UK

റജി നന്തികാട്ട് (പിആര്‍ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018ലെ റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2018 ഒക്ടോബര്‍ ആറാം തീയതി ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണി മുതല്‍ ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂള്‍ സമുച്ചയത്തില്‍ വിവിധ വേദികളിലായി അരങ്ങേറുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. അംഗ അസോസിയേഷനുകളില്‍ നിന്ന് പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പരിശീലനത്തിന്റെ അവസാന ഘട്ടം നടക്കുകയാണ്.

രാവിലെ ഒന്‍പത് മണിക്ക് തന്നെ മത്സരങ്ങള്‍ വേദികളില്‍ ആരംഭിക്കും. മേളയോടനുബന്ധിച്ചു റീജിയന്‍ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തില്‍ യുക്മ മുന്‍ ദേശീയ അദ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വേദിയില്‍ മുഖ്യാഥിതിയായി യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫ്, യുക്മ ബോട്ട് റേസ് കോര്‍ഡിനേറ്റര്‍ എബി സെബാസ്റ്റ്യന്‍, ജാന്‍സി രഞ്ജിത്, നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ എന്നിവര്‍ സന്നിഹിതരായായിരിക്കും.

കലാമേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഷാജി വര്‍ഗീസ്, അലക്‌സ് ലൂക്കോസ്, സിമി സതീഷ്, സജിലാല്‍ വാസു തുടങ്ങിയവര്‍ രജിസ്‌ട്രേഷനുകള്‍ നിയന്ത്രിക്കും. മൂന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് സോണി ജോര്‍ജ്ജ്, ബിനോയ്, ദീപ ഓസ്റ്റിന്‍, റോണി ജേക്കബ് (സ്റ്റേജ് 1), ജെയിംസ്, സൂരജ് സുധാകരന്‍, മനോജ് ജോസഫ് (സ്റ്റേജ് 2), ബിജു അഗസ്റ്റിന്‍, സലീന സജീവ്,മുജീബ് മുഹമ്മദ് ഇസ്മായില്‍ (സ്റ്റേജ് 3) എന്നിവര്‍ അടങ്ങുന്ന കമ്മറ്റിക്ക് ആയിരിക്കും നിയന്ത്രണം. ഓഫീസ് നിര്‍വഹണത്തിനായി ബിജീഷ് ചാത്തോത്, മാത്യു വര്‍ക്കി, ഓസ്റ്റിന്‍ ഓഗസ്റ്റിന്‍ എന്നിവരോടൊപ്പം ഓഫീസ് നിര്‍വഹണ സഹായിയായി ജിജി നട്ടാശേരിയും ഉണ്ടായിരിക്കും. അപ്പീല്‍ കമ്മറ്റിക്ക് ബാബു മങ്കുഴിയില്‍, കുഞ്ഞുമോന്‍ ജോബ്, ജോജോ തെരുവന്‍ എന്നിവര്‍ നേതൃത്വം നല്‍കും .

കലാമേളക്ക് ആതിഥേയത്വം വഹിക്കുന്ന ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ എല്ലാവരും അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെയും സെക്രട്ടറി ജോജിയുടെയും നേതൃത്വത്തില്‍ കലാമേളയുടെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന കമ്മറ്റികളോടൊപ്പം പ്രവര്‍ത്തിക്കും.

കലാമേളയില്‍ പങ്കെടുത്ത് കലാമേള ഒരു വന്‍വിജയമാക്കുവാന്‍ എല്ലാവരെയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ക്ഷണിക്കുന്നു.

വേദിയുടെ വിലാസം:
The James Hornsby School
Leinster Road, Basildon
SS15 5NX

ആകാശനീലിമയിലേക് തലയുയര്‍ത്തി നില്‍ക്കുന്ന അയ്യപ്പനും ശബരിമലയും മലയാളികളുടെ പുണ്യമാണ്. വ്രതങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് ആ മഹാദേവനില്‍ ശരണം പ്രാപിക്കുന്ന പാവപെട്ട ആരാധകരെ അപമാനിക്കുന്നവിധമാണ് കേരളത്തിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷങ്ങള്‍ ദൈനംദിനം നടക്കുന്നത്. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് കേരളത്തിലെ ടി.വി. ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ്. അതില്‍  കൊട്ടൊരിടത്തും പാട്ടൊരിടത്തും എന്ന ഭാവത്തിലാണ് മുടി നീട്ടി വളര്‍ത്തിയ ഒരു യൗവനക്കാരന്റ പ്രതികരണങ്ങള്‍. ഈ വെക്തി കുനറിയാതെ എപ്പോഴു0 ഞെളിയുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ തൊണ്ട കീറുന്നു, പൊള്ളയായ പ്രകടനം നടത്തുന്ന, അര മുറി ഇംഗ്ലീഷ് പറയുന്ന ഇത്തരക്കാരെ ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കുന്നത് ഇവരുടെ തൊണ്ട കഴുകി ശുദ്ധി ചെയാനാണോ? അവതാരകര്‍ ഇതിലൊക്കെ രസിക്കുന്നു. മധ്യമഅധികാര സ്വാധിനമുള്ളവര്‍ക് എവിടേയും എന്തും പറയാം, ചെയ്യാം. അതാണ് കലികാല അനുഭവങ്ങള്‍. ഇതുപോലുള്ളവരുടെ ലക്ഷ്യ0 സാമൂഹ്യ നന്മയല്ല മറിച്ചു് ഭരണ കേന്ദ്രങ്ങളില്‍ നിന്നും അധികാരത്തിന്റ എന്തെങ്കിലും അപ്പക്കഷണം നാളെ കിട്ടും എന്ന ചിന്തയാണ്. ഇതുപോലുള്ള അരക്ഷിതരെ വിവേകമുള്ള രാഷ്ട്രീയ നേത്രുതും തിരിച്ചറിയണം. എല്ലാം രംഗങ്ങളിലും ഇതുപോലുള്ളവരെ കാണാം. അയ്യപ്പന്‍ നമുക് തട്ടികളിക്കാനുള്ള പന്താണോ?

കാരൂര്‍ സോമന്‍

കേരളത്തിലെ പ്രാചിന ദേവാലയങ്ങള്‍ വെറും കാവുകളായിരിന്നു. കാലം മാറിയപ്പോള്‍ അത് കൂരകളായി മാറി. ആ കുട്ടത്തില്‍ അയ്യപ്പനും അമ്മക്കും കാവുകളുണ്ടായിരുന്നു. കാലം മുന്നോട്ട് പോയപ്പോള്‍ അയ്യപ്പന്‍ ശാസ്താവും ‘അമ്മ ഭഗവതിയുമായി. ദേവി ദേവന്മാരെ പ്രീതിപ്പെടുത്താന്‍ മനുഷ്യകുരുതി, ആട്, കോഴി ബലി കൊടുത്തു, അതും മാറി. അയിത്ത0, തൊട്ടുകൂടായിമയും, തീണ്ടിക്കൂടായിമയും ഹിന്ദുമതത്തിലെ അനാചാരമായിരിന്നു. അതും മാറി. അവര്‍ണ്ണരായ സ്ത്രീകള്‍ മാറു മറക്കാന്‍ പാടില്ല. അഥവ ആരെങ്കിലും മറച്ചാല്‍ അവരുടെ മുലകളില്‍ ചുണ്ണാമ്പ് പുരട്ടി ജന മധ്യത്തില്‍ നടത്തും. സുന്ദരികളായ സ്ത്രീകളെ പീഡിപ്പിക്കുക ഇതൊക്കെ അന്നത്തെ സവര്‍ണ്ണരുടെ ഒരു ക്രൂരവിനോദമായിരിന്നു. ഇന്നത്തെ ക്രൂരവിനോദങ്ങളാണ് മതം, ഭക്തി. വിശ്വാസം. അതിന് അന്ത്യ0 കുറിച്ചത് 1825 ല്‍ വന്ന ക്രിസ്ത്യന്‍ മിഷനറിയമാരായിരുന്നു. അതിനെത്തുടര്‍ന്ന് ഹിന്ദു മതത്തിലെ ശക്തരായ സവര്‍ണ്ണര്‍ പാവപെട്ട അവര്‍ണ്ണരെ പിഡിപിക്കാന്‍ തുടങ്ങി. അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സവര്‍ണ്ണവര്‍ക് ഒപ്പം നിന്ന് ഓശാന പാടിയപ്പോള്‍, പീഡനങ്ങള്‍ തുടന്നപ്പോള്‍ മദിരാശി ഗവര്‍ണരായിരുന്ന ബ്രിട്ടീഷ്‌കാരന്‍ ലോര്‍ഡ് ഹാരിസ് 1859 ല്‍ അവര്‍ ണ്ണ സ്ത്രീകള്‍ക് മാറ് മറക്കാം എന്ന നിയമമുണ്ടാക്കി സ്ത്രീകളോട് കാട്ടിയ വിവേചനം, അനീതി അവസാനിപ്പിച്ചു. ഇതുപോലെ എത്രയെത്ര ദുരാചാരങ്ങളാണ് ബ്രിട്ടീഷ്‌കാര്‍ അവസാനിപ്പിച്ചത്. അവര്‍ ഇന്ത്യയില്‍ വന്നിലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം എത്ര ദുരിതപൂര്‍ണ്ണമാകുമായിരിന്നു. ഇന്ന് കാണുന്ന കോടതി വിധി മദിരാശി വിധിയുമായി കുട്ടി വായിക്കാനാണു് എനിക്കിഷ്ട0. അര്‍ത്ഥശൂന്യമായ ദുരാചാരങ്ങള്‍, ചട്ടങ്ങള്‍ ഏതു മതത്തിലായാലും മാറുന്നതില്‍ എന്താണ് തെറ്റ്?

സ്ത്രീകളെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നയാണ്. അവര്‍ പ്രാചിന കേരളത്തില്‍ ജിവിക്കുന്നവരല്ല ആധുനിക കേരളത്തില്‍ ജീവിക്കുന്നവരാണ്. ഇത് ശബരിമലയില്‍ മാത്രമല്ല മറ്റ് ദേവാലങ്ങളിലും നടപ്പാക്കണം. ഇന്ത്യന്‍ സ്ത്രീകളെ കൂടുതല്‍ പുരുഷന്മാരും രണ്ടാം തരക്കാരായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. എത്രയോ നൂറ്റാണ്ടുകളായി അവര്‍ പീഡിപ്പിക്കപ്പെടുന്നു. അവര്‍ പുരുഷന് കൊട്ടാനുള്ള ചെണ്ടയല്ല. ഇന്ത്യയില്‍ പുരുഷനാണ് സ്ത്രീയുടെ കരണത്തു അടിക്കുന്നതെങ്കില്‍ വികസിത രാജ്യങ്ങളില്‍ പുരുഷനാണ് ആ അടി വാങ്ങുന്നത്. അതിന്റ പ്രധാന കാരണം നിയമങ്ങള്‍ കഠിനമാണ്. പോലീസ്, കോടതിയൊന്നും രാഷ്ട്രീയക്കാരുടെ താളത്തിനു തുന്നുള്ളുന്ന ഉപകരണങ്ങളല്ല. ഭരണത്തിലുള്ളവര്‍ അവരുടെ പണി ചെയ്താല്‍ മതി ഇവിടെ ചൊറിയേണ്ട എന്നര്‍ത്ഥം. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. അതാണ് രാത്രികാലങ്ങളില്‍പോലും ഒരു ഭയവുമില്ലാതെ അവര്‍ സഞ്ചരിക്കുന്നത്. ഇതിനൊക്കെ സ്ത്രീകളെ സജ്ജരാക്കേണ്ടത് അറിവും സംസ്‌കാരവുമുള്ള ഒരു സമൂഹമാണ്. അതിനവര്‍ തയ്യാറല്ലെങ്കില്‍ മുന്നോട്ടു വരേണ്ടത് വിദ്യാസമ്പന്നരായ യുവതികളാണ്.

ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് സ്ത്രീകളാണ്. അവിടെയും പുരുഷാധിപത്യ0 തല പോക്കുന്നു. മനസ്സുള്ളവര്‍ പോകട്ടെ. മനസ്സില്ലാത്തവര്‍ വീട്ടിലിരിക്കട്ടെ. ജാതി മതം രാഷ്ട്രീയ0 ഇതൊന്നും വിശ്വാസികളുടെ വിഷയമല്ല. ഓരൊ ദേവാലയത്തിലും ആചാരാനുഷ്ടാനങ്ങളുണ്ട്. അതവര്‍ നിര്‍വ്വഹിച്ചുകൊള്ളും. അവര്‍ക്ക് പേടി ഭയമില്ലാതെ ആരാധിക്കണം. അവരോടുള്ള ഈ ചിറ്റമ്മ നയം പുരുഷകേസരികള്‍ അവസാനിപ്പിക്കണം. ഇവിടെ പാരമ്പര്യ0, ആചാരം, ഏത് വസ്ത്രം ധരിക്കണം, ഏത് മന്ത്ര ചരടു കെട്ടണം, ആര്‍ത്തവം ഉണ്ടോ ഇല്ലയോ ഇതൊക്കെ വെറും മുടന്തന്‍ ചോദ്യങ്ങളാണ്. ഈ മുടന്തന്‍ ചോദ്യ0 ചോദിക്കുന്നവര്‍ എന്തുകൊണ്ട് വിവാഹിതരായ പൂജാരിമാരെ ശബരിമലയില്‍ പൂജ ചെയ്യാന്‍ അനുവദിക്കുന്നു.? ആദ്യ0 അവരെയല്ലേ പുറത്താക്കെണ്ടത്?

മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പോകാതിരിന്നതിന്റ പ്രധാന കാരണം വന്‍ മലകളും കാടുകളും വന്യ ജീവികളും അവിടെയുള്ളതുകൊണ്ടാണ്. പുരാതന കാലങ്ങളില്‍ പുരുഷന്മാര്‍പോലും മല കയറാന്‍ ഭയന്നിരിന്നു. സ്വാമിമാര്‍ക് ഉള്ളിന്റയൂള്ളില്‍ ആശങ്കകളാണ്. അന്ന് സ്വാമിമാര്‍ മലക് പോകുമ്പോള്‍ അവര്‍ മടങ്ങി വരുന്നതുവരെ വീട്ടുകാര്‍ക് കണ്ണീരും നൊമ്പരങ്ങളുമായിരിന്നു. കാക്കകള്‍ക് ബലിച്ചോറുപോലെ വന്യജീവികള്‍ക് മനുഷ്യനും ബലിച്ചോറായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ആരേയും വന്യ ജീവികള്‍ വന്ന് ആര്‍ത്തിയോടെ കൊത്തി വലിക്കുമെന്ന ഭയമില്ല. ആ ഭയമാണോ പുരുഷന്മാര്‍ക്കുള്ളത്?

നാരായണ ഗുരു തൃശ്ശൂരിലെ കാരമുക്കില്‍ പ്രതിഷ്ഠിച്ച നിലവിളക്ക് ഇന്നും കത്തുന്നു. അത് ബ്രഹ്മത്തിന്റ പ്രതീകമാണ്. അത് പ്രകാശമാണ്. നമ്മുടെ എല്ലാം മതങ്ങളിലും പുരോഹിതവര്‍ഗ്ഗ0 കണ്ടുപിടിച്ചിരിക്കുന്ന ധാരാളം തന്ത്രങ്ങളും കുതത്രങ്ങളുമുണ്ട്. അവിടെ പ്രഹരമേല്‍ക്കുമ്പോള്‍ അവര്‍ മതരാഷ്ട്രീയക്കാരെ കുട്ടുപിടിക്കുന്നു. അവര്‍ അല്‍മിയതാല്പര്യത്തേക്കാള്‍ ആഗ്രഹിക്കുന്നത് സാമ്പത്തിക വളര്‍ച്ചയും അധികാര കസ്സേരകുളുമെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ അപ്പക്കഷ്ണം തിന്നുന്നവര്‍ അവര്‍ക്കായി സ്തുതിപാടുന്നു, തെരുവിലിറങ്ങുന്നു. ഇവര്‍ രക്തദാഹികളായ ചങ്ങാതികളെന്നു ആര്ക്കും മനസ്സിലാകില്ല. ഞാനതു പറയാന്‍ കാരണം ഈശ്വരനെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നവര്‍ക് ഒരിക്കലും പിശാചിന്റെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കില്ല. അയ്യപ്പനെ പ്രീതിപ്പെടുത്താന്‍ ചെയേണ്ടത് അവിടെ വരുന്ന അയ്യപ്പ ഭക്തജനത്തിന് വേണ്ടുന്ന സഹായം ചെയുകയാണ്. ഏത് ദേവാലയമായാലും ഒരു വ്യക്തിയുടെ ആരാധനാ സ്വാതന്ത്ര്യ0 ആര്‍ക്കും നിഷേധിക്കാന്‍ അവകാശമില്ല. ശബരിമല വിഷയത്തെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ പോയി ശക്തമായി വാദിച്ചു ജയിക്കയാണ് വേണ്ടത്. അതുമല്ലെങ്കില്‍ അവര്ക് ചൈതന്യമാര്‍ന്ന ശക്തമായ നിലപാടുകള്‍ ഉണ്ടായിരിക്കണം. പരമ്പരാഗതമായ മത വിശ്വാസത്തിലെ അപരിഷ്‌കൃതത്വ0 നമ്മുടെ നവോത്ഥാന നായകന്മാരെയും ലജ്ജിപ്പിക്കുന്നു. മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന മതങ്ങളുടെ ആയുസ്സു കുറഞ്ഞകൊണ്ടിരിക്കുന്നത്, അതിന്റ അന്ത്യ0 നാം എത്രയോ കണ്ടു. ഇന്നത് വികസിത രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസങ്ങളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മത മൗലികവാദികള്‍ ചുരുക്കം. നൂറ്റാണ്ടുകളായി ആരാധിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ ദേവി ദേവന്മാര്‍ ഇന്നവിടെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ?

ആചാരങ്ങളുടെ പേരില്‍ നമ്മള്‍ ഇപ്പോള്‍ അയ്യപ്പനെയാണ് വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സംഘടനയായാലും ആല്മസുഖത്തിനായി ആല്‍മാവിനെ കച്ചവടച്ചരക് ആക്കരുത്. അയ്യപ്പനില്‍ ആല്‍മസുഖം അനുഭവിക്കുന്ന സ്ത്രീകള്‍ അതനുഭവിക്കട്ടെ. അത് പുരുഷന്റ കുത്തകയാകരുത് . സിനിമക്കാര്‍ ദൈവങ്ങളെ കച്ചവട0 ചെയ്ത് ധാരാളം ലാഭമുണ്ടാക്കി. അതുപോലെ മതരാഷ്ട്രീയക്കാര്‍ ദൈവങ്ങളെ കച്ചവട0 ചെയ്ത് ലാഭം കൊയ്യരുത്. വിശ്വാസത്തിന്റ പേരില്‍ ആരൊക്കെ വിനാശം വിതക്കാന്‍ ശ്രമിച്ചാലൂം അതിന്റ ശിക്ഷ ഈശ്വരന്‍ നല്‍കുമെന്ന് ഓര്‍ക്കുക. അത് പല രൂപത്തിലും ഭാവത്തിലും ഇന്നല്ലെങ്കില്‍ നാളെ നമ്മേ തേടി വരും. ഇപ്പോള്‍ നമ്മള്‍ കണ്ടത് ജല പ്രളയം, കൂട്ടിലടച്ച കന്യാസ്ത്രീകളുടെ കദ നകഥകള്‍. അതിനാല്‍ നീതിയും സത്യവും കാരുണ്യവും സ്‌നേഹവും നിലനിര്‍ത്തുക. നാനാത്വത്തില്‍ ഏകത്വ0 എന്ന നമ്മുടെ സംസ്!കാര0 പോലെ എല്ല രംഗത്തും നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്‌കാരം നിലനിര്‍ത്തുക. ആ സംസ്‌കാരം പുരോഹിത വര്‍ഗ്ഗത്തിന് ചവുട്ടിക്കുഴക്കാന്‍ കൊടുക്കരുത്. കാവിവസ്ത്രവും, ഭസ്മകുറിയും നീണ്ട താടിരോമവുമുള്ള നമ്മുടെ മഹാ പുരോഹിതന്മാര്‍ എവിടെയാണ്? അയ്യപ്പന്റ പേരില്‍ തെരുവീഥികളിലും ചാനലുകളിലും ഗുസ്തി നടക്കുമ്പോള്‍ അവര്‍ക്കൊന്ന് ദര്‍ശനം കൊടുത്തു നേരായ മാര്‍ഗ്ഗത്തില്‍ വിശ്വാസികളെ നടത്താമായിരിന്നു. അവര്‍ അരമനകളില്‍ സന്യാസത്തിലാണോ?

യേശുക്രിസ്തുവിനെ ഗാല്‍ഗുത്ത മലയിലേക് അടികൊടുത്തു ക്രൂശുമായി യൂദന്മാര്‍ നടത്തിയപ്പോള്‍ നമ്മുടെ അയ്യപ്പനെ ശബരിമലയിലേക്ക് കുരിശുമായ് വഴിനടത്തുന്നു. റോമന്‍ ഭരണാധികാരി പീലാത്തോസ് ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്ന് വിധി നടത്തിയപ്പോള്‍ നമ്മുടെ ഭരണകൂടവും പിലാത്തോസിനെപോലെ കൈ കഴുകി ജനത്തിന് വിട്ടുകൊടുത്തു. ഇത് പിലാത്തോസിന്റ കാലമല്ല. നിര്‍ഭാഗ്യമെന്നു പറയാന്‍ മനുഷ്യമനസ്സിന്റ ഇരുണ്ട കോണില്‍ ജീവിച്ചിരിക്കുന്ന ദുരാചാരങ്ങളും ദുരാഗ്രഹവും ഹിംസയും ഇത്തരം വിശ്വാസികളെ നയിക്കുന്നു. അയ്യപ്പനെ കുരിശ്ശില്‍ തറച്ചു കൊല്ലാന്‍ യുദനെപോലെ മതവിശ്വാസം ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു പറ്റം മലയാളികളും കുറെ പുരാതന പ്രമാണങ്ങള്‍ക് അടിമകളയി ജീവിക്കുന്നവരും പുതിയ കാഴ്ചപ്പാടുകളില്ലാതെ വിശ്വാസങ്ങളെ കുഴിച്ചുമൂടുന്നു. ഇവിടെയെല്ലാം മതരാഷ്ട്രീയഅധികാര കുട്ടുകച്ചവടമാണ് നടക്കുന്നത്. അതിന്റ മറവില്‍ അന്ധത, അരക്ഷിതാവസ്ഥ സമുഹത്തില്‍ വളര്‍ത്തുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഇവരില്‍ മാറ്റങ്ങളുണ്ടാകാന്‍ ശാന്തിയും സമാധാനവും നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നു. ‘ഓം ശാന്തി’. ‘ഓം

ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും. ഇന്ന് 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഫാ. ജോസ് അന്ത്യാംകുളം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളും. ബീനാ ഫ്രാന്‍സീസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികെയാണ് അര്‍ബുദ രോഗം മൂര്‍ച്ഛിച്ചു മരണത്തിനു കീഴടങ്ങിയത്.

ലണ്ടനില്‍ നിന്ന് മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്വപ്നങ്ങള്‍ ബാക്കി വെച്ച് വിടവാങ്ങുന്ന സഹോദരിക്കു യാത്രാമൊഴി നേരുവാനും, അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരുവാനും, കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരുവാനും ഏവരുടെയും സാന്നിദ്ധ്യം ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം.

St.Antony’s Church,
Forest gate E7 9QB,
London.

കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ യുകെയിലെ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്‌വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.

ലണ്ടൻ ∙ സീറോ മലബാർ സഭയ്ക്കും ഓർത്തഡോക്സ്, മാർത്തോമ്മാ സഭകൾക്കും പിന്നാലെ യാക്കോബായ സുറിയാനി സഭയ്ക്കും ബ്രിട്ടനിൽ സ്വന്തമായി ദേവാലയം. യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിനു കീഴിലെ ലണ്ടൻ സെന്റ് തോമസ് യാക്കോബായ ഇടവകയാണ് ലണ്ടനിലെ റോംഫോഡിനു സമീപം ഹോരോൾഡ് ഹില്ലിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്. ഇടവകാംഗങ്ങളുടെ ദീർഘനാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ ദേവാലയമെന്ന് വികാരി ഫാദർ അനീഷ് കവലയിൽ പറഞ്ഞു. സത്യ വിശ്വാസത്തിലുള്ള പ്രാർഥനയും പ്രവർത്തിയും ദൈവം അംഗീകരിച്ചതിന്റെ തെളിവാണ് ഈ അനുഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും പ്രഥമ ബലിയും ഈമാസം14ന് രാവിലെ ഒൻപതിന് നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തീമോസിന്റെയും കൊച്ചി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഗ്രിഗോറിസോയിന്റെയും കാർമികത്വത്തിലാണ് ദേവാലയത്തിലെ പ്രഥമ ദിവ്യബലി. എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസ സമൂഹത്തെയും ഇടവക മാനേജിംങ് കമ്മിറ്റിയുടെ പേരിൽ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാദർ അനീഷ് കവലയിൽ, സെക്രട്ടറി സന്തോഷ് അലക്സാണ്ടർ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.

പള്ളിയുടെ വിലാസം-
സെന്റ് തോമസ് ജെ.എസ്.ഒ. ചർച്ച്,
2-ടോൺടൺ റോഡ്,
റോംഫോർഡ്, RM3 7ST

ബ്രിട്ടനിൽ സീറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും മാർതോമ്മാ സഭയും നേരത്തെ സ്വന്തമായി പള്ളികൾ വാങ്ങിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പള്ളികൾ വാങ്ങാനുള്ള തയാറെടുപ്പിലുമാണ് ഇവർ. വിശ്വാസികളില്ലാതെ പള്ളികൾ പൂട്ടിപ്പോകുകയും പബ്ബുകൾക്കും മറ്റുമായി അവ വിൽക്കപ്പെടുകയും ചെയ്യുന്ന ബ്രിട്ടനിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ വെളിച്ചമാകുകയാണ് കേരളത്തിലെ സഭാ സമൂഹങ്ങൾ.

 

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെയും മനക്കരുത്തിന്‍റെയും പേരില്‍ ലോകത്തിന് പലപ്പോഴും മാതൃക കാട്ടിയിട്ടുണ്ട്. ബ്രക്സിറ്റ് ആശയത്തെ നെഞ്ചേറ്റി അത് നടപ്പിലാക്കാനുള്ള തത്രപാടിലാണ് തെരേസ. അതിനിടയില്‍ കിട്ടുന്ന സമയമൊക്കെ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കാറുണ്ട്.

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അതി പ്രധാന ചര്‍ച്ചാ വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന തെരേസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴും ബ്രക്സിറ്റ് പ്രശ്നങ്ങള്‍ ഒരു വശത്തും നില്‍ക്കുമ്പോള്‍ ഇവ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തെരേസയുടെ ഡാന്‍സ് എന്ന് കൂടി അറിയണം. ചൂടേറിയ ചര്‍ച്ചയ്ക്കും വാഗ്വാദത്തിനുമെത്തിയവര്‍ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് തെരേസയുടെ നൃത്തത്തെ വരവേറ്റത്. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

 

നാടൻ പന്തുകളിയുടെയും പകിട കളിയുടെയും നാടായ പുതുപ്പള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും യു കെയിലേക്ക് കുടിയേറിയ പുതുപ്പള്ളിക്കാരുടെ മഹാസംഗമം ഈ മാസം ( ഒക്ടോബർ ) പതിമൂന്നാം തീയതി ശനിയാഴ്ച കവൻട്രിയിലെ ഷിൽട്ടൺ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ. അഞ്ചാമത്തെ പെണ്ണിനെ കെഞ്ചിയാലും കിട്ടുമോ എന്ന നാടൻ ചൊല്ല് അന്വർത്ഥമാക്കാനായി അഞ്ചാമത്തെ പുതുപ്പള്ളി സംഗമത്തിന് ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിൽ ശ്രീ ബിജോയ് ജോസഫ് , ശ്രീ റെജി ജേക്കബ്, ശ്രീ സോബോയ് വർഗീസ്, ശ്രീ അനിൽ കുറ്റിപ്പുറം, ശ്രീ ജോർജ് ജോൺ, ശ്രീ രാജു ഏബ്രഹാം, ശ്രീ ജേക്കബ് കുര്യാക്കോസ്, ശ്രീമതി റെനി ബിജു, ശ്രീമതി ലിസ റോണി എന്നിവരടങ്ങിയ പത്തംഗ സ്വാഗത സംഘം തയ്യാറായിക്കഴിഞ്ഞു.

പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ വരുന്ന വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, മണർകാട് അയർക്കുന്നം പഞ്ചായത്തുകളോടൊപ്പം മുൻപ് പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പനച്ചിക്കാടും യു കെയിലെ പുതുപ്പള്ളിയായ  കവൻട്രിയിൽ ഒത്തുചേരുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മേൽ പറഞ്ഞ പഞ്ചായത്തുകളിൽ നിന്നും മറ്റ് അടുത്ത സ്ഥലങ്ങളിൽ നിന്നും പുതുപ്പള്ളിയെ സ്നേഹിക്കുന്നവരെ ഞങ്ങൾ ഹാർദ്ദവമായി സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.  പുണ്യ പുരാതനമായ പുതുപ്പള്ളി പള്ളി കൊണ്ട് പ്രസിദ്ധമാണ് പുതുപ്പള്ളിയെങ്കിൽ ഗീവർഗീസ് സഹദാക്ക് ജന്മം നൽകി എന്നു പറയപ്പെടുന്ന കലുഡോൺ കാസിൽ കൊണ്ട് പ്രശസ്തമാണ് കവൻട്രി.രാവിലെ ഒൻപത് മണിക്ക് രജിസ്ട്രേഷൻ, പ്രഭാത ഭക്ഷണം എന്നിവയോട് കൂടി ആരംഭിക്കുന്ന സംഗമം പത്തു മണിക്ക് പകിടകളിക്ക് തയ്യാറായിരിക്കും.  തുടർന്ന് പതിനൊന്നു മണിക്ക് സമ്മേളനം 11.45 ന് നാടൻ പന്തുകളിയും ഫാമിലി ഗെയ്മുകളും. തുടർന്ന് ഉച്ചഭക്ഷണവും ഫോട്ടോ സെഷനും. കൃത്യം 2 മണിക്ക് യുകെയിലെ ഒരു പ്രമുഖ മലയാളി അഭിഭാഷകനും കേംബ്രിഡ്ജ് കൗൺസിലറുമായ ശ്രീ ബൈജു വർക്കി തിറ്റാല എൻ എം സി പ്രാക്ടീസ് ആൻസ് പ്രൊസീഡിയേഴ്സ് എന്ന വിഷയത്തെ പറ്റി ക്ലാസ് നയിക്കുന്നു. 

ഉച്ചതിരിഞ്ഞ് 2.45 ന് പുതുപ്പള്ളിയിലെ കലാകാരൻമാർ നടത്തുന്ന വില്ലടിച്ചാൻ പാട്ടോടെ കലാപരിപാടികൾ ആരംഭിക്കുന്നു – തുടർന്ന് മഹാ സംഗീതജ്ഞനായ ഷഡ്കാല ഗോവിന്ദ മാരാരുടെ നാടായ പുതുപ്പള്ളിയിലെ കലാകാരൻ മാരുടെ വിവിധ കലാപരിപാടികൾ. തുടർന്ന് വടം വലിക്കും അത്താഴത്തിനും ശേഷം പുതിയ സമ്മേളന നഗരിയുടേയും പുതിയ കമ്മിറ്റി അംഗങ്ങളുടേയും തിരഞ്ഞെടുപ്പോടെ സംഗമം സമാപിക്കുന്നു.വിശദ വിവരങ്ങൾക്ക്
ഏബ്രഹാം കുര്യൻ 07882791150
അനിൽ കുറ്റിപ്പുറം 07988722542

സംഗമ നഗരിയുടെ അഡ്രസ്സ്
Shilton Community Hall
Hallway Drive
Shilton
Coventry
CV7 9JQ

ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്.

ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു.

പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.

ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്.

ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്സില്‍ നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005ല്‍ ആണ് യു.കെയില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സിസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികയായിരുന്നു.

ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.

കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം.

St.Antony’s Church,
Forest Gate E7 9QB,
London.

RECENT POSTS
Copyright © . All rights reserved