UK

ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2-ാമത് സംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . അയര്‍ക്കുന്നം – മറ്റക്കര സംഗമത്തിനു വേണ്ടി ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.സി.എ.ജോസഫ് രചിച്ച് യൂട്യുബിലൂടെ ശ്രദ്ധേയമായ തീംസോഗ് തന്റെ അനുഗ്രഹീതമായ വേറിട്ട സ്വരമാധുര്യത്താല്‍ ശ്രീ.ജി.വേണുഗോപാല്‍ സംഗമവേദിയില്‍ ആലപിച്ചപ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും വിസ്മയത്തോടും സന്തോഷം കൊണ്ടും മനം നിറഞ്ഞ് ഹര്‍ഷാരവത്തോടു കൂടിയാണ് സ്വീകരിച്ചത്.

യു.കെ. സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം യു.കെ. മലയാളികളില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹാദരങ്ങളും പ്രോത്സാഹനങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ക്ക് ജന്മം നല്‍കിയ അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാഗങ്ങളുടെ സംഗമത്തിന് സര്‍വവിധ ആശംസകള്‍ നേരുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമയി മുന്നേറട്ടെയന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നിട്ടും അയര്‍ക്കുന്നം – മറ്റക്കര പ്രദേശത്തിന്റെ ജനപ്രതിനിധികളായ ആരാധ്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നത് സംഗമത്തിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ആവേശഭരിതരാക്കി.

പിറന്ന നാടിന്റെ ഓര്‍മകളും, സൗഹൃദങ്ങളും, പൈകൃതവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മ കുടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ആദ്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങള്‍കൊണ്ട് പങ്കെടുക്കാനാവാതിരുന്നതും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിന്‍ അനുസ്മരിച്ചു. സംഗമത്തിന് സര്‍വ്വവിധ ഭാവുകങ്ങളും വിജയങ്ങളും ശ്രീ.ഉമ്മന്‍ ചാണ്ടി ആശംസിച്ചു.

യു.കെയിലെ അയര്‍ക്കുന്നം – മറ്റക്കര ആദ്യസംഗമത്തിന് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ തനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതെന്നുവെന്നും ഈ സംഗമത്തിലെ കുടുംബാഗങ്ങള്‍ നല്‍കിയ സ്‌നേഹം മറക്കുവാന്‍ സാധിക്കുകയില്ലായെന്നും കോട്ടയത്തിന്റെ എം.പി. ശ്രീ. ജോസ്.കെ.മാണി തന്റെ ആശംസാ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുടുംബാഗങ്ങളോടൊപ്പം തന്റെ മനസ്സിന്റെ സാന്നിധ്യം ഉണ്ടെന്നും വരും കാലങ്ങളിലും ഈ സംഗമം കുടുതല്‍ കരുത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടയാകട്ടെയെന്നും ശ്രീ.ജോസ് കെ.മാണി എം പി ആശംസിച്ചു. ജോജി ജോസഫ്, ഫ്‌ളോറെന്‍സ് ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ പ്രാര്‍ത്ഥന ഗാനാലാപത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

സംഗമം പ്രസിഡന്റ് ശ്രീ.ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് സ്വാഗതം ആശംസിച്ചു. യുക്മ ജനറല്‍ സെക്രട്ടറിയും സംഗമത്തിലെ കുടുംബാഗവുമായ ശ്രീ. റോജിമോന്‍ വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. സി.എ.ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ജോമോന്‍ ജേക്കബ് മുഖ്യാഥിതിയായി എത്തിയ  ശ്രീ. ജി.വേണുഗോപാലിനും വളരെ തിരക്കിനിടയിലും തത്സമയം ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി, ശ്രീ ജോസ്.കെ.മാണി എം പി എന്നിവര്‍ക്കും സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരവും വിനോദപരവുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സംഗമം സമ്പന്നമായി. ദമ്പതികളായ ബേബി എബ്രാഹാമിന്റെയും ആലീസ് ബേബിയുടെയും നേതൃത്വത്തില്‍ സംഗമത്തിലെ ദമ്പതികളെ പങ്കെടുപ്പിച്ചു നടത്തിയ വിനോദ – ഹാസ്യ പരിപാടി ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

വളര്‍ന്നു വരുന്ന ഗായിക സിനി മാത്യുവിനോടൊപ്പം പിതാവും ഗായകനുമായ ഷാജിമോന്‍ മാത്യുവും ചേര്‍ന്ന് ആലപിച്ച ഗാനം ഏറെ ഹൃദ്യമായിരുന്നു. മോളി ടോമി, മേഴ്‌സി ബിജു, അജയ് ബോബി, ജെസ്വിന്‍ ജോസഫ്, അലന്‍ റോയ്, സാനിയ ഫെലിക്‌സ്, സ്‌നേഹ ഫെലിക്‌സ് എന്നിവരുടെ ഗാനങ്ങളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നയനാനന്ദകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ച തുഷാര സതീശനും ദേവികാ വേലായുധനും കാണികളെ വിസ്മയഭരിതരാക്കി. കുരുന്നു കലാകാരി ജെന്നിഫര്‍ ജയിംസ് ‘ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി അപ്രതീക്ഷിതമായി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം താളാത്മകമായി നൃത്തം ചെയ്തു.

കുടുംബാഗങ്ങള്‍ പരസ്പരം പരിചയപ്പെട്ടും സൗഹൃദങ്ങള്‍ പങ്കുവെച്ചും വര്‍ണ്ണശബളമായ കലാപരിപാടികള്‍ ആസ്വദിച്ചും സംഗമത്തെ കൂടുതല്‍ ധന്യമാക്കി. മികച്ച അവതരണ ശൈലിയില്‍ തുടക്കം മുതല്‍ അവസാനം വരെ മുഴുവന്‍ പരിപാടിയുടെയും ആംഗറിങ്ങ് നടത്തിയ റാണി ജോജിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. 3-ാമത് സംഗമം 2019 ജൂണ്‍ 29, 30 തീയതികളിലായി നടത്തുവാനും തീരുമാനിച്ചു. ദേശീയഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM)ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി.നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കോച്ചില്‍ രാവിലെ യാത്രതിരിച്ച സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും, ആടിയും പാടിയും, മത്സരങ്ങളുമായി ഏവര്‍ക്കും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുമാണ് വിനോദയാത്ര അടിപൊളിയാക്കിയത്.

മലമുകളിലേക്കുള്ള റോപ്പ് കാര്‍ യാത്രയും, ട്രെയില്‍ യാത്രയും ബോട്ടിങ്ങുമെല്ലാം ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അസോസിയേഷന്‍ എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നത്.

വിനോദയാത്രയില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എസ്സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ബിന്റോ ആന്റണി നന്ദി രേഖപ്പെടുത്തി.

കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.

ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.

ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.

ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.

ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തിലും ദുഖത്തിലും നസ്രായനായ ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില്‍ അവര്‍ ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി. കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ജയ സ്വര്‍ഗ്ഗത്തിലേക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് അല്‍ഫോന്‍സാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. ഫാ. ഫിന്‍സ്വാ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്‍ബാനയില്‍ ജയയുടെ ഭര്‍ത്താവ് നോബി, മക്കളായ നിമിഷ, നോയേല്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ പങ്കുചേര്‍ന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.

ത്രത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാം സഭയില്‍ കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. വി. കുര്‍ബായെ തുടര്‍ന്ന് നടന്ന ലദീത്തു പ്രാര്‍ത്ഥനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് നിരുനാള്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനോടപ്പം സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കന്ദോര്‍പ്പ്, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ, സ്‌കോട്ടര്‍, ബ്രിഗ് എന്നിവിടങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വിമന്‍സ് ഫോറം, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.

വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.

റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്.

നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.

ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗസലിന്റെ മനോഹാരിതയും ശുദ്ധ സംഗീതത്തിന്‍റെ മധുരിമയും നൃത്ത ചുവടുകളുടെ നൂപുരധ്വനിയും ഇഴുകി ചേര്‍ന്ന ഒരു സായംസന്ധ്യ യുകെ മലയാളികള്‍ക്ക് നല്‍കി കൊണ്ട് ട്യൂണ്‍ ഓഫ് ആര്‍ട്സ് ഒരുക്കിയ മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കലാപ്രേമികളുടെ ഹൃദയം കവര്‍ന്ന പ്രോഗ്രാമുകളുമായാണ് മയൂര ഫെസ്റ്റ് അണിയിച്ചൊരുക്കിയത് എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കലാസ്വാദകരുടെ രസച്ചരട് പൊട്ടാത്ത വിധത്തില്‍ വിവിധ പ്രോഗ്രാമുകള്‍ കോര്‍ത്തിണക്കിയ കലാവിരുന്ന് സംഘാടകരുടെ അശ്രാന്ത പരിശ്രമത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി മാറി.

പ്രശസ്ത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിനെ അനുസ്മരിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആയിരുന്നു മയൂര ഫെസ്റ്റിന് തുടക്കം കുറിച്ചത്. യുകെയിലെ പ്രമുഖ എഴുത്തുകാരിയായ മീര കമല സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, ബീ ഇന്‍റര്‍നാഷണല്‍ സിഇഒ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍റെ പ്രസിഡണ്ട് സുജിത്തിന്‍റെ പിതാവും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ സ്കറിയ സാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അജിത്‌ പാലിയത്ത് സ്വാഗതം ആശംസിച്ചു.

യുകെയിലെ പ്രശസ്ത നൃത്ത അദ്ധ്യാപികയായ ജിഷ സത്യനെ ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായ മീര കമല ജിഷ സത്യനെ പൊന്നാടയണിയിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞനായ എം. എസ്. ബാബുരാജിനെ അനുസ്മരിച്ച് “കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന പേരില്‍ നടത്തിയ ലൈവ് ഗസല്‍ സന്ധ്യ ആയിരുന്നു മയൂര ഫെസ്റ്റിലെ മറ്റൊരു പ്രധാന പരിപാടി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകരും ഓര്‍ക്കസ്ട്ര ടീമംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച ലൈവ് ഗസല്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലും ഐറിസ് ടൈറ്റസും ചേര്‍ന്ന് നടത്തിയ  ആങ്കറിംഗ് പ്രോഗ്രാമിന് ഏറെ ചാരുത പകര്‍ന്നു.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ….. എന്ന നൃത്തം മനോഹരമായി അവതരിപ്പിച്ച ജിഷ ഏവരുടെയും കയ്യടി നേടി. സാലിസ്ബറിയില്‍ നിന്നെത്തിയ ജോസ് അവതരിപ്പിച്ച കവിതയും മിന്ന ജോസ്, മുന്ന ജോസ് എന്നിവര്‍ അവതരിപ്പിച്ച നൃത്തവും കെറ്ററിംഗിലെ ലക്ഷ്മി അവതരിപ്പിച്ച അവതരണ നൃത്തവും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

മനോഹരങ്ങളായ പ്രോഗ്രാമുകള്‍ക്ക് ശേഷം സ്പൈസി നെസ്റ്റ് ഒരുക്കിയ രുചികരമായ ഭക്ഷണവും കഴിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്. ട്യൂണ്‍ ഓഫ് ആര്‍ട്സ് ഭാരവാഹികളായ മെന്‍റക്സ്‌ ജോസഫ്, അജിത്‌ പാലിയത്ത്, സുജിത് സ്കറിയ, ബിജു നാലപ്പാട്ട്, പ്രേം നോര്‍ത്താംപ്ടന്‍, സുധീഷ്‌ കെറ്ററിംഗ്, ആനന്ദ് നോര്‍ത്താംപ്ടന്‍, ടോണി കെറ്ററിംഗ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RECENT POSTS
Copyright © . All rights reserved