ലണ്ടനിൽ സിഗരറ്റ് പേപ്പര്‍ നൽകാത്തതിനെത്തുടർന്ന് ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ പതിനാറുകാരന് കോടതി തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ പതിനാറുകാരൻ പ്രതിയെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതി നാല് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്.
വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലാണ് (49) കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16-കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതില്‍ കുപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തത്.വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.
മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി. ഉള്‍കൊള്ളാന്‍ കഴിയാത്ത ആ സത്യം ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപെടാറില്ല. പക്ഷെ മനുഷ്യൻ എന്നും മരണത്തെ പറ്റി ചിന്തിക്കും, മരണത്തെ ഉള്‍കൊള്ളാന്‍ അവന്‍ പഠിക്കാൻ എത്ര സമയം എടുക്കും എന്ന് പറയുക അസാധ്യം. ഒരാളുടെ മരണവാര്‍ത്ത പോലും നമ്മളെ ദിവസങ്ങളോളം അസ്വസ്ഥനാക്കുന്നു. തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ പൊട്ടി കരയുന്ന രക്ഷകർത്താക്കൾ. യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കും മുമ്പ് മകനെ നഷ്ടമായ അച്ഛനമ്മമാർ… അവസാന നിമിഷം വെള്ളം തരാന്‍ ഇവനുണ്ട് ഞങ്ങള്‍ക്ക് എന്ന് കരുതി സമാധാനത്തോടെ ഇത്രേം കാലം ജീവിച്ച മാതാപിതാക്കള്‍. ദൈവം ചിലപ്പോള്‍ ഒക്കെ ഇങ്ങനെ ആണ്. ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചിലതൊക്കെ തിരിച്ചെടുക്കും…
ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും ജേസന്റെയും ജോയലിന്റെയും സഹപാഠികളും അധ്യാപകരും ദേശീയ പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍. രാവിലെ പത്തിന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിഷാദത്തിൽ മുങ്ങി.
ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹ പേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു. ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത്, പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു. ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച് നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്നു പങ്കുവച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ അവരറിയാതെ നിറഞ്ഞുപോയി.
ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത്ഇ. ഇരുവരുടെയും സഹപാഠികളും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ്, ഫാ. അജി ജോണ്‍. ഫാ. രഞ്ജിത്ത്, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി. ബോള്‍ട്ടന്‍ മലയാളികളുടെ കൂട്ടായ്മയും , സാഹോദര്യവും കൂട്ടിയിണക്കിയ ദിനം കൂടി ആയിരുന്നു ഇന്നലെ.എല്ലാ കാര്യങ്ങളും ക്രമീകരിക്കുവാനും, സംസ്‌കാര ശുശ്രൂഷകള്‍ ആദ്യാവസാനം ഒരു കുറവും കൂടാതെ നടത്താനും ബോൾട്ടൻ മലയാളികള്‍ ഒത്തുചേർന്ന് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല.
പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.
ലണ്ടന്‍: യു.കെയില്‍ ആദ്യമായി മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ നേവല്‍ ഉദ്യേഗസ്ഥനിലൂടെയാണ് രോഗം രാജ്യത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരില്‍ രോഗബാധയുണ്ടായതായിട്ടാണ് സംശയം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രോഗബാധയേറ്റ ഓഫീസര്‍ ലണ്ടനിലെത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കണ്ട് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ചില മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് കുറഞ്ഞ സാധ്യത മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റാല്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് മരണനിരക്ക്. സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. സ്‌മോള്‍ പോക്‌സിന് സമാന സ്വഭാവമാണ് മങ്കിപോക്‌സിനും. പക്ഷേ അപകടകാരി മങ്കിപോക്‌സ് തന്നെയാണ്. രണ്ട് മുതല്‍ മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ രോഗം പൂര്‍ണമായും മാറുമെങ്കിലും രോഗാവസ്ഥ മോശമായാല്‍ മരണം വരെ സംഭവിച്ചേക്കാം. വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ രോഗം മനുഷ്യരില്‍ പടരുകയുള്ളു. നിലവില്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. കൈപ്പത്തിയിലും ശരീരത്തിന്റെ ഭാഗങ്ങളിലും കുരുക്കള്‍ പോലെ തടിച്ചു പൊന്തുന്നതായാണ് രോഗത്തിന്റെ ലക്ഷണം. അപൂര്‍വ്വമായി ഇത്തരം കുരുക്കള്‍ കണ്ണില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇത് അന്ധതയ്ക്ക് കാരണമായേക്കാം.
ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന വേണമെന്ന് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്ററില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ബ്രെക്‌സിറ്റില്‍ ഒരു അന്തിമ അഭിപ്രായ രൂപീകരണത്തിനായി ഹിതപരിശോധന വേണമെന്നായിരിക്കും യൂണിയന്‍ നേതൃത്വങ്ങള്‍ ആവശ്യപ്പെടുക. നോ-ഡീല്‍ ബ്രെക്‌സിറ്റിന് കളമൊരുങ്ങുന്നു എന്ന ആശങ്കകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തില്‍ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് പ്രസ്താവനയിറക്കും.
ഹാര്‍ഡ് ബ്രെക്‌സിറ്റിന് വിരുദ്ധമായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. അതുകൊണ്ടു തന്നെയാണ് ഫൈനല്‍ സേ വോട്ടിനായി യൂണിയനുകള്‍ സുപ്രധാന നീക്കം നടത്തുന്നത്. ബ്രസല്‍സുമായി തെരേസ മേയ് എത്തിച്ചേരാനിടയുള്ള ഏതു തീരുമാനത്തിനും ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നീക്കങ്ങള്‍ക്കാണ് യൂണിയനുകള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിക്കും. ബ്രിട്ടനിലെ മൂന്ന് പ്രമുഖ യൂണിയനുകളായ യുണൈറ്റ്, യൂണിസണ്‍, ജിഎംബി തുടങ്ങിയവയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതിയൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായമുള്ളവരാണെന്ന് പുതിയൊരു സര്‍വേയില്‍ വ്യക്തമായിരുന്നു.
ടിയുസി കോണ്‍ഫറന്‍സില്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായം ലേബര്‍ പാര്‍ട്ടിയിലും നേതാവ് ജെറമി കോര്‍ബിനിലുമായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക. ഫൈനല്‍ സേയില്‍ ഹിതപരിശോധന വേണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതോടെ ആവശ്യമുന്നയിക്കേണ്ടതായി വരും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കു മേല്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ടിയുസിയുടെ തീരുമാനം.
ടോം ജോസ് തടിയംപാട്
ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂളിന്റെ (ACAL) നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും പ്രളയ ബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് ശേഖരണവും ഗംഭീരമായി 50 കുടുംബങ്ങള്‍ ശേഖരിച്ചത് 4000 പൗണ്ടാണ്. ഇത്തരമൊരു ഫണ്ട് ശേഖരണം യു.കെയില്‍ തന്നെ നടന്നിട്ടുണ്ടോ എന്ന് സംശയിക്കണം.
ഇന്ന് രാവിലെ 11 മണിയോടു കൂടി ഫസക്കെര്‍ലി റെയില്‍വേ ക്ലബില്‍ പരിപാടികള്‍ ആരംഭിച്ചു. കമ്മറ്റി അംഗങ്ങള്‍ പാകം ചെയ്തുകൊണ്ടുവന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യ എല്ലാവരും മതിയാവോളം ആസ്വദിച്ചു പിന്നിട് നടന്ന ജനകീയ ലേലത്തില്‍ എല്ലാവരും പങ്കെടുത്തു അതിലൂടെ ഒരു നല്ല സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു.
സമാഹരിച്ച പണം അപേക്ഷ ലഭിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി കൂടി യോഗ്യരായവരെ കണ്ടെത്തി നല്‍കുമെന്ന് അക്കാള്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു അറിയിച്ചു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ജെയിംസ് ആന്റണിയുടെ പിതാവ് കെ മാത്യു ആന്റണി (90) നിര്യാതനായി. ഇന്ന് രാവിലെ ഇന്ത്യൻ സമയം പതിനൊന്ന് മണിക്കാണ് മരണം സംഭവിച്ചത്. പരേതയായ മേരിക്കുട്ടി ആന്റണി ഭാര്യ. ആറ് മക്കളാണ് കെ മാത്യുവിന് ഉള്ളത്. (മൂന്ന് ആണും മൂന്ന് പെൺമക്കളുമാണ്). സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസ് ആന്റണി ഒഴിച്ച് ബാക്കിയെല്ലാവരും നാട്ടിൽ തന്നെയാണ് ഉള്ളത്.
പൂർണ്ണ ആരോഗ്യവാനായിരുന്നു പരേതനായ മാത്യു. കഴിഞ്ഞ ദിവസം വീണപ്പോൾ ഇടുപ്പിനേറ്റ പരിക്കുമായി ബന്ധപെട്ട് കഴിഞ്ഞ തിങ്കളാഴ്ച ഹിപ് ഓപ്പറേഷനുശേഷം വിശ്രമത്തിലായിരുന്ന മാത്യുവിന് ശ്വാസതടസം അനുഭവപ്പെടുകയും കൃത്രിമ ശ്വാസോച്വാസം നൽകുകയും ചെയ്‌തു എങ്കിലും മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. മാത്യുവിന് 45 വയസുള്ളപ്പോൾ ഭാര്യ നഷ്ടപ്പെട്ടങ്കിലും മറ്റൊന്നും ആലോചിക്കാതെ മക്കളെയെല്ലാം ഉന്നതനിലയിൽ എത്തിക്കുക എന്ന തീരുമാനത്തിൽ കഠിനാധ്വാനം ചെയ്‌തു അത് സഫലീകരിക്കുകയും ചെയ്‌ത വ്യക്തിയാണ് മാത്യു ആൻറണി. ചങ്ങനാശ്ശേരി എസ് ബി കോളേജ് റിട്ടയേർഡ് ലാബ് ടെക്‌നിഷ്യൻ ആയിരുന്നു പരേതനായ മാത്യു ആന്റണി.
ശവസംക്കാരം ചൊവ്വാഴ്ച്ച രാവിലെ പത്തുമണിക്ക് ചങ്ങനാശ്ശേരി കുമ്പനാലം സൈന്റ്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ശവസംക്കാര ചടങ്ങിൽ സംബന്ധിക്കാനായി കുടുംബസമേതം ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്ന ജെയിംസ് ആന്റണി സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിലെ സെന്റ് അൽഫോൻസാ യൂണിറ്റിന്റെ സെക്രട്ടറി കൂടിയാണ്.
പ്രിയ കിരൺ
പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷ ജീവികളും ഓൺലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി. ശബരിമലയിൽ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോൾ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം! ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! പ്രമുഖ പത്രത്തിൽ ഒന്നാം പേജിൽ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തിൽ അവരും പറഞ്ഞു കണ്ടു , പ്രളയം ദൈവകോപമല്ലാതെ മറ്റൊന്നല്ലെന്നു !
വരൾച്ച പ്രവചിച്ചു പ്രളയം വരുത്തിയ കാണിപ്പയ്യൂരിനെതിരെ ട്രോളന്മാരുടേതടക്കം ഏതാനും ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ , കേരളത്തിൽ കലാലയങ്ങളിൽ, ശാസ്‌ത്രവിഷയങ്ങൾക്ക് പ്രവേശനം കിട്ടാനുള്ളത്ര തള്ളും തിരക്കുമൊന്നും, ഇത്തരം യുക്തിരാഹിത്യങ്ങളെ എതിർക്കുന്നതിൽ പൊതുവിൽ കാണുകയുണ്ടായില്ല. സാക്ഷരതക്കും ശാസ്‌ത്രപഠനത്തിനും അപ്പുറം ശാസ്ത്രമോ യുക്തിചിന്തയോ ഒരു മനോവൃത്തിയായി മാറ്റാൻ നമുക്കിനിയും സാധിക്കാത്തതെന്തു കൊണ്ടാണ്!
എട്ടിന്റെ സ്പാന്നറും എടുത്തു “ദിപ്പോ ശരിയാക്കിത്തരാം ” എന്ന ആത്മഗതത്തോടെ പൈതൃകങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഇന്നത്തെ ഒരു ട്രെൻഡ് ! കർക്കിടക കഞ്ഞി , പ്രകൃതി ജീവനം , രാമായണ മാസം .. അങ്ങനെ അതിവേഗം ബഹുദൂരത്തേക്കു റിവേഴ്‌സ് ഗിയറിടുമ്പോൾ, പണ്ട് സഹതാരങ്ങളായി പോലും കഥയിൽ ഇല്ലാതിരുന്ന അക്ഷയത്രിതീയ, തൃക്കാർത്തിക തുടങ്ങി ചിലരെക്കൂടി ഇപ്പോൾ മുഖ്യവേഷങ്ങളിൽ കാണാനുമുണ്ട്!
സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസത്തിന്റെയും പതനം രേഖപ്പെട്ട 1980 – കളുടെ അവസാനം വരെയും, അന്ധവിശ്വാസത്തെ യുക്തികൊണ്ടെതിർക്കപ്പെടുന്നത് പ്രോത്സാഹിക്കപ്പെട്ടിരുന്നൊരു സമൂഹമാണ് ഇങ്ങനെ പടവലങ്ങയുടെ വളർച്ചാനിരക്ക് കടമെടുത്തിരിക്കുന്നതെന്നോർക്കണം !
ദേശീയ തലത്തിലാണെങ്കിൽ പൈതൃക, പാരമ്പര്യ സംരക്ഷണവും , യോഗയും ധ്യാനവുമെല്ലാം സർവശക്തിയോടെയും സഭ കയ്യടക്കിയിരിക്കുന്നു. എയ്ൻസ്റ്റീനിന്റെ സിദ്ധാന്തങ്ങളും, റോക്കറ്റ് വിക്ഷേപണ രഹസ്യങ്ങളും വേദത്തിലുണ്ടെന്നും, ഇന്ന് വരെ ഒരു പ്രസവ വാർഡിലും കുരങ്ങൻ മനുഷ്യനെ പ്രസവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, തെളിവുകളുടെ അഭാവത്തിൽ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളയുന്നെന്നും , ഭരണനേതൃത്വം “ശാസ്ത്രീയ” ഭേദഗതികൾ നടത്തുമ്പോൾ, മാടമ്പള്ളിയിലെ യഥാർത്ഥ ശാസ്ത്ര /യുക്തിചിന്തകർ മുറിയടച്ചിരുന്നു ദീർഘശ്വാസം വിടുകയല്ലാതെ എന്ത് ചെയ്യാൻ !
ഇത്തരം തിരിച്ചു പോക്കുകളും , വിശ്വാസപ്രമാണങ്ങളുടെ രക്ഷാകർതൃത്വവും പ്രചാരണവും , അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും , ഉദ്ദേശശുദ്ധിയുടെയും സ്വാർത്ഥ താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രശസ്ത ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ പറഞ്ഞത് പോലെ “ പ്രകൃതി മണ്ഡലത്തെ ശാസ്ത്രാധിഷ്ഠിതമായും മതേതരമായും മനസിലാക്കുക എന്നത് , മതേതര ജനാധിപത്യ സമൂഹം ഉയർന്നു വരുന്നതിനുള്ള ഒരു മുന്നുപാധിയാണ്”.
അങ്ങനെയല്ല, ആർഷഭാരതസംസ്കൃതിയുടെയും, വേദോപനിഷത്തുക്കളെയുമുള്ളിൽ സമസ്തപ്രശ്നങ്ങളുടെയും , പരമാനന്ദത്തിന്റെയും രഹസ്യങ്ങളെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണോ താങ്കൾ ? ഇത്തരം വിചാരധാരയുടെ പ്രഭവകേന്ദ്രം രണ്ടാവാം – ഒന്ന്, ഭൂരിപക്ഷത്തോട് ചേർന്ന് നിന്ന് സ്വന്തം വേരുകളെയും, സംസ്കൃതിയെയും സംരക്ഷിക്കുന്നെന്ന തോന്നലുളവാക്കുന്ന ഒരു മനസുഖം , അത് തരുന്ന മിഥ്യാഭിമാന, സുരക്ഷിത ബോധം . അല്ലെങ്കിൽ യാഥാർത്ഥമായും ധ്യാനം, യോഗ, നിർവാണം തുടങ്ങിയ അതീന്ദ്രിയസങ്കൽപ്പങ്ങളിൽ ഉള്ള വിശ്വാസം.
ഈ കവലയിലേക്കു നമ്മെയെത്തിച്ച വഴി ഇതിൽ ഏതുമാവട്ടെ , ഇവിടെ എത്തിപ്പെട്ടവർ തീർച്ചയായും കേട്ടിരിക്കേണ്ട ഒരാളാണ് കേരളത്തിലെ പരിജ്ഞാനയുക്തിവാദികളിൽ പ്രമുഖനും , യുക്തിമുഖം മാസികയുടെ എഡിറ്ററുമായ , പ്രശസ്ത ഓർത്തോ സർജൻ ഡോക്ടർ സി വിശ്വനാഥൻ . ഹൈന്ദവത, ധ്യാനം , യോഗ , വേദങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശാസ്ത്രീയാടിത്തറയോടെ ഏറെ ഗഹനമായ പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ള ഡോക്ടർ വിശ്വനാഥൻ കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്നാണ് അറിയപ്പെടുന്നത്. സെപ്തംബര് 21 – നാണു , യുണൈറ്റഡ് റാഷണലിസ്റ്സ് ഓഫ് യു കെ – യുടെ ആഭിമുഖ്യത്തിൽ, ഡോക്ടർ സി വിശ്വനാഥൻ യു കെ മലയാളികളോട് സംവദിക്കാനായി യു കെ യിൽ എത്തുന്നത്.
കേവലം ഒരു നിരീശ്വരവാദി, നാസ്തികൻ എന്നതിനപ്പുറത്തു , നവനാസ്തികതയുടെ ആത്മീയ വിരൽ ചൂണ്ടലിനെയും , ബിംബവൽക്കരണത്തെയും , വർഗീയവിഭജനങ്ങളെയും ,ഗോത്രീയതെയും സരളമായി , സൗമ്യമായി എന്നാൽ യുക്തിയുക്തമായി ഖണ്ഡിക്കുകയും ചെയ്യുന്നു ഇദ്ദേഹം . നവഹിന്ദുത്വത്തിന്റെ ബ്രഹ്മണ്യബോധത്തെ തകർക്കാനും, യുക്തിവാദത്തിൽ ഇന്ത്യൻ ജ്ഞാനോദയത്തിനും ദളിത് സ്ത്രീ മുന്നേറ്റമാണ് ഉത്തരമെന്നു വിശ്വസിക്കുന്ന ഡോക്ടർ വിശ്വനാഥന്റെ സംവരണ, സ്ത്രീപക്ഷനിലപാടുകളും ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഏറെ ആശാവഹമാണ് .
“ബോധവും പരിണാമവും “ എന്നതാണ് യു കെ – യിലെ ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണവിഷയം എന്നത് വാസ്തവത്തിൽ അത്ഭുതമുണ്ടാക്കിയില്ല . സമാനവിഷയങ്ങളിലെ അദ്ദേഹത്തിന്റെ താല്പര്യവും അറിവും ധ്യാനരഹസ്യവും , ധ്യാന പ്രലോഭനം തുടങ്ങിയ പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാൻ എന്താണ് ? എന്താണ് ധ്യാനം? പരമാനന്ദം ? പരിണാമത്തിന്റെ ഉപോൽപ്പത്തിയാണ് ബോധം , ധ്യാനത്തിന്റെ പരമാനന്ദഅവസ്ഥയെന്നാൽ ഇന്ദ്രിയ സംവേദനങ്ങൾക്കു മേലെ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രതിപ്രവർത്തനമാണെന്നും തുടങ്ങി , പുരാതന ധാരണകളെയും അവയുടെ പ്രചരണങ്ങളെയും, യുക്തിയുടെയും ശാസ്ത്രീയലോകവീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും അനുചിതമായ പദങ്ങളാൽ ലളിതമനോഹരമായി പുനഃപരിശോധിക്കുന്ന അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ, യുകെ മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുക്കുന്നു യുണൈറ്റഡ് റാഷണലിസ്റ്സ്.
ആൾദൈവങ്ങൾ നിറഞ്ഞാടുന്ന , ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളാക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഭരണഘടന വിഭാവനം ചെയ്ത സ്വതന്ത്ര, മതേതര, ജനാധിപത്യരാഷ്ട്രം കെട്ടിപ്പടുക്കാൻ, നാം കൂടെ കൂട്ടേണ്ടത് പൗരാണികപ്രതാപകഥകളോ , യുക്തി,ശാസ്ത്രാവബോധമോ എന്ന് ചിന്തിക്കുന്നവർ തീർച്ചയായും എത്തിച്ചേരേണ്ടയിടമാണ് ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണ വേദി.
യു.കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ്. ബ്രിസ്‌റ്റോള്‍ & ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷനില്‍ പത്ത് ടീമുകള്‍ പങ്കെടുത്ത 20 മത്സരങ്ങളില്‍ നിന്ന് 17 ലും വിജയിച്ചാണ് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ് ഒന്നാമതായി പ്രമോഷന്‍ നേടിയത്. പൊതുവെ സ്‌പോര്‍ട്‌സില്‍ മലയാളികള്‍ മുന്‍തൂക്കം നല്‍കാതിരിക്കുന്ന ജീവിതരീതിയില്‍ നിന്ന് വ്യത്യസ്ത്ഥമായി ചിന്തിച്ച് ഒരുകൂട്ടം മലയാളികള്‍ മാത്രം കഠിന പ്രയത്‌നം ചെയ്ത് പരസ്പരം സഹകരിച്ചാണ് ഈ വന്‍നേട്ടം നേടിയത്.
അനുഗ്രഹ് ജെയ്‌സണ്‍ നയിച്ച എയ്‌സസ് ടീമില്‍ രണ്ട് സെഞ്ച്വറികളടക്കം ടോം മാത്യൂ 704 റണ്‍ നേടി ടോപ് സ്‌കോററായി. ജോഫിന്‍ റെജി ഒരു സെഞ്ച്വറി അടക്കം 504 റണ്ണും നേടി. 183.33 എന്ന ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റുമായി ദീപേഷ് രാമന്‍ എതിരാളികള്‍ക്ക് പേടി സ്വപ്‌നം ആയിരുന്നു. ആഷിഷ് തങ്കച്ചനും ബെന്‍ ലാലു അലക്‌സും ടോണി മാത്യൂ ഉം ബാറ്റിംഗില്‍ ഉഗ്രന്‍ ഫോമിലായിരുന്നു. തോമസ് കാവൂര്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എയ്‌സസിനായി നേടി. സുഷ്മിത്ത് സതീഷ്, സ്മിത്ത് ജോണ്‍, ആതിഷ് ബെന, ബെന്‍ഞ്ചോസ് ജോര്‍ജ്, ശങ്കര്‍ എന്നിവരും ടീമിനായി ന്നായി പന്തെറിഞ്ഞു. 11.71 എന്ന വിക്കറ്റ് ടെയ്ക്കിംഗ് സ്‌ട്രൈക്ക് റേറ്റില്‍ ജോബിച്ചന്‍ ജോര്‍ജും ഫോമിലായിരുന്നു.
ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന് വേണ്ട എല്ലാ നിര്‍ദേശങ്ങളും സഹായങ്ങളും ഉം നല്‍കി ക്ലബ് ചെയര്‍മാന്‍ James Vaipantherayil ക്ലബ് സെക്രട്ടറി ആഷിഷ് ജോര്‍ജും എപ്പോഴും കൂടെയുണ്ടായിരുന്നു. ജെറിന്‍ മാത്യുവാണ് ക്ലബിന്റെ ട്രെഷറര്‍. ഈ വിജയം ഒരു മാതൃകയാക്കി യു.കെയിലുള്ള മലയാളി മക്കള്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്നുവന്ന് വിജയം നേടണമെന്നും ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബില്‍ കളിച്ച എല്ലാ കളിക്കാരും അഭിപ്രായപ്പെട്ടു. ഫ്രീഡം മോര്‍ട്ടേജ് കവന്‍ഡ്രിയായിരുന്നു ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന്റെ 2018ലെ മെയിന്‍ സ്‌പോണ്‍സര്‍.
യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്.
സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.