UK

റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2018 ജൂണ്‍ 16ന് ലൂട്ടന്‍ സ്റ്റോക്ക്വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ രാവിലെ 12 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും.ഈ വര്‍ഷത്തെ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ആണ്. റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കായികമേളയുടെ ഉദ്ഘാടനം യുക്മ മുന്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കാവല്‍ക്കട്ടില്‍ നിര്‍വഹിക്കും. LUKA പ്രസിഡന്റ് മാത്യു വര്‍ക്കി ആശംസ പ്രസംഗവും LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞതയുംരേഖപ്പെടുത്തും. സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹികള്‍ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുക്മ നാഷണല്‍ കായിക മേളയുടെ നിയമാവലികള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടും. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദിയില്‍ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലര്‍ത്തുമെന്നു സംഘാടകര്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ നാഷണല്‍ കായികമേള വന്‍ വിജയമാകുവാന്‍ അംഗ അസോസിയേഷനുകളില്‍ നിന്നും പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

കായിക മേളയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ ( 07753329563 ), LUKA പ്രസിഡന്റ് മാത്യു വര്‍ക്കി (07869081113 ), LUKA സെക്രട്ടറി ജോജോ ജോയി ( 07527870697 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഹൗസ് ഓഫ് ഫ്രേസര്‍ 31 സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുകെയിലെ 59 സ്റ്റോറുകളില്‍ 31 എണ്ണത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 6000 പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റോറുകളിലെ 2000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകുമ്പോള്‍ ബ്രാന്‍ഡ് ആന്‍ഡ് കണ്‍സഷന്‍ റോളുകളില്‍ 4000 പേരെയും അടച്ചുപൂട്ടല്‍ ബാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് സ്‌റ്റോറും അടച്ചു പൂട്ടുന്നവയില്‍ പെടുന്നു.

ഈ സ്റ്റോര്‍ 2019 ആദ്യം വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഹൗസ് ഓഫ് ഫ്രേസര്‍ അറിയിച്ചു. ബിബിസി അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് വില്യംസണാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വളരെ കഠിനമായിരുന്നെന്നും എന്നാല്‍ ലാഘവ ബുദ്ധിയോടെ എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ റെസ്‌ക്യൂ പദ്ധതിക്കാി കമ്പനിക്ക് വായ്പ നല്‍കിയവരില്‍ നിന്ന് 75 ശതമാനം അംഗീകാരം ലഭിക്കേണ്ടതുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ജൂണ്‍ 22ന് തീരുമാനമെടുക്കും.

ഹാംലീസ് സി.ബാനറിന്റെ ചൈനീസ് ഉടമയ്ക്ക് ഹൗസ് ഓഫ് ഫ്രേസറിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന് കമ്പനിയുടെ ചൈനീസ് ഉടമ നാന്‍ജിംഗ് സെന്‍ബെസ്റ്റ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതനുസരിച്ച് മാത്രമേ ഈ വില്‍പന നടക്കൂ എന്നാണ് വിവരം.

പോള്‍സണ്‍ ലോനപ്പന്‍

കലാകേരളത്തിന്റെ അഞ്ചാം ജന്മദിനാഘോഷങ്ങള്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ: ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. 4/6/18 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് റു തര്‍ഗ്ലന്‍ western Avenueല്‍ വെച്ച് നടത്തപ്പെട്ട ആഘോഷങ്ങള്‍ ഏറെ ആകര്‍ഷകമായി.
വേണുഗോപാലും പുതിയ ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി തുടക്കമിട്ട മനോഹരമായ ഒരു സായന്തനത്തില്‍ കലാകേരളത്തിന്റെ പ്രിയ കലാകാരികളും കലാകാരന്മാരും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ നയനാനന്തകരമായി.

ആശംസാ പ്രസംഗം നടത്തിയ വേണുഗോപാല്‍ 35 വര്‍ഷങ്ങള്‍ നീണ്ട സംഗീത യാത്രയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ സദസ്സുമായി പങ്കുവെയ്ക്കുകയും മലയാള ഭാഷയെയും സംഗീതത്തെയും ഏറെ സ്‌നേഹിക്കുവാനും കൊച്ചു കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന പുതു തലമുറയെ ഭാഷവുമായി ചേര്‍ത്ത് നിര്‍ത്തുവാനും മാതാപിതാക്കള്‍ ശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
സദാ പുഞ്ചിരിക്കുന്ന മുഖവും വിനയാന്വിതമായ പെരുമാറ്റത്തിലൂടെയും എവരുടേയും സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായിത്തീര്‍ന്നു വേണുഗോപാല്‍.

കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഊര്‍ജ്വസ്വലതയോടെ നടപ്പാക്കുന്ന വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനുള്ള കര്‍മ്മ പരിപാടികളുടെ തയ്യാറെടുപ്പിലാണ് നവനേതൃത്വവും എല്ലാ അംഗങ്ങളും.

ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് യുകെയില്‍ വിലക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് മോണിറ്ററി വാച്ച്‌ഡോഗായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 5 മാസത്തേക്ക് വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ 896,100 പിഴ നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചകളില്‍ രണ്ടാമത്തേതാണ് കാനറ വരുത്തിയിരിക്കുന്നതെന്നാണ് മോണിറ്ററി ഹാബിറ്റ്‌സ് അതോറിറ്റി വിലയിരുത്തിയത്. 2012നും 2016നുമിടയിലാണ് ഈ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് എഫ്‌സിഎ ട്രേഡില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്. 2013ലാണ് എഫ്‌സിഎ ബാങ്കിന്റെ ആന്റി മണി ലോന്‍ഡറിംഗ് രീതികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയത്. ബിസിനസ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് 2015ല്‍ ഇക്കാര്യത്തില്‍ എഫ്‌സിഎ ബാങ്കിനെ ശകാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുകെയിലെ അഡ്മിനിസ്‌ട്രേറ്റീവ് സെന്ററിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജീവനക്കാരെ നിയമിക്കാറുള്ളത്. ഇങ്ങനെയെത്തിയവര്‍ക്ക് യുകെ, യൂറോപ്യന്‍ യൂണിയന്‍ മണി ലോന്‍ഡറിംഗ് നിയമങ്ങളേക്കുറിച്ച് കാര്യമായ ജ്ഞാനമില്ലെന്നും എഫ്‌സിഎ കണ്ടെത്തിയിരുന്നു.

തങ്ങള്‍ നേടിയ വിദ്യാഭ്യാസ യോഗ്യതയിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഇക്കണോമിക്‌സ്, മെഡിസിന്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയവരാണെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് സ്‌കൂള്‍ പഠനം നേടാനായവരെയും സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുകളില്‍ വളര്‍ന്നു വന്നവരെക്കാളും ഇവര്‍ സമ്പാദിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. വിദ്യാഭ്യാസ, ടാക്‌സേഷന്‍ ഡേറ്റകള്‍ വര്‍ഷങ്ങളോളം വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ശരാശരിയേക്കാളും 20 ശതമാനം അധികം വരുമാനം മെഡിസിന്‍, ഇക്കണോമിക്‌സ് ബിരുദധാരികള്‍ വാങ്ങുണ്ടെന്നാണ് കണ്ടെത്തിയത്.

ബിസിനസ്, കമ്പ്യൂട്ടിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് ശരാശരിയില്‍ നിന്നും 10 ശതമാനം അധികം വരുമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് ജോലിയില്‍ പ്രവേശിച്ച് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ലഭിക്കാന്‍ തുടങ്ങുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഗ്രാജ്വേറ്റുകള്‍ക്ക് ജോലിയ.ില്‍ പ്രവേശിച്ച് 5 വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി 26,000 മുതല്‍ 30,000 പൗണ്ട് വരെയാണ് വേതനമായി ലഭിക്കുന്നത്. ഈ ശരാശരിയില്‍ നിന്ന് അധികമായി ലഭിക്കുന്ന തുക പ്രതിവര്‍ഷം 10,000 പൗണ്ടിനു മേല്‍ വരും. ഇത് ആയുഷ്‌കാല വരുമാനത്തില്‍ വലിയ വ്യത്യാസമാണ് വരുത്തുകയെന്ന് ഐഎഫ്എസ് പറയുന്നു.

10 ശതമാനം വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്ന ക്രിയേറ്റീവ് ആര്‍ട്ട് ഡിഗ്രികള്‍ ശരാശിയില്‍ നിന്ന് 15 ശതമാനം കുറവ് വരുമാനമേ നേടിത്തരുന്നുള്ളു. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇതിലും കുറഞ്ഞ വരുമാനമേ നേടാനാകുന്നുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഇക്കണോമിക്‌സ് പഠിച്ചവര്‍ക്കും ഇംപിരിയല്‍ കോളേജ് ലണ്ടനില്‍ കണക്ക് പഠിച്ചവര്‍ക്കും ശരാശരിയേക്കാള്‍ ഇരട്ടി വരുമാനമാണ് ലഭിക്കുന്നതെന്നും ഐഎഫ്എസ് റിപ്പോര്‍ട്ട് പറയുന്നു.

ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സ് ലിമിറ്റഡിന്റെ (J&J Will Writers Ltd.) പുതിയ വിഭാഗമായ ജെ ആന്റ് ജെ ഫ്യൂണറല്‍ പ്ലാന്‍സിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംങ്ങും 2018 ജൂണ്‍ 1ാം തിയതി Ashford st. Hilda Church Hall-ല്‍ നടത്തപ്പെട്ടു. റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുന്‍ മേയറും കൗണ്‍സിലറും കേരളാ ലിങ്ക് എഡിറ്ററുമായ ശ്രീ. ഫിലിപ്പ് ഏബ്രഹാം jandjwillwriters.com എന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിംങ്ങ് നടത്തി. മുന്‍മേയറും കൗണ്‍സിലറുമായ ശ്രീമതി മഞ്ചു ഷാഹുല്‍ ഹമീജ് ജെ ആന്റ് ജെ ഫ്യൂണറല്‍ പ്ലാന്‍സിന്റെ ആദ്യ ക്ലൈന്റ് ഡോക്യുമെന്റ് കൈമാറുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സ് അസോസിയേറ്റ് ചെയ്തിരിക്കുന്ന safe hands funeral plans company Director ശ്രീ. ക്രിസ് ജാക്‌സണ്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഇംഗ്ലീഷ് സമൂഹത്തില്‍ വളരെ പ്രചാരമുള്ളതും മലയാള സമൂഹത്തിന് പ്രയോജമപ്പെടുന്നതും അത്യാവിശ്യവുമായ ഈ ഫ്യൂണറല്‍ പ്ലാന്‍സിനെ പരിചയപ്പെടുത്തുവാന്‍ ചുരുങ്ങിയ കാലം കൊണ്ട് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ നേടി മുന്‍പന്തിയില്‍ നില്‍ക്കുന്ന ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിനെ ചുമതലപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു.

വെരി. റവ. വി.ടി ജോണ്‍, റവ. ഷിബു കുര്യന്‍, റവ. പ്രിന്‍സ് മടത്തിലേത്ത്, കൗണ്‍സിലര്‍ ശ്രീ. ബൈജു വര്‍ക്കി തിത്താല, ഡീക്കണ്‍ ജോയ്‌സ് ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക പ്രവര്‍ത്തകരെയും അനുമോദിച്ച റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ മേയര്‍ പദവിയില്‍ വിശിഷ്ട സേവനം പൂര്‍ത്തിയാക്കി മെയ് 23-ന് സ്ഥാനം ഒഴിയുകയും മെയ് 25-ന് ജന്മദിനം ആഘോഷിക്കുകയും ചെയ്ത കൗണ്‍സിലര്‍ ശ്രീ. ഫിലിപ്പ് ഏബ്രഹാമിന് പൊന്നാട അണിയിച്ച് ആദരിച്ചു.

വളരെ ചുരുങ്ങിയ കാലംകൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന കൗണ്‍സിലറും മുന്‍ മേയറുമായ ശ്രീമതി മഞ്ചു ഷാഹുല്‍ ഹമീദിനെ അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയോടെ ആഢംബരങ്ങള്‍ ഒഴിവാക്കിയ ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാതിഥികള്‍ പ്രകീര്‍ത്തിച്ചു. ജെ ആന്റ് ജെ വില്‍ റൈറ്റേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും Registered and licenced Will Practitioner-ഉം Lawyer-ഉം ആയ ശ്രീ ജേക്കബ് ഏബ്രഹാം സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ. കുര്യന്‍ ജോണ്‍ നന്ദിയും അറിയിച്ചു.

ജോസ് മാത്യു

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ എത്തിയ യുകെ മലയാളി നാട്ടില്‍ വച്ച് മരണമടഞ്ഞു. യുകെയിലെ റോതര്‍ഹാം മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും ഷെഫീല്‍ഡ് ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ താഴത്തുറുമ്പില്‍ ചാക്കോ കുരുവിള (ബേബി)യാണ് നാട്ടില്‍ വച്ച് നിര്യാതനായത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

അമ്മയുടെ മരിച്ച വിവരം അറിഞ്ഞ് പതിനഞ്ച് ദിവസം മുന്‍പാണ് ബേബി നാട്ടിലേക്ക് തിരിച്ചത്. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ബേബിയും അമ്മയ്ക്ക് പിന്നാലെ സ്വര്‍ഗ്ഗീയ ഗൃഹത്തിലേക്ക് യാത്രയായത് ഇന്ന് രാവിലെ ആയിരുന്നു. പാന്‍ക്രിയാസ് സംബന്ധമായ ചില അസുഖങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ബേബിയ്ക്ക് ഇല്ലായിരുന്നു.

ബേബിയുടെ സംസ്കാരം വെള്ളിയാഴ്ച (08-06-2018) വെള്ളിയാഴ്ച ഇടവക ദേവാലയമായ കരിങ്കുന്നം സെന്റ്‌. അഗസ്റ്റിന്‍സ് പള്ളിയില്‍ വൈകുന്നേരം നാല് മുപ്പതിന് നടക്കും. ബേബിയുടെ ഭാര്യ ലില്ലി മറ്റക്കര ചിറപ്പുറത്ത് കുടുംബാംഗമാണ്. ലിബിന്‍, ബിബിന്‍ എന്നിവര്‍ മക്കളാണ്.

“ഒരു പൂരം കണ്ടിറങ്ങിയ പ്രതീതി” …   മഴവിൽ  സംഗീതത്തെ  പ്രകീർത്തിച്ച് യു കെ യിൽ എമ്പാടും ഉള്ള സംഗീത പ്രേമികൾ…. പാട്ടിന്റെ പാലാഴിയിൽ മുങ്ങി കുളിച്ച ഒരു സായാഹ്നമായിരുന്നു ഇക്കഴിഞ്ഞ ജൂൺ 2 ന് ബോൺമൗത്തിൽ വച്ച് നടന്ന മഴവിൽ സംഗീതം.

മഴവില്ല് സംഗീത വിരുന്നിന്റെ സാരഥികളും ദമ്പതികളുമായ അനീഷ് ജോർജിന്റെയും ടെസ്സ ജോർജും, പിന്നെ മുഖ്യാതിഥിയായെത്തിയ  ശ്രീ വിൽസ്വരാജും,  ഗർഷോം ടി വി ഡയറക്ടർ  ശ്രീ ജോമോൻ കുന്നേൽ, കൂടാതെ  സംഘാടകരായ ശ്രീ ഡാന്റോ പോൾ, ശ്രീ  കെ എസ്‌ ജോൺസൻ , ശ്രീ സുനിൽ രവീന്ദ്രൻ എന്നിവർ ചേർന്ന് തിരി തെളിയിച്ചത് ഒരു സംഗീത മാമാങ്കത്തിനായിരുന്നു.

ജോൺസൻ മാഷിന്റെയും, മൺമറഞ്ഞ സംഗീത സംവിധായകൻ  രവീന്ദ്രൻ മാഷി ന്റെയും ഒന്നിനൊന്നു പകരം വെക്കാനാവാത്ത  തിരഞ്ഞെടുത്ത ഗാനശകലങ്ങൾ കോർത്തിണക്കി  ശ്രീ വിൽസ് സ്വരാജ് പാടിയ പാട്ടുകൾ കാണികളെ ആസ്വാദനത്തിന്റെ നെറുകയിൽ എത്തിച്ചു, കൂടാതെ ഭാവിയുടെ വാഗ്ദാനമായ  ദീപക് ദാസ് എന്ന പിന്നണി  ഗായകന്റെ മെലഡി സോങ്‌സും , ഫാസ്റ് നമ്പരുകളും നിറഞ്ഞ കരഘോഷത്തോടുകൂടിയാണ്  സദസ്സ് എതിരേറ്റത്.

മലയാളം, തമിഴ് , ഹിന്ദി  ഗാനങ്ങളുമായി യുകെയിലെവിവിധ സ്ഥലങ്ങളിൽ നിന്നുള്ള മറ്റു കലാകാരന്മാർ ഈ സംഗീത നിശയുടെ  മറ്റു കൂട്ടി. ശ്രീ. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്ര  ഈ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു . മറ്റു കലാകാരൻമാർ   ശ്രീ . ജോമോൻ മാമ്മൂട്ടിൽ , ഡെന്ന ജോമോൻ (7Beats മ്യൂസിക് ബാൻഡ് & 7Beats സംഗീതോത്സവം), നോബിൾ മാത്യു, രാജേഷ് ടോംസ് , ലീന നോബിൾ ( ഗ്രേസ് മെലോഡിസ്  & Heavenly Beats ,   ടീം സംഗീത മൽഹാർ ) സിബി ജോസഫ് (Gloucster ) സ്മിത തോട്ടം ( Birmingham )  സത്യനാരായണൻ ( Northampton )  ദിലീപ് രവി ( Northampton ) ജോൺസൻ ജോൺ ( സിയോൺ ഹോർഷം)  സജി ജോൺ , ജോൺ സജി ( ഹേവാർഡ്‌സ് ഹീത്ത് ) സ്‌മൃതി സതീഷ് ( Reading ) ,ഐറിസ് തോമസ് ( ട്യൂൺ ഓഫ് ആർട്സ്  യുകെ ) ,ഫിയോന ബിജു ( Cambridge ) , രാജേഷ് പൂപ്പാറ ( Devizes ) , ആഷ്‌ന അൻപ് ( സേവനം യുകെ ) , ഉല്ലാസ് ശങ്കരൻ , ഷിജോ ജെയിംസ് , ശ്രീകാന്ത് , ദിയ ഡിജോ( പൂൾ) , ടെസ്സ സ്റ്റാൻലി ( Cambridge )  Agnes Maria (താരകുട്ടി) , മാഗി സജു  – (ബേസിംഗ്‌സ്‌റ്റോക്ക്), വിനു ജോസഫ് , ആനന്ദ് ജോൺ , ജിജോ മത്തായി , അമിത ജനാർദ്ദനൻ (യുക്മ സ്റ്റാർ സിങ്ങർ ഫെയിം ) ഈ ഗായകരുടെ അതി മനോഹരമായ ഗാനാലാപനത്തിനു ഈ സംഗീത വേദി സാക്ഷിയായി.

ഇവരോടൊപ്പം മഴവിൽ സംഗീതം അനീഷ് ജോർജും , ടെസ്‌മോൾ ജോർജ് , കുഞ്ഞു ഗായകൻ ജയ്ക്ക് ജോർജ്  എന്നിവർ ആലപിച്ച  ബോളിവുഡ് ഹിറ്റ്‌സ് നൂതന സാങ്കേതിക വിദ്യകളുടെ കാണികളുടെ മുൻപിൽ അവതരിച്ചപ്പോൾ  ആസ്വാദകർക്ക് ഒരു പുതു പുത്തൻഅനുഭവമായി. ബിനു ജേക്കബ് (ബീറ്സ് യുകെ ), സോജൻ എരുമേലി  എന്നിവർ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചപ്പോൾ  ശ്രീ ബിജു മൂന്നാനപ്പള്ളി ( BTM ഫോട്ടോഗ്രാഫി ) രാജേഷ് നടേപ്പള്ളി (ബെറ്റെർഫ്രെയിംസ്)  ജിനു സി വര്ഗീസ്  (ഫോട്ടോ ജിൻസ്)  , ബോബി ജോർജ് ( ടൈംലൈൻ ഫോട്ടോസ് ) എന്നിവർ ഈ സംഗീത സായ്ഹ്നത്തിന്റെ ഓരോ ചലനവും ഒപ്പിയെടുത്തു , ജിസ്മോൻ പോളിന്റെ റോസ് ഡിജിറ്റൽ വിഷൻ ആണ് വീഡിയോ വിഭാഗം കൈകാര്യം ചെയ്‌തത്‌ ഒപ്പം പ്രശസ്ത ക്യാമറാമാൻ കെവിൻ തോംസണും സാന്നിധ്യവും ഉണ്ടായിരുന്നു .

ശുദ്ധസംഗീതം ആസ്വദിക്കുന്നതിനൊപ്പോം   ആധികാരികമായിയുള്ള ഒരു സംഗീത  സംവാദത്തിനുകൂടിയുള്ള   വേദിയായി മാറി  മഴവിൽ സംഗീതം. സംഗീതം മാത്രം ചർച്ചയായി മാറിയ ഒരു സായാഹ്നനം. ആസ്വാദകർക്ക് ഒരു കുറവും വരുത്താതെയുള്ള കമ്മറ്റി അംഗങ്ങളുടെ പ്രവർത്തനം അഭിനന്ദിക്കാതെ വയ്യ. മറ്റു കമ്മറ്റി അംഗങ്ങളായ  ഷിനു സിറിയക് , വിൻസ് ആന്റണി , ജോർജ് ചാണ്ടി , ജോസ് ആന്റോ , ഉല്ലാസ് ശങ്കരൻ , സൗമ്യ ഉല്ലാസ് ഇവർ സാദാ സമയവും  ആസ്വാദകർക്ക് ഒപ്പം ഉണ്ടായിരുന്നു.

യു കെ യിൽ എബ്ബാടുമുള്ള സംഗീത പ്രേമികളെയും /ആസ്വാദകരെയും  ഒരു കുട കീഴിൽ അണിനിരത്തുന്ന വേറൊരു സംഗീത നിശ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ തവണയും തനതായ മാറ്റങ്ങൾ വരുത്തി മുന്നേറുന്ന ഈ സംഗീത വിരുന്നിനെ പ്രോത്സാഹിപ്പിക്കുവാനും ഭാഗമാകുവാനും കാതങ്ങൾ  താണ്ടിയെത്തിയവർ നിരവധിയാണ്. രാത്രി പതിനൊന്നു മണി വരെ നിറഞ്ഞു നിന്ന സദസ്സും,
യാത്രയുടെ ആലസ്യത്തിലും 2019 ലെ  മഴവില്ല് എന്നാണ് എന്നു ചോദിച്ചുമടങ്ങിയവരുമാണ് ഈ പരിപാടിയുടെ വിജയം വിളിച്ചോതുന്നത് എന്ന് സംഘാടകർ അഭിമാനത്തോടുകൂടി പറയുന്നു.അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിക്കുന്നതിനായി, മിന്നാ ജോസും സംഘവും തകർന്നാടിയ ഭാവപ്പകർച്ച കാണികളെ ഗതകാലസ്മരണയിലേക്കു കൈപിടിച്ചു കൂട്ടി കൊണ്ടുപോയി.. കൂടാതെ മറ്റു നൃത്തങ്ങളും നല്ല നിലവാരം പുലർത്തി.

മഴവില്ലിന്റെ ഏഴു നിറങ്ങളും സപ്‌തസ്വരങ്ങളും കൂടി കലർന്ന രാവിന്, മാറ്റുകൂട്ടാൻ ഒരുക്കിയിരുന്ന എൽ ഇ ഡി   സ്റ്റേജ് സംവിധാനത്തിൽ  ഓരോ ഗാനങ്ങൾക്കും  അനുസൃതമായി ഗാനരംഗങ്ങളുംമിന്നിമറഞ്ഞു.. ശ്രീ വെൽസ് ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള കളർ മീഡിയ ആണ് എൽ ഇ ഡി ഡിജിറ്റൽ  സ്ക്രീൻ തയാറാക്കിയത്. നൂതന സാങ്കേതിക വിദ്യയോടുകൂടിയ സംഗീത ഉപകരണങ്ങളും തത്സമയ  മ്യൂസികും ലൈവ് ആയി ടെലികാസ്റ് ചെയ്ത ഗർഷോം ടി വി ലോകമെമ്പാടുമുള്ള മലയാളികളിലേക്കു മഴവില്ലിന്റെ  നിറം  തെല്ലു മങ്ങാതെ പകർന്നു നൽകി.

മഴവിൽ സംഗീതം 2018 ന്റെ കൂടുതൽ ചിത്രങ്ങൾ കാണാം

[ot-video][/ot-video]

ബര്‍മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിന് ഇനി 5 ദിനങ്ങള്‍ മാത്രം. BCMC കമ്യൂണിറ്റിയിലെ അംഗമായ ബിനോയി മാത്യൂവിന്റെ അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ഷൈനി ബിനോയിയുടെ ഓര്‍മ്മയ്ക്കായി നടത്തപ്പെടുന്ന ഈ വടംവലി മത്സരത്തിന് ഇതിനോടകം തന്നെ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഈ വരുന്ന ശനിയാഴ്ച്ച(ജൂണ്‍ 9) നടത്തപ്പെടുന്ന അത്യന്തം വാശിയേറിയ മത്സരത്തിന് ഇതിനോടകം തന്നെ പതിനാലോളം ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പതോളം സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.

മത്സര വിജയികള്‍ക്കായി ഷൈനി മെമ്മോറിയല്‍ ട്രോഫിയും മെഡലുകള്‍ക്കും പുറമെ ഒന്നാം സമ്മാനം 1001 പൗണ്ടും, രണ്ടാം സമ്മാനം 751 പൗണ്ടും, മൂന്നാം സമ്മാനം 501 പൗണ്ടും നാലാം സമ്മാനം 301 പൗണ്ടും ലഭിക്കുന്നതാണ്. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന മറ്റു ടീമുകള്‍ക്ക് ഇന്റര്‍മീഡിയേറ്റ് ലൈവലില്‍ പ്രത്യേക മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങളായ 201 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നിങ്ങനെ നല്‍കുന്നതാണ്. ഇതിന് പുറമെ ബെസ്റ്റ് എമേര്‍ജിംഗ് ടീമിന് 101 പൗണ്ടിന്റെ സമ്മാനവും നല്‍കപ്പെടുന്നതാണ്. അങ്ങനെ യുകെയില്‍ ഈ വര്‍ഷം നടത്തപ്പെടുന്ന ആദ്യത്തെ വടംവലി മത്സരം എന്നതിനേക്കാളുപരി യുകെയില്‍ നടത്തപ്പെട്ടിട്ടുള്ള മത്സരങ്ങളില്‍ വെച്ച് ഏറ്റവും വലിയ സമ്മാനങ്ങള്‍ നല്‍കപ്പെടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ഈ മത്സര മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനും സാക്ഷികളാവുന്നതിനും യുകെയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ബര്‍മ്മിങാമിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി മത്സരത്തിന്റെ സംഘാടകര്‍ അറിയിക്കുന്നു.

മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍:-

Date: June 9th saturday 2018

Venue: Hodge Hill College, Birmingham, B36 8HB

Time: 10 am

Registration Fee (per team): 100 Pound

Team:- 7 Members ( 3 Substitutes)

Weight limti: 590kg (Team)

കൂടുതല്‍ വിവരങ്ങള്‍ക്കായി:- Sajan Karunakaran- 07828851527, Sirosh Francis- 07828659934

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ ജൂണ്‍ 6ാം തിയതി വൈകുന്നേരം 5.30 മുതല്‍ 9.30 വരെ ബ്രിസ്റ്റോള്‍, ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, ബ്രദ. സന്തോഷ് കരിമത്തറ എന്നിവരായിരിക്കും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 28ന് ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മാവിനാല്‍ നിറയുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലുള്ള എല്ലാവരെയും പ്രത്യേകിച്ച് പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കും ഭക്തസംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നവരും ഇതില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസി.ടി എല്ലാവരെയും സ്‌നേഹപുര്‍വ്വം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തിനെയും, റോയി സെബാസ്റ്റിയനെയും ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved