UK

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ച് മയക്കുമരുന്ന് വില്‍പന സജീവം. രഹസ്യ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഫേസ്ബുക്ക് വഴി അവ പ്രചരിപ്പിക്കുകയും അംഗങ്ങളെ ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെ മയക്കുമരുന്നുകള്‍ക്കായോ ആയുധങ്ങള്‍ക്കും കള്ളനോട്ടുകള്‍ എന്നിവയ്ക്കായോ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കും. ലക്ഷക്കണക്കിനാളുകള്‍ സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ അതേ മാതൃകയിലാണ് ഈ ഗ്രൂപ്പും തയ്യാറാക്കിയിരിക്കുന്നത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ ഫീച്ചര്‍ ഉള്ളതിനാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ പുറത്തേക്ക് പോകില്ല. അതുകൊണ്ടുതന്നെ ക്രിമിനല്‍ സംഘങ്ങള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്‌സാപ്പിനെയാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഫേസ്ബുക്കിലൂടെ ലിങ്ക് കൈമാറിയാണ് ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദാശയങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഇപ്പോള്‍ത്തന്നെ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റ് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തിയിരുന്നു.

ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് ഗ്രൂപ്പില്‍ ചേരുന്നതിന് കര്‍ശന നിബന്ധനകളാണ് നിലവിലുള്ളത്. അംഗങ്ങള്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ആക്ടിവേഷന്‍ കോഡ് പുതുതായി അംഗത്വം ആഗ്രഹിക്കുന്നവര്‍ നല്‍കണം. യുകെയില്‍ ഉടനീളമുള്ള മയക്കുമരുന്ന് വില്‍പനക്കാരും ഉപഭോക്താക്കളുമുള്ള ശൃംഖലയിലേക്കാണ് ഇതോടെ നിങ്ങള്‍ അംഗമാക്കപ്പെടുന്നത്. നിയമവിരുദ്ധവും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കേണ്ടതുമായ മരുന്നുകളുടെ വിതരണം ഈ ഗ്രൂപ്പിലൂടെ നടക്കുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിറ്റ്‌കോയിനിലൂടെ പണമടക്കാമെന്ന സൗകര്യവും ഗ്രൂപ്പ് നല്‍കുന്നുണ്ട്.

ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് താരങ്ങള്‍ക്കെതിരെ റഷ്യ വിഷായുധ പ്രയോഗം നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍. മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനും റഷ്യയുമായി ഉരസലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫ. ആന്തണി ഗ്ലീസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഡയറക്ടറാണ് ഇദ്ദേഹം. ക്രെംലിന്‍ അനുവാദത്തോടെ നടത്താന്‍ സാധ്യതയുള്ള ആക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍ ലക്ഷ്യമായേക്കാമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇംഗ്ലീഷ് ടീമിനെ അപമാനിക്കുന്നതിനായി ഭക്ഷണം കേടുവരുത്തുന്നതുള്‍പ്പെടെ തരംതാണ നടപടികളിലേക്ക് റഷ്യ പോകുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്, എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള സാധ്യതയുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണെങ്കില്‍ അപ്രകാരം പോലും ചെയ്യാന്‍ റഷ്യ മടിക്കില്ല. ലോകകപ്പിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആയുധമാക്കി മാറ്റാന്‍ റഷ്യ ശ്രമിക്കുമെന്നത് സാധ്യത മാത്രമായി തള്ളിക്കളയരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര രംഗത്ത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഏതു വിധത്തിലാണെന്നത് ഏവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ താരങ്ങളെ ആക്രമിച്ചെന്ന ആരോപണം 1990ലെ ഇറ്റാലിയ ലോകകപ്പില്‍ ഉയര്‍ന്നതാണ്. അര്‍ജന്റീനയുടെ സ്റ്റാഫ് തനിക്ക് നല്‍കിയ കുടിവെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നുവെന്നും കളിക്കിടെ തനിക്ക് ഇതുമൂലം കടുത്ത മന്ദതയുണ്ടായെന്ന് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രാങ്കോ ആരോപിച്ചിരുന്നു. ഇക്കാര്യം അര്‍ജന്റീന നിഷേധിച്ചിരുന്നെങ്കിലും കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോ അപ്രകാരം സംഭവിച്ചിരിക്കാമെന്ന സൂചന വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയിരുന്നു.

പ്രാധാന്യമേറെയുള്ള ക്രിമിനല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടനെ വിശ്വസിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഫൈറ്റിംഗ് ഡേറ്റാബേസിനോടുള്ള ബ്രിട്ടന്റെ അയഞ്ഞ സമീപനം യൂറോപ്യന്‍ ചട്ടങ്ങളോടുള്ള അവഹേളനമാണെന്ന് റിപ്പോര്‍ട്ടില്‍ മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു.

ഡേറ്റാബേസ് വിഷയത്തില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി 15 മില്യന്‍ പൗണ്ട് നല്‍കാമെന്നും ബ്രിട്ടന്‍ യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ചുമതലക്കാര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ‘അയഞ്ഞ സമീപനം’ തെളിയിക്കാനായി ആര്‍ട്ടിക്കിള്‍ 50 വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും മറ്റ് അംഗരാജ്യങ്ങളുടെ അപേക്ഷകളില്‍ പ്രതികരിക്കുന്നതിലും ബ്രിട്ടന്‍ കടുത്ത വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം.

ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 3യുടെ ഭാഗമായി നല്‍കിയ വിവരങ്ങളും പാകപ്പിഴകളുണ്ടായിട്ടുണ്ട്. നിലവാരമില്ലാത്ത ഐടി സിസ്റ്റമാണ് വളരെ പ്രാധാന്യമുള്ള ഈ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ഉപയോഗിച്ചത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. യുകെയ്ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ബ്രസല്‍സ് മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നു.

യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര. ഏപ്രില്‍ പതിനാല് ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ നടന്ന ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്ക് ഉള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പ് ഉത്ഘാടനം നിര്‍വഹിച്ച പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷുക്കണി ദര്‍ശനത്തോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനോഹരമായ ഈസ്റ്റര്‍ സ്‌കിറ്റ് അവതരിപ്പിച്ചു.

 

അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് നിസ്തുല പങ്ക് വഹിച്ചിട്ടുള്ള മനോജ് കുമാര്‍ പിള്ളയെ ആണ് വീണ്ടും പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ജോമോന്‍ തോമസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡിജോ ജോണ്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി ക്ഷേമ സോണിയും ജോയിന്റ് സെക്രട്ടറി ആയി സാബു കുരുവിളയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഷാജി തോമസ്, സ്മിത പോള്‍, ബെന്നി തോമസ്, ഷാജി ജോണ്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. ജിജോ പൊന്നാട്ട് എക്‌സ് ഒഫീഷ്യോ അംഗമായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.

9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം.

ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.

പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.

ചില തമാശകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ കാര്യത്തില്‍ ഇത് സത്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെറും ആറ് വയസ് മാത്രം പ്രായമുള്ള മകളെ കാറോടിക്കാന്‍ അനുവദിച്ച ബെക്കാം വിവാദത്തിലായിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. താരം തന്നെ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മകള്‍ ഹാര്‍പ്പര്‍ കാറോടിച്ച സംഭവം പുറത്തായത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. പലരും ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം സാഹസങ്ങള്‍ വലിയ അപകടമുണ്ടാക്കുമെന്ന് ബെക്കാമിന് മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിംഗ് സംഭവം വാര്‍ത്തയായതിനോട് ബെക്കാം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ബെക്കാമിന്റെ മടയില്‍ ഇരുന്ന് കാര്‍ നിയന്ത്രിക്കുകയാണ് ഹാര്‍പ്പര്‍ ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. നീ എന്താണ് ചെയ്യുന്നതെന്ന് ബെക്കാമിന്റെ ചോദ്യത്തിന് വാഹനമോടിച്ചു കൊണ്ടിരിക്കുകയാണെന്ന് അവള്‍ മറുപടിയും നല്‍കുന്നു.

മകളെ ഡ്രൈവിംഗ് ചെയ്യാന്‍ അനുവദിച്ചതിനെതിരെ ആരാധകരും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. 16 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളു. ബെക്കാമും മകളും ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് താമസം. ഇവിടെ 15 വയസും 6 മാസവും പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.

ലണ്ടന്‍: അടുത്ത കോമണ്‍വെല്‍ത്ത് തലവനായി പ്രിന്‍സ് ചാള്‍സ് സ്ഥാനമേല്‍ക്കും. യുകെയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിലാണ് എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരിക്കുന്നത്. 53 രാജ്യങ്ങളിലെ നേതാക്കളാണ് ഇക്കര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. വ്യാഴായ്ച്ച ലണ്ടനിലെ ബക്കിംഗ്ഹാം പാലസില്‍ നടന്ന സമ്മിറ്റില്‍ പ്രിന്‍സ് ചാള്‍സിനെ അടുത്ത തലവനായി കൊണ്ടുവരാനുള്ള ആഗ്രഹം എലിസബത്ത് രാജ്ഞി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

1952നു ശേഷം കോമണ്‍വെല്‍ിന്റെ തലപ്പത്ത് എലിസബത്ത് രാജ്ഞിയുണ്ട്. തന്റെ പിതാവ് ജോര്‍ജ് ആറാമന് ശേഷമാണ് കോമണ്‍വെല്‍ത്ത് തലപ്പത്ത് എലിസബത്ത് രാജ്ഞി എത്തുന്നത്. രാജ്ഞി പ്രിന്‍സ് ചാള്‍സിനെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവനായി നിയമിക്കാന്‍ താല്‍പ്പര്യം അറിയിച്ചതിന് ശേഷം നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുടെ ഉച്ചകോടി നടക്കുക. രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും നയതന്ത്ര സഹകരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉച്ചകോടി സഹായകമാവും.

ലോകത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന 53 രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമണ്‍വെല്‍ത്ത്. മുന്‍ ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. രാജ്ഞി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പ്രിന്‍സ് ചാള്‍സിനെ പിന്‍ഗാമിയാക്കുന്നത് സംബന്ധിച്ച് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം കോമണ്‍വെല്‍ത്ത് കമ്മറ്റിക്ക് വിടുകയായിരുന്നു. തലവനെ തെരെഞ്ഞെടുക്കാനുള്ള അധികാരം കമ്മറ്റിയിലെ അംഗങ്ങള്‍ക്കാണ്. എലിസബത്ത് രാജ്ഞിയുടെ അഭിപ്രായം അതേപടി അനുസരിക്കുകയാണ് കമ്മറ്റി ചെയ്തത്. തീരുമാനത്തെ എതിര്‍ത്ത് ആരും രംഗത്ത് വന്നില്ല,

മലയാളികളായ സംഗീതപ്രേമികളുടെ നിത്യ രോമാഞ്ചമായ ബാബുരാജ് പാടിയ ഗസല്‍ ഗാനങ്ങള്‍ ഈണം തീര്‍ക്കുന്ന സായംസന്ധ്യയില്‍ യുകെ മലയാളികളിലെ കലാപ്രേമികള്‍ ഇന്ന് കെറ്ററിംഗില്‍ ഒത്തു ചേരുന്നു. ഓരോ കലാപരിപാടികളും മലയാളിക്ക് ഉത്സവമാണ്. പ്രത്യേകിച്ച് പ്രവാസനാട്ടിലെ കലാപരിപാടികള്‍. അത്തരത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് യുകെയിലെ നൃത്തങ്ങളുടെയും, പാട്ടിന്റെയും തറവാടായ TUNE OF ARTS ന്റെ മയൂരാഫെസ്റ്റ്. കാലങ്ങള്‍ പല കലകളും മായിച്ചുകളയുമെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്ത നന്മയുള്ള കലാകര്‍മ്മങ്ങള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും. മരിക്കാത്ത ഓര്‍മ്മകളായി. അങ്ങനെ യുകെ മലയാളികളുടെ മനസ്സില്‍ ഞങ്ങള്‍ നല്കിയ കടപ്പാടിന്റെ കണക്കുപുസ്തകത്തിന്റെ നേര്‍ചിത്രമാണ് മയൂരഫെസ്റ്റ്. യുകെ മലയാളികളുടെ പ്രിയപ്പെട്ടവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കുന്ന മയൂരാഫെസ്റ്റ് 2018 ഏപ്രില്‍ 21ന് നോര്‍ത്താംപ്ട്ടണ്‍ഷെയറിലെ കെറ്ററിങ്ങില്‍ നടത്തപ്പെടും.

മയൂരാഫെസ്റ്റ് 2018 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ കലയില്‍ കഴിവുറ്റവരും അതിലുപരി മലയാളിയുടെ കലാസംസ്‌കാരത്തെയും ജീവിതരീതികളെയും നമ്മളില്‍നിന്ന് നഷ്ടപ്പെടാതെ വരുംതലമുറയുടെ വഴികാട്ടികളായി നില്‍ക്കുന്നവര്‍ തന്നെയാണ്. നമ്മളില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം കലകളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നു. നമ്മളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പിറന്ന നാടിന്റെ ഓര്‍മ്മകളിലേക്ക് താളുകള്‍ മറിക്കുമ്പോള്‍ ഈ സയഹ്ന്‌ന വേദി നിങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.

TUNE OF ARTS ഒരുക്കുന്ന മയൂരാഫെസ്റ്റ് 2018ല്‍ ‘കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന ഗാനോപഹാര നിമിഷങ്ങളിലൂടെ നമ്മളുടെ സ്വന്തം ബാബുക്കായെ അനുസ്മരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഖല്‍ബിലെ സംഗീത രത്‌നങ്ങളായ ‘പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍, ഒരു പുഷ്പം മാത്രം, താമസമെന്തേ വരുവാന്‍, തുടങ്ങിയ അനവധി പാട്ടുകള്‍ വ്യത്യസ്തമായ ലൈവ് ഗസലിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ എത്തിക്കുന്നു.

യുകെയിലെ അറിയപ്പെടുന്ന തബല മാന്ത്രികനും നാടകസംവിധായകനും അഭിനയ സാമ്രാട്ടുമായ മനോജ് ശിവയോടൊപ്പം പ്രശസ്ത കീബോഡിസ്റ്റായ ടൈറ്റസും സംഘവും ചേര്‍ന്നൊരുക്കുന്ന ഈ ഗസല്‍ ഗാനസന്ധ്യ ഗാനപ്രേമികള്‍ക്ക് സംഗീത ലഹരി പകരും. ഗസല്‍ പാട്ടിനൊപ്പം യുകെയില്‍ അറിയപ്പെടുന്ന നര്‍ത്തകി മിന്നാ ജോസിന്റെ ( സാലിസ്ബറി) പ്രകടനം നിങ്ങള്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും. യുകെയുടെ നാനാഭാഗങ്ങളില്‍നിന്നും വളരെയധികം കലാകാരന്മാരും കലാകാരികളും ഈ മയൂരഫെസ്റ്റ് വിരുന്നില്‍ പങ്കെടുക്കുന്നു. ബര്‍മിങ്ഹാമില്‍ നിന്നെത്തുന്ന അലീന സെബാസ്റ്റ്യന്‍ & ടീം, കെറ്ററിങ്ങില്‍നിന്നും സ്റ്റെഫാനോയും സംഘവും തുടങ്ങി അനേകം കലാകാരന്മാരും കലാകാരികളും സ്റ്റേജില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കും. ഈസ്റ്റ്മിഡ്‌ലാന്‍സിന്റെ പ്രശസ്ത നൃത്ത അധ്യാപന സ്‌കൂള്‍ ആയ ‘നടനം നൃത്ത വിദ്യാലയം’ മയൂരഫെസ്റ്റിലെ നൃത്ത പരിപാടികളുടെ വലിയൊരു പങ്കുവഹിക്കുന്നു. നടനം നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുകാരിയും പ്രധാനാദ്ധ്യാപികയുമായ ജിഷാ സത്യനെ ഈ വേദിയില്‍ ആദരിക്കുന്നതായിരിക്കും.

കണ്ണിനും കാതിനും മനസ്സിനും കുളിര്‍മ്മയേകുന്ന ഈ പരിപാടിയുടെ തുടക്കം കെറ്ററിങ്ങിന്റെ നര്‍ത്തകിയായ ലക്ഷ്മിയുടെ ഗണപതി സ്തുതിയോടെയാണ്. യുകെയിലെ തിരക്കിട്ട ജീവീതത്തിനിടയിലും കലയെയും കലാകാരന്‍മാരെയും സ്‌നേഹിക്കുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളോടും കലാകാരന്മാരോടും TUNE OF ARTS ന്റെ നന്ദിയും കടപ്പാടും അറിച്ചുകൊള്ളുന്നു.

ഇന്ന് കൃത്യം മൂന്നുമണിക്ക് പരിപാടികള്‍ കലാപരിപാടികള്‍ ആരംഭിക്കും. ഈ അനുഗ്രഹമുഹൂര്‍ത്തത്തിനും കലാകാരന്മാരുടെ സ്വപ്നസാക്ഷാല്‍ക്കാരത്തിനു പങ്കാളികളാകുവാന്‍ നല്ലവരായ നിങ്ങള്‍ ഏവരെയും ഞങ്ങള്‍ ആദരപൂര്‍വ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…

കൂടുതല്‍ വിവരങ്ങള്‍ക്ക്

Ajith Paliath (Sheffield) 07411708055, Sebastain Birmingham – 07828739276, Sujith kettering 07447613216, Titus (Kettering) 07877578165, Biju Nalapattu 07900782351, Prem Northampton- 07711784656, Sudheesh Kettering 07990646498, Anand Northampton 07503457419, Toni Kettering 07428136547,

സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ.

ഈ അഡ്രസില്‍ എത്തിയതിനു ശേഷം ആംബുലന്‍സ് സ്റ്റേഷന്റെ തൊട്ടടുത്ത കാര്‍പാര്‍ക്കിങ്ങില്‍ പാര്‍ക്കു ചെയ്യുക. ഒരു പൗണ്ട് നിരക്കില്‍ ദിവസം മുഴുവനും കാര്‍ പാര്‍ക്കിങ്ങിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പരിപാടി കമ്മറ്റി അംഗങ്ങളില്‍ നിന്നു അറിയാവുന്നതാണ്. തികച്ചും സൗജന്യമായാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഹാളില്‍ ലഭിക്കും.

ഈമെയില്‍ : [email protected]
വെബ്‌സൈറ്റ് : http://tuneofarts.co.uk/

ഹോംകെയര്‍ ആരോഗ്യ പരിപാലനം ആവശ്യമുള്ള 13,000ത്തോളം വൃദ്ധജനങ്ങള്‍ക്കും അസുഖ ബാധിതര്‍ക്കും ലഭിച്ചു വരുന്ന സേവനങ്ങള്‍ താറുമാറായേക്കുമെന്ന് റിപ്പോര്‍ട്ട്. യുകെയിലെ പ്രമുഖ ഹോം കെയര്‍ സര്‍വീസ് സ്ഥാപനമായ അലൈയ്ഡ് ഹെല്‍ത്ത് കെയറിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. എതാണ്ട് 12,000 ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ഹോം കെയര്‍ സ്ഥാപനമാണ് അലൈയ്ഡ് ഹെല്‍ത്ത് കെയര്‍. സമീപകാലത്ത് സ്ഥാപനം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെയാണ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും. ഇത് രാജ്യത്തിന്റെ ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.

അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നിലവില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവരും വൃദ്ധജനങ്ങളുമായ 13,000ത്തോളം പേരുടെ ആരോഗ്യ സംരക്ഷണമാണ് ഏറ്റെടുത്ത് നടത്തുന്നത്. 150 ലോക്കല്‍ അതോറിറ്റികളുമായി കോണ്‍ട്രാക്ട് നിലവിലുള്ള അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ക്രഡിറ്റേഴ്‌സിന്റെ സഹകരണം ലഭിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകും. ജര്‍മ്മന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം 19 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് 2015 ഡിസംബറില്‍ അലൈയ്ഡിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ ഫണ്ടില്‍ കുറവ് വരുത്തിയതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

എന്‍എച്ച്എസ് 111 ടെലിഫോണിക് സര്‍വീസ്, ജിപിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്ററുകള്‍, എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എന്നിവര്‍ക്ക് വേണ്ട അടിയന്തര സഹായങ്ങള്‍ അലൈയ്ഡ് ഹെല്‍ത്ത് കെയര്‍ നല്‍കാറുണ്ട്. കൂടാതെ തടവറകളിലും ഇമിഗ്രേഷന്‍ സെന്ററുകളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇവര്‍ സേവനം ലഭ്യമാക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഒരു സ്ഥാപനം അടച്ചു പൂട്ടിയാല്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. കെയര്‍ ക്വാളിറ്റി കമ്മീഷനും സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് അലൈയ്ഡിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സ്ഥാപനത്തെ മോചിതമാക്കി കുടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ തുടരുന്നതിനായി സ്ഥാപനത്തെ പ്രാപ്തമാക്കാന്‍ ശ്രമിക്കുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved