UK

യുവ നർത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തിൽ കെന്റിൽ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ബോളിവുഡ് ഡാൻസ് ക്ലാസും ബോളിബീറ്റ് ഡാൻസ് ഫിറ്റുനെസ്സും ആരംഭിച്ചിരിക്കുന്നു.

അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

07478728555
07442669185

രാജേഷ് നടേപ്പള്ളിൽ, മീഡിയ കോർഡിനേറ്റർ

ഇക്കഴിഞ്ഞ ജനുവരി 23ന് സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസന്റിന് യാത്രാമൊഴിയേകി സ്വിൻഡനിലെ മലയാളി സമൂഹം. വിൽഷെയർ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേർന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമർപ്പിക്കുവാൻ സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ ഒത്തുചേർന്നത് .

സ്വപ്നങ്ങൾ മൊട്ടിടുന്നതിനു മുൻപായി അകാലത്തിൽ യാത്രയാകേണ്ടിവന്ന അരുൺ വിൻസെന്റിന്റെ പൊതുദർശന ശുശ്രൂഷകൾ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. അരുൺ – ലിയ ദമ്പതികൾക്ക് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളാണുള്ളത്. അരുണിന്റെ വിയോഗത്തിൽ തളർന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ദ്വനമായി വിൽഷെയർ മലയാളീ സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദർശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാദർ ഷാൽബിൻ മരോട്ടിക്കുഴി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു് അനുശോചനമറിയിക്കുകയുണ്ടായി. വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു.

പൊതുദർശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തിൽ അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെട്രോപൊളിറ്റൻ തിരുമേനി അനുശോചനം അറിയിച്ചു പ്രാർത്ഥിക്കുകയുണ്ടായി. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഓബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ജോസഫ്, സെന്റ് ജോർജ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിനെ പ്രതിനിധീകരിച്ച് ഫാദർ എബി ഫിലിപ്പ് , ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് അസോസിയേഷൻ മുൻപ്രസിഡന്റ് പ്രിൻസ്മോൻ മാത്യു, ജിജി വിക്ടർ, ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു വാർഡ് പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.

സീറോ മലബാർ സ്വിൻഡൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രീ ജോർജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിൻഡൻ ക്നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്‌മോൾ നിധീരി, പൂർണിമ മേനോൻ അഞ്ജന സുജിത്ത് എന്നിവർ അനുശോചനം അർപ്പിക്കുകയുണ്ടായി. തുടർന്ന് അരുൺ വിൻസന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌ കൈരളി യുകെയുടെ നാഷണൽ ജോയിന്റ്‌ സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.

ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തുടനീളം താപനില കുറയുന്നതിനാൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച അടുത്ത മൂന്നു ദിവസത്തേയ്ക്ക് ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനം, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നൽകിയിരുന്നു. മോശം കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരും എന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.

നിലവിലെ വാണിംഗ് അടുത്ത തിങ്കളാഴ്ച 9 മണിവരെ നിലനിൽക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഴികയുള്ള എല്ലാ പ്രദേശങ്ങളിലും വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സതേൺ സ്കോട്ട്‌ലന്റിന്റെ വിവിധ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധിക്കും. ഈയാഴ്ച അവസാനത്തോടെ മിഡ്ലാൻഡ്സ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളിൽ ഏകദേശം 5 സെൻറീമീറ്റർ വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സ്കോട്ട് ലൻഡിന്റെയും നോർത്തേൺ അയർലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ ഇന്നുമുതൽ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. കനത്ത മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കവും യുകെയിൽ ഉടനീളം ഉള്ള പുതുവത്സര ആഘോഷങ്ങളെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും ബോൾട്ടൺ, ഡിഡ്സ്ബെറി, സൗത്ത് ആൻഡ് നോർത്ത് മാഞ്ചസ്റ്റർ, സ്റ്റാലിബ്രിഡ്ജ് എന്നീ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ചെഷയറിലെ ബ്രിഡ്ജ് വാട്ടർ കനാൽ ബാങ്കുകൾ തകർന്നതിനെ തുടർന്ന് റോഡ് അടച്ചിട്ടിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ മാത്രം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഏകദേശം 90 മില്ലിമീറ്റർ മഴയാണ്. നോർത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്ററിൽ അധികം വരെ മഴ രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജയിലുകളിൽ മയക്കുമരുന്നുമായെത്തുന്ന ഡ്രോണുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള ഡ്രോണുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കുവാൻ ജയിലുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പണം അത്യാവശ്യമാണെന്ന് കോമൺസ് കമ്മിറ്റി തലവൻ കഴിഞ്ഞദിവസം വ്യക്തമാക്കി. 2024 ഒക്ടോബർ അവസാനം വരെയുള്ള 10 മാസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ 1,296 ഡ്രോൺ സംഭവങ്ങൾ നടന്നതായി ഗാർഡിയൻ പത്രം നടത്തിയ വിവരാവകാശ അഭ്യർത്ഥന കണ്ടെത്തി. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇവയെന്ന് കോമൺസ് ജസ്റ്റിസ്‌ കമ്മിറ്റി ലേബർ ചെയർ ആൻഡി സ്ലോട്ടർ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരും ജയിൽ സുരക്ഷ ക്രമീകരിക്കുന്നവരെക്കാൾ വളരെയധികം മുൻപിൽ ആണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്, ഭൂരിഭാഗം ഡെലിവറികളും നടക്കുന്നതിനാൽ, യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ് എന്നതാണ് യാഥാർത്ഥ്യം.

ജയിലിലെ മയക്കുമരുന്ന് കച്ചവടം ലാഭകരമായതിനാൽ, ഉയർന്ന വൈദഗ്ധ്യമുള്ള ഡ്രോൺ പൈലറ്റുമാരെ ആണ് ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. അനേകായിരം പൗണ്ട് വിലമതിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ഡ്രോണുകൾക്ക് ഒരു മീറ്റർ വീതിയും തെർമൽ ഇമേജിംഗ് സൗകര്യവുമുണ്ട്. ഇത് ഇരുട്ടിൻ്റെ മറവിൽ നിരവധി കിലോഗ്രാം അനധികൃത സാധനങ്ങൾ കടത്താൻ ക്രിമിനൽ സംഘങ്ങളെ അനുവദിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജയിലിന്റെ 400 മീറ്റർ പരിസരപ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇവയെ കാറ്റിൽ പറത്തിയാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ജയിലിൽ സുരക്ഷാ സംവിധാനങ്ങളിൽ ശക്തമായ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.

കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.

സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവർഷ പുലരിയിൽ യുകെയിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തിൽ വർദ്ധനവ് നിലവിൽ വരും. സർക്കാരിൻറെ പുതിയ വാല്യൂ ആഡഡ് ടാക്സ് നിലവിൽ വരുന്നതാണ് ഇതിന് കാരണം . ഇന്ന് മുതൽ സ്വകാര്യ സ്കൂളുകൾക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. ഇതിനെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഫീസ് വർദ്ധിപ്പിച്ച് തങ്ങൾക്ക് ഉണ്ടായ അധികഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒട്ടേറെ യു കെ മലയാളികളുടെ മക്കളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത് . പുതിയ നയം മാതാപിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഫീസ് കാരണം പലരും അടുത്ത അധ്യയന വർഷം കുട്ടികളെ ഫീസ് കുറഞ്ഞ സ്കൂളുകളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു.


പുതിയ വാറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഏർപ്പെടുത്തിയതോടെ 2025 വർഷത്തിൽ മാത്രം 1.5 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2024 ഓടു കൂടി ഇത് 1.8 ബില്യൺ പൗണ്ട് ആയി ഉയരും . ഇതുവഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 6500 പുതിയ അധ്യാപകരുടെ നിയമനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നികുതി നയത്തിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പുതിയതായി സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്റ്റേറ്റ് സ്കൂളിനെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് കനത്തതോതിൽ വർദ്ധിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുമെന്ന ആക്ഷേപം ശക്തമാണ്.

റോമി കുര്യാക്കോസ്

നോർത്താംപ്ടൺ: ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനും റീജിയൻ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയൻ പുനസംഘടിപ്പിച്ചത്.

ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പ്രസിഡന്റ്‌ അജിത്കുമാർ സി നായർ – ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗ നടപടികൾക്ക് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം ആശംസകൾ നേർന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.

നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെ പി സി സിയിൽ നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ റീജിയൻ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ്‌ പ്രസിഡന്റ്‌ ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ ഭാരവാഹികൾ:

പ്രസിഡന്റ്‌:
ജോർജ് ജോൺ

വൈസ് പ്രസിഡന്റുമാർ:
ഷിജിൻ ഷാജി

ജനറൽ സെക്രട്ടറി:
റെജിസൺ

ട്രഷറർ:
സിനു ജേക്കബ്

മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.

കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റ്ന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി. കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ്‌ ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോർഡിനേറ്റർ സുശാന്ത്‌,  പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയ്യാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്‌സണും സദസ്സിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തെ പുതിയ കുടിയേറ്റ വിസ നിയമങ്ങൾ അടുത്ത വർഷം ജനുവരിയിൽ ലേബർ സർക്കാർ അവതരിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. പുതിയ വിസ കുടിയേറ്റ നയത്തിൽ മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും വിദേശ തൊഴിലാളി വിസകൾക്കായി പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള യുകെ ഗവൺമെൻ്റിൻ്റെ പദ്ധതികൾ പുതുവർഷത്തിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത് . പുതുവർഷത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന ധവള പത്രത്തിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

മൈഗ്രേഷൻ കുറയ്ക്കുന്നതിന് തദ്ദേശീയരായ തൊഴിലാളികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിടുമെന്നാണ് പൊതുവെ കരുതുന്നത്. വിദേശത്തുനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം ഇവിടെയുള്ള തൊഴിൽ ശക്തിയെ ഉപയോഗിക്കാനുള്ള നടപടികൾ വേണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഐടി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നും കൂടുതൽ റിക്രൂട്ട്മെൻറ് നടക്കുന്ന മേഖലകളാണ് ഇവ എന്നാണ് ഇതിന് പ്രധാന കാരണമായി ആഭ്യന്തര സെക്രട്ടറി ചൂണ്ടി കാണിച്ചത്.

2025 ജനുവരി മുതൽ പ്രൊഫസർ ബ്രയാൻ ബെൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. തന്റെ കാലാവധി അവസാനിക്കുന്നതു വരെ മുഴുവൻ സമയം സേവനം അദ്ദേഹം നൽകും. പ്രധാനമായും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും കുടിയേറ്റ നയത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കുക. കഴിഞ്ഞ സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടേറെ നടപടികൾ നടപ്പിലാക്കിയിരുന്നു. കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ ആശ്രിതർക്ക് വിസ അനുവദിക്കുന്നത് നിർത്തലാക്കിയത് അതിൻറെ ഭാഗമായിരുന്നു.

എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved