ന്യൂസ് ഡെസ്ക്
മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു. മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു. മലയാളികളെ മാത്രം പങ്കെടുപ്പിക്കുന്ന പതിവിന് വിരാമം കുറിച്ചുകൊണ്ട് എല്ലാ രാജ്യക്കാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ശ്രമം വൻ വിജയമാണെന്ന് ടെപ് സികോർ 2018 ന്റെ പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ജൂലൈ 14 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത്. മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറിലാണ് ലോകത്തിനു തന്നെ മാതൃകയായ സംരംഭം ഒരുക്കപ്പെട്ടിരിക്കുന്നത്.
ഒന്നിച്ചു പരിശീലിക്കുന്ന തങ്ങളുടെ സഹപാഠികളോടൊത്ത് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകളില്ലാതെ സ്റ്റേജിൽ മത്സരിക്കാൻ കഴിയുന്നത് തികച്ചും സന്തോഷകരവും വ്യത്യസ്തവുമായ അനുഭവമാണെന്ന് മത്സരാർത്ഥികൾ പറയുന്നു. ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുന്ന നിരവധി മറ്റു രാജ്യക്കാൻ യുകെയുടെ പല ഭാഗങ്ങളിലുള്ള ഡാൻസ് സ്കൂളുകളിൽ നൃത്താഭ്യാസം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മത്സര വേദികൾ അധികം ലഭിക്കാറില്ലെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. മലയാളം യുകെ ഒരുക്കുന്ന വ്യത്യസ്തമായ ഈ വേദിയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നത് തികച്ചും അഭിനന്ദനീയമായ കാര്യമാണെന്നും ജനങ്ങൾ തമ്മിലുള്ള സംസ്കാരിക വിനിമയത്തിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യൻ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.
ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസിൽ താഴെയുള്ളവർക്ക് സബ്ജൂനിയർ, 11 മുതൽ 18 വയസു വരെയുള്ളവരെ ജൂണിയറിലും 18 വയസിനു മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമയ ക്ലിപ്തത പാലിച്ചും മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങൾ ഒരുക്കിയും പ്രോഗ്രാമുകൾ നിശ്ചയിച്ച ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തി വരുന്നത്. മത്സരാർത്ഥികൾക്കുള്ള ഗൈഡ് ലൈനുകൾ മലയാളം യുകെയുടെ ഫേസ് ബുക്ക് ഇവന്റ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ജൂൺ 9 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിലോ മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
സ്റ്റോക്ക് ഓൺ ട്രെൻറിലെ ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ നടക്കുന്ന ഡാൻസ് മത്സരത്തിന്റെ മനോഹാരിതയും ചടുലതയും ആനന്ദ് മീഡിയ ജനഹൃദയങ്ങളിലെത്തിക്കും. ആനന്ദ് മീഡിയ ടീം വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ടെപ് സികോർ 2018 ന്റെ മുഖ്യ സ്പോൺസർ ബീ വൺ യുകെ ആണ്. ഡിജിറ്റൽ കറൻസി ടോക്കണായ ക്രിപ്റ്റോ കാർബൺ മാർക്കറ്റ് ചെയ്തുകൊണ്ട് ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിച്ച ബീ വൺ, മലയാളം യുകെ ഒരുക്കുന്ന നൃത്തോൽസവത്തിനു ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.
ടെപ്സികോർ 2018ൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ കാർ പാർക്കിംഗിന് ധാരാളം സൗകര്യമുണ്ട്. അതുപോലെ തന്നെ മിതമായ നിരക്കിലുള്ള ഭക്ഷണം കേറ്ററിംഗ് ടീം ലഭ്യമാക്കും. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ടെപ്സികോർ 2018 ൽ സ്പോൺസർഷിപ്പ്, കേറ്ററിംഗ്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബന്ധപ്പെടേണ്ടതാണ്.
വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയര്‍ത്തിപ്പിടിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ ഡോ. സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീല്‍ചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച് തന്റെ അവസാന നിമിഷം വരെ സമൂഹത്തില്‍ ശാസ്ത്ര പ്രചാരണം നടത്തിയതിന്റെ പേരിലാണ് സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരിക്കപ്പെടേണ്ടത് എന്നും, അത് തന്നെയാണ് ഈ അനുസ്മരണ സമ്മേളനത്തിന്റെ കാലിക പ്രസക്തിയെന്നും സ്വാഗതം ആശംസിച്ചു കൊണ്ട് ചേതന യുകെ സെക്രട്ടറി ലിയോസ് പോള്‍ അഭിപ്രായപ്പെട്ടു.
ചേതന യുകെ പ്രസിഡന്റ് സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും ഗ്രന്ഥകാരനും കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡ് ജേതാവുമായ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തി. സാധാരണക്കാരായ മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും മസ്തിഷ്‌ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത മതസ്ഥാപനങ്ങളും കപട ശാസ്ത്ര പ്രചാരകരും ചേര്‍ന്ന് നമ്മുടെ സമൂഹത്തെ ബഹുദൂരം പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാതരം വിശ്വാസ ചൂഷണങ്ങളും മറ്റ് തട്ടിപ്പുകാരും നമ്മുടെ സമൂഹത്തില്‍ തഴച്ചു വളരുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മനോഭാവം ആണ് അത്‌കൊണ്ട് ചേതന പോലുള്ള പൊതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശാസ്ത്ര പ്രചാരണത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഓക്‌സ്ഫോഡില്‍ ജനിച്ച ബ്രിട്ടീഷുകാരനായ ഹോക്കിങിന് ഓക്‌സ്ഫോഡില്‍ വച്ചു തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന പുരോഗമന പ്രസ്ഥാനമായ ചേതന യുകെയെ അദ്ദേഹം പ്രശംസിച്ചു. ജൈവകൃഷി, യോഗ, ജ്യോതിഷം, കപട ചികില്‍സ തുടങ്ങിയ പ്രധാന ജനകീയ അന്ധവിശ്വാസങ്ങളെയെല്ലാം പൊളിച്ചടുക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ഒന്നര മണിക്കൂര്‍ പ്രഭാഷണം സദസ്യര്‍ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം ചോദ്യങ്ങളും, ഉത്തരങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏവരും അദ്ദേഹവുമായി സംവദിച്ചു.
ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം കോശി തെക്കേക്കരയുടെ അവതരണ മികവില്‍ നോര്‍ത്ത് വേ ഇവാഞ്ജലിക്കല്‍ ചര്‍ച്ച് ഹാളില്‍ 6 മണിക്ക് ആരംഭിച്ച സമ്മേളനം സമയക്കുറവ് മൂലം രാത്രി 9.45ന് അവസാനിക്കുമ്പോഴും നിരവധി ചോദ്യങ്ങളുമായി സദസ്യര്‍ രവിചന്ദ്രനെ അനുഗമിക്കുന്നുണ്ടായിരുന്നു എന്നത് പ്രതീക്ഷനിര്‍ഭരമായ ഒരു അനുഭവം ആയിരുന്നു എന്ന് ചേതന യുകെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. എസ്സന്‍സ് യുകെയുടെ പൂര്‍ണ്ണ സഹകരണത്തോടെ നടന്ന സമ്മേളനത്തില്‍ എല്ലാവിധ സഹായ സഹകരങ്ങള്‍ക്കും എസ്സന്‍സ് യുകെയുടെ എല്ലാ ഭാരവാഹികളോടുമുള്ള അഗാധമായ നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് ചേതന യുകെ ഓക്‌സ്ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം ശ്രീമതി പ്രിയ രാജന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ചേതന യുകെയുടെ youtube ചാനലായ youtube. com/chethana europe ല്‍ സമ്മേളനത്തിന്റെ വീഡിയോ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.
23 വയസ്സുകാരിയായ സോഫി, 22 വയസ്സുള്ള ക്ലോയ്, 20 വയസ്സുകാരന്‍ ജാക്ക്, 18 വയസ്സുള്ള ഡാനിയേല്‍, 16 വയസ്സുള്ള ലൂക്ക്, 15 വയസ്സുള്ള മിലി,14 വയസ്സുകാരി കാത്തി, 13 വയസ്സുകാരന്‍ ജെയിംസ്, 12 വയസ്സുള്ള എല്ലി, 11 വയസ്സുള്ള എയ്മി, 10 വയസ്സുള്ള ജോഷ്, 8 വയസ്സുകാരന്‍ മാക്‌സ്, 7 വയസ്സുകാരി ടില്ലി, 5 വയസ്സുള്ള ഓസ്‌കര്‍, 4 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആല്‍ഫി എന്നാണ് ഇവര്‍ വിളിക്കുന്നത്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന നോയല്‍ റാഡ്‌ഫോര്‍ഡ് ബേക്കറിയില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.
ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. 240, 000 പൗണ്ട് വിലമതിക്കുന്ന വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഈ വീട് സ്വന്തമാക്കുന്നത്. വര്‍ഷത്തില്‍ ഇതര രാജ്യങ്ങളിലേക്ക് യാത്രകള്‍ വരെ ഇവര്‍ കുടുംബ സമേതം നടത്താറുണ്ട്. ഏതാണ്ട് 300 പൗണ്ടാണ് ഇവര്‍ക്ക് ഒരു ആഴ്ച്ച ഭക്ഷണത്തിന് മാത്രമായി വേണ്ടത്. ഇത്രയധികം പണച്ചെലവുണ്ടെങ്കിലും നോയലും സൂ വും അതൊക്കെ തരണം ചെയ്താണ് ജീവിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 21ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ സ്‌നേഹിക്കുന്നവരും.
തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.
തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.
അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ജോയല്‍ ചെറുപ്ലാക്കില്‍
അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2-ാമത് സംഗമം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീ.ജി.വേണുഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് . അയര്‍ക്കുന്നം – മറ്റക്കര സംഗമത്തിനു വേണ്ടി ആദ്യ സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.സി.എ.ജോസഫ് രചിച്ച് യൂട്യുബിലൂടെ ശ്രദ്ധേയമായ തീംസോഗ് തന്റെ അനുഗ്രഹീതമായ വേറിട്ട സ്വരമാധുര്യത്താല്‍ ശ്രീ.ജി.വേണുഗോപാല്‍ സംഗമവേദിയില്‍ ആലപിച്ചപ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും വിസ്മയത്തോടും സന്തോഷം കൊണ്ടും മനം നിറഞ്ഞ് ഹര്‍ഷാരവത്തോടു കൂടിയാണ് സ്വീകരിച്ചത്.
യു.കെ. സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം യു.കെ. മലയാളികളില്‍ നിന്നും ലഭിച്ചിട്ടുള്ള സ്‌നേഹാദരങ്ങളും പ്രോത്സാഹനങ്ങളും ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ആളുകള്‍ക്ക് ജന്മം നല്‍കിയ അയര്‍ക്കുന്നം – മറ്റക്കര പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബാഗങ്ങളുടെ സംഗമത്തിന് സര്‍വവിധ ആശംസകള്‍ നേരുകയും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങളുമയി മുന്നേറട്ടെയന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആശംസിച്ചു. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നിട്ടും അയര്‍ക്കുന്നം – മറ്റക്കര പ്രദേശത്തിന്റെ ജനപ്രതിനിധികളായ ആരാധ്യനായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി. ശ്രീ.ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നത് സംഗമത്തിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ആവേശഭരിതരാക്കി.
പിറന്ന നാടിന്റെ ഓര്‍മകളും, സൗഹൃദങ്ങളും, പൈകൃതവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം – മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മ കുടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ആശംസിച്ചു. ആദ്യ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിച്ചിരുന്നെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങള്‍കൊണ്ട് പങ്കെടുക്കാനാവാതിരുന്നതും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിന്‍ അനുസ്മരിച്ചു. സംഗമത്തിന് സര്‍വ്വവിധ ഭാവുകങ്ങളും വിജയങ്ങളും ശ്രീ.ഉമ്മന്‍ ചാണ്ടി ആശംസിച്ചു.
യു.കെയിലെ അയര്‍ക്കുന്നം – മറ്റക്കര ആദ്യസംഗമത്തിന് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ തനിക്ക് ലഭിച്ച അവസരം ഒരു ഭാഗ്യമായി കരുതെന്നുവെന്നും ഈ സംഗമത്തിലെ കുടുംബാഗങ്ങള്‍ നല്‍കിയ സ്‌നേഹം മറക്കുവാന്‍ സാധിക്കുകയില്ലായെന്നും കോട്ടയത്തിന്റെ എം.പി. ശ്രീ. ജോസ്.കെ.മാണി തന്റെ ആശംസാ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുടുംബാഗങ്ങളോടൊപ്പം തന്റെ മനസ്സിന്റെ സാന്നിധ്യം ഉണ്ടെന്നും വരും കാലങ്ങളിലും ഈ സംഗമം കുടുതല്‍ കരുത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടയാകട്ടെയെന്നും ശ്രീ.ജോസ് കെ.മാണി എം പി ആശംസിച്ചു. ജോജി ജോസഫ്, ഫ്‌ളോറെന്‍സ് ഫെലിക്‌സ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ പ്രാര്‍ത്ഥന ഗാനാലാപത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
സംഗമം പ്രസിഡന്റ് ശ്രീ.ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് സ്വാഗതം ആശംസിച്ചു. യുക്മ ജനറല്‍ സെക്രട്ടറിയും സംഗമത്തിലെ കുടുംബാഗവുമായ ശ്രീ. റോജിമോന്‍ വര്‍ഗീസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. സി.എ.ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ജോമോന്‍ ജേക്കബ് മുഖ്യാഥിതിയായി എത്തിയ ശ്രീ. ജി.വേണുഗോപാലിനും വളരെ തിരക്കിനിടയിലും തത്സമയം ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി, ശ്രീ ജോസ്.കെ.മാണി എം പി എന്നിവര്‍ക്കും സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരവും വിനോദപരവുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് സംഗമം സമ്പന്നമായി. ദമ്പതികളായ ബേബി എബ്രാഹാമിന്റെയും ആലീസ് ബേബിയുടെയും നേതൃത്വത്തില്‍ സംഗമത്തിലെ ദമ്പതികളെ പങ്കെടുപ്പിച്ചു നടത്തിയ വിനോദ – ഹാസ്യ പരിപാടി ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
വളര്‍ന്നു വരുന്ന ഗായിക സിനി മാത്യുവിനോടൊപ്പം പിതാവും ഗായകനുമായ ഷാജിമോന്‍ മാത്യുവും ചേര്‍ന്ന് ആലപിച്ച ഗാനം ഏറെ ഹൃദ്യമായിരുന്നു. മോളി ടോമി, മേഴ്‌സി ബിജു, അജയ് ബോബി, ജെസ്വിന്‍ ജോസഫ്, അലന്‍ റോയ്, സാനിയ ഫെലിക്‌സ്, സ്‌നേഹ ഫെലിക്‌സ് എന്നിവരുടെ ഗാനങ്ങളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നയനാനന്ദകരമായ നൃത്തങ്ങള്‍ അവതരിപ്പിച്ച തുഷാര സതീശനും ദേവികാ വേലായുധനും കാണികളെ വിസ്മയഭരിതരാക്കി. കുരുന്നു കലാകാരി ജെന്നിഫര്‍ ജയിംസ് ‘ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി അപ്രതീക്ഷിതമായി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം താളാത്മകമായി നൃത്തം ചെയ്തു.
കുടുംബാഗങ്ങള്‍ പരസ്പരം പരിചയപ്പെട്ടും സൗഹൃദങ്ങള്‍ പങ്കുവെച്ചും വര്‍ണ്ണശബളമായ കലാപരിപാടികള്‍ ആസ്വദിച്ചും സംഗമത്തെ കൂടുതല്‍ ധന്യമാക്കി. മികച്ച അവതരണ ശൈലിയില്‍ തുടക്കം മുതല്‍ അവസാനം വരെ മുഴുവന്‍ പരിപാടിയുടെയും ആംഗറിങ്ങ് നടത്തിയ റാണി ജോജിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. 3-ാമത് സംഗമം 2019 ജൂണ്‍ 29, 30 തീയതികളിലായി നടത്തുവാനും തീരുമാനിച്ചു. ദേശീയഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM)ഏകദിന വിനോദയാത്ര പ്രൗഢോജ്വലമായി.നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡ്വുഡ്നോ യിലേക്കാണ് അസോസിയേഷന്‍ കുടുംബങ്ങള്‍ വിനോദയാത്ര സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫിന്റെയും സെക്രട്ടറി ബിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കോച്ചില്‍ രാവിലെ യാത്രതിരിച്ച സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും, ആടിയും പാടിയും, മത്സരങ്ങളുമായി ഏവര്‍ക്കും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുമാണ് വിനോദയാത്ര അടിപൊളിയാക്കിയത്.
മലമുകളിലേക്കുള്ള റോപ്പ് കാര്‍ യാത്രയും, ട്രെയില്‍ യാത്രയും ബോട്ടിങ്ങുമെല്ലാം ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അസോസിയേഷന്‍ എല്ലാ വര്‍ഷവും വിനോദയാത്ര സംഘടിപ്പിക്കുന്നത്.
വിനോദയാത്രയില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും അസോസിയേഷന്‍ എസ്സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ബിന്റോ ആന്റണി നന്ദി രേഖപ്പെടുത്തി.
കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.
ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.
ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.
ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.
ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: കഴിഞ്ഞ ബുധനാഴ്ച്ച പ്രസ്റ്റണില്‍ നിര്യാതയായ ജയനോബിയുടെ ആത്മശാന്തിക്കായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഒപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
തന്റെ ജീവിതകാലം മുഴുവന്‍ സന്തോഷത്തിലും ദുഖത്തിലും നസ്രായനായ ഈശോയെ ജയനോബി മുറുകെ പിടിച്ചെന്നും അതിലൂടെ നിത്യതയില്‍ അവര്‍ ഈശോയുടെ കൂട്ടായ്മയിലായിരിക്കുമെന്നും വി. കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ജയ സ്വര്‍ഗ്ഗത്തിലേക്കാണ് ജനിച്ചിരിക്കുന്നതെന്നും അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും വേണ്ടി മധ്യസ്ഥ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്റ് അല്‍ഫോന്‍സാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. ഫാ. ഫിന്‍സ്വാ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ കുര്‍ബാനയില്‍ ജയയുടെ ഭര്‍ത്താവ് നോബി, മക്കളായ നിമിഷ, നോയേല്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ പങ്കുചേര്‍ന്നു.