സ്റ്റോക്ക് ഓൺ ട്രെൻഡ്: ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ് പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്…. ലോകമെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ക്രിസ്‌മസ്… മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന നാളുകളുമായി ക്രിസ്‌മസ് ആഘോഷങ്ങൾ കടന്നുവരികയായി…ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത് മൂമെന്റ് (SMYM) സംഘടിപ്പിച്ച രണ്ടാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ആവശ്യമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ് സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കളർഫുൾ ആയ സാരികളൾ ഷർട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ പിശുക്ക് കാണിച്ചില്ല എന്നുള്ളതാണ്. അതോടൊപ്പം യുകെയിൽ നടക്കുന്ന ഏതൊരു മത്സരത്തിലും പങ്കെടുക്കുവാൻ തക്ക കഴിവുള്ള പാട്ടുകാരുടെ ഒരു കൂട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ളത് എന്നും ജഡ്ജുമാർ പറയുകയുണ്ടായി.
വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒരിക്കൽ കൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെന്റ് അൽഫോൻസാ യൂണിറ്റ് ഹാൻലീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
രാവിലെ പത്തുമണിയോട് കൂടി ക്ലയിറ്റൺ ഹാളിൽ റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം. ഉത്ഘാടന പരിപാടികൾ എല്ലാം ചെറുപ്പക്കാർക്ക് നൽകി മലയാളികൾക്ക് പരിചയം ഇല്ലാത്ത മാതൃക കാണിച്ച ഇടവക വികാരി എട്ടുപറയിൽ, ജഡ്ജുമാർ എന്നിവർ കാഴ്ചക്കാരായപ്പോൾ എളിമ എന്നത് എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ് SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു, സെക്രട്ടറി മെൽബിൻ ബേബി ജോയിന്റ് സെക്രട്ടറി ക്ലിന്റ ജോണി ട്രെഷറർ അർലിൻ ജോയി എക്സിക്യൂട്ടീവ് മെമ്പർമാരായ ആഷാ പോളി, ജോർജോ ബ്ലെസ്സൺ എന്നിവർ തിരി തെളിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം തെളിയിക്കുന്നത്. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്ററും ട്രസ്റ്റിയും ആയ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
SMYM ഭാരവാഹികൾ ആസൂത്രണം ചെയ്‌ത റാഫിൾ വിജയി ആയവർക്ക് വിലയേറിയ സമ്മാനങ്ങൾ, ഫുഡ് സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു.
ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അധീനതയിലുള്ള രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനാണ് ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം വിസയ്ക്ക് പകരം ഏതാണ്ട് 7 പൗണ്ട് മുടക്കില്‍ മറ്റൊരു രേഖയ്ക്കായി ബ്രിട്ടീഷുകാര്‍ അപേക്ഷിക്കേണ്ടി വരും. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ രേഖകള്‍ പുതുക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. വിസയ്ക്ക് സമാനമല്ലെങ്കിലും മറ്റൊരു രേഖ ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായി വരും. ബ്രക്‌സിറ്റിന്റെ അനന്തരഫലമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.
ഇ.ടി.ഐ.എ.എസ്(European Travel Information and Authorization System) എന്നാണ് വിസയ്ക്ക് പകരമായി വരുന്ന രേഖയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇ.യു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായി സാധിക്കില്ല. അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസയ്ക്ക് സമാനമായ നിയമപ്രശ്‌നങ്ങളൊന്നും ഇ.ടി.ഐ.എ.എസിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. 2021 ഓടെ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.
നിലവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുന്ന ഇ.യു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനോ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ വിസയുടെ ആവശ്യമില്ല. ഇവരെ കൂടാതെ സ്‌പെഷ്യല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 61 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവുകളുണ്ട്. ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ ലിസ്റ്റില്‍പ്പെടുന്നവയാണ്. എന്നാല്‍ കുടിയേറ്റ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് പുതിയ ഇ.ടി.ഐ.എ.എസ് കൊണ്ടുവന്നിരിക്കുന്നത്. ഇ.ടി.ഐ.എ.എസിനായി വളരെ ചെലവ് കുറഞ്ഞ രീതിയാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു.
ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്‍കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു.
ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്നു.
ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ‘ക്രിസ്മസ് ഷോക്കായി’ കൗണ്‍സില്‍ ടാകസ് വര്‍ദ്ധനവ്. 2019-2020 കാലഘട്ടത്തില്‍ കൗണ്‍സില്‍ ടാകസുമായി ബന്ധപ്പെട്ട് മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. ശരാശരി 107 പൗണ്ട് വരെ വര്‍ധനവുണ്ടാകുമെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നികുതി വര്‍ദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷെയറാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ നികുതിയില്‍ വര്‍ധനവുണ്ടായകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശരാശരി ബാന്‍ഡ് ഡി ബില്‍ 1,671 ഉള്ളവര്‍ക്ക് മൂന്ന് ശതമാനം വര്‍ധിപ്പിച്ചാല്‍ 50 പൗണ്ട് അധികം നികുതിയായി നല്‍കേണ്ടി വരും. കൂടാതെ കമ്യൂണിറ്റി പോലീസിംഗ് ഫണ്ടിലേക്ക് 1.5 ശതമാനവും സോഷ്യല്‍ കെയറിലേക്ക് 2 ശതമാനവും അധിക നികുതി നല്‍കണം.
മുഴുവന്‍ വര്‍ധനവുകളും ചേര്‍ത്താല്‍ ഏതാണ്ട് 107 പൗണ്ട് ശരാശരി ഹൗസ്‌ഹോള്‍ഡേഴ്‌സ് നല്‍കേണ്ടി വരും. പുതിയ നികുതി നിരക്ക് 2019 ജനുവരി മുതലായിരിക്കും നിലവില്‍ വരിക. അതേസമയം വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയൈ്വന്‍ രംഗത്ത് വന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ അന്തരം നിലനില്‍ക്കുന്നതിനാല്‍ നികുതി വര്‍ധന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധിക ബാധ്യതയായി മാറും. ലോക്കല്‍ അതോറിറ്റികള്‍ വര്‍ധിപ്പിക്കുന്ന വ്യത്യസ്ഥ തുക ഇവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്ന തുക പത്ത് വര്‍ഷത്തെ പരിഗണിച്ച് പരിശോധിക്കുമ്പോള്‍ 25 ശതമാനം കൂടിയതായി വ്യക്തമാവും. അതേസമയം വര്‍ധനവ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്യൂണിറ്റി സെക്രട്ടറി കോമണ്‍സില്‍ വ്യക്തമാക്കി. പുതിയ ലെവി സംമ്പ്രദായം ലോക്കല്‍ അതോറിറ്റികളെ കൂടുതല്‍ ശക്തിപ്പടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോക്കല്‍ അതോറിറ്റികള്‍ ഇതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്‌സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു.
ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ ഇളവ് വേണമെന്നാണ് ഈ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനോട് മേയ് പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രെക്‌സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു പോലും മേയ്ക്ക് എതിരെ നീക്കമുണ്ടായത് ഈ വ്യവസ്ഥയുടെ പേരിലാണ്. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനേ ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ ഉപകരിക്കൂ എന്ന് എംപിമാര്‍ പറയുന്നു.
ഇത് ഒരു വര്‍ഷമാക്കി ചുരുക്കണമെന്നായിരുന്നു ടസ്‌കിനോട് മേയ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ക്കു മുന്നില്‍ മേയ് ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ പര്യടനത്തിനിടയിലാണ് ബ്രസല്‍സിലെത്തി നേതാക്കളുമായി മേയ് കൂടിക്കാഴ്ച നടത്തിയത്. ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ കാണാനാണ് പര്യടനം. ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങൡും മേയ് സന്ദര്‍ശനം നടത്തും.
ടോം ജോസ് തടിയംപാട്
ജന്മനാല്‍ വിഗലംഗനായ ജോണി തടിയംപാട് ടൗണില്‍ ലോട്ടറി വിറ്റ് പ്രായമായ അമ്മയെയും പോറ്റി ജീവിക്കുംമ്പോളാണ് പ്രളയം ജോണിയുടെ ജീവിതത്തെ തകിടം മറിച്ചത്.പ്രളയത്തില്‍ പഞ്ചായത്ത് പണിതുകൊടുത്ത വീടിന്റെ മേല്‍കൂര ഇളകി ഷീറ്റുകള്‍ പൊട്ടി നനഞ്ഞു ഒലിക്കാന്‍ തുടങ്ങി. വീട് നഷ്ട്ടപ്പെടാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്നും ഒരാനുകൂല്യവും ജോണിക്ക് കിട്ടിയില്ല. കോരിച്ചൊരിയുന്ന മഴയത് ജോണിയും അമ്മയും ആ വീട്ടില്‍ മഴനനഞ്ഞു കഴിയുന്ന വിവരമറിഞ്ഞു ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ജോണിയുടെ വീട്ടില്‍ പോയി ജോണിയും അമ്മയെയും കണ്ടു അവര്‍ക്ക് നനയാതെ കിടക്കാന്‍ ഒരു സഹായം ചെയ്യണം അത്രയുമേ ഉള്ളു അവരുടെ അവശ്യം
തിരിച്ചു യു.കെയെത്തി യുണൈറ്റഡ് കിങ്ങ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (UKKCA)കളക്റ്റ് ചെയ്തിരിക്കുന്ന ഫണ്ടില്‍ നിന്നും ജോണിക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കാമെന്നു വിചാരിച്ചു. പക്ഷെ അന്വേഷിച്ചപ്പോള്‍ അവരുടെ അപേക്ഷ സ്വികരിക്കുന്ന സമയം കഴിഞ്ഞു എന്നറിഞ്ഞു. എങ്കിലും ജോണിയുടെ വീഡിയോ UKKCAപ്രസിഡണ്ട് തോമസ് ജോസഫിനു അയച്ചുകൊടുത്തു വീഡിയോ കണ്ട അദ്ദേഹം സെക്രട്ടറി സാജു ലൂക്കോസിന്റെ കൈയില്‍ ജോണിക്ക് വേണ്ടിയുള്ള അപേക്ഷ പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു, കൂടെ ഞാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒന്‍പതു അപേക്ഷകളും കൂടി നല്‍കി തോമസ് ചേട്ടന്റെയും സാജു ലൂക്കോസിന്റെയും സന്മനസുകൊണ്ട് അവര്‍ ജോണിക്ക് 25000 രൂപ അനുവദിച്ചു, കൂടെ കൊടുത്ത എല്ലാ അപേക്ഷക്കും ചെറിയതും വലിയതുമായ തുകകള്‍ അനുവദിച്ചു. മറ്റുള്ളവര്‍ക്ക് അനുവദിച്ച തുക അവരുടെ അക്കൗണ്ടില്‍ എത്തിച്ചുകൊടുക്കാന്‍ തുടങ്ങിയെന്ന് UKKCAസെക്രട്ടറി സാജു ലൂക്കോസ് അറിയിച്ചിരിക്കുന്നത്.
പക്ഷെ ജോണിയുടെ പ്രശ്‌നം അതുകൊണ്ടു തീരുന്നില്ല, അതുകൊണ്ട് വീഡിയോ മാഞ്ചസ്സറില്‍ താമസിക്കുന്ന മലയാളികള്‍ക്കിടയിലെ ആദ്യ മോട്ടോര്‍ ആക്‌സിഡെന്റ് ക്ലെയിം കമ്പനിയുടെ സ്ഥാപകന്‍ ഷോയ് ചെറിയാന് അയച്ചുകൊടുത്തു അദ്ദേഹത്തിന്റെ നല്ല മനസുകൊണ്ട് ബാക്കി വരുന്ന 13000.00 രൂപ തരാമെന്ന് സമതിച്ചു. ജോണിയുടെ വീടുപണിതീര്‍ത്തു നല്‍കുകയും ചെയ്തു കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍ UKKCA അവരുടെ 52 യൂണിറ്റുകളില്‍ നിന്നുമായി 17 ലക്ഷം രൂപ ശേഖരിച്ചു കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ 47 പേര്‍ക്കായി വീതിച്ചു നല്‍കി.
യു.കെയില്‍ പണം പിരിച്ചു നേരിട്ട് കഷ്ട്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ചാരിറ്റി UKKCAയുടെതാണ് എന്നതില്‍ സംശയമില്ല. ഇത് UKKCA ചരിത്രത്തിലെയും ഏറ്റവും വലിയ ചാരിറ്റിയാണെന്ന് പ്രസിഡണ്ട് തോമസ് ജോസഫ് പറഞ്ഞു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നാട്ടിലെ വീട് നഷ്ട്ടപ്പെട്ട പത്തുപേര്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു അവര്‍ക്കെല്ലാം കൂടി 225000 രൂപ അനുവദിച്ചു ഇടുക്കിയിലെ പാവങ്ങളുടെ കണ്ണിരോപ്പാന്‍ എളിയ ശ്രമം നടത്തിയ UKKCA നേതൃത്വത്തോട് ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
UKKCA പണം നല്‍കിയവരുടെ ലിസ്റ്റ് താഴെ പ്രസിദ്ധീകരിക്കുന്നു.
സ്‌നേഹ, ചെറുതോണി: 40000 രൂപ
ജോയ് ജോസഫ്,(വര്‍ക്ക്‌ഷോപ്പ് ജോയ്) കരിമ്പന്‍: 30000 രൂപ
മേരി പൗലോസ്, തടിയംപാട്: 20000 രൂപ
അമ്മിണി തങ്കപ്പന്‍ പിള്ള, തടിയംപാട്: 15000 രൂപ
ജോണി ആന്റണി തടിയംപാട്: 25000 രൂപ
സുബൈര്‍ തടിയംപാട്: 15000 രൂപ
നിസാര്‍ തടിയംപാട്: 10000 ഷപ
തങ്കമണി തങ്കച്ചന്‍ ചെറുതോണി: 25000 രൂപ
പേര് വെളിപ്പെടുതത രണ്ടു വ്യക്തികള്‍ക്ക്: 45000 രൂപ
കാലം..! അത് മനുഷ്യന് ഇന്നും പിടി കൊടുക്കാത്ത ഒരു പ്രഹേളികയാണ്.. ഒരിക്കലും മറക്കില്ലെന്ന് കരുതിയ ഓര്‍മ്മകളേയും എക്കാലവും വേട്ടയാടപ്പെടും എന്ന് കരുതുന്ന വേദനകളേയും നിഷ്പ്രയാസം തച്ചുടച്ച് കളയാന്‍ അതിന് കഴിയും.. ഹിറ്റ്ലറെ പോലെ മുസ്സോളിനിയെ പോലെ വിണ്ണില്‍ കണ്ണീര് വീഴ്ത്തിയ ഏകാധിപതികളായാലും ലിങ്കണെ പോലെ അംബേദ്ക്കറെ പോലെ മണ്ണില്‍ ചരിത്രം എഴുതിയവരായാലും ഇല്ലാതാക്കപ്പെടുന്നത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ടായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരിക്കലും അതിജീവിക്കില്ലെന്ന് കരുതിയ ദുരന്തങ്ങളേയും ക്രൂരതകളേയും മനസ്സില്‍ നിന്ന് മായ്ച്ച് കൊണ്ടായിരിക്കും അത് നമ്മളോട് നീതി പുലര്‍ത്തുന്നത്. മായ്ച്ച് കളയാനും ഇല്ലാതാക്കാനുമുള്ള കാലത്തിന്റെ കലാവിരുതില്‍ പെട്ട് ഇല്ലാതായ ഒരുപാട് ജനവിഭാഗങ്ങള്‍ ഉണ്ട്, പക്ഷെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ ഭൂമുഖത്ത് നിലനിന്നതിന്റെ യാതൊരു തെളിവും ബാക്കി വെക്കാതെ കടന്ന് പോയ ഒരു ജനക്കൂട്ടം ഇവരെ പോലെ വേറെ ഉണ്ടാവില്ല.. അതെ, അവരാണ് റെനോക്കിലെ കോളനിക്കാര്‍..!!
തങ്ങളുടേത് അല്ലാത്ത ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനായി ഒരുകൂട്ടം ആളുകള്‍ യാത്രക്കിറങ്ങുക. എല്ലാവര്‍ക്കും ഇഷ്ട്ടമായ ഒരു സ്ഥലത്ത് തങ്ങളുടേതായ കോളനി സ്ഥാപിക്കുക. തുടര്‍ന്ന് ആ വാഗ്ദത്ത ദേശത്തിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കാനും ആ സ്ഥലം മികച്ചതാക്കാന്‍ സഹായങ്ങള്‍ തേടിയും അവരുടെ നേതാവ് തന്നെ യാത്ര തിരിക്കുക. പല കാരണങ്ങളാല്‍ കൊണ്ടും തിരിച്ച് വരാനുള്ള സമയം അധികരിക്കുക, ഒടുവില്‍ പ്രതിബദ്ധങ്ങളെ എല്ലാം തരണം ചെയ്ത് നേതാവ് തിരിച്ച് വരുന്ന സമയം ആ കോളനിക്കാര്‍ ഒന്നടങ്കം അപ്രത്യക്ഷരാവുക.. അപസര്‍പക കഥകളെ പോലും വെല്ലുന്ന ഒരു കഥയാണ് ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത്, ലോക ചരിത്രത്തില്‍ ഇന്നോളം പരിഹരിക്കപ്പെടാത്ത ഒരു നിഗൂഡമായ കാണാതാവലിന്റെ കഥ..!
യാത്രയുടെ തുടക്കം : മറ്റുള്ള രാജ്യങ്ങളില്‍ കടന്ന് ചെന്ന് തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പ്രൗഡിയുടെ ഭാഗമായി സാമ്രാജത്വ രാജ്യങ്ങള്‍ കണ്ട് തുടങ്ങിയിരുന്ന പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യ കാലത്തിലാണ് ഈ സംഭവവും നടക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ബ്രിട്ടീഷ് സാമ്രാജ്യം അറിയപ്പെട്ടിരുന്നത് തന്നെ ലോകത്തെമ്പാടും അവര്‍ സ്ഥാപിച്ച അവരുടെ കോളനികളുടെ ബാഹുല്യം കാരണം തന്നെ ആയിരുന്നൂ. രാജ്യങ്ങള്‍ വെട്ടി പിടിക്കാനുള്ള ഈ ശ്രമം തുടങ്ങിയത് മുതല്‍ അവരുടെ നോട്ടപ്പുള്ളി ആയിരുന്നൂ അമേരിക്കന്‍ ഭൂഖണ്ഡം..
കൊളംബസ് കാല് കുത്തിയത് മുതല്‍ കണ്ണില്‍ പതിഞ്ഞിരുന്ന അമേരിക്കന്‍ ഭൂഖണ്ഡം ലക്ഷ്യമാക്കി ആദ്യമായി ബ്രിട്ടീഷുകാര്‍ എത്തുന്നത് 1585ല്‍ ആയിരുന്നൂ.. പ്രാദേശിക പ്രശ്നങ്ങള്‍ കാരണവും അത്യാവശ സാധനങ്ങളുടെ ലഭ്യത കുറവ് മൂലവും അന്ന് അവിടെ തമ്പടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് ജോണ്‍ വൈറ്റ് എന്ന നാവികന്റെ നേതൃത്വത്തില്‍ 115 പേര്‍ 1587ല്‍ കപ്പലേറിയപ്പോള്‍ അവര്‍ രണ്ടും കല്‍പ്പിച്ച് തന്നെ ആയിരുന്നൂ. ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്ന ഈ സംഘം നങ്കൂരമിടുന്നത് ഇന്നത്തെ നോര്‍ത്ത് കരോലിനയില്‍ ഉള്‍പ്പെടുന്ന റെനോക്ക് എന്ന ദ്വീപില്‍ ആയിരുന്നൂ.. നമ്മുടെ കഥ തുടങ്ങുന്നതും ആ ദ്വീപില്‍ നിന്നാണ്..!!
അമേരിക്ക പിടിച്ചടക്കാനുള്ള ബ്രിട്ടണിന്റെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍ വാള്‍ട്ടര്‍ റൈലേഗ് എന്ന ബ്രിട്ടീഷുകാരന്‍ ആയിരുന്നൂ.. ജോണ്‍ വൈറ്റിന്റെ റെനോക്ക് ദൗത്വത്തിന്റേയും സ്പോണ്‍സര്‍ അയാള്‍ തന്നെ ആയിരുന്നൂ.. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റേതാണെന്ന് മൂന്ന് കൊല്ലം വിശ്വാസിച്ച് നടന്ന ഒരു പ്രദേശത്തിനായി തന്റെ സമ്പാദ്യത്തിന്റെ സിംഹള ഭാഗവും ചിലവഴിക്കേണ്ടി വന്ന ഒരാളായിരുന്നൂ അദ്ധേഹം..!
ഇതിനിടെ രണ്ടാമത്തെ ദൗത്യവുമായി ദ്വീപിലെത്തിയ വൈറ്റിനാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രിട്ടന്റെ ആദ്യ കോളനി റെനോക്കില്‍ സ്ഥാപിക്കപ്പെട്ടു. തുടക്കത്തില്‍ അവിടുത്തെ പ്രാദേശിക ഗോത്രങ്ങളുമായി കുറച്ച് പ്രശ്നങ്ങള്‍
ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് തങ്ങളുടെ കോളനി സ്ഥാപിക്കാന്‍ വൈറ്റിന് സാധിച്ചൂ. ബ്രിട്ടണില്‍ നിന്ന് കൊണ്ട് വന്ന വസ്തുക്കള്‍ ഉപയോഗിച്ച് താമസിക്കാന്‍ ആവശ്യമായ വീടുകളും മറ്റ് ആവശ്യ സ്ഥലങ്ങളും അങ്ങിനെ റെനോക്കില്‍ നിര്‍മ്മിക്കപ്പെട്ടൂ. ഇതിനിടെ ദ്വീപിലേക്ക് വരുമ്പോള്‍ പൂര്‍ണ ഗര്‍ഭിണി ആയിരുന്ന വൈറ്റിന്റെ മകള്‍ ദ്വീപില്‍ വെച്ച് പ്രസവിച്ചൂ. വിര്‍ജിന ഡെയര്‍ എന്ന് പേരിട്ട് ദ്വീപില്‍ പിറന്ന ആദ്യ ഇംഗ്ലീഷുകാരിയുടെ ജനനം അവരെല്ലാം കൂടി ആഘോഷിച്ചൂ. കളിയും ചിരിയും ആഘോഷങ്ങളുമായി അവര്‍ ദ്വീപിലെ തങ്ങളുടെ ദിനങ്ങള്‍ സന്തോഷത്തിന്റേതാക്കി..
പ്രതിസദ്ധികളുടെ നാള്‍ വഴി : ഏതൊരു ആവാസ വ്യവസ്ഥയിലേക്കും ക്ഷണമില്ലാതെ കടന്ന് വരുന്ന പ്രതിയോഗികളോട് അവിടെ നിലനില്‍ക്കുന്നവര്‍ എതിരായി തന്നെയേ പ്രതികരിക്കാന്‍ സാധ്യതയുള്ളൂ. അത് ഒട്ടുമിക്ക എല്ലാ ജീവികളുടേയും ജൈവിക സ്വഭാവമാണ്.. നിലനില്‍പ്പിനായുള്ള ആ എതിര്‍പ്പ് റെനോക്കിലും ജോണ്‍വൈറ്റിന്റെ നേതൃത്വത്തില്‍ വന്നവര്‍ നേരിട്ടു. ദ്വീപിന്റെ മറുവശത്ത് സ്ഥിര താമസക്കാര്‍ ആക്കിയിരുന്ന തദ്ധേശീയരായ അമേരിക്കക്കാരില്‍ നിന്നായിരുന്നൂ പ്രധാനമായും ജോണ്‍ വൈറ്റ് ആക്രമണം നേരിട്ടിരുന്നത്.
തുടക്കത്തിലെ എതിര്‍പ്പുകള്‍ എല്ലാം ഒതുക്കി തങ്ങളുടെ കോളനി അവിടെ സ്ഥാപിക്കാന്‍ വൈറ്റിന് കഴിഞ്ഞൂ എങ്കിലും ആ പ്രദേശത്ത് നിലനില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി വരും എന്ന് വൈറ്റിന് മനസ്സിലായി. കൂടാതെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങള്‍ക്കും കൂടെ ദൗര്‍ലഭ്യം നേരിട്ടതോട് കൂടി വൈറ്റ് ഒരിക്കല്‍ കൂടി കടല്‍ താണ്ടാന്‍ തീരുമാനിച്ചൂ. തുടര്‍ന്ന് സ്വന്തം കുടുംബത്തേയും മറ്റ് കോളനി നിവാസികളേയും അവിടെ ഉപേക്ഷിച്ച് വൈറ്റിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ മാത്രം തിരിച്ച് മാതൃരാജ്യത്തിലേക്ക് തിരിക്കാന്‍ തീരുമാനം എടുക്കപ്പെടും. കോളനി നിവാസികള്‍ക്ക് വേണ്ടിയുള്ള അത്യാവശ വസ്തുക്കളും സുരക്ഷക്കായുള്ള മാര്‍ഗ്ഗങ്ങളും ലഭിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചെത്താന്‍ യാത്ര തിരിക്കുമ്പോള്‍ തന്നെ വൈറ്റ് നിശ്ചയിച്ചിരുന്നൂ, കാരണം ദിവസങ്ങള്‍ക്ക് മുന്നെ പിറന്ന തന്റെ പേരക്കുട്ടിയുടെ മുഖം വൈറ്റിന് അത്രയേല്‍ പ്രിയപ്പെട്ടതായി മാറിയിരുന്നൂ..
വഴി മുടക്കി യുദ്ധം : ജന്മനാട്ടില്‍ തിരിച്ചെത്തിയ വൈറ്റിനെ ഒരു ദുര്‍ഘടം കാത്തിരിക്കുന്നുണ്ടായിരുന്നൂ. അക്കാലത്ത് കോളനികള്‍ സ്ഥാപിക്കുന്നതില്‍ പരസ്പ്പരം പോരാടിയിരുന്ന വന്‍ ശക്തികള്‍ ആയിരുന്നൂ സ്പെയിനും ബ്രിട്ടണും.. കരുത്തേറിയ നാവിക സേനയുടെ പിന്‍ബലത്തില്‍ ലോകത്തെ ഭരിച്ചിരുന്ന രണ്ട് കൂട്ടരും ഏറ്റ് മുട്ടിയപ്പോള്‍ അത് വലിയ ഒരു നാവിക യുദ്ധമായി മാറി. ഏറെക്കാലത്തെ തയ്യാറെടുപ്പുകളോട് കൂടി ശക്തിയുറ്റ നാവിക പടയുമായി ആര്‍ത്തലച്ച് വന്ന സ്പാനിഷ് അര്‍മാഡയെ പിടിച്ച് കെട്ടാന്‍ ബ്രിട്ടന് തങ്ങളുടെ ആവനാഴിയിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വന്നൂ.. അതിനായി തങ്ങളുടെ പക്കലുള്ള അവസാന കപ്പലും ബ്രിട്ടണ്‍ സ്പാനിഷ് അര്‍മാഡക്കെതിരെ പ്രയോഗിക്കുമ്പോള്‍ അതിലൊന്ന് വൈറ്റ് തിരിച്ചെത്തിയ കപ്പലായിരുന്നൂ..!
തുല്ല്യ ശക്തികളുടെ പോരാട്ടം കണ്ട യുദ്ധം ഇരുഭാഗത്തും വരുത്തി വെച്ച നാശ നഷ്ട്ടങ്ങള്‍ അതി ഭീകരമായിരുന്നൂ. കടലോളങ്ങളില്‍ തീ പടര്‍ത്തിയ അതിഭീകരമായ ഈ നാവിക യുദ്ധം കഴിയുമ്പോള്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നൂ..!
ഒടുവില്‍ മടക്കം : യുദ്ധാനന്തരം കപ്പല്‍ തിരിച്ച് കിട്ടിയ വൈറ്റ് അധികം വൈകാതെ തന്നെ റെനോക്കിലേക്ക് യാത്ര തിരിച്ചൂ. എത്രയും പെട്ടെന്ന് തന്റെ കോളനിയുടെ അവസ്ഥ അറിയാനുള്ള ആകാംശയും ഇന്നേരം മൂന്ന് വയസ്സ് കഴിഞ്ഞിട്ടുള്ള തന്റെ പേരക്കുട്ടിയെ കാണാനുള്ള ആഗ്രഹവും കൊണ്ട് ആ ഹൃദയം പതിവിലും ഏറെ തുടിച്ചിരുന്നൂ. കപ്പല്‍ നിറയെ തന്റെ കോളനിക്കാര്‍ക്കുള്ള ആവശ്യ വസ്തുക്കളും പേരക്കുഞ്ഞിനുള്ള സമ്മാനങ്ങളും കരുതാന്‍ അദ്ധേഹം മറന്നിരുന്നില്ല..
കാത്തിരുന്ന ദുരന്തം : തന്റെ വരവും കാത്ത് തീരത്ത് തന്റെ ജനങ്ങളുടെ കാത്തിരിപ്പും അവര്‍ തനിക്ക് നല്‍കാന്‍ പോകുന്ന സ്വീകരണവും പ്രതീക്ഷിച്ച് റെനോക്കില്‍ കാല് കുത്തിയ വൈറ്റിനെ കാത്തിരുന്നത് ഒരു ദുരന്തം ആയിരുന്നൂ. അവിടെ എത്തിയ അദ്ധേഹം ജനവാസമില്ലാത്ത ആ ദ്വീപ് കണ്ട് പരിഭ്രാന്തനായി. ആരേയും കാണാനില്ല എന്നതിനേക്കാള്‍ അദ്ധേഹത്തെ ഭയപ്പെടുത്തിയത് ഇത്രയും കാലം അവിടെ മനുഷ്യര്‍ ജീവിച്ചതിന്റെ യാതൊരു അടയാളവും ബാക്കിയില്ല എന്നത് തന്നെ ആയിരുന്നൂ.. പൊടി മൂടി കിടക്കുന്ന പ്രദേശങ്ങള്‍, ചിലന്തി വലകള്‍ കൊണ്ട് മൂടിയ ടെന്റുകള്‍, വന്യജീവികളുടെ അവശിഷ്ഠങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകള്‍, ഇവയെല്ലാം അവിടെ മനുഷ്യവാസം ഉണ്ടായിട്ടേയില്ല എന്ന് ആരേയും വിശ്വാസിപ്പിക്കുന്ന രീതിയിലായിരുന്നൂ.
പരിഭ്രാന്തനായ വൈറ്റ് തന്റെ പ്രിയപ്പെട്ടവര്‍ക്കായി ആ ദ്വീപ് മുഴുവനും അലഞ്ഞുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇടുങ്ങിയ മല നിരകളിലും ഗുഹാ മുഖങ്ങളിലും അങ്ങിനെ ആ ദ്വീപ് മുഴുവന്‍ അദ്ധേഹം തന്റെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും അദ്ധേഹത്തിനായി യാതൊന്നും അവിടെ ബാക്കി ഇല്ലായിരുന്നൂ.. പക്ഷെ അവിടെയുള്ള ഒരു മരം അദ്ധേഹത്തിനായി ഒരു കാര്യം കരുതി വെച്ചിട്ടുണ്ടായിരുന്നൂ.. കാലത്തിന്റെ കുത്തൊഴുക്കില്‍ മനസ്സിലെന്നും കരുതി വെക്കാനൊരു വാക്ക്.. ‘Croatoan’
ചുരുളഴിയാതെ അഭ്യൂഹങ്ങള്‍ : ചുരുളഴിയാതെ കാലയവനികളില്‍ മാഞ്ഞ് പോകുന്ന ഏത് സംഭവത്തിനും നിരവധി അഭ്യൂഹങ്ങള്‍ പടരുന്നത് സ്വാഭാവികം ആണല്ലോ. റെനോക്കിലെ സംഭവങ്ങളെ കുറിച്ചും അതുപോലെ നിരവധി അഭ്യൂഹങ്ങള്‍ അന്നത്തെ കാലത്ത് വരുക ഉണ്ടായി. ഏറ്റവും പ്രബലമായതിനെ കുറിച്ച് മാത്രം നമുക്ക് അറിയാം.
* Croatoan ഗോത്രം: അക്കാലത്ത് റെനോക്ക് ദ്വീപിലെ വടക്ക് പ്രദേശത്ത് താമസിച്ചിരുന്ന പ്രാദേശിക അമേരിക്കന്‍ ഗോത്രമായിരുന്നൂ ക്രൊയാട്ടന്‍ ഗോത്രം. ജോണ്‍ വൈറ്റും സംഘവും ആദ്യമായി അവിടെ കപ്പല്‍ ഇറങ്ങിയത് മുതല്‍ അവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂ. തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തങ്ങളെ തുരുത്താന്‍ വന്ന ശത്രുക്കള്‍ ആയിട്ടായിരുന്നൂ ഈ ഗോത്ര വിഭാഗക്കാര്‍ ജോണ്‍ വൈറ്റിന്റെ സംഘത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വൈറ്റിന്റെ തിരിച്ച് പോക്കിന് ശേഷം കൂട്ടായ ആക്രമണത്തിലൂടെ സംഘാംഗങ്ങളെ മുഴുവനായി വധിച്ച് കളയുകയോ അതോ കീഴടങ്ങി മാപ്പ് പറഞ്ഞ വൈറ്റിന്റെ സംഘത്തെ അവരുടെ കൂടെ കൂട്ടുകയോ ചെയ്തിരിക്കാം എന്നാണ് പ്രബല അഭിപ്രായം..!
ഈ അഭിപ്രായത്തെ ഖണ്ഡിച്ചത് 2007ല്‍ നടത്തിയ ഒരു ജെനിറ്റിക് DNA ടെസ്റ്റ് ആയിരുന്നൂ. Croatoan ഗോത്രത്തിന്റെ പിന്‍തലമുറയില്‍ പെട്ടവരുടേയും അന്ന് അവിടെ കാണാതായവരുടെ പിന്‍തലമുറയേയും വെച്ച് ആയിരുന്നൂ ആ DNA ടെസ്റ്റ് നടത്തപ്പെട്ടത്. അതില്‍ രണ്ട് കൂട്ടരും തമ്മില്‍ യാതൊരു ബദ്ധവും ഇല്ലെന്നായിരുന്നൂ തെളിയിക്കപ്പെട്ടത്..
* സ്പാനിഷ് ആക്രമണം: ഗോത്ര വിഭാഗക്കാരുടെ ആക്രമണം ഭയന്ന് കോളനി നിവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തിരിച്ച് വരുന്ന വഴിയില്‍ നടുക്കടലില്‍ സ്പാനിഷ് നാവിക സേനയുടെ ആക്രമണത്തിനിരയായി എന്നുമാണ് മറ്റൊരു അഭ്യൂഹം. അക്കാലത്ത് ഇംഗ്ലീഷുകാരെ ബദ്ധ ശത്രുക്കളായി കരുതിയിരുന്ന സ്പാനിഷുകാരുടെ ആക്രമണത്തിനിരയായി കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും നടുക്കടലില്‍ വീണ് കൊല്ലപ്പെട്ടുമെന്നാണ് ഇത് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസിക്കുന്നത്.
കാലം ചില സമയങ്ങളില്‍ അങ്ങിനെയാണ്, അതിന്റെ ക്രൂര കരങ്ങള്‍ നീട്ടി മണ്ണില്‍ വിജയക്കൊടി പാറിച്ചവരെ അടര്‍ത്തി മാറ്റും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രിട്ടണിന്റെ ആദ്യ കോളനി സ്ഥാപിച്ചവര്‍ എന്ന പേരില്‍ അറിയപ്പെടേണ്ടി ഇരുന്ന ഒരു സംഘം ആളുകളെ ഇല്ലായ്മ ചെയ്ത് പിന്നെയും ഒഴുകിയതും കാലത്തിന്റെ ക്രൂര വിനോദങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ നില നിന്നതിന്റേയോ ഇല്ലായ്മ ചെയ്തതിന്റേയോ തെളിവുകള്‍ ഒന്നും തന്നെ ബാക്കി വെക്കാതെ വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഒരു ജനതയെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ഈ സംഭവം ചരിത്രത്തില്‍ ഇന്നും നിഗൂഡത മാത്രം അവശേഷിപ്പിക്കുന്നൂ..!
കടപ്പാട് ; ബെന്യാമിൻ ബിൻ ആമിന
ജോഷി സിറിയക്
കവന്‍ട്രി: വിണ്ണില്‍ നിന്നും മണ്ണില്‍ അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വര്‍ഗീയഗായകര്‍. മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവരുടെ സ്തുതി ഗീതങ്ങള്‍ ലയിച്ചുചേര്‍ന്നപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ ഓഡിറ്റോറിയം അതുല്യമായ ആനന്ദപ്രഭയില്‍ മുങ്ങി നിന്നു. ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കിയ രണ്ടാമത് ക്രിസ്മസ് കരോള്‍ഗാന മത്സരം ‘ജോയ് ടു ദി വേള്‍ഡ്-2’ ചരിത്രമായപ്പോള്‍ ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കിരീടം ചൂടി. മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയര്‍ ലെസ്റ്റര്‍ രണ്ടാം സ്ഥാനവും പീറ്റര്‍ബോറോ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം സെയിന്റ് ബെനഡിക്ട് മിഷന്‍ ചര്‍ച്ച് ക്വയര്‍ ബിര്‍മിംഗ്ഹാമും വോയിസ് ഓഫ് ഏയ്ഞ്ചല്‍സ് കവന്‍ട്രിയും നേടി.
ഡിസംബര്‍ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച കരോള്‍ ഗാനസന്ധ്യയില്‍ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായ സണ്ണി സ്റ്റീഫന്‍ ജോയ് ടു ദി വേള്‍ഡ്-2 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശവും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആശംസയും അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീര്‍ത്തനം എന്നുതുടങ്ങുന്ന ഗാനവും, പിതാവേ അനന്തനന്മയാകും എന്ന ഗാനവും ബിജു കുമ്പനാട് അതിമനോഹരമായി ആലപിച്ചപ്പോള്‍ 3600 ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും നിരവധി ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്ത സണ്ണി സ്റ്റീഫന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായി അത് മാറി.
തുടര്‍ന്ന് വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഇമ്പമാര്‍ന്ന ഈണങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ പെയ്തിറങ്ങി. യു.കെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചര്‍ച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകള്‍ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തില്‍ പങ്കെടുത്തത്. മാസങ്ങളോളം കഠിനപരിശീലനം നടത്തി അതിമനോഹരമായ വേഷവിധാനത്തില്‍ എത്തിയ ഗായകസംഘങ്ങള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആയിരം പൗണ്ട് ക്യാഷ് അവാര്‍ഡിന്റെ ചെക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോള്‍ ക്‌നാനായ ടീമിന് കൈമാറിയപ്പോള്‍ വിജയികള്‍ക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യന്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡ് റോജിമോന്‍ വര്‍ഗീസും ട്രോഫി റവ. ഫാ. ജോര്‍ജ് ചേലക്കലും വിജയികള്‍ക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ യുകെ നല്‍കിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോന്‍ കുന്നേലും വിജയികള്‍ക്ക് നല്‍കി.
മത്സരങ്ങള്‍ക്കൊടുവില്‍ കരോള്‍ ഗാനസന്ധ്യക്ക് നിറം പകരാന്‍ ലണ്ടന്‍ അസാഫിയന്‍സ് ഒരുക്കിയ ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ശ്രുതിമധുരമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീത സപര്യയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ, ലണ്ടന്‍ അസാഫിയന്‍സിന്റെ അമരക്കാരനും ഡ്രമ്മറുമായ ശ്രീ ജോയ് തോമസിനെ ഗര്‍ഷോം ടിവിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍ വേദിയില്‍ ആദരിച്ചു.
ജാസ് ലൈവ് ഡിജിറ്റലിന്റെ ശ്രീനാഥും ജിനുവുമാണ് മികച്ച സൗണ്ടും ലൈറ്റും ഒരുക്കി കരോള്‍ മത്സരങ്ങള്‍ക്ക് മിഴിവേകിയത്. ശ്രീ ബിജു കുമ്പനാട്, ശ്രീ ജോബി വര്‍ഗീസ്, ശ്രീ ജെസ്വിന്‍ പടയാട്ടില്‍, ശ്രീ ഷൈമോന്‍ തോട്ടുങ്കല്‍, ശ്രീ ആന്റണി മാത്യു എന്നിവരാണ് കരോള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്. അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവര്‍ അവതാരകരായി തിളങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി ശ്രീ സുനീഷ് ജോര്‍ജ്, ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി സിറിയക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും പിന്തുണയോടെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ആഘോഷ സന്ധ്യ എന്ന നിലയില്‍ ജോയ് ടു ദി വേള്‍ഡിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
‘ജോയ് ടു ദി വേള്‍ഡ് 2’ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് 12 മാണി മുതല്‍ ഗര്‍ഷോം ടിവിയില്‍ സംപ്രേഷണം ചെയ്യും. ‘ജോയ് ടു ദി വേള്‍ഡ് 2’ ഒരു വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കരോള്‍ ഗാനസംഘങ്ങള്‍ക്കും അവര്‍ക്കു പിന്തുണയുമായി എത്തിയ ആസ്വാദകര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ കരോള്‍ ഗാന മത്സരം 2019 ഡിസംബര്‍ 7 ശനിയാഴ്ച കൂടുതല്‍ പങ്കാളിത്തത്തോടെ മികവുറ്റതായിനടത്താനും സംഘാടകര്‍ തീരുമാനിച്ചു.
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ഭീമമായ തുക വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.
കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിെയ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്‍റ് ഡയറക്ടര്‍ എം. സായിമനോഹറിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റി.
പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ആദ്യമായി യുകെയുടെ മണ്ണില്‍ നൃത്തവിസ്മയം ഒരുക്കുന്നു. റീമാ കല്ലിങ്കലിനോടോപ്പം പാടി തകര്‍ക്കാന്‍ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഇന്ത്യന്‍ ഐഡല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയന്‍, കലാഭവന്‍ മണിയുടെ പിന്തുടര്‍ച്ചക്കാരിയും നാടന്‍ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പ്രശസ്തരായ നര്‍ത്തകരും നര്‍ത്തകികളും ഈ മെഗാഷോയില്‍ ഒന്നിക്കുന്നു. വിവിധതരം നൃത്തങ്ങളുമായി റീമാ കല്ലിങ്കല്‍ വേദിയില്‍ എത്തുന്നു. യുകെയില്‍ ആദ്യമായാണ് ഇത്തരം ഒരു സംഗീത നൃത്ത സന്ധ്യ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കണ്ടമ്പററി ഡാന്‍സ് രംഗത്തെ സൗത്തിന്ത്യയിലെ ഏറ്റവും നല്ല നൃത്ത സംഘമാണ് റീമ കല്ലിങ്കല്‍ നയിക്കുന്ന ‘മാമാങ്കം’.ഡിസംബര്‍ 2 നു കൂടിയ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വച്ച് ‘മഴവില്‍ മാമാങ്കം ‘ മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് റെവ. ഡീക്കന്‍ ജോയിസ് നിര്‍വ്വഹിക്കുന്നു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യു, വൈസ് പ്രസിഡന്റ് ശ്രീ അബ്രാഹം പൊന്നുംപുരയിടം, സെക്രട്ടറി ഡോ. ബേബി ചെറിയാന്‍, ട്രഷറര്‍ ശ്രീ ആന്റണി മാത്യു എന്നിവര്‍ സമീപം
‘മഴവില്‍ മാമാങ്കം’ എന്ന ടൈറ്റില്‍ പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോ യുകെയില്‍ കവന്‍ട്രിയില്‍ മാര്‍ച്ച് 1 നും , ലണ്ടനിലെ ഇലിഫോര്‍ഡില്‍ മാര്‍ച്ച് 3 നും നടത്തപ്പെടുന്നു. ഈ പ്രവര്‍ത്തന വര്ഷം നടത്തുവാനിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘മഴവില്‍ മാമാങ്കം’ മെഗാ ഷോ ഒരുക്കിയിരിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമാ കല്ലിങ്കലും മാമാങ്കം ഡാന്‍സ് സ്‌കൂളിലെ നര്‍ത്തകീ നര്‍ത്തകരും, കേള്‍ക്കാന്‍ കൊതിക്കുന്ന സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകരും ഒത്തുചേരുന്ന വര്‍ണ്ണ ശബളമായ സംഗീത നൃത്ത ‘മഴവില്‍ മാമാങ്ക’ത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് റെവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.