UK

സണ്‍, ഡെയ്ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രട്ടീഷ് രാജകുടംബാംഗം ഹാരി രാജകുമാരന്‍. ഫോണ്‍ ഹാക്കിംഗ് നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. വോയ്സ്മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

ഹാരിയും സഹോദരന്‍ വില്യം രാജകുമാരനും കഴിഞ്ഞ ദശകത്തില്‍ ഹാക്കിംഗ് ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു. ടാബ്ലോയിഡ് ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ വോയ്സ്മെയിലുകള്‍ ആക്സസ്സുചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. മേഗന്‍ വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്‍ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.

നിയമനടപടികളുടെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയില്‍ പേപ്പറുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ നടപടികളുമായി മുന്നോട്ട് പോകണോ എന്നു തീരുമാനിക്കാന്‍ വാദിഭാഗത്തിന് നാലുമാസം സമയം ലഭിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കൊട്ടാര ദമ്പതികളുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ‘അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തികള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ്’ ചില മാധ്യമങ്ങളെന്ന് ഹാരി ആരോപിച്ചു.

വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.

ഹാരിയും ടാബ്ലോയിഡ് പ്രസ്സും തമ്മിലുള്ള ശത്രുത മേഗനുമായുള്ള ബന്ധം ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണപ്പോള്‍ റിപ്പോര്‍ട്ടിംഗില്‍ ഉണ്ടായ ‘വംശീയ പരാമര്‍ശങ്ങളെ’ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’ ഒക്ടോബർ  5നു ബ്രിട്ടീഷ് ഫിലിം ഇൻസ്ടിട്യൂട്ട് ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ അവതരിപ്പിക്കും. ‘കേരളത്തിലെ ബാഡ് ബോയ് ഡയരക്ടർ ലിജോ ജോസ് പെല്ലിശ്ശേരി’ എന്നാണ് ലണ്ടനിൽ നടന്ന പ്രസ് കോൺഫറൻസിൽ വിതരണം ചെയ്‌ത ഫെസ്‌റ്റിവൽ പ്രോഗ്രാമിൽ സംവിധായകനെ അല്പം കുസൃതിയോടെ വിശേഷിപ്പിക്കുന്നത്.

ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചിത്രം ലണ്ടൻ ഫിലിം ഫെസ്‌റ്റിവലിൽ എത്തുന്നത്. BFI അംഗം അല്ലാത്തവർക്ക് സെപ്‌തംബർ 12 മുതൽ 020 7928 3232 എന്ന നമ്പരിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപമായിരുന്ന 306 കോടി ഇന്ത്യയിലെത്തിയത്കൊണ്ടും കാര്യങ്ങൾ കഴിഞ്ഞില്ല. ഇനി ഈ തുക വീതിക്കലാണ് അടുത്ത കടമ്പ, അതും 120 അനന്തരാവകാശികൾക്കായി! ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഭജനത്തിനുശേഷം 1948 സെപ്തംബറിൽ നൈസാം മിർ ഉസ്മാൻ അലി ഖാൻ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്തുലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശവാദം ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, ഇന്ത്യയ്ക്കും നൈസാമിന്റെ പിൻഗാമികൾക്കുമായി തുക നൽകണമെന്ന് അനുകൂല വിധിയും വന്നു.

ഇന്ത്യൻ സർക്കാർ, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കൾ, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേർ എന്നിവർക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി. കേസിൽ കക്ഷി ചേർന്നിട്ടുള്ളവർക്കു മാത്രമാണു സ്വത്തിൽ അർഹതയുണ്ടാവുക. കേന്ദ്ര സർക്കാരുമായി നിസാമിന്റെ കുടുംബ പ്രതിനിധികൾ ചർച്ച നടത്തുകയും എങ്ങനെയാണു തുക വീതിച്ചെടുക്കുക എന്നതു സംബന്ധിച്ചു സമവായത്തിലെത്തി യു.കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.

-‘ഹൈദരാബാദ് ഫണ്ട്’പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. അതേസമയം, കോടതിവിധിക്കെതിരെ പാക്കിസ്ഥാൻ അപ്പീൽ നൽകിയാൽ നിയമയുദ്ധം നീളുകയും പണം ബാങ്കിൽ തുടരുകയും ചെയ്യും.

ഹൈദരാബാദ് നൈസാമിന്റെ 35 മില്യണ്‍ പൗണ്ടില്‍ അവകാശവാദം ഉന്നയിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പാകിസ്താന് പരാജയം. 1948ല്‍ ഹൈദരാബാദ് നൈസാം പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന് അവകാശം നൈസാമിന്റെ അനന്തരാവകാശികള്‍ക്കാണ് എന്ന് ലണ്ടനിലെ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസ് വിധിച്ചു. ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.

സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് നൈസാം ഈ തുക ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അവസാന നൈസാമായ മിര്‍ ഒസ്മാ അലി ഖാന്റെ വംശാവലിയില്‍ പെട്ട മുകാറം ജാ, സഹോദരന്‍ മുഫാഖം ജാ എന്നിവരാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനൊപ്പം പാകിസ്താനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്.

വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നൈസാം തീരുമാനിച്ചത്. അതേസമയം നൈസാമിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തുമെന്നായപ്പോള്‍ നൈസാം ഈ പണം പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹിംതൂലയുടെ അക്കൗണ്ടിലിടുകയാണുണ്ടായത്. എന്നാല്‍ നൈസാമിന്റെ ഏഴാമത്തെ കൊച്ചുമകനായ മുകാറം ജാ, ഈ പണം കുടുംബത്തിന്റേതാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു.

എന്നാല്‍ ഈ ഫണ്ട് തങ്ങളുടേതാണ് എന്ന് 2013ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടു. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിന് മുമ്പ് നൈസാമിന് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും ഇന്ത്യ കൈവശപ്പെടുത്താതിരിക്കാനാണ് നൈസാം തങ്ങള്‍ക്ക് പണം നല്‍കിയത് എന്നുമാണ് പാകിസ്താന്റെ വാദം. അതേസമയം ആയുധങ്ങള്‍ക്ക് പകരമായാണ് പണം നല്‍കിയത് എന്ന് പറയുന്നതിന് തെളിവില്ല കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് നിയമവിരുദ്ധമായാണ് ഇന്ത്യയോട് ചേര്‍ത്തത് എന്ന പാക് വാദവും ബ്രിട്ടീഷ് കോടതി തള്ളി. ഈ വാദത്തിന് കേസിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം വിധി വിശദമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നാണ് പാകിസ്താന്‍ ഫോറിന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വേൽസ് : 23 വയസ്സുള്ള പീഡിയാട്രിക് നഴ്സിനെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ചൊവ്വാഴ്ച വെളുപ്പിനെയോടെയാണ് കാണാതായത്. കാണാതായ സമയത്ത് നീല നിറത്തിലെ നഴ്സുമാരുടെ യൂണിഫോമും കറുത്ത ഷൂസും ആണ് അവർ ധരിച്ചിരുന്നത്. കാർപള്ളിയിൽ നിന്നുള്ള നഴ്സ് രാത്രി 1 നാല്പതോടെ ആണ് ഡ്യൂട്ടി അവസാനിപ്പിച്ച് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

പൈലി വില്ലേജിലെ സർവ്വ ഈ നദിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വെന്റ് പോലീസ് ശരീരം കണ്ടെത്തി. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ മൃതശരീരം തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങൾ അന്വേഷണത്തിനു സഹായിച്ച ഉദ്യോഗസ്ഥരോടും ബന്ധുമിത്രാദികളും നന്ദി അറിയിച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ എത്തിയവരോടുള്ള സ്നേഹാദരവുകൾ അവർ പങ്കുവെച്ചു.

 

കാർഡ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ബോർഡ് നഴ്സിന്റെ വേർപാടിൽ ദുഃഖാചരണം നടത്തി. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കരിയർ തെരഞ്ഞെടുത്ത ലോറി ജോൺസ് പ്രതിഭയുള്ള ഒരു വ്യക്തി ആയിരുന്നു എന്നും അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രിയായാലും ശരി, മറ്റാരായാലും ശരി രാജ്യത്ത് ഒരു നയമേ ഉള്ളൂ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സഹായിക്കുള്ളത്. തിരക്കിട്ട് നടന്നുവരുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും ഇതിനിടയിലാണ് ഒരു അസിസ്റ്റന്റ് പ്രധാനമന്ത്രിക്ക് കുടിക്കാനായി കയ്യില്‍ ഒരു കപ്പ് കാപ്പി വച്ചുകൊടുത്തത്. പ്ലാസ്റ്റിക്ക് കപ്പായിരുന്നു. ഉടന്‍ മറ്റൊരു അസിസ്റ്റന്റ് ഇടപെട്ട് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്ന് കപ്പ് പിടിച്ചുവാങ്ങി. ഡിസ്‌പോസിബിള്‍ കപ്പ് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ജോണ്‍സണ്‍ ഒന്ന് അമ്പരന്നു. പ്രധാനമന്ത്രിയും സംഘവും നടന്നുപോവുകയും ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്ഥലത്തുണ്ടായിരുന്ന ചാനല്‍ ഫോര്‍ ന്യൂസിന്റെ കാമറാമാന്‍ നീല്‍ കോര്‍ബറ്റ് ആണ് കൗതുകകരമായ ഈ ദൃശ്യം പകര്‍ത്തിയത്. കാപ്പി കപ്പ് കയ്യില്‍ നിന്ന് പോയ പ്രധാനമന്ത്രി ട്രോളര്‍മാര്‍ക്ക് ചാകര നല്‍കി.

2023നകം എല്ലാ ഡിസ്‌പോസിബിള്‍ കപ്പുകളും റീസൈക്കിള്‍ ചെയ്ത് ഒഴിവാക്കുമെന്ന് യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇത് പ്രധാനമന്ത്രിയുടെ വെറും പബ്ലിക് റിലേഷന്‍സ് തന്ത്രമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിരവധി ആരോപണങ്ങളും നേരിടുന്ന ബോറിസ് ജോണ്‍സണ്‍ ശ്രദ്ധ തിരിക്കാനായി നടത്തുന്ന പിആര്‍ കളിയാണ് ഇത് എന്നാണ് ആരോപണം. അതേസമയം ഇത് വലിയ ചര്‍ച്ചയായതിനെ പിന്നാലെ ജോണ്‍സണ്‍ Get Brexit Done എന്ന സന്ദേശമെഴുതിയ ഒരു ഗ്ലാസ് മഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അവസാനം എനിക്ക് കാപ്പി കിട്ടി (I got my coffee in the end.) എന്നും കുറിച്ചു.

 

ഷിബു മാത്യൂ

നേട്ടങ്ങൾ കൊയ്ത് മലയാളികൾ ബ്രിട്ടണിൽ മുന്നേറുകയാണ്. ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡ്‌ നൈറ്റ് ഒക്ടോബർ 26 ന് മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവും ഇടം നേടി. നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത്. ഭാഗ്യം സിന്ധുവിനെ തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാദിയും സിന്ധുവിൽ വന്നു ചേരും.

2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്. 2008 ൽ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി നിയമിതയായി. പിന്നീടങ്ങോട്ടുള്ള സിന്ധുവിന്റെ പ്രവർത്തന മികവാണ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അവാർഡിനരികിൽ എത്തിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലെ മത്സരങ്ങളെ നേരിട്ട്, മാനേജ്മെന്റിലെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിച്ചവർക്കും സ്വായത്തമായവർക്കും നല്കുന്ന അവാർഡാണിത്. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും വ്യക്താനിഷ്ട്യമായ രീതികൾ പിൻതുടരുകയും തനതായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം സഹപ്രവർത്തകർക്ക് രോഗീപരിപാലനത്തിൽ മാനേജരെന്ന നിലയിൽ നല്കിയ പിൻന്തുണയും പ്രധാന ഘടകമാണ്.

കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് മാഞ്ചെസ്റ്ററിലെ പ്രൻസിപ്പാൾ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൺ : ഒരാഴ്ചകൊണ്ട് പെയ്യുന്ന മഴ ഒരു ദിവസം കൊണ്ട് പെയ്തതുമൂലം മിഡ്ലാൻഡ്, വെയിൽസ്, തെക്കേ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പലസ്ഥലങ്ങളിലും ആളുകൾ വെള്ളം കയറിയ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും ഗതാഗതം പൂർണമായി തകരാറിലായി. ഇംഗ്ലണ്ടിൽ പ്രളയ സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജലാശയങ്ങളിലും, കടയിലും പൊതുജനങ്ങൾ പോകരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. വ്യാഴാഴ്ച ഇനിയും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വടക്കേ ഇംഗ്ലണ്ടിലെ കനത്ത മഴയെ തുടർന്ന് കംബ്രിയ, കാർഐസിൽ, ന്യൂകാസിൽ എന്നിവിടങ്ങളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലാക്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പരിപൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർ സർവീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. പലയിടങ്ങളിലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ചിത്രവും വാർത്തയും. അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെയാണ് തിരികെ കടലിലേക്ക് തന്നെ വിട്ടത്. ഇൗ മൽസ്യത്തിന് കോടികളാണ് വിപണിയിൽ വില. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്.

ഡേവ് എഡ്വാർഡ്സ് എന്ന വ്യക്തിയാണ് മീനിനെ പിടികൂടിയത്. വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. അപ്പോഴാണ് ട്യൂണാ മൽസ്യം ഇവരുടെ ചൂണ്ടയിൽ കുടുങ്ങുന്നത് എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത് .

ഇൗ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഘം പങ്കുവച്ചതോടെ വാർത്ത വൈറലായി. പിടികൂടിയ ട്യൂണ മൽസ്യത്തിന് 270 കിലോയോളം ഭാരമുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved