UK

കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ യുകെയിലെ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്‌വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.

ലണ്ടൻ ∙ സീറോ മലബാർ സഭയ്ക്കും ഓർത്തഡോക്സ്, മാർത്തോമ്മാ സഭകൾക്കും പിന്നാലെ യാക്കോബായ സുറിയാനി സഭയ്ക്കും ബ്രിട്ടനിൽ സ്വന്തമായി ദേവാലയം. യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിനു കീഴിലെ ലണ്ടൻ സെന്റ് തോമസ് യാക്കോബായ ഇടവകയാണ് ലണ്ടനിലെ റോംഫോഡിനു സമീപം ഹോരോൾഡ് ഹില്ലിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്. ഇടവകാംഗങ്ങളുടെ ദീർഘനാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ ദേവാലയമെന്ന് വികാരി ഫാദർ അനീഷ് കവലയിൽ പറഞ്ഞു. സത്യ വിശ്വാസത്തിലുള്ള പ്രാർഥനയും പ്രവർത്തിയും ദൈവം അംഗീകരിച്ചതിന്റെ തെളിവാണ് ഈ അനുഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും പ്രഥമ ബലിയും ഈമാസം14ന് രാവിലെ ഒൻപതിന് നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തീമോസിന്റെയും കൊച്ചി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഗ്രിഗോറിസോയിന്റെയും കാർമികത്വത്തിലാണ് ദേവാലയത്തിലെ പ്രഥമ ദിവ്യബലി. എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസ സമൂഹത്തെയും ഇടവക മാനേജിംങ് കമ്മിറ്റിയുടെ പേരിൽ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാദർ അനീഷ് കവലയിൽ, സെക്രട്ടറി സന്തോഷ് അലക്സാണ്ടർ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.

പള്ളിയുടെ വിലാസം-
സെന്റ് തോമസ് ജെ.എസ്.ഒ. ചർച്ച്,
2-ടോൺടൺ റോഡ്,
റോംഫോർഡ്, RM3 7ST

ബ്രിട്ടനിൽ സീറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും മാർതോമ്മാ സഭയും നേരത്തെ സ്വന്തമായി പള്ളികൾ വാങ്ങിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പള്ളികൾ വാങ്ങാനുള്ള തയാറെടുപ്പിലുമാണ് ഇവർ. വിശ്വാസികളില്ലാതെ പള്ളികൾ പൂട്ടിപ്പോകുകയും പബ്ബുകൾക്കും മറ്റുമായി അവ വിൽക്കപ്പെടുകയും ചെയ്യുന്ന ബ്രിട്ടനിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ വെളിച്ചമാകുകയാണ് കേരളത്തിലെ സഭാ സമൂഹങ്ങൾ.

 

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെയും മനക്കരുത്തിന്‍റെയും പേരില്‍ ലോകത്തിന് പലപ്പോഴും മാതൃക കാട്ടിയിട്ടുണ്ട്. ബ്രക്സിറ്റ് ആശയത്തെ നെഞ്ചേറ്റി അത് നടപ്പിലാക്കാനുള്ള തത്രപാടിലാണ് തെരേസ. അതിനിടയില്‍ കിട്ടുന്ന സമയമൊക്കെ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കാറുണ്ട്.

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അതി പ്രധാന ചര്‍ച്ചാ വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന തെരേസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴും ബ്രക്സിറ്റ് പ്രശ്നങ്ങള്‍ ഒരു വശത്തും നില്‍ക്കുമ്പോള്‍ ഇവ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തെരേസയുടെ ഡാന്‍സ് എന്ന് കൂടി അറിയണം. ചൂടേറിയ ചര്‍ച്ചയ്ക്കും വാഗ്വാദത്തിനുമെത്തിയവര്‍ ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് തെരേസയുടെ നൃത്തത്തെ വരവേറ്റത്. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

 

നാടൻ പന്തുകളിയുടെയും പകിട കളിയുടെയും നാടായ പുതുപ്പള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും യു കെയിലേക്ക് കുടിയേറിയ പുതുപ്പള്ളിക്കാരുടെ മഹാസംഗമം ഈ മാസം ( ഒക്ടോബർ ) പതിമൂന്നാം തീയതി ശനിയാഴ്ച കവൻട്രിയിലെ ഷിൽട്ടൺ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ. അഞ്ചാമത്തെ പെണ്ണിനെ കെഞ്ചിയാലും കിട്ടുമോ എന്ന നാടൻ ചൊല്ല് അന്വർത്ഥമാക്കാനായി അഞ്ചാമത്തെ പുതുപ്പള്ളി സംഗമത്തിന് ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിൽ ശ്രീ ബിജോയ് ജോസഫ് , ശ്രീ റെജി ജേക്കബ്, ശ്രീ സോബോയ് വർഗീസ്, ശ്രീ അനിൽ കുറ്റിപ്പുറം, ശ്രീ ജോർജ് ജോൺ, ശ്രീ രാജു ഏബ്രഹാം, ശ്രീ ജേക്കബ് കുര്യാക്കോസ്, ശ്രീമതി റെനി ബിജു, ശ്രീമതി ലിസ റോണി എന്നിവരടങ്ങിയ പത്തംഗ സ്വാഗത സംഘം തയ്യാറായിക്കഴിഞ്ഞു.

പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ വരുന്ന വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, മണർകാട് അയർക്കുന്നം പഞ്ചായത്തുകളോടൊപ്പം മുൻപ് പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പനച്ചിക്കാടും യു കെയിലെ പുതുപ്പള്ളിയായ  കവൻട്രിയിൽ ഒത്തുചേരുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മേൽ പറഞ്ഞ പഞ്ചായത്തുകളിൽ നിന്നും മറ്റ് അടുത്ത സ്ഥലങ്ങളിൽ നിന്നും പുതുപ്പള്ളിയെ സ്നേഹിക്കുന്നവരെ ഞങ്ങൾ ഹാർദ്ദവമായി സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.  പുണ്യ പുരാതനമായ പുതുപ്പള്ളി പള്ളി കൊണ്ട് പ്രസിദ്ധമാണ് പുതുപ്പള്ളിയെങ്കിൽ ഗീവർഗീസ് സഹദാക്ക് ജന്മം നൽകി എന്നു പറയപ്പെടുന്ന കലുഡോൺ കാസിൽ കൊണ്ട് പ്രശസ്തമാണ് കവൻട്രി.രാവിലെ ഒൻപത് മണിക്ക് രജിസ്ട്രേഷൻ, പ്രഭാത ഭക്ഷണം എന്നിവയോട് കൂടി ആരംഭിക്കുന്ന സംഗമം പത്തു മണിക്ക് പകിടകളിക്ക് തയ്യാറായിരിക്കും.  തുടർന്ന് പതിനൊന്നു മണിക്ക് സമ്മേളനം 11.45 ന് നാടൻ പന്തുകളിയും ഫാമിലി ഗെയ്മുകളും. തുടർന്ന് ഉച്ചഭക്ഷണവും ഫോട്ടോ സെഷനും. കൃത്യം 2 മണിക്ക് യുകെയിലെ ഒരു പ്രമുഖ മലയാളി അഭിഭാഷകനും കേംബ്രിഡ്ജ് കൗൺസിലറുമായ ശ്രീ ബൈജു വർക്കി തിറ്റാല എൻ എം സി പ്രാക്ടീസ് ആൻസ് പ്രൊസീഡിയേഴ്സ് എന്ന വിഷയത്തെ പറ്റി ക്ലാസ് നയിക്കുന്നു. 

ഉച്ചതിരിഞ്ഞ് 2.45 ന് പുതുപ്പള്ളിയിലെ കലാകാരൻമാർ നടത്തുന്ന വില്ലടിച്ചാൻ പാട്ടോടെ കലാപരിപാടികൾ ആരംഭിക്കുന്നു – തുടർന്ന് മഹാ സംഗീതജ്ഞനായ ഷഡ്കാല ഗോവിന്ദ മാരാരുടെ നാടായ പുതുപ്പള്ളിയിലെ കലാകാരൻ മാരുടെ വിവിധ കലാപരിപാടികൾ. തുടർന്ന് വടം വലിക്കും അത്താഴത്തിനും ശേഷം പുതിയ സമ്മേളന നഗരിയുടേയും പുതിയ കമ്മിറ്റി അംഗങ്ങളുടേയും തിരഞ്ഞെടുപ്പോടെ സംഗമം സമാപിക്കുന്നു.വിശദ വിവരങ്ങൾക്ക്
ഏബ്രഹാം കുര്യൻ 07882791150
അനിൽ കുറ്റിപ്പുറം 07988722542

സംഗമ നഗരിയുടെ അഡ്രസ്സ്
Shilton Community Hall
Hallway Drive
Shilton
Coventry
CV7 9JQ

ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്.

ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു.

പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.

ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്.

ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്സില്‍ നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005ല്‍ ആണ് യു.കെയില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സിസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികയായിരുന്നു.

ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.

കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

പള്ളിയുടെ വിലാസം.

St.Antony’s Church,
Forest Gate E7 9QB,
London.

ബർമിങ്ങാം∙ യുക്മ ദേശീയ – റീജനൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മിറ്റി 2017 ൽ അവതരിപ്പിച്ച സമ്മാന പദ്ധതിയായ “യു-ഗ്രാന്റ് ലോട്ടറി” യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2018 പ്രവർത്തന വർഷത്തിലും മുൻ വർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളുമായി വീണ്ടും യു-ഗ്രാന്റ് ലോട്ടറി യുകെ മലയാളികൾക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുക്മ നേതാക്കളും അംഗ അസോസിയേഷൻ പ്രവർത്തകരും ഭാഗഭാക്കായിരുന്നതിനാൽ മുൻ നിശ്ചയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരി 19 ന് നടത്തുന്ന യുക്മ ഫാമിലി ഫെസ്റ്റിലായിരിക്കും യു-ഗ്രാന്റ് ലോട്ടറി നറുക്കെടുപ്പ് നടക്കുക.

യു-ഗ്രാന്റ് ലോട്ടറിയുടെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ സമ്മാനങ്ങളാണ് ഈ വർഷം യുകെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ ടൊയോട്ടോ ഐഗോ  കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാന്റ് ലോട്ടറിയുടെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനമായി പതിനാറ് ഗ്രാം സ്വർണ്ണ നാണയവും മൂന്നാം സമ്മാനമായി എട്ടു ഗ്രാം സ്വർണ്ണ നാണയവും  നാലാം സമ്മാനമായി നാലു ഗ്രാം സ്വർണ്ണ നാണയവും അഞ്ചാം സമ്മാനമായി രണ്ട് ഗ്രാം സ്വർണ്ണ നാണയവും നൽകപ്പെടുന്നു.  യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യു- ഗ്രാൻറ് ലോട്ടറിയുടെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യു- ഗ്രാൻറ് ലോട്ടറിയിലൂടെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ 50 ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. റീജിയണൽ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജനൽ നേതൃത്വങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നതിൽ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ യുക്മ അംഗ അസ്സോസിയേഷനുകൾക്കും യു- ഗ്രാൻറ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ്, റീജനൽ- അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും കൃത്യമായ തയാറെടുപ്പുകളോടെ യു- ഗ്രാൻറ് ലോട്ടറി വിൽപ്പനയുമായി ഈ വർഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു കെ മലയാളികൾക്കിടയിൽ യു-ഗ്രാന്റ് ലോട്ടറിക്ക് ഈ വർഷം കൂടുതൽ  സ്വീകാര്യതയുണ്ടാക്കും എന്നതിൽ സംശയമില്ല.

യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യു- ഗ്രാൻറ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാന്റ് ലോട്ടറിയിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ  ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, യു- ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അലക്സ് വർഗീസ്,  റീജിയണൽ പ്രസിഡന്റുമാർ, ദേശീയ- റീജിയണൽ ഭാരവാഹികൾ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു. യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യ ഘട്ട വിൽപ്പന ഒക്റ്റോബർ അവസാനം യുക്മ റീജിയണൽ-ദേശീയ കലാമേളകളോടെ അവസാനിപ്പിക്കാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. അംഗ അസോസിയേഷനുകളുടെ ക്രിസ്മസ്-പുതുവർഷാഘോഷങ്ങളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. 2019 ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ ഫാമിലി ഫെസ്റ്റിൽ വച്ചായിരിക്കും യു-ഗ്രാന്റ് ലോട്ടറി വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുക.

നവംബർ മാസം യു-ഗ്രാന്റ് നറുക്കെടുപ്പ് നടത്താനായിരുന്നു ദേശീയ കമ്മിറ്റിയുടെ മുൻ തീരുമാനം. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ഒറ്റക്കെട്ടായി മുന്നേറിയ നാളുകളിൽ, ടിക്കറ്റ് വിൽപന പോലുള്ള കാര്യങ്ങളിൽ ഇടപെടാനാവാത്തവിധം യുക്മ പ്രവർത്തകർ പിറന്ന നാടിനുവേണ്ടി തങ്ങളാലാവുംവിധം പ്രവർത്തിക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് യുക്മ ഫാമിലി ഫെസ്റ്റും യു-ഗ്രാന്റ് നറുക്കെടുപ്പും ദേശീയ കലാമേളയ്ക്ക് ശേഷം, ജനുവരിയിൽ നടത്തുവാൻ ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചത്.

കാരൂര്‍ സോമന്‍

ഫ്രെയിമഴകില്‍ മഴയഴകായ്
കടലഴകായ്, കാടഴകായ്
കടപുഴകും കണ്‍നിറയും
മഴയഴകായ് ഫ്രെയിമഴകില്‍

മഴത്തോണിയില്‍ മഴപ്രാവായ്
മഴയുണരും മധുവിധുവില്‍
മഴയൊരു വഴിയായ്, വഴിയൊരു
വിധിയായ്, മഴക്കാറിലഴകായ്

മഴത്തെന്നലിന്‍ മധുമഞ്ചലില്‍
മഴത്തേനിന്‍ മധുനുകരാന്‍
മഴക്കുറുകലിന്‍ മരത്തോണിയില്‍
മഴയഴകില്‍ ചിമിഴഴകായ്

മഴയുണര്‍വില്‍ മഞ്ഞലിവില്‍
മഴപാട്ടിന്‍ മലര്‍പ്പൊടിയില്‍
മഴയിതളില്‍ മഴയെഴുതിയ
മഴത്തുള്ളിപ്പോല്‍ നിറയഴകായ്

അഴകായ് പൊടിയുമീമഴക്കാറില്‍
മഴതന്ത്രികള്‍ മഴ നനയവേ
മഴയീറന്‍ മലഞ്ചെരുവില്‍
മഴയറിഞ്ഞ് മഴയഴകായ്

ഏഴഴകിന്‍ മഴച്ചുണ്ടിലാറാടി നിന്‍
കരള്‍ക്കോണില്‍ മഴവീണയില്‍
മലര്‍പ്പാട്ടിന്‍ മഴച്ചീന്തിന്‍ മണിയറയില്‍
മഴയഴകായ് ഫ്രെയിമഴകായ് മഴ…ഴ..ഴ..

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]

ഫെയിസ്ബുക്ക് കൂട്ടായ്മയായ ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമ മഴയ്ക്ക് മുന്നെയിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. വരികള്‍ രചിച്ചത് കട്ടപ്പന കാല്‍വരി മൗണ്ട് സ്വദേശിയും യുവപ്രതിഭയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ സച്ചിന്‍ ബാലു ആണ്. ആലാപനം ശ്രീറാം. കെ. ദാസ്. സിനിമ സംവിധാനം രഞ്ജിത് പൂമുറ്റം.

വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

മഴ …. മഴ… മഴ… മഴ… മഴ…
പൊടിമഴ…പുതുമഴ… നറുമഴ… നിറമഴ
മഴ… മഴ… മഴ…മഴ…

മഴയൊരു നിറവായ് നിറയുന്നു….
മഴയൊരു കുളിരായ് പൊഴിയുന്നു…

മഴയറിയാതെ മഴയോടലിയാം
വഴിയറിയാതെ വഴിയേ അലയാം

മഴയുടെ കൂടെ കൂടണയാം…
മഴയോടൊപ്പം വീടണയാം…

മഴയൊരു വഴിയായ് പൊഴിയുന്നു…
വഴിയൊരു പുഴയായ് ഒഴുകുന്നു…
പുഴയൊരു കടലായ് ചേരുന്നു…
കടലൊരു കനലായ് എരിയുന്നു…
കടലൊരു കനവായ് ഉയരുന്നു…

കടലായ്… കനലായ്… കനവായ്… കാറായ്… മഴയായ്… വഴിയായ്… പുഴയായ്… കടലായ്… കനലായ്… കനവായ്… കാറായ്… മഴയായ്.

രചന : ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍.

ഗാനരചയിതാവ് ജോഷി സെബാസ്റ്റിന്‍ എന്ന യുവപ്രതിഭയെ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് വിളിക്കാം:

മൊബൈല്‍ നമ്പര്‍: 7025375847, 9496226485. വാട്ട്‌സ് അപ്പ് നമ്പര്‍: 7025375847.

RECENT POSTS
Copyright © . All rights reserved