ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.
ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.
153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.
60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.
ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റിജീഷ് ജോസഫിന്‍റെ ഭാര്യ സോജി റിജീഷ് (29 വയസ്സ്) മരണമടഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായിരുന്ന സോജി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയിലാണ് ക്യാന്‍സര്‍ രോഗം അതിന്‍റെ തീവ്രമായ അവസ്ഥയില്‍ സോജിയെ ബാധിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സോജി ചികിത്സയില്‍ കഴിഞ്ഞു വരവേയാണ് അന്ത്യം ഉണ്ടായത്. സോജിയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെ പോയ റിജേഷ് അന്ത്യസമയങ്ങളില്‍ ആശ്വാസമായി സോജിയ്ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം ആണ് റിജേഷ് ജോസഫിന്റെ ജന്മദേശം. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.
സോജിയുടെ നിര്യാണത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചേലക്കല്‍, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി, ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.
ബ്രക്സിറ്റ് നടപടികൾക്കായി ബ്രിട്ടണിൽ വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യവുമായി വൻ റാലി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് കഴിഞ്ഞ ദിവസം ലണ്ടൻ നഗരത്തിൽ അരങ്ങേറിയത്. മാർച്ചിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകശപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും സെൻട്രൽ ലണ്ടനിൽ അറങ്ങേറിയ മാർച്ചിന്റെ ഭാഗമായി. തങ്ങൾ ഇയു വിനെ ഇഷ്ടപ്പെടുന്നു, എന്ന പ്ലക്കാർഡുകയും യൂറോപ്യൻ യൂനിയന്റെ പതാകയും വഹിച്ചായിരുന്നു ജനക്കൂട്ടം റാലിയിൽ പങ്കെടുത്തത്.
ബ്രക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മെയ് രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് ലണ്ടനില്‍ ദശ ലക്ഷങ്ങൾ പങ്കെടുത്ത റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003 ൽ സംഘടിപ്പിച്ച റാലിയേക്കാൾ വലുതായിരുന്നു ബ്രക്സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകർ അവകാശപ്പെടുന്നു.
അതിനിടെ, ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ബ്രക്സിറ്റ് നടപടികള് മേയ് 22-നുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പൂർത്തിയാക്കാനും യൂറോപ്യന്‍ നിര്‍ദേശം നല്‍കി. ബ്രക്സിറ്റ് ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവുമായി ദിവസങ്ങൾക്ക് മുൻപാണ് മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചത്. എന്നാൽ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മേയുടെ പ്രതീക്ഷ. എന്നാല്‍ മെയ് അവസാന വാരത്തിൽ യൂറേപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ബ്രിട്ടന് സമയം നീട്ടി നൽകിയത്.
എന്നാൽ, ഒരിക്കൽ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ വോട്ട് ചെയ്ത ശേഷം വീണ്ടും അതിനെതിരെ ജനഹിതം പരിശോധന വേണമെന്ന് പറയുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും മേ പ്രതികരിച്ചു. പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന വോട്ടെടുപ്പിലാണ് ശ്രദ്ധ. ഇതില്‍ ജയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍ക്കുന്നതെന്നും തെരേസ മേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡംഗം ജോജി തോമസിന്‍റെ ഭാര്യാമാതാവ് ത്രേസ്യാമ്മ വര്‍ക്കി (84 വയസ്) നിര്യാതയായി. യുകെയിലെ വേയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോജിയുടെ ഭാര്യ മിനിമോൾ ജോജിയുടെ മാതാവാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് നിര്യാതയായത്. പരേതനായ അട്ടിയില്‍ ദേവസ്യ വര്‍ക്കിയാണ് ഭര്‍ത്താവ്. ശവസംസ്കാരം മാർച്ച് 26 ചൊവ്വാഴ്ച രണ്ടു മണിക്ക് എടത്വാ സെൻറ് ജോർജ് പള്ളിയിൽ നടക്കും.
മക്കൾ: ജോസുകുട്ടി A.V (യു.എ.ഇ), ഓമന A.V, ഏലിയാമ്മ സാമുവൽ, ജിജിമോൻ A.V, മിനിമോൾ ജോജി (യു.കെ.).
മരുമക്കൾ: സാമുവൽ K.G ഗ്വാളിയോർ, സൂസമ്മ, റെജീന, ജോജി തോമസ് (മലയാളം യുകെ).
പരേതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും യുകെയിലെ കുട്ടനാട് സംഗമവും അനുശോചനം രേഖപ്പെടുത്തി.
സണ്ണി ജോസഫ് രാഗമാലിക
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യു.കെ.കെ.സി.എ അതിന്റെ നാലാമത് കലാമേള മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് തയ്യാറെടുക്കുകയാണ്. രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടത്തപ്പെടുന്ന ഇത്തരം കലാമാമാങ്കങ്ങളെ യു.കെയിലെ ക്‌നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ കമ്മറ്റിയുടെ പ്രവര്‍ത്തങ്ങള്‍ പരിശോധിച്ചാല്‍ നടത്തപ്പെട്ട പരിപാടികളെല്ലാം അപൂര്‍വ്വതകള്‍കൊണ്ട് ചരിത്രമാകുന്ന കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ ഏവരും നാളത്തെ കലാമഹോത്സവത്തെ പ്രത്യേക താല്‍പ്പര്യത്തോടെയാണ് കാത്തിരിക്കുന്നത്.
യു.കെ.കെ.സി.എയുടെ ശക്തി ശ്രോതസുകളായ 51 യൂണിറ്റുകളെ മത്സരത്തിനിറക്കുമ്പോള്‍ കലാതിലകത്തിനും കലാപ്രതിഭയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് മൂര്‍ച്ഛയേറും. ആറ് വേദികളായി ഒരേസമയം പുരോഗമിക്കുന്ന മത്സരയിനങ്ങള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഗ്ലോസ്റ്ററിലെ CRYPT സ്‌കൂളാണ്. വിശാലമായ സ്‌കൂള്‍ ഓഡിറ്റോറിങ്ങളും അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയും കലാവിസ്മയത്തിന് ചാരുതയേകും. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരയിനങ്ങള്‍ ഇടവേളകളില്ലാതെയാണ് നടത്തപ്പെടുന്നത്. ഏകദേശം 7 മണിയോടെ സമാപിക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ ദൃശ്യവിരുന്ന് സമാപിക്കുന്നത് പുതിയ കലാതിലകത്തിന്റെയും കലാപ്രതിഭയുടെയും പിറവിയോടെയായിരിക്കും. ഗതകാല സൗഭാഗ്യങ്ങളുടെ ഇണര്‍ത്തു പാട്ടിന്‍ ഈരടികള്‍ കലയിലേക്ക് ആവാഹിച്ചുകൊണ്ട് യൂണിറ്റുകള്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ ഇന്ന് അവസാനിപ്പിക്കുന്നത് നാളെയെന്ന ഒറ്റ ദിവസത്തെ വാരിപ്പുണരുവാനാണ്.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ സമയപരിധി നീട്ടിയ പ്രമേയം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് ബ്രെക്സിറ്റിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സമയം നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്റെ മുന്നിലെത്തിയത്.
പുതിയ തീരുമാനമനുസരിച്ച് ബ്രെക്സിറ്റ് നടപ്പാക്കാന്‍ മെയ് 22 വരെ ബ്രിട്ടണ് സാവകാശമുണ്ട്. എന്നാല്‍ വരുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ അതിവേഗം തീരുമാനമെടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. അതിനിടെ ബ്രെക്സിറ്റ് ക്യാന്‍സല്‍ ചെയ്യണമെന്ന നിവേദനത്തിലെ ഒപ്പുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ടു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ആദ്യ യോഗം 17ാം തീയതി ഞായറാഴ്ച്ച മെയ്ഡ്‌സ്റ്റോണിലെ, എയില്‍സ് ഫോര്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. റീജിയണല്‍ പ്രസിഡന്റ് ശ്രീ. ജോമോന്‍ കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2017/18 വര്‍ഷത്തിലെ ഓഫീസ് ഭാരവാഹികളും പുതിയതായി തെരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
യുക്മയുടെ മുന്‍ നാഷണല്‍ സെക്രട്ടറി ശ്രീ. റോജിമോന്‍ വറുഗീസ് സന്നിഹിതനായിരുന്ന യോഗത്തിന്റെ പ്രധാന അജണ്ട കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കൈമാറ്റവും ഒപ്പം അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ രൂപരേഖ തയ്യാറാക്കലും ആയിരുന്നു. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന പരിപാടികളുടെ വിജയത്തിനായി എല്ലാ അംഗ അസോസിയേഷനുകളുടെ പങ്കാളിത്തവും സഹകരണവും യോഗം അഭ്യര്‍ത്ഥിച്ചു.
യുക്മ നാഷണല്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു നടത്തുന്ന യുക്മ കായിക മേളയോടും, കലാമേളയോടുമൊപ്പം സൗത്ത് ഈസ്റ്റ് റീജിയണിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം അഖില യു.കെ ക്രിക്കറ്റ് മത്സരവും, അഖില യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും കൂടാതെ കുട്ടികള്‍ക്കു വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ചാരിറ്റി ഈവന്റ്‌സ്, ഒപ്പം നൂതനമായ പല ആശയങ്ങളെയും സംഗ്രഹിച്ചു പുതു തലമുറയ്ക്കു പ്രയോജനപ്പെടും വിധമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ ഉളള കൂട്ടായ തീരുമാനം യോഗം കൈക്കൊണ്ടു. ഇതിനായി സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ റീജിയണല്‍ കമ്മിറ്റി തേടും.
ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.
ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ന്യൂസ് ഡെസ്ക്
കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.
പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവ് മോദി ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരവ് മോദിയെ എക്‌സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പ് വച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം നിരവ് മോദി ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങും. കോടതി ഉത്തരവിട്ടാല്‍ നിരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ ഉത്തരവില്‍ യുകെ ഗവണ്‍മെന്റ് ഒപ്പ് വയ്ക്കും. 2018 ജനുവരിയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും അറസ്റ്റും ഒഴിവാക്കാനായി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും മുങ്ങിയത്.
മെഹുല്‍ ചോക്‌സി ആദ്യം യുഎസിലെത്തുകയും ഇവിടെ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടക്കുകയും ചെയ്തു. നിരവ് മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ഫോട്ടോകള്‍ യുകെയിലെ ദ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടിരുന്നു. സോഹോയില്‍ ഒരു വജ്രവ്യാപാര സംരംഭം നിരവ് മോദി തുടങ്ങിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.