UK

പൂൾ:  യുകെയിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച റെയസ് റോബിന്‍സ് എന്ന ഒന്‍പതു വയസുകാരന്റെ സംസ്‌കാരം രാവിലെ 11 മണിക്ക് പൂളിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ ആണ് ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നു. സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികൻ. പൂള്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. കാനോന്‍ ജോണ്‍ വെബ്, കിന്‍സണ്‍ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവര്‍ ഒപ്പം… സംസ്ക്കാര ചടങ്ങുകളുടെ തത്സമയം കാണാം

[ot-video][/ot-video]

ഒടുവില്‍ അതു സംഭവിച്ചു. കിംവദന്തിയെന്ന് രാജകൊട്ടാരവും യാഥാര്‍ഥ്യമെന്നു പാപ്പരാസികളും ആവർത്തിച്ചുകൊണ്ടിരുന്ന വേര്‍പിരിയല്‍ പൂര്‍ണം. സത്യമെന്നു സംശയിച്ചെങ്കിലും അങ്ങനെ സംഭവിക്കരുതേ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുവെങ്കിലും അനിവാര്യമായത് സംഭവിച്ചു. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരുടെ വേര്‍പിരിയില്‍. അതും കൊട്ടാരത്തില്‍ നവവധുക്കള്‍ എത്തിയതുമുതലുള്ള അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാണെന്നു തെളിയിച്ചുകൊണ്ട്.

രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്‍ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഔദ്യോഗികമായി സസ്സക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസവും പ്രവര്‍ത്തനവും. പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുത്തത്. രാജകൊട്ടാരത്തില്‍ വധുക്കളായി എത്തിയ യുവതികളാണ് അഭിപ്രായവ്യത്യാസത്തിനു പിന്നിലെന്നാണ് സംസാരം.

2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുകയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരസ്യമായ ഒരു സൂചനയും രാജകൊട്ടാരത്തില്‍നിന്നു പുറത്തുവന്നിട്ടില്ല. ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഡൈ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ചു പങ്കെടുത്ത് അഭ്യൂഹങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍ അമേരിക്കന്‍ നടി കൂടിയായ മേഗന്‍ വരുന്ന വസന്തകാലത്ത് ഒരു കുട്ടിക്ക് ജന്‍മം കൊടുക്കും. അതിനോടനുബന്ധിച്ച് കെനിങ്സണ്‍ കൊട്ടാരത്തില്‍നിന്ന് അവര്‍ വിന്‍ഡ്സര്‍ എസ്റ്റേറ്റിലേക്കു മാറാന്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയ സാധ്യത കല്‍പ്പിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.

കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം പുറത്തുവന്നത്. 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്‌ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

യു.കെയിലെ കലാസ്‌നേഹികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുന്ന സമര്‍പ്പണ-2019, ഈ വരുന്ന ശനിയാഴ്ച്ച മാര്‍ച്ച് 16ന് ബെര്‍മിംഗ്ഹാമിലെ വീളി കാസില്‍ വര്‍ക്കിംഗ് മെന്‍സ് ക്ലബില്‍ വെച്ച് നടക്കുന്നതാണ്. 2016ല്‍ ആരംഭിച്ച ഈ കലാവിരുന്ന് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നമുക്ക് മുന്നിലെത്തുന്നത്. ബെര്‍മിംഗ്ഹാമിലെ സംഗീത അധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, യു.കെയിലെ ഏറ്റവും മികച്ച കലാകരാന്മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, തങ്ങളുടെ കലാമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണയില്‍ അണിനിരക്കുന്നത്.

പ്രശ്‌സ്ത നര്‍ത്തികമാരായ രശ്മി സുധീര്‍(ബ്രാഡ്‌ഫോര്‍ഡ്), ദിവ്യാ ഉണ്ണികൃഷ്ണന്‍(ഷെഫീല്‍ഡ്), ദീപാ നായര്‍(നോട്ടിംഗ്ഹാം), ആരതി അരുണ്‍(ബെര്‍മിംഗ്ഹാം) എന്നിവരോടപ്പം അറിയപ്പെടുന്ന നര്‍ത്തകനായ ലെസ്റ്ററില്‍ നിന്നുള്ള ഹിതേന്‍മിസ്ട്രിയും ഉണ്ട്. ഗായകരില്‍ പ്രമുഖര്‍ ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളി(ബെര്‍മിംഗ്ഹാം), ബ്രയന്‍ എബ്രഹാം(ബ്ലാക്ക്പൂള്‍), അലന്‍ ആന്റണി(നോര്‍വിച്ച്), ശ്രീകാന്ത് നമ്പൂതിരി(ബെര്‍മിംഗ്ഹാം), വാറന്‍ വാസ്‌ബോസ് ഹേയ്‌സ്(വെസ്റ്റ് ബ്രോംവിച്ച്) എന്നിവരാണ്. കൂടാതെ യു.കെയിലെ ഇന്ത്യന്‍ യുവതലമുറയുടെ ഹരമായ സെല്ലിഹില്‍സ് എന്ന മ്യൂസിക് ബാന്‍ഡും സമര്‍പ്പണയുടെ മുന്‍നിരയിലുണ്ട്. സെല്ലിഹില്‍സ് ബാന്‍ഡ് അംഗങ്ങള്‍: ബാസില്‍ റെജി(സ്ലീവനേജ്), പ്രതീക് ആന്റണി(ന്യൂകാസില്‍), ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി എന്നിവരാണ്.

ഇവരെ കൂടാതെ ആരതി അരുണിന്റെ തെരഞ്ഞെടുക്കപ്പെട്ട ചില ശിഷ്യരും സമര്‍പ്പണയില്‍ പാടുന്നു. രശ്മി സുധീര്‍, ഹിതേന്‍മിസ്ട്രി എന്നിവരുടെ ശിഷ്യരും പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ഭരതനാട്യം നര്‍ത്തകനും അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ നൃത്താദ്ധ്വാപകനുമായ സന്തോഷ് മേനോനാണ് സമര്‍പ്പണ 2019ന്റെ മുഖ്യ അതിഥി

പ്രശസ്ത നര്‍ത്തകിയും അവതാരകയുമായി ദീപാ നായര്‍, കലാ-സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവും ഗായികയുമായി ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണ 2019ന്റെ അവതാരകര്‍. മീഡിയ പാട്ണര്‍ ഗര്‍ഷം ടി.വി.

വിലാസം.

weoley Castle Working Men’s Club
158 Barnes Hill
Birmingham
B29 5TY

Sponsors: Arun Kumar and Jibi George(Ample Finance Ltd.)

കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്‍ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന്‍ ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.

ഫല്‍കിര്‍ക്കില്‍ മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില്‍ സാന്ത്വന ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്‍ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്‍ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില്‍ കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.

പ്രിയതമന്റെ വിയോഗ വാര്‍ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മാനസികമായി മരണത്തെ നേരിടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്‍കുന്ന വാക്കുകള്‍ പങ്കിട്ടു ജീവിതത്തില്‍ ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്‍ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്‍ത്തി നീങ്ങിയ നാളുകള്‍ക്കു ശേഷം മക്കള്‍ക്ക് മുന്നില്‍ ധൈര്യം സംഭരിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്‍ത്ത് വലി റോയല്‍ ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.

കുട്ടികള്‍ മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള്‍ ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില്‍ പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവിന്റെ മനസിന് ആശ്വാസം നല്‍കാന്‍ കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്‍ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള്‍ തന്നെ പറയുന്നു.

ജീവിതത്തില്‍ സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള്‍ അതില്‍ പതറാതെ നില്‍ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില്‍ കവര്‍ ചിത്രമാക്കിയിരിക്കുന്ന ജിനി താന്‍ ജീവിതത്തെ അതിന്റെ പ്രതിസന്ധികളില്‍ ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്‍കിര്‍ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല്‍ മനോധൈര്യം ധൈര്യം നല്‍കാന്‍ പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.

അനൂപ്‌ ജോസഫ് 

ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ആറിന് ലെസ്റ്ററില്‍ നടക്കും. റുഷിമീഡ് അക്കാഡമിയില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 200 പൗണ്ടാണ് സമ്മാനമായി ലഭിക്കുക. കൂടാതെ, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 125 പൗണ്ട്, 75 പൗണ്ട്, 50 പൗണ്ട് എന്നിങ്ങനെയും ലഭിക്കും.

ടൂര്‍ണമെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു ടീമിന് 30 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. 32 ടീമുകള്‍ നാലു ഗ്രൂപ്പുകളായാണ് മത്സരിക്കുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം.

എല്ലാ കായിക പ്രേമികള്‍ക്കും ലെസ്റ്ററില്‍ വച്ചു നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് സ്വാഗതം.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

രോഹിത്: 07518303360,
മെബിന്‍: 07508188289

സ്ഥലത്തിന്റെ വിലാസം

Rushey Mead Academy,
Melton Rd,
Leicester, LE4 7AN

അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.

മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.

‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു മുഴുവന്‍ അപേക്ഷിക്കുന്നു.മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് വികാരഭരിതനായി പറയുകയാണ് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റാണ് ഇത്. അവള്‍ തെറ്റാണ് ചെയ്തതെന്നു സമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓര്‍ക്കണമെന്ന് ഇപ്പോള്‍ ബംഗ്ലദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ വച്ചു മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മാപ്പക്ഷേയുമായി പിതാവ് രംഗത്തെത്തിയത്. ശ്വാസതടസവും ന്യുമോണിയയും മൂലമാണ് ‘ജെറ’ എന്നു പേരിട്ട ആണ്‍കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ഫെബ്രുവരി 17-നാണ് കുട്ടി ജനിച്ച വിവരം ഷമീമയുടെ മാതാപിതാക്കള്‍ അറിയിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിനായി ബ്രിട്ടനിലെത്തണമെന്ന ഷമീമയുടെ അപേക്ഷ ബ്രിട്ടിഷ് ഹോം ഓഫിസ് തള്ളിയിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു നടപടി.

മുന്‍പ് സിറിയയില്‍ വച്ചുണ്ടായ രണ്ടു കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചുപോയെന്നും അതുകൊണ്ടു കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമയുടെ ആവശ്യം. എന്നാല്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.

ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. നെതര്‍ലന്‍ഡ്‌സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പൗരത്വം റദ്ദാക്കിയ നടപടി ആശങ്കയുളവാക്കുന്നതാണെന്നും ജനശ്രദ്ധ ലഭിക്കാനാണ് ജാവേദിന്റെ പ്രവൃത്തിയെന്നും കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ലീ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതാവ് ഡയാന അബോട്ടും ജാവേദിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.

ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ്‌ ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.

ഗ്രിൽസ് ഇന്ത്യയിലെ അസൈന്‍മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺ‌ഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ്‌ ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന്‍ ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.

ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര്‍ ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.

തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.

ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.

ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.

ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്‌, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്‌കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.

എഡ്‌വേഡ്‌ മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്‌കവറി ചാനലിലെ ‘മാന്‍ Vs വൈല്‍ഡ്‌’ തുടങ്ങിയവ ഉള്‍പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്‍ഡ്‌’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.

ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺ‌ഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്‌കവറി ചാനലിന്‍റെ ഇന്ത്യന്‍ ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.

ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്‍ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

 

ഇസ്‌ലാമാബാദ്: പര്‍വ്വതാരോഹണം നടത്തുന്നതിനിടെ കാണാതായ രണ്ട് സഞ്ചാരികളുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ പർവ്വതനിരകളില്‍ നിന്നും കണ്ടെത്തി. ബ്രിട്ടീഷുകാരനായ ടോം ബല്ലാര്‍ഡ്, ഇറ്റലിക്കാരനായ ഡാനിയേല്‍ നര്‍ദി എന്നിവരുടെ മൃതദേഹമാണ് രണ്ട് ആഴ്ചയ്ക്ക് ശേഷം കണ്ടെത്തുന്നത്. ലോകത്തിലെ കൊടുമുടികളിൽ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്തുളള കൊടുമുടിയായ നംഗ പര്‍ബാദ് കീഴടക്കാന്‍ എത്തിയതായിരുന്നു ഇരുവരും. സമുദ്രനിരപ്പില്‍ നിന്നും 26,660 അടി ഉയരത്തിലുളള കെടുമുടിയിലെ ഇന്ന് വരെ ആരും കടന്ന് പോവാത്ത പാതയിലൂടെയാണ് ഇരുവരും കയറാന്‍ ശ്രമിച്ചത്.

രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയതായി പാക്കിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ വ്യക്തമാക്കി. തിരച്ചില്‍ അവസാനിപ്പിച്ചെന്ന് വളരെ ഖേദപൂർവ്വം അറിയിക്കുന്നതായി സ്റ്റിഫാനോ പോന്റെകോര്‍വോ പറഞ്ഞു. 5900 അടി ഉയരത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സ്പീനിഷ് സംഘം അടക്കമുളളവര്‍ ദിവസങ്ങളായി ഇരുവർക്കുമായി തിരച്ചില്‍ നടത്തുകയായിരുന്നു.

പാക് പർവ്വതാരോഹകനായ റഹ്മതുളള ബൈഗിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നിരുന്നത്. റഹ്മതുളള രണ്ട് പേരുടേയും കൂടെ നേരത്തേ കൊടുമുടി കയറാനെത്തി പിന്നീട് പിന്തിരിഞ്ഞിരുന്നു. ആകാശമാര്‍ഗം നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം കനത്തതാണ് തിരച്ചില്‍ വൈകിപ്പിച്ചത്. പാക്കിസ്ഥാന്‍ വ്യോമമാര്‍ഗത്തിന് നിയന്ത്രണം വച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved