UK

മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ലോക മലയാളി സമൂഹത്തെ ഒരേ കുടക്കീഴില്‍ ആക്കുക എന്ന ലക്ഷ്യത്തോടുകൂടി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ രൂപംകൊടുക്കുകയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറി പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്ക്ക് ആശ്വാസമരുളുന്ന നിറകൈദീപമായി മാറിയ പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയിലെ പുതിയ നാഷണല്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു. ലോകമെമ്പാടുമുള്ള പ്രവാസികളോടൊത്ത് ചിന്തിച്ചുകൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കിക്കൊണ്ടും യുകെയിലെ മലയാളികളായ നാം ഓരോരുത്തരും അഭിമാനപൂര്‍വം പ്രവാസി മലയാളി ഫെഡറേഷന്‍ കുടുംബത്തില്‍ അംഗമാകാനുള്ള അവസരം സംജാതമായിരിക്കുന്നു.

യുകെ മലയാളികളായ നാം ഓരോരുത്തരും നമ്മുടെ കുടുംബാതിര്‍ത്തികള്‍ക്കപ്പുറത്ത് വിശാലമായ മാനവികതയിലേക്കും സൗഹൃദത്തിലേക്കും നടന്ന് മുന്നേറാം. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ് എന്ന സത്യം ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സഹജീവികള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോഴാണ് മനസിലാകുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ലോകത്തില്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും ഉണ്ടാകട്ടെ. അതിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകട്ടെ.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ഉടമയായിരുന്ന ബ്രിട്ടനില്‍ പല മലയാളി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളി സമൂഹത്തോടൊപ്പം നമ്മെ കൈപിടിച്ച് നടത്തുന്നത് യുകെയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംഘടനാ പാടവവും കരുത്തും തെളിയിച്ച യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതരായ ഒരുപറ്റം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇവര്‍ക്കൊപ്പം നമുക്കും കൈകോര്‍ത്ത് മുന്നേറാം.

ഇവര്‍ ഭാരവാഹികള്‍

സൈമി ജോര്‍ജ് – നാഷണല്‍ കോഓര്‍ഡിനേറ്റര്‍
മംഗളന്‍ വിദ്യാസാഗര്‍ – പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി
ബിനോ ആന്റണി – വൈസ് പ്രസിഡന്റ്
ജോണ്‍സണ്‍ തോമസ് – ജനറല്‍ സെക്രട്ടറി
മോനി ഷിജോ – ജോയിന്റ് സെക്രട്ടറി
ജോണി ജോസഫ് കല്ലട – ട്രഷറര്‍
വര്‍ഗീസ് ജോണ്‍ – യൂറോപ്പ് പ്രതിനിധി (നാഷണല്‍ കമ്മിറ്റി മെംബര്‍)
സാം തിരുവാതില്‍ – പ്രോജക്ട് മാനേജര്‍/അഡൈ്വസര്‍
ലിഡോ ജോര്‍ജ് – ചാരിറ്റി മാനേജ്‌മെന്റ്
അജിത് പാലിയത്ത് – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
മീര കമല്‍ – കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍
ആന്‍സി ജോയി – നാഷണല്‍ കമ്മിറ്റി മെംബര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെയിലെ സംഗീത പ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ മഴവില്‍ സംഗീതത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത അഭിമാനാര്‍ഹമാണ്.
പല വര്‍ണങ്ങളില്‍ സപ്തസ്വരങ്ങള്‍ അലിയിച്ചു ചേര്‍ത്ത, വിസ്മയ രാവിന് മാറ്റ് കൂട്ടാന്‍ മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ വില്‍സ് സ്വരാജ് എത്തുക എന്നത് മഴവില്‍ സംഗീതത്തിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി അണിയിക്കുകയാണ്. ശ്രീ വില്‍സ് സ്വരാജ് ഇതാദ്യമായല്ല മഴവില്‍ സംഗീതത്തില്‍ അതിഥിയായെത്തുന്നത്, കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ
യുകെ സന്ദര്‍ശനത്തിന്റെ അരങ്ങേറ്റം ഈ മഴവില്‍ സംഗീതവേദിയായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ഇപ്രാവശ്യവും എത്തുകയാണ് നമ്മെ സംഗീതാസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കാന്‍.

എല്ലാ പ്രായത്തിലുള്ളവരുടെയും കലാപരിപാടികളും ഉള്‍പെടുത്തിയാണ് ഈ സംഗീതവിരുന്നു ഒരുക്കിയിരിക്കുന്നത്, അതില്‍ എടുത്ത് പറയാനുള്ളത് സാലിസ്‌ബെറിയില്‍ നിന്നുമുള്ള മിന്നാ ജോസും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയാണ്. മണ്മറഞ്ഞ താരകം ശ്രീദേവിയെ ആദരിക്കുവാനാണു ഇതിലൂടെ ഈ കൊച്ചുകലാകാരികള്‍ ലക്ഷ്യമിടുന്നത്.

ഗായക ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും റ്റെസ്സ്മോള്‍ ജോര്‍ജിന്റെയും പിന്നെ പാട്ടുകളെ ഇഷ്ടപെടുന്ന ഒരു കൂട്ടം കമ്മറ്റി അംഗങ്ങളുടെയും സ്വപ്ന സാഷാത്കാരമാണ് ജൂണ്‍ രണ്ടിന് ബൗണ്‍മോത്തില്‍ അരങ്ങേറുന്നത്. മറക്കാതെ വരുക അനുഗ്രഹിക്കുക പിന്നെ എല്ലാം മറന്ന് ആസ്വദിക്കുക.

രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.

95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.

ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.

പട്ടണങ്ങളും നഗരങ്ങളുമായുള്ള വ്യതിയാനം കുടിയേറ്റക്കാരുടെ വരവോടെ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരുള്ള മേഖലകളില്‍ ഈ വിഭജനത്തെക്കുറിച്ചുള്ള തോന്നല്‍ ഉയര്‍ന്ന തോതിലായി മാറിയെന്നും ബ്രിട്ടീഷുകാര്‍ കരുതുന്നു. അതേസമയം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്ന അഭിപ്രായം ജനതയ്ക്കുണ്ടെന്നും ഡെമോസ് പറയുന്നു. നോസ്റ്റാള്‍ജിയയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും കുരുങ്ങിക്കിടക്കുന്ന ജര്‍മനി, ഫ്രാന്‍സ് എന്നിവരെപ്പോലെയാകരുത് എന്നാണ് ജനത കരുതുന്നത്.

ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകള്‍ നടത്തിയ വിശകലനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെമോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1000 സ്‌കൈ ടിവി സബ്‌സ്‌ക്രൈബര്‍മാരിലായിരുന്നു പോള്‍ നടത്തിയത്. ഇവരില്‍ 43 ശതമാനം പേര്‍ ഇമിഗ്രേഷന് അനുകൂലമായി സംസാരിച്ചപ്പോള്‍ 44 ശതമാനം പേര്‍ ഇതിന് ദോഷഫലങ്ങളാണുള്ളതെന്ന് പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്

മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു.  മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു. മലയാളികളെ മാത്രം പങ്കെടുപ്പിക്കുന്ന പതിവിന് വിരാമം കുറിച്ചുകൊണ്ട് എല്ലാ രാജ്യക്കാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ശ്രമം വൻ വിജയമാണെന്ന് ടെപ് സികോർ 2018 ന്റെ പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ജൂലൈ 14 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത്. മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറിലാണ് ലോകത്തിനു തന്നെ മാതൃകയായ സംരംഭം ഒരുക്കപ്പെട്ടിരിക്കുന്നത്.

ഒന്നിച്ചു പരിശീലിക്കുന്ന തങ്ങളുടെ സഹപാഠികളോടൊത്ത് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകളില്ലാതെ സ്റ്റേജിൽ മത്സരിക്കാൻ കഴിയുന്നത് തികച്ചും സന്തോഷകരവും വ്യത്യസ്തവുമായ അനുഭവമാണെന്ന് മത്സരാർത്ഥികൾ പറയുന്നു. ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുന്ന നിരവധി മറ്റു രാജ്യക്കാൻ യുകെയുടെ പല ഭാഗങ്ങളിലുള്ള ഡാൻസ് സ്കൂളുകളിൽ നൃത്താഭ്യാസം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മത്സര വേദികൾ അധികം ലഭിക്കാറില്ലെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. മലയാളം യുകെ ഒരുക്കുന്ന വ്യത്യസ്തമായ ഈ വേദിയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നത് തികച്ചും അഭിനന്ദനീയമായ കാര്യമാണെന്നും ജനങ്ങൾ തമ്മിലുള്ള സംസ്കാരിക വിനിമയത്തിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യൻ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.

ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസിൽ താഴെയുള്ളവർക്ക് സബ്ജൂനിയർ, 11 മുതൽ 18 വയസു വരെയുള്ളവരെ ജൂണിയറിലും 18 വയസിനു മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമയ ക്ലിപ്തത പാലിച്ചും മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങൾ ഒരുക്കിയും പ്രോഗ്രാമുകൾ നിശ്ചയിച്ച ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തി വരുന്നത്. മത്സരാർത്ഥികൾക്കുള്ള ഗൈഡ് ലൈനുകൾ മലയാളം യുകെയുടെ ഫേസ് ബുക്ക് ഇവന്റ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ജൂൺ 9 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിലോ മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914  എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

സ്റ്റോക്ക് ഓൺ ട്രെൻറിലെ ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ നടക്കുന്ന ഡാൻസ് മത്സരത്തിന്റെ മനോഹാരിതയും ചടുലതയും ആനന്ദ് മീഡിയ ജനഹൃദയങ്ങളിലെത്തിക്കും. ആനന്ദ് മീഡിയ ടീം വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ടെപ് സികോർ 2018 ന്റെ മുഖ്യ സ്പോൺസർ ബീ വൺ യുകെ ആണ്. ഡിജിറ്റൽ കറൻസി ടോക്കണായ ക്രിപ്റ്റോ കാർബൺ  മാർക്കറ്റ് ചെയ്തുകൊണ്ട് ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിച്ച ബീ വൺ, മലയാളം യുകെ ഒരുക്കുന്ന നൃത്തോൽസവത്തിനു ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.

ടെപ്സികോർ 2018ൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ കാർ പാർക്കിംഗിന് ധാരാളം സൗകര്യമുണ്ട്. അതുപോലെ തന്നെ മിതമായ നിരക്കിലുള്ള ഭക്ഷണം കേറ്ററിംഗ് ടീം ലഭ്യമാക്കും. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക്  ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ടെപ്സികോർ 2018 ൽ സ്പോൺസർഷിപ്പ്, കേറ്ററിംഗ്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബന്ധപ്പെടേണ്ടതാണ്.

വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ ഡോ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച് തന്റെ അവസാന നിമിഷം വരെ സമൂഹത്തില്‍ ശാസ്ത്ര പ്രചാരണം നടത്തിയതിന്റെ പേരിലാണ് സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരിക്കപ്പെടേണ്ടത് എന്നും, അത് തന്നെയാണ് ഈ അനുസ്മരണ സമ്മേളനത്തിന്റെ കാലിക പ്രസക്തിയെന്നും സ്വാഗതം ആശംസിച്ചു കൊണ്ട് ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ അഭിപ്രായപ്പെട്ടു.

ചേതന യുകെ പ്രസിഡന്റ് സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും ഗ്രന്ഥകാരനും കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവുമായ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തി. സാധാരണക്കാരായ മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും മസ്തിഷ്‌ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത മതസ്ഥാപനങ്ങളും കപട ശാസ്ത്ര പ്രചാരകരും ചേര്‍ന്ന് നമ്മുടെ സമൂഹത്തെ ബഹുദൂരം പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാതരം വിശ്വാസ ചൂഷണങ്ങളും മറ്റ് തട്ടിപ്പുകാരും നമ്മുടെ സമൂഹത്തില്‍ തഴച്ചു വളരുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മനോഭാവം ആണ് അത്‌കൊണ്ട് ചേതന പോലുള്ള പൊതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശാസ്ത്ര പ്രചാരണത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഓക്‌സ്ഫോഡില്‍ ജനിച്ച ബ്രിട്ടീഷുകാരനായ ഹോക്കിങിന് ഓക്‌സ്ഫോഡില്‍ വച്ചു തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന പുരോഗമന പ്രസ്ഥാനമായ ചേതന യുകെയെ അദ്ദേഹം പ്രശംസിച്ചു. ജൈവകൃഷി, യോഗ, ജ്യോതിഷം, കപട ചികില്‍സ തുടങ്ങിയ പ്രധാന ജനകീയ അന്ധവിശ്വാസങ്ങളെയെല്ലാം പൊളിച്ചടുക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ഒന്നര മണിക്കൂര്‍ പ്രഭാഷണം സദസ്യര്‍ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം ചോദ്യങ്ങളും, ഉത്തരങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏവരും അദ്ദേഹവുമായി സംവദിച്ചു.

ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം കോശി തെക്കേക്കരയുടെ അവതരണ മികവില്‍ നോര്‍ത്ത് വേ ഇവാഞ്ജലിക്കല്‍ ചര്‍ച്ച് ഹാളില്‍ 6 മണിക്ക് ആരംഭിച്ച സമ്മേളനം സമയക്കുറവ് മൂലം രാത്രി 9.45ന് അവസാനിക്കുമ്പോഴും നിരവധി ചോദ്യങ്ങളുമായി സദസ്യര്‍ രവിചന്ദ്രനെ അനുഗമിക്കുന്നുണ്ടായിരുന്നു എന്നത് പ്രതീക്ഷനിര്‍ഭരമായ ഒരു അനുഭവം ആയിരുന്നു എന്ന് ചേതന യുകെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എസ്സന്‍സ് യുകെയുടെ പൂര്‍ണ്ണ സഹകരണത്തോടെ നടന്ന സമ്മേളനത്തില്‍ എല്ലാവിധ സഹായ സഹകരങ്ങള്‍ക്കും എസ്സന്‍സ് യുകെയുടെ എല്ലാ ഭാരവാഹികളോടുമുള്ള അഗാധമായ നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം ശ്രീമതി പ്രിയ രാജന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ചേതന യുകെയുടെ youtube ചാനലായ youtube. com/chethana europe ല്‍ സമ്മേളനത്തിന്റെ വീഡിയോ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.

23 വയസ്സുകാരിയായ സോഫി, 22 വയസ്സുള്ള ക്ലോയ്, 20 വയസ്സുകാരന്‍ ജാക്ക്, 18 വയസ്സുള്ള ഡാനിയേല്‍, 16 വയസ്സുള്ള ലൂക്ക്, 15 വയസ്സുള്ള മിലി,14 വയസ്സുകാരി കാത്തി, 13 വയസ്സുകാരന്‍ ജെയിംസ്, 12 വയസ്സുള്ള എല്ലി, 11 വയസ്സുള്ള എയ്മി, 10 വയസ്സുള്ള ജോഷ്, 8 വയസ്സുകാരന്‍ മാക്‌സ്, 7 വയസ്സുകാരി ടില്ലി, 5 വയസ്സുള്ള ഓസ്‌കര്‍, 4 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആല്‍ഫി എന്നാണ് ഇവര്‍ വിളിക്കുന്നത്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന നോയല്‍ റാഡ്‌ഫോര്‍ഡ് ബേക്കറിയില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.

ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. 240, 000 പൗണ്ട് വിലമതിക്കുന്ന വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഈ വീട് സ്വന്തമാക്കുന്നത്. വര്‍ഷത്തില്‍ ഇതര രാജ്യങ്ങളിലേക്ക് യാത്രകള്‍ വരെ ഇവര്‍ കുടുംബ സമേതം നടത്താറുണ്ട്. ഏതാണ്ട് 300 പൗണ്ടാണ് ഇവര്‍ക്ക് ഒരു ആഴ്ച്ച ഭക്ഷണത്തിന് മാത്രമായി വേണ്ടത്. ഇത്രയധികം പണച്ചെലവുണ്ടെങ്കിലും നോയലും സൂ വും അതൊക്കെ തരണം ചെയ്താണ് ജീവിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 21ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ സ്‌നേഹിക്കുന്നവരും.

തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.

തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved