UK

സ്റ്റീവനേജ്: യു.കെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ താരമായി സ്റ്റീവനേജിലെ റോഷ് ബെന്നിയും. പഠിച്ച മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ് നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്. സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഓള്‍ റൗണ്ടറും, ജോണ്‍ ഹെന്രി ന്യുമാന്‍ സ്‌കൂള്‍ ഫുടബോള്‍ ടീമംഗവുമായ റോഷ് കായിക മികവിനോടൊപ്പം താന്‍ പഠനത്തിലും കേമനാണെന്നു ജിസിഎസ്ഇ പരീക്ഷ ഫലത്തോടെ തെളിയിച്ചിരിക്കുകയാണ്.

കലാ സാഹിത്യ രംഗത്തും നിറ സാന്നിദ്ധ്യമാണ് റോഷ്. വിവിധ സ്‌കൂളുകളിലെ കഴിവുള്ള കുട്ടികളുടെ കൃതികള്‍ തെരഞ്ഞെടുത്ത് തയ്യാറാക്കുന്ന പ്രശസ്തമായ ‘യങ് റൈറ്റേഴ്സ്’ ബുക്കില്‍ റോഷിന്റെ കവിതയും ചെറുകഥയും ഇടം നേടിയിട്ടുണ്ട്. ആത്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്ന റോഷ് സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നുണ്ട്.

ജോണ്‍ ഹെന്‍ട്രി കത്തോലിക്കാ സ്‌കൂളില്‍ നിന്നും ഉയര്‍ന്ന വിജയം നേടി സ്‌കൂളിലെയും സ്റ്റീവനേജിലെയും താരമായി മാറിയ റോഷ് യു.കെയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ കൊയ്തവരുടെ ഒപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്. ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കന്‍ തന്റെ ഭവനം പള്ളിയുടെ മുന്നില്‍ തന്നെ ആയതിനാല്‍ പരമാവധി കുര്‍ബ്ബാനകളും ശുശ്രുഷകളും മുടക്കാറില്ല. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമായത്രേ.

സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടി നല്ല യുണിവേഴ്‌സിറ്റികളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യസം പൂര്‍ത്തിയാക്കി ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുകയാണ് റോഷിന്റെ ഭാവി പദ്ധതി. സ്റ്റീവനേജില്‍ ബെഡ്വെല്‍ പ്രദേശത്തു താമസിക്കുന്ന ബെന്നി ജോസഫ് ഗോപുരത്തിങ്കല്‍, നിഷാ ബെന്നി ദമ്പതികളുടെ മൂത്ത മകനാണ് റോഷ്. പിസ്സാ ഹട്ടില്‍ ജീവനക്കാരനായ ബെന്നി ഗോപുരത്തിങ്കല്‍ അങ്കമാലി കരയാമ്പറമ്പ് സ്വദേശിയാണ്. റോഷിന്റെ മാതാവ് നിഷാ ബെന്നി സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായും സേവനം അനുഷ്ടിക്കുന്നു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷും, നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഹന്നയുമാണ് റോഷിന്റെ സഹോദരങ്ങള്‍. ഇരുവരും വിന്‍സന്റ് ഡി പോള്‍ കത്തോലിക്കാ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്.

റോഷിന്റെയും കുടുംബത്തിന്റെയും സന്തോഷത്തില്‍ പങ്കു ചേരുവാനും അഭിനന്ദനങ്ങള്‍ നേരുവാനും നിരവധി സുഹൃത്തക്കള്‍ നേരിട്ടും ഫോണ്‍ വഴിയും സന്ദേശങ്ങള്‍ കൈമാറുന്നു. സ്റ്റീവനേജ് ഇടവകയിലെ വൈദികരായ ഫാ. മൈക്കിള്‍, ഫാ ബ്രയാന്‍, സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, സര്‍ഗ്ഗം സ്റ്റീവനേജ് ഭാരവാഹികള്‍, സിറോ മലബാര്‍ പാരീഷ് കമ്മിറ്റിഅംഗങ്ങള്‍ തുങ്ങിയവര്‍ ഔദ്യോഗികമായിത്തന്നെ റോഷിന്റെ ഭവനം സന്ദര്‍ശിച്ചു അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

മലയാളികളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെയും ഇഷ്ടക്കാരനായ റോഷിന്റെ ഭാവി പദ്ധതികള്‍ വിജയിക്കട്ടെ എന്നാണു ഏവരുടെയും ആശംസകള്‍.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ ലിവര്‍പൂളിനടുത്തുള്ള വിരാളില്‍ താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി അല്‍ഫോന്‍സ് സാറ പുന്നൂസ് ഈ വര്‍ഷത്തെ GCSE പരീക്ഷയില്‍ രണ്ടു ഡബിള്‍ എ സ്റ്റാറും, 7 എ സ്റ്റാറും, ഒരു എ യും നേടി മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറി. അല്‍ഫോന്‍സ് സാറ പുന്നൂസ് വിരാളിലെ ഇര്‍ബിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി പച്ചിക്കര ബിജോയ് അനിത ദമ്പതികളുടെ മകളാണ്. അല്‍ഫോന്‍സിനു രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്.

 

തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കിയുടെ ആഗ്രഹം ഭാവിയില്‍ ഡോക്ടര്‍ ആകണമെന്നാണ്. അല്‍ഫോന്‍സ് വെസ്റ്റ് കേര്‍ബി ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിലെ ടീച്ചറന്‍മാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ഈ കൊച്ചുമിടുക്കിക്ക് ലഭിച്ചിരുന്നത്. അല്‍ഫോന്‍സിന്റെ പിതാവ് പുന്നൂസ് എഞ്ചിനീയറാണ് അമ്മ സ്റ്റാഫ് നഴ്‌സ് ആയി ആരോപാര്‍ക്ക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. അഭിനന്ദനങ്ങള്‍!

ഡെര്‍ബി മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ച് കേരളത്തിന്റെ ദുഖത്തിനൊപ്പം.! കേരളം കരളുരുകി കരയുമ്പോള്‍ ഓണമുണ്ണാനാകില്ല. കേരളത്തിനൊപ്പം DMAനിന്ന് കൊണ്ട് Chief Minister Distress Relief Fund CMDRF സമാഹരണം ആരംഭിച്ചു. ഇതിനോടകംതന്നെ £5500 മുകളില്‍ പണം ശേഖരിച്ചു കഴിഞ്ഞു.

ധനശേഖരണത്തിന്റെ ഭാഗമായി ഡെര്‍ബി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ചാരിറ്റി സംഗീത സായാഹ്നത്തിലേക്കു ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ വാണി ജയറാം നയിക്കുന്ന പരിപാടിയില്‍ യു.കെയിലെ പ്രമുഖരായ ഗായകര്‍ ജെസ്ലിന്‍ വിജോ, ആരുഷി ജെയ്മോന്‍, പ്രിയ ജോമോന്‍, സത്യനാരായണന്‍, ദിലീപ് കുമാര്‍, റെക്‌സ് ജോസ്, ഹരീഷ് പാലാ എന്നിവര്‍ അണിചേരുന്നു. ഡെര്‍ബി മലയാളി അസോസിയേഷന്‍ വനിതാ ഫോറം അംഗങ്ങള്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ എല്ലാവിധ കേരള ഫുഡ്‌സും ചെറിയ തുകയ്ക്ക് കിട്ടുന്നതായിരിക്കും. ആഗസ്റ്റ് ശനിയാഴ്ച വൈകിട്ട് ഡെര്‍ബിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍വെച്ചാണ് പരിപാടി.

മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയില്‍ ചവിട്ടാന്‍ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണ് നമ്മുടെ കേരളം. ഇവിടെ നമ്മള്‍ വിചാരിക്കാത്തത്ര മഴ പെയ്തു. വെള്ളപ്പൊക്കം ഉണ്ടായി. പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളും ഉണ്ടായി. പക്ഷെ നമ്മള്‍ തളരില്ല! ലോകം മുഴുവന്‍ ഇന്ന് മലയാളിയ്ക്ക് സഹായവും കരുണയുമായി നില്‍ക്കുന്നത് നമ്മള്‍ അത് പോലെ അവരെ സ്നേഹിച്ചത് കൊണ്ടാണ്. ആ നല്ല മനസ്സുകളെ നെഞ്ചോടു ചേര്‍ത്ത് വെച്ചത് കൊണ്ടാണ്! എല്ലാം തകര്‍ന്നിടത്ത് നിന്നും നമ്മള്‍ തിരിച്ചു വരും. കേരളം വീണ്ടും ലോകത്തിന് മറ്റൊരു മാതൃക കൂടി കാട്ടി കൊടുക്കും!

ചാരിറ്റി സംഗീത സന്ധ്യ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സമീപത്തുള്ള അസോസിയേഷനുകളായ ബര്‍ട്ടണ്‍, നോട്ടിങ്ഹാം, തെലുങ്ക്, തമിഴ്, കന്നഡ സമൂഹം എന്നിവരും പങ്കുചേരും. ഈ പരിപാടിയില്‍ നിന്നും കിട്ടുന്ന എല്ലാ തുകയും ചാരിറ്റി ഫണ്ടിലേക്ക് പോകുന്നതായിരിക്കും. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായകര്‍ എല്ലാവരും ഒരു തുകയും കൈപ്പറ്റാതെയാണ് പങ്കെടുക്കുന്നത്. ഫുഡ്, ഡ്രിങ്ക്‌സ്, സ്‌നാക്‌സ് അങ്ങനെ എല്ലാം സംഭാവനയാണ്, ജഗതീശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്‍കുമാറാകട്ടെ. യുകെയിലുള്ള എല്ലാ നല്ലവരായ മലയാളികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഡെര്‍ബി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വിലാസം.

Indian Community Centre Association
Rawdon St
Derby DE23 6QR

സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

For Donations:-

Derby Malayalee community
Sort code: 40-33-30
Account no. 11257919

ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.

ഹെക്‌നിയിലെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ആഴ്ച്ചയില്‍ കുടുങ്ങുന്നത് 30ലധികം പേരാണ്. പ്രസ്തുത ട്രാഫിക് ക്യാമറ സ്ഥാപിച്ചിട്ട് വെറും ഒമ്പത് ആഴ്ച്ചകള്‍ മാത്രമെ ആയിട്ടുള്ളു ഇതിനോടകം ഏതാണ്ട് 100,000 പൗണ്ട് ഫൈനായി ഒരോ ആഴ്ച്ചയിലും ലഭിക്കുന്നു. 14000 ത്തോളം പേരാണ് ആകെ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. ട്രാഫിക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും മോട്ടോറിസ്റ്റുകളെ ഇത് ആശയകുഴപ്പത്തിലാക്കുന്നതായും അഹമ്മദ് പറയുന്നു. താന്‍ താല്‍ക്കാലിക ജീവനക്കാരനായ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

നിരന്തരമായി പിഴയൊടുക്കേണ്ടി വന്നത് കാരണം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി, ഉറക്കമില്ലാത്ത രാത്രികളാണ് ഈ പിഴ ശിക്ഷ തനിക്ക് സമ്മാനിച്ചതെന്ന് അഹമ്മദ് പറയുന്നു. അഹമ്മദിന് ലഭിച്ച സമാനരീതിയില്‍ നിരവധി പേര്‍ക്ക് ഈ ജംഗ്ഷനില്‍ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും മാത്രമാണ് ഇവിടെ ഇടത്തേക്ക് തിരിയുന്നതില്‍ നിരോധനമുള്ളത്. എന്നാല്‍ ഇത് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് ഉള്‍പ്പെടെ വ്യക്തമല്ലെന്നാണ് ആരോപണം.

ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.

പ്രധാനമന്ത്രി തെരേസ മെയ് വില വര്‍ദ്ധനവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. നിലവില്‍ 250 തൊഴിലാളികളില്‍ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സാണ് ചാര്‍ജ് ചെയ്യുന്നത്. പുതിയ വര്‍ദ്ധനവ് പ്രാകാരം ബാഗുകള്‍ക്ക് ഇരട്ടി വില നല്‍കേണ്ടി വരും. റീട്ടെയില്‍ ഷോപ്പുകളിലെയും വില സമാന രീതിയില്‍ ഉയരും. 2015 ലാണ് ആദ്യമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില നിര്‍ബന്ധമായി വില ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുന്നത്. ഇതിന് ശേഷം ഇത്തരം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

2015ലെ നിര്‍ബന്ധിത വില ഈടാക്കല്‍ നടപടിക്ക് ശേഷം ഏതാണ്ട് 81 ശതമാനം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ കുറവ് വന്നതായി ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാഗ് ലെവിയില്‍ നിന്ന് ലഭിക്കുന്ന തുക ഡൊണേഷനായിട്ടാണ് പോകുന്നത്. ഏതാണ്ട് 58.5 മില്യണ്‍ പൗണ്ട് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘കട്ട് ദി കപ്പ് വേസ്റ്റ്’ ക്യാംപെയിന് പിന്നാലെ വന്നിരിക്കുന്ന ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

കേരളീയ സമൂഹം പ്രളയക്കെടുതിയുടെ യാതനകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷങ്ങള്‍ വേണ്ടയെന്ന തീരുമാനവുമായി വോക്കിംഗ് മലയാളി അസോസിയേഷനും. യുകെയിലെ നിരവധി മലയാളി അസോസിയേഷനുകള്‍ക്കൊപ്പമാണ് വോക്കിംഗ് മലയാളി അസോസിയേഷനും ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അസോസിയേഷന്‍റെ പത്താം വാര്‍ഷികം കൂടി ആയിരുന്നതിനാല്‍ വിപുലമായ ഓണാഘോഷം നടത്താന്‍ ആയിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണാഘോഷം ഉപേക്ഷിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ്‌ ജോണ്‍ അറിയിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ച മെസേജ് താഴെ

പ്രിയ സുഹൃത്തുക്കളെ,

ഈ നൂറ്റാണ്ടിലെ എറ്റവും വലിയ കാലവർഷക്കെടുതിയ്ക്ക് നമ്മുടെ ജന്മ നാട് സാക്ഷിയായി വിഷമിയ്ക്കുമ്പോൾ മലയാളികളായ നമ്മൾ നമുക്ക് ആവും വിധത്തിൽ സഹായഹസ്തം നൽകേണ്ടത് നമ്മുടെ കടമയാണ് നാട്ടിലെ നമ്മുടെ സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒരു നേരത്തേ ആഹാരത്തിനായി യാചിക്കുമ്പോൾ നമുക്ക് എങ്ങനെ ഓണം ആഘോഷി യ്ക്കുവാൻ സാധിയ്ക്കും ആയതിനാൽ ഈ വർഷം (2018 സെപ്റ്റബർ 8 തീയതി ശനിയാഴ്ച ) നടത്താൻ തീരുമാനിച്ചിരുന്ന വോകിംഗ് മലയാളി അസേസിയേഷൻ ഓണാഘോഷം വേണ്ടന്നു വയ്ക്കകയും അതിനായി വരുന്ന നമ്മുടെ സംഭാവന അസാസിയേഷൻ സമാഹരിച്ച് നമ്മുടെ നാടിന്റെ ദുരിതാശ്വാസത്തിനായി നല്കുവാൻ അസേസിയേഷൻ തീരുമാനിച്ച വിവരം സ്നേഹ പൂർവം എല്ലാ അംഗങ്ങളെയും അറിയിച്ചു കൊള്ളുന്നു വിശദവിവരങ്ങൾ പിന്നിട് അറിയിക്കുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.

സ്നേഹപൂർവം
സണ്ണി [ പ്രസിഡന്റ് W M A ]

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു.കെ) സംഘടിപ്പിക്കുന്ന സമ്മേളനത്തിലും ആശയസംവാദത്തിനായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ലണ്ടനില്‍. പരിപാടികൾക്കിടെ രാഹുലിനെ ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കാൻ ബി.ജെ.പി. അനുകൂലികളും പരിപാടികൾ അലങ്കോലപ്പെടുത്താൻ ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ആന്ത്രപ്പോളജി വകുപ്പിനു കീഴിലുള്ള സ‌ൗത്ത് ഏഷ്യാ സെന്ററിന്റെ സഹകരണത്തോടെ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് ആലൂംനി യൂണിയനാണ് വെള്ളിയാഴ്ച രാഹുലുമായി ആശയസംവാദത്തിന് അവസരമൊരുക്കുന്നത്.

എൽ.എസ്.ഇയിലെ അസോസിയേറ്റ് പ്രഫസർ മുഗുളികാ ബാനർജിയുമായുള്ള ആശയവിനിമയത്തിനുശേഷം സദസിൽനിന്നുള്ള ചോദ്യങ്ങൾക്ക് രാഹുൽ മറുപടി പറയും.

സദസിലെ ആരിൽനിന്നുമുള്ള ചോദ്യങ്ങൾക്കും വഴങ്ങുന്ന രാഹുലിന്റെ ശൈലി മുതലെടുത്ത് കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കോൺഗ്രസ് പ്രസിഡന്റിനെ വെള്ളം കുടിപ്പിക്കാൻ ബി.ജെ.പി. അനുകൂലികളായ ചിലർ തയാറാകുന്നതായി സംഘാടകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.

വിഷമിപ്പിക്കുന്ന ചോദ്യങ്ങളിലൂടെ രാഹുലിനെ കുരുക്കി, വാര്‍ത്തയാക്കാനാണ് നീക്കം. മുൻപ് പല വിദേശപരിപാടികളിലും രാഹുലിനെതിര‌െ സമാനമായ നീക്കം നടത്തിയിരുന്നു.

സൗത്ത് റൂയ്സ്ലിപ്പിലെ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെയുടെ ആഭിമുഖ്യത്തിലുള്ള സ്വീകരണവും ആശയവിനിമയവും.

രാഹുലിന്റെ സന്ദർശനത്തിനിടെ ചില ദേശവിരുദ്ധ ശക്തികളും തീവ്രവാദപശ്ചാത്തലമുള്ള സംഘടനകളും പ്രതിഷേധവുമായി എത്തിയേക്കുമെന്ന സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് കമൽപ്രീത് ധലിവാൾ വ്യക്തമാക്കി.

ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചടങ്ങിനെത്തുന്നവരെ കർശന സുരക്ഷാപരിശോധനകൾക്കുശേഷമാകും അകത്തേക്കു കടത്തിവിടുകയെന്ന് സംഘാടകർ വ്യക്തമാക്കി.

കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുൽഗാന്ധി ഔദ്യോഗിക പരിപാടികൾക്കായി ലണ്ടനിൽ എത്തുന്നത്. ഇരുപതു ലക്ഷത്തോളം ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ രാഹുലിന്റെ സന്ദർശനത്തിന് പ്രസക്തി ഏറെയാണ്.

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്ററിനു സമീപമുള്ള  ബോൾട്ടണിൽ  നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ  ഓസ്ട്രിയയിലെ വിയന്നയിൽ  മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ  താമസിക്കുന്ന ചെങ്ങന്നൂർ  സ്വദേശിയായ അനിയൻ  കുഞ്ഞ്  സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19),  റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ്  (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്,  ഇവർ തിരുവല്ല സ്വദേശികൾ ആണ് . ഈ ഞായറാഴ്ച ആണ് ഈ രണ്ടു കുടുംബങ്ങളും  കുടുംബ സമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത് .  ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഈ ഞായറാഴ്ച  തിരികെ വരാനായിട്ടായിരുന്നു പദ്ധതി.

ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബോൾട്ടണിലെ മലയാളികളും  എല്ലാം ഇപ്പോൾ ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട് . വിയന്നായിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന  മുറക്ക് കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

മജു പൈക്കല്‍

ഡബ്ലിൻ∙ റെക്സ് ബാൻഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിനോടനുബന്ധിച്ചു നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകാൻ റെക്സ് ബാൻഡ് ടീം എത്തി ചേര്‍ന്നു. ഡബ്ലിൻ സിറോ മലബാർ സഭ വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിൽ ശ്രദ്ധേയമാകുന്നത് റെക്സ് ബാൻഡിനൊപ്പമാണ്.

ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6  മണി മുതൽ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോൾ അരീനയിൽ നടക്കുന്ന റെക്സ് ബാൻഡ് സ്പിരിച്ചൽ മ്യൂസിക്കൽ ഈവനിങ് അണിയിച്ചൊരുക്കുന്നത് ഡബ്ലിൻ സിറോ മലബാർ സഭ ആണ്.

ഡബ്ലിൻ അതിരൂപതയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റെക്സ് ബാൻഡ് അയർലൻഡിൽ എത്തിയിരിക്കുന്നത്. ലോക കുടുംബ സംഗമത്തിനായി ഏഷ്യയിൽ നിന്നു ക്ഷണിക്കപ്പെട്ടിരിക്കുന്ന ഏക ബാൻഡാണ് റെക്സ് ബാൻഡ്.

24 വെള്ളിയാഴ്ച നടക്കുന്ന റെക്സ് ബാൻഡ് ആത്മീയ സംഗീത നിശയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കുമായി ഡബ്ലിൻ സിറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്റർ ഭാരവാഹികളുമായി ബന്ധപ്പെടുക.

ലണ്ടന്‍: യു.കെയിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ന് ജി.സി.എസ്.ഇ ഫലവും കാത്ത് കോളേജുകളിലോ സ്‌കൂളുകളിലോ എത്തുക!. ഇന്ന് ആഗസ്റ്റ് 23 രാവിലെ ആറ് മണി മുതല്‍ തന്നെ ഫലപ്രഖ്യാപനങ്ങളുണ്ടാകും. കോളേജുകളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ രാവിലെ ആറിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ്, മാര്‍ക്ക് വിവരങ്ങള്‍ കരസ്ഥമാക്കാവുന്നതാണ്. ചില സ്‌കൂള്‍/കോളേജുകളില്‍ സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അധികൃതരുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ചിലര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഫലം പരിശോധിക്കാനവുന്നതാണ്.

സാധാരണ രീതിയില്‍ നിന്നും വ്യത്യാസ്തമായി ഇത്തവണ ഗ്രേഡ് സിസ്റ്റം ഉണ്ടാവുമകയില്ല. എ*-ജി ഗ്രേഡുകള്‍ക്ക് പകരമായി ന്യൂമെറിക്കല്‍ നമ്പറുകളാണ് മാര്‍ക്കുകളായി ലഭിക്കുക. പഴയ രീതി പ്രകാരം എ* ന് തുല്ല്യമായ മാര്‍ക്കാണ് 9,8,7 എന്നിവ, 6,5,4 എന്നിവ സി അല്ലെങ്കില്‍ ബി എന്നീ ഗ്രേഡുകള്‍ക്ക് തുല്യമാവും. 3,2,1 എന്നീ ഗ്രേഡുകള്‍ ഡി, ഇ, എഫ് ഗ്രേഡുകളുടെ കൂട്ടത്തിലാവും ഉള്‍പ്പെടുക. പുതിയ ജി.സി.എസ്.ഇ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം 9 കിട്ടിയ വിദ്യാര്‍ത്ഥികളാവും ഏറ്റവും ഉന്നതമായ വിജയം നേടിയവരായി കാണുക.

ഇത്തവണ പരീക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുകെയിലെ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കോ ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കോ വേണ്ടി എക്‌സാം റിസള്‍ട്ട്‌സ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 0800100900, 08081008000 (സ്‌കോട്ട്‌ലന്‍ഡ്)

RECENT POSTS
Copyright © . All rights reserved