UK

ബ്രിട്ടനിലെ നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ ബില്‍ഡേഴ്‌സിന്റെ 8,000ത്തോളം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. 2015ല്‍ ഉണ്ടായ സമാന പ്രതിസന്ധിയേക്കാള്‍ രൂക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി പല സ്ഥലങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റൂഫ് ടൈല്‍സ്, വിന്‍ഡോസ്, പ്ലാസ്റ്റര്‍ ബോര്‍ഡ്. തടി എന്നിവയാണ് പ്രധാനമായും ലഭ്യമല്ലാത്തത്. ഇത്തരം അസംസ്‌കൃത വസ്തുക്കള്‍ക്കായി 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നതായി കെട്ടിട നിര്‍മ്മാതാക്കള്‍ പറയുന്നു. സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മേഖലയെ ബാധിച്ചിരിക്കുന്നത്. കട്ടകളില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ല. കട്ട നിര്‍മ്മാണ കമ്പനികളുടെ പ്രൊഡക്ഷനിലുണ്ടാകുന്ന കാലതാമസമാണ് ഇവ ലഭ്യമല്ലാത്തതിന് കാരണമെന്ന് ലീഡ്‌സ് ബില്‍ഡര്‍ സാമുവല്‍ ടെയ്‌ലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍മ്മാണ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതായി എഫ്എംബി ഉടമസ്ഥന്‍ ബ്രയാന്‍ ബെറി പറയുന്നു.

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില ഉയരുന്നത് രാജ്യത്തെ നിര്‍മ്മാണ മേഖലയെ മാത്രമല്ല വീടുകള്‍ നിര്‍മ്മിക്കുന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ബെറി വ്യക്തമാക്കുന്നു. പകുതിയിലേറെ വരുന്ന നിര്‍മ്മാതാക്കളും വില വര്‍ദ്ധനവിന്റെ ബാധ്യത ഉപഭോക്താക്കളുടെ തലയിലേക്ക് വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളും വിലയിലും ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. മെറ്റീരിയല്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന് അനുസരിച്ച് ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാകുമെന്നത് തീര്‍ച്ചയാണ്.

പത്താം വര്‍ഷത്തിലേക്കു വിജയകരമായി കടക്കുന്ന വോക്കിങ് മലയാളി അസോസിയേഷന്‍ പുതിയ കമ്മിറ്റിക്കു രൂപം നല്‍കി.വിഷുദിനത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.യുക്മ സ്ഥാപക പ്രസിഡന്റും വോക്കിങ് മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും ആയ വര്‍ഗീസ് ജോണ്‍ (സണ്ണി) ആണ് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് മുന്‍ റീജിയണല്‍ സെക്രട്ടറി ആന്റണി എബ്രഹാമിനെ ( അജു) സെക്രട്ടറി ആയും അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറി സുജിത് നീലകണ്ഠനെ ട്രെഷറര്‍ ആയും തിരഞ്ഞെടുത്തു. സുഹാസ് ഹൈദ്രോസ് (വൈസ് പ്രസിഡന്റ്),സ്മൃതി ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), അനീഷ് ശശീന്ദ്രന്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), പ്രജിത നായര്‍ (ആര്‍ട്സ് കോര്‍ഡിനേറ്റര്‍), റിതു ഡെറിക്, ലവ്‌ലി സണ്ണി (ഡാന്‍സ് കോര്‍ഡിനേറ്റര്‍സ്), ബിനോയ് ചെറിയാന്‍ (എക്‌സ് ഒഫീഷ്യയോ) എന്നിവര്‍ ആണ് മറ്റു ഭാരവാഹികള്‍.

അതോടൊപ്പം തന്നെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നടന്നു. ജമ്മുവില്‍ ക്രൂരമായ ബലാല്‍ത്സംഗത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ടു മെഴുകു തിരികള്‍ കത്തിച്ചുകൊണ്ടു നിശബ്ദ പ്രാര്‍ത്ഥനയും നടന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ആന്റണി എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പത്താം വാര്‍ഷികാഘോഷങ്ങള്‍ കെങ്കേമമാക്കുന്നതിനു പതിവ് പരിപാടികള്‍ കൂടാതെ കുട്ടികളുടെ സ്റ്റഡി ടൂര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്നിവ കൂടി നടത്താന്‍ പുതിയ കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. സെപ്റ്റംബര്‍ എട്ടാം തീയതി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിക്കാനും ഡിസംബര്‍ 29ന് പത്താം വാര്‍ഷികത്തോടൊപ്പം ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷവും നടത്തുന്നതിനും തീരുമാനമെടുത്തു.

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട്   ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്‌സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്‌സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മാനേജര്‍മാരുടെ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായിട്ടാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇക്കര്യം സംബന്ധിച്ച കൃത്യമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രതിഷേധാര്‍ഹമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. മികവുറ്റ നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതില്‍ നേരിടുന്ന പരാജയം മേഖലയില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യതയുണ്ടാക്കുമെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു. എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സമീപ കാലത്ത് എആന്‍ഇ (അടിയന്തര ചികിത്സ) വെയിറ്റിംഗ് ടൈമില്‍ സര്‍വകാല റെക്കോഡില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന കാര്യവും ഇതോടപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

2013 ഡിസംബറിനും 2017 ഡിസംബറിനും ഇടയ്ക്ക് ഇഗ്ലണ്ടിലെ മുക്കാല്‍ ഭാഗം വരുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളും മാനേജര്‍മാരെ നിയമിക്കുന്ന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. കുറഞ്ഞ വേതന നിരക്ക്, വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം, മികച്ച നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുന്നതിലുള്ള പരാജയം തുടങ്ങിയവയാണ് ഇന്ന് എന്‍എച്ച്എസ് നേരിടുന്ന നഴ്‌സിംഗ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് ജനറല്‍ സെക്രട്ടറിയുമായ ജനറ്റ് ഡേവിസ് വ്യക്തമാക്കുന്നു. അതേ സമയം എന്‍എച്ച്എസ് മാനേജര്‍മാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് അധികൃതര്‍ പ്രതികരിച്ചു. റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായി അത്രയും മാനേജര്‍മാരെ ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.

സുന്ദരികളും സുന്ദരന്‍മാരുമായ വേലക്കാര്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാനെത്തും. മണിക്കൂറിന് 40 മുതല്‍ 50 യൂറോ വരെ നല്‍കി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുകയാണ്. യു.കെയിലെ നാച്വറല്‍ കമ്പനിയാണ് ആവശ്യക്കാര്‍ക്ക് ഇത്തരം ജോലിക്കാരെ എത്തിച്ചുകൊടുക്കുന്നത്. വേലക്കാരന്‍ വേണോ അതോ വേലക്കാരി മതിയോ അവരുടെ പ്രായം എത്രയായിരിക്കണം, ആകാരവടിവ് എങ്ങനെയായിരിക്കണം, നിറം ഏതായിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് വയ്ക്കാം. കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഇതിനെല്ലാമുള്ള സൗകര്യമുണ്ട്. ദിവസവും ആയിരക്കണക്കിന് പേരാണ് ജോലിക്കാരെ തേടി രജിസ്റ്റര്‍ ചെയ്യുന്നതും ഫോണ്‍ വിളിക്കുന്നതും.

ജോലിക്കാരെ സപ്‌ളൈ ചെയ്യുന്ന കമ്പനിയിലേക്ക് ഒരിക്കല്‍ വിളിച്ചയാള്‍ തനിക്കൊരു ന്യൂഡ് ക്ലീനറെ കിട്ടുമോയെന്ന് ആവശ്യപ്പെട്ടു. ഈസമയം പെണ്‍കുട്ടികളായ ജോലിക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ സന്നദ്ധയാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇതിലെ കച്ചവട വഴി തെളിഞ്ഞതെന്ന് കമ്പനി ഉടമ ലാറ സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടിലുടനീളം 300 ജോലിക്കാര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേലക്കാരികളേക്കാള്‍ വേലക്കാരന്‍മാരെയാണ് ആവശ്യപ്പെടുന്നത്. വനിതകളെ ആവശ്യപ്പെട്ടു വിളിക്കുന്നത് മധ്യവയസ്‌ക്കരാണ്.

വളരെ പ്രൊഫഷണലായവരെ മാത്രമേ ജോലിക്ക് വയ്ക്കൂ. സ്ത്രീയുടെയും പുരുഷന്റെയും നഗ്ന ശരീരം കാണുമ്പോള്‍ മറ്റൊരു വ്യക്തിക്കുണ്ടാകുന്ന വികാരങ്ങള്‍ ജോലിക്കാര്‍ക്ക് മനസിലാകും. ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് ജോലിക്ക് അയയ്ക്കുന്നത്. വേലക്കാരാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ വേലക്കാരെ നല്‍കൂ. മാത്രമല്ല വേലക്കാരോട് സ്വകാര്യത പുലര്‍ത്തുകയും വേണം – സ്മിത്ത് പറയുന്നു.

പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു. ഉപഭോക്താവിനെ സംബന്ധിച്ച് മഹത്തായ കാഴ്ചയും ഊര്‍ജവുമാണ് തങ്ങള്‍ നല്‍കുന്നതെന്നും ഇത് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും സില്‍വ പറഞ്ഞു.

ഓരോ സ്ഥലത്തേക്കും അയയ്ക്കുന്ന ജോലിക്കാരുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. ജലിക്കാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ചിത്രമെടുക്കാനോ അനുവാാദമില്ല. ഇവ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ജോലിക്കാരെ നല്‍കൂ. അല്ലാത്ത പക്ഷം പൊലീസില്‍ നിന്ന് കര്‍ശനനടപടികള്‍ സ്വീകരിക്കും.

ബ്രിട്ടനില്‍ അതിസാധാരണമായി ചൂട് വര്‍ദ്ധിക്കുന്നു. 29 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില. 70 വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കി. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും രണ്ട് മടങ്ങ് അധിക ചൂട് ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. 23ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിച്ചതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനിയോജ്യമായ സമയമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അന്തരീക്ഷത്തിലെ പോളണ്‍ കൗണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ഇതിന് മുന്‍പ് 1949 ഏപ്രിലിലാണ് യുകെയില്‍ 29 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സമീപ കാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിനായിരുന്നു യുകെ സാക്ഷ്യം വഹിച്ചത്. അതിശൈത്യത്തില്‍ പൂര്‍ണമായും മോചിതമായ ബ്രിട്ടനില്‍ ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാളും കൂടുതല്‍ തെളിച്ചമുള്ള കാലാവസ്ഥ ഉണ്ടാകുമെന്നാണ് കരുതുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 29.1 ഡിഗ്രി സെല്‍ഷ്യസാണ്. സൗത്ത്-ഈസ്റ്റ് ഭാഗങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ലഭിക്കാന്‍ സാധ്യതയുള്ളതെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

രോഗ പ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ പുറത്തിറങ്ങുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കൂട്ടര്‍ക്ക് അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. ചൂട് ഇഷ്ടപ്പെടുന്നവര്‍ ബാര്‍ബക്യൂ ക്യാമ്പുകളും ബീച്ചുകളും പാര്‍ക്കുകളുമെല്ലാം കൈയടക്കി കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസ വായ്പാ പലിശ വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനവുമായി സാമ്പത്തിക വിദഗദ്ധര്‍. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ മിനിസ്റ്റര്‍മാര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ദ്ധിച്ച പലിശ നിരക്ക് ബാധകമാവുക. 2012നു ശേഷം പഠനം ആരംഭിച്ചവര്‍ സെപ്റ്റംബര്‍ മുതല്‍ 6.3 ശതമാനം പലിശ നല്‍കേണ്ടി വരും. നേരെത്തെ ഇത് 6.1 ശതമാനം മാത്രമായിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വര്‍ദ്ധനവ് വിദ്യാര്‍തത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സാമ്പത്തിക മുന്നറിയിപ്പ് നല്‍കുന്നു.

ബിരുദങ്ങള്‍ നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പാകത്തിലുള്ള ജോലി ലഭ്യമാകുന്നില്ലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പലിശ നിരക്ക് കൂടി വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധി അതിരൂക്ഷമാകും. റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ്(ആര്‍പിഐ) 3.1 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ എടുത്ത ഈ തീരുമാനമാണ് വായ്പാ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. വിദ്യഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് ആര്‍പിഐ ലിങ്ക് ചെയ്യുകയും ചെയ്തതോടെയാണ് നിരക്കില്‍ മാറ്റം വന്നിരിക്കുന്നത്.

നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിനര്‍ശിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കാള്‍ ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ രംഗത്ത് വന്നു. തന്റെ ട്വിറ്റ് അക്കൗണ്ടിലൂടെയാണ് പോള്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. പലിശ നിരക്കോ അനുബന്ധ സാമ്പത്തിക മേഖലയുമായോ റീട്ടൈല്‍ പ്രൈസ് ഇന്‍ഡക്‌സ് ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവരുതായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമെ എടുക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തിരിച്ചടക്കാനുള്ള പണം ലാഭിക്കാന്‍ അവരെ സഹായിക്കുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് എടുക്കുന്ന ലോണുകള്‍ക്ക് സമാനമല്ല വിദ്യാഭ്യാസ വായ്പ അവയ്ക്ക് ഇളവുകള്‍ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

സിജു സ്റ്റീഫന്‍

യുകെയിലെ പ്രാദേശിക പ്രവാസി സംഗമങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ടും കുടുംബങ്ങളുടെ പങ്കാളിത്തം കൊണ്ടും കരുത്തുറ്റ സംഗമമായ മോനിപ്പള്ളി പ്രവാസി സംഗമത്തിന് പന്ത്രണ്ടു വയസ്. 2007ല്‍ ബിര്‍മിങ്ഹാമില്‍ തുടക്കം കുറിച്ച കുടുംബങ്ങളുടെ ഒത്തുചേരല്‍ ദശാബ്ദിയും പിന്നിട്ട് കൂടുതല്‍ കരുത്തോടെ മുന്നേറുന്നു. പിറന്ന നാടിന്റെ നന്മയും മഹത്വവും സംസ്‌കാരവും പുതുതലമുറയിലേക്കെത്തിക്കുക, സുഹൃത്തുക്കളെയും സഹപാഠികളേയും വര്‍ഷത്തിലൊരിക്കല്‍ കണ്ടു സൗഹൃദം പുതുക്കുക എന്നതിനുമപ്പുറം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്യുവാന്‍ ഈ സംഗമത്തിന് കഴിയുന്നു എന്നത് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനോടകം നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്വന്തം നാട്ടില്‍ വിഷമതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഈ കമ്യൂണിറ്റി അതീവ ശ്രദ്ധപുലര്‍ത്തുന്നു.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം നടത്തിയ ക്രിസ്മസ് ന്യൂഇയര്‍ ചാരിറ്റി വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. മോനിപ്പള്ളി എക്‌സ്പാട്രിയേറ്റ് കമ്മ്യൂണിറ്റി എന്ന പേരില്‍ യുകെയില്‍ ആരംഭിച്ച ഈ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ മോനിപ്പള്ളിക്കാരുടെ അഭിപ്രായ പ്രകടനത്തിന്റെയും നാട്ടുവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെയും പൊതുവേദിയായി മാറിക്കഴിഞ്ഞു.

സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്ത് വിന്‍സ്‌ഫോര്‍ഡിലാണ് ഇത്തവണത്തെ സംഗമത്തിന് വേദിയൊരുങ്ങിയിരിക്കുന്നത്. 2018 ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 വരെ വിന്‍സ്ഫോര്‍ഡ് യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് സംഗമം അരങ്ങേറുന്നത്. മുന്‍സംഗമങ്ങളുടെ സംഘാടനത്തില്‍ മികവ് പുലര്‍ത്തി വ്യക്തിമുദ്ര പതിപ്പിച്ച തോട്ടപ്ലാക്കില്‍ ജിന്‍സും കുടുംബവുമാണ് ഇത്തവണത്തെ ആതിഥേയര്‍. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇത്തവണ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ എത്തിച്ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളില്‍ വിവിധങ്ങളായ പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, കായികവിനോദങ്ങള്‍, വിവിധയിനം ഇന്‍ഡോര്‍ മത്സരങ്ങള്‍, വടംവലി, ബെസ്‌ററ് കപ്പിള്‍ കോംപെറ്റിഷന്‍ എന്നിവ സംഗമത്തിന് ഊര്‍ജ്ജം പകരും.

ഇത്തവണ ജിസിഎസിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ വിതരണം ചെയ്യും. കൂടാതെ മോനിപ്പള്ളി പ്രവാസി കമ്മ്യൂണിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ക്വിസ്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. നാടുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന പ്രവാസികളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജനതയാണ് നാട്ടിലുമുള്ളത്. സംഗമങ്ങളോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളില്‍ എല്ലാവര്‍ഷവും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയുന്നത് മോനിപ്പള്ളിയിലെ സ്ഥാപനങ്ങളാണ്.

യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്ന് സംഗമത്തിനെത്തിച്ചേരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് സംഘാടക ചുമതലയുള്ള കമ്മറ്റിക്കാരും ആതിഥ്യം വഹിക്കുന്ന കുടുംബവും. പ്രസിഡന്റ് സിജു കുറുപ്പന്തറയില്‍, സെക്രട്ടറി വിനോദ് ഇലവുങ്കല്‍, ട്രഷറര്‍ സന്തോഷ്, കുറുപ്പന്തറയില്‍, സംഗമം കണ്‍വീനര്‍ ജിന്‍സ് തോട്ടപ്ലാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. യുകെയിലെ പ്രവാസികളായ എല്ലാ മോനിപ്പള്ളിക്കാരെയും ഇത്തവണത്തെ സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ഡെര്‍ബി: ഈസ്റ്റ് മിഡ്‌ലാന്‍സിലെ പ്രധാന വി. കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നുമുതല്‍ മെത്രാനടുത്ത ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നു. വരുന്ന അഞ്ചുദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചിരിപ്പും സന്ദര്‍ശനവും നടത്തുന്ന മാര്‍ സ്രാമ്പിക്കല്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശനം നല്‍കും. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.

അതേസമയം തങ്ങളുടെ ഇടയിലേക്ക് ആദ്യമായി കടന്നുവരുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കാന്‍ ഡെര്‍ബി വിശ്വാസ സമൂഹം പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങിക്കഴിഞ്ഞു. അഭിവന്ദ്യ പിതാവിനെ നേരില്‍ കാണാനും സംസാരിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍ കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതധ്യാപകര്‍, വനിതാഫോറം അംഗങ്ങള്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

മെയ് 12ന് ബെര്‍മിങ്ങ്ഹാം, വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ എംപി ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രീ ജോയ്‌സ് ജോര്‍ജ് എംപി കുടുംബത്തോടപ്പം പങ്കെടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുകയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നോട്ട് പോകട്ടെയെന്നും ആശംസിച്ചു.

മെയ് മാസം 12ന് നടത്തുന്ന കൂട്ടായ്മയില്‍ ക്യാന്‍സര്‍ റിസര്‍ച്ച് യുകെയുമായി സഹകരിച്ച് അന്നേ ദിവസം കൊണ്ട് വരുന്ന തുണികള്‍ കൈമാറാവുന്നതും വ്യത്യസ്ഥമായ കലാപരിപാടികളാലും വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. മെയ് 12ന് നടത്തുന്ന ഈ കൂട്ടായ്മയില്‍ കുടുംബത്തോടപ്പം പങ്കെടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം.

community centre –
Woodcross Lane
Bliston,
Wolverhampton.
BIRMINGHA-M
WV14 9BW.

സ്വന്തം ലേഖകന്‍

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല. ലാല്‍ജോസിനും സുരേഷ് ജോസഫിനും ബൈജു എന്‍ നായര്‍ക്കും ശേഷം ദീര്‍ഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവര്‍ നാട്ടില്‍ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കില്‍ ഇദ്ദേഹം ലണ്ടനില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂണ്‍ അവസാനവാരത്തോടെ കേരളത്തിലേക്ക് കാര്‍ യാത്ര നടത്തുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാര്‍ഥമാണ് 45 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ സാഹസിക യാത്ര.

യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കള്‍ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളികളാകും. സാഹസിക യാത്രകളില്‍ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതല്‍ ഒരു ദശാബ്ദത്തിലധികം കാലം വിദേശികള്‍ക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എന്‍ഡ്യൂറോ ഇന്ത്യ എന്ന റോയല്‍ എന്‍ഫീല്‍ഡ്, അംബാസിഡര്‍ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു രാജേഷ്‌. അക്കാലത്ത് നൂറ്റമ്പതോളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.

അദ്ദേഹം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച് ഫ്രാന്‍സ് ബെല്‍ജിയം ജര്‍മ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെര്‍ബിയ ബള്‍ഗേറിയ വഴി തുര്‍ക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാന്‍. ഈ റൂട്ടില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഇറാനില്‍ നിന്നും തുര്‍ക്‌മെനിസ്ഥാന്‍ താജിക്കിസ്ഥാന്‍ ചൈന നേപ്പാള്‍ വഴി ഇന്ത്യയിലെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിന്‍തുടരാം..

RECENT POSTS
Copyright © . All rights reserved