ലണ്ടന്: വിമാനം പറപ്പിക്കുന്നതിന് മുന്പ് പൈലറ്റുമാര്ക്ക് ‘ടയേര്ഡ്നസ് ടെസ്റ്റ്’ ഏര്പ്പെടുത്തണമെന്ന് പൈലറ്റുമാരുടെ യൂണിയനായ ദി ബ്രിട്ടീഷ് എയര്ലൈന് പൈലറ്റ്സ് അസോസിയേഷന്റെ നിര്ദേശം. ജനപ്രതിനിധികള് ഇക്കാര്യത്തില് ഉചിതമായ തീരുമാനം ഉടന് കൈക്കൊള്ളണമെന്ന് യൂണിയന് പറഞ്ഞു. ഇടവേളകളില്ലാത്ത ജോലിയോ ഇതര സംഭവങ്ങളോ പൈലറ്റുമാരെ ക്ഷീണിതാരാക്കാന് സാധ്യതയുണ്ടെന്നും ഇതേ ആലസ്യത്താല് വീണ്ടും ജോലി ചെയ്യുന്നത് വിമാന യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുമെന്നും യൂണിയന് വ്യക്തമാക്കുന്നു. ബ്രിട്ടനിലെ 10,000ത്തോളം പൈലറ്റുമാര് ചേര്ന്നതാണ് ദി ബ്രിട്ടീഷ് എയര്ലൈന് പൈലറ്റ്സ് അസോസിയേഷന്(ബി.എ.എല്.പി.എ). പൈലറ്റുമാരുടെ സ്വതാല്പ്പര്യവും നിര്ദേശത്തിന് പിന്നിലുണ്ട്.
കോക്ക്പിറ്റിനുള്ളില് ആലസ്യരായി ഇരിക്കേണ്ടി വരുന്ന പൈലറ്റുമാരുടെ എണ്ണം വളരെക്കൂടുതലാണെന്നും ക്യാപ്റ്റെയും ഫസ്റ്റ് ഓഫീസറേയും സമാനരീതിയില് ഇത്തരം അലസത പിടികൂടുന്നതായി കണ്ടെത്തിയതായും യൂണിയന് പറയുന്നു. ഇത്തരം സംഭവങ്ങള് യാത്രക്കാരുടെ ജീവന് അപകടത്തിലാക്കും. ഇത് തടയിടുന്നതിനായി വിമാനം പറപ്പിക്കുന്നതിന് തൊട്ട് മുന്പ് പൈലറ്റുമാര് ആലസ്യത്തില് അല്ലെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും യൂണിയന് പറയുന്നു. ദീര്ഘ നേരം വിമാനം പറത്തുന്ന പൈലറ്റുമാര്ക്ക് ആലസ്യത്തിലേക്ക് വീഴുകയെന്നത് സ്വഭാവികമായ കാര്യമാണ്. വ്യത്യസ്ത്ഥമായ ടൈം സോണുകളിലേക്ക് യാത്ര ചെയ്യുന്നവര് പ്രത്യേകിച്ചും. അതിനാല് ടയേര്ഡ്നെസ് ടെസ്റ്റ് നിര്ബന്ധമാണെന്നും യൂണിയന് ചൂണ്ടിക്കാണിക്കുന്നു.
നിലവില് യൂറോപ്യന് ഏവിയേഷന് അതോറിറ്റിയാണ് പൈലറ്റുമാരുടെ ജോലി സമയം നിശ്ചയിക്കുന്നത്. പൈലറ്റുമാരുടെ ഇടവേളകളും തീരുമാനിക്കുന്നത് യൂറോപ്യന് ഏവിയേഷന് അതോറിറ്റിയുടെ ചട്ടങ്ങള്ക്ക് അനുശ്രുതമായിട്ടാണ്. ഉറക്കക്ഷീണം ബുദ്ധിമുട്ടിച്ചാല് പോലും പൈലറ്റുമാര് ജോലിക്ക് ഹാജരാകുന്ന സ്ഥിതിയാണ് നിലവിലെന്ന് യൂണിയന് പറയുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് മിക്കവരും ജോലിക്ക് കൃത്യസമയത്ത് തന്നെ ഹാജരാകുന്നത്. കമ്പ്യൂട്ടര് ഉപയോഗിച്ച് ചില ടെസ്റ്റുകള് നടത്തിയതിന് ശേഷം പൈലറ്റുമാരുടെ ടയേര്ഡ്നെസ് ലെവല് മനസിലാക്കണമെന്ന് ബി.എ.എല്.പി.എ നിര്ദേശിക്കുന്നു.
ഗാറ്റ്വിക്ക് വിമാനത്താവളത്തില് നിന്നുള്ള സര്വീസുകള് നിര്ത്തിവെക്കേണ്ടി വന്ന റണ്വേയിലെ ഡ്രോണ് യഥാര്ത്ഥമായിരുന്നില്ലെന്ന് പോലീസ്. 140,000 പേരുടെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച സംഭവം വ്യാജമായിരുന്നുവെന്നാണ് സസെക്സ് പോലീസ് ഇപ്പോള് അറിയിക്കുന്നത്. സംഭവത്തില് പിടിയിലായ രണ്ടു പേരെ കുറ്റമൊന്നും ചുമത്താതെ പോലീസ് പുറത്തു വിടുകയും ചെയ്തു. യഥാര്ത്ഥത്തില് ഡ്രോണ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊരു സാധ്യത മാത്രമാണെന്നായിരുന്നു ഒരു പോലീസ് ഓഫീസര് മറുപടി നല്കിയത്. ഇതു കൂടാതെ 67 ഡ്രോണ് സാന്നിധ്യങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയും യഥാര്ത്ഥത്തിലുള്ളതാണോ എന്ന വിഷയത്തില് പ്രതിരോധത്തിലായിരിക്കുകയാണ് പോലീസ്.
ഡ്രോണ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്ച്ചയായും അതൊരു സാധ്യതയാണെന്ന മറുപടിയാണ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്ഡെന്റ് ജെയ്സണ് ടിംഗ്ലി പറഞ്ഞു. വിഷയത്തില് ഇനി മടങ്ങിപ്പോക്കില്ല. റണ്വേയില് എന്തോ കണ്ടുവെന്ന് അറിയിച്ചവരുമായി കൂടുതല് സംസാരിച്ചു വരികയാണ്. അവര് പറഞ്ഞതില് വ്യക്തതയുണ്ടാകേണ്ടതുണ്ട്. ഡ്രോണ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സമയം, സ്ഥലം, അവ സഞ്ചരിച്ച ദിശ തുടങ്ങിയവ മനസിലാക്കേണ്ടതുണ്ട്. സംഭവത്തില് പിടിയിലായ 47 കാരനെയും 54 കാരിയായ ഇയാളുടെ ഭാര്യയെയും കുറ്റക്കാരല്ലെന്നു കണ്ട് ഇന്നലെ വെറുതെ വിട്ടിരുന്നു.
36 മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ പുറത്തു വിട്ടത്. എന്നാല് പിടിയിലായവരോട് ഖേദപ്രകടനം നടത്താന് പോലീസ് തയ്യാറായിട്ടില്ല. ഡ്രോണ് കണ്ടെത്തിയ സംഭവത്തെത്തുടര്ന്ന് വിമാനത്താവളത്തില് നിന്നുള്ള 1000 സര്വീസുകളാണ് റദ്ദാക്കിയത്. തകര്ന്ന ഒരു ഡ്രോണിന്റെ ഭാഗങ്ങളും വിമാനത്താവള പരിസരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഏഴു വയസുള്ള ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന് വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്എസ്ഡി എന്ന പേരില് അറിയപ്പെടുന്ന ഇയാള് 1997ലാണ് ഇന്ത്യയില് നിന്ന് യുകെയില് എത്തിയത്. 2004ല് ഇയാള്ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില് ഇയാള് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില് ഇയാള് കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്ന്ന് കോടതി ഇയാള്ക്ക് 14 വര്ഷത്തെ തടവുശിക്ഷ നല്കുകയും സെക്ഷ്വല് ഒഫെന്ഡേഴ്സ് ലിസ്റ്റില് ഇയാളുടെ പേര് ജീവപര്യന്തം ചേര്ക്കുകയും ചെയ്തു.
യുകെ പൗരത്വത്തിനായി അപേക്ഷ നല്കിയ സമയത്ത് ഇയാള് ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന് ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല് അപേക്ഷ നല്കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്ഷങ്ങളോളം പീഡനം തുടര്ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്എസ്ഡിക്ക് നല്കിയ വിശദീകരണത്തില് ഹോം സെക്രട്ടറി വ്യക്തമാക്കി.
തീരുമാനത്തിനെതിരെ നല്കിയ അപ്പീലില് ഇയാള് വിജയിച്ചെങ്കിലും ഒരു സീനിയര് ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന് ആന്ഡ് അസൈലം ചേംബറിന്റെ അപ്പര് ട്രൈബ്യൂണല് ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്ഡ് അബ്യൂസ് ലോയര്മാര് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്ഡെയിലില് ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന് വംശജരുടെ കേസിലും ഈ വിധി ബാധിക്കും.
ലണ്ടന്: റണ്വേയില് ഡ്രോണുകള് പ്രത്യക്ഷപ്പെട്ടതിനെത്തുടര്ന്നു ഗാറ്റ്വിക് വിമാനത്താവളത്തിന്റെ പ്രവര്ത്തനം നിര്ത്തിവെച്ചതിനെ തുടര്ന്നുണ്ടായ വിവാദങ്ങള് വഴിത്തിരിവിലേക്ക്. സംഭവത്തെ തുടര്ന്ന് ആന്റി ഡ്രോണ് ടെക്നോളജി കൊണ്ടുവരാന് സമ്മര്ദ്ദമേറുന്നതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. അമേരിക്ക നിലവില് ഡ്രോണ് ആക്രമണങ്ങളെ തടയാനായി ഉപയോഗിക്കുന്ന ടെക്നോളജി ബ്രിട്ടനിലേക്കും എത്തിക്കണമെന്നാണ് പ്രധാനമായും ആവശ്യമുയരുന്നത്. സമീപകാലത്ത് യാത്രവിമാനങ്ങള്ക്ക് ഡ്രോണുകള് അപകട ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങള് വര്ദ്ധിച്ചു വരുന്നതും സമ്മര്ദ്ദങ്ങള്ക്ക് കാരണമായിട്ടുണ്ട്. വിമാനത്താവളങ്ങളെ പൂര്ണമായും ഇത്തരം ആക്രമണങ്ങളില് നിന്ന് സംരക്ഷിക്കാന് കഴിയുന്നതാണ് ആന്റി ഡ്രോണ് ടെക്നോളജികള്.
ബ്രിട്ടനിലെ നിയമപ്രകാരം വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര് പരിധിയില് 400 അടിക്കു മുകളില് ഡ്രോണുകള് പറത്തുന്നത് നിയമവിരുദ്ധമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമായിട്ടാണ് ഇവ കണക്കാക്കുന്നത്. 5 വര്ഷം തടവും വന്തുകയും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. കഴിഞ്ഞ വര്ഷം മെക്സിക്കോയില് ഒരു യാത്രാവിമാനം ഡ്രോണില് ഇടിച്ചിരുന്നു. തലനാരിഴക്കാണ് യാത്രക്കാര് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് എയര്ലൈന് പൈലറ്റ്സ് അസോസിയേഷന്റെ കണക്കുകള് പ്രകാരം യാത്രാവിമാനങ്ങള്ക്ക് ഭീഷണിയുണ്ടാക്കുന്ന ഡ്രോണുകളുടെ എണ്ണത്തില് വന് വര്ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്ഷം നവംബര് മാസം വരെ ഡ്രോണുകളുമായി കൂട്ടിയിടിക്കുന്നതില് നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് 117 വിമാനങ്ങളാണ്.
അമേരിക്കന് വിമാനത്താവളങ്ങളില് ഡ്രോണ് ജാമറുകള് ഘടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ 5 മൈല് ദൂരത്ത് ഡ്രോണുകളുണ്ടെങ്കില് സുരക്ഷാ നിര്ദേശം ലഭ്യമാകും. ഡ്രോണുകള്ക്ക് സിഗ്നല് ലഭിക്കുന്ന ഫ്രീക്വന്സികളെ ബ്ലോക്ക് ചെയ്യുകയും അതിലൂടെ ഡ്രോണുകള് പ്രവര്ത്തന രഹിതമാക്കാനും ഈ ജാമറുകള്ക്ക് സാധിക്കും. എന്നാല് ഇത്തരം സംവിധാനങ്ങള് യു.കെയിലില്ല. ഗാറ്റ്വിക് സംഭവത്തോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്ദ്ധിപ്പിക്കണമെന്നും ആവശ്യമുയര്ന്നിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഗാറ്റ്വിക്കിന്റെ പ്രവര്ത്തനം നിലച്ചതോടെ ലക്ഷക്കണക്കിനു യാത്രക്കാരാണ് ഇന്നലെ പെരുവഴിലായത്. ഇവിടെനിന്നു ഷെഡ്യൂള് ചെയ്തിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ഉച്ചവരെ 1,10,000 പേരുടെ യാത്ര ഗാറ്റ്വിക്കില് മുടങ്ങി. 760 ഫ്ളൈറ്റുകള് റദ്ദ് ചെയ്തു. വിമാനത്താവളം തുറന്നാലും സര്വീസുകള് സാധാരണഗതിയിലാകാന് ദിവസങ്ങള് വേണ്ടിവരും.
ബാങ്കുകള്, ഇന്ഷുറന്സ് കമ്പനികള് തുടങ്ങിയവയുടെ വിശ്വസ്തരായ ഉപഭോക്താക്കള് വന് തോതില് കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്. ഓരോ വര്ഷവും ഇത്തരക്കാരില് നിന്ന് ബില്യന് കണക്കിന് പൗണ്ടാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കോംപറ്റീഷന് ആന്ഡ് മാര്ക്കറ്റ്സ് അതോറിറ്റി (സിഎംഎ) നടത്തിയ അന്വേഷണത്തില് വ്യക്തമായി. മറ്റു സേവനദാതാക്കളെ തേടാത്തവര്ക്കും വര്ഷങ്ങളോളം ഒരേ സേവനം ഉപയോഗിക്കുന്നവരും ചേര്ന്ന് ഒരു ദിവസം 11 മില്യന് പൗണ്ടാണത്രേ നഷ്ടപ്പെടുത്തുന്നത്. സേവിംഗ്സ്, മോര്ഗേജുകള്, മൊബൈല് ഫോണ് കമ്പനികള് ബ്രോഡ്ബാന്ഡ് സേവനദാതാക്കള് തുടങ്ങിയവരെല്ലാം തങ്ങളുടെ വിശ്വസ്ത ഉപഭോക്താക്കള്ക്ക് പരമാവധി സൗകര്യങ്ങള് ഒരുക്കുന്നതിനു പകരം അവരെ ചൂഷണം ചെയ്യുകയാണെന്ന് സിഎംഎ പറയുന്നു.
ഹോം ഇന്ഷുറന്സ് കമ്പനികളാണ് ഈ തട്ടിപ്പില് മുന്പന്തിയില് നില്ക്കുന്നത്. ഒരു ശരാശരി ഉപഭോക്താവിന് സേവനദാതാക്കളെ മാറാത്തതു മൂലം 877 പൗണ്ടെങ്കിലും പ്രതിവര്ഷം നഷ്ടമാകുന്നുണ്ട്. കുടുംബങ്ങളുടെ ശരാശരി ചെലവിന്റെ മൂന്ന് ശതമാനത്തോളം വരും ഈ തുക. ഇത് വളരെ വലിയ തുകയാണെന്നും ഈ വിധത്തിലുള്ള ചൂഷണം ഇല്ലാതാക്കാന് അടിയന്തരമായി നിയമ പരിഷ്കരണം ഉള്പ്പെടെയുള്ള നടപടികള് സ്വീകരിക്കണമെന്നും സിഎംഎ ആവശ്യപ്പെടുന്നു. ലോയല്റ്റി പെനാല്റ്റി എന്ന ഓമനപ്പേരില് അറിയപ്പെടുന്ന ഈ ചൂഷണത്തിലൂടെ ബ്രിട്ടീഷ് ഉപഭോക്താക്കള്ക്ക് ഓരോ വര്ഷവും 4.1 ബില്യന് പൗണ്ട് നഷ്ടമാകുന്നുണ്ട്. ഇതിനെതിരെ ഭീമ ഹര്ജി നല്കാന് തയ്യാറെടുക്കുകയാണ് സിറ്റിസണ്സ് അഡൈ്വസ്.
മോര്ഗേജ് മാര്ക്കറ്റില് പത്തുലക്ഷത്തോളം ആളുകള് ഈ ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അതേസമയം ഇന്ഷുറന്സ് മേഖലയില് ഇത് 12 മില്യനു മേല് വരും. സാധാരണക്കാരെ സംരക്ഷിക്കാന് ഗവണ്മെന്റ് ഇക്കാര്യത്തില് അടിയന്തരമായി ഇടപെടണമെന്നും സിഎംഎ ആവശ്യപ്പെടുന്നു.
ബ്രെക്സിറ്റ് ‘സ്കൈപ്പ് കുടുംബങ്ങളെ’ സൃഷ്ടിക്കുമെന്ന് ആശങ്ക. വിദേശ പൗരന്മാരുമായി വിവാഹബന്ധത്തില് ഏര്പ്പെട്ടിക്കുന്ന ആയിരക്കണക്കിനാളുകള് രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെടാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. ഇന്റര്നെറ്റിലൂടെ മാത്രം കാണാന് വിധിക്കപ്പെടുന്ന ഇത്തരം കുടുംബങ്ങളെയാണ് സ്കൈപ്പ് ഫാമിലി എന്ന പേരില് വിളിക്കുന്നത്. ബ്രെക്സിറ്റ് യാഥാര്ത്ഥ്യത്തോട് അടുക്കുമ്പോള് കൂടുതല് കുടുംബങ്ങള് രണ്ടിടത്താക്കപ്പെടുമോ എന്ന ആശങ്കയും വളരുകയാണ്. സുരീന്ദര് സിങ് റൂട്ട് എന്ന് അറിയപ്പെടുന്ന നിയമ വ്യവസ്ഥയാണ് ഇത്തരം കുടുംബങ്ങള്ക്ക് പ്രതിസന്ധിയാകുന്നത്. യൂറോപ്യന് സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില് നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്ക്ക് തങ്ങളുടെ പങ്കാളികളെ യുകെയില് കൊണ്ടുവരണമെങ്കില് പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ബ്രിട്ടീഷ് പൗരന് നിശ്ചിത വരുമാനം ഉണ്ടെന്ന് തെളിയിക്കുകയും വേണം. ഈ കുടിയേറ്റ വ്യവസ്ഥയാണ് സുരീന്ദര് സിങ് റൂട്ട് എന്ന പേരില് അറിയപ്പെടുന്നത്.
മൊറോക്കോ സ്വദേശിയായ അബ്ദുവിനെ വിവാഹം കഴിച്ച നോര്വിച്ച് സ്വദേശിനി ബെക്കി ഡാര്മന് ഈ പ്രതിസന്ധിയെ നേരിടുകയാണ്. രണ്ടു വര്ഷം മുമ്പ് പ്രണയത്തിലായ ഈ ജോടികള്ക്ക് ഇപ്പോള് എട്ടുമാസം പ്രായമുള്ള ഒരു പെണ്കുഞ്ഞ് ഉണ്ട്. പക്ഷേ അബ്ദുവിന് യുകെയില് തന്റെ പങ്കാളിക്കും കുഞ്ഞിനുമൊപ്പം താമസിക്കാന് കഴിയില്ല. കുഞ്ഞായ ആലിയയുടെ വളര്ച്ചയുടെ ഓരോ ഘട്ടത്തിലും അവള്ക്കൊപ്പം നില്ക്കാന് തനിക്ക് സാധിച്ചില്ലെന്ന ദുഃഖം അബ്ദു പങ്കുവെക്കുന്നു. ആലിയയെ പ്രസവിക്കുന്നതിനായാണ് ബെക്കി യുകെയിലേക്ക് മടങ്ങിയത്. പക്ഷേ അബ്ദുവിനെ യുകെയില് എത്തിക്കണമെങ്കില് ബെക്കിക്ക് പ്രതിവര്ഷം 18,600 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കണം. നിലവില് സിംഗിള് മദറായ ബെക്കിക്ക് ഇത് വന് തുകയാണ്. ഒരുമിച്ചു നില്ക്കണമെങ്കില് വലിയ വില കൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര് പറയുന്നു. ആലിയ ഇപ്പോള് കണക്കാക്കപ്പെടുന്നത് സ്കൈപ്പ് ഫാമിലികളിലെ 15,000 കുട്ടികള്ക്കൊപ്പമാണ്.
ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന് പങ്കാളികളുള്ള ബ്രിട്ടീഷുകാര്ക്കും യുകെയില് ഒരുമിച്ചു താമസിക്കണമെങ്കില് സുരീന്ദര് സിങ് റൂട്ട് അനുസരിച്ച് വരുമാനം തെളിയിക്കേണ്ടി വരും. ബുധനാഴ്ച പുറത്തുവിട്ട ഇമിഗ്രേഷന് വൈറ്റ് പേപ്പറില് ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൈപ്പ് ഫാമിലികളുടെ എണ്ണം വര്ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ലാണ് യൂറോപ്യന് സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില് നിന്നുള്ളവര്ക്ക് യുകെയില് പ്രവേശനം സാധ്യമാകുന്നതിന് കുറഞ്ഞ വരുമാന പരിധി നിര്ണ്ണയിച്ചത്. അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് ആയിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. കുടിയേറ്റക്കാര് ബ്രിട്ടീഷ് നികുതിദായകര്ക്ക് ഭാരമായി മാറാതിരിക്കാനാണ് പദ്ധതിയെന്നായിരുന്നു മേയ് അവകാശപ്പെട്ടത്. ഈ പ്രശ്നം മറികടക്കാന് യൂറോപ്പിതര രാജ്യങ്ങളില് നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര് അയര്ലന്ഡിലേക്കും മറ്റും ചേക്കേറുന്നതായും റിപ്പോര്ട്ടുകളുണ്ട്.
യോവ്: യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. യോവിൽ താമസിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ്ജ് (ജയാ) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു ജയ. പരേത കോട്ടയം പരിപ്പ് സ്വദേശിനിയാണ്. യോവിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ജയയും കുടുംബവും. ഭർത്താവ് ജോർജ്ജ് (സജി) കുറവിലങ്ങാട് സ്വദേശിയാണ്.
മരണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.
തെക്കന് ഗോവയിലെ പാലോളം ബീച്ചില് ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ്. 42കാരിയാണ് ആക്രമിക്കപ്പെട്ടത്. കാനക്കോണ റെയില്വേ സ്റ്റഷനില് നിന്നും പാലോളത്തില് വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് സംഭവമെന്നാണ് യുവതി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ‘ഞങ്ങള്ക്കു ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തില് സംശയം തോന്നിയ ചിലരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.’ പൊലീസ് ഇന്സ്പെക്ടര് രാജേന്ദ്ര പ്രഭുദേശി പറഞ്ഞു.
ആക്രമണത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും ഐ.പി.സി സെക്ഷന് 376 പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് സീസണായ ഇപ്പോള് ഗോവയില് നിരവധി വിദേശികളാണ് എത്തിച്ചേരുന്നത്. മിക്കയാളുകളും സീസണ് അവസാനിക്കുന്ന മാര്ച്ചുവരെ ഇവിടെ തങ്ങാറുമുണ്ട്. ഗോവയിലെ സ്ഥിരം സന്ദര്ശകയാണ് ആക്രമിക്കപ്പെട്ട യുവതിയെന്നാണ് പൊലീസ് പറയുന്നത്.
യുകെയില് ലണ്ടന് ഹാരോ ഓണ് ദി ഹില്ലില് താമസിക്കുന്ന ജോയല് മാണി ജോര്ജ് ഡിസംബര് 15 ശനിയാഴ്ച കാന്സര് റിസര്ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്ട്രാ വൈറ്റ് കോളര് ബോക്സിങ്ങില് പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന് ട്രോക്സിയില് ബ്രിട്ടീഷ്കാരനായ എതിരാളിയെ സമനിലയില് തളച്ചാണ് ജോയല് തന്റെ ബോക്സിങ് കഴിവ് തെളിയിച്ചത്. യുകെയില് ബോക്സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന് നിവാസി ‘ജോയല് ദി യോദ്ധ ജോര്ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല് ജയത്തോടടുത്തതായിരുന്നു.
എന്നാല് ഫൈനല് റൗണ്ടില് എതിരാളിയായ പോള് റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന് നേരത്തെ തന്നെ ഗാലറിയില് എത്തിയിരുന്നു. ലണ്ടനില് 2 മാസത്തെ ട്രെയിനിങ് പൂര്ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്പര്യമുള്ള ബോക്സിങ്ങില് മത്സരിക്കാനായി ജോയല് എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്മെന്റ് പൂര്ത്തിയാക്കാനായതില് വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്സര് റിസര്ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്സിങ് പ്രോഗ്രാമില് പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്സിങ്ങില് ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല് പറയുകയുണ്ടായി.
ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില് താമസിക്കുന്ന ജോയല് കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്ത്തനങ്ങളില് പ്രവര്ത്തിച്ചിട്ടുള്ള ജോയല് എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില് ആദ്യമായി ബോക്സിങ് റിങ്ങില് പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില് ശക്തമായ പ്രകടനം കാഴ്ചവക്കുവാന് അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില് എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.
ഫാ. ഹാപ്പി ജേക്കബ്
അരുളപ്പാടുകള്ക്ക് ശേഷം അത്ഭുതങ്ങളുടെ സാക്ഷാത്കാരമാണ് ഇനിയുള്ള നാളുകളില് നാം ദര്ശിക്കുന്നത്. കര്ത്താവിന് വഴിയൊരുക്കുവാന് വന്ന യോഹന്നാന്റെ ജനനം അതിന് ശേഷം എല്ലാം കണ്ണുകളും ലോകം മുഴുവന് രക്ഷിക്കുവാന് വരുവാനിരിക്കുന്ന രക്ഷകന്റെ ജനനം നോക്കിപ്പാര്ത്തിരിക്കുകയാണ്. രാജകൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെ മദ്ധ്യത്തിലും രക്ഷകനെ കാത്തിരിക്കുന്നവര് ഉണ്ടായിരിക്കാം. എന്നാല് നീതിമാനായ യൗസേഫ് തനിക്ക് വിവാഹ നിശ്ചയം ചെയ്തിരിക്കുന്ന പൂര്ണ ഗര്ഭിണിയായ മറിയത്തോടപ്പം പേര് വഴി ചാര്ത്തുവാനായി ദാവീദിന്റെ പട്ടണമായ സേതലഹേമിലേക്ക് യാത്രയായി. അവള്ക്ക് പ്രസവിക്കുവാന് സ്ഥലം ഇല്ലായ്കയാല് പശുതൊട്ടിയില് തന്റെ മകന് ജന്മം നല്കുന്നു.
എളിമയുടെ മകുടമായ ദൈവ പുത്രന് ജനിക്കുവാന് ഒരു സ്ഥലും ഇല്ലയോ? നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. ദൈവം നല്കിയ അുഗ്രഹങ്ങളഉം ദൈവം നടത്തിയിട്ടുള്ള വഴികളും നാം ഓര്ത്തിരുന്നെങ്കില് ദൈവ പുത്രന് പിറക്കുവാന് ധാരാളം ഇടങ്ങള് നമ്മുടെ ഇടയിലുണ്ട്. എന്നാല് ഈ ജീവിതത്തില് അതിനുവേണ്ടി ഒരുങ്ങുവാന് നമുക്ക് മനസുണ്ടോ. ഈ സംഭവങ്ങള് അനുസ്മരിക്കുമ്പോള് ഈ ലോകത്തിന്റെ ധനമോഹമോ അധികാരങ്ങളോ അല്ല ജനനവുമായി ബന്ധപ്പെട്ട് നാം മനസിലാക്കേണ്ടത്. പ്രകൃതിയും, മൂക ജന്തുക്കളും, ആട്ടിടയന്മാരുമൊക്കെയാണ് തിരുജനനത്തിന് പ്രത്യേകത മനസിലാക്കുകയും ദൈവ പുത്രനെ കാണുകയും ചെയ്തത്. അതില് നിന്നും തന്നെ നമുക്ക് മനസിലാക്കാം എളിമയും ദാരിദ്ര്യവും കുറവുകളും ഒക്കെയുള്ള ജീവിതം ദൈവസാന്നിധ്യം ആഗ്രഹിക്കുകയും അവര്ക്ക് ദൈവത്തെ കാണുകയും ചെയ്യുവാന് സാധിക്കും.
ദൂതന് ആട്ടിടയരോട് ”സര്വ്വ ജനനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാന് നിങ്ങളോട് സുവിശേഷിക്കുന്നു. കര്ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില് നിങ്ങള്ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്ക്കിടയാളമോ, ശിലകള് ചുറ്റി പശുതൊട്ടിയില് കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള് കാണും” മാനവകുലം ആശ്ചര്യത്തോടെ ഈ സദ്വര്ത്തമാനം കേട്ടപ്പോള് സ്വര്ഗ്ഗത്തിലും ഈ സന്തോഷം അലയടിച്ചു. സ്വര്ഗീയ സൈന്യങ്ങള് ദൈവത്തെ മഹത്വപ്പെടുത്തി. ”അത്യുന്നതങ്ങളില് ദൈവത്തിന് മഹത്വം; ഭൂമിയില് ദൈവ പ്രസാദമുള്ള മനുഷ്യര്ക്ക് സമാധാനം”
അനുദിന ജീവിതങ്ങളില് ദൈവസാന്നിധ്യം കൈവിട്ടുപോയാല് നമ്മുടെ മദ്ധ്യേ പിറന്ന ദൈവപുത്രനെ കാണുവാന് നമുക്ക് സാധിക്കാതെ വരും. ഇന്നത്തെ കാലഘട്ടത്തില് ജീവിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും കുറവ് തന്നെയാണിത്. ഭൂമിയിലും സ്വര്ഗത്തിലും സന്തോഷം നിത്യമായി അലയടിക്കുമ്പോള് നമ്മുടെ ജീവിതങ്ങളില് നിന്ന് ഈ സന്തോഷം അന്യമായി നില്ക്കുന്നു. എന്തെല്ലാം ഭാതികതകള് നമ്മെ സമ്പന്നരാക്കിയാലും അതില് നിന്നു ലഭിക്കുന്ന സന്തോഷങ്ങള്ക്കും അതീതമാണ് ദൈവം തരുന്ന സന്തോഷം.
മറ്റൊരു കാര്യ കൂടി പ്രധാനമായും നാം ഓര്ക്കണം. ദൈവപുത്രനെ കണ്ടവരും സ്വീകരിച്ചവരും അത്ഭുതം ദര്ശിക്കുക മാത്രമല്ല അവരുടെ ജീവിത യാത്ര തന്നെ മാറ്റപ്പെടുന്നു. സഞ്ചരിച്ച വഴികളല്ല, ഉള്കൊണ്ട അധികാരവും അവകാശവുമല്ല യഥാര്ത്ഥമായി ദൈവപുത്രനെ കാണുമ്പോള് അവര്ക്ക് ലഭിക്കുന്നത്. ആയതിനാല് ഒരുക്കത്തോടെയുള്ള ഈ ജനനപെരുന്നാല് യഥാര്ത്ഥമായും ക്രിസ്തുവിനോടപ്പമായി തീരുവാന് നമുക്ക് ശ്രമിക്കാം. നമ്മുടെ ഒരുക്കങ്ങളെയും ത്യാഗങ്ങളെയും അനുഗ്രഹത്തിനായി നമുക്ക് സമര്പ്പിക്കാം.
”അത്യുന്നതങ്ങളില് ദൈവത്തിന് മഹത്വം; ഭൂമിയില് ദൈവ പ്രസാദമുള്ള മനുഷ്യര്ക്ക് സമാധാനം”