്പെട്ട് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഭിഭാഷകരെ ഉൾപ്പെടുത്തി യുകെ മലയാളികൾക്ക് സൗജന്യ നിയമ സഹായം കൂടി നൽകുക എന്ന ദൗത്യം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഏറ്റെടുത്തത് .
അഡ്വ. ലൂയിസ് കെന്നഡി, അഡ്വ : പോൾ ജോൺ , അഡ്വ : ഫ്രാൻസിസ് മാത്യു കവളക്കാട്ട് , അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ , അഡ്വ : സന്ദീപ് പണിക്കർ , അഡ്വ : അരുൺ ഏണസ്റ്റ് ഡിക്രൂസ് , അഡ്വ : അരവിന്ദ് ശ്രീവത്സലൻ , അഡ്വ : അഫ്സൽ അവുൺഹിപ്പുറത്ത് , അഡ്വ : ദിലീപ് രവി തുടങ്ങി പ്രമുഖരായ ഒന്‍പത് മലയാളി അഭിഭാഷകരാണ് മാതൃകാപരമായ ഈ പരസ്പര സഹായ യജ്ഞത്തിൽ പങ്ക് ചേരാൻ മുന്നോട്ട് വന്നിരിക്കുന്നത് .
ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായ ബന്ധപ്പെട്ടും , ജോലിയുമായും ബന്ധപ്പെട്ടും , ബിസ്സിനസുമായി ബന്ധപ്പെട്ടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാൻ ഈ ലീഗൽ സെല്ലിന് കഴിയും . കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യകരമായോ , നിയമപരമായോ ഏതെങ്കിലും പ്രശ്നങ്ങളിൽ ബുദ്ധിമുട്ടി കഴിയുന്ന യുകെ മലയാളിയാണോ നിങ്ങളെങ്കിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയുടെ ഭാഗമായ 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് ഉടൻ വിളിക്കുക . ഞങ്ങളാൽ സാധ്യമായ എല്ലാ സഹായവും നിങ്ങളിൽ ഓരോരുത്തർക്കും നൽകുമെന്ന് ഉറപ്പ് നൽകുന്നു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലുള്ള തീവെട്ടിക്കൊള്ളകളുടെ കഥകളാണ് യുകെയിലെ റീട്ടെയിൽ മേഖലകളിൽ നിന്നും കേൾക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം യുകെയിൽ എല്ലാ മേഖലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ദൗർലഭ്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതിൽ മുന്നിൽനിൽക്കുന്നത് ഏഷ്യൻ ഷോപ്പുകൾ ഉൾപ്പെടുന്ന ചെറുകിട വ്യാപാര മേഖലയാണ്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള ഡിമാൻഡും ദൗർലഭ്യം ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ റീട്ടെയിൽ മേഖലകൾ കൊറോണക്കാലത്ത് പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ്.
മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കാരണം മലയാളിയുടേയും മറ്റും പല ആവശ്യസാധനങ്ങൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ല . വെറും 10 പൗണ്ടിൽ താഴെ വിലയുണ്ടായിരുന്ന 10 കിലോയുടെ കുത്തരി ബാഗിന് കഴിഞ്ഞദിവസം 36 പൗണ്ട് വരെ വാങ്ങിയവരുണ്ട്. ഒരു കിലോ ഇഞ്ചിയുടെ വില നേരെ ഇരട്ടിയായി 5 പൗണ്ട് വരെയായി. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതച്ചിലവ് വലിയ തോതിൽ വർദ്ധിച്ചത് കൊറോണ കാലത്തെ ഇരുട്ടടി ആണ്.
ഇതിനിടയിൽ കൊറോണാ കാലത്ത് അല്പം പണം ഉണ്ടാക്കാനായി ചില മലയാളി സുഹൃത്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടിലെ ഒരു മലയാളി 34 ചാക്ക് കുത്തരി വരെയാണ് വീടിനുള്ളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.ചാക്കിന് 10 പൗണ്ട് മുതൽ 12 പൗണ്ട് വരെ മുടക്കിയാണ് വാങ്ങിയതെങ്കിൽ മറ്റ് മലയാളികൾക്ക് മറിച്ചു വിൽക്കുന്നത് 25 പൗണ്ട് മുതൽ 30 പൗണ്ട് വരെ നിരക്കിലാണ്
ഓർക്കുക ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ട്. അമിത ലാഭം കൊയ്യുന്ന അവർക്കെതിരെ യുകെയിലെ നിയമ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.
ലങ്കാഷയർ യൂണിവേഴ്സിറ്റിയിലെ എം ബി എ വിദ്യർത്ഥിയായ സിദ്ധാർഥിനെ (23) കാണാനില്ല പരാതി പോലീസിന്. ലിങ്കൻഷയർ പോലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആണ് പ്രസ്തുത വിവരം വന്നിട്ടുള്ളത്. കഴിഞ്ഞ ഞായാറാഴ്ച (15/03/2020) 8:30 pm നോട് അടുത്താണ് കാണാതായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചയുടൻ പോലീസ് ഹെലികോപ്റ്ററുകളും ഡ്രോൺ മുതലായവ ഉപയോഗിച്ച് തിരഞ്ഞു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ അവസാനമായി സഞ്ചരിച്ചത് സിറ്റിക്ക് അടുത്തുള്ള docks ന് അടുത്തേക്ക് ആണ് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഏഴു മണിയോടെ നാട്ടിനുള്ള പിതാവുമായി സംസാരിച്ചിരുന്നു. അപ്പോൾ വളരെ സന്തോഷവാനായിരുന്നു സിദ്ധാർത് എന്നാണ് നാട്ടിലുള്ള പിതാവ് ഈ വിഷയത്തെപ്പറ്റി പങ്കുവെച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാദിവസവും നാട്ടിലെ മാതാപിതാക്കളുമായി സംസാരിക്കാറുള്ള സിദ്ധാർഥിന്റെ തിരോധാനം കുടുംബത്തെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ജൂലൈ 2019 ആണ് UCLAN യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്‌തത്. യുകെയിൽ ഉള്ള മറ്റൊരു സിറ്റിയിലും കൂട്ടുകാരോ ബന്ധുക്കളോ ഇല്ലെന്നു പിതാവ് വെളിപ്പെടുത്തി.
വളരെയധികം മലയാളി വിദ്യാർത്ഥികളും പഠിക്കാനെത്തിയിരിക്കുന്ന ഒരു യൂണിവേഴ്സിറ്റി ആണ് ഇത്. സിദ്ധാർത്ഥിന്റെ മുറി സേർച്ച് ചെയ്തതിൽ നിന്നും പാസ് പോർട്ട് കണ്ടെടുക്കുകയും ചെയ്തതോടെ യുകെ വിട്ടു പോകാനുള്ള സാധ്യത ഇല്ലാതായി. എന്തായാലും ഇന്ന് കാണാതായിട്ട് 6 ദിവസം ആയിരിക്കുകയാണ്.
പരാതിയുടെ വെളിച്ചത്തിൽ ലിങ്കൻഷയർ പോലീസിന്റെ പൊതുജനത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക
contact police on 101 quoting log 1362 of March 15.
[ot-video]
Have you seen Siddharth Murkumbi? We are appealing for information after he went missing from Preston.
Siddharth, 23, was last heard from around 8.30pm yesterday (Sunday, March 15) and may have travelled to the docks area of the city.https://t.co/4rjmbxGMcy pic.twitter.com/vCRPIoZ075
— LancsPolice (@LancsPolice) March 16, 2020
[/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുവാനും , രോഗികളായവരെ സഹായിക്കുവാനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ ദിനംപ്രതി സ്വീകാര്യതയേറുന്നു . ഇതിനോടകം നിരവധി മലയാളികളാണ് പലതരം സഹായങ്ങൾ ആവശ്യപ്പെട്ട് 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ചത് . പൂർണ്ണമായും ബ്രിട്ടീഷ് ഗവണ്മെന്റും , ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ടീമിന്റെ ഉപദേശങ്ങൾ യുകെ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നാണ് തെളിയുന്നത്.
ആഷ്‌ഫോഡിൽ അന്യസമ്പർക്കമില്ലാതെ കഴിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ബാസിൽഡനിലുള്ള സുഹൃത്ത് സിജോ ജോർജ്ജ് വഴി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാരസെറ്റമോൾ എത്തിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് വന്ന ഫോൺ കോളിന് ഉടൻ തന്നെ ആഷ്‌ഫോഡിലെ ബോബി എബ്രഹാം എന്ന സുഹൃത്ത് വഴി മരുന്ന് എത്തിച്ച് കൊടുത്തുകൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പരസ്പര സഹായ പദ്ധതിക്ക് തുടക്കം കുറിച്ചത് .
ഈ സഹായ പദ്ധതിയോടുള്ള യുകെ മലയാളികളുടെ പ്രതികരണങ്ങൾ കാണുക
” ഞാനായിരുന്നു ഇന്നലെ ഹെൽപ്പ് ലൈനിൽ വിളിച്ചത് , ആഷ്‌ഫോർഡിലിലുള്ള ഫ്രണ്ടിനും ഫാമിലിക്കും വേണ്ടിയായിരുന്നു വിളിച്ചത് . അവർക്ക് രാത്രി തന്നെ മെഡിസിൻ കിട്ടി . ഒത്തിരി നന്ദിയെന്ന് സിജോ ജോർജ്ജ് ”
” എന്ത് സഹായത്തിനും ഞാൻ റെഡിയെന്ന് ആഷ്‌ഫോർഡിലെ ബോബി എബ്രഹാം . ഉടൻ തന്നെ ബോബി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയിൽ വോളണ്ടിയറാകുന്നു ”
” എനിക്ക് ഒരു സഹായം വേണ്ടി വന്നാൽ ആരോക്കൊയോ ഇവിടെയുണ്ട് എന്ന ഒരു തോന്നൽ , ഹെൽപ്പ് ലൈനിലെ മലയാളിയായ ചേച്ചിയുമായി സംസാരിച്ചതിന് ശേഷം എനിക്ക് വളരെ ആശ്വാസം തോന്നുന്നുവെന്ന് മറ്റൊരു മലയാളി സ്റ്റുഡന്റ് ”
മലയാളി സ്റ്റുഡന്റിന്റെ പ്രതികരണം കേൾക്കാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
” ഇങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ ആളുകൾ യുകെയിലെ മലയാളി കൂട്ടായ്മകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് … എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക എന്ന് സിന്ധു എൽദോ എന്ന യുകെ മലയാളിയുടെ മറുപടി ”
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങി വച്ച കൊറോണ വൈറസ് തടയൽ പരസ്പര സഹായ യജ്ഞത്തെ യുകെ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത് .
അതോടൊപ്പം ഡോക്ടർമാരും രോഗികളുമായി നേരിട്ട് കണ്ട് സംസാരിക്കാൻ ഉണർവ്വ് ടെലി മെഡിസിൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ബിജോയ് എം ജി യുടെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന അത്യാധുനിക വീഡിയോ കോൺഫ്രൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . ഈ വീഡിയോ സംവിധാനത്തിലൂടെ രോഗികളുടെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർക്ക് നേരിട്ട് കാണുവാനും അതനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കഴിയും എന്നത് വളരെ ഗുണകരമാണ്. അതോടൊപ്പം ഒരേസമയം ഒന്നിൽ കൂടുതൽ രോഗികളുമായി പല ഡോക്ടർമാർക്ക് നേരിട്ട് കണ്ട് സംസാരിക്കാനും കഴിയുന്നു .
ഇതേ വീഡിയോ കോൺഫ്രൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിലെ ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും , പരിശീലനവും യുകെയുടെ പല ഭാഗങ്ങളിലുള്ള വോളണ്ടിയർമാർക്ക് ഒരേ സമയം നൽകുവാനും , ഓരോ ദിവസത്തെയും സ്ഥിഗതികൾ വിലയിരുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുന്നു .
ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ മാതൃകാപരവും അഭിന്ദനീയവുമായ സേവനമാണ് യുകെ മലയാളികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഈ ഹെൽപ് ലൈൻ സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ മെഡിക്കൽ ടീമുമായി സഹകരിക്കാൻ അനേകം ഡോക്ടർമാരാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി 115 ഓളം വോളണ്ടിയർമാരാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും , രോഗികളായവർക്ക് സഹായമെത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് . ബ്രിട്ടീഷ് ഗണ്മെന്റിനൊപ്പം നിന്നുകൊണ്ട് മലയാളികളുടെയും മറ്റ് യുകെ നിവാസികളുടെയും വേദനയിലും , ആവശ്യങ്ങളിലും സഹായമാകാൻ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ ഓരോ പ്രവർത്തകരും .
ഫാ. ഹാപ്പി ജേക്കബ്
കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.
നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.
ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.
ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.
ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.
ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.
ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.
ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .
സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
യുകെയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ കരുതല്‍ നടപടികള്‍ ശക്തമാക്കി.
അതേസമയം കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ യുകെയില്‍ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ യുകെ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകി.
കോവിഡ് ബാധിച്ച് മുപ്പതു രാജ്യങ്ങളിലായി 11,398 പേര്‍ മരിച്ചു. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 1,043 പേരും ഇറാനില്‍ 1,433 പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184 പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ 2,75,000ലേറെ പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം ഏറ്റവും കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ദിവസമായിരുന്നു ഇന്നലെ. വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായ യുറോപ്പിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്. സ്‌പെയിനിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്നലെയാണ. 235 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ തന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യുറോപ്പിലെ വിവിധ സര്‍ക്കാരുകള്‍ തീരുമാനിച്ചു.
ഡിസംബറില്‍ ചൈനയില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയതിന് ശേഷം ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ഇന്നലെയാണ്. സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാണ് ഇന്നലെയും കൂടുതല്‍ പേര്‍ മരിച്ചത്. 4032 പേര്‍ക്കാണ് ഇറ്റലയില്‍ ജീവന്‍ നഷ്ടമായത്. പുതുതായി 5986 പേര്‍ക്ക് രോഗ ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 47021 രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വടക്കന്‍ ഇറ്റലിയിലാണ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. ഇറ്റലിയില്‍ അധികൃതരെ സഹായിക്കാന്‍ എത്തിയ ചൈനീസ് വിദഗ്ദര്‍ പല നഗരങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്‌റഞ്ഞു. ഇതേ തുടര്‍ന്ന് ലൊംബാര്‍ഡിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൈന്യം ഇറങ്ങി. ഇറ്റലിയിൽ മരിച്ച 86 ശതമാനം പേരും 70 വയസ്സിന് മുകളിലുള്ളവരാണ്.
പല ആശുപത്രികളിലും രോഗികളെ ചികില്‍സിക്കാനുള്ള സംവിധാനങ്ങളില്ലാ്‌തെ ബുദ്ധിമുട്ടകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ‘ നിരവധി മരണങ്ങളാണ് കാണേണ്ടിവരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ശേഷിയുടെ അവസാനഘട്ട്ത്തില്‍ എത്തിയിരിക്കുകയാണ്. പല ആശുപത്രികളിലും ഉപകരണങ്ങള്‍ മതിയാവുന്നില്ല’ ലൊംബാര്‍ഡിയിലെ ഡോക്ടര്‍ റൊമാനോ പാലോസി റോയിട്ടേഴ്‌സിനൊട് പറഞ്ഞു. കുടുതല്‍ പേര്‍ മരിക്കുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതും വെല്ലുവിളിയായിട്ടുണ്ട്. പല പ്രദേശങ്ങളിലും സൈന്യത്തിന്റെ സഹായമാണ് ജനങ്ങള്‍ തേടുന്നത്.
കൊറോണ കനത്ത നാശം വിതയ്ക്കുന്ന മറ്റൊരു രാജ്യമായ സ്‌പെയിനും ഇന്നലെ കനത്ത നാശനഷ്ടങ്ങളുടെ ദിവസമായിരുന്നു. 235 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് 1002 പേരാണ് ഇതിനകം മരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കുടതല്‍ വഷളാകുമെന്ന ആശങ്കയിലാണ് സ്‌പെയിനിലെ അധികൃതര്‍. മാഡ്രിഡിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ആശുപത്രകളില്‍ ഏറെയും കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത വിധം തിങ്ങി നിറഞ്ഞിരിക്കായാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രോഗബാധിതരുടെ എണ്ണം കൂടുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഉള്ളത് പൊലുള്ള അതിവ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ജര്‍മ്മനയില്‍ ഏര്‍പ്പെടുത്തുമെന്ന് ചാൻസിലർ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു.
ബ്രിട്ടനില്‍ പബ്ബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം ജോലി ചെയ്യാന്‍ കഴിയാതെ പോയ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ന്യൂയോര്‍ക്കില്‍ അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. കാലിഫോര്‍ണിയയില്‍ പൂര്‍ണമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കോടിയോളം വരുന്ന ജനങ്ങളോട് പുറത്തിറങ്ങരുതെ്ന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരികരിച്ചിട്ടുണ്ട്. എ്ന്നാല്‍ ഇദ്ദേഹം വൈസ് പ്രസിഡന്റുമായോ പ്രസിഡന്റുമായോ അടുത്ത് ഇടപഴകിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും ഇറാന്‍ ഉള്‍പടെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ ഉത്തരവുകള്‍ലംഘിച്ച് പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ പുതുവല്‍സര ആഘോഷത്തിനായി ആയിരകണക്കിന് ആളുകള്‍ പുറത്തിറങ്ങിയതാണ് അധികൃതരെ വിഷമത്തിലാക്കിയത്. ഇന്നലെ മാത്രം രാജ്യത്ത് 149 പേരാണ് മരിച്ചത്. യു എ ഇയില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. ഇസ്രേയിലില്‍ കൊറോണ മൂലമുള്ള ആദ്യ മരണം ഇന്നലെ രേഖപ്പെടുത്തി.
ലണ്ടൻ: കൊറോണ വൈറസിനെ തോൽപ്പിക്കാൻ തീരുമാനിച്ചുറച്ചു ബ്രിട്ടീഷ് ഭരണകൂടം. വൈറസിന്റെ വളർച്ചയുടെ ഗ്രാഫിന്റെ ഗതി തിരിച്ചിറക്കാൻ ലഭ്യമായ എല്ലാ ആയുധവും പുറത്തെടുത്ത ഒരു വാർത്താസമ്മേളനമാണ് അൽപം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ധനകാര്യ മന്ത്രിയും ചേർന്ന് നടത്തിയത്. ഇന്ന് വരെ ലോകത്തിലെ ഒരു സർക്കാരും ചെയ്യാൻ ശ്രമിക്കാത്ത അല്ലെങ്കിൽ ശ്രമിക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്ന നടപടികളാണ് ബ്രിട്ടീഷ് എക്കണോമിയെ പിടിച്ചുനിർത്താൻ വേണ്ടി സർക്കാർ പുറത്തെടുത്തിരിക്കുന്നത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്
യുകെയിലെ ചെറുതും വലതുമായ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും അവർ തന്റെ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ 80 ശതമാനം ഗ്രാന്റ് ആയി നൽകുന്നു. ഒരു മാസം 2500 പൗഡ് വരെയുള്ള ശമ്പളത്തിന് 80% ഗ്രാന്റ് ലഭിക്കുകയുള്ളു. എംപ്ലോയർ ജോലിയിൽ നിലനിർത്തുന്ന ജോലിക്കാർക്കാണ് ഇത്തരത്തിൽ സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. HMRC വഴിയാണ് ഇത് നടപ്പിലാക്കുന്നത്.
ഈ വരുന്ന ജൂൺ മാസം വരെയുള്ള ചെറുകിട വൻകിട ബിസിനസുകളുടെ വാറ്റ് ഡിഫർ ചെയ്‌തതോടൊപ്പം ഒരു വർഷത്തെ പലിശരഹിത ലോണും ലഭ്യമാണ്.
യൂണിവേഴ്‌സൽ ക്രെഡിറ്റ് അലവൻസ് £1000 ഉയർത്തുകളും ചെയ്‌തു. അതിനോടൊപ്പം സെൽഫ് അസ്സസ്സ്മെന്റ് ചെയ്യാൻ ഉള്ള സമയപരിധി അടുത്ത വർഷ ആരംഭത്തിലേക്ക് മാറ്റുകയും ചെയ്‌തിരിക്കുന്നു.
സെൽഫ് എംപ്ലോയ്‌മെന്റ് വിഭാഗത്തിൽ പെടുന്നവർക്ക് യൂണിവേഴ്‌സൽ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. അതായത് സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്‌മെന്റിന് തതുല്യമായ തുകയാണ് നൽകുന്നത്. വാടകയ്ക്ക് താമസിക്കുന്നവർക്കായി ഒരു ബില്യൺ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.
വൻകിട ചെറുകിട ബിസിനസ്സുകൾക്കു ആവശ്യമായ പണം ലഭ്യമാക്കുന്ന പുതിയ പദ്ധതി അടുത്ത ആഴ്ച്ച പുറത്തിറക്കുന്നു.
ഇന്ന് അർദ്ധരാത്രി മുതൽ യുകെയിലെ എല്ലാ ഹോട്ടലുകളും, ബാറുകളും പബ്ബുകളും അടക്കണം എന്ന നിർദ്ദേശം വന്നിരിക്കുന്നു. അതായത് ഒരാൾക്കും ഉള്ളിൽ സെർവ് ചെയ്യാൻ പാടുള്ളതല്ല. ടേക്ക് എവേക്കു (TAKE AWAY) ഇത് ബാധകമല്ല. മലയാളികൾ നടത്തുന്ന ചില ഹോട്ടലുകൾക്ക് ഈ തീരുമാനം പ്രതികൂലമാകും എന്നാണ് പുറത്തുവരുന്ന വിവരം.
നിശാ ക്ലബുകൾ, തിയറ്ററുകൾ, ജിമ്മുകൾ എന്നിവയും ഇന്ന് മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.
എല്ലാ ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും, ഇത് നാഷണൽ ഹെൽത്ത് സെർവിസിനെ സംരക്ഷിക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എടുത്തുപറഞ്ഞു.
ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കിരുന്നു… 0.25% നിന്നും ൦.1% ആയി കുറച്ചിരുന്നു.
ഇറ്റലിൽ മരിച്ചവരുടെ എണ്ണം ഇന്നും ഉയർന്ന് 4032 എത്തി. 627 പേരാണ് ഇന്ന് മരിച്ചത്… ബിബിസി റിപ്പോർട്ട്.
ലോകത്താകമാനം ഇതുവരെ മരിച്ചത് 10,000 കടന്നു.. രോഗബാധിതർ 2,50,000 റിൽ എത്തിയപ്പോൾ രോഗം ഭേദമായവർ 80,000 ആണ്.
സ്വന്തം ലേഖകൻ
മലയാള ഭാഷയുടെ ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനാണ് ഫാദർ ഷാജി തുമ്പേചിറയിൽ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ആൽബമായ ‘ഈശോയുടെ പുഞ്ചിരിയിലെ ‘ ജനശ്രദ്ധ ആകർഷിച്ച ” അമ്പിളിമാമ പാട്ടുകാരാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള യുവ പ്രതിഭ അന്ന ജിമ്മിയാണ്. അന്നയെ കുറിച്ച് മുൻപ് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു വയസ്സു മുതൽ തന്നെ പാട്ടിലും, നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച അന്ന, നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈശോയുടെ പുഞ്ചിരി എന്ന ഈ ആൽബത്തിലെ പാട്ടു കൊണ്ട് അന്ന ജനഹൃദയങ്ങളെ കീഴടക്കുകയാണ്.
ഈ ഗാനത്തിന് വരികൾ രചിക്കുകയും, അവയ്ക്ക് ഈണം പകരുകയും ചെയ്തത് ഫാദർ ഷാജി തുമ്പേചിറയിൽ അച്ചനാണ്. മൂവായിരത്തിൽപ്പരം ഗാനങ്ങൾക്ക് അച്ചൻ ഈണം പകർന്നിട്ടുണ്ട്. ഈ ആൽബത്തിലെ ഗാനങ്ങൾ മുഴുവനും പ്രവാസികളായ കുട്ടികളാണ് ആലപിച്ചിരിക്കുന്നത്. ഫാദർ ഷാജി തുമ്പേചിറയിലിനോടൊപ്പം, ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ജോസഫ് കീഴുകണ്ടയിൽ, ഫാദർ സിറിയക് പാലക്കുടി, അവിനാശ് മാത്യു എന്നിവർ ചേർന്ന് ഒരുക്കിയതാണ് ഈ ആൽബം. സുനിൽ ജോയ് ആണ് ഈ ആൽബത്തിൽ കീബോർഡ് ചെയ്തിരിയ്ക്കുന്നത് . ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ബിജോ ടോമും, ഏകീകരണം നടത്തിയിരിക്കുന്നത് ഷൈമോൻ തോട്ടുങ്കലുമാണ്. പ്രതിഭകളായ ഒരു പറ്റം പ്രവാസി കുട്ടികളുടെ ശബ്ദവും ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.
ഈ പാട്ടുകളിൽ ഒന്നിന്റെ ഗായികയായ അന്ന ജിമ്മി ഒരു അതുല്യ പ്രതിഭയാണ്. നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ അന്ന നേടിയിട്ടുണ്ട്. 15 വർഷത്തോളമായി പ്രവാസികളായ ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളായ അന്ന എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
ലണ്ടൻ: കൊറോണ രോഗത്തെ അതിജീവിച്ചത് ചിക്കൻ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷുകാരിയായ ഡോക്ടർ. തനിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ താൻ പുതിയ ഭക്ഷണരീതി പിന്തുടരുകയും പാരസെറ്റമോൾ മരുന്നായി കഴിക്കുകയും ചെയ്‌തെന്നാണ് ഈ ഡോക്ടർ പറയുന്നത്. റോയൽ കോളജിലെ ജിപി വിഭാഗം മുൻ മേധാവി കൂടിയായ സീനിയർ ഡോക്ടർ ക്ലെയർ ജെറാർഡാണ് കോവിഡ് 19 രോഗം ബാധിച്ച താൻ പൂർണ്ണമായും അസുഖം ഭേദപ്പെട്ട് കോവിഡ് വിമുക്തയായെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്കിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ക്ലെയറിന് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയർ പറയുന്നു. ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താൻ ആദ്യം കരുതിയതെന്നും ഇവർ വെളിപ്പെടുത്തുന്നു.
തുടർന്ന് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വർധനയും ഉണ്ടായതോടെ വീട്ടിൽ വിശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതൽ അറിയാന് ശ്രമിച്ചു. തുടർന്ന് ലോക്കൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഈ ഡോക്ടർ പറയുന്നു.