ഫാ. ബിജു കുന്നയ്ക്കാട്ട് PRO
സ്‌കന്ദോര്‍പ്പ്: സ്‌കന്ദോര്‍പ്പ് വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിവന്ന ഇടയസന്ദര്‍ശനം പൂര്‍ത്തിയായി. കഴിഞ്ഞ ഞായറാഴ്ച്ച സ്‌കന്ദോര്‍പ്പ് സെന്റ് ബര്‍ണ്ണഭീത്ത് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് വചന സന്ദേശം നല്‍കി. രൂപതാധ്യക്ഷനോടപ്പം ഇടയസമൂഹം പന്തക്കുസ്താ തിരുനാളും പരി. ക്‌ന്യാമറിയത്തിന്റെയും ഭാരത വിശുദ്ധരുടെയും നാമത്തില്‍ ഇടവകനിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.
ത്രത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാം സഭയില്‍ കാണുന്നതെന്നും പരിശുദ്ധാത്മാവില്ലാതെ സഭയില്ലെന്നും ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. വി. കുര്‍ബായെ തുടര്‍ന്ന് നടന്ന ലദീത്തു പ്രാര്‍ത്ഥനയ്ക്കും തിരുനാള്‍ പ്രദക്ഷിണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് നിരുനാള്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനോടപ്പം സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക സമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മുതര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌നേഹവിരുന്നും തയ്യാറാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കന്ദോര്‍പ്പ്, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ, സ്‌കോട്ടര്‍, ബ്രിഗ് എന്നിവിടങ്ങളിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, വിമന്‍സ് ഫോറം, വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.
വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.
റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്.
നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.
മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.
ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഗസലിന്റെ മനോഹാരിതയും ശുദ്ധ സംഗീതത്തിന്‍റെ മധുരിമയും നൃത്ത ചുവടുകളുടെ നൂപുരധ്വനിയും ഇഴുകി ചേര്‍ന്ന ഒരു സായംസന്ധ്യ യുകെ മലയാളികള്‍ക്ക് നല്‍കി കൊണ്ട് ട്യൂണ്‍ ഓഫ് ആര്‍ട്സ് ഒരുക്കിയ മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കലാപ്രേമികളുടെ ഹൃദയം കവര്‍ന്ന പ്രോഗ്രാമുകളുമായാണ് മയൂര ഫെസ്റ്റ് അണിയിച്ചൊരുക്കിയത് എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കലാസ്വാദകരുടെ രസച്ചരട് പൊട്ടാത്ത വിധത്തില്‍ വിവിധ പ്രോഗ്രാമുകള്‍ കോര്‍ത്തിണക്കിയ കലാവിരുന്ന് സംഘാടകരുടെ അശ്രാന്ത പരിശ്രമത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി മാറി.
പ്രശസ്ത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിനെ അനുസ്മരിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആയിരുന്നു മയൂര ഫെസ്റ്റിന് തുടക്കം കുറിച്ചത്. യുകെയിലെ പ്രമുഖ എഴുത്തുകാരിയായ മീര കമല സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, ബീ ഇന്‍റര്‍നാഷണല്‍ സിഇഒ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍റെ പ്രസിഡണ്ട് സുജിത്തിന്‍റെ പിതാവും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ സ്കറിയ സാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അജിത് പാലിയത്ത് സ്വാഗതം ആശംസിച്ചു.
യുകെയിലെ പ്രശസ്ത നൃത്ത അദ്ധ്യാപികയായ ജിഷ സത്യനെ ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായ മീര കമല ജിഷ സത്യനെ പൊന്നാടയണിയിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞനായ എം. എസ്. ബാബുരാജിനെ അനുസ്മരിച്ച് “കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന പേരില്‍ നടത്തിയ ലൈവ് ഗസല്‍ സന്ധ്യ ആയിരുന്നു മയൂര ഫെസ്റ്റിലെ മറ്റൊരു പ്രധാന പരിപാടി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകരും ഓര്‍ക്കസ്ട്ര ടീമംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച ലൈവ് ഗസല്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലും ഐറിസ് ടൈറ്റസും ചേര്‍ന്ന് നടത്തിയ ആങ്കറിംഗ് പ്രോഗ്രാമിന് ഏറെ ചാരുത പകര്‍ന്നു.
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ….. എന്ന നൃത്തം മനോഹരമായി അവതരിപ്പിച്ച ജിഷ ഏവരുടെയും കയ്യടി നേടി. സാലിസ്ബറിയില്‍ നിന്നെത്തിയ ജോസ് അവതരിപ്പിച്ച കവിതയും മിന്ന ജോസ്, മുന്ന ജോസ് എന്നിവര്‍ അവതരിപ്പിച്ച നൃത്തവും കെറ്ററിംഗിലെ ലക്ഷ്മി അവതരിപ്പിച്ച അവതരണ നൃത്തവും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
മനോഹരങ്ങളായ പ്രോഗ്രാമുകള്‍ക്ക് ശേഷം സ്പൈസി നെസ്റ്റ് ഒരുക്കിയ രുചികരമായ ഭക്ഷണവും കഴിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്. ട്യൂണ്‍ ഓഫ് ആര്‍ട്സ് ഭാരവാഹികളായ മെന്‍റക്സ് ജോസഫ്, അജിത് പാലിയത്ത്, സുജിത് സ്കറിയ, ബിജു നാലപ്പാട്ട്, പ്രേം നോര്‍ത്താംപ്ടന്‍, സുധീഷ് കെറ്ററിംഗ്, ആനന്ദ് നോര്‍ത്താംപ്ടന്‍, ടോണി കെറ്ററിംഗ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജോയല്‍ ചെറുപ്ലാക്കില്‍
പിറന്ന നാടിന്റെ ഓര്‍മകളും സൗഹൃദങ്ങളും പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന അയര്‍ക്കുന്നം-മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമായി യു.കെയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ 2മത് സംഗമത്തിന് അനുഗ്രഹീത ഗായകന്‍ ശ്രീ ജി.വേണുഗോപാല്‍ നാളെ തിരി തെളിക്കും. ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ജനകീയ നേതാവ് ശ്രീ.ഉമ്മന്‍ ചാണ്ടിയും കോട്ടയത്തിന്റെ പ്രിയങ്കരനായ എം.പി ശ്രീ ജോസ്.കെ.മാണിയും തത്സമയം ടെലിഫോണിലൂടെ ആശംസകള്‍ നേരും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആദ്യ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ശ്രീ ജോസ്.കെ.മാണി എം.പി. ആയിരുന്നു.
നാളെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന 2മത് സംഗമം പ്രൗഢോജ്വലമാക്കുവാനും കുടുംബാഗങ്ങളെ എതിരേല്‍ക്കുവാനുമുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു. ഗൃഹാതുരത്വം തുളുമ്പുന്ന ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് അസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ വേറിട്ട ആലാപന ശൈലിയുടെ ഉടമയുമായ അനുഗ്രഹീത ഗായകന്‍ ജി. വേണുഗോപാലിനെ മുഖ്യാഥിതിയായി ലഭിച്ചതിനാല്‍ ഇത്തവണയും കൂടുതല്‍ കുടുംബങ്ങള്‍ ആവേശപൂര്‍വ്വമാണ് സംഗമത്തില്‍ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌ക്കാരിക സമ്മേളത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാ-കായിക-വിനോദ പരിപാടികളും ഉണ്ടായിരിക്കും. അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളിലും പരിസര സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവര്‍ക്കും വിവാഹബന്ധവുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും യുകെയില്‍ താമസിക്കുന്ന ഈ പ്രദേശങ്ങളുമായി ബന്ധമുള്ള മുഴുവന്‍ ആളുകളും രണ്ടാമത് സംഗമത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. സംഗമ ദിവസം കലാ-കായിക-വിനോദ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഇനിയും താല്‍പര്യമുള്ളവരും സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും കമ്മറ്റി അംഗങ്ങളേയോ താഴെ പറയുന്നവരേയോ ബന്ധപ്പെടാവുന്നതാണ്.
ജോസഫ് വര്‍ക്കി (പ്രസിഡന്റ്) – 07897448282
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറര്‍) – 07737933896
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്
സി.എ ജോസഫ് – 07846747602
പുഷ്പ ജോണ്‍സണ്‍ – 07969797898
സംഗമവേദിയുടെ വിലാസം
Woodcross Lane
Bilston
Wolverhampton
WV14 9BW
Date: 26-05-2018
Time: 10 AM – 6 PM
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റ് കാശാക്കിയതിനു പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി. ഐഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്ന് കയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ഗൂഗിള്‍ ആണ് ഇത്തവണ പ്രതിക്കൂട്ടില്‍. യുകെയിലെ ഐഫോണ്‍ ഉപയോക്താക്കളെ സേര്‍ച്ച് കമ്പനി രഹസ്യമായി ട്രാക്ക് ചെയ്‌തെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഗൂഗിളിനെതിരെ കൂട്ട നിയമനടപടിക്ക് വഴിയൊരുങ്ങുകയാണ്.
നിങ്ങളൊരു ഐഫോണ്‍ ഉപയോക്താവാണെങ്കില്‍ 750 പൗണ്ട് നഷ്ടപരിഹാരം നേടാനുള്ള വഴി കൂടിയാണ് ഇതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്വകാര്യമെന്ന് നമ്മള്‍ ധരിച്ചിരുന്ന പല വിവരങ്ങളിലും ഗൂഗിള്‍ കൈകടത്തിയിട്ടുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം മുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍, ലൈംഗിക താല്‍പര്യങ്ങള്‍ എന്നിവ വരെ ഐഫോണ്‍ ഉപയോക്താക്കളില്‍ നിന്നും ഗൂഗിള്‍ ചോര്‍ത്തി. ഇതുപയോഗിച്ച് പരസ്യങ്ങള്‍ക്കായി ആളുകളെ വേര്‍തിരിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്ന് ഹൈക്കോടതിയില്‍ വിശദീകരിക്കപ്പെട്ടു.
ഏകദേശം 4.4 മില്ല്യണ്‍ ഐഫോണ്‍ ഉപയോക്താക്കളെ ഗൂഗിള്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്നാണ് വിവരം. #Google You Owe Us എന്ന പ്രചരണമാണ് ഇതിന് വേണ്ടി നടക്കുന്നത്. 3.2 ബില്ല്യണ്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ട് വരുന്നത്. ഇത് പങ്കുവെച്ചാല്‍ 750 പൗണ്ട് വീതം ഐഫോണ്‍ ഉപയോക്താവിന് ലഭിക്കും. ആപ്പിള്‍ ഐഡി ഉപയോഗിച്ച് സഫാരി ബ്രൗസറിലൂടെ ബ്രൗസിംഗ് ചെയ്തവരെയാണ് ഗൂഗിള്‍ നിരീക്ഷിച്ചത്.
സാലിസ്ബറിയില്‍ വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന യൂലിയ സ്‌ക്രിപാലും, മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മാസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജീവനോടെ തിരിച്ചുവരാനുള്ള സാധ്യത തീരെ കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും ഇരുവരും പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി. ജീവിക്കാന്‍ അല്‍പ്പം കൂടി ആയുസ്സും ഭാഗ്യവും ഉണ്ടായിപ്പോയെന്നാണ് ഇതേക്കുറിച്ച് യൂലിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. റഷ്യയാണ് വധശ്രമത്തിന് പിന്നിലെന്ന ബ്രിട്ടീഷ് ആരോപണങ്ങളെക്കുറിച്ച് യൂലിയ ഒരക്ഷരം മിണ്ടിയതുമില്ല.
തനിക്കും പിതാവിനും നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് യൂലിയ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാര്‍ച്ച് നാലിനാണ് യൂലിയയെയും, സെര്‍ജിയെയും ഒരു പാര്‍ക്കിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. കെമിക്കല്‍ ഏജന്റായ നോവിചോകാണ് ഇവരുടെ ജീവനെടുക്കാനായി ഉപയോഗിക്കപ്പെട്ട രാസവസ്തു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച ബ്രിട്ടന്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയാണ് പ്രതികരിച്ചത്. രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഎസും, ഫ്രാന്‍സും, ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു.
റഷ്യന്‍ വ്യവസായികള്‍ ബ്രിട്ടനില്‍ പണമിറക്കി ലാഭം കൊയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ പല പ്രമുഖര്‍ക്കും എതിരെ നടപടി വന്നിരുന്നു. ചെല്‍സി ക്ലബ് ഉടമ റൊമാന്‍ ഇബ്രാഹിമോവികിനെ പോലുള്ള റഷ്യക്കാരുടെ വിസ പോലും ബ്രിട്ടന്‍ നിഷേധിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്ന യൂലിയ ആദ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. 33 ദിവസക്കാലം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ അത്ഭുതകരമായി തിരിച്ചുവരുന്നത്. കഴുത്തിലെ വിന്‍ഡ്‌പൈപ്പില്‍ രണ്ട് ഇഞ്ച് മുറിവുമായാണ് യൂലിയ സംസാരിക്കുന്നത്.
യൂലിയയെ ജീവനോടെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് റഷ്യന്‍ എംബസി പ്രതികരിച്ചു. മിലിറ്ററി വിഷമാണ് ഉപയോഗിച്ചതെങ്കില്‍ ഇവരിന്ന് ജീവനോടെ കാണില്ലെന്നാണ് ആരോപണങ്ങള്‍ നിഷേധിച്ച് പുടിന്‍ വ്യക്തമാക്കിയത്.
ലണ്ടൻ∙ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷണൽ സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് പോകുന്നത് തടയാൻ സർക്കാർ ശ്രമിക്കുമെന്ന ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ അസ്തമിച്ചു. സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷന്റെ സ്വകാര്യ സ്വത്താണെന്നും അത് അവർ വിൽക്കുന്നതിൽ ഇടപെടാനാകില്ലെന്നും പ്രധാനമന്ത്രി തെരേസ മേ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. ഒരു സ്വകാര്യ സ്ഥാപനം മറ്റൊരാൾക്ക് വിൽക്കുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു പ്രധാനമന്ത്രിയുടെ മറുപടി.
ഇതോടെ ശനിയാഴ്ച നടന്ന ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനൽ വെംബ്ലിയിലെ അവസാന എഫ്എ മൽസരമായി.
മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പാക്ക് വംശജനായ അമേരിക്കൻ വ്യവസായി ഷാഹിദ് ഖാൻ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുൾഹാമിന്റെ ഉടമയാണ് അമേരിക്കൻ വ്യവസായ പ്രമുഖനുമായ ഷാഹിദ് ഖാൻ. 800 മില്യൺ പൗണ്ടിന്റെ ക്വട്ടേഷനാണ് ഷാഹിദ് സ്റ്റേഡിയത്തിനു നൽകിയിരിക്കുന്നത്. അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗിലെ പ്രമുഖ ടീമായ ജാക്സൺ വില്ലെ ജാഗ്വാർസിന്റെ ഉടമകൂടിയാണ് കടുത്ത ഫുട്ബോൾ ആരാധകനായ ഷാഹിദ് ഖാൻ.
സ്റ്റേഡിയത്തിന് 600 മില്യൺ പൌണ്ടും സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ക്ലബ്ബിനും മറ്റു ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്കുമായി 200 മില്യം പൌണ്ടുമാണ് ഷാഹിദ് ഖാൻ വിലയിട്ടിരിക്കുന്നത്.
സ്റ്റേഡിയം എഫ്എയുടെ ആണെങ്കിലും പുതുക്കിപ്പണിയാനായി 161 മില്യൺ പൌണ്ട് നികുതിപ്പണം ഉപയോഗിച്ചിട്ടുണെന്നതായിരുന്നു വിൽപനയിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നവരുടെ ന്യായം. സ്റ്റേഡിയം വിറ്റുകിട്ടുന്ന പണം എഫ്.എ. ഫുട്ബോളിനായി തന്നെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ആരാധകർക്കുണ്ടെന്ന് വിഷയം പാർലമെന്റിൽ അവതരിപ്പിച്ച എംപി ചൂണ്ടിക്കാട്ടി. എന്നാൽ നികുതിപ്പണത്തിനു പകരമായി അമ്പതു വർഷത്തേക്ക് ഫുട്ബോൾ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉടമ്പടി എഫ്.എ. ഉറപ്പാക്കിയിട്ടുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിൽപനയ്ക്കെതിരേ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കായികമന്ത്രാലയത്തിന്റെ ചുമതലയുള്ള പാർലമെന്ററി കമ്മിറ്റി എഫ്എ അധികൃതരെ വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് വിൽപനയിൽ ഇടപെടാനാകില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കിയത്.
2013ൽ ഫുൾഹാം ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതു മുതലാണ് പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അമേരിക്കൻ വ്യവസായായി ഷാഹിദ് ഖാൻ (67) ഇംഗ്ലീഷ് ഫുട്ബോൾ രംഗത്ത് താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. 2007 മുതൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എൻഎഫ്എൽ ഫ്രാഞ്ചൈസി ജാക്സൺ വില്ലെ സ്ഥിരമായി വെംബ്ലിയിൽ കളിക്കാൻ എത്തിയിരുന്നു. ഫോബ്സ് മാസിക 2018ൽ പുറത്തിറക്കിയ ലോകത്തെ ധനികരുടെ ലിസ്റ്റിൽ 217 ആണ് ഷാഹിദ് ഖാന്റെ സ്ഥാനം. 6.25 ബില്യൺ പൗണ്ടാണ് ഈ വർഷത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപിത സ്വത്ത്.
92,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടണിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമാണ്. വലിപ്പത്തേക്കാളുപരി ഇംഗ്ലീഷ് ഫുട്ബോളിന്റെ മെക്കായായാണ് വെംബ്ലി അറിയപ്പെടുന്നത്. 1966ൽ ബോബി മൂറും സംഘവും ഇംഗ്ലണ്ടിനായി ലോകകപ്പ് സ്വന്തമാക്കിയത് വെംബ്ലിയിലാണ്. അന്നുമുതൽ ഇംഗ്ലണ്ടിന്റെ ഭാഗ്യ ഗ്രൗണ്ടായും ദേശീയ ഗ്രൗണ്ടായുമൊക്കെയാണ് വെംബ്ലി അറിയപ്പെടുന്നത്.
സ്പോട്സ് ഇംഗ്ലണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ-മീഡിയ ആൻഡ് സ്പോർട്സ്, ലണ്ടൻ ഡവലപ്മെന്റ് ഏജൻസി, എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഫുട്ബോൾ അസോസിയേഷൻ 2007ൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഏകദേശം 757 മില്യൺ പൌണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. നാഷണൽ ലോട്ടറിയിൽനിന്നുള്ള 120 മില്യൺ പൗണ്ടും ഇതിനായി ഉപയോഗിച്ചു. 2014 ആകുമ്പോഴേ ഈ തുകയിൽ ബാക്കിയുള്ള 113 മില്യൺ ബാധ്യത ഫുട്ബോൾ അസോസിയേഷന് കൊടുത്തുതീർക്കാനാകൂ. അതിനു മുമ്പേ സ്റ്റേഡിയം വിൽക്കുന്നത് ഫുട്ബോൾ വികസനത്തിനു പണം കണ്ടെത്താനാണെന്നാണ് അസോസിയേഷന്റെ വിശദീകരണം.
നേരത്തെ വിൽപനയ്ക്കെതിരേ പ്രതിഷേധം ശക്തമായതോടെ ജനവികാരം കണക്കിലെടുത്തു മാത്രമേ തീരുമാനം ഉണ്ടാകു എന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽനിന്നും പിന്നോക്കംപോകുന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന്റേത്. പ്രമുഖ ക്ല്ബുകളുടെ കോച്ചുമാരും ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ പല കളിക്കാരും ഉൾപ്പെടെയുള്ളവർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. എന്നാൽ ഗാരി ലിനേക്കറെപ്പോലുള്ള ചിലർ തീരുമാനത്തെ അനുകൂലിച്ചും രംഗത്തുണ്ട്. ഫുട്ബോളിന്റെ അടിസ്ഥാന വികസനത്തിനായി പണം കണ്ടെത്താനുള്ള ഈ നീക്കത്തിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്റ്റേഡിയം വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഏതു കാലാവസ്ഥയിലും കളിക്കാൻ ഉതകുന്ന 1500 ഫുട്ബോൾ പിച്ചുകൾ രാജ്യമെങ്ങും ഉണ്ടാക്കാനാണ് ഫുട്ബോൾ അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ബ്രിട്ടനിൽ ഇരുപതിനായിരത്തിലേറെ ഫുട്ബോൾ പിച്ചുകൾ ഉണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും മഴക്കാലത്തും മഞ്ഞുകാലത്തും ഉപയോഗിക്കാൻ കൊള്ളാത്തവയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന മൽസരങ്ങളുടെ എണ്ണം നിരവധിയാണെന്നും ഇത് ഫുട്ബോളിന്റെ വളർച്ചയ്ക്ക് തടസമാണെന്നുമാണ് അസോസിയേഷന്റെ വാദം. ഉടമസ്ഥാവകാശം കൈമാറിയാലും വെംബ്ലിയുടെ ദേശീയ പ്രാധാന്യവും പ്രാമുഖ്യവും ഹോം ഗ്രൗണ്ടെന്ന ഖ്യാതിയും തുടരുമെന്നും അസോസിയേഷൻ വാദിക്കുന്നു.
ലണ്ടൻ∙ ഊബർ ഡ്രൈവർമാർക്ക് സിക്ക് പേയ്മെന്റും പേരന്റ് പേയ്മെന്റും (മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റ്) ഉൾപ്പെടുത്തിയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കമ്പനി തീരുമാനം. ലണ്ടൻ ഉൾപ്പെടെയുള്ള പല വൻ നഗരങ്ങളിലും നഷ്ടപ്പെട്ട ലൈസൻസ് തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചത്.
ബ്രിട്ടനിലെ സേവന- വേതന വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ലെന്നും ലൈസൻസ് നൽകുന്നത് വേണ്ടത്ര പരിശോധനകളും സുരക്ഷാ മുൻകരുതലുകളും കൂടാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഊബറിന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അധികൃതർ കഴിഞ്ഞവർഷം പ്രവർത്തനാനുമതി നിഷേധിച്ചത്. ഇതിനെതിരായ കമ്പനിയുടെ അപ്പീൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഊബർ ടാക്സി സർവീസിലെയും കൊറിയർ സർവീസിലെയും പുതിയ സേവന വ്യവസ്ഥകൾ ഗുണകരമാകും.
ബ്രിട്ടനിലെ 70,000 യൂബർ ഡ്രൈവർമാർ ഉൾപ്പെടെ യൂറോപ്പിലെ 150,000 ഡ്രൈവർമാർക്ക് ബാധകമാകുന്ന ഇൻഷുറൻസ് ജൂൺ ഒന്നുമുതൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഫ്രഞ്ച് ഇൻഷുറൻസ് കമ്പനിയായ എഎക്സ്എയുമായി ചേർന്നാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു.
കരാറനുസരിച്ച് എന്തെങ്കിലും രോഗം ബാധിച്ച് തുടർച്ചയായി ഏഴുദിവസത്തിൽ കൂടുതൽ ജോലിക്കു പോകാൻ കഴിയാത്ത ഡ്രൈവർക്ക് ദിവസം 75 പൗണ്ട് വീതം പരമാവധി 1,125 പൗണ്ട് വേതനം ലഭിക്കും. ജോലിക്കിടെ പരിക്കേറ്റ് വിശ്രമിക്കുന്നവർക്ക് ദിവസം 75 പൗണ്ട് വീതം 2,250 പൗണ്ട് വരെ ലഭിക്കും. കൊറിയർ സർവീസിന് ഇത് ദിവസം 30 പൗണ്ട് വീതം പരമാവധി 900 പൗണ്ട് വരെയാണ് ലഭിക്കുക.
മെറ്റേണിറ്റി, പെറ്റേണിറ്റി പേയ്മെന്റായി 1,000 പൗണ്ട് ഒറ്റ ഗഡുവായാണ് ലഭിക്കുക. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലെ ചികിൽസയ്ക്ക് 7,500 പൗണ്ട് വരെയുള്ള മെഡിക്കൽ ബില്ലും കമ്പനി അടയ്ക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിൽസയ്ക്ക് ഇതു ബാധകമാണ്.
ക്ലെയിമിനു മുമ്പുള്ള എട്ടാഴ്ചയ്ക്കുള്ളിൽ 150 ട്രിപ്പെങ്കിലും നടത്തിയിട്ടുള്ള ഡ്രൈവർമാർക്കാണ് ഈ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് അർഹത. കൊറിയർ ഡ്രൈവർമാർ എട്ടാഴ്ചയ്ക്കുള്ളിൽ 30 ഡെലിവറികൾ നടത്തിയിട്ടുള്ളവരാകണം.