UK

ജിമ്മി മൂലക്കുന്നം

ബിർമിങ്ഹാം: വിശ്വാസജീവിതത്തിലൂടെ നന്മയുടെ പാത സ്വീകരിച്ചു നിത്യസൗഭാഗ്യം കൈവരിക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷനിലൂടെയും ധ്യാനങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരവസരമാണ് ഇപ്പോൾ കവെൻട്രി റീജിയണനിൽ ഉള്ള വിശ്വാസികൾക്ക് വന്നു ചേർന്നിരിക്കുന്നത്. ഈ വരുന്ന ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷൻ ബഹുമാനപ്പെട്ട ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്നു. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചാപ്ലയിന്‍മാരായ ഫാദർ സെബാസ്റ്റ്യൻ നാമത്തിൽ, ഫാദർ ടെറിൻ മുല്ലക്കര, ഫാദർ ജോർജ്ജ് എട്ടുപറയിൽ, ഡോ: മനോ എന്നിവര്‍ക്കൊപ്പം സംഘാടകസമിതിയും ചേർന്ന് കവെൻട്രി റീജിയണൽ തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

‘വിരിയുവാന്‍ വെമ്പുന്ന മുട്ടയുടെ ഉള്ളില്‍ പിറക്കുവാന്‍ കൊതിക്കുന്ന ഒരു ജീവന്‍ ഒളിഞ്ഞു കിടപ്പുണ്ട്’, ‘അഴിയുവാന്‍ തുടങ്ങുന്ന ധാന്യത്തിന്റെ ഉള്ളില്‍ അനേകര്‍ക്ക് തണല്‍ ആകേണ്ട ഒരു മരത്തിന്റെ ആഗ്രഹം മറഞ്ഞു കിടപ്പുണ്ട്’ എന്നപോലെ മനുഷ്യമനസ്സുകളിൽ ഉള്ള നന്മയെ വെളിച്ചത്തേക്കെത്തിക്കുവാൻ, നല്ല ജീവിതത്തിലേക്ക് നയിക്കുവാൻ ഇത്തരം ധ്യാനങ്ങൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. ഈ ലോകത്തിൽ “മാറ്റമില്ലാത്തത് മാറ്റത്തിന്” മാത്രമാണ്. മാറ്റം അത് ഓരോ ജീവിതത്തിലും സംഭവിക്കേണ്ട, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉള്ള പ്രയാണത്തിലാണ് ഓരോ മനുഷ്യ ജീവിതവും. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായ മാറ്റമെന്ന പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ആ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ നമുക്കു സാധിക്കുകയുള്ളു.ഓരോ പ്രവാസജീവിതവും ഒരു പലായനമാണ് അതോടൊപ്പം ഒരു മാറ്റവുമാണ്. എല്ലാം വിട്ടെറിഞ്ഞു പോകുന്ന ദു:ഖകരമായ കാഴ്ച അതിനുണ്ട്. അതിലെ ഭാഷയും ശരീര ചലനവും പശ്ചാത്തലവും അഭയാര്‍ഥികളുമായി തികച്ചും ചേരുന്നുണ്ട്. പ്രവാസ ജീവിതത്തിലെ ശിഥിലമായ തെളിച്ചത്തില്‍ നിന്നും ആശ്വാസത്തിന്റെ ഇളംകാറ്റ് വരുമെന്ന് വിശ്വസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ആ വിശ്വാസം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. അതോടൊപ്പം നമ്മുടെ കുടുംബവും കുട്ടികളും… അവരുടെ നല്ല നാളെക്കായി കഠിനപ്രയഗ്നം നടത്തുന്ന നമ്മൾ മലയാളികൾ… വ്യത്യസ്ഥങ്ങളായ സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന മക്കളുടെ ജീവിതം നേർ വഴിക്ക് തിരിച്ചുവിടാൻ കൺവെൻഷനുകൾക്ക് സാധിക്കും എന്ന് തിരിച്ചറിയുക…

കേട്ടറിഞ്ഞ ക്രിസ്തുവിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ സാക്ഷ്യം നമുക്കോരോരുത്തര്‍ക്കും പങ്കുവയ്ക്കുവാന്‍ ഉണ്ടാകും. നമ്മുടെ പഴയകാല ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് കടന്നുവന്നിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം എന്നും നിലനിര്‍ത്തുവാന്‍ നമുക്കു കഴിയണം. തന്നെ മൂടിയിരുന്ന മുട്ടത്തോടിനുള്ളിലേക്ക് കോഴിക്കുഞ്ഞിന് വീണ്ടും പ്രവേശിക്കുവാന്‍ കഴിയാത്തതുപോലെ, തന്നെ പൊതിഞ്ഞിരുന്ന ധാന്യമണിയുടെ ഉള്ളില്‍ വീണ്ടും കയറിപ്പറ്റുവാന്‍ വന്‍മരത്തിനു സാധിക്കാത്തതുപോലെ, നമ്മുടെ ആ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് ഒരിക്കലും തിരികെ പോകുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തെ കെടാതെ ഉള്ളില്‍ സൂക്ഷിക്കുവാന്‍ ധ്യാനങ്ങൾ നമുക്ക് ശക്തി തരും.

ലോകത്തിന്റെ ചിന്തകള്‍ മാടിവിളിക്കുമ്പോള്‍ അവയോടൊക്കെ ‘എനിക്കൊരു ക്രിസ്തു ഉണ്ട്’ എന്ന് ഉറക്കെവിളിച്ചുപറയുവാനുള്ള ആത്മധൈര്യം നേടിയെടുക്കാൻ ഈ മാസം ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിലേക്ക് കടന്നു വരിക. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ജീവനുള്ള തിരുവചനത്തില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് അനേകര്‍ക്ക് താങ്ങാകുവാന്‍, ക്രിസ്തുവിലേക്കുള്ള വഴിവിളക്കാകുവാന്‍ വിളിക്കപ്പെട്ട നമുക്കോരോരുത്തര്‍ക്കും ആ ലക്ഷ്യം സാധിക്കുവാനുള്ള വഴികൾ കണ്ടെത്താൻ ഈ കൺവെൻഷൻ നമ്മളോരുരുത്തരെയും  സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒന്നോർക്കുക ഇന്ന് വരെ ഒരു ധ്യാനം കൂടി ആരുടേയും ജീവിതം നശിച്ചു പോയിട്ടില്ല…. മറിച്ച് ഒരുപാട് ജീവിതങ്ങൾക്ക് വഴികാട്ടി ആയിത്തീർന്നിട്ടുണ്ട് എന്ന യാഥാർഥ്യം മറക്കരുത്… ചെവിയുള്ളവൻ കേൾക്കട്ടെ…

കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നെത്തിയ കുടിയേറ്റക്കാര്‍ ഇനി 400 പൗണ്ട് നല്‍കേണ്ടി വരും. യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പറഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ദ്ധനയ്ക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. 2015ലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്ന ഈ ഫീസ് അവതരിപ്പിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. ആറു മാസത്തിനു മേല്‍ കാലയളവില്‍ യുകെയില്‍ താമസത്തിനെത്തുന്നവര്‍ ഇത് നല്‍കണമെന്നാണ് നിബന്ധന.

വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് അന്താരാഷ്ട്ര സ്‌കീമുകളില്‍ പഠനത്തിനെത്തിയിരിക്കുന്ന 18 മുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസ്‌കൗണ്ട് ചെയ്ത നിരക്കായ 300 പൗണ്ട് അടക്കണം. നേരത്തേ ഇത് 150 പൗണ്ടായിരുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ആവശ്യങ്ങളില്‍ എപ്പോഴും ഉണ്ടാകുമെന്ന് നോക്ക്‌സ് പറഞ്ഞു. ദീര്‍ഘകാല താമസക്കാരായ കുടിയേറ്റക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആരോഗ്യ സര്‍വീസിന്റെ നിലനില്‍പ്പിനായി അവര്‍ അവരുടേതായ സംഭാവന നല്‍കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നോക്ക്‌സ് വ്യക്തമാക്കി.

ഈ ഉദ്ദേശ്യത്തിലാണ് 2015 ഏപ്രിലില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് നടപ്പാക്കിയത്. ഈ പണം അടക്കുന്നവര്‍ക്ക് യുകെ പൗരന്‍മാര്‍ക്ക് ലഭിക്കുന്നതു പോലെ ഏതു സമയത്തും എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകും. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കാലയളവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദ്ധതി ഇമിഗ്രന്റ്‌സിന് നല്‍കുന്ന ശിക്ഷയാണെന്നായിരുന്നു എന്‍എച്ച്എ,സ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് വിസയ്ക്കായി അപേക്ഷിക്കുമ്പോളും പിന്നീട് എല്ലാ വര്‍ഷവും ഈ സര്‍ച്ചാര്‍ജ് അടക്കേണ്ടി വരും.

ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്.

വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.

ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. അമേരിക്കന്‍ സ്‌റ്റോക്കുകളില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവ് ആഗോള മാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. എഫ്ടിഎസ്ഇ 100 സൂചികയില്‍ മാത്രം 26 ബില്യന്‍ പൗണ്ടാണ് നഷ്ടമായത്. 113 പോയിന്റാണ് സൂചികയില്‍ ഇടിവുണ്ടായത്. ടെക് കമ്പനികളിലെ നിക്ഷേപമായ ഗോള്‍ഡന്‍ സ്‌റ്റോക്കുകള്‍ വോള്‍ സ്ട്രീറ്റ് ട്രേഡര്‍മാര്‍ കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ വിറ്റഴിച്ചതോടെ ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുടെ ഓഹരിമൂല്യം 10 ശതമാനം ഇടിഞ്ഞു. ക്രിപ്‌റ്റോകറന്‍സികളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ മൂല്യം 300 ഡോളര്‍ ഇടിഞ്ഞ് 6200 ഡോളറിലെത്തി. എഫ്ടിഎസ്ഇ 100 സൂചിക 138.81 പോയിന്റ് നഷ്ടത്തില്‍ 7006.93നാണ് ക്ലോസ് ചെയ്തത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പക്ഷേ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയുടെ ആഗോള തലത്തിലുള്ള ഒരു കറക്ഷന്‍ നടപടിയാണ് ഈ ഇടിവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ബ്രിട്ടീഷ് വിപണിയെയും ചോരയില്‍ മുക്കി. ഓഹരികള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത് തുടര്‍ന്നതോടെ എഫ്ടിഎസ്ഇ 100 1.6 ശതമാനം ഇടിഞ്ഞ് ഉച്ചയോടെ 26 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തി. ആഗോള വിപണികളിലെ ഈ ആഘാതം ജപ്പാനിലെ നിക്കി വിപണിയെ നാലു ശതമാനവും ചൈനീസ് വിപണിയെ അഞ്ചു ശതമാനവുമാണ് താഴ്ത്തിയത്.

ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയ്ക്ക് കനത്ത നഷ്ടത്തിന്റെ ദിവസം കൂടിയായിരുന്നു വെള്ളിയാഴ്ച. ബില്യന്‍ കണക്കിന് ഡോളറുകളാണ് ഇവര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത്. അമേരിക്കന്‍ ബോണ്ടുകളിന്‍മേലുള്ള ആശങ്കയാണ് നിക്ഷേപകര്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും അവസാനപ്രതീക്ഷയും അസ്തമിച്ചു മരണത്തെ കാത്തുകിടക്കുമ്പോഴും എല്ലാ മനുഷ്യരുടെയും കണ്ണുകളില്‍ തിരയടിക്കുന്നത് ഒരേ വികാരവിചാരങ്ങളാകും. ഇത്തരം മുഖങ്ങള്‍ ഏറ്റവുമധികം കണ്ടിട്ടുണ്ടാവുക ഒരു നഴ്‌സായിരിക്കും. ഒന്നോര്‍ത്തുനോക്കൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നഴ്‌സിന്റെ സഹായം തേടാത്ത, അവരുടെ പരിചരണം ഏറ്റുവാങ്ങാത്ത ആരെങ്കിലും ഉണ്ടാകുമോ? ഉറ്റവരും ഉടയവരും അരികിലില്ലാതെ,ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ജീവിതസന്ധികളില്‍ ഒരു നഴ്‌സിന്റെ സ്‌നേഹപരിചരണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ലേ?

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഒരു പക്ഷെ ഇത്രയധികം നേഴ്‌സുമാർ ഉള്ള കേരളത്തെ സംബന്ധിച്ചടത്തോളം ഒരു നേഴ്‌സ് എങ്കിലും ഇല്ലാത്ത വീട് വളരെ കുറവാണ് എന്ന് തന്നെ പറയാം. കേരളത്തിന്റെ സാമ്പത്തികം ഒരു പരിധി വരെ പ്രവാസികളായ നഴ്സുമാർ ഉൾപ്പെടുന്ന സമൂഹത്തിന്റെ ആണ് എന്നുള്ളത് ഒരു നഗ്നസത്യം. മറ്റുള്ളവരോടുള്ള അവരുടെ ഇടപെടലും സമീപനവും ശുശ്രൂഷകളുമെല്ലാമാണ് അങ്ങനെയൊരു പേര് അവര്‍ക്ക് ലഭിക്കുന്നതിന് കാരണമായതും. യുകെയിലെ നഴ്‌സുമാരെക്കുറിച്ചു എഴുതിയ ഒരു ലേഖനമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്നതും ശ്രദ്ധേയവുമായിരിക്കുന്നത്.

നഴ്‌സുമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാരാണ്, മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത് എന്നാണ് ഈ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിലെ വളരെ പ്രസിദ്ധമായ ഒരു ഓൺലൈൻ മാഗസിനിൽ ആണ് ഈ ലേഖനം വന്നിരിക്കുന്നത്. പല കാരണങ്ങളാണ് ഇതിന് തെളിവായി പറയുന്നത്. ഒരേസമയം കര്‍ക്കശക്കാരും ലോല ഹൃദയരുമാണ് നഴ്‌സുമാര്‍. ഒരു വ്യക്തിയുടെ ഏറ്റവും മോശം അവസ്ഥയില്‍ അവരോടൊപ്പമായിരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് അവര്‍. പരാതികൾ ക്ഷമയോടെ കേൾക്കുകയും വേദനകളും പരിഹരിക്കുന്നവര്‍ ഈ നേഴ്‌സുമാർ. ഒരാളുടെ മനസികാവസ്ഥക്ക്‌ അനുസരിച്ചു  ആവശ്യനേരങ്ങളില്‍ സപ്പോര്‍ട്ട് നല്‍കാന്‍ അവരെ കഴിഞ്ഞേ ആളുള്ളത്രേ.

ജീവിതത്തിലെ പ്രധാനപ്പെട്ടവയെ ആവശ്യമായ ശ്രദ്ധയും കരുതലും നല്‍കി സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. നേഴ്‌സിങ് ജോലിയിൽ  ദിവസേന അത്യാഹിതങ്ങള്‍ കാണുന്നതുകൊണ്ട് ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് എപ്പോഴും നന്ദിയും കരുതലും ഉണ്ടാവും. ക്ഷമയുടെ കാര്യം പറയുകയേ വേണ്ട. ജോലിയുടെ ഓരോ നിമിഷത്തിലും അതാണല്ലോ അവര്‍ ശീലിച്ചിരിക്കുന്നത്. കരുണയും സ്‌നേഹവും പങ്കുവയ്ക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. മികച്ച അമ്മമാരാകാനും അവരാണ് മിടുക്കര്‍. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

ജീവിതത്തിലെ അത്യാഹിത സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യുന്നതിലും അവര്‍ വിരുതരാണ്. വീണ്ടു വിചാരമില്ലാതെ എടുത്തുചാടി ഒരു തീരുമാനവും അവര്‍ ജീവിതത്തില്‍ എടുക്കുകയുമില്ല. ഇതുകൊണ്ടൊക്കെയാണത്രേ നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത്, ലേഖനം പറയുന്നു. എന്തായാലും ഈ ലേഖനം നേഴ്‌സുമാരുടെ വിവാഹ ആലോചനകൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.

ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍.

യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്.

പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ലണ്ടന്‍ നോട്ടിക്കല്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ജോഷിം നൂര്‍  (34) ആണ് പുറത്താക്കപ്പെട്ടത്. 2006ലാണ് നൂര്‍ ലണ്ടൻ നോട്ടിക്കല്‍ സ്‌കൂളിൽ അധ്യാപകനായിരിക്കെ 13 വയസുള്ള ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ബംഗ്ലാദേശിലേക്ക് പറന്നത്.

അന്ന് നൂറിന് 22 വയസായിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ എടുത്ത പെണ്‍കുട്ടിയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് ജോഷിം നൂര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞു എന്ന് പറഞ്ഞു എന്നെ പറ്റിക്കുകയായിരുന്നു എന്നാണ് നൂർ കവെൻട്രിയിൽ വച്ച് നടന്ന ടീച്ചിങ്ങ് റെഗുലേഷൻ അധികാരികളുടെ സമിതിക്ക്  മുൻപിൽ വാദിച്ചത്. എന്നാൽ സ്‌കൂളിൽ പഠിപ്പിക്കുന്ന നൂറിൻറെ വാദഗതികൾ കമ്മീഷൻ തള്ളുകയായിരുന്നു.

വിവാഹ ദിവസത്തിന് മൂന്ന് ദിവസം മുൻപേ താൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും 13 വയസ്സ് മാത്രമാണ് പ്രായം എന്നും അറിയിച്ചതായി പെൺകുട്ടി പോലീസിനെ എഴുതി അറിയിച്ചിരുന്നു. നൂര്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന കാര്യം നിരാകരിച്ചില്ല. പിന്നീട് ലണ്ടനിൽ താമസമാക്കിയ നൂർ അടുത്തുള്ള കുടുംബാസൂത്രണ ആശുപത്രിയിലെത്തി ഗര്‍ഭ നിരോധന ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറയുകയും തെളിവ് കണ്ടെത്തുകയും ചെയ്‌തു.

2013ലാണ് പെണ്‍കുട്ടി നൂറിനെതിരെ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ റെഗുലേറ്ററി കമ്മീഷൻ നൂറിനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതും അധ്യാപന ജോലിക്ക്  ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. ഇവർ എത്ര നാൾ ഒരുമിച്ചു ജീവിച്ചുവെന്നോ കുട്ടികൾ എത്രയെന്നോ ഉള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല.

 

ജോജി തോമസ്

സീറോ മലബാര്‍ സഭാ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാന വികാരി ജനറാളും രൂപതയാരംഭിക്കുന്നതിനു മുമ്പ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റരുമായിരുന്ന ഫോ.തോമസ് പാറയടി ബ്രിട്ടനിലെ സേവനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 2007ല്‍ ബ്രിട്ടനില്‍ എത്തിയ പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയെ ബ്രിട്ടനില്‍ കെട്ടിപ്പടുക്കാന്‍ വളരെയധികെ പ്രയത്‌നിച്ച വ്യക്തികളിലൊരാളാണ്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള തിടനാട് സ്വദേശിയായ ഫാ.തോമസ് പാറയടി എംഎസ്ടി സഭാംഗമാണ്. സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് പാറയടിയച്ചന്‍ സീറോ മലബാര്‍ സഭയുടെ രൂപതാ രൂപീകരണത്തെത്തുടര്‍ന്ന് പ്രധാന വികാരി ജനറാളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഫാ. തോമസ് പാറയടിയുടെ സേവനങ്ങളെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു. ബ്രിട്ടനിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും പങ്കെടുത്ത തിരുക്കര്‍മ്മങ്ങള്‍ക്ക് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉറവിടങ്ങളിലേക്ക് തിരിച്ചു പോകേണ്ടതിന്റെ പ്രസക്തിയും കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ മാര്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി. താന്‍ ആരാണെന്ന ആത്മബോധമുള്ളവനേ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കൂ. സീറോ മലബാര്‍ സഭയുടെ ഭാവി പ്രവാസികളിലാണെന്നും 35000ത്തോളം കുടുംബങ്ങള്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭയെ ശക്തിപ്പെടുത്തേണ്ട കടമ വിശ്വാസികള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിച്ച ആര്‍ച്ച് ബിഷപ്പ് സഭയെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെക്കുറിച്ച് വിശ്വാസികള്‍ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിച്ചു.

ഉച്ചതിരിഞ്ഞു നടന്ന വിവിധ മാസ് സെന്ററുകളിലെ ഭാരവാഹികളുടെ ആലോചനാ യോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 10 വരെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപത സന്ദര്‍ശിക്കുന്നതും 35ഓളം മിഷനുകള്‍ ഉദ്ഘാടനം ചെയ്യപ്പടുന്ന വിവരവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആലോചനാ യോഗത്തെ അറിയിച്ചു. രൂപതയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും വിവിധ ഭക്ത സംഘടനകളുടെ പ്രവര്‍ത്തനത്തെയും വിലയിരുത്തിയ യോഗം രൂപത രണ്ടു വര്‍ഷം കൊണ്ട് നേടിയ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തുകയും മറ്റു പല വിദേശരാജ്യങ്ങളില്‍ നേടിയതിലും വേഗതയിലാണ് ബ്രിട്ടനിലെ സഭയുടെ വളര്‍ച്ചയെന്ന് നിരീക്ഷിക്കുകയും ചെയ്തു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: നാളെയുടെ യൂറോപ്പ് ഈശോയ്ക്ക് സ്വന്തം. യേശുവില്‍ ഒന്നാകാന്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍ വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാളെയുടെ വാഗ്ദാനമായ കുട്ടികളിലൂടെ യൂറോപ്യന്‍ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് തുടക്കം കുറിച്ച ‘ഹോളിവീന്‍’ ആഘോഷങ്ങള്‍ 13ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.

യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതര സങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കഴിഞ്ഞവര്‍ഷം തുടക്കമിട്ട ഹോളിവീന്‍ ആഘോഷങ്ങള്‍ ദൈവരാജ്യ സ്ഥാപനം മുന്‍നിര്‍ത്തി ഈ വര്‍ഷവും ഏറ്റവും ശ്രദ്ധേയമായരീതിയില്‍ നടത്തുവാന്‍ സെഹിയോന്‍ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.

പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഈ വരുന്ന 13/10/18 ന് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോന്‍ യൂറോപ്പിനുവേണ്ടി പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.

രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

അഡ്രസ്സ്
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877 508926.

മനുഷ്യ ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ട സംഭവത്തില്‍ ക്ലിനിക്കല്‍ വെയിസ്റ്റ് ഡിസ്‌പോസല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കി. എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്നുള്ള മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്തിട്ടുള്ള ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസുമായുള്ള കരാറാണ് റദ്ദാക്കിയത്. ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേയ്‌സ് കോമണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 15 എന്‍എച്ച്എസ് ട്രസ്റ്റുകളാണ് കമ്പനിക്കെതിരെ ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. കമ്പനിയുടെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ അതിന്റെ ശേഷിയേക്കാള്‍ അഞ്ചിരട്ടി മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായി ഹെല്‍ത്ത് സര്‍വീസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുറിച്ചു മാറ്റിയ അവയവങ്ങളും ക്യാന്‍സര്‍ ചികിത്സയുടെ അവശിഷ്ടങ്ങളുമടക്കം 350 ടണ്ണോളം മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നതെന്നാണ് എച്ച്എസ്‌ജെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിക്കണമെന്നും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും മറ്റു പബ്ലിക് സര്‍വീസുകള്‍ക്കുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും എച്ച്എസ്‌ജെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും എന്‍എച്ച്എസ് സേവനങ്ങള്‍ സാധാരണ മട്ടില്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നതായി ബാര്‍ക്ലേ ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും മാലിന്യം മൂലം ഉണ്ടാകില്ലെന്നും മിനിസ്റ്റര്‍ വ്യക്തമാക്കി.

ഹെല്‍ത്ത്‌കെയര്‍ എന്‍വയണ്‍മെന്റല്‍ സര്‍വീസസ് ആശുപത്രികളില്‍ നിന്നും പബ്ലിക് സര്‍വീസുകളില്‍ നിന്നും നടത്തുന്ന മാലിന്യ ശേഖരണം സംബന്ധിച്ച് ജൂലൈ 31ന് എന്‍വയണ്‍മെന്റ് ഏജന്‍സി ആശങ്ക അറിയിച്ചിരുന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ നോര്‍മാന്റണിലെ സൈറ്റിലാണ് മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്. കമ്പനി നിയമാനുസൃതവും കരാര്‍ നിബന്ധനകള്‍ അനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കാന്‍ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനു സാധിക്കാതെ വന്നതോടെയാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

RECENT POSTS
Copyright © . All rights reserved